വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒന്നു ദിനവൃത്താന്തത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

ഒന്നു ദിനവൃത്താന്തത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

ഒന്നു ദിനവൃത്താന്തത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹൂദജനത ബാബിലോണിലെ പ്രവാസത്തിനുശേഷം സ്വദേശത്തേക്കു മടങ്ങിയിട്ട്‌ ഇപ്പോൾ ഏകദേശം 77 വർഷം കഴിഞ്ഞിരിക്കുന്നു. ഗവർണറായ സെരുബ്ബാബേൽ ആലയം പുനർനിർമിച്ചിട്ട്‌ ഇപ്പോൾ 55 വർഷമായി. യഹൂദന്മാർ പ്രവാസത്തിൽനിന്നു മടങ്ങിവന്നതിന്റെ സുപ്രധാന കാരണം യെരൂശലേമിൽ സത്യാരാധന പുനഃസ്ഥാപിക്കുക എന്നതായിരുന്നു. എന്നാൽ, ആളുകൾ യഹോവയെ ആരാധിക്കുന്നതിൽ ശുഷ്‌കാന്തി കാണിക്കുന്നില്ല. അവർക്ക്‌ പ്രോത്സാഹനത്തിന്റെ അടിയന്തിര ആവശ്യമുണ്ട്‌. അതുതന്നെയാണ്‌ ഒന്നു ദിനവൃത്താന്തം എന്ന ബൈബിൾ പുസ്‌തകം പ്രദാനം ചെയ്യുന്നതും.

വംശാവലി രേഖകൾക്കു പുറമേ, ശൗൽ രാജാവിന്റെ മരണംമുതൽ ദാവീദ്‌ രാജാവിന്റെ മരണംവരെയുള്ള ഏകദേശം 40 വർഷത്തെ ഒരു കാലഘട്ടത്തെക്കുറിച്ചും ഈ പുസ്‌തകത്തിൽ കാണാം. പൊതുയുഗത്തിനു മുമ്പ്‌ (പൊ.യു.മു.) 460-ൽ എസ്രായാണ്‌ ഇത്‌ എഴുതിയതെന്നു കരുതപ്പെടുന്നു. ആലയത്തിലെ ആരാധനയെക്കുറിച്ചുള്ള ഉൾക്കാഴ്‌ചയും മിശിഹായുടെ വംശാവലിയെക്കുറിച്ചുള്ള വിശദാംശങ്ങളും നൽകുന്നതിനാൽ ഈ പുസ്‌തകത്തിനു നമ്മെ സംബന്ധിച്ചു പ്രാധാന്യമുണ്ട്‌. ദിവ്യനിശ്വസ്‌തരേഖയുടെ ഭാഗമായ ഈ പുസ്‌തകത്തിൽ അടങ്ങിയിരിക്കുന്ന ദൂത്‌ നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുകയും ബൈബിളിനെക്കുറിച്ചുള്ള ഗ്രാഹ്യം വർധിപ്പിക്കുകയും ചെയ്യുന്നു.​—⁠എബ്രായർ 4:12.

ഒരു സുപ്രധാന വംശാവലിരേഖ

(1 ദിനവൃത്താന്തം 1:1-9:44)

എസ്രാ സമാഹരിച്ചിരിക്കുന്ന വിശദമായ വംശാവലിരേഖ സുപ്രധാനമായിരിക്കുന്നതിന്‌ കുറഞ്ഞതു മൂന്നു കാരണങ്ങളുണ്ട്‌: അധികാരപ്പെടുത്തപ്പെട്ട പുരുഷന്മാർ മാത്രമേ പൗരോഹിത്യവേല ചെയ്യുന്നുള്ളൂ എന്ന്‌ ഉറപ്പാക്കാൻ, ഓരോ ഗോത്രത്തിന്റെയും അവകാശം നിർണയിക്കാൻ, മിശിഹായിലേക്കു നയിക്കുന്ന വംശാവലിയുടെ രേഖ സംരക്ഷിക്കാൻ. ഈ രേഖ യഹൂദന്മാരെ അവരുടെ ചരിത്രവുമായി ബന്ധിപ്പിച്ച്‌ ആദാമിൽ എത്തിക്കുന്നു. ആദാംമുതൽ നോഹവരെ പത്തു തലമുറകൾ. പിന്നെ അബ്രാഹാംവരെ പത്തു തലമുറകൾ. യിശ്‌മായേലിന്റെ പുത്രന്മാർ, അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂറയുടെ പുത്രന്മാർ, ഏശാവിന്റെ പുത്രന്മാർ എന്നിവരുടെ പേരുവിവരങ്ങൾ പറഞ്ഞശേഷം രേഖ ശ്രദ്ധകേന്ദ്രീകരിക്കുന്നത്‌ യിസ്രായേലിന്റെ 12 പുത്രന്മാരുടെ വംശാവലിയിലാണ്‌.​—⁠1 ദിനവൃത്താന്തം 2:⁠1.

യെഹൂദായുടെ വംശാവലി സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്‌, കാരണം അത്‌ ദാവീദ്‌ രാജാവ്‌ ഉൾപ്പെട്ട രാജവംശത്തിന്റെ രേഖയാണ്‌. അബ്രാഹാംമുതൽ ദാവീദ്‌വരെ 14 തലമുറകൾ. ദാവീദുമുതൽ ബാബിലോണിലേക്കുള്ള പ്രവാസംവരെ മറ്റു 14 തലമുറകൾ. (1 ദിനവൃത്താന്തം 1:27, 34; 2:1-15; 3:1-17; മത്തായി 1:17) തുടർന്ന്‌ എസ്രാ യോർദ്ദാനു കിഴക്കുള്ള ഗോത്രങ്ങളുടെ വംശാവലി പട്ടികപ്പെടുത്തുന്നു. അതിനുശേഷം ലേവിയുടെ പുത്രന്മാരുടെ വംശാവലിയും. (1 ദിനവൃത്താന്തം 5:1-24; 6:1) അടുത്തതായി വരുന്നത്‌ യോർദ്ദാൻ നദിക്കു പടിഞ്ഞാറുള്ള മറ്റുചില ഗോത്രങ്ങളെക്കുറിച്ചുള്ള സംക്ഷിപ്‌ത വിവരങ്ങളും ബെന്യാമീൻ ഗോത്രത്തിന്റെ വിശദമായ വംശാവലിയുമാണ്‌. (1 ദിനവൃത്താന്തം 8:1, 2) ബാബിലോണിലെ പ്രവാസത്തിനു ശേഷം മടങ്ങിവന്ന്‌ ആദ്യം യെരൂശലേമിൽ പാർപ്പുറപ്പിച്ചവരുടെ പേരുകളും തുടർന്നുവരുന്നുണ്ട്‌.​—⁠1 ദിനവൃത്താന്തം 9:1-16.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

1:​18—ശേലഹിന്റെ (ശാലഹ്‌) പിതാവ്‌ ആരായിരുന്നു​—⁠കയിനാനോ അർപ്പക്ഷദോ? (ലൂക്കൊസ്‌ 3:35, 36) അർപ്പക്ഷദ്‌ ആയിരുന്നു ശേലഹിന്റെ പിതാവ്‌. (ഉല്‌പത്തി 10:24; 11:12) “കയിനാൻ” എന്ന്‌ ലൂക്കൊസ്‌ 3:​36-ൽ ഉപയോഗിച്ചിരിക്കുന്ന പദം സാധ്യതയനുസരിച്ച്‌ “കൽദയൻ” എന്ന പദത്തിന്റെ ഒരു വികലരൂപമാണ്‌. അങ്ങനെയെങ്കിൽ മൂല പാഠത്തിൽ ഈ ഭാഗം “കൽദയനായ അർപ്പക്ഷദിന്റെ മകൻ” എന്നായിരുന്നിരിക്കാം. അല്ലെങ്കിൽ കയിനാൻ എന്നും അർപ്പക്ഷദ്‌ എന്നുമുള്ള പേര്‌ ഒരാളെത്തന്നെ പരാമർശിക്കുന്നതായിരിക്കാം. “കയിനാന്റെ മകൻ” എന്ന ഭാഗം ചില കയ്യെഴുത്തുപ്രതികളിൽ കാണുന്നില്ലെന്ന വസ്‌തുതയും ഇവിടെ പ്രാധാന്യമർഹിക്കുന്നു.​—⁠ലൂക്കൊസ്‌ 3:​36, NW അടിക്കുറിപ്പ്‌.

2:​15—⁠ദാവീദ്‌ യിശ്ശായിയുടെ ഏഴാമത്തെ പുത്രനായിരുന്നോ? അല്ല. യിശ്ശായിക്ക്‌ എട്ടു പുത്രന്മാർ ഉണ്ടായിരുന്നു. ദാവീദ്‌ ആയിരുന്നു ഏറ്റവും ഇളയവൻ. (1 ശമൂവേൽ 16:10, 11; 17:12) യിശ്ശായിയുടെ പുത്രന്മാരിൽ ഒരാൾ മക്കളൊന്നുമില്ലാതെ മരിച്ചുപോയിരിക്കാനാണു സാധ്യത. ആ മകനെ സംബന്ധിക്കുന്ന വിവരം വംശാവലിരേഖയെ യാതൊരുപ്രകാരത്തിലും ബാധിക്കുകയില്ലാത്തതിനാൽ എസ്രാ അവന്റെ പേര്‌ ഉൾപ്പെടുത്തിയില്ല.

3:​17—യെഖൊന്യാവിന്റെ മകൻ ശെയല്‌ത്തീയേലിനെ (ശലഥീയേൽ) ലൂക്കൊസ്‌ 3:27-ൽ നേരിയുടെ മകനെന്നു പറഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ട്‌? ശെയല്‌ത്തീയേലിന്റെ പിതാവ്‌ യെഖൊന്യാവ്‌ ആയിരുന്നു. നേരി, തന്റെ മകളെ ശെയല്‌ത്തീയേലിനു ഭാര്യയായി കൊടുത്തിരിക്കണം. ലൂക്കൊസ്‌ ഇവിടെ നേരിയുടെ മരുമകനെ മകനെന്നു പരാമർശിച്ചിരിക്കുന്നു. യോസേഫിനെ, മറിയയുടെ പിതാവായ ഹേലിയുടെ മകനെന്നു വിളിച്ചിരിക്കുന്നതുപോലെ.​—⁠ലൂക്കൊസ്‌ 3:23, 24എ.

3:​17-19—സെരുബ്ബാബേൽ, പെദായാവ്‌, ശെയല്‌ത്തീയേൽ എന്നിവർ തമ്മിലുള്ള ബന്ധമെന്ത്‌? സെരുബ്ബാബേൽ ശെയല്‌ത്തീയേലിന്റെ സഹോദരന്മാരിൽ ഒരാളായ പെദായാവിന്റെ മകൻ ആയിരുന്നു. എന്നാൽ ചിലപ്പോൾ ബൈബിൾ സെരുബ്ബാബേലിനെ ശെയല്‌ത്തീയേലിന്റെ മകനെന്നു വിളിക്കുന്നുണ്ട്‌. (മത്തായി 1:12; ലൂക്കൊസ്‌ 3:27) പെദായാവ്‌ മരിക്കുകയും ശെയല്‌ത്തീയേൽ സെരുബ്ബാബേലിനെ വളർത്തുകയും ചെയ്‌തതിനാലായിരിക്കണം ഈ പരാമർശം. അല്ലെങ്കിൽ സന്തതികളില്ലാതെ മരിച്ച ശെയല്‌ത്തീയേലിന്റെ വിധവയെ പെദായാവ്‌ ദേവരധർമം അനുഷ്‌ഠിച്ച്‌ വിവാഹം കഴിച്ച്‌ ആ ബന്ധത്തിലുണ്ടായ ആദ്യജാതനായിരുന്നിരിക്കാം സെരുബ്ബാബേൽ.​—⁠ആവർത്തനപുസ്‌തകം 25:5-10.

5:​1, 2—യോസേഫിന്‌ ആദ്യജാതന്റെ അവകാശം ലഭിച്ചു എന്നതിന്റെ അർഥമെന്ത്‌? യോസേഫിന്‌ ഇരട്ടിപങ്ക്‌ അവകാശമായി ലഭിച്ചു എന്നാണ്‌ അതിന്റെ അർഥം. (ആവർത്തനപുസ്‌തകം 21:17) അങ്ങനെ അവൻ എഫ്രയീം, മനശ്ശെ എന്നീ രണ്ടു ഗോത്രങ്ങളുടെ പിതാവായിത്തീർന്നു. യിസ്രായേലിന്റെ മറ്റു പുത്രന്മാരിൽനിന്ന്‌ ഓരോ ഗോത്രങ്ങൾ മാത്രമേ ഉത്ഭവിച്ചുള്ളൂ.

നമുക്കുള്ള പാഠങ്ങൾ:

1:1–9:44. യഥാർഥത്തിൽ ജീവിച്ചിരുന്ന ആളുകളുടെ വംശാവലിരേഖ, സത്യാരാധനയുടെ മുഴു ക്രമീകരണങ്ങളും വെറും കെട്ടുകഥകളിലല്ല മറിച്ച്‌ യഥാർഥ വസ്‌തുതയിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു എന്നതിനു തെളിവുനൽകുന്നു.

4:​9, 10. ദൈവഭയമുള്ള കൂടുതൽ ജനങ്ങൾ അധിവസിക്കേണ്ടതിന്‌ സമാധാനപരമായ നടപടികളിലൂടെ തന്റെ അതിർ വിസ്‌താരമാക്കാൻ തന്നെ സഹായിക്കേണമേയെന്ന്‌ യബ്ബേസ്‌ യഹോവയോടു മുട്ടിപ്പായി അപേക്ഷിച്ചു. ശിഷ്യരാക്കൽവേലയിൽ തീക്ഷ്‌ണതയോടെ ഏർപ്പെടവേ, നാമും അതുപോലെ ദൈവാരാധകരുടെ വർധനയ്‌ക്കായി ആത്മാർഥമായി പ്രാർഥിക്കേണ്ടതുണ്ട്‌.

5:​10, 18-22. ശൗൽ രാജാവിന്റെ കാലത്ത്‌ യോർദ്ദാനു കിഴക്കുള്ള ഗോത്രങ്ങൾ ഹഗ്രീയരെ തോൽപ്പിച്ചു, അവർ ആ ഗോത്രങ്ങളുടെ എണ്ണത്തെക്കാൾ ഇരട്ടിയിലധികം ആയിരുന്നെങ്കിലും. യുദ്ധവീരന്മാരായ ആ പുരുഷന്മാർ യഹോവയിൽ ആശ്രയിക്കുകയും സഹായത്തിനായി അവനിലേക്കു തിരിയുകയും ചെയ്‌തതിനാലാണ്‌ ഈ വൻവിജയം സാധ്യമായത്‌. പ്രബലരായ ശത്രുക്കളോട്‌ ആത്മീയ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കെ നമുക്കും യഹോവയിൽ പൂർണ ആശ്രയംവെക്കാം.​—⁠എഫെസ്യർ 6:10-17.

9:​26, 27. ലേവ്യരായ വാതിൽ കാവൽക്കാർക്കു നൽകപ്പെട്ട ജോലി വലിയ ഉത്തരവാദിത്വമുള്ളതായിരുന്നു. ആലയത്തിലെ വിശുദ്ധസ്ഥലങ്ങളിലേക്കു തുറക്കുന്ന പ്രവേശനവാതിലിന്റെ താക്കോൽ അവരുടെ കൈയിലായിരുന്നു. ദിവസവും വാതിലുകൾ തുറക്കുന്ന ജോലി അവർ വിശ്വസ്‌തതയോടെ ചെയ്‌തു. ഇന്ന്‌ ആളുകളെ അവരുടെ അടുക്കൽ ചെന്നുകണ്ട്‌ യഹോവയെ ആരാധിക്കാൻ അവരെ സഹായിക്കുകയെന്ന ഒരു ഉത്തരവാദിത്വം നമ്മെ ഏൽപ്പിച്ചിട്ടുണ്ട്‌. ആശ്രയയോഗ്യരായ ഈ ലേവ്യ കാവൽക്കാരെപ്പോലെതന്നെ നാമും വിശ്വസ്‌തത തെളിയിക്കേണ്ടതല്ലേ?

ദാവീദിന്റെ രാജഭരണം

(1 ദിനവൃത്താന്തം 10:1-29:30)

ഗിൽബോവ പർവതത്തിൽവെച്ച്‌ ഫെലിസ്‌ത്യരുമായുള്ള യുദ്ധത്തിൽ ശൗൽരാജാവും മൂന്നു പുത്രന്മാരും കൊല്ലപ്പെടുന്ന വിവരണത്തോടെയാണ്‌ ഈ ഭാഗം തുടങ്ങുന്നത്‌. യിശ്ശായിയുടെ മകനായ ദാവീദ്‌ യെഹൂദാ ഗോത്രത്തിന്മേൽ രാജാവായി അവരോധിക്കപ്പെടുന്നു. മുഴുഗോത്രങ്ങളിൽനിന്നുമുള്ള യോദ്ധാക്കളെല്ലാം ഹെബ്രോനിലേക്കു വന്ന്‌ ദാവീദിനെ മുഴുയിസ്രായേലിനും രാജാവാക്കുന്നു. (1 ദിനവൃത്താന്തം 11:1-3) താമസിയാതെ അവൻ യെരൂശലേം പിടിച്ചടക്കുന്നു. തുടർന്ന്‌, “നിയമപെട്ടകം ആർപ്പോടും കാഹളനാദത്തോടും . . . കിന്നരവും വീണയും വായിച്ചുകൊണ്ടു” യെരൂശലേമിലേക്കു കൊണ്ടുവരുന്നു.​—⁠1 ദിനവൃത്താന്തം 15:28.

സത്യദൈവത്തിന്‌ ഒരു ആലയം പണിയാനുള്ള ആഗ്രഹം ദാവീദ്‌ പ്രകടിപ്പിക്കുന്നു. എന്നാൽ ആ പദവി ശലോമോനു നൽകിക്കൊണ്ട്‌ യഹോവ ദാവീദുമായി ഒരു രാജ്യ ഉടമ്പടി ചെയ്യുന്നു. ദാവീദ്‌ യിസ്രായേലിന്റെ ശത്രുക്കളോട്‌ ഏറ്റുമുട്ടുമ്പോൾ യഹോവ അവനു വിജയം നൽകിക്കൊണ്ടേയിരിക്കുന്നു. തുടർന്ന്‌ നിയമവിരുദ്ധമായ ഒരു ജനസംഖ്യാ നിർണയത്തിന്റെ അനന്തരഫലമായി 70,000 പേർ കൊല്ലപ്പെടുന്നു. യഹോവയ്‌ക്ക്‌ ഒരു യാഗപീഠം പണിയുന്നതു സംബന്ധിച്ച്‌ ദൂതനിൽനിന്നു നിർദേശം ലഭിച്ചശേഷം ദാവീദ്‌ യെബൂസ്യനായ ഒർന്നാനോട്‌ ഒരു നിലം വിലയ്‌ക്കു വാങ്ങുന്നു. ആ സ്ഥലത്ത്‌ യഹോവയ്‌ക്കുവേണ്ടി “സർവ്വദേശങ്ങൾക്കും അതിമഹത്വമുള്ള” ഒരു ആലയം പണിയാനായി അവൻ വിപുലമായി കാര്യങ്ങൾ ‘വട്ടംകൂട്ടുന്നു.’ (1 ദിനവൃത്താന്തം 22:4, 5) ലേവ്യർ ചെയ്യേണ്ട ജോലികളെല്ലാം ദാവീദ്‌ ക്രമീകരിക്കുന്നു, അതേക്കുറിച്ചുള്ള വിവരങ്ങൾ തിരുവെഴുത്തുകളിൽ മറ്റൊരിടത്തും ഇല്ലാത്തവിധം വിശദമായി ഈ പുസ്‌തകത്തിൽ കാണാം. രാജാവും പ്രജകളും ആലയനിർമാണത്തിലേക്ക്‌ ഉദാരമായി സംഭാവന ചെയ്യുന്നു. അങ്ങനെ 40 വർഷത്തെ ഭരണത്തിനു ശേഷം ദാവീദ്‌ “നന്നാ വയസ്സുചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനുമായി മരിച്ചു; അവന്റെ മകനായ ശലോമോൻ അവന്നു പകരം രാജാവായി [വാഴ്‌ചയാരംഭിക്കുന്നു].”​—⁠1 ദിനവൃത്താന്തം 29:28.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

11:​11—കൊല്ലപ്പെട്ടവരുടെ എണ്ണം ഈ വാക്യത്തിൽ 300 ആയിരിക്കുമ്പോൾ 2 ശമൂവേൽ 23:​8-ലെ സമാന്തര വിവരണത്തിൽ 800 എന്നു പറഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ട്‌? ദാവീദിന്റെ ശൂരന്മാരിൽ വീരപരാക്രമികളായ മൂന്നുപേരുണ്ടായിരുന്നു. അവരുടെ തലവനായിരുന്നു യാശോബെയാം അഥവാ യോശേബ്‌-ബശ്ശേബെത്ത്‌. മറ്റു രണ്ടുപേർ എലെയാസാർ, ശമ്മാ എന്നിവരായിരുന്നു. (2 ശമൂവേൽ 23:8-11) ഇയാൾതന്നെ ചെയ്‌ത രണ്ടു കൃത്യങ്ങളെ കുറിച്ചായിരിക്കാം ഈ രണ്ടു വിവരണങ്ങളിൽ പറഞ്ഞിരിക്കുന്നത്‌. വിവരണങ്ങളിലെ വ്യത്യാസത്തിനു കാരണം അതായിരിക്കാം.

11:​20, 21​—ദാവീദിന്റെ പ്രധാനികളായ മൂന്നു ശൂരപരാക്രമികളോടുള്ള ബന്ധത്തിൽ അബീശായിയുടെ സ്ഥാനമെന്തായിരുന്നു? അബീശായി, ദാവീദിന്റെ സേവകരായ മൂന്നു വീരപരാക്രമികളിൽപ്പെട്ടവനല്ലായിരുന്നു. എന്നിരുന്നാലും, അവൻ യോദ്ധാക്കളായ ‘മുപ്പതു പേർക്ക്‌’ തലവനും അവരിലെല്ലാം മാനമേറിയവനും ആയിരുന്നു. (2 ശമൂവേൽ 23:18, 19, പി.ഒ.സി. ബൈബിൾ) അബീശായിയുടെ കീർത്തി മറ്റു മൂന്നു വീരപരാക്രമികളുടേതിനോടു കിടനിൽക്കുന്നതായിരുന്നു. കാരണം അവൻ യാശോബെയാമിന്റേതുപോലുള്ള വീരകൃത്യമാണു ചെയ്‌തത്‌.

12:​8—ഗാദ്യപടയാളികളുടെ മുഖം ‘സിംഹമുഖം’ ആണെന്നു പറഞ്ഞിരിക്കുന്നത്‌ ഏത്‌ അർഥത്തിൽ? പരാക്രമികളായ ഈ പുരുഷന്മാർ മരുഭൂമിയിൽ ദാവീദിന്റെ പക്ഷത്തുള്ളവരായിരുന്നു. അവർക്കു നീണ്ടുവളർന്ന മുടിയുണ്ടായിരുന്നു. സടപോലെ വളർന്ന മുടി അവർക്കു സിംഹത്തിന്റേതുപോലുള്ള ഒരു രൗദ്രഭാവം നൽകി.

13:​5—“മിസ്രയീമിലെ ശീഹോർ” എന്താണ്‌? ഇത്‌ നൈൽ നദിയുടെ ഒരു ശാഖയാണെന്നു ചിലർ കരുതുന്നു. എന്നാൽ, ഇവിടെ പരാമർശിച്ചിരിക്കുന്നത്‌ വാഗ്‌ദത്ത ദേശത്തിന്റെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള ‘മിസ്രയീം നീർത്താഴ്‌വരയെ’ (NW) ആണെന്നാണ്‌ പൊതുവേ മനസ്സിലാക്കിയിരിക്കുന്നത്‌.​—⁠സംഖ്യാപുസ്‌തകം 34:2, 5; ഉല്‌പത്തി 15:18.

16:​30—യഹോവയുടെ സന്നിധിയിൽ “നടുങ്ങുക” എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥമെന്താണ്‌? “നടുങ്ങുക” എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌ യഹോവയോടുള്ള ഭയാദരവിനെയും ആഴമായ ബഹുമാനത്തെയും കുറിക്കാനാണ്‌.

16:​1, 37-40; 21:​29, 30; 22:19—നിയമപെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നതുമുതൽ ആലയം പണിതതുവരെ ആരാധനാസംബന്ധമായ എന്തു ക്രമീകരണമാണ്‌ യിസ്രായേലിൽ നിലവിലുണ്ടായിരുന്നത്‌? ദാവീദ്‌ നിയമപെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്ന്‌ അവൻ അതിനുവേണ്ടി നിർമിച്ച ഒരു കൂടാരത്തിലാണു വെച്ചത്‌. അതിനാൽ പെട്ടകം വർഷങ്ങളോളം തിരുനിവാസത്തിൽ അഥവാ സമാഗമനകൂടാരത്തിൽ അല്ലായിരുന്നു. പെട്ടകം കൊണ്ടുവന്നശേഷം അത്‌ യെരൂശലേമിലെ ആ കൂടാരത്തിൽത്തന്നെ ഇരുന്നു. തിരുനിവാസം ഗിബെയോനിൽ ആയിരുന്നു. അവിടെ മഹാപുരോഹിതനായ സാദോക്കും സഹോദരന്മാരും ന്യായപ്രമാണപ്രകാരം യാഗങ്ങൾ അർപ്പിച്ചു. ഈ ക്രമീകരണം യെരൂശലേമിൽ ആലയം പൂർത്തിയാകുന്നതുവരെ തുടർന്നു. ആലയം പണിതു തീർന്നപ്പോൾ തിരുനിവാസം ഗിബെയോനിൽനിന്ന്‌ യെരൂശലേമിലേക്കു കൊണ്ടുവരുകയും നിയമപെട്ടകം ആലയത്തിലെ അതിവിശുദ്ധത്തിലേക്കു മാറ്റുകയും ചെയ്‌തു.​—⁠1 രാജാക്കന്മാർ 8:4, 6.

നമുക്കുള്ള പാഠങ്ങൾ:

13:11. നമ്മുടെ ശ്രമങ്ങൾ പരാജയപ്പെടുമ്പോൾ കോപിക്കുകയോ യഹോവയെ കുറ്റപ്പെടുത്തുകയോ ചെയ്യാതെ കാര്യങ്ങൾ വിശകലനം ചെയ്‌ത്‌ അതിനുള്ള കാരണം കണ്ടുപിടിക്കണം. ദാവീദ്‌ ചെയ്‌തത്‌ അതാണ്‌. താൻ വരുത്തിയ പിശക്‌ തിരിച്ചറിഞ്ഞ അവൻ നിയമപെട്ടകം കൊണ്ടുവരേണ്ട രീതിയിൽ കൊണ്ടുവന്നു. അപ്പോൾ ആ ശ്രമം വിജയിച്ചു. *

14:​10, 13-16; 22:​17-19. നമ്മുടെ ആത്മീയ ജീവിതത്തെ ബാധിക്കുന്ന എന്തു തീരുമാനവും എടുക്കുന്നതിനു മുമ്പു നാം എല്ലായ്‌പോഴും യഹോവയോടു പ്രാർഥിക്കുകയും അവന്റെ മാർഗനിർദേശം ആരായുകയും വേണം.

16:​23-29. യഹോവയെ ആരാധിക്കുന്നതിനായിരിക്കണം നമ്മുടെ ജീവിതത്തിൽ പ്രഥമസ്ഥാനം.

18:⁠3. യഹോവ തന്റെ വാഗ്‌ദാനങ്ങൾ നിവർത്തിക്കുന്നവനാണ്‌. അബ്രാഹാമിന്റെ സന്തതികൾക്കു കനാൻ ദേശത്തെ, “മിസ്രയീംനദിതുടങ്ങി ഫ്രാത്ത്‌നദിയായ മഹാനദിവരെയുള്ള . . . ദേശത്തെ” അവകാശമായി കൊടുക്കും എന്ന തന്റെ വാഗ്‌ദാനം അവൻ ദാവീദിലൂടെ നിവർത്തിച്ചു.​—ഉല്‌പത്തി 15:18; 1 ദിനവൃത്താന്തം 13:⁠5.

21:​13-15. ബാധ വരുത്തുന്ന ദൂതനോട്‌ അതു നിറുത്താൻ യഹോവ ആജ്ഞാപിച്ചു. തന്റെ ജനത്തിന്റെ ദുരിതം യഹോവയെ വേദനിപ്പിക്കുന്നുവെന്ന്‌ അതു കാണിക്കുന്നു. അതേ, “അവന്റെ കരുണ ഏറ്റവും വലിയതല്ലോ.” *

22:​5, 9; 29:​3-5, 14-16. യഹോവയുടെ ആലയം പണിയാൻ ദാവീദ്‌ നിയോഗിക്കപ്പെട്ടില്ലെങ്കിലും അവൻ അതിനുവേണ്ടി ഉദാരമായി സംഭാവന ചെയ്‌തു. എന്തുകൊണ്ട്‌? താൻ നേടിയെടുത്തതെല്ലാം യഹോവയുടെ നന്മ മുഖാന്തരം ലഭിച്ചതാണെന്ന്‌ അവനു നന്നായി അറിയാമായിരുന്നു. കൃതജ്ഞതയുടെ അതേ മനോഭാവം ഉദാരമനസ്‌കരായിരിക്കാൻ നമ്മെയും പ്രചോദിപ്പിക്കണം.

24:​7-18. പൗരോഹിത്യ വേലയ്‌ക്കായി പുരോഹിതന്മാരുടെ 24 കൂറുകളെ നിയമിച്ചുകൊണ്ടുള്ള ദാവീദിന്റെ ക്രമീകരണം സ്‌നാപകയോഹന്നാന്റെ പിതാവായ സെഖര്യാവിന്റെ കാലത്തും നിലവിലുണ്ടായിരുന്നു. “അബീയാക്കൂറിൽ”പ്പെട്ട സെഖര്യാവ്‌ ക്രമപ്രകാരം അന്ന്‌ ആലയത്തിൽ സേവനം അനുഷ്‌ഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഒരു ദൂതൻ പ്രത്യക്ഷപ്പെട്ട്‌ യോഹന്നാൻ ജനിക്കുമെന്നു സെഖര്യാവിനെ അറിയിച്ചത്‌. (ലൂക്കൊസ്‌ 1:5, 8, 9) ചരിത്രത്തിൽ ജീവിച്ചിരുന്ന വ്യക്തികളുമായി ബന്ധപ്പെട്ടുള്ളതാണ്‌ സത്യാരാധന, അല്ലാതെ ഏതെങ്കിലും കെട്ടുകഥകളിൽ ആധാരമായിരിക്കുന്നതല്ല. യഹോവയുടെ ഇന്നത്തെ സുസംഘടിതമായ ആരാധനാക്രമത്തിൽ “വിശ്വസ്‌തനും വിവേകിയുമായ അടിമ”യോടു വിശ്വസ്‌തതയോടെ സഹകരിക്കുന്നത്‌ അനുഗ്രഹങ്ങൾ കൈവരുത്തുന്നു.​—മത്തായി 24:​45, NW.

‘നല്ലമനസ്സോടെ’ യഹോവയെ സേവിക്കുക

ഒന്നു ദിനവൃത്താന്തം എന്ന പുസ്‌തകത്തിൽ വംശാവലിരേഖകൾ മാത്രമല്ല ഉള്ളത്‌. ദാവീദ്‌ നിയമപെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നതിനെക്കുറിച്ചും അവന്റെ യുദ്ധവിജയങ്ങളെക്കുറിച്ചും ആലയംപണിക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ആലയശുശ്രൂഷയ്‌ക്കായി ലേവ്യപുരോഹിതന്മാരെ കൂറുകളായി വിഭാഗിച്ച്‌ ക്രമീകരിച്ചതിനെക്കുറിച്ചും ഉള്ള വിവരണം ഇതിലുണ്ട്‌. ഒന്നു ദിനവൃത്താന്തത്തിൽ എസ്രാ വിവരിച്ചിരിക്കുന്ന ഈ കാര്യങ്ങളെല്ലാം യിസ്രായേല്യർക്കു തികച്ചും പ്രയോജനപ്രദമായിരുന്നു എന്നതിൽ സംശയമില്ല. ആലയത്തിൽ യഹോവയെ ആരാധിക്കുന്നതിനുള്ള ശുഷ്‌കാന്തി പുതുക്കാൻ അത്‌ അവരെ സഹായിച്ചു.

ജീവിതത്തിൽ യഹോവയുടെ ആരാധനയ്‌ക്ക്‌ ഏറ്റവും മുന്തിയ സ്ഥാനം നൽകിക്കൊണ്ട്‌ ദാവീദ്‌ രാജാവ്‌ എത്ര ഉദാത്തമായ ദൃഷ്ടാന്തമാണു വെച്ചത്‌! തനിക്കുവേണ്ടി സവിശേഷ പദവികൾ കരസ്ഥമാക്കാൻ ശ്രമിക്കാതെ അവൻ ദൈവേഷ്ടം ചെയ്യാൻ അർപ്പിതനായിരുന്നു. “പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ” യഹോവയെ സേവിക്കുകയെന്ന അവന്റെ ഉപദേശം അനുസരിക്കാൻ നാം ഇതിലൂടെ പ്രോത്സാഹിതരായിത്തീരുന്നു.​—⁠1 ദിനവൃത്താന്തം 28:⁠9.

[അടിക്കുറിപ്പുകൾ]

^ ഖ. 32 പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവരാനുള്ള ദാവീദിന്റെ ശ്രമത്തിൽനിന്ന്‌ ഉൾക്കൊള്ളാനാകുന്ന പാഠങ്ങൾക്ക്‌ 2005 മേയ്‌ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 16-19 പേജുകൾ കാണുക.

^ ഖ. 36 ദാവീദിന്റെ നിയമവിരുദ്ധ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട പാഠങ്ങൾക്ക്‌ 2005 മേയ്‌ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 16-19 പേജുകൾ കാണുക.

[8-11 പേജുകളിലെ ചാർട്ട്‌/ചിത്രങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

പൊ.യു.മു. 4026 ആദാം ആദാംമുതൽ നോഹവരെയുള്ള തലമുറകൾ

(1,056 വർഷം)

130 വർഷം

ശേത്ത്‌

 

105

 

ഏനോശ്‌

 

90

കേനാൻ

 

70

മഹലലേൽ

 

65 ⇩

 

യാരേദ്‌

 

162 ⇩

ഹാനോക്ക്‌

 

65 ⇩

 

മെഥൂശേലഹ്‌

 

187

ലാമെക്ക്‌

 

182

പൊ.യു.മു. 2970 നോഹ പൊ.യു.മു. 2970-ൽ നോഹ ജനിച്ചു

നോഹമുതൽ അബ്രാഹാംവരെയുള്ള

502 വർഷം ⇩ തലമുറകൾ (952 വർഷം)

ശേം

പ്രളയം പൊ.യു.മു. 2370-ൽ

100 ⇩

 

അർപ്പക്ഷദ്‌

 

35

 

ശേലഹ്‌

 

30 ⇩

ഏബെർ

 

34 ⇩

പേലെഗ്‌

 

30 ⇩

 

രെയൂ

 

32 ⇩

 

ശെരൂഗ്‌

 

30 ⇩

 

നാഹോർ

 

29 ⇩

 

തേരഹ്‌

 

130 ⇩

 

പൊ.യു.മു. 2018 അബ്രാഹാം പൊ.യു.മു. 2018-ൽ അബ്രാഹാം ജനിച്ചു

അബ്രാഹാംമുതൽ ദാവീദുവരെ:

100 വർഷം 14 തലമുറകൾ (911 വർഷം)

 

യിസ്‌ഹാക്ക്‌

 

60 ⇩

 

യാക്കോബ്‌

 

ഏകദേശം 88 ⇩

 

യെഹൂദാ

 

 

പാരെസ്‌

 

 

ഹെസ്രോൻ

 

 

രാം (ആരാം)

 

 

അമ്മീനാദാബ്‌

 

 

നഹശോൻ

 

 

ശല്‌മോൻ

 

 

ബോവസ്‌

 

 

ഓബേദ്‌

 

 

യിശ്ശായി

പൊ.യു.മു. 1107-ൽ ദാവീദ്‌ ജനിച്ചു