വിശ്വസ്‌തരായിരിക്കുന്നതു പ്രയോജനങ്ങൾ കൈവരുത്തുന്നു
വിശ്വസ്‌തരായിരിക്കുന്നതു പ്രയോജനങ്ങൾ കൈവരുത്തുന്നു
വസ്‌ത്രങ്ങളിലും മറ്റും പറ്റിപ്പിടിക്കുന്ന ഒരുതരം കായ് ഉണ്ട്. ചില രാജ്യങ്ങളിൽ കുട്ടികൾ തമാശയ്‌ക്ക് ഈ കായ്‌കൾ കളിക്കൂട്ടുകാരുടെ കമ്പിളിയുടുപ്പിൽ പിടിപ്പിച്ചുവെക്കും. കൂട്ടുകാരൻ നടന്നാലോ ഓടിയാലോ ചാടിയാലോ കുടഞ്ഞാലോ ഒന്നും ഈ കായ്‌കൾ വിട്ടുപോകില്ല. ഉടുപ്പിൽനിന്ന് ഇവയെ നീക്കാൻ ഒറ്റവഴിയേയുള്ളൂ, ഓരോന്നായി വലിച്ചുപറിച്ചെടുക്കുക. കുട്ടികൾക്ക് ഇതെല്ലാം വലിയ രസമാണ്.
ഈ കായ്‌കൾ വസ്‌ത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നത് നമുക്ക് ഇഷ്ടമില്ലായിരിക്കാം. പക്ഷേ അവയുടെ മേൽപ്പറഞ്ഞ സവിശേഷത നമ്മെയെല്ലാം അത്ഭുതപ്പെടുത്തുന്നു. വിശ്വസ്‌തനായ ഒരു വ്യക്തിക്കു സമാനമായ സ്വഭാവവിശേഷമാണുള്ളത്. അയാൾ മറ്റൊരാളോട് അടുത്തുപറ്റിനിൽക്കുന്നു, അതാകട്ടെ ഈടുനിൽക്കുന്ന ബന്ധമായിരിക്കുകയും ചെയ്യും. ആ ബന്ധം കൈവരുത്തുന്ന കടമകളോടും കടപ്പാടുകളോടും, ദുഷ്‌കരമായ സാഹചര്യങ്ങളിൽപ്പോലും ഈ വ്യക്തി വിശ്വസ്‌തത പുലർത്തുന്നു. “വിശ്വസ്‌തത” എന്ന പദം സത്യത, കൂറ്, അർപ്പണബോധം തുടങ്ങിയ ഗുണങ്ങൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. മറ്റുള്ളവർ നിങ്ങളോടു വിശ്വസ്‌തത കാണിക്കുമ്പോൾ നിങ്ങൾ അതു വിലമതിക്കുമെങ്കിലും മറ്റുള്ളവരോടു വിശ്വസ്‌തരായിരിക്കാനുള്ള ദൃഢനിശ്ചയം നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾ ആരോടെല്ലാം വിശ്വസ്‌തരായിരിക്കണം?
വൈവാഹിക വിശ്വസ്‌തത—ഒരു അടിസ്ഥാന ആവശ്യം
വിവാഹബന്ധത്തിൽ വിശ്വസ്‌തത അതിപ്രധാനമാണ്. എന്നാൽ അതു കുറഞ്ഞുവരുന്നു എന്നതാണു സങ്കടകരമായ വസ്‌തുത. ഒന്നിച്ചു താമസിക്കുകയും പരസ്‌പര നന്മയ്‌ക്കായി പ്രവർത്തിക്കുകയും ചെയ്‌തുകൊണ്ട് വിവാഹ പ്രതിജ്ഞയോടു വിശ്വസ്‌തമായി പറ്റിനിൽക്കുന്ന ഒരു ഭർത്താവും ഭാര്യയും ജീവിതത്തിൽ സന്തുഷ്ടിയും സുരക്ഷിതത്വവും കണ്ടെത്താനുള്ള ഒരു സുപ്രധാനപടി സ്വീകരിച്ചിരിക്കുകയാണ്. എന്തുകൊണ്ട്? കാരണം മറ്റുള്ളവരോടു വിശ്വസ്‌തത കാണിക്കാനും മറ്റുള്ളവരിൽനിന്ന് അതു പ്രതീക്ഷിക്കാനും ഉള്ള സ്വാഭാവിക ചായ്‌വോടെയാണു നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഏദെൻതോട്ടത്തിൽവെച്ച് ആദാമിന്റെയും ഹവ്വായുടെയും വിവാഹവേളയിൽ ദൈവം പറഞ്ഞതു ശ്രദ്ധിക്കുക: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും.” ഭാര്യക്കും ഈ നിർദേശം ബാധകമായിരുന്നു: അവളും ഭർത്താവിനോടു പറ്റിച്ചേരേണ്ടിയിരുന്നു. ഭാര്യാഭർത്താക്കന്മാർ പരസ്‌പരം വിശ്വസ്‌തരായിരിക്കുകയും പരസ്‌പരം സഹകരിക്കുകയും വേണമായിരുന്നു.—ഉല്‌പത്തി 2:24; മത്തായി 19:3-9.
മേൽപ്പറഞ്ഞത് ആയിരക്കണക്കിനു വർഷം മുമ്പത്തെ കാര്യമാണ്. അതുകൊണ്ട് വൈവാഹിക വിശ്വസ്‌തത ഇന്ന് ഒരു പഴഞ്ചൻ സംഗതിയായിത്തീർന്നിരിക്കുന്നുവെന്ന് അതിനർഥമുണ്ടോ? ഇല്ല എന്നായിരിക്കും മിക്കവരുടെയും ഉത്തരം. ജർമനിയിൽ 80 ശതമാനം പേരും ദാമ്പത്യ വിശ്വസ്‌തതയ്‌ക്ക് അതീവപ്രാധാന്യം നൽകുന്നുവെന്ന് അവിടെ നടന്ന ഒരു സർവേ വ്യക്തമാക്കി. പുരുഷന്മാർ സ്‌ത്രീകളിലും സ്‌ത്രീകൾ പുരുഷന്മാരിലും ഉണ്ടായിരിക്കാൻ പ്രതീക്ഷിക്കുന്ന ഏറ്റവും അഭിലഷണീയമായ സവിശേഷതകൾ ഏതൊക്കെയാണെന്നു കണ്ടുപിടിക്കാൻ രണ്ടാമതൊരു സർവേ നടത്തുകയുണ്ടായി. സ്‌ത്രീകളിൽ ഏറ്റവും അഭികാമ്യമായി കണ്ട അഞ്ചു ഗുണങ്ങൾ പട്ടികപ്പെടുത്താൻ പുരുഷന്മാരോടും പുരുഷന്മാരിൽ ഏറ്റവും അഭികാമ്യമായി കണ്ട അഞ്ചു ഗുണങ്ങൾ പട്ടികപ്പെടുത്താൻ സ്‌ത്രീകളോടും ആവശ്യപ്പെട്ടു. ആ സർവേയിൽ, ഇരുകൂട്ടരും ഒരുപോലെ അതീവമൂല്യം കൽപ്പിച്ച ഗുണം വിശ്വസ്‌തത ആയിരുന്നു.
അതേ, സന്തുഷ്ടദാമ്പത്യത്തിന്റെ ഉറച്ച അടിത്തറയുടെ ഭാഗമാണു വിശ്വസ്‌തത. എന്നാൽ നാം കഴിഞ്ഞ ലേഖനത്തിൽ കണ്ടതുപോലെ വിശ്വസ്‌തതയെ ആളുകൾ വാനോളം പുകഴ്‌ത്തുന്നുണ്ടെങ്കിലും അതു പ്രവൃത്തിപഥത്തിൽ വരുത്താറില്ല. ഉദാഹരണത്തിന്, പല ദേശങ്ങളിലെയും ഉയർന്ന വിവാഹമോചന നിരക്ക് ദാമ്പത്യ അവിശ്വസ്‌തത എത്ര വ്യാപകമാണ് എന്നതിന്റെ തെളിവാണ്. എന്നാൽ ദമ്പതികൾക്ക് ഈ ചായ്‌വിനെ ചെറുക്കാനും പരസ്‌പരം വിശ്വസ്‌തരായി ജീവിക്കാനും എങ്ങനെ കഴിയും?
വിശ്വസ്‌തത ദാമ്പത്യത്തെ ഈടുറ്റതാക്കുന്നു
അന്യോന്യമുള്ള അർപ്പണബോധം ഉറപ്പുവരുത്താൻ അവസരങ്ങൾ തേടുമ്പോൾ ദമ്പതികൾ വിശ്വസ്‌തത പ്രകടമാക്കുകയാണ്. ഉദാഹരണത്തിന്, “എന്റെ” എന്നു പറയാതെ “നമ്മുടെ” എന്നു പറയുന്നതായിരിക്കും ഏറെ നല്ലത്. “നമ്മുടെ സുഹൃത്തുക്കൾ,” “നമ്മുടെ മക്കൾ,” “നമ്മുടെ വീട്,” “നമ്മുടെ അനുഭവങ്ങൾ” എന്നിങ്ങനെ. താമസസ്ഥലം, തൊഴിൽ, മക്കളെ വളർത്തൽ, വിനോദം, അവധിക്കാലം ചെലവഴിക്കൽ, മതകാര്യങ്ങൾ എന്നിവ സംബന്ധിച്ചൊക്കെ എന്തെങ്കിലും ആസൂത്രണം നടത്തുകയോ തീരുമാനമെടുക്കുകയോ ചെയ്യുമ്പോൾ ഭർത്താവും ഭാര്യയും പരസ്‌പരം അഭിപ്രായം ആരായുകയും ഇണയുടെ വികാരങ്ങൾ മനസ്സിലാക്കുകയും ചെയ്യണം.—സദൃശവാക്യങ്ങൾ 11:14; 15:22.
തങ്ങൾ പരസ്‌പരം വേണ്ടപ്പെട്ടവരാണ്, അത്യന്തം പ്രിയപ്പെട്ടവരാണ് എന്ന ഉറപ്പ് പരസ്‌പരം കൈമാറുമ്പോൾ ദമ്പതികൾ വിശ്വസ്‌തത പ്രകടമാക്കുകയാണ്. വിവാഹിത ഇണകളിൽ ഒരാൾ എതിർലിംഗവർഗത്തിൽപ്പെട്ട ആരോടെങ്കിലും അമിതമായി അടുത്തിടപഴകുമ്പോൾ മറ്റേ ഇണയുടെ ഉള്ളിൽ ഒരു അരക്ഷിതത്വം പുകഞ്ഞുതുടങ്ങും. “[തന്റെ] യൌവനത്തിലെ ഭാര്യ”യോടു പറ്റിനിൽക്കാൻ ബൈബിൾ പുരുഷന്മാരെ ഉദ്‌ബോധിപ്പിക്കുന്നു. തന്റെ ഭാര്യയല്ലാത്ത ഒരു സ്‌ത്രീയുടെ മനംകവരാൻ ഒരു ഭർത്താവ് തന്റെ ഹൃദയത്തെ അനുവദിക്കരുത്. മറ്റൊരു സ്‌ത്രീയുമായി ഒരു കാരണവശാലും അയാൾ ശാരീരികബന്ധത്തിലേർപ്പെട്ടു കൂടാ. ബൈബിളിന്റെ മുന്നറിയിപ്പു ശ്രദ്ധിക്കുക: “സ്‌ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ; അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.” വിശ്വസ്‌തത സംബന്ധിച്ച ഉദാത്തമായ ഈ നിലവാരങ്ങൾ ഭാര്യക്കും ബാധകമാണ്.—സദൃശവാക്യങ്ങൾ 5:18; 6:32.
വൈവാഹിക വിശ്വസ്‌തത തക്ക മൂല്യമുള്ളതാണോ? തീർച്ചയായും. അത് സുദീർഘവും ഈടുറ്റതുമായ ഒരു ദാമ്പത്യം സമ്മാനിക്കുന്നു, ഇണകൾ ഓരോരുത്തരും വ്യക്തിപരമായി അതിൽനിന്നു പ്രയോജനം നേടുന്നു. ഉദാഹരണത്തിന്, ഭാര്യയുടെ ക്ഷേമത്തിൽ ഭർത്താവ് ആത്മാർഥ താത്‌പര്യം കാണിക്കുമ്പോൾ അവൾക്കു സുരക്ഷിതത്വബോധം തോന്നുന്നു, അവളിലെ ഏറ്റവും നല്ല ഗുണങ്ങൾ പുറത്തുവരാൻ അത് ഇടയാക്കുന്നു. വിശ്വസ്‌തതയോടെയുള്ള ഇത്തരം പെരുമാറ്റം ഭാര്യയിൽനിന്നുണ്ടാകുമ്പോൾ ഭർത്താവും അഭികാമ്യമായ ഗുണങ്ങൾ പ്രകടിപ്പിക്കാൻ പ്രേരിതനായിത്തീരുന്നു. ഭാര്യയോടു വിശ്വസ്‌തനായിരിക്കാനുള്ള ഭർത്താവിന്റെ ദൃഢനിശ്ചയം തന്റെ ജീവിതത്തിന്റെ സമസ്‌ത മണ്ഡലങ്ങളിലും നീതിയുള്ള തത്ത്വങ്ങളോട് ഒരു പ്രതിബദ്ധത വളർത്തിയെടുക്കാൻ അദ്ദേഹത്തെ സഹായിക്കുന്നു.
ദമ്പതികൾ പരസ്‌പരം വിശ്വസ്‌തരാണെങ്കിൽ ദുഷ്‌കരമായ ഒരു സാഹചര്യം നേരിടേണ്ടിവരുമ്പോൾപ്പോലും ഇരുവർക്കും സുരക്ഷിതത്വബോധം ഉണ്ടായിരിക്കും. മറിച്ച് വൈവാഹിക വിശ്വസ്‌തത ഇല്ലാതെ വരുമ്പോൾ, പ്രശ്‌നങ്ങളിൽനിന്നു തലയൂരാനായി ദമ്പതികൾ വേർപിരിയാനോ വിവാഹമോചനം നേടാനോ തീരുമാനിക്കുന്നു. ഇത്തരമൊരു നടപടി പ്രശ്‌നം പരിഹരിക്കുന്നതിനു പകരം ഒരു പ്രശ്‌നത്തിൽനിന്ന് മറ്റൊരുകൂട്ടം പ്രശ്‌നങ്ങളിലേക്ക് ഇത്തരക്കാരെ കൊണ്ടെത്തിക്കുകയാണു ചെയ്യുന്നത്. 1980-കളിൽ പ്രശസ്‌തനായ ഒരു ഫാഷൻ ഡിസൈനർ ഭാര്യയിൽനിന്നും മക്കളിൽനിന്നും വേർപിരിഞ്ഞു. ഒറ്റയ്‌ക്കായപ്പോൾ അദ്ദേഹത്തിനു സന്തോഷം കണ്ടെത്താനായോ? “ഏകാന്തതയും മനോവ്യഥയും [എന്നെ] വേട്ടയാടി. മക്കളോട് ഒന്നു ഗുഡ്‌നൈറ്റ് പറയാൻ കൊതിച്ച് രാത്രിയിൽ കിടക്കയിൽ വെറുതെ ഉണർന്നു കിടക്കുമായിരുന്നു” എന്ന് കുടുംബത്തെ വേർപിരിഞ്ഞ് 20 വർഷത്തിനു ശേഷം അദ്ദേഹം തുറന്നുസമ്മതിച്ചു.
മാതാപിതാക്കൾക്കും മക്കൾക്കും ഇടയിലെ വിശ്വസ്‌തത
മാതാപിതാക്കൾ പരസ്‌പരം വിശ്വസ്‌തരാണെങ്കിൽ ഈ ഗുണം മക്കളിലും പ്രതിഫലിക്കാനുള്ള സാധ്യതയുണ്ട്. വിശ്വസ്‌തതയും സ്‌നേഹവും ഇഴചേർന്ന ഒരു കുടുംബാന്തരീക്ഷത്തിൽ വളർന്ന കുട്ടികൾ മുതിർന്ന് വിവാഹിതരാകുമ്പോൾ അവർക്കു സ്വന്തം ഇണയോടും പ്രായാധിക്യത്തിന്റെ വിഷമതകൾ അനുഭവിക്കുന്ന 1 തിമൊഥെയൊസ് 5:4, 8.
മാതാപിതാക്കളോടും ഉത്തരവാദിത്വത്തോടെ ഇടപെടാൻ വളരെ എളുപ്പമായിരിക്കും.—ആദ്യം രോഗഗ്രസ്‌തരാകുന്നത് എല്ലായ്‌പോഴും മാതാപിതാക്കൾതന്നെ ആയിരിക്കണമെന്നില്ല. ചിലപ്പോൾ മക്കളിലൊരാൾക്കായിരിക്കാം മാതാപിതാക്കളുടെ വിശ്വസ്‌ത സംരക്ഷണം ആദ്യം ആവശ്യമായിവരുന്നത്. യഹോവയുടെ സാക്ഷികളായ ഹെർബർട്ടിന്റെയും ഗെട്രൂഡിന്റെയും 40-ലധികം വർഷത്തെ അനുഭവം അതാണു കാണിക്കുന്നത്. അവരുടെ മകൻ ഡിറ്റ്‌മാറിന് രോഗം പിടിപെട്ടു, മാംസപേശി ശോഷണം. 2002 നവംബറിൽ അവൻ മരിക്കുന്നതുവരെ, ഏഴുവർഷം രാപ്പകലില്ലാതെ അവനു നിരന്തര ശ്രദ്ധയും പരിചരണവും കൊടുക്കേണ്ടിവന്നു. അവന്റെ ആവശ്യങ്ങളെല്ലാം മാതാപിതാക്കൾ സ്‌നേഹപൂർവം നിറവേറ്റി. ചില വൈദ്യശാസ്‌ത്ര ഉപകരണങ്ങൾ അവർ വീട്ടിൽ ഘടിപ്പിക്കുകയും അത് ഉപയോഗിക്കാൻവേണ്ട പരിശീലനം നേടുകയും ചെയ്‌തു. കുടുംബവിശ്വസ്‌തതയുടെ എത്ര നല്ല മാതൃക!
സുഹൃദ്‌ബന്ധങ്ങളിൽ വിശ്വസ്‌തത അതിപ്രധാനം
“വിവാഹം കഴിച്ചില്ലെങ്കിലും ഒരാൾക്കു സന്തോഷവാനായിരിക്കാം, പക്ഷേ ഒരു സുഹൃത്തില്ലാതെ അതു ബുദ്ധിമുട്ടാണ്,” ബ്രിജിറ്റ് അഭിപ്രായപ്പെടുന്നു. നിങ്ങളും ഇതിനോടു യോജിച്ചേക്കാം. നിങ്ങൾ വിവാഹം കഴിച്ചിട്ടുള്ള ഒരാളാണെങ്കിലും അല്ലെങ്കിലും ഒരു പ്രിയസുഹൃത്തിന്റെ വിശ്വസ്‌തത നിങ്ങളുടെ ജീവിതത്തിന്റെ മോടികൂട്ടും, ഹൃദയത്തെ ഊഷ്‌മളമാക്കും. നിങ്ങൾ വിവാഹം കഴിച്ചയാളാണെങ്കിൽ ഇണതന്നെ ആയിരിക്കണം നിങ്ങളുടെ ഉറ്റമിത്രം.
സുഹൃത്ത് വെറുമൊരു പരിചയക്കാരനല്ല. പരിചയക്കാരായി നമുക്കു ധാരാളം പേരുണ്ടായിരുന്നേക്കാം—അയൽക്കാർ, സഹപ്രവർത്തകർ, നാം പലപ്പോഴും കണ്ടുമുട്ടാറുള്ള ആളുകൾ എന്നിങ്ങനെ പലരും. എന്നാൽ യഥാർഥ സുഹൃദ്‌ബന്ധം നെയ്‌തെടുക്കുന്നതിന് സമയം, ഊർജം, വൈകാരിക പ്രതിബദ്ധത എന്നിവ ആവശ്യമാണ്. മറ്റൊരാളുടെ സുഹൃത്തായിരിക്കുന്നത് ഒരു ബഹുമതിയാണ്. പ്രയോജനങ്ങളോടൊപ്പം സുഹൃദ്‌ബന്ധം ഉത്തരവാദിത്വങ്ങളും കൈവരുത്തുന്നു.
മിത്രങ്ങളുമായി നല്ല ആശയവിനിമയം ചെയ്യേണ്ടത് അനിവാര്യമാണ്. പലപ്പോഴും അവരോടു മനസ്സുതുറക്കേണ്ട സാഹചര്യം നമുക്കുണ്ടാകുന്നു എന്നതാണു വാസ്‌തവം. “ഞങ്ങളിൽ ആർക്കെങ്കിലും ഒരു പ്രശ്‌നമുണ്ടെങ്കിൽ ഞാനും കൂട്ടുകാരിയും ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ഫോണിൽ സംസാരിക്കാറുണ്ട്. പറയുന്നതു മനസ്സോടെ കേട്ടിരിക്കാൻ അവൾ അവിടെയുണ്ട് എന്നതു വലിയ ആശ്വാസമാണ്,” ബ്രിജിറ്റ് പറയുന്നു. ദൂരം സൗഹൃദത്തിന് ഒരു തടസ്സമാകേണ്ടതില്ല. ആയിരക്കണക്കിനു കിലോമീറ്റർ ദൂരമുണ്ട് ഗെർഡായുടെയും ഹെൽഗായുടെയും താമസസ്ഥലങ്ങൾ തമ്മിൽ. എങ്കിലും അവർ 35-ലധികം വർഷമായി ഉത്തമസുഹൃത്തുക്കളാണ്. “അനുഭവങ്ങളും, സന്തോഷവും സന്താപവും നിറഞ്ഞ ഹൃദയരഹസ്യങ്ങളും പങ്കുവെച്ച് ഞങ്ങൾ പതിവായി അന്യോന്യം കത്തെഴുതും. ഹെൽഗായുടെ കത്ത് കിട്ടുന്നത് എനിക്ക് എന്തൊരു സന്തോഷമാണെന്നോ! ഞങ്ങൾ ഒരേ തൂവൽപ്പക്ഷികളാണ്,” ഗെർഡാ പറയുന്നു.
വിശ്വസ്‌തത സുഹൃദ്‌ബന്ധത്തിന് അതിപ്രധാനമാണ്. അവിശ്വസ്‌തതയുടെ ഒരൊറ്റ പ്രവൃത്തി, സുദീർഘമായ സുഹൃദ്‌ബന്ധങ്ങളെ തകർത്തുകളഞ്ഞേക്കാം. സ്വകാര്യ കാര്യങ്ങളിൽപ്പോലും പരസ്‌പരം ഉപദേശം നൽകുന്നത് സുഹൃദ്‌ബന്ധങ്ങളിൽ സാധാരണമാണ്. സുഹൃത്തുക്കൾ ഹൃദയത്തിൽനിന്നു സംസാരിക്കും, മറ്റേയാൾ തന്നെ കൊച്ചാക്കുമെന്നോ രഹസ്യം പാട്ടാക്കുമെന്നോ തെല്ലും ഭയമില്ലാതെ. ബൈബിൾ ഇപ്രകാരം പറയുന്നു: “സ്‌നേഹിതൻ എല്ലാകാലത്തും സ്‌നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്‌തീരുന്നു.”—സദൃശവാക്യങ്ങൾ 17:17.
നാം എങ്ങനെ ചിന്തിക്കുന്നു, കാര്യങ്ങളെ എങ്ങനെ എടുക്കുന്നു, എങ്ങനെ പ്രവർത്തിക്കുന്നു എന്നിവയിലെല്ലാം നമ്മുടെ സുഹൃത്തുക്കളുടെ സ്വാധീനം നിഴലിക്കും. അതിനാൽ നമ്മുടെ ജീവിതലക്ഷ്യങ്ങളും രീതികളുമായി സമാനതയുള്ളവരെ മാത്രം സുഹൃത്തുക്കളായി തിരഞ്ഞെടുക്കേണ്ടതു പ്രധാനമാണ്. അതായത്, നിങ്ങളുടെ അതേ വിശ്വാസങ്ങളും അതേ ധാർമിക വീക്ഷണവും തെറ്റും ശരിയും സംബന്ധിച്ചു നിങ്ങൾക്കുള്ള അതേ നിലവാരങ്ങളും ഉള്ളവരുമായി സുഹൃദ്‌ബന്ധം വളർത്താൻ ശ്രദ്ധിക്കുക. അത്തരം സുഹൃത്തുക്കൾ നിങ്ങളുടെ ലക്ഷ്യങ്ങളിൽ എത്താൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ നിലവാരങ്ങളോടും ധാർമിക വീക്ഷണങ്ങളോടും മമതയില്ലാത്ത ഒരാളോട് ഉറ്റബന്ധം സ്ഥാപിക്കുന്നത് എന്തിനാണ്? “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും” എന്ന് തിരുവെഴുത്തു പറയുമ്പോൾ ശരിയായ സുഹൃത്തുക്കളെ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം ബൈബിൾ എടുത്തുകാട്ടുകയാണ്.—സദൃശവാക്യങ്ങൾ 13:20.
വിശ്വസ്‌തത പഠിച്ചെടുക്കാൻ കഴിയും
പറ്റിപ്പിടിക്കുന്ന കായ് കൂട്ടുകാരന്റെ ഉടുപ്പിൽ പിടിപ്പിക്കുന്ന കുട്ടിക്ക് വീണ്ടും വീണ്ടും അതു ചെയ്യാൻ ഇഷ്ടമായിരിക്കും. വിശ്വസ്‌തനായിരിക്കുന്ന ഒരു വ്യക്തിയുടെ കാര്യവും അങ്ങനെതന്നെ. എന്തുകൊണ്ട്? നാം എത്ര കൂടെക്കൂടെ വിശ്വസ്‌തത കാണിക്കുന്നുവോ അത്രമാത്രം
നമുക്കത് എളുപ്പമായിത്തീരും. ഒരു വ്യക്തി കുട്ടിക്കാലത്ത് കുടുംബത്തിൽ വിശ്വസ്‌തത പഠിച്ചിട്ടുണ്ടെങ്കിൽ പിന്നീട് വിശ്വസ്‌ത സുഹൃദ്‌ബന്ധങ്ങൾ സ്ഥാപിക്കുക അയാൾക്ക് എളുപ്പമായിരിക്കും. അത്തരം സുദീർഘമായ, ഈടുറ്റ സുഹൃദ്‌ബന്ധങ്ങൾ കാലാന്തരത്തിൽ ദാമ്പത്യ വിശ്വസ്‌തതയ്‌ക്ക് ഉറച്ച അടിത്തറപാകിയേക്കാം. ഇത് ഏറ്റവും പ്രധാനമായ ഒരു സുഹൃദ്‌ബന്ധത്തിൽ വിശ്വസ്‌തത പാലിക്കുന്നതിനും ആ വ്യക്തിയെ സഹായിക്കും.ഏറ്റവും വലിയ കൽപ്പന യഹോവയാം ദൈവത്തെ നമ്മുടെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും പൂർണശക്തിയോടും കൂടെ സ്‌നേഹിക്കണം എന്നതാണെന്ന് യേശു പറഞ്ഞു. (മർക്കൊസ് 12:30) ഇതിന്റെ അർഥം ദൈവത്തോടു സമ്പൂർണ വിശ്വസ്‌തത പാലിക്കാൻ നാം കടപ്പെട്ടിരിക്കുന്നു എന്നാണ്. യഹോവയാം ദൈവത്തോടു വിശ്വസ്‌തരായിരിക്കുന്നത് അളവറ്റ അനുഗ്രഹങ്ങൾ കൈവരുത്തുന്നു. അവൻ നമ്മെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. കാരണം, “ഞാൻ വിശ്വസ്‌തൻ” എന്ന് ദൈവം തന്നെക്കുറിച്ചുതന്നെ പറയുന്നു. (1 കൊരിന്ത്യർ 10:13) അതേ, ദൈവത്തോടുള്ള വിശ്വസ്‌തത നിത്യപ്രയോജനങ്ങൾ കൈവരുത്തുന്നു.—1 യോഹന്നാൻ 2:17.
[6-ാം പേജിലെ ആകർഷകവാക്യം]
ഒരു ഉറ്റസുഹൃത്തിന്റെ വിശ്വസ്‌തത നിങ്ങളുടെ ഹൃദയത്തെ ഊഷ്‌മളമാക്കും
[5-ാം പേജിലെ ചിത്രം]
വിശ്വസ്‌തരായ കുടുംബാംഗങ്ങൾ പരസ്‌പരം കരുതുന്നു