വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു നടന്നതുപോലെ നടക്കുന്നതിൽ തുടരുക

യേശു നടന്നതുപോലെ നടക്കുന്നതിൽ തുടരുക

യേശു നടന്നതുപോലെ നടക്കുന്നതിൽ തുടരുക

“അവനിൽ [ദൈവത്തിൽ] വസിക്കുന്നു എന്നു പറയുന്നവൻ അവൻ [യേശു] നടന്നതുപോലെ നടക്കേണ്ടതാകുന്നു.”​—⁠1 യോഹന്നാൻ 2:⁠6.

1, 2. യേശുവിനെ ഉറ്റുനോക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

“നമുക്കു മുമ്പാകെ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. (എബ്രായർ 12:⁠1, 2) വിശ്വസ്‌തതയുടെ ഗതി പിൻപറ്റുന്നതിന്‌ യേശുവിനെ ഉറ്റുനോക്കേണ്ടത്‌ ആവശ്യമാണ്‌.

2 “നോക്കുക” എന്നതിനു ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്ന മൂലഭാഷാപദം, “പതർച്ച കൂടാതെ ശ്രദ്ധ തിരിക്കുക,” “മറ്റൊന്നിനെ നോക്കാനായി ഒന്നിൽനിന്നു ദൃഷ്ടി മാറ്റുക,” “ഉറ്റുനോക്കുക” എന്നൊക്കെയാണ്‌ അർഥമാക്കുന്നത്‌. ഒരു പരാമർശഗ്രന്ഥം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ഒരു ഗ്രീക്ക്‌ ഓട്ടക്കാരൻ, ഓട്ടക്കളത്തിൽനിന്നും തന്റെ ലക്ഷ്യത്തിൽനിന്നും ശ്രദ്ധതിരിച്ച്‌ കാഴ്‌ചക്കാരെ ശ്രദ്ധിക്കുന്ന മാത്രയിൽ അയാളുടെ ഓട്ടത്തിന്റെ വേഗം കുറയുന്നു. ഒരു ക്രിസ്‌ത്യാനിയെ സംബന്ധിച്ചും അതു സത്യമാണ്‌.” ശ്രദ്ധാശൈഥില്യം നമ്മുടെ ആത്മീയ പുരോഗതിയെ തടസ്സപ്പെടുത്തും. നാം യേശുവിനെ ഉറ്റുനോക്കണം. നായകനായ യേശുവിൽ നാം എന്താണു നോക്കുന്നത്‌? ‘നായകൻ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അർഥം “മുഖ്യ നേതാവ്‌, ഏതെങ്കിലും ഒരു കാര്യത്തിൽ നേതൃത്വമെടുക്കുകയും അങ്ങനെ മാതൃകവെക്കുകയും ചെയ്യുന്നവൻ” എന്നൊക്കെയാണ്‌. യേശുവിനെ ഉറ്റുനോക്കുന്നതിൽ അവന്റെ മാതൃക പിൻപറ്റുന്നത്‌ ഉൾപ്പെടുന്നു.

3, 4. (എ) യേശു നടന്നതുപോലെ നടക്കുന്നതിനു നമ്മുടെ ഭാഗത്ത്‌ എന്ത്‌ ആവശ്യമാണ്‌? (ബി) ഏതു ചോദ്യങ്ങൾ നമ്മുടെ ശ്രദ്ധയർഹിക്കുന്നു?

3 ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: ദൈവത്തിൽ “വസിക്കുന്നു എന്നു പറയുന്നവൻ അവൻ [യേശു] നടന്നതുപോലെ നടക്കേണ്ടതാകുന്നു.” (1 യോഹന്നാൻ 2:⁠6) യേശു പിതാവിന്റെ കൽപ്പനകൾ അനുസരിച്ചു നടന്നതുപോലെ, നാം യേശുവിന്റെ കൽപ്പനകൾ അനുസരിച്ചുകൊണ്ട്‌ ദൈവത്തിൽ വസിക്കണം.​—⁠യോഹന്നാൻ 15:⁠10.

4 അതുകൊണ്ട്‌ യേശു നടന്നതുപോലെ നടക്കുന്നതിന്‌ നായകനെന്ന നിലയിൽ അവനെ അടുത്തു നിരീക്ഷിക്കുകയും അവന്റെ ചുവടുകൾ അടുത്തു പിൻപറ്റുകയും ചെയ്യേണ്ടത്‌ ആവശ്യമാണ്‌. ഇതു സംബന്ധിച്ചു പരിചിന്തിക്കേണ്ട പ്രധാനപ്പെട്ട ചോദ്യങ്ങൾ ഇവയാണ്‌: ഇന്ന്‌ യേശു എങ്ങനെയാണ്‌ നമ്മെ നയിക്കുന്നത്‌? അവൻ നടന്ന വിധം അനുകരിക്കുന്നത്‌ നമ്മെ എങ്ങനെ ബാധിക്കണം? യേശു വെച്ച മാതൃകയോടു പറ്റിനിൽക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?

യേശു തന്റെ അനുഗാമികളെ നയിക്കുന്ന വിധം

5. സ്വർഗാരോഹണത്തിനുമുമ്പ്‌ യേശു തന്റെ അനുഗാമികൾക്ക്‌ എന്തു വാഗ്‌ദാനമാണു നൽകിയത്‌?

5 പുനരുത്ഥാനം ചെയ്‌ത യേശു സ്വർഗാരോഹണത്തിനുമുമ്പ്‌ ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുകയും അവർക്ക്‌ പ്രധാനപ്പെട്ട ഒരു വേല നിയമിച്ചുകൊടുക്കുകയും ചെയ്‌തു. അവൻ ഇങ്ങനെ പറഞ്ഞു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” അവർ തങ്ങളുടെ നിയമനം നിർവഹിക്കവേ താൻ അവരോടുകൂടെ ഉണ്ടായിരിക്കുമെന്ന്‌ നായകനായ ക്രിസ്‌തു വാഗ്‌ദാനം ചെയ്‌തു. അവൻ ഇങ്ങനെ പറഞ്ഞു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്‌.” (മത്തായി 28:⁠19, 20) ലോകാവസാനം അഥവാ വ്യവസ്ഥിതിയുടെ സമാപനം ആസന്നമായിരിക്കുന്ന ഈ കാലത്ത്‌ യേശുക്രിസ്‌തു എങ്ങനെയാണ്‌ തന്റെ അനുഗാമികളോടുകൂടെ ആയിരിക്കുന്നത്‌?

6, 7. പരിശുദ്ധാത്മാവിനെ ഉപയോഗിച്ചുകൊണ്ട്‌ യേശു നമ്മെ നയിക്കുന്നത്‌ എങ്ങനെ?

6 “പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും” എന്ന്‌ യേശു പറഞ്ഞു. (യോഹന്നാൻ 14:⁠26) യേശുവിന്റെ നാമത്തിൽ അയയ്‌ക്കപ്പെടുന്ന പരിശുദ്ധാത്മാവ്‌ ഇന്നു നമ്മെ നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതു നമുക്ക്‌ ആത്മീയ ഉൾക്കാഴ്‌ച പകരുകയും ദൈവത്തെക്കുറിച്ചുള്ള ആഴമായ കാര്യങ്ങൾപോലും മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 2:⁠10) മാത്രമല്ല “ആത്മാവിന്റെ ഫല”മാണ്‌ “സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൌമ്യത, ഇന്ദ്രിയജയം” എന്നീ ദൈവിക ഗുണങ്ങൾ. (ഗലാത്യർ 5:⁠22, 23) പരിശുദ്ധാത്മാവിന്റെ സഹായത്താൽ നമുക്ക്‌ ഈ ഗുണങ്ങൾ നട്ടുവളർത്താൻ കഴിയും.

7 നാം തിരുവെഴുത്തുകൾ പഠിക്കുകയും പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ ബാധകമാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ജ്ഞാനം, വിവേകം, ഗ്രാഹ്യം, പരിജ്ഞാനം, ന്യായബോധം, വകതിരിവ്‌ എന്നീ ഗുണങ്ങളിൽ വളർന്നുവരാൻ യഹോവയുടെ ആത്മാവ്‌ നമ്മെ സഹായിക്കും. (സദൃശവാക്യങ്ങൾ 2:⁠1-11) മാത്രമല്ല, പ്രലോഭനങ്ങളെ ചെറുക്കാനും പരിശോധനകളിൻകീഴിൽ സഹിച്ചുനിൽക്കാനും പരിശുദ്ധാത്മാവ്‌ സഹായിക്കുന്നു. (1 കൊരിന്ത്യർ 10:⁠13; 2 കൊരിന്ത്യർ 4:⁠7; ഫിലിപ്പിയർ 4:⁠13) “ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി തങ്ങളെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചു”കൊൾവാൻ ക്രിസ്‌ത്യാനികൾ ഉദ്‌ബോധിപ്പിക്കപ്പെട്ടിരിക്കുന്നു. (2 കൊരിന്ത്യർ 7:⁠1) വിശുദ്ധി സംബന്ധിച്ച്‌ ദൈവം നിഷ്‌കർഷിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ദൈവാത്മാവിന്റെ സഹായമില്ലാതെ നമുക്കു കഴിയുമോ? ഇന്നു നമ്മെ നയിക്കാൻ യേശു ഉപയോഗിക്കുന്ന ഉപാധികളിലൊന്ന്‌ പരിശുദ്ധാത്മാവാണ്‌. ആ ശക്തി ഉപയോഗിക്കാൻ യഹോവയാം ദൈവം തന്റെ പുത്രനെ അധികാരപ്പെടുത്തിയിരിക്കുന്നു.​—⁠മത്തായി 28:⁠18.

8, 9. സഭയെ നയിക്കാൻ ക്രിസ്‌തു “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെ ഉപയോഗിക്കുന്നത്‌ എങ്ങനെ?

8 ഇന്ന്‌ സഭയെ നയിക്കാൻ യേശു ഉപയോഗിക്കുന്ന മറ്റൊരു സരണിയെക്കുറിച്ചു ചിന്തിക്കുക. തന്റെ സാന്നിധ്യത്തെയും വ്യവസ്ഥിതിയുടെ സമാപനത്തെയും പരാമർശിച്ചുകൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “യജമാനൻ തന്റെ വീട്ടുകാർക്കു തൽസമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്‌തനും ബുദ്ധിമാനും ആയ ദാസൻ [“വിശ്വസ്‌തനും വിവേകിയുമായ അടിമ,” NW] ആർ? യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്‌തു കാണുന്ന ദാസൻ ഭാഗ്യവാൻ. അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”​—⁠മത്തായി 24:⁠3, 45-47.

9 യജമാനൻ യേശുക്രിസ്‌തുവാണ്‌, “അടിമ” ഭൂമിയിലുള്ള അഭിഷിക്ത ക്രിസ്‌ത്യാനികളുടെ കൂട്ടവും. ഭൂമിയോടുള്ള ബന്ധത്തിൽ യേശു നിറവേറ്റാൻ താത്‌പര്യപ്പെടുന്ന കാര്യങ്ങൾക്കു ശ്രദ്ധകൊടുക്കാനും സമയോചിതമായി ആത്മീയ ആഹാരം പ്രദാനം ചെയ്യാനും ഉള്ള ചുമതല അടിമവർഗത്തെ ഭരമേൽപ്പിച്ചിരിക്കുന്നു. “വിശ്വസ്‌തനും വിവേകിയുമായ അടിമ”യുടെ ഭാഗമായ, ഒരു ചെറിയ കൂട്ടം യോഗ്യരായ മേൽവിചാരകന്മാർ, അടിമവർഗത്തിന്റെ പ്രതിനിധികളെന്ന നിലയിൽ ഭരണസംഘമായി സേവിക്കുന്നു. അവർ ലോകവ്യാപക രാജ്യപ്രസംഗവേലയ്‌ക്കും തക്കസമയത്ത്‌ ആത്മീയ ആഹാരം വിതരണംചെയ്യുന്നതിനും മേൽനോട്ടം വഹിക്കുന്നു. അങ്ങനെ “വിശ്വസ്‌തനും വിവേകിയുമായ” ആത്മാഭിഷിക്ത “അടിമ”യിലൂടെയും അതിന്റെ ഭരണസംഘത്തിലൂടെയും ക്രിസ്‌തു സഭയെ നയിക്കുന്നു.

10. മൂപ്പന്മാരോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം, എന്തുകൊണ്ട്‌?

10 ക്രിസ്‌തുവിന്റെ നേതൃത്വം പ്രകടമാകുന്ന മറ്റൊരു വിധമാണ്‌ മനുഷ്യരാം ദാനങ്ങൾ അഥവാ ക്രിസ്‌തീയ മൂപ്പന്മാർ. “വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്‌തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും” വേണ്ടിയാണ്‌ അവരെ നൽകിയിരിക്കുന്നത്‌. (എഫെസ്യർ 4:⁠8, 13) അവരെക്കുറിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം [“ജീവിതചര്യയുടെ ഫലം,” പി.ഒ.സി. ബൈബിൾ] ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ” (എബ്രായർ 13:7) മൂപ്പന്മാർ സഭയിൽ നേതൃത്വമെടുക്കുന്നു. അവർ ക്രിസ്‌തുയേശുവിനെ അനുകരിക്കുന്നതിനാൽ അവരുടെ വിശ്വാസം അനുകരണയോഗ്യമായിത്തീരുന്നു. (1 കൊരിന്ത്യർ 11:⁠1) ഈ മനുഷ്യരാം ദാനങ്ങളെ അനുസരിക്കുകയും അവർക്കു കീഴ്‌പെട്ടിരിക്കുകയും ചെയ്‌തുകൊണ്ട്‌ മേൽവിചാരണയ്‌ക്കുള്ള ഈ ക്രമീകരണത്തെപ്രതി നമുക്കു നന്ദി പ്രകടമാക്കാൻ കഴിയും.​—⁠എബ്രായർ 13:⁠17.

11. ഏത്‌ ഉപാധികളിലൂടെയാണ്‌ ഇന്ന്‌ ക്രിസ്‌തു തന്റെ അനുഗാമികളെ നയിക്കുന്നത്‌, അവൻ നടന്നതുപോലെ നടക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

11 അതേ, പരിശുദ്ധാത്മാവിലൂടെയും “വിശ്വസ്‌തനും വിവേകിയുമായ അടിമ”യിലൂടെയും സഭാമൂപ്പന്മാരിലൂടെയും യേശുക്രിസ്‌തു ഇന്ന്‌ തന്റെ അനുഗാമികളെ നയിക്കുന്നു. ക്രിസ്‌തു നടന്നതുപോലെ നടക്കുന്നതിന്‌ അവൻ നമ്മെ വഴിനയിക്കുന്ന വിധം മനസ്സിലാക്കി നാം അതിനു കീഴ്‌പെട്ടിരിക്കേണ്ടതുണ്ട്‌. കൂടാതെ, അവൻ നടക്കുന്ന രീതി നാം അനുകരിക്കുകയും ചെയ്യേണ്ടതുണ്ട്‌. അപ്പൊസ്‌തലനായ പത്രൊസ്‌ ഇങ്ങനെ എഴുതി: “അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്‌തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.” (1 പത്രൊസ്‌ 2:⁠21) യേശുവിന്റെ പൂർണതയുള്ള മാതൃക പിൻപറ്റുന്നതു നമ്മെ ഏതു വിധത്തിൽ സ്വാധീനിക്കണം?

അധികാരം പ്രയോഗിക്കുമ്പോൾ ന്യായയുക്തത പ്രകടമാക്കുക

12. ക്രിസ്‌തുവിന്റെ മാതൃകയുടെ ഏതു വശം സഭാമൂപ്പന്മാർക്കു വിശേഷാൽ താത്‌പര്യജനകമാണ്‌?

12 യേശുവിനു പിതാവിൽനിന്ന്‌ അതുല്യമായ അധികാരം ലഭിച്ചിട്ടുണ്ടെങ്കിലും, അത്‌ ഉപയോഗിക്കുന്ന കാര്യത്തിൽ അവൻ ന്യായയുക്തത പ്രകടമാക്കി. സഭയിലുള്ള എല്ലാവരും, പ്രത്യേകിച്ച്‌ മേൽവിചാരകന്മാർ, തങ്ങളുടെ “ന്യായയുക്തത എല്ലാവരും അറിയാൻ ഇടയാക്കണം.” (ഫിലിപ്പിയർ 4:⁠5, NW; 1 തിമൊഥെയൊസ്‌ 3:⁠2, 3) മൂപ്പന്മാർക്ക്‌ സഭയിൽ ഒരളവോളം അധികാരം ഉള്ളതിനാൽ അത്‌ ഉപയോഗിക്കുന്ന കാര്യത്തിൽ അവർ ക്രിസ്‌തുവിന്റെ ചുവടുകൾ പിൻപറ്റേണ്ടത്‌ അനിവാര്യമാണ്‌.

13, 14. ദൈവത്തെ സേവിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കവേ, മൂപ്പന്മാർക്ക്‌ എങ്ങനെ ക്രിസ്‌തുവിനെ അനുകരിക്കാൻ സാധിക്കും?

13 യേശു ശിഷ്യന്മാരുടെ പരിമിതികൾ കണക്കിലെടുത്തു. ചെയ്യാൻ അവർക്കു കഴിയുമായിരുന്നതിൽ കൂടുതൽ അവൻ അവരിൽനിന്ന്‌ ആവശ്യപ്പെട്ടില്ല. (യോഹന്നാൻ 16:⁠12) ദൈവേഷ്ടം ചെയ്യുന്നതിനു “തീവ്രശ്രമം ചെയ്യാൻ” അവൻ അവരെ പ്രോത്സാഹിപ്പിച്ചു, എന്നാൽ അവൻ അവരുടെമേൽ സമ്മർദം ചെലുത്തിയില്ല. (ലൂക്കൊസ്‌ 13:⁠24, NW) നേതൃത്വമെടുക്കുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്‌തുകൊണ്ടാണ്‌ അവൻ പ്രോത്സാഹനം നൽകിയത്‌. സമാനമായി, ഇന്ന്‌ ക്രിസ്‌തീയ മൂപ്പന്മാർ സഭാംഗങ്ങളെ ഭയപ്പെടുത്തിയും അവരിൽ കുറ്റബോധം ജനിപ്പിച്ചും ദൈവത്തെ സേവിക്കാൻ പ്രേരിപ്പിക്കുന്നില്ല. മറിച്ച്‌ യഹോവയോടും യേശുക്രിസ്‌തുവിനോടും സഹമനുഷ്യരോടും ഉള്ള സ്‌നേഹം നിമിത്തം യഹോവയെ സേവിക്കാൻ മൂപ്പന്മാർ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു.​—⁠മത്തായി 22:⁠37-39.

14 ആളുകളുടെ ജീവിതത്തെ നിയന്ത്രിച്ചുകൊണ്ട്‌ തനിക്കു ലഭിച്ച അധികാരം ദുരുപയോഗം ചെയ്യാൻ യേശു ശ്രമിച്ചില്ല. എത്തിച്ചേരാൻ കഴിയാത്ത നിലവാരങ്ങളോ എണ്ണമറ്റ നിയമങ്ങളോ അവൻ വെച്ചില്ല. മോശെയിലൂടെ നൽകപ്പെട്ട നിയമങ്ങളുടെ പിന്നിലെ തത്ത്വങ്ങൾ ഉപയോഗിച്ച്‌ ആളുകളുടെ ഹൃദയത്തിൽ എത്തിച്ചേർന്നുകൊണ്ട്‌ അവരെ പ്രചോദിപ്പിക്കുകയെന്നതായിരുന്നു അവന്റെ സമീപനം. (മത്തായി 5:⁠27, 28) മൂപ്പന്മാർ, സ്വേച്ഛാപരമായ നിയമങ്ങൾ ഉണ്ടാക്കുകയോ തങ്ങളുടെ വ്യക്തിപരമായ വീക്ഷണങ്ങൾ അടിച്ചേൽപ്പിക്കുകയോ ചെയ്യുന്നതിൽനിന്ന്‌ ഒഴിഞ്ഞുനിന്നുകൊണ്ട്‌ യേശുവിനെ അനുകരിക്കുന്നു. വസ്‌ത്രധാരണം, ചമയം, വിനോദം തുടങ്ങിയ കാര്യങ്ങളിൽ മീഖാ 6:⁠8; 1 കൊരിന്ത്യർ 10:⁠31-33; 1 തിമൊഥെയൊസ്‌ 2:9, 10 തുടങ്ങിയ വാക്യങ്ങളിൽ നൽകിയിരിക്കുന്ന ദൈവിക തത്ത്വങ്ങൾ ഉപയോഗിച്ചുകൊണ്ട്‌ മറ്റുള്ളവരുടെ ഹൃദയത്തിൽ എത്തിച്ചേരാൻ അവർ ശ്രമിക്കുന്നു.

സഹാനുഭൂതിയുള്ളവരും ക്ഷമിക്കുന്നവരും ആയിരിക്കുക

15. തന്റെ ശിഷ്യന്മാരുടെ കുറവുകളോട്‌ യേശു എങ്ങനെയാണു പ്രതികരിച്ചത്‌?

15 ശിഷ്യന്മാരുടെ കുറവുകളോടും പിശകുകളോടും പ്രതികരിച്ച വിധത്തിലും യേശു നമുക്കായി ഒരു മാതൃകവെച്ചു. ഈ ഭൂമിയിലെ അവന്റെ അവസാനരാത്രിയിൽ നടന്ന രണ്ടു സംഭവങ്ങൾ നോക്കുക. ഗെത്ത്‌ശെമനയിൽ എത്തിച്ചേർന്നപ്പോൾ യേശു “പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു”പോയി അവരോട്‌ “ഉണർന്നിരിപ്പിൻ” എന്നു പറഞ്ഞു. എന്നിട്ട്‌ “അല്‌പം മുമ്പോട്ടു ചെന്നു നിലത്തു വീണു . . . പ്രാർത്ഥിച്ചു”തുടങ്ങി. അവൻ തിരികെ വന്നപ്പോൾ “അവർ ഉറങ്ങുന്നതു കണ്ടു.” യേശുവിന്റെ പ്രതികരണം എന്തായിരുന്നു? അവൻ ഇങ്ങനെ പറഞ്ഞു: “ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ.” (മർക്കൊസ്‌ 14:⁠32-38) പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കഠിനമായി ശകാരിക്കുന്നതിനു പകരം, അവൻ സഹാനുഭൂതി പ്രകടമാക്കി! ആ രാത്രിയിൽത്തന്നെ പത്രൊസ്‌ മൂന്നു പ്രാവശ്യം യേശുവിനെ തള്ളിപ്പറഞ്ഞു. (മർക്കൊസ്‌ 14:⁠66-72) അതിനുശേഷം യേശു പത്രൊസിനോട്‌ എങ്ങനെയാണു പെരുമാറിയത്‌? “കർത്താവു . . . ഉയിർത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി” എന്നും “കേഫാവിന്നും പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി” എന്നും ബൈബിൾ പറയുന്നു. (ലൂക്കൊസ്‌ 24:⁠34; 1 കൊരിന്ത്യർ 15:⁠5) നീരസപ്പെടുന്നതിനു പകരം യേശു, അനുതാപം പ്രകടമാക്കിയ അപ്പൊസ്‌തലനോടു ക്ഷമിക്കുകയും അവനെ ശക്തിപ്പെടുത്തുകയും ചെയ്‌തു. പിന്നീട്‌ യേശു പത്രൊസിനെ വലിയ ഉത്തരവാദിത്വങ്ങൾ ഭരമേൽപ്പിക്കുകയും ചെയ്‌തു.​—⁠പ്രവൃത്തികൾ 2:⁠14; 8:⁠14-17; 10:⁠44, 45.

16. സഹവിശ്വാസികൾ ഏതെങ്കിലും വിധത്തിൽ നമ്മെ നിരാശരാക്കുകയോ നമ്മോടു നീതിരഹിതമായി പെരുമാറുകയോ ചെയ്യുമ്പോൾ യേശു നടന്നതുപോലെ നടക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

16 മാനുഷിക അപൂർണത നിമിത്തം നമ്മുടെ സഹവിശ്വാസികൾ ഏതെങ്കിലും വിധത്തിൽ നമ്മെ നിരാശരാക്കുകയോ നമ്മോടു നീതിരഹിതമായി പെരുമാറുകയോ ചെയ്യുമ്പോൾ യേശു ചെയ്‌തതുപോലെ നാം സഹാനുഭൂതി കാണിക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടതല്ലേ? പത്രൊസ്‌ സഹവിശ്വാസികളെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ. ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.” (1 പത്രൊസ്‌ 3:⁠8, 9) യേശു പെരുമാറുമായിരുന്നതുപോലെ അല്ല ഒരു വ്യക്തി നമ്മോടു പെരുമാറുന്നതെങ്കിലോ? അയാൾ നമ്മോടു സഹാനുഭൂതി കാണിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നില്ലെങ്കിലോ? അപ്പോൾപ്പോലും യേശുവിനെ അനുകരിക്കാൻ ശ്രമിക്കുന്നതിനും അവൻ പ്രതികരിക്കുമായിരുന്നതുപോലെ ചെയ്യാനും ഉള്ള കടപ്പാടിൻകീഴിലാണു നാം.—1 യോഹന്നാൻ 3:⁠16.

രാജ്യതാത്‌പര്യങ്ങൾ ഒന്നാമതു വെക്കുക

17. ദൈവേഷ്ടം ചെയ്യുന്നതിന്‌ യേശു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകിയിരുന്നുവെന്ന്‌ എന്തു കാണിക്കുന്നു?

17 ഇനി മറ്റൊരു വിധത്തിലും, യേശു നടന്നതുപോലെ നാം നടക്കേണ്ടതുണ്ട്‌. യേശുവിന്റെ ജീവിതത്തിൽ കേന്ദ്രസ്ഥാനമുണ്ടായിരുന്നത്‌ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രഖ്യാപിക്കുന്നതിനാണ്‌. ശമര്യയിലെ സുഖാർ പട്ടണത്തിനരികെയുള്ള കിണറ്റുകരയിൽ ശമര്യക്കാരിയോടു പ്രസംഗിച്ചതിനുശേഷം യേശു ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്‌തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.” (യോഹന്നാൻ 4:⁠34) പിതാവിന്റെ ഇഷ്ടം ചെയ്യുന്നത്‌ യേശുവിനെ പുലർത്തി, അവനെ സംബന്ധിച്ചിടത്തോളം അത്‌ ഭക്ഷണമെന്നപോലെ പോഷകപ്രദവും സംതൃപ്‌തിദായകവും നവോന്മേഷപ്രദവും ആയിരുന്നു. ദൈവേഷ്ടം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്‌ യേശുവിനെ അനുകരിക്കുന്നതിൽ തുടരുന്നത്‌, അർഥവത്തും സംതൃപ്‌തികരവും ആയ ഒരു ജീവിതത്തിലേക്കു നമ്മെ നയിക്കുകയില്ലേ?

18. മുഴുസമയ സേവനം ഏറ്റെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത്‌ എന്തെല്ലാം അനുഗ്രഹങ്ങളിൽ കലാശിക്കുന്നു?

18 മുഴുസമയ സേവനം ഏറ്റെടുക്കാൻ മാതാപിതാക്കൾ മക്കളെ പ്രോത്സാഹിപ്പിക്കുമ്പോൾ ഇരുകൂട്ടർക്കും ധാരാളം അനുഗ്രഹങ്ങൾ ലഭിക്കുന്നു. ഇരട്ടക്കുട്ടികളുടെ പിതാവായ ഒരു സഹോദരൻ, തന്റെ പുത്രന്മാരുടെ മുമ്പാകെ ചെറുപ്പംമുതൽത്തന്നെ പയനിയർ സേവനമെന്ന ലക്ഷ്യം വെച്ചിരുന്നു. ലൗകിക വിദ്യാഭ്യാസത്തിനുശേഷം അവർ ഇരുവരും പയനിയറിങ്‌ ആരംഭിച്ചു. തത്‌ഫലമായി തനിക്കുണ്ടായ സന്തോഷത്തെക്കുറിച്ചു പിതാവ്‌ എഴുതുന്നു: “ഞങ്ങളുടെ മക്കൾ ഞങ്ങളെ നിരാശപ്പെടുത്തിയില്ല. ‘മക്കൾ യഹോവ നൽകുന്ന അവകാശം’ ആണെന്നു ഞങ്ങൾക്കു നന്ദിപൂർവം പറയാൻ കഴിയും.” (സങ്കീർത്തനം 127:⁠3) മുഴുസമയ സേവനം ചെയ്യുന്നതിലൂടെ കുട്ടികൾ എങ്ങനെയാണു പ്രയോജനം നേടുന്നത്‌? അഞ്ചു മക്കളുടെ അമ്മയായ ഒരു സഹോദരി പറയുന്നു: “യഹോവയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പയനിയറിങ്‌ എന്റെ എല്ലാ മക്കളെയും സഹായിച്ചിരിക്കുന്നു. വ്യക്തിപരമായ പഠനശീലം മെച്ചപ്പെടുത്തുന്നതിനും സമയം ജ്ഞാനപൂർവം ഉപയോഗിക്കുന്നതിനും ആത്മീയ കാര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കുന്നതിനും അവർ പഠിച്ചിരിക്കുന്നു. എല്ലാവർക്കുംതന്നെ നിരവധി പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടിവന്നെങ്കിലും തങ്ങൾ തിരഞ്ഞെടുത്ത വഴിയെച്ചൊല്ലി അവരിലാരും ഖേദിക്കുന്നില്ല.”

19. യുവജനങ്ങൾ ഭാവി സംബന്ധിച്ച്‌ ഏതു പദ്ധതികൾ ജ്ഞാനപൂർവം കണക്കിലെടുക്കണം?

19 യുവജനങ്ങളേ, ഭാവി സംബന്ധിച്ച നിങ്ങളുടെ പദ്ധതികൾ എന്തൊക്കെയാണ്‌? ഏതെങ്കിലും തൊഴിൽ മേഖലയിൽ തിളങ്ങാനാണോ നിങ്ങളുടെ ആഗ്രഹം? അതോ നിങ്ങൾ മുഴുസമയസേവനമെന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണോ? അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “ആകയാൽ സൂക്ഷ്‌മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്‌കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ. ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ.”​—⁠എഫെസ്യർ 5:⁠15-17.

വിശ്വസ്‌തമായി പറ്റിനിൽക്കുക

20, 21. യേശു വിശ്വസ്‌തത പ്രകടമാക്കിയത്‌ ഏതു വിധത്തിൽ, നമുക്ക്‌ അത്‌ അനുകരിക്കാനാകുന്നത്‌ എങ്ങനെ?

20 യേശു നടന്നതുപോലെ നടക്കുന്നതിന്‌ നാം അവന്റെ വിശ്വസ്‌തത അനുകരിക്കേണ്ടതുണ്ട്‌. അവന്റെ വിശ്വസ്‌തതയെക്കുറിച്ച്‌ ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്‌ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” തന്നെ സംബന്ധിച്ച ദൈവേഷ്ടത്തിനു പൂർണമായി കീഴ്‌പെട്ടുകൊണ്ട്‌ യേശു യഹോവയുടെ പരമാധികാരം വിശ്വസ്‌തമായി ഉയർത്തിപ്പിടിച്ചു. ദണ്ഡനസ്‌തംഭത്തിൽ കൊടിയ വേദനയനുഭവിച്ചു മരിക്കുന്ന അളവോളം അവൻ അനുസരണം പ്രകടമാക്കി. നാം അവന്റെ ഈ മാനസിക“ഭാവം” നിലനിറുത്തുകയും ദൈവേഷ്ടം ചെയ്യുന്നതിനു വിശ്വസ്‌തതയോടെ കീഴ്‌പെടുകയും വേണം.—ഫിലിപ്പിയർ 2:⁠5-8.

21 യേശു തന്റെ വിശ്വസ്‌ത അപ്പൊസ്‌തലന്മാരോടും വിശ്വസ്‌തമായി പറ്റിനിന്നു. അവർക്കു ദൗർബല്യങ്ങൾ ഉണ്ടായിരുന്നിട്ടും യേശു അവരെ “അവസാനത്തോളം” സ്‌നേഹിച്ചു. (യോഹന്നാൻ 13:⁠1) സമാനമായി, നമ്മുടെ സഹോദരങ്ങളുടെ അപൂർണത, അവരെക്കുറിച്ച്‌ നാം വിമർശനാത്മകമായ ഒരു മനോഭാവം കൈക്കൊള്ളാൻ കാരണമാകരുത്‌.

യേശുവെച്ച മാതൃകയോടു പറ്റിനിൽക്കുക

22, 23. യേശുവെച്ച മാതൃകയോടു പറ്റിനിൽക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം?

22 അപൂർണ മനുഷ്യരായ നമുക്ക്‌ പൂർണനായ നമ്മുടെ മാതൃകാപുരുഷന്റെ കാലടികൾ കൃത്യതയോടെ പിൻപറ്റാൻ തീർച്ചയായും സാധിക്കുകയില്ല. എന്നിരുന്നാലും അവന്റെ ചുവടുകൾ അടുത്തു പിൻപറ്റാൻ കഠിനശ്രമം ചെയ്യാൻ നമുക്കു കഴിയും. അങ്ങനെ ചെയ്യുന്നതിനു നാം ക്രിസ്‌തു നയിക്കുന്ന രീതി മനസ്സിലാക്കി അതിനു കീഴ്‌പെട്ടിരിക്കുകയും അവൻവെച്ച മാതൃകയോടു പറ്റിനിൽക്കുകയും വേണം.

23 ക്രിസ്‌തുവിന്റെ അനുകാരികളായിത്തീരുന്നതു പലവിധ അനുഗ്രഹങ്ങളിലേക്കു നയിക്കുന്നു. സ്വന്ത ഇഷ്ടത്തെക്കാൾ ദൈവേഷ്ടം പ്രവർത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട്‌ നമ്മുടെ ജീവിതം കൂടുതൽ അർഥവത്തും സംതൃപ്‌തിദായകവും ആയിത്തീരുന്നു. (യോഹന്നാൻ 5:⁠30; 6:⁠38) നമുക്കു ശുദ്ധമായ ഒരു മനസ്സാക്ഷി ഉണ്ടായിരിക്കും. നമ്മുടെ നടപ്പ്‌ മാതൃകായോഗ്യമായിത്തീരുന്നു. അധ്വാനിക്കുന്നവരും ഭാരംചുമക്കുന്നവരും ആയ എല്ലാവരും തന്റെയടുത്തേക്കു വരാനും നവോന്മേഷം കൈക്കൊള്ളാനും യേശു ക്ഷണിച്ചു. (മത്തായി 11:⁠28-30) യേശുവിന്റെ മാതൃക അനുകരിക്കുമ്പോൾ, സഹവാസത്താൽ മറ്റുള്ളവർക്കു നവോന്മേഷം പകരാൻ നമുക്കും സാധിക്കും. അതുകൊണ്ട്‌ നമുക്ക്‌ യേശു നടന്നതുപോലെ നടക്കുന്നതിൽ തുടരാം.

നിങ്ങൾ ഓർമിക്കുന്നുവോ?

• യേശു ഇന്ന്‌ തന്റെ അനുഗാമികളെ നയിക്കുന്നത്‌ എങ്ങനെ?

• ദൈവദത്ത അധികാരം പ്രയോഗിക്കുന്നതിൽ മൂപ്പന്മാർക്ക്‌ ക്രിസ്‌തുവിന്റെ നായകത്വം പിൻപറ്റാൻ കഴിയുന്നത്‌ എങ്ങനെ?

• മറ്റുള്ളവരുടെ കുറവുകളോടുള്ള ബന്ധത്തിൽ യേശുവെച്ച മാതൃക നമുക്ക്‌ എങ്ങനെ അനുകരിക്കാൻ കഴിയും?

• യുവജനങ്ങൾക്കു രാജ്യതാത്‌പര്യങ്ങൾ ഒന്നാമതു വെക്കാൻ കഴിയുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

ക്രിസ്‌തുവിന്റെ നേതൃത്വം പിൻപറ്റാൻ ക്രിസ്‌തീയ മൂപ്പന്മാർ നമ്മെ സഹായിക്കുന്നു

[24, 25 പേജുകളിലെ ചിത്രങ്ങൾ]

യുവജനങ്ങളേ, പ്രതിഫലദായകമായ ഒരു ക്രിസ്‌തീയ ജീവിതം സ്വായത്തമാക്കാനായി നിങ്ങൾ എന്തെല്ലാം ആസൂത്രണങ്ങളാണു ചെയ്‌തിരിക്കുന്നത്‌?