വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുക്രിസ്‌തു ആരാണ്‌?

യേശുക്രിസ്‌തു ആരാണ്‌?

യേശുക്രിസ്‌തു ആരാണ്‌?

നസറായനായ യേശുവിന്റെ വാക്കുകൾ ആദ്യമായി കേട്ടപ്പോൾ അന്ത്രയൊസ്‌ എന്ന യഹൂദ ചെറുപ്പക്കാരൻ എത്രമാത്രം ഉത്സാഹഭരിതനായിട്ടുണ്ടാകുമെന്നു ചിന്തിച്ചുനോക്കൂ! അവൻ തന്റെ സഹോദരന്മാരുടെ അടുത്തേക്ക്‌ ഓടിച്ചെന്ന്‌ ഇപ്രകാരം പറഞ്ഞതായി ബൈബിൾ പ്രസ്‌താവിക്കുന്നു: “ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്‌തുവെ കണ്ടെത്തിയിരിക്കുന്നു.” (യോഹന്നാൻ 1:41) “മിശിഹാ,” “ക്രിസ്‌തു” എന്നു സാധാരണ പരിഭാഷപ്പെടുത്താറുള്ള എബ്രായ, ഗ്രീക്ക്‌ പദങ്ങളുടെ അർഥം “അഭിഷിക്തൻ” എന്നാണ്‌. യേശു അഭിഷിക്തൻ അഥവാ ദൈവം തിരഞ്ഞെടുത്തവൻ​—⁠വാഗ്‌ദത്ത പ്രഭു​—ആയിരുന്നു. (യെശയ്യാവു 55:4) തിരുവെഴുത്തുകളിൽ അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ അടങ്ങിയിരുന്നതിനാൽ അക്കാലത്തെ യഹൂദന്മാർ അവനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.​—⁠ലൂക്കൊസ്‌ 3:15.

ദൈവം തിരഞ്ഞെടുത്തവനാണ്‌ യേശുവെന്നു നമുക്ക്‌ എങ്ങനെയാണ്‌ അറിയാനാകുക? പൊതുയുഗം (പൊ.യു.) 29-ൽ, യേശുവിന്‌ 30 വയസ്സുണ്ടായിരുന്നപ്പോൾ സംഭവിച്ചത്‌ എന്താണെന്നു നോക്കുക. യോർദ്ദാൻ നദിയിൽ സ്‌നാപനമേൽക്കുന്നതിനായി അവൻ യോഹന്നാൻ സ്‌നാപകന്റെ അടുത്തേക്കു പോയി. ബൈബിൾ പ്രസ്‌താവിക്കുന്നു: “യേശു സ്‌നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്തായി 3:16, 17) അംഗീകാരത്തിന്റേതായ ആ വാക്കുകൾ കേട്ടപ്പോൾ, യേശു ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവനാണെന്ന കാര്യത്തിൽ യോഹന്നാന്‌ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. തന്റെ വരാനിരുന്ന രാജ്യത്തിന്റെ രാജാവായിരിക്കാനായി യഹോവ പരിശുദ്ധാത്മാവിനെ പകർന്നുകൊണ്ട്‌ യേശുവിനെ അഭിഷേകം ചെയ്‌തു അഥവാ നിയമിച്ചു. അങ്ങനെ യേശു, ക്രിസ്‌തു അഥവാ അഭിഷിക്തൻ ആയിത്തീർന്നു. എന്നാൽ ഏതർഥത്തിലാണ്‌ യേശു ദൈവപുത്രൻ ആയിരുന്നത്‌? അവന്റെ ഉത്ഭവം എവിടെനിന്നായിരുന്നു?

അവന്റെ ‘ഉത്ഭവം പണ്ടേയുള്ളത്‌’

യേശുവിന്റെ ജീവിതത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാം. മനുഷ്യനായി ജനിക്കുന്നതിനു വളരെക്കാലം മുമ്പാണ്‌ ആദ്യഘട്ടം ആരംഭിച്ചത്‌. അവന്റെ ഉത്ഭവം “പണ്ടേയുള്ളതും പുരാതനമായതും” ആയിരുന്നുവെന്നു മീഖാ 5:2 പറയുന്നു. യേശുതന്നെ ഇപ്രകാരം പറഞ്ഞു: “നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽനിന്നുള്ളവൻ.” (യോഹന്നാൻ 8:23) ശക്തനായ ഒരു ആത്മവ്യക്തിയെന്ന നിലയിൽ അവൻ സ്വർഗത്തിൽ ഉണ്ടായിരുന്നു.

സൃഷ്ടിക്കപ്പെട്ട സകലതിനും ഒരു ആരംഭം ഉണ്ടായിരുന്നതിനാൽ, ദൈവം തനിച്ചായിരുന്ന ഒരു സമയം ഉണ്ടായിരുന്നു. എങ്കിലും അസംഖ്യം യുഗങ്ങൾക്കു മുമ്പ്‌ ദൈവം സൃഷ്ടിക്രിയ ആരംഭിച്ചു. ആരെയായിരുന്നു അവൻ ആദ്യമായി സൃഷ്ടിച്ചത്‌? ബൈബിളിന്റെ അവസാനപുസ്‌തകം യേശുവിനെ “ദൈവസൃഷ്ടിയുടെ ആരംഭ”മായി തിരിച്ചറിയിക്കുന്നു. (വെളിപ്പാടു 3:14) യേശു “സർവ്വസൃഷ്ടിക്കും ആദ്യജാതനും” ആണ്‌. എന്തുകൊണ്ട്‌? കാരണം ‘സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും അവൻ മുഖാന്തരമാണ്‌ സൃഷ്ടിക്കപ്പെട്ടത്‌.’ (കൊലൊസ്സ്യർ 1:15, 16) അതേ, യേശുക്രിസ്‌തുവിനെ മാത്രമായിരുന്നു ദൈവം നേരിട്ടു സൃഷ്ടിച്ചത്‌. അതുകൊണ്ടാണ്‌ അവൻ ‘ഏകജാതനായ പുത്രൻ’ എന്നു വിളിക്കപ്പെടുന്നത്‌. (യോഹന്നാൻ 3:16) ഈ ആദ്യജാതൻ “വചനം” എന്നും വിളിക്കപ്പെട്ടിരിക്കുന്നു (യോഹന്നാൻ 1:14) എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ മനുഷ്യനായി ജനിക്കുന്നതിനു മുമ്പ്‌, ദൈവത്തിന്റെ വക്താവെന്ന നിലയിൽ അവൻ സ്വർഗത്തിൽ സേവിച്ചിരുന്നു.

“ആദിയിൽ” “ആകാശവും ഭൂമിയും സൃഷ്ടി”ക്കപ്പെട്ട സമയത്ത്‌ “വചനം” യഹോവയാം ദൈവത്തോടുകൂടെ ആയിരുന്നു. “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യ പ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന്‌ ദൈവം പറഞ്ഞത്‌ അവനോടാണ്‌. (യോഹന്നാൻ 1:1; ഉല്‌പത്തി 1:1, 26) പിതാവിനോടൊപ്പം സജീവമായി പ്രവർത്തിച്ചുകൊണ്ട്‌ യഹോവയുടെ ആദ്യജാതപുത്രൻ അവനോടൊപ്പം ഉണ്ടായിരുന്നു. സദൃശവാക്യങ്ങൾ 8:22-31-ൽ അവൻ ഇങ്ങനെ പറയുന്നതായി പ്രസ്‌താവിക്കുന്നു: “ഞാൻ അവന്റെ [സ്രഷ്ടാവിന്റെ] അടുക്കൽ ശില്‌പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനമ്പ്രതി അവന്റെ പ്രമോദമായിരുന്നു.”

ഒരുമിച്ച്‌ വേല ചെയ്യവേ യഹോവയാം ദൈവവും യേശുക്രിസ്‌തുവും പരസ്‌പരം എത്ര നന്നായി അറിഞ്ഞിരിക്കണം! അസംഖ്യം യുഗങ്ങളായുള്ള ആ ഉറ്റ സഹവാസം ദൈവപുത്രനെ ആഴത്തിൽ സ്വാധീനിച്ചു. അനുസരണമുള്ള ഈ പുത്രൻ പിതാവായ യഹോവയെപ്പോലെതന്നെ ആയിത്തീർന്നു. അതുകൊണ്ടാണ്‌ കൊലൊസ്സ്യർ 1:​15 യേശുവിനെ “അദൃശ്യനായ ദൈവത്തിന്റെ പ്രതിമ” എന്നു വിളിക്കുന്നത്‌. നമ്മുടെ ആത്മീയ ആവശ്യവും ദൈവത്തെ അറിയാനുള്ള സ്വാഭാവിക ആഗ്രഹവും തൃപ്‌തിപ്പെടുത്തുന്നതിന്‌ യേശുവിനെക്കുറിച്ചുള്ള പരിജ്ഞാനം ആവശ്യമായിരിക്കുന്നതിന്റെ ഒരു കാരണം ഇതാണ്‌. ഭൂമിയിലായിരിക്കെ യേശു ചെയ്‌ത സകലതും അവനിൽനിന്നു യഹോവ പ്രതീക്ഷിച്ച കാര്യങ്ങളായിരുന്നു. അതിനാൽ, യേശുവിനെ അറിയുന്നത്‌ യഹോവയെക്കുറിച്ചുള്ള പരിജ്ഞാനം വർധിപ്പിക്കുന്നു. (യോഹന്നാൻ 8:28; 14:8-10) എന്നാൽ യേശു ഭൂമിയിലേക്കു വന്നത്‌ എങ്ങനെയാണ്‌?

ഒരു മനുഷ്യനെന്ന നിലയിലുള്ള അവന്റെ ജീവിതം

ദൈവപുത്രനായ യേശുവിന്റെ ജീവിതത്തിലെ രണ്ടാംഘട്ടം തുടങ്ങിയത്‌ ദൈവം അവനെ ഭൂമിയിലേക്ക്‌ അയച്ചപ്പോഴാണ്‌. യേശുവിന്റെ ജീവനെ സ്വർഗത്തിൽനിന്ന്‌ മറിയ എന്നു പേരുള്ള ഒരു യഹൂദകന്യകയുടെ ഗർഭപാത്രത്തിലേക്ക്‌ അത്ഭുതകരമായി മാറ്റിക്കൊണ്ടാണ്‌ യഹോവ ഇതു ചെയ്‌തത്‌. ഒരു മാനുഷിക പിതാവ്‌ ഇല്ലായിരുന്നതിനാൽ യേശുവിന്‌ അപൂർണത കൈമാറിക്കിട്ടിയില്ല. യഹോവയുടെ പരിശുദ്ധാത്മാവ്‌, അഥവാ പ്രവർത്തനനിരതമായ ശക്തി മറിയയുടെമേൽ വരുകയും അവന്റെ ശക്തി അവളുടെമേൽ ‘നിഴലിടുകയും’ ചെയ്‌തു. അങ്ങനെ അവൾ അത്ഭുതകരമായി ഗർഭംധരിച്ചു. (ലൂക്കൊസ്‌ 1:34, 35) അതിനാൽ മറിയ പൂർണതയുള്ള ഒരു ശിശുവിനാണു ജന്മം നൽകിയത്‌. തച്ചനായ യോസേഫിന്റെ വളർത്തുപുത്രനെന്ന നിലയിൽ അവൻ ഒരു എളിയ ചുറ്റുപാടിൽ വളർന്നുവന്നു. ആ കുടുംബത്തിലെ നിരവധി മക്കളിൽ ആദ്യത്തേതായിരുന്നു അവൻ.​—⁠യെശയ്യാവു 7:14; മത്തായി 1:22, 23; മർക്കൊസ്‌ 6:⁠3.

യേശുവിന്റെ കുട്ടിക്കാലം സംബന്ധിച്ച്‌ അധികമൊന്നും നമുക്കറിയില്ലെങ്കിലും ഒരു സംഭവം ശ്രദ്ധേയമാണ്‌. യേശുവിന്‌ 12 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ അവനെ വാർഷിക പെസഹാ ആചരണത്തിനായി യെരൂശലേമിലേക്കു കൊണ്ടുപോയി. ആലയത്തിൽ ആയിരിക്കെ അവൻ ‘ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരുന്ന്‌ അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും’ ചെയ്‌തുകൊണ്ടു സമയം ചെലവിട്ടു. മാത്രമല്ല, “അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്‌മയം” തോന്നുകയും ചെയ്‌തു. ചിന്തോദ്ദീപകവും ആത്മീയവുമായ ചോദ്യങ്ങൾ ഉന്നയിക്കാൻ മാത്രമല്ല മറ്റുള്ളവരിൽ വിസ്‌മയം ഉളവാക്കത്തക്കവിധം അവയ്‌ക്ക്‌ ഉത്തരങ്ങൾ നൽകാനും ബാലനായിരുന്ന യേശുവിനു കഴിഞ്ഞു. (ലൂക്കൊസ്‌ 2:41-50) നസറെത്ത്‌ എന്ന പട്ടണത്തിൽ വളർന്നുവരവേ തന്റെ വളർത്തുപിതാവായ യോസേഫിൽനിന്ന്‌ അവൻ മരപ്പണി അഭ്യസിച്ചു.​—⁠മത്തായി 13:55.

30 വയസ്സാകുന്നതുവരെ യേശു നസറെത്തിൽ പാർത്തു. തുടർന്ന്‌ അവൻ സ്‌നാപനമേൽക്കാനായി യോഹന്നാന്റെ അടുക്കലേക്കു പോയി. സ്‌നാപനത്തെ തുടർന്ന്‌ യേശു സജീവമായ തന്റെ ശുശ്രൂഷയ്‌ക്കു തുടക്കംകുറിച്ചു. ദൈവരാജ്യ സുവാർത്ത ഘോഷിച്ചുകൊണ്ട്‌ അവൻ മൂന്നര വർഷം മാതൃദേശത്തുടനീളം സഞ്ചരിച്ചു. തന്നെ അയച്ചിരിക്കുന്നത്‌ ദൈവമാണ്‌ എന്നതിന്‌ അവൻ തെളിവു നൽകി. എങ്ങനെ? നിരവധി അത്ഭുതങ്ങൾ, മനുഷ്യരാൽ കഴിയാത്ത വീര്യപ്രവൃത്തികൾ, ചെയ്‌തുകൊണ്ട്‌.​—⁠മത്തായി 4:17; ലൂക്കൊസ്‌ 19:37, 38.

ആർദ്രതയും ആഴമായ വികാരങ്ങളും ഉള്ള ഒരു മനുഷ്യനായിരുന്നു യേശു. മറ്റുള്ളവരെ വീക്ഷിക്കുകയും അവരോട്‌ ഇടപെടുകയും ചെയ്‌ത വിധത്തിൽ അവന്റെ ആർദ്രത പ്രത്യേകിച്ചും വ്യക്തമായിരുന്നു. സമീപിക്കാൻ കൊള്ളാവുന്നവനും ദയാലുവും ആയതിനാൽ ആളുകൾ അവനിലേക്ക്‌ ആകർഷിക്കപ്പെട്ടു. കുട്ടികൾക്കുപോലും അവന്റെയടുത്ത്‌ സ്വതന്ത്രമായി ഇടപെടാമായിരുന്നു. (മർക്കൊസ്‌ 10:13-16) പലരും സ്‌ത്രീകളെ അവജ്ഞയോടെ വീക്ഷിച്ചിരുന്ന ആ കാലത്ത്‌, യേശു അവരോട്‌ ആദരവോടെയാണ്‌ ഇടപെട്ടിരുന്നത്‌. (യോഹന്നാൻ 4:9, 27) ‘ആശ്വാസം’ കണ്ടെത്താൻ ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും അവൻ സഹായിച്ചു. (മത്തായി 11:28-30) അവന്റെ പഠിപ്പിക്കൽ രീതി വ്യക്തവും ലളിതവും പ്രായോഗികവും ആയിരുന്നു. അവൻ പഠിപ്പിച്ച കാര്യങ്ങൾ, തന്റെ ശ്രോതാക്കളെ സത്യദൈവമായ യഹോവയിലേക്ക്‌ അടുപ്പിക്കാനുള്ള അവന്റെ ആത്മാർഥമായ ആഗ്രഹത്തെ പ്രതിഫലിപ്പിച്ചു.​—⁠യോഹന്നാൻ 17:6-8.

ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തി ഉപയോഗിച്ചുകൊണ്ട്‌ യേശു അനുകമ്പാപൂർവം രോഗികളെയും മറ്റു കഷ്ടതകൾ അനുഭവിച്ചിരുന്നവരെയും അത്ഭുതകരമായി സൗഖ്യമാക്കി. (മത്തായി 15:30, 31) ഉദാഹരണത്തിന്‌, ഒരു കുഷ്‌ഠരോഗി അവന്റെ അടുത്തുവന്നു പറഞ്ഞു: “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും.” യേശു എന്താണു ചെയ്‌തത്‌? “എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക” എന്നു പറഞ്ഞുകൊണ്ട്‌ കൈനീട്ടി അവനെ തൊട്ടു. ആ രോഗി സൗഖ്യം പ്രാപിച്ചു!​—⁠മത്തായി 8:2-4.

യേശുവിന്റെ അടുക്കൽ വന്ന ഒരു ജനക്കൂട്ടം ഒന്നും ഭക്ഷിക്കാനില്ലാതെ മൂന്നു ദിവസം അവനോടൊപ്പം തങ്ങിയ ഒരു സന്ദർഭത്തെക്കുറിച്ചും ചിന്തിക്കുക. ജനക്കൂട്ടത്തോട്‌ അനുകമ്പ തോന്നിയ അവൻ ‘സ്‌ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാരെ’ അത്ഭുതകരമായി പോഷിപ്പിച്ചു. (മത്തായി 15:32-38) മറ്റൊരു സന്ദർഭത്തിൽ, തന്റെ സുഹൃത്തുക്കളുടെ ജീവനു ഭീഷണി ഉയർത്തിയ ഒരു കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കി. (മർക്കൊസ്‌ 4:37-39) അവൻ മരിച്ചവരെ പുനരുത്ഥാനപ്പെടുത്തി അഥവാ തിരികെ ജീവനിലേക്കു കൊണ്ടുവന്നു. * (ലൂക്കൊസ്‌ 7:22; യോഹന്നാൻ 11:43, 44) അപൂർണരായ മനുഷ്യർക്ക്‌ ഭാവിപ്രത്യാശ ഉണ്ടാകേണ്ടതിന്‌ യേശു തന്റെ പൂർണതയുള്ള മനുഷ്യ ജീവൻ മനസ്സോടെ നൽകുകപോലും ചെയ്‌തു. ആളുകളോട്‌ യേശുവിനുണ്ടായിരുന്ന സ്‌നേഹം എത്ര അഗാധമായിരുന്നു!

യേശു ഇപ്പോൾ എവിടെയാണ്‌?

യേശു 33 1/2 വയസ്സുള്ളപ്പോൾ ഒരു ദണ്ഡനസ്‌തംഭത്തിൽ മരിച്ചു. * എന്നാൽ ആ മരണം അവന്റെ ജീവിതത്തിന്റെ അവസാനം ആയിരുന്നില്ല. ഏതാണ്ട്‌ മൂന്നു ദിവസത്തിനു ശേഷം തന്റെ പുത്രനെ യഹോവ മരണത്തിൽനിന്ന്‌ ഒരു ആത്മവ്യക്തിയായി ഉയിർപ്പിച്ചപ്പോൾ യേശുവിന്റെ ജീവിതത്തിലെ മൂന്നാം ഘട്ടം ആരംഭിച്ചു. പുനരുത്ഥാനത്തെ തുടർന്ന്‌ യേശു പൊ.യു. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നൂറുകണക്കിന്‌ ആളുകൾക്കു പ്രത്യക്ഷപ്പെട്ടു. (1 കൊരിന്ത്യർ 15:3-8) അതിനുശേഷം അവൻ ‘ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുകയും’ രാജകീയ അധികാരം ലഭിക്കാനായി കാത്തിരിക്കുകയും ചെയ്‌തു. (എബ്രായർ 10:12, 13) യഹോവ നിശ്ചയിച്ച സമയം വന്നെത്തിയപ്പോൾ യേശു രാജാവെന്ന നിലയിൽ ഭരിച്ചുതുടങ്ങി. അതിനാൽ യേശുവിനെ നാം ഇപ്പോൾ എങ്ങനെയാണ്‌ കാണേണ്ടത്‌? മരണവേദന അനുഭവിക്കുന്ന ഒരുവനായിട്ടോ അതോ ആരാധിക്കപ്പെടേണ്ട ഒരുവനായിട്ടോ? യേശു ഇപ്പോൾ ഒരു മനുഷ്യനല്ല, അവൻ സർവശക്തനായ ദൈവവും അല്ല. അവൻ ഇപ്പോൾ ശക്തനായ ഒരു ആത്മജീവി, ഭരിക്കുന്ന രാജാവ്‌ ആണ്‌. ഈ പ്രക്ഷുബ്ധ ഭൂമിയുടെമേൽ അവൻ വളരെപ്പെട്ടെന്നുതന്നെ തന്റെ അധികാരം പ്രയോഗിക്കും.

നീതിയോടെ ന്യായംവിധിക്കാനും യുദ്ധംചെയ്യാനും ആയി വെള്ളക്കുതിരപ്പുറത്തു വരുന്ന ഒരു രാജാവായി വെളിപ്പാടു 19:11-16 യേശുക്രിസ്‌തുവിനെ പ്രതീകാത്മക ഭാഷയിൽ വർണിക്കുന്നു. ‘ജാതികളെ വെട്ടുവാൻ അവന്റെ വായിൽ മൂർച്ചയുള്ള വാൾ’ ഉണ്ട്‌. അതേ, ദുഷ്ടന്മാരെ നശിപ്പിക്കാനായി യേശു തനിക്കുള്ള മഹാശക്തി ഉപയോഗിക്കും. എന്നാൽ അവൻ ഭൂമിയിലായിരിക്കെ വെച്ച മാതൃക പിൻപറ്റാൻ ശ്രമിക്കുന്നവരുടെ കാര്യമോ? (1 പത്രൊസ്‌ 2:21) അർമഗെദോൻ എന്നു സാധാരണമായി വിളിക്കപ്പെടുന്ന “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തിന്റെ സമയത്ത്‌ യേശുവും അവന്റെ പിതാവും അവരെ സംരക്ഷിക്കും. അങ്ങനെ അവർ ദൈവത്തിന്റെ സ്വർഗീയ ഗവൺമെന്റിന്റെ ഭൗമിക പ്രജകളെന്ന നിലയിൽ എന്നേക്കും ജീവിക്കും.​—⁠വെളിപ്പാടു 7:9, 14; 16:14, 16; 21:​3-5.

സമാധാനപൂർണമായ തന്റെ ഭരണകാലത്ത്‌ സകല മനുഷ്യവർഗത്തിനുമായി യേശു എന്ത്‌ അത്ഭുതങ്ങളായിരിക്കും ചെയ്യുക? (യെശയ്യാവു 9:6, 7; 11:1-10) അവൻ രോഗങ്ങൾ സൗഖ്യമാക്കുകയും മരണത്തെ നീക്കിക്കളയുകയും ചെയ്യും. ദൈവം യേശുക്രിസ്‌തുവിനെ ഉപയോഗിച്ചുകൊണ്ട്‌ മരിച്ചുപോയ ശതകോടികളെ ജീവനിലേക്കു തിരികെവരുത്തും. അങ്ങനെ അവർക്ക്‌ എക്കാലവും ഭൂമിയിൽ ജീവിക്കാനുള്ള അവസരം നൽകപ്പെടും. (യോഹന്നാൻ 5:28, 29) രാജ്യഭരണത്തിൻ കീഴിൽ നമ്മുടെ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്നു നമുക്കു വിഭാവനം ചെയ്യാൻപോലും കഴിയില്ല. അതുകൊണ്ട്‌, നാം ബൈബിൾപരിജ്ഞാനം നേടുകയും യേശുക്രിസ്‌തുവിനെ മെച്ചമായി അറിയുകയും ചെയ്യേണ്ടതു പ്രധാനമാണ്‌!

[അടിക്കുറിപ്പുകൾ]

^ ഖ. 15 യേശുവിന്റെ അത്ഭുതങ്ങൾ പരക്കെ അറിയപ്പെട്ടിരുന്നു. ശത്രുക്കൾപോലും അവൻ ‘വളരെ അടയാളങ്ങൾ ചെയ്യുന്നുണ്ടെന്ന്‌’ അംഗീകരിക്കുകയുണ്ടായി.​—⁠യോഹന്നാൻ 11:47, 48.

^ ഖ. 17 യേശു മരിച്ചത്‌ സ്‌തംഭത്തിലാണോ അതോ കുരിശിലാണോ എന്നതു സംബന്ധിച്ച ഒരു വിശദീകരണത്തിന്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകളിൽ നിന്ന്‌ ന്യായവാദം ചെയ്യൽ എന്ന പുസ്‌തകത്തിന്റെ 89-90 പേജുകൾ കാണുക.

[7-ാം പേജിലെ ചതുരം]

യേശു സർവശക്തനായ ദൈവമാണോ?

യേശു സർവശക്തനായ ദൈവമാണ്‌ എന്നാണ്‌ മതഭക്തരായ പലരുടെയും അഭിപ്രായം. ദൈവം ഒരു ത്രിത്വമാണെന്നു വേറെ ചിലർ അവകാശപ്പെടുന്നു. ഈ ഉപദേശമനുസരിച്ച്‌, “പിതാവ്‌ ദൈവമാണ്‌, പുത്രൻ ദൈവമാണ്‌, പരിശുദ്ധാത്മാവ്‌ ദൈവമാണ്‌. എങ്കിലും മൂന്നു ദൈവങ്ങളില്ല, ഒരു ദൈവമേയുള്ളൂ.” ഈ മൂവരും “ഒരുപോലെ നിത്യന്മാരും തുല്യന്മാരും ആണ്‌” എന്ന്‌ വിശ്വസിക്കപ്പെടുന്നു. (ദ കാത്തലിക്‌ എൻസൈക്ലോപീഡിയ) ഇങ്ങനെയുള്ള വിശ്വാസങ്ങൾ ശരിയാണോ?

യഹോവയാം ദൈവമാണ്‌ സ്രഷ്ടാവ്‌. (വെളിപ്പാടു 4:11, NW) അവന്‌ ആരംഭമോ അവസാനമോ ഇല്ല, അവൻ സർവശക്തനാണ്‌. (സങ്കീർത്തനം 90:2) എന്നാൽ യേശുവിന്‌ ആരംഭമുണ്ടായിരുന്നു. (കൊലൊസ്സ്യർ 1:15, 16) തന്റെ പിതാവെന്നനിലയിൽ ദൈവത്തെ പരാമർശിച്ചുകൊണ്ട്‌ അവൻ ഇപ്രകാരം പറഞ്ഞു: “പിതാവു എന്നെക്കാൾ വലിയവനല്ലോ.” (യോഹന്നാൻ 14:28) തനിക്കോ ദൂതന്മാർക്കോ അറിയാൻപാടില്ലാത്തതും എന്നാൽ പിതാവിനു മാത്രം അറിയാവുന്നതുമായ ചില കാര്യങ്ങൾ ഉണ്ടെന്നും യേശു വിശദീകരിച്ചു.​—⁠മർക്കൊസ്‌ 13:32.

മാത്രമല്ല യേശു പിതാവിനോട്‌ ഇങ്ങനെ പ്രാർഥിച്ചു: “എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നേ ആകട്ടെ.” (ലൂക്കൊസ്‌ 22:42) തന്നെക്കാൾ ഉന്നതനായ ഒരു വ്യക്തിയോടല്ലാതെ മറ്റാരോടെങ്കിലും യേശു അങ്ങനെ പ്രാർഥിക്കുമോ? മരിച്ചവരിൽനിന്നു യേശുവിനെ ഉയർപ്പിച്ചതും ദൈവമാണ്‌. യേശു തനിയെ ഉയർത്തെഴുന്നേൽക്കുകയല്ലായിരുന്നു. (പ്രവൃത്തികൾ 2:32) വ്യക്തമായും, യേശു ഭൂമിയിൽവരുന്നതിനു മുമ്പോ ഭൂമിയിൽ ആയിരുന്നപ്പോഴോ പിതാവും പുത്രനും തുല്യരായിരുന്നില്ല. യേശു സ്വർഗത്തിലേക്കു പുനരുത്ഥാനം ചെയ്‌തതിനു ശേഷമോ? 1 കൊരിന്ത്യർ 11:3 ഇപ്രകാരം പറയുന്നു: “ക്രിസ്‌തുവിന്റെ തല ദൈവം.” പുത്രൻ ദൈവത്തിനു സദാ കീഴ്‌പെട്ടിരിക്കും. (1 കൊരിന്ത്യർ 15:28) അതിനാൽ യേശു സർവശക്തനായ ദൈവമല്ലെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. അവൻ ദൈവത്തിന്റെ പുത്രനാണ്‌.

ത്രിത്വത്തിലെ മൂന്നാമനെന്നു പറയപ്പെടുന്നയാൾ, അതായത്‌ പരിശുദ്ധാത്മാവ്‌, ഒരു വ്യക്തിയല്ല. ദൈവത്തോടു പ്രാർഥിക്കവേ, സങ്കീർത്തനക്കാരൻ ഇപ്രകാരം പറഞ്ഞു: “നീ നിന്റെ ശ്വാസം [“ആത്മാവ്‌,” NW] അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു.” (സങ്കീർത്തനം 104:30) ഈ ആത്മാവ്‌ ദൈവംതന്നെയല്ല; താൻ ആഗ്രഹിക്കുന്നതെന്തും നിറവേറ്റാനായി ദൈവം അയയ്‌ക്കുന്ന അല്ലെങ്കിൽ ഉപയോഗിക്കുന്ന പ്രവർത്തനനിരതമായ ശക്തിയാണ്‌. അതുപയോഗിച്ചാണ്‌ ദൈവം ആകാശത്തെയും ഭൂമിയെയും സകല ജീവജാലങ്ങളെയും സൃഷ്ടിച്ചത്‌. (ഉല്‌പത്തി 1:2; സങ്കീർത്തനം 33:​6, NW) ബൈബിളെഴുത്തുകാരെ നിശ്വസ്‌തരാക്കാൻ ദൈവം തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചു. (2 പത്രൊസ്‌ 1:20, 21) അതുകൊണ്ട്‌ ത്രിത്വം എന്നത്‌ ഒരു ബൈബിളുപദേശമല്ല. * “യഹോവ ഏകൻ തന്നേ” എന്നു ബൈബിൾ പറയുന്നു.​—⁠ആവർത്തനപുസ്‌തകം 6:⁠4.

[അടിക്കുറിപ്പ്‌]

^ ഖ. 28 കൂടുതൽ വിവരങ്ങൾക്ക്‌, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രിക കാണുക.

[5-ാം പേജിലെ ചിത്രം]

സ്‌നാപനമേറ്റ സമയത്ത്‌ യേശു ദൈവത്തിന്റെ അഭിഷിക്തൻ ആയിത്തീർന്നു

[7-ാം പേജിലെ ചിത്രം]

ദൈവനിയുക്ത വേലയ്‌ക്കായി യേശു തന്റെ ഊർജം വിനിയോഗിച്ചു

[7-ാം പേജിലെ ചിത്രം]

യേശു ഇപ്പോൾ ശക്തനായ ഒരു രാജാവാണ്‌