അടയാളങ്ങൾ വിവേചിച്ചറിയുന്നത് സുപ്രധാനം!
അടയാളങ്ങൾ വിവേചിച്ചറിയുന്നത് സുപ്രധാനം!
“ഞങ്ങളുടെ മകൻ ആൻഡ്രിയസിന്റേത് വെറുമൊരു തലവേദനയാണെന്നാണു ഞാൻ ആദ്യം വിചാരിച്ചത്. പക്ഷേ അവനു തീരെ വിശപ്പില്ലാതെയായി, പൊള്ളുന്ന പനിയുമുണ്ടായിരുന്നു. അവന്റെ തലവേദന അസഹനീയമായി, ഞാൻ ആകെ വിഷമിച്ചു. ഭർത്താവു വന്നപ്പോൾ ഞങ്ങൾ അവനെയുംകൊണ്ട് ഡോക്ടറുടെ അടുത്തുപോയി. പരിശോധനയ്‌ക്കു ശേഷം ഡോക്ടർ അവനെ ഉടൻതന്നെ ആശുപത്രിയിലാക്കി. അതു വെറുമൊരു തലവേദനയല്ലായിരുന്നു. അവനു മസ്‌തിഷ്‌കജ്വരം പിടിപെട്ടിരുന്നു. ഒട്ടുംവൈകാതെ അവനു ചികിത്സ കിട്ടി. അവൻ സുഖം പ്രാപിച്ചു.”—ഗെർട്രൂഡ്, ജർമനിയിൽനിന്നുള്ള ഒരു മാതാവ്.
മാതാപിതാക്കളിൽ പലർക്കും ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ടാകും. കുട്ടിക്ക് അസുഖം വരുന്നതിന്റെ അടയാളങ്ങൾ അഥവാ ലക്ഷണങ്ങൾ അവർക്കു കണ്ടു മനസ്സിലാക്കാൻ കഴിയും. എല്ലാ രോഗങ്ങളും അത്ര ഗുരുതരമല്ലെങ്കിൽപ്പോലും മക്കളുടെ രോഗലക്ഷണങ്ങൾക്കു വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കിൽ മാതാപിതാക്കൾ അതിന്റെ പരിണതഫലം അനുഭവിക്കേണ്ടിവരും. അടയാളങ്ങൾ നിരീക്ഷിച്ചു വേണ്ട നടപടിയെടുക്കുന്നത് സാഹചര്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കും. അതേ, അതു ഗൗരവമുള്ള കാര്യമാണ്.
അടയാളങ്ങളോടു പ്രതികരിക്കേണ്ടത് ആരോഗ്യകാര്യങ്ങളിൽ മാത്രമല്ല മറ്റു സംഗതികളിലും അതിപ്രധാനമാണ്. ഇതിന് ഒരു ഉദാഹരണമാണ് 2004 ഡിസംബറിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരപ്രദേശങ്ങളിൽ സംഭവിച്ച സുനാമി ദുരന്തം. ഓസ്‌ട്രേലിയ, ഹവായ് എന്നിവിടങ്ങളിലെ ഏജൻസികൾ സുമാത്രയുടെ വടക്കുഭാഗത്ത് അതിശക്തമായ ഭൂകമ്പമുണ്ടാകുമെന്നു നേരത്തേതന്നെ മനസ്സിലാക്കുകയും ഉണ്ടായേക്കാവുന്ന ദുരന്തത്തിന്റെ ഭീകരത മുൻകൂട്ടിക്കാണുകയും ചെയ്‌തതാണ്. എന്നാൽ അപകടമേഖലകളിൽ ഉള്ള പൊതുജനങ്ങളെ വിവരമറിയിക്കാനോ വേണ്ടതുചെയ്യാനോ ഉള്ള സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഫലമോ? 2,20,000-ത്തിലേറെപ്പേരെ അന്നു സുനാമിത്തിരകൾ വിഴുങ്ങി.
കൂടുതൽ പ്രാധാന്യമേറിയ അടയാളങ്ങൾ
അടയാളങ്ങൾ ശ്രദ്ധിച്ച് അതനുസരിച്ചു പ്രവർത്തിക്കുന്നതു സംബന്ധിച്ച് ഒരു പാഠം യേശുക്രിസ്‌തു ഭൂമിയിലായിരുന്നപ്പോൾ തന്റെ ശ്രോതാക്കളെ പഠിപ്പിക്കുകയുണ്ടായി. അത്യധികം പ്രാധാന്യമുള്ള ചില കാര്യങ്ങളെക്കുറിച്ച് അവൻ അപ്പോൾ സംസാരിച്ചുവരുകയായിരുന്നു. ബൈബിൾ ഇപ്രകാരം റിപ്പോർട്ടുചെയ്യുന്നു: “അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നു: ആകാശത്തുനിന്നു ഒരു അടയാളം കാണിച്ചുതരേണമെന്നു അവനെ പരീക്ഷിച്ചു ചോദിച്ചു. അവരോടു അവൻ ഉത്തരം പറഞ്ഞതു: സന്ധ്യാസമയത്തു ആകാശം ചുവന്നുകണ്ടാൽ നല്ല തെളിവാകും എന്നും രാവിലെ ആകാശം മൂടി ചുവന്നുകണ്ടാൽ ഇന്നു മഴക്കോൾ മത്തായി 16:1-4.
ഉണ്ടാകും എന്നും നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാൻ നിങ്ങൾ അറിയുന്നു; എന്നാൽ കാലലക്ഷണങ്ങളെ [“കാലത്തിന്റെ അടയാളങ്ങൾ,” ഓശാന ബൈബിൾ] വിവേചിപ്പാൻ കഴികയില്ലയോ?”—“കാലത്തിന്റെ അടയാളങ്ങൾ” എന്നു തന്റെ ശ്രോതാക്കളായ ഒന്നാം നൂറ്റാണ്ടിലെ യഹൂദരോട് യേശു പറഞ്ഞപ്പോൾ അവർ ജീവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിന്റെ അടിയന്തിരത സംബന്ധിച്ചു ബോധവാന്മാരായിരിക്കണമെന്ന് യേശു അവരോടു സൂചിപ്പിക്കുകയായിരുന്നു. യഹൂദവ്യവസ്ഥിതി അതിലെ മുഴുനിവാസികളെയും പിടിച്ചുലയ്‌ക്കുന്ന ഒരു മഹാവിപത്ത് നേരിടാനിരിക്കുകയായിരുന്നു. മരണത്തിന് ഏതാനും ദിവസം മുമ്പ് യേശു ശിഷ്യന്മാരോട് മറ്റൊരു അടയാളത്തെക്കുറിച്ചു പറഞ്ഞു—തന്റെ സാന്നിധ്യത്തിന്റെ അടയാളത്തെക്കുറിച്ച്. അന്ന് അവൻ പറഞ്ഞ കാര്യങ്ങൾ ഇന്നു ജീവിക്കുന്ന സകലരെയും സംബന്ധിച്ച് അതീവപ്രാധാന്യമുള്ളവയാണ്.