വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“യഹോവയോടുള്ള​—⁠ഭയം തന്നേ ജ്ഞാനം”

“യഹോവയോടുള്ള​—⁠ഭയം തന്നേ ജ്ഞാനം”

“യഹോവയോടുള്ള​—⁠ഭയം തന്നേ ജ്ഞാനം”

“എല്ലാം കേട്ടുകഴിയുമ്പോൾ ഇതാണ്‌ സാരാംശം. ദൈവത്തെ ഭയപ്പെട്ട്‌ അവന്റെ കല്‌പനകൾ പാലിക്കുക. ഇതാണ്‌ മനുഷ്യന്റെ സർവധർമവും.” (സഭാപ്രസംഗി 12:⁠13, ഓശാന ബൈബിൾ) പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവ്‌ ദിവ്യനിശ്വസ്‌തതയിൽ എത്ര ഗഹനമായ ഉപസംഹാരത്തിലാണ്‌ എത്തിച്ചേർന്നത്‌! പൂർവപിതാവായ ഇയ്യോബും ദൈവത്തെ ഭയപ്പെടുന്നതിന്റെ മൂല്യം വിലമതിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “യഹോവയോടുള്ള ഭയം തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം.”​—⁠ഇയ്യോബ്‌ 28:⁠28, NW.

യഹോവാഭയത്തിനു ബൈബിൾ വലിയ പ്രാധാന്യം നൽകുന്നു. ദൈവത്തോടു ഭയാദരവു നട്ടുവളർത്തുന്നതു ജ്ഞാനമാർഗമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? വ്യക്തികളെന്ന നിലയിലും സത്യാരാധകരുടെ കൂട്ടമെന്ന നിലയിലും ദൈവഭയം ഏതുവിധത്തിലാണു നമുക്കു പ്രയോജനം ചെയ്യുന്നത്‌? സദൃശവാക്യങ്ങൾ 14-ാം അധ്യായത്തിന്റെ 26 മുതൽ 35 വരെയുള്ള വാക്യങ്ങൾ ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുന്നു. *

‘ദൃഢധൈര്യത്തിന്റെ ഉറവ്‌’

“യഹോവാഭക്തന്നു [“യഹോവയെ ഭയപ്പെടുന്നവനു,” NW] ദൃഢധൈര്യം ഉണ്ടു; അവന്റെ മക്കൾക്കും ശരണം ഉണ്ടാകും.” (സദൃശവാക്യങ്ങൾ 14:⁠26) ദൈവഭയമുള്ള ഒരാളുടെ ആശ്രയത്തിന്റെ ഉറവ്‌ വിശ്വസ്‌തനും സർവശക്തനും ആയ യഹോവയാം ദൈവമല്ലാതെ മറ്റാരുമല്ല. അങ്ങനെയുള്ള മനുഷ്യൻ ഉറച്ച ധൈര്യത്തോടെ ഭാവിയെ നേരിടുന്നതിൽ അതിശയിക്കാനില്ല! ആ മനുഷ്യന്റെ ഭാവി ദീർഘവും അനുഗൃഹീതവും ആയിരിക്കും.

എന്നാൽ ലോകത്തിൽ​—⁠അതിന്റെ പദ്ധതികളിലും സംഘടനകളിലും പ്രത്യയശാസ്‌ത്രങ്ങളിലും വസ്‌തുവകകളിലും​—⁠ആശ്രയിക്കുന്നവരെക്കുറിച്ച്‌ എന്തു പറയാൻ കഴിയും? തങ്ങൾക്കു ലഭിക്കുമെന്ന്‌ അവർ കരുതുന്ന എന്തിനും ഹ്രസ്വമായ ആയുസ്സേ ഉള്ളൂ, കാരണം ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (1 യോഹന്നാൻ 2:⁠17) അങ്ങനെയെങ്കിൽ, ‘ലോകത്തെയോ അതിലുള്ളതിനെയോ സ്‌നേഹിക്കാൻ’ നമുക്ക്‌ എന്തെങ്കിലും കാരണമുണ്ടോ?​—⁠1 യോഹന്നാൻ 2:⁠15.

“തങ്ങളുടെ മക്കൾക്ക്‌ ശരണം” അഥവാ അഭയസ്ഥാനം ഉണ്ടെന്ന്‌ ഉറപ്പാക്കാൻ ദൈവഭയമുള്ള മാതാപിതാക്കൾക്ക്‌ എന്തു പടികൾ സ്വീകരിക്കാൻ കഴിയും? “മക്കളേ, വന്നു എനിക്കു ചെവിതരുവിൻ; യഹോവയോടുള്ള ഭക്തിയെ [ഭയത്തെ] ഞാൻ ഉപദേശിച്ചുതരാം” എന്നു സങ്കീർത്തനക്കാരൻ പാടി. (സങ്കീർത്തനം 34:⁠11) യഹോവയെ ഭയപ്പെടുന്ന കാര്യത്തിൽ മാതാപിതാക്കൾ മാതൃകവെക്കുകയും അങ്ങനെ ചെയ്യാൻ മക്കളെ പ്രബോധിപ്പിക്കുകയും ചെയ്യുമ്പോൾ, അവർ യഹോവയിൽ ദൃഢധൈര്യമുള്ള സ്‌ത്രീപുരുഷന്മാരായി വളർന്നുവരാനുള്ള സാധ്യത കൂടുതലാണ്‌.​—⁠സദൃശവാക്യങ്ങൾ 22:⁠6.

“യഹോവാഭക്തി [യഹോവാഭയം] ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.” (സദൃശവാക്യങ്ങൾ 14:⁠27) യഹോവാഭയം ‘ജീവന്റെ ഉറവാണ്‌,’ കാരണം സത്യദൈവം ‘ജീവജലത്തിന്റെ ഉറവാണ്‌.’ (യിരെമ്യാവു 2:⁠13) യഹോവയാം ദൈവത്തെയും യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുന്നെങ്കിൽ അതിനു നമ്മുടെ നിത്യജീവൻ അർഥമാക്കാൻ കഴിയും. (യോഹന്നാൻ 17:⁠3) ദൈവഭയം നമ്മെ മരണത്തിന്റെ കെണിയിൽനിന്നും വിടുവിക്കുന്നു. എങ്ങനെ? സദൃശവാക്യങ്ങൾ 13:⁠14 ഉത്തരം പറയുന്നു: “ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകും.” നാം യഹോവയെ ഭയപ്പെടുകയും അവന്റെ നിയമം അനുസരിക്കുകയും നമ്മുടെ കാലടികളെ നയിക്കാൻ അവന്റെ വചനത്തെ അനുവദിക്കുകയും ചെയ്യുമ്പോൾ, അകാലമരണത്തിലേക്കു നയിക്കാനിടയുള്ള ദ്രോഹകരമായ പ്രവർത്തനങ്ങളിൽനിന്നും വികാരങ്ങളിൽനിന്നും നാം സംരക്ഷിക്കപ്പെടുകയല്ലേ?

“രാജാവിന്നു ബഹുമാനം”

തന്റെ വാഴ്‌ചയുടെ ഏറിയ ഭാഗത്തും ശലോമോൻ ദൈവഭയവും യഹോവയോട്‌ അനുസരണവും ഉള്ള രാജാവായിരുന്നു. അത്‌ വിജയകരമായ ഭരണത്തിനു വഴിതെളിച്ചു. ഒരു രാജാവിന്റെ വാഴ്‌ചയുടെ ഫലപ്രാപ്‌തി സംബന്ധിച്ച മാനദണ്ഡം എന്താണ്‌? സദൃശവാക്യങ്ങൾ 14:⁠28 ഉത്തരം നൽകുന്നു: “പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിന്നു നാശം.” പ്രജകളുടെ ക്ഷേമമാണ്‌ രാജാവിന്റെ വിജയത്തിന്റെ അളവുകോൽ. പ്രജകളുടെ ഒരു വലിയ സമൂഹം ഒരു രാജാവിനുകീഴിൽ ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അദ്ദേഹം ഒരു നല്ല ഭരണാധികാരിയാണെന്ന്‌ അതു സൂചിപ്പിക്കും. ശലോമോന്‌ “സമുദ്രംമുതൽ [ചെങ്കടൽ] സമുദ്രംവരെയും [മെഡിറ്ററേനിയൻ] നദിമുതൽ [യൂഫ്രട്ടീസ്‌] ഭൂമിയുടെ അറ്റങ്ങൾവരെയും” പ്രജകൾ ഉണ്ടായിരുന്നു. (സങ്കീർത്തനം 72:⁠6-8) അവന്റെ ഭരണകാലത്ത്‌ അഭൂതപൂർവമായ സമാധാനവും സമൃദ്ധിയും കളിയാടി. (1 രാജാക്കന്മാർ 4:⁠24, 25) അവന്റെ ഭരണം വിജയകരമായിരുന്നു. നേരെ മറിച്ച്‌, പ്രജകളുടെ അംഗീകാരമില്ലായ്‌മ ഒരു ഉന്നതാധികാരിയെ സംബന്ധിച്ചിടത്തോളം അപമാനത്തിന്റെ സൂചനയാണ്‌.

ഇക്കാര്യത്തിൽ, വലിയ ശലോമോനും മിശിഹൈക രാജ്യത്തിന്റെ രാജാവും ആയ യേശുക്രിസ്‌തുവിന്റെ മഹത്ത്വത്തെക്കുറിച്ച്‌ എന്തു പറയാൻ കഴിയും? ഇപ്പോൾപ്പോലും അവനുള്ള പ്രജകളെക്കുറിച്ചു ചിന്തിക്കുക. ഭൂമിയുടെ ഒരറ്റംമുതൽ മറ്റേയറ്റംവരെ, ദൈവഭയമുള്ള 60 ലക്ഷത്തിലധികം സ്‌ത്രീപുരുഷന്മാർ ക്രിസ്‌തുവിന്റെ ഭരണത്തിൻകീഴിൽ ജീവിക്കാൻ ഇപ്പോൾത്തന്നെ തീരുമാനിച്ചുകഴിഞ്ഞു. അവർ യേശുവിൽ വിശ്വാസമർപ്പിക്കുകയും ജീവനുള്ള ദൈവത്തിനു സത്യാരാധന അർപ്പിക്കുന്നതിൽ ഏകീകൃതരായി നിലകൊള്ളുകയും ചെയ്യുന്നു. (യോഹന്നാൻ 14:⁠1) സഹസ്രാബ്ദവാഴ്‌ചയുടെ അവസാനമാകുമ്പോഴേക്കും ദൈവത്തിന്റെ സ്‌മരണയിലുള്ള മുഴുവൻ ആളുകളും പുനരുത്ഥാനം പ്രാപിച്ചുകഴിഞ്ഞിരിക്കും. തുടർന്ന്‌, തങ്ങളുടെ രാജാവിനോടു നന്ദി പ്രകടമാക്കിയിട്ടുള്ള സന്തുഷ്ടരും നീതിനിഷ്‌ഠരും ആയ ആളുകളെക്കൊണ്ടു പറുദീസാഭൂമി നിറയും. ക്രിസ്‌തുവിന്റെ ഭരണാധിപത്യത്തിന്റെ വിജയത്തിന്‌ എന്തൊരു സാക്ഷ്യമായിരിക്കും അത്‌! വിസ്‌മയകരമായ രാജ്യപ്രത്യാശ നമുക്കു മുറുകെപ്പിടിക്കാം.

ആത്മീയവും ഭൗതികവും ആയ അനുഗ്രഹങ്ങൾ

ദൈവത്തോടുള്ള ഭയാദരവ്‌ നമ്മുടെ ഹൃദയത്തെ ശാന്തമാക്കുകയും മനസ്സിനു സമാധാനം നൽകുകയും ചെയ്യുന്നു. ജ്ഞാനത്തിന്റെ നിരവധി വശങ്ങളിൽ നല്ല ന്യായബോധവും വിവേകവും ഉൾപ്പെടുന്നതുകൊണ്ടാണ്‌ അതു സാധിക്കുന്നത്‌. സദൃശവാക്യങ്ങൾ 14:⁠29 (പി.ഒ.സി. ബൈബിൾ) പറയുന്നു: “പെട്ടെന്നു കോപിക്കാത്തവന്‌ ഏറെ വിവേകമുണ്ട്‌; മുൻകോപി ഭോഷത്തത്തെ താലോലിക്കുന്നു.” അനിയന്ത്രിതമായ കോപം നമ്മുടെ ആത്മീയതയെ ദോഷകരമായി ബാധിക്കുമെന്നു തിരിച്ചറിയാൻ വിവേകം സഹായിക്കുന്നു. “പക, പിണക്കം, അസൂയ, ക്രോധം, ദ്വന്ദ്വപക്ഷം” തുടങ്ങിയവയെ ‘ദൈവരാജ്യം അവകാശമാക്കുന്നതിൽനിന്നു നമ്മെ തടയുന്ന’ ജഡത്തിന്റെ പ്രവർത്തനങ്ങളിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌. (ഗലാത്യർ 5:⁠19-21) ന്യായീകരിക്കാവുന്ന കോപംപോലും വെച്ചുകൊണ്ടിരിക്കുന്നതിനെതിരെ നാം ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുന്നു. (എഫെസ്യർ 4:⁠26, 27) ക്ഷമയില്ലായ്‌മയ്‌ക്ക്‌ പിന്നീടു നാം ഖേദിക്കാനിടയാക്കുന്ന ബുദ്ധിഹീനമായ സംസാരത്തിലേക്കും പ്രവൃത്തിയിലേക്കും നയിക്കാനാകും.

കോപം ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലേക്കു വിരൽചൂണ്ടിക്കൊണ്ട്‌ ഇസ്രായേൽ രാജാവ്‌ പറയുന്നു: “ശാന്തമനസ്സു ദേഹത്തിന്നു ജീവൻ; അസൂയയോ അസ്‌തികൾക്കു ദ്രവത്വം.” (സദൃശവാക്യങ്ങൾ 14:⁠30) കോപത്തിന്റെയും ക്രോധത്തിന്റെയും ഫലമായുണ്ടാകുന്ന രോഗങ്ങളിൽ ശ്വസനസംബന്ധമായ പ്രശ്‌നങ്ങൾ, ഉയർന്ന രക്തസമ്മർദം, കരളിലുണ്ടാകുന്ന ക്രമക്കേടുകൾ, പാൻക്രിയാസിനുണ്ടാകുന്ന തകരാറുകൾ എന്നിവ ഉൾപ്പെടുന്നു. അൾസർ, ചൊറിഞ്ഞുതടിക്കൽ, ആസ്‌തമ, ത്വക്‌രോഗങ്ങൾ, ദഹനസംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ ഉണ്ടാകാനോ രൂക്ഷമാകാനോ കാരണമായ വികാരങ്ങളുടെ പട്ടികയിൽ ചികിത്സകർ കോപത്തെയും ക്രോധത്തെയും ഉൾപ്പെടുത്തിയിരിക്കുന്നു. നേരെ മറിച്ച്‌, “സമാധാനമുള്ള ഹൃദയം ശരീരത്തിനു ജീവൻ നൽകുന്നു.” (സദൃശവാക്യങ്ങൾ 14:⁠30, വിശുദ്ധ ബൈബിൾ—പുതിയ അന്താരാഷ്‌ട്ര പരിഭാഷ) ആകയാൽ, നാം ജ്ഞാനപൂർവം “സമാധാനത്തിന്നും അന്യോന്യം ആത്മികവർദ്ധനെക്കും ഉള്ള” കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട്‌.​—⁠റോമർ 14:⁠19.

പക്ഷപാതമില്ലാത്തവരായിരിക്കാൻ ദൈവഭയം നമ്മെ സഹായിക്കുന്നു

“എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപ കാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു.” (സദൃശവാക്യങ്ങൾ 14:⁠31) സകല മനുഷ്യരുടെയും സ്രഷ്ടാവ്‌ യഹോവയാം ദൈവംതന്നെയാണെന്ന്‌ ദൈവഭയമുള്ളവർ തിരിച്ചറിയുന്നു. അതുകൊണ്ട്‌ എളിയവനും സഹമനുഷ്യൻതന്നെയാണ്‌, അവനോടു പെരുമാറുന്ന വിധം മനുഷ്യവർഗത്തിന്റെ സ്രഷ്ടാവിനെ ബാധിക്കുന്നു. ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിന്‌ നാം മറ്റുള്ളവരോടു നീതിയോടെ, പക്ഷപാതരഹിതമായി പെരുമാറണം. ദരിദ്രരായ ക്രിസ്‌ത്യാനികൾക്കു പക്ഷപാതംകൂടാതെ ആത്മീയ ശ്രദ്ധ ലഭിക്കണം. നാം ദരിദ്രർക്കും ധനികർക്കും ദൈവരാജ്യസുവാർത്ത ഒരുപോലെ ലഭ്യമാക്കണം.

ദൈവഭയത്തിന്റെ മറ്റൊരു പ്രയോജനത്തെക്കുറിച്ച്‌ ജ്ഞാനിയായ രാജാവ്‌ പറയുന്നു: “ദുഷ്ടന്നു തന്റെ ദുഷ്ടതയാൽ വീഴ്‌ച വരുന്നു; നീതിമാന്നോ മരണത്തിലും പ്രത്യാശയുണ്ട്‌ [“നീതിമാൻ തന്റെ നിർമലതയിൽ അഭയം കണ്ടെത്തുന്നു,” NW].” (സദൃശവാക്യങ്ങൾ 14:⁠32) ദുഷ്ടന്‌ എങ്ങനെയാണു വീഴ്‌ചവരുന്നത്‌? ഒരു അനർഥം സംഭവിക്കുമ്പോൾ ദുഷ്ടന്‌ അതിൽനിന്നു കരകയറാൻ കഴിയുകയില്ല എന്നാണ്‌ ഇത്‌ അർഥമാക്കുന്നതെന്നു ചില ബൈബിൾ പണ്ഡിതന്മാർ പറയുന്നു. നേരെ മറിച്ച്‌, പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ദൈവഭയമുള്ള മനുഷ്യൻ ദൈവത്തോടുള്ള തന്റെ നിർമലതയിൽ അഭയം കണ്ടെത്തുന്നു. മരണപര്യന്തം യഹോവയിൽ പൂർണമായി ആശ്രയിച്ചുകൊണ്ട്‌ അവൻ ഇയ്യോബിന്റേതിനു സമാനമായ നിശ്ചയദാർഢ്യം കാണിക്കുന്നു. ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കയില്ല; മരിക്കുവോളം എന്റെ നിഷ്‌കളങ്കത്വം [അഥവാ നിർമലത] ഉപേക്ഷിക്കയുമില്ല.”​—⁠ഇയ്യോബ്‌ 27:⁠5.

നിർമലത നിലനിറുത്തുന്നതിനു ദൈവഭയവും ജ്ഞാനവും ആവശ്യമാണ്‌. ജ്ഞാനം എവിടെ കണ്ടെത്താൻ കഴിയും? സദൃശവാക്യങ്ങൾ 14:⁠33 ഉത്തരം നൽകുന്നു: “വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു; മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളതോ വെളിപ്പെട്ടുവരുന്നു.” അതേ, ഗ്രാഹ്യമുള്ള ഒരുവന്റെ ഹൃദയത്തിൽ ജ്ഞാനം കണ്ടെത്താൻ കഴിയും. എന്നാൽ മൂഢന്മാരുടെയിടയിൽ ഏതു വിധത്തിലാണ്‌ അതു വെളിപ്പെടുന്നത്‌? ഒരു പരാമർശഗ്രന്ഥം പറയുന്നതനുസരിച്ച്‌, “മൂഢൻ മറ്റുള്ളവരുടെ മുമ്പിൽ ജ്ഞാനിയായി കാണപ്പെടാൻ ആഗ്രഹിക്കുന്നു. തനിക്കു ജ്ഞാനമെന്നു തോന്നുന്നത്‌ അവൻ വിളിച്ചുപറയുന്നു, എന്നാൽ അത്‌ വിഡ്‌ഢിത്തമായിത്തീരുന്നു.”

‘ജനതയെ ഉയർത്തുന്നു’

ദൈവഭയം ഒരു വ്യക്തിയെ എങ്ങനെ സ്വാധീനിക്കും എന്നതിൽനിന്ന്‌ അത്‌ ഒരു ജനതയെ എങ്ങനെ ബാധിക്കും എന്നതിലേക്ക്‌ നമ്മുടെ ശ്രദ്ധ നയിച്ചുകൊണ്ട്‌ ഇസ്രായേൽ രാജാവ്‌ പറയുന്നു: “നീതി ജാതിയെ [“ജനതയെ,” NW] ഉയർത്തുന്നു; പാപമോ വംശങ്ങൾക്കു അപമാനം.” (സദൃശവാക്യങ്ങൾ 14:⁠34) ഈ തത്ത്വം ഇസ്രായേൽ ജനതയുടെ കാര്യത്തിൽ എത്ര വ്യക്തമായാണു പ്രകടമായത്‌! ദൈവത്തിന്റെ ഉന്നത നിലവാരങ്ങളോടു പറ്റിനിന്നത്‌ ചുറ്റുപാടുമുള്ള ജനതകളിൽനിന്ന്‌ അവരെ ഉന്നതരാക്കിനിറുത്തി. എന്നിരുന്നാലും ആവർത്തിച്ചുള്ള അനുസരണക്കേട്‌ അവരെ അപമാനത്തിലേക്കും ഒടുവിൽ യഹോവയാൽ തിരസ്‌കരിക്കപ്പെടുന്നതിലേക്കും നയിച്ചു. ഈ തത്ത്വം ഇന്നത്തെ ദൈവജനത്തിനും ബാധകമാണ്‌. ദൈവത്തിന്റെ തത്ത്വങ്ങളോടു പറ്റിനിൽക്കുന്നതിനാൽ ക്രിസ്‌തീയ സഭ, ഈ ലോകത്തിൽനിന്നു വ്യത്യസ്‌തമാണ്‌. എന്നാൽ ഉന്നതമായ ആ സ്ഥാനം നിലനിറുത്തുന്നതിന്‌ നാം വ്യക്തിപരമായി ശുദ്ധമായ ജീവിതം നയിക്കേണ്ടതുണ്ട്‌. പാപം ചെയ്യുന്നതു നമുക്ക്‌ അപമാനം മാത്രമേ കൈവരുത്തുകയുള്ളൂ, തന്നെയുമല്ല അത്‌ സഭയ്‌ക്കും ദൈവത്തിനും നിന്ദ വരുത്തിവെക്കുകയും ചെയ്യും.

ഒരു രാജാവിനു സന്തോഷം കൈവരുത്തുന്നത്‌ എന്താണെന്നതിനെക്കുറിച്ച്‌ ശലോമോൻ പറയുന്നു: “ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു. നാണംകെട്ടവന്നോ അവന്റെ കോപം നേരിടും.” (സദൃശവാക്യങ്ങൾ 14:⁠35) സദൃശവാക്യങ്ങൾ 16:⁠13 പ്രസ്‌താവിക്കുന്നു: “നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്കു പ്രസാദം; നേർ പറയുന്നവനെ അവർ സ്‌നേഹിക്കുന്നു.” അതേ, നാം നീതിയോടും ഉൾക്കാഴ്‌ചയോടും കൂടെ പ്രവർത്തിക്കുകയും രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയ്‌ക്കായി നമ്മുടെ നാവ്‌ ഉപയോഗിക്കുകയും ചെയ്യുമ്പോൾ നമ്മുടെ നായകനും രാജാവും ആയ യേശുക്രിസ്‌തു വളരെയധികം സന്തുഷ്ടനായിരിക്കും. ആകയാൽ, ദൈവഭയം കൈവരുത്തുന്ന അനുഗ്രഹങ്ങൾ ആസ്വദിച്ചുകൊണ്ട്‌ നമുക്ക്‌ സർവ വിധേനയും ആ വേലയിൽ തിരക്കോടെ ഏർപ്പെടാം.

[അടിക്കുറിപ്പ്‌]

[15-ാം പേജിലെ ചിത്രം]

ദൈവഭയം പഠിച്ചെടുക്കാൻ കഴിയും