വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവമോ മനുഷ്യനോ?

ദൈവമോ മനുഷ്യനോ?

ദൈവമോ മനുഷ്യനോ?

“ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും.” (യോഹന്നാൻ 8:12) യേശുവിന്റേതാണ്‌ ഈ വാക്കുകൾ. “അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്‌തമായിട്ടു ഇരിക്കുന്നു”വെന്ന്‌ ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിദ്യാസമ്പന്നനായ ഒരു വ്യക്തി യേശുവിനെക്കുറിച്ച്‌ എഴുതുകയുണ്ടായി. (കൊലൊസ്സ്യർ 2:3) മാത്രമല്ല, “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു” എന്നും ബൈബിൾ പറയുന്നു. (യോഹന്നാൻ 17:3) നമ്മുടെ ആത്മീയ വിശപ്പടക്കാൻ യേശുവിനെക്കുറിച്ചുള്ള സൂക്ഷ്‌മപരിജ്ഞാനം അത്യന്താപേക്ഷിതമാണ്‌.

ലോകമെമ്പാടുമുള്ള പലരും യേശുവിനെക്കുറിച്ചു കേട്ടിട്ടുണ്ട്‌. മനുഷ്യചരിത്രത്തിൽ അവൻ ചെലുത്തിയിരിക്കുന്ന സ്വാധീനം നിസ്‌തർക്കമായ ഒരു വസ്‌തുതയാണ്‌. ലോകത്തിലെ പലയിടങ്ങളിലും ഉപയോഗിക്കുന്ന കലണ്ടർതന്നെ, അവൻ ജനിച്ചുവെന്നു കരുതപ്പെടുന്ന വർഷത്തെ ആധാരമാക്കിയുള്ളതാണ്‌. “ആ വർഷത്തിനു മുമ്പുള്ള സമയത്തെ ബി.സി. അഥവാ ക്രിസ്‌തുവിനു മുമ്പ്‌ എന്നും ശേഷമുള്ള സമയത്തെ എ.ഡി. അഥവാ ആനോ ഡോമിനി (നമ്മുടെ കർത്താവിന്റെ വർഷത്തിൽ) എന്നുമാണ്‌ മിക്കവരും വിളിക്കുന്നത്‌” എന്ന്‌ ദ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ പറയുന്നു.

എന്നിരുന്നാലും യേശു ആരായിരുന്നു എന്നതു സംബന്ധിച്ച്‌ ഭിന്നാഭിപ്രായങ്ങളുണ്ട്‌. ശ്രദ്ധേയനായ ഒരു ചരിത്രപുരുഷനെന്ന നിലയിൽ മാത്രമാണ്‌ ചിലർ അവനെ വീക്ഷിക്കുന്നത്‌. മറ്റുചിലർ സർവശക്തനായ ദൈവമായി അവനെ ആരാധിക്കുന്നു. ഹൈന്ദവരായ ചില ചിന്തകർ, അവതാരപുരുഷനായി കണക്കാക്കപ്പെടുന്ന ശ്രീകൃഷ്‌ണനോട്‌ ക്രിസ്‌തുവിനെ ഉപമിച്ചിട്ടുണ്ട്‌. യേശു വെറുമൊരു മനുഷ്യനായിരുന്നോ, അവൻ ആരാധിക്കപ്പെടേണ്ടവനാണോ? യഥാർഥത്തിൽ അവൻ ആരായിരുന്നു? അവൻ എവിടെനിന്നാണു വന്നത്‌? ഏതുതരം വ്യക്തിത്വമാണ്‌ അവന്‌ ഉണ്ടായിരുന്നത്‌? അവൻ ഇപ്പോൾ എവിടെയാണ്‌? അടുത്ത ലേഖനത്തിൽ കാണാൻപോകുന്നതുപോലെ, യേശുവിനെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ അടങ്ങുന്ന ഒരു ഗ്രന്ഥം ഈ ചോദ്യങ്ങൾക്കുള്ള സത്യസന്ധമായ ഉത്തരം നൽകും.