വികാരങ്ങൾ നിയന്ത്രിക്കാൻ സഹായം
വികാരങ്ങൾ നിയന്ത്രിക്കാൻ സഹായം
ചിലപ്പോഴൊക്കെ നിഷേധാത്മക വികാരങ്ങൾ നിങ്ങളെ കീഴ്‌പെടുത്തുന്നതായി നിങ്ങൾക്കു തോന്നാറുണ്ടോ? നിങ്ങൾ പെട്ടെന്ന് അസ്വസ്ഥരാകുകയോ കോപിക്കുകയോ നിരാശപ്പെടുകയോ ചെയ്യാറുണ്ടോ? ജീവിത ഉത്‌കണ്‌ഠകൾ നിങ്ങളെ ഭാരപ്പെടുത്താറുണ്ടോ? ഇത്തരം സാഹചര്യങ്ങളിൽ സഹായിക്കാൻ എന്തിനു കഴിയും?
വൈകാരിക പ്രതികരണങ്ങൾ മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ഉചിതമായി നിയന്ത്രിക്കപ്പെടുമ്പോൾ അവ ജീവിതം കൂടുതൽ ആസ്വാദ്യമാക്കിത്തീർക്കുന്നു. എന്നാൽ “മർദ്ദനം ജ്ഞാനിയെ ഭോഷനാക്കിയേക്കാം” എന്നു ബൈബിൾ തിരിച്ചറിയിക്കുന്നു. (സഭാപ്രസംഗി 7:7, പി.ഒ.സി. ബൈബിൾ) അക്രമവും അപകടങ്ങളും തുടർക്കഥയായ ഒരു ലോകത്തിൽ ചുറ്റും സംഭവിക്കുന്ന കാര്യങ്ങൾ ആരെയും വൈകാരികമായി ബാധിക്കുമെന്നതിനു സംശയമില്ല. എന്നിരുന്നാലും തിരുവെഴുത്തുകൾ ഇങ്ങനെയും പറയുന്നു: “മനുഷ്യൻ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നതല്ലാതെ മറ്റൊരു നന്മയുമില്ല” (സഭാപ്രസംഗി 3:22) അതുകൊണ്ട് ജീവിതം ആസ്വാദ്യമാക്കുന്നതിന്, ക്രിയാത്മക വികാരങ്ങൾ നട്ടുവളർത്തിക്കൊണ്ടു സന്തോഷിക്കാൻ നാം പഠിക്കേണ്ടതുണ്ട്. പ്രയോജനപ്രദമായ വികാരങ്ങൾ നട്ടുവളർത്താനും ദോഷകരമായവയെ നിയന്ത്രിക്കാനും നമുക്ക് എങ്ങനെ സാധിക്കും?
പ്രായോഗിക നടപടികൾ സ്വീകരിക്കുന്നതു മിക്കപ്പോഴും നമ്മുടെ നിഷേധാത്മക വികാരങ്ങളുടെ തീവ്രത കുറയ്‌ക്കാൻ സഹായിക്കും. ദൃഷ്ടാന്തത്തിന്, നമുക്കു നിയന്ത്രണമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ഉത്‌കണ്‌ഠ തോന്നുമ്പോൾ, നമ്മുടെ ചര്യയിലോ പരിതസ്ഥിതിയിലോ മാറ്റങ്ങൾ വരുത്തുന്നതല്ലേ മൂടിക്കെട്ടിയ മനസ്സുമായി കഴിയുന്നതിലും നല്ലത്? വെറുതെ ഒന്നു നടക്കുക, മനം കുളിർപ്പിക്കുന്ന സംഗീതം കേൾക്കുക, നന്നായി വ്യായാമം ചെയ്യുക, ആർക്കെങ്കിലും ഒരു ഉപകാരം ചെയ്‌തുകൊടുക്കുക എന്നിവയെല്ലാം നമുക്ക് ഒരളവോളം ആശ്വാസവും സന്തോഷവും കൈവരുത്തും.—പ്രവൃത്തികൾ 20:35.
എന്നിരുന്നാലും നിഷേധാത്മക വികാരങ്ങളെ ഇല്ലായ്‌മ ചെയ്യാനുള്ള ഏറ്റവും നല്ല വഴി നമ്മുടെ സ്രഷ്ടാവിൽ വിശ്വാസമർപ്പിക്കുക എന്നതാണ്. നിഷേധാത്മക വികാരങ്ങൾ വിടാതെ പിന്തുടരുമ്പോൾ നാം ‘സകല ചിന്താകുലവും അവന്റെ [ദൈവത്തിന്റെ] മേൽ ഇട്ടുകൊടുക്കുക’യാണു വേണ്ടത്. (1 പത്രൊസ് 5:6, 7) ബൈബിൾ നമുക്ക് ഈ ഉറപ്പു നൽകുന്നു: “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ. . . . നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.” (സങ്കീർത്തനം 34:18, 19) ദൈവം നമ്മുടെ ‘സഹായവും നമ്മെ വിടുവിക്കുന്നവനും’ ആണെന്ന് നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും? (സങ്കീർത്തനം 40:17) ബൈബിൾ പഠിക്കുകയും തന്റെ ദാസന്മാരുടെ ക്ഷേമത്തിൽ അവനുള്ള വ്യക്തിപരമായ താത്‌പര്യത്തിന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് ആ ഉറപ്പ് ആർജിക്കാനാകും.