വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനേകായിരങ്ങൾ യഹോവയുടെ ആരാധനയിലേക്കു വരുന്നു

അനേകായിരങ്ങൾ യഹോവയുടെ ആരാധനയിലേക്കു വരുന്നു

“എന്റെ സഹായം . . . യഹോവയിങ്കൽനിന്നു വരുന്നു”

അനേകായിരങ്ങൾ യഹോവയുടെ ആരാധനയിലേക്കു വരുന്നു

യഹോവയുടെ സമുന്നതമായ ആരാധനയിലേക്കു സകല ജനതകളിലെയും ആളുകൾ ഒഴുകിവരുമെന്നു നമ്മുടെ നാളുകളെക്കുറിച്ചുള്ള ബൈബിൾ പ്രവചനങ്ങൾ മുൻകൂട്ടിപ്പറയുകയുണ്ടായി. ഉദാഹരണത്തിന്‌, ഹഗ്ഗായി പ്രവാചകൻ മുഖാന്തരം യഹോവയാം ദൈവം ഇപ്രകാരം പ്രസ്‌താവിച്ചു: “ഞാൻ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്‌തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും.” (ഹഗ്ഗായി 2:7) നമ്മുടെ കാലത്ത്‌ അഥവാ ‘അന്ത്യകാലത്ത്‌’ ജാതികളും വംശങ്ങളും യഹോവയെ സ്വീകാര്യമായ വിധത്തിൽ ആരാധിക്കുമെന്നു യെശയ്യാവും മീഖായും പ്രവചിച്ചു.​—⁠യെശയ്യാവു 2:2-4; മീഖാ 4:1-4.

അത്തരം പ്രവചനങ്ങൾ ഇക്കാലത്തു നിവൃത്തിയേറുന്നുണ്ടോ? നമുക്കു ചില വസ്‌തുതകൾ പരിശോധിക്കാം. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ 230-ലധികം ദേശങ്ങളിലായി 31,10,000-ത്തിലധികം പേർ യഹോവയ്‌ക്കു തങ്ങളെത്തന്നെ സമർപ്പിച്ചിട്ടുണ്ട്‌. ലോകവ്യാപകമായി ഇപ്പോൾ യഹോവയെ സേവിക്കുന്ന 10 സാക്ഷികളിൽ 6 പേർ വീതം കഴിഞ്ഞ ദശാബ്ദത്തിൽ സ്‌നാപനമേറ്റവരാണെന്നാണ്‌ അതിനർഥം. 2004-ൽ, രണ്ടു മിനിട്ടിൽ ശരാശരി ഒരാൾ വീതം എന്ന കണക്കിലാണ്‌ പുതിയവർ സമർപ്പിതരായി ക്രിസ്‌തീയ സഭയോടു ചേർന്നത്‌. *

ഒന്നാം നൂറ്റാണ്ടിലെപ്പോലെ ഇക്കാലത്ത്‌ ‘വലിയൊരു കൂട്ടം വിശ്വസിച്ചു കർത്താവിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.’ എണ്ണത്തിലുള്ള വർധന അതിൽത്തന്നെ ദൈവാനുഗ്രഹത്തിന്റെ തെളിവല്ലെങ്കിലും, “കർത്താവിന്റെ കൈ” തന്റെ ജനത്തോടൊപ്പം ഉണ്ടെന്ന്‌ ഇതു തെളിയിക്കുന്നു. (പ്രവൃത്തികൾ 11:21) യഹോവയുടെ ആരാധനയിലേക്കു ദശലക്ഷങ്ങളെ നയിക്കുന്നത്‌ എന്താണ്‌? ഈ സംഭവവികാസം നിങ്ങളെ വ്യക്തിപരമായി ബാധിക്കുന്നത്‌ എങ്ങനെ?

ശരിയായ ഹൃദയനിലയുള്ളവർ ആകർഷിക്കപ്പെടുന്നു

യേശു വ്യക്തമായി ഇങ്ങനെ പറഞ്ഞു: “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല.” (യോഹന്നാൻ 6:44) അതുകൊണ്ട്‌, “നിത്യജീവനായി നിയമിക്കപ്പെട്ട”വരെ ആകർഷിക്കുന്നത്‌ ആത്യന്തികമായി യഹോവയാണ്‌. (പ്രവൃത്തികൾ 13:48) ആത്മീയ ആവശ്യം സംബന്ധിച്ച്‌ ആളുകളെ ബോധവാന്മാരാക്കാൻ ദൈവാത്മാവിനു കഴിയും. (മത്തായി 5:3) അലട്ടിക്കൊണ്ടിരിക്കുന്ന മനസ്സാക്ഷി, പ്രത്യാശയ്‌ക്കായുള്ള അടങ്ങാത്ത ആഗ്രഹം, ഗുരുതരമായ പ്രതിസന്ധികൾ എന്നിവയൊക്കെ ദൈവത്തെ അന്വേഷിക്കാനും മനുഷ്യവർഗത്തെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കാനും ചിലരെ പ്രേരിപ്പിച്ചേക്കാം.​—⁠മർക്കൊസ്‌ 7:26-30; ലൂക്കൊസ്‌ 19:2-10.

തങ്ങളെ കുഴപ്പിക്കുന്ന നിരവധി ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ ക്രിസ്‌തീയ സഭയുടെ ബൈബിൾ വിദ്യാഭ്യാസ പരിപാടി സഹായിക്കുന്നതിനാൽ നിരവധി പേർ യഹോവയുടെ ആരാധനയിലേക്ക്‌ ആകർഷിക്കപ്പെടുന്നു.

“ഒരു ദൈവമുണ്ടെങ്കിൽ മനുഷ്യർ അനീതിക്ക്‌ ഇരയാകുന്നത്‌ എന്തുകൊണ്ട്‌?” എന്നതായിരുന്നു ഇറ്റലിയിലെ ഒരു മയക്കുമരുന്ന്‌ ഇടപാടുകാരനായ ഡേവിഡിനെ അലട്ടിയിരുന്ന ചോദ്യം. മതപരമായ കാര്യങ്ങളിൽ താത്‌പര്യമില്ലായിരുന്നെങ്കിലും ഒരു വാദപ്രതിവാദത്തിനു തിരികൊളുത്താൻവേണ്ടി മാത്രമാണ്‌ അദ്ദേഹം ആ ചോദ്യം ഉന്നയിച്ചത്‌. അദ്ദേഹം പറയുന്നു: “ന്യായയുക്തവും ബോധ്യംവരുത്തുന്നതുമായ ഒരു ഉത്തരം ലഭിക്കുമെന്നു ഞാൻ കരുതിയില്ല. എന്നാൽ എന്നോടു സംസാരിച്ച സാക്ഷി വളരെ ക്ഷമ പ്രകടമാക്കുകയും താൻ പറയുന്ന കാര്യങ്ങളെ ബൈബിൾ വാക്യങ്ങൾ ഉപയോഗിച്ചു തെളിയിക്കുകയും ചെയ്‌തു. ആ സംഭാഷണം എന്നെ ശക്തമായി സ്വാധീനിച്ചു.” തന്റെ ജീവിതം നേരെയാക്കിയ ഡേവിഡ്‌ ഇപ്പോൾ യഹോവയെ സേവിക്കുന്നു.

ജീവിതത്തിന്റെ അർഥവും ഉദ്ദേശ്യവും തേടിയതിന്റെ ഫലമായി ചിലർ യഹോവയുടെ സംഘടനയുടെ ഭൗമിക ഭാഗത്തേക്കു വന്നുചേർന്നിരിക്കുന്നു. സ്വന്തം വൈകാരിക പ്രശ്‌നങ്ങൾക്കു ചികിത്സതേടി ക്രൊയേഷ്യയിലുള്ള സാഗ്‌രെബിലെ ഒരു മനഃശാസ്‌ത്രജ്ഞ പേരുകേട്ട തന്റെ സഹപ്രവർത്തകനെ സമീപിച്ചു. ആ ഡോക്ടർ അവർക്ക്‌ സാഗ്‌രെബിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിന്റെ ടെലിഫോൺ നമ്പരും അദ്ദേഹത്തിന്‌ അറിയാമായിരുന്ന ഒരു സാക്ഷിയുടെ പേരും നൽകിയപ്പോൾ അവർ അതിശയിച്ചുപോയി. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ഇവർക്കു നിങ്ങളെ സഹായിക്കാൻ പറ്റുമെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഞാൻ നിങ്ങളെ പള്ളിയിലേക്ക്‌ അയച്ചാൽ അവിടെ നിർജീവ പ്രതിമകൾ മാത്രമേ കാണൂ, അവയൊന്നും സംസാരിക്കുകയോ ആത്മീയ വെളിച്ചംപകരുകയോ ചെയ്യില്ല. പള്ളിക്കു നിങ്ങളെ സഹായിക്കാനാകുമെന്നു ഞാൻ കരുതുന്നില്ല. രോഗികളായ മറ്റു ചിലരെ ഞാൻ യഹോവയുടെ സാക്ഷികളുടെ അടുത്തേക്ക്‌ അയച്ചിട്ടുണ്ട്‌, നിങ്ങൾക്കും അതുതന്നെയായിരിക്കും നല്ലതെന്ന്‌ എനിക്കു തോന്നുന്നു.” സാക്ഷികൾ ആ സ്‌ത്രീയെ സന്ദർശിച്ച്‌ ഉടൻതന്നെ ഒരു അധ്യയനം ആരംഭിച്ചു. ദൈവോദ്ദേശ്യത്തെക്കുറിച്ചുള്ള പരിജ്ഞാനം തന്റെ ജീവിതത്തിന്‌ അർഥം പകർന്നിരിക്കുന്നുവെന്ന്‌ ഏതാനും ആഴ്‌ചകൾക്കകംതന്നെ ആ മനഃശാസ്‌ത്രജ്ഞ സന്തോഷത്തോടെ പറയുകയുണ്ടായി.​—⁠സഭാപ്രസംഗി 12:13.

വ്യക്തിപരമായ പ്രതിസന്ധിഘട്ടങ്ങളിൽ യഥാർഥ ആശ്വാസം നൽകാൻ ബൈബിളിനു മാത്രമേ സാധിക്കൂവെന്ന്‌ അനേകർ മനസ്സിലാക്കിയിരിക്കുന്നു. ഗ്രീസിൽ, ഒരു ഏഴുവയസ്സുകാരൻ സ്‌കൂളിന്റെ മേൽക്കൂരയിൽനിന്നു വീണുമരിച്ചു. ഏതാനും മാസങ്ങൾക്കുശേഷം സാക്ഷികളായ രണ്ടു സഹോദരിമാർ ആ കുട്ടിയുടെ അമ്മയെ കണ്ടുമുട്ടിയപ്പോൾ പുനരുത്ഥാന പ്രത്യാശയെക്കുറിച്ചു ചർച്ച ചെയ്‌തുകൊണ്ട്‌ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. (യോഹന്നാൻ 5:28, 29) അപ്പോൾ ആ സ്‌ത്രീ പൊട്ടിക്കരഞ്ഞുപോയി. “ബൈബിളിനെക്കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഞങ്ങൾ എപ്പോഴാണു വരേണ്ടത്‌” എന്നു സഹോദരിമാർ ചോദിച്ചപ്പോൾ “ഇപ്പോൾത്തന്നെ” എന്നായിരുന്നു അവരുടെ മറുപടി. ആ സ്‌ത്രീ അവരെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി. അങ്ങനെ, ഒരു ബൈബിളധ്യയനം തുടങ്ങി. ഇന്ന്‌ അവരുടെ കുടുംബത്തിലെ എല്ലാവരും യഹോവയെ ആരാധിക്കുന്നവരാണ്‌.

നിങ്ങൾക്ക്‌ ഒരു പങ്കുണ്ടോ?

ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നതിന്റെ ഒരു ലഘുചിത്രമാണ്‌ ഇത്തരം അനുഭവങ്ങൾ. സത്യാരാധകരുടെ ഒരു വലിയ ബഹുരാഷ്‌ട്ര സമൂഹത്തെ യഹോവ ഇപ്പോൾ കൂട്ടിച്ചേർക്കുകയും പരിശീലിപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. ഈ ദുഷ്ടവ്യവസ്ഥിതിക്ക്‌ ഉടൻതന്നെ നേരിടാനിരിക്കുന്ന നാശത്തെ അതിജീവിച്ച്‌ നീതിനിഷ്‌ഠമായ ഒരു പുതിയ ലോകത്തിൽ ജീവിക്കാനുള്ള സന്തോഷകരമായ പ്രത്യാശയാണ്‌ ഈ കൂട്ടത്തിനുള്ളത്‌.​—⁠2 പത്രൊസ്‌ 3:13.

യഹോവയുടെ അനുഗ്രഹത്താൽ, മുമ്പൊരിക്കലും നടന്നിട്ടില്ലാത്ത ഈ കൂട്ടിച്ചേർക്കൽ വേല നിർബാധം പൂർത്തീകരണത്തിലേക്ക്‌ അടുത്തുകൊണ്ടിരിക്കുകയാണ്‌. (യെശയ്യാവു 55:10, 11; മത്തായി 24:3, 14) ഈ രാജ്യപ്രസംഗ വേലയിൽ നിങ്ങൾ തീക്ഷ്‌ണതയോടെ ഏർപ്പെടുന്നുണ്ടോ? ഉണ്ടെങ്കിൽ, ദിവ്യസംരക്ഷണം സംബന്ധിച്ച്‌ ഉറപ്പുണ്ടായിരിക്കാനും സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകൾ ഏറ്റുപറയാനും നിങ്ങൾക്കു സാധിക്കും: “എന്റെ സഹായം . . . യഹോവയിങ്കൽനിന്നു വരുന്നു.”​—⁠സങ്കീർത്തനം 121:⁠2.

[അടിക്കുറിപ്പ്‌]

^ ഖ. 4 യഹോവയുടെ സാക്ഷികളുടെ കലണ്ടർ 2005, സെപ്‌റ്റംബർ/ഒക്ടോബർ കാണുക.

[9-ാം പേജിലെ ആകർഷക വാക്യം]

“എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല.”​—⁠യോഹന്നാൻ 6:44.

[8-ാം പേജിലെ ചതുരം]

ആരാണ്‌ ഈ വളർച്ചയ്‌ക്കു പിന്നിൽ?

“യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്‌ക്കാരൻ വൃഥാ ജാഗരിക്കുന്നു.”​—⁠സങ്കീർത്തനം 127:⁠1.

“ദൈവമത്രേ വളരുമാറാക്കിയതു. ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല.”​—⁠1 കൊരിന്ത്യർ 3:6, 7.