വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മറ്റുള്ളവർ നമ്മെക്കുറിച്ച്‌ എന്തു വിചാരിക്കുന്നുവെന്നതു പ്രാധാന്യമുള്ള കാര്യമാണോ?

മറ്റുള്ളവർ നമ്മെക്കുറിച്ച്‌ എന്തു വിചാരിക്കുന്നുവെന്നതു പ്രാധാന്യമുള്ള കാര്യമാണോ?

മറ്റുള്ളവർ നമ്മെക്കുറിച്ച്‌ എന്തു വിചാരിക്കുന്നുവെന്നതു പ്രാധാന്യമുള്ള കാര്യമാണോ?

മിക്കവാറും എല്ലാവർക്കുംതന്നെ പ്രശംസിക്കപ്പെടുന്നത്‌ ഇഷ്ടമാണ്‌. പ്രശംസിക്കപ്പെടുമ്പോൾ നമുക്കു സന്തോഷം തോന്നുന്നു, എന്തോ നേടിയെടുത്തുവെന്ന ചാരിതാർഥ്യം അതു നമുക്കു നൽകുന്നു. കൂടുതൽ മെച്ചമായി കാര്യങ്ങൾ ചെയ്യുന്നതിനു നമ്മെ പ്രേരിപ്പിക്കാൻപോലും മറ്റുള്ളവരുടെ അംഗീകാരത്തിനു കഴിയും. എന്നാൽ ചിലർ നമ്മെ അംഗീകരിക്കുന്നില്ലെന്ന്‌ അറിയുമ്പോൾ തികച്ചും വ്യത്യസ്‌തമായ വികാരങ്ങളാണു നമുക്കുണ്ടാകുക. തണുത്തതോ വിമർശനാത്മകമോ ആയ ഒരു പ്രതികരണം നമ്മുടെ ഉത്സാഹം കെടുത്തിക്കളഞ്ഞേക്കാം. മറ്റുള്ളവർ നമ്മെക്കുറിച്ച്‌ എന്തു വിചാരിക്കുന്നുവെന്നതിന്‌ നമ്മെക്കുറിച്ചു നമുക്കുതന്നെയുള്ള അഭിപ്രായത്തിന്മേൽ വലിയ സ്വാധീനമുണ്ട്‌.

നമ്മെക്കുറിച്ചുള്ള മറ്റുള്ളവരുടെ വീക്ഷണം അവഗണിക്കുന്നത്‌ ഒരു പിശകുതന്നെ ആയിരുന്നേക്കാം. നമ്മുടെ പെരുമാറ്റത്തെക്കുറിച്ചുള്ള അവരുടെ വിലയിരുത്തലിൽനിന്നു നമുക്കു വാസ്‌തവത്തിൽ പ്രയോജനം നേടാൻ കഴിയും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ഉന്നത ധാർമിക തത്ത്വങ്ങളിൽ അധിഷ്‌ഠിതമായിരിക്കുമ്പോൾ, നേരായി നടക്കാൻ അവ നമ്മെ പ്രചോദിപ്പിക്കും. (1 കൊരിന്ത്യർ 10:⁠31-33) എന്നിരുന്നാലും പൊതുജനാഭിപ്രായം മിക്കപ്പോഴും ന്യായരഹിതമാണ്‌. “അവനെ ക്രൂശിക്ക, ക്രൂശിക്ക” എന്ന്‌ ആർത്തുവിളിച്ച മഹാപുരോഹിതന്മാർക്കും മറ്റുള്ളവർക്കും യേശുക്രിസ്‌തുവിനെക്കുറിച്ച്‌ ഉണ്ടായിരുന്ന വികലമായ വീക്ഷണത്തെക്കുറിച്ചു ചിന്തിക്കുക. (ലൂക്കൊസ്‌ 23:⁠13, 21-25) തെറ്റായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതോ അസൂയയാലോ മുൻവിധിയാലോ സ്വാധീനിക്കപ്പെട്ടതോ ആയ വീക്ഷണങ്ങൾ തള്ളിക്കളയപ്പെടേണ്ടവയാണ്‌. അതുകൊണ്ട്‌ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ സംബന്ധിച്ചു നാം നല്ല ന്യായബോധം പ്രകടമാക്കുകയും അവയോടു വിവേകത്തോടെ പ്രതികരിക്കുകയും വേണം.

ആരുടെ അഭിപ്രായമാണു പ്രധാനം?

നമ്മോട്‌ അടുപ്പമുള്ള, സത്യാരാധകരായ ആളുകളുടെ അംഗീകാരം നാം ആഗ്രഹിക്കുന്നു. സത്യവിശ്വാസികളായ കുടുംബാംഗങ്ങൾ, നമ്മുടെ ക്രിസ്‌തീയ സഹോദരീസഹോദരന്മാർ എന്നിവരെല്ലാം അവരിൽപ്പെടും. (റോമർ 15:⁠2; കൊലൊസ്സ്യർ 3:⁠18-21) സഹാരാധകരുടെ സ്‌നേഹവും ബഹുമാനവും അവരുമായുള്ള “പ്രോത്സാഹന കൈമാറ്റ”വും നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. (റോമർ 1:11, 12, NW) “താഴ്‌മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്‌ഠൻ എന്നു എണ്ണിക്കൊൾവിൻ” എന്ന പ്രബോധനം നാം അനുസരിക്കുന്നു. (ഫിലിപ്പിയർ 2:⁠2-4) നമ്മെ “നടത്തുന്ന,” അതായത്‌ സഭയിൽ നേതൃത്വമെടുക്കുന്ന, മൂപ്പന്മാരുടെ അംഗീകാരവും നാം ആഗ്രഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നു.​—⁠എബ്രായർ 13:⁠17.

“പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ച”വർ ആയിരിക്കുന്നതും അഭികാമ്യമാണ്‌. (1 തിമൊഥെയൊസ്‌ 3:⁠7) അവിശ്വാസികളായ ബന്ധുക്കളും സഹപ്രവർത്തകരും അയൽക്കാരും നമ്മെ ബഹുമാനിക്കുന്നത്‌ എത്ര പ്രോത്സാഹജനകമാണ്‌! നാം രാജ്യസന്ദേശം പ്രസംഗിക്കുന്ന ആളുകൾ രാജ്യസുവാർത്തയ്‌ക്ക്‌ അനുകൂലമായി പ്രതികരിക്കത്തക്കവിധം അവരിൽ നല്ല മതിപ്പുളവാക്കാൻ നാം ശ്രമിക്കുന്നില്ലേ? ധാർമികശുദ്ധിയുള്ളവരും നേരായി നടക്കുന്നവരും സത്യസന്ധരും എന്ന്‌ സമൂഹത്തിൽ നമുക്കു സത്‌പേരുണ്ടായിരിക്കുന്നത്‌ യഹോവയ്‌ക്കു മഹത്ത്വം കരേറ്റുന്നു. (1 പത്രൊസ്‌ 2:⁠12) എന്നിരുന്നാലും മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കുന്നതിനായി നാം ഒരിക്കലും ബൈബിൾ തത്ത്വങ്ങൾ ബലികഴിക്കുകയില്ല. അവരിൽ നല്ല മതിപ്പുളവാക്കുന്നതിനുവേണ്ടി കാപട്യം കാണിക്കാനും നമുക്കാവില്ല. എല്ലാവരെയും പ്രസാദിപ്പിക്കുകയെന്നത്‌ അസാധ്യമാണെന്നു നാം മനസ്സിലാക്കണം. യേശു പറഞ്ഞു: “നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.” (യോഹന്നാൻ 15:⁠19) നമ്മെ പകയ്‌ക്കുന്ന അഥവാ എതിർക്കുന്ന ആളുകളുടെ ബഹുമാനം നേടാൻ നമുക്ക്‌ എന്തെങ്കിലും ചെയ്യാനാകുമോ?

എതിരാളികളുടെ ബഹുമാനം നേടിയെടുക്കൽ

യേശു ഇങ്ങനെ മുന്നറിയിപ്പു നൽകി: “എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനില്‌ക്കുന്നവനോ രക്ഷിക്കപ്പെടും.” (മത്തായി 10:⁠22) ഈ പക അഥവാ വിദ്വേഷം ചില സമയങ്ങളിൽ നീചമായ ആരോപണങ്ങൾക്കു വഴിതെളിച്ചിട്ടുണ്ട്‌. പക്ഷപാതപരമായി പെരുമാറുന്ന ഗവൺമെന്റ്‌ അധികാരികൾ, “കലഹം ഇളക്കിവിടുന്ന”വരെന്നോ “വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന”വരെന്നോ നമ്മെ മുദ്രകുത്തിയേക്കാം. എന്തും പറയാൻ മടിയില്ലാത്ത എതിരാളികൾ, നാം കുഴപ്പക്കാരും അടിച്ചമർത്തപ്പെടേണ്ടവരും ആയ മതവിഭാഗമാണെന്ന്‌ ആരോപിച്ചേക്കാം. (പ്രവൃത്തികൾ 28:⁠22) ചില സന്ദർഭങ്ങളിൽ ഈ ആരോപണങ്ങൾക്കു മറുപടി കൊടുക്കാൻ നമുക്കു കഴിയും. എങ്ങനെ? അപ്പൊസ്‌തലനായ പത്രൊസിന്റെ പിൻവരുന്ന ബുദ്ധിയുപദേശം പിൻപറ്റുന്നതിനാൽ: “നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.” (1 പത്രൊസ്‌ 3:⁠15) മാത്രമല്ല, “സത്യസന്ധതയും ഗൗരവബോധവും ആരും കുറ്റം പറയാത്തവിധം നിർദോഷമായ സംസാരരീതിയും പ്രകടമാക്കുക. അങ്ങനെയായാൽ എതിരാളികൾ നമ്മെപ്പറ്റി ഒരു കുറ്റവും പറയാൻ അവസരമില്ലാത്തതിൽ ലജ്ജിക്കും.”​—⁠തീത്തൊസ്‌ 2:⁠6ബി-8, പി.ഒ.സി. ബൈബിൾ.

നമ്മുടെ സത്‌പേരിന്മേലുള്ള കളങ്കം നീക്കാൻ ശ്രമിക്കുമ്പോൾത്തന്നെ, അനുചിതമായി ദുഷ്‌കീർത്തിക്ക്‌ ഇരയാകേണ്ടിവന്നാൽ നാം നിരുത്സാഹിതരാകുകയോ തളർന്നുപോകുകയോ ചെയ്യരുത്‌. ദൈവത്തിന്റെ പൂർണതയുള്ള പുത്രനായ യേശുവിൽ ദൈവദൂഷണം, ആത്മവിദ്യ, കലഹം ഇളക്കിവിടൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിക്കപ്പെട്ടു. (മത്തായി 9:⁠3; മർക്കൊസ്‌ 3:⁠22; യോഹന്നാൻ 19:⁠12) അപ്പൊസ്‌തലനായ പൗലൊസ്‌ ദുഷ്‌കീർത്തിക്ക്‌ ഇരയായി. (1 കൊരിന്ത്യർ 4:⁠13) യേശുവും പൗലൊസും അത്തരം വിമർശനം അവഗണിക്കുകയും തങ്ങളുടെ വേലയിൽ തിരക്കോടെ ഏർപ്പെടുകയും ചെയ്‌തു. (മത്തായി 15:⁠14) “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു”വെന്നതിനാൽ തങ്ങളുടെ എതിരാളികളുടെ അംഗീകാരം നേടാൻ കഴിയില്ലെന്ന്‌ അവർ മനസ്സിലാക്കി. (1 യോഹന്നാൻ 5:⁠19) ഇന്ന്‌ നാമും അതേ വെല്ലുവിളി നേരിടുന്നു. വിദ്വേഷപ്രചോദിതരായി എതിരാളികൾ നമ്മെക്കുറിച്ചു വ്യാജംപരത്തുമ്പോൾ നാം ഭയപ്പെടേണ്ടതില്ല.​—⁠മത്തായി 5:⁠11.

യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്ന അഭിപ്രായം

ആളുകൾക്കു നമ്മെപ്പറ്റി വ്യത്യസ്‌ത ധാരണകളായിരിക്കും ഉള്ളത്‌. അത്‌ അവരുടെ ആന്തരത്തെയും നമ്മെക്കുറിച്ച്‌ അവർ കേട്ടിട്ടുള്ള കാര്യങ്ങളെയും ആശ്രയിച്ചിരിക്കും. ചിലർ നമ്മെ പുകഴ്‌ത്തുകയും ആദരിക്കുകയും ചെയ്യുന്നു, മറ്റു ചിലരാകട്ടെ ശകാരിക്കുകയും ദ്വേഷിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ബൈബിൾ തത്ത്വങ്ങളാൽ നയിക്കപ്പെടുന്നിടത്തോളം കാലം, സന്തുഷ്ടരും സമാധാനമുള്ളവരും ആയിരിക്കുന്നതിനു നമുക്ക്‌ എല്ലാ കാരണങ്ങളുമുണ്ട്‌.

അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതി: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ്‌ 3:⁠16, 17) സകലത്തിലും വഴികാട്ടിയായി ദൈവവചനത്തെ വിലമതിപ്പോടെ സ്വീകരിക്കുന്നതുവഴി, നമുക്ക്‌ യഹോവയാം ദൈവത്തിന്റെയും അവന്റെ പുത്രനായ യേശുക്രിസ്‌തുവിന്റെയും പ്രീതി ലഭിക്കുന്നു. സുപ്രധാനമായ അഭിപ്രായം യഹോവയുടേതും അവന്റെ പുത്രന്റേതും ആണ്‌. അവർ നമ്മെക്കുറിച്ച്‌ എന്തു വിചാരിക്കുന്നു എന്നതാണ്‌ നമ്മുടെ യഥാർഥ മൂല്യം നിർണയിക്കുന്നത്‌. അന്തിമമായി, നമ്മുടെ ജീവൻ അവരുടെ അംഗീകാരത്തെ ആശ്രയിച്ചാണിരിക്കുന്നത്‌.​—⁠യോഹന്നാൻ 5:⁠27; യാക്കോബ്‌ 1:⁠12.

[30-ാം പേജിലെ ആകർഷകവാക്യം]

“പ്രശംസ എന്നെ ലജ്ജിപ്പിക്കുന്നു, കാരണം പ്രശംസിക്കപ്പെടാൻ ഞാൻ ഗൂഢമായി വാഞ്‌ഛിക്കുന്നു.”​—⁠ഭാരതീയ കവിയായ രവീന്ദ്രനാഥ ടാഗോർ

[31-ാം പേജിലെ ചിത്രങ്ങൾ]

നമ്മുടെ സഹവിശ്വാസികളുടെ അഭിപ്രായങ്ങൾ പ്രാധാന്യമുള്ളവയാണ്‌

[30-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Culver Pictures