വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

“താൻ മാത്രം അമർത്യതയുള്ള”വൻ, “മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ” എന്നീ പദപ്രയോഗങ്ങൾ യഹോവയാം ദൈവത്തെയല്ല യേശുവിനെ പരാമർശിക്കാനാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌ എന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതി: “ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷത വരുത്തും [“തക്കസമയത്തു വെളിപ്പെടും,” വിശുദ്ധ സത്യവേദപുസ്‌തകം, മോഡേൺ മലയാളം വേർഷൻ].”​—⁠1 തിമൊഥെയൊസ്‌ 6:15, 16.

“താൻ മാത്രം അമർത്യതയുള്ള”വൻ, “ഏകാധിപതി,” “മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ” എന്നീ പ്രയോഗങ്ങൾക്ക്‌ സർവശക്തനായ ദൈവത്തെയല്ലാതെ മറ്റാരെ അർഥമാക്കാനാകും എന്നാണു ബൈബിൾ ഭാഷ്യകാരന്മാരുടെ പൊതുവേയുള്ള ന്യായവാദം. അത്തരം വിശേഷണങ്ങൾ യഹോവയെ പരാമർശിക്കുന്നതിന്‌ ഉപയോഗിക്കാൻ കഴിയും എന്നതിനു സംശയമില്ല. എന്നിരുന്നാലും 1 തിമൊഥെയൊസ്‌ 6:15, 16-ൽ പൗലൊസ്‌ യേശുവിനെക്കുറിച്ചു സംസാരിക്കുകയായിരുന്നെന്ന്‌ സന്ദർഭം വ്യക്തമാക്കുന്നു.

“നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷത”യെക്കുറിച്ച്‌ 13-ാം വാക്യത്തിന്റെ ഒടുവിൽ പൗലൊസ്‌ പറയുന്നു. (1 തിമൊഥെയൊസ്‌ 6:13) അതുകൊണ്ട്‌, “ധന്യനായ ഏകാധിപതി . . . തക്കസമയത്തു പ്രത്യക്ഷത വരുത്തും” അഥവാ തക്കസമയത്തു വെളിപ്പെടും എന്ന്‌ തുടർന്ന്‌ എഴുതുമ്പോൾ അവൻ യേശുവിന്റെ പ്രത്യക്ഷതയെയാണു പരാമർശിക്കുന്നത്‌, യഹോവയാം ദൈവത്തിന്റെയല്ല. അപ്പോൾപ്പിന്നെ ഇവിടെ പറഞ്ഞിരിക്കുന്ന “ഏകാധിപതി” ആരാണ്‌? പൗലൊസ്‌ പരാമർശിക്കുന്ന ഏകാധിപതി യേശുവാണെന്നു നിഗമനം ചെയ്യുന്നതു ന്യായയുക്തമാണെന്നു തോന്നുന്നു. എന്തുകൊണ്ട്‌? പൗലൊസ്‌ യേശുവിനെ മാനുഷ ഭരണാധികാരികളുമായി താരതമ്യം ചെയ്യുകയാണെന്നു സന്ദർഭം വ്യക്തമാക്കുന്നു. അവൻ എഴുതിയതുപോലെ യേശു വാസ്‌തവമായും “രാജാധിരാജാവും കർത്താധികർത്താവും,” അഥവാ മാനുഷ രാജാക്കന്മാരുടെ രാജാവും മാനുഷ കർത്താക്കന്മാരുടെ കർത്താവും ആണ്‌. * അതേ, അവരോടുള്ള താരതമ്യത്തിൽ യേശു മാത്രമാണ്‌ “ഏകാധിപതി.” “സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ [യേശുവിനെ] സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും” നൽകപ്പെട്ടിരിക്കുന്നു. (ദാനീയേൽ 7:14) യാതൊരു മാനുഷ ഏകാധിപതിക്കും അവകാശപ്പെടാൻ കഴിയാത്ത ഒരു പദവിയാണ്‌ അത്‌!

“താൻ മാത്രം അമർത്യതയുള്ള”വൻ എന്ന പ്രയോഗം സംബന്ധിച്ചെന്ത്‌? ഇവിടെയും യേശുവിനെ മാനുഷ രാജാക്കന്മാരുമായി താരതമ്യപ്പെടുത്തുകയാണു ചെയ്‌തിരിക്കുന്നത്‌. അമർത്യത നൽകപ്പെട്ടിരിക്കുന്നതായി അവകാശപ്പെടാൻ യേശുവിന്‌ അല്ലാതെ ഭൂമിയിലെ ഭരണാധികാരികളിൽ ആർക്കും കഴിയില്ല. പൗലൊസ്‌ ഇങ്ങനെ എഴുതി: “ക്രിസ്‌തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന്നു അവന്റെ മേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.” (റോമർ 6:9) അങ്ങനെ, അമർത്യത എന്ന പ്രതിഫലം ആദ്യമായി ലഭിച്ചത്‌ യേശുവിനാണെന്നു ബൈബിൾ പ്രകടമാക്കുന്നു. അതേ, പൗലൊസ്‌ തന്റെ ലേഖനം എഴുതിയ സമയത്ത്‌ യേശുവിനു മാത്രമായിരുന്നു അനശ്വര ജീവൻ നൽകപ്പെട്ടിരുന്നത്‌.

യഹോവയാം ദൈവം മാത്രമാണ്‌ അമർത്യതയുള്ളവനെന്നു പറയാൻ പൗലൊസിനു കഴിയുമായിരുന്നില്ലെന്നും നാം മനസ്സിൽപ്പിടിക്കേണ്ടതുണ്ട്‌. കാരണം, അവൻ ഇതെഴുതുന്ന സമയത്ത്‌ യേശുവും അമർത്യതയുള്ളവൻ ആയിരുന്നു. അതേസമയം, യേശു മാത്രമാണ്‌ അമർത്യതയുള്ളവൻ എന്നു പൗലൊസ്‌ പ്രസ്‌താവിച്ചത്‌ ഭൗമിക ഭരണകർത്താക്കളോടുള്ള താരതമ്യത്തിലാണുതാനും.

കൂടാതെ, പുനരുത്ഥാനത്തിനും സ്വർഗാരോഹണത്തിനും ശേഷം യേശുവിനെ “മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ” എന്നു വിശേഷിപ്പിക്കാവുന്നതാണ്‌ എന്നതിനു തർക്കമില്ല. യേശുവിന്റെ അഭിഷിക്ത ശിഷ്യന്മാർ അവരുടെ മരണത്തിനും ആത്മവ്യക്തികളെന്ന നിലയിൽ സ്വർഗത്തിലേക്കുള്ള പുനരുത്ഥാനത്തിനും ശേഷം അവനെ കാണുമെന്നതു സത്യംതന്നെ. (യോഹന്നാൻ 17:24) എന്നാൽ ഭൂമിയിലുള്ള ഒരു മനുഷ്യനും യേശുവിനെ അവന്റെ മഹത്ത്വത്തിൽ കാണാൻ കഴിയില്ല. അതിനാൽ, യേശുവിന്റെ പുനരുത്ഥാനത്തിനും സ്വർഗാരോഹണത്തിനും ശേഷം “മനുഷ്യർ ആരും” അവനെ യഥാർഥത്തിൽ കണ്ടിട്ടില്ലെന്നു സത്യമായും പറയാവുന്നതാണ്‌.

1 തിമൊഥെയൊസ്‌ 6:15, 16-ലെ വിശേഷണങ്ങൾ പ്രഥമദൃഷ്ട്യാ ദൈവത്തിനു ബാധകമാകുന്നതായി തോന്നിയേക്കാം എന്നതു ശരിയാണ്‌. എന്നിരുന്നാലും, പൗലൊസിന്റെ വാക്കുകളുടെ സന്ദർഭവും മറ്റു തിരുവെഴുത്തുകളും അവൻ യേശുവിനെയാണു പരാമർശിച്ചതെന്നു പ്രകടമാക്കുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 5 1 കൊരിന്ത്യർ 8:5, 6; വെളിപ്പാടു 17:12, 14; 19:16 എന്നിവിടങ്ങളിൽ യേശുവിനെ കുറിക്കാൻ സമാനമായ പദപ്രയോഗങ്ങൾ ഉപയോഗിച്ചിരിക്കുന്നു.