“ജാഗരൂകർ ആയിരിക്കുവിൻ”—ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു!
“ജാഗരൂകർ ആയിരിക്കുവിൻ”—ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു!
2004/05-ൽ ലോകവ്യാപകമായി നടത്തപ്പെട്ട ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനുകളിൽ പ്രകാശനം ചെയ്‌ത, ജാഗരൂകർ ആയിരിക്കുവിൻ! എന്ന ലഘുപത്രികയുടെ അടിസ്ഥാനത്തിലാണ് ഈ പഠന ലേഖനത്തിലെ വിവരങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
“നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്‌കകൊണ്ടു ഉണർന്നിരിപ്പിൻ [“സദാ ജാഗരൂകർ ആയിരിക്കുവിൻ,” Nw].”—മത്തായി 24:42.
1, 2. യേശു തന്റെ വരവിനെ എന്തിനോട് ഉപമിച്ചു?
വീടുകളിൽ കവർച്ച നടത്തിക്കൊണ്ട് ഒരു കള്ളൻ സമീപ പ്രദേശങ്ങളിൽ വിഹരിക്കുന്നുവെന്ന് അറിഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും? പ്രിയപ്പെട്ടവരുടെയും വിലപിടിപ്പുള്ള വസ്‌തുവകകളുടെയും സംരക്ഷണാർഥം നിങ്ങൾ തീർച്ചയായും സദാ ജാഗ്രത പാലിക്കും, കാരണം സമയം എഴുതി അറിയിച്ചിട്ടല്ലല്ലോ കള്ളന്റെ വരവ്. തികച്ചും അപ്രതീക്ഷിതമായി പാത്തും പതുങ്ങിയും ആണ് അവൻ വരുന്നത്.
2 തന്റെ പല ദൃഷ്ടാന്തങ്ങളിലും യേശു ഒരു കള്ളന്റെ പ്രവർത്തനവിധം പരാമർശിച്ചിരിക്കുന്നു. (ലൂക്കൊസ് 10:30; യോഹന്നാൻ 10:10) അന്ത്യകാലത്തും ന്യായവിധി നിർവഹണത്തിനായുള്ള തന്റെ വരവിനു മുമ്പും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അവൻ ഇങ്ങനെ മുന്നറിയിപ്പു നൽകി: “നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്‌കകൊണ്ടു ഉണർന്നിരിപ്പിൻ [“സദാ ജാഗരൂകർ ആയിരിക്കുവിൻ,” NW]. കള്ളൻ വരുന്ന യാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്റെ വീടു തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.” (മത്തായി 24:42, 43) ഇപ്രകാരം യേശു തന്റെ വരവിനെ ഉചിതമായും ഒരു കള്ളന്റെ അപ്രതീക്ഷിത വരവിനോട് ഉപമിച്ചു.
3, 4. (എ) തന്റെ വരവിനെക്കുറിച്ചുള്ള യേശുവിന്റെ മുന്നറിയിപ്പിനു ചെവികൊടുക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു? (ബി) ഏതു ചോദ്യങ്ങൾ പരിചിന്തനം അർഹിക്കുന്നു?
3 യേശു വരുന്ന കൃത്യദിവസം അജ്ഞാതമായിരിക്കും എന്നതിനാൽ ആ ദൃഷ്ടാന്തം ശരിക്കും യോജിച്ചതായിരുന്നു. ഇതേ പ്രവചനത്തിന്റെ ഭാഗമായി യേശു ഇപ്രകാരം പറഞ്ഞിരുന്നു: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്തായി 24:36) അതുകൊണ്ട് “ഒരുങ്ങിയിരിക്കുന്നവരെന്നു തെളിയിക്കുവിൻ” എന്ന് അവൻ തന്റെ ശ്രോതാക്കളെ ഉദ്‌ബോധിപ്പിച്ചു. (മത്തായി 24:44, NW) യേശുവിന്റെ മുന്നറിയിപ്പിനു ചെവികൊടുക്കുന്നവർ, യഹോവയുടെ ന്യായവിധിനിർവാഹകനെന്ന നിലയിൽ അവൻ വരുന്നത് എപ്പോഴായാലും ശരി, ഉചിതമാംവിധം ജീവിച്ചുകൊണ്ട് ഒരുങ്ങിയിരിക്കുന്നവർ ആയിരിക്കും.
4 ഇതിനോടുള്ള ബന്ധത്തിൽ ചില സുപ്രധാന ചോദ്യങ്ങൾ ഉദിക്കുന്നു: യേശുവിന്റെ മുന്നറിയിപ്പ് ലോകത്തിലെ ആളുകൾക്കുവേണ്ടി മാത്രം ഉള്ളതാണോ, അതോ സത്യക്രിസ്‌ത്യാനികളും “സദാ ജാഗരൂകർ ആയിരി”ക്കേണ്ടതുണ്ടോ? “സദാ ജാഗരൂകർ ആയിരി”ക്കേണ്ടത് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്, അതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
ആർക്കുള്ള മുന്നറിയിപ്പ്?
5. “സദാ ജാഗരൂകർ ആയിരിക്കുവിൻ” എന്ന മുന്നറിയിപ്പ് സത്യക്രിസ്‌ത്യാനികൾക്കു ബാധകമാണെന്നു നാം എങ്ങനെ അറിയുന്നു?
5 ആസന്നമായ വിനാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പു ശ്രദ്ധിക്കാൻ കൂട്ടാക്കാത്ത ലോകത്തിലെ ആളുകളെ സംബന്ധിച്ചിടത്തോളം കർത്താവിന്റെ വരവ് ഒരു കള്ളനെപ്പോലെ ആയിരിക്കുമെന്നതിനു സംശയമില്ല. (2 പത്രൊസ് 3:3-7) എന്നാൽ സത്യക്രിസ്‌ത്യാനികളെ സംബന്ധിച്ചെന്ത്? പൗലൊസ് അപ്പൊസ്‌തലൻ സഹവിശ്വാസികൾക്ക് ഇങ്ങനെ എഴുതി: “കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ [“യഹോവയുടെ ദിവസം,” NW] വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ.” (1 തെസ്സലൊനീക്യർ 5:2) “യഹോവയുടെ ദിവസം വരുന്നു” എന്ന കാര്യത്തിൽ നമുക്കു യാതൊരു സംശയവുമില്ല. എന്നാൽ ആ വസ്‌തുത, നാം സദാ ജാഗരൂകർ ആയിരിക്കേണ്ടതിന്റെ പ്രാധാന്യം കുറച്ചുകളയുന്നുണ്ടോ? “നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരു”ന്നുവെന്ന് യേശു പറഞ്ഞത് തന്റെ ശിഷ്യന്മാരോട് ആയിരുന്നുവെന്നതു ശ്രദ്ധിക്കുക. (മത്തായി 24:44) മുമ്പ്, തുടർച്ചയായി രാജ്യം അന്വേഷിക്കാൻ ശിഷ്യന്മാരെ ഉദ്‌ബോധിപ്പിക്കവേ യേശു അവർക്ക് ഇങ്ങനെ മുന്നറിയിപ്പു നൽകിയിരുന്നു: “നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.” (ലൂക്കൊസ് 12:31, 40) “സദാ ജാഗരൂകർ ആയിരിക്കുവിൻ” എന്ന മുന്നറിയിപ്പു നൽകിയപ്പോൾ യേശുവിന്റെ മനസ്സിൽ തന്റെ അനുഗാമികൾ ഉണ്ടായിരുന്നു എന്നതു വ്യക്തമല്ലേ?
6. നാം ‘സദാ ജാഗരൂകർ ആയിരിക്കേണ്ടത്’ എന്തുകൊണ്ട്?
6 നാം ‘സദാ ജാഗരൂകർ ആയിരിക്കുകയും’ ‘ഒരുങ്ങിയിരിക്കുകയും’ ചെയ്യേണ്ടത് എന്തുകൊണ്ട്? യേശു ഇപ്രകാരം വിശദീകരിച്ചു: “അന്നു രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും. രണ്ടുപേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.” (മത്തായി 24:40, 41) ഒരുങ്ങിയിരിക്കുന്നവരെന്നു തെളിയിക്കുന്ന വ്യക്തികളാണ് ഈ അഭക്തലോകം നശിപ്പിക്കപ്പെടുമ്പോൾ ‘കൈക്കൊള്ളപ്പെടുന്നത്’ അഥവാ രക്ഷപ്രാപിക്കുന്നത്. മറ്റുള്ളവർ നാശത്തിലേക്ക് ‘ഉപേക്ഷിക്കപ്പെടും,’ എന്തുകൊണ്ടെന്നാൽ അവർ തങ്ങൾക്കു ബോധിച്ച രീതിയിലുള്ള ഒരു ജീവിതഗതി സ്വാർഥപൂർവം പിന്തുടരുകയായിരുന്നു. സത്യം അറിഞ്ഞശേഷം ജാഗരൂകരായി തുടരുന്നതിൽ പരാജയപ്പെട്ട വ്യക്തികളും ഇവരിൽ ഉൾപ്പെട്ടേക്കാം.
7. അന്ത്യം എപ്പോൾ വരുമെന്ന് അറിയില്ലാത്തത് എന്തു ചെയ്യാൻ നമുക്ക് അവസരം നൽകുന്നു?
7 ഈ പഴയ വ്യവസ്ഥിതിയുടെ അന്ത്യം സംഭവിക്കുന്ന കൃത്യദിവസം നമുക്കറിയില്ല എന്നത്, നാം ദൈവത്തെ സേവിക്കുന്നതു ശുദ്ധമായ ആന്തരത്തോടെയാണെന്നു തെളിയിക്കാൻ നമുക്ക് അവസരം നൽകുന്നു. എങ്ങനെ? അന്ത്യം വരാൻ വളരെ സമയമെടുക്കുന്നതായി തോന്നിയേക്കാം. സങ്കടകരമെന്നു പറയട്ടെ, അങ്ങനെ ചിന്തിക്കുന്ന ചില ക്രിസ്‌ത്യാനികൾ യഹോവയുടെ സേവനത്തിൽ മന്ദീഭവിച്ചുപോകാൻ തങ്ങളെത്തന്നെ അനുവദിച്ചിരിക്കുന്നു. എന്നാൽ നമ്മെത്തന്നെ യഹോവയ്‌ക്കു സമർപ്പിക്കുകവഴി, യാതൊരു വ്യവസ്ഥയും കൂടാതെ അവനെ സേവിച്ചുകൊള്ളാമെന്നു വാക്കുകൊടുത്തിട്ടുള്ളവരാണു നാം. അവസാന നിമിഷത്തിലുള്ള ഒരു തീക്ഷ്‌ണതാപ്രകടനം ദൈവത്തെ സംപ്രീതനാക്കുകയില്ലെന്ന് യഹോവയെ മനസ്സിലാക്കിയിരിക്കുന്നവർക്ക് അറിയാം. ഹൃദയത്തിൽ എന്താണുള്ളതെന്ന് അവൻ കാണുന്നു.—1 ശമൂവേൽ 16:7.
8. സദാ ജാഗരൂകർ ആയിരിക്കാൻ യഹോവയോടുള്ള സ്‌നേഹം നമ്മെ പ്രേരിപ്പിക്കുന്നത് എങ്ങനെ?
8 യഹോവയെ ആത്മാർഥമായി സ്‌നേഹിക്കുന്നതിനാൽ അവന്റെ ഇഷ്ടം ചെയ്യുന്നതിൽ നാം ഏറ്റവുമധികം സന്തോഷിക്കുന്നു. (സങ്കീർത്തനം 40:8; മത്തായി 26:39) കൂടാതെ, സകല നിത്യതയിലും യഹോവയെ സേവിക്കുക എന്നതാണ് നമ്മുടെ ആഗ്രഹം. ഒരുപക്ഷേ നാം പ്രതീക്ഷിച്ചിരുന്നതിലും അൽപ്പംകൂടെ കാത്തിരിക്കണം എന്നതുകൊണ്ടുമാത്രം ആ പ്രത്യാശ മാറ്റു കുറഞ്ഞതായിത്തീരുന്നില്ല. സർവോപരി, യഹോവയുടെ ദിവസം അവന്റെ ഉദ്ദേശ്യനിവൃത്തിയോടുള്ള ബന്ധത്തിൽ ചെയ്യാനിരിക്കുന്ന കാര്യങ്ങളിലുള്ള നമ്മുടെ അതിയായ താത്‌പര്യം നിമിത്തമാണു നാം സദാ ജാഗരൂകർ ആയിരിക്കുന്നത്. ദൈവത്തെ പ്രീതിപ്പെടുത്താനുള്ള നമ്മുടെ ആത്മാർഥമായ ആഗ്രഹം, ദൈവവചനത്തിലെ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ ജീവിക്കാനും അവന്റെ രാജ്യത്തിനു ജീവിതത്തിൽ പ്രഥമസ്ഥാനം നൽകാനും നമ്മെ പ്രേരിപ്പിക്കുന്നു. (മത്തായി 6:33; 1 യോഹന്നാൻ 5:3) നാം സദാ ജാഗരൂകർ ആയിരിക്കുന്നത് നമ്മുടെ ദൈനംദിന തീരുമാനങ്ങളെയും ജീവിതരീതിയെയും എങ്ങനെ സ്വാധീനിക്കണമെന്നു നമുക്കു പരിചിന്തിക്കാം.
നിങ്ങളുടെ ജീവിതം നീങ്ങുന്നത് എങ്ങോട്ട്?
9. ലോകത്തിലെ ആളുകൾ നമ്മുടെ കാലത്തിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടത് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
9 ഗുരുതരമായ പ്രശ്‌നങ്ങളും ഞെട്ടിക്കുന്ന സംഭവങ്ങളും ഇന്നു സർവസാധാരണം ആയിത്തീർന്നിരിക്കുന്നുവെന്ന് അനേകർ തിരിച്ചറിയുന്നു. കൂടാതെ, ജീവിതത്തിന്റെ ഇപ്പോഴത്തെ ഗതിയിൽ അവർ സന്തുഷ്ടർ അല്ലായിരിക്കാം. എന്നാൽ ലോകാവസ്ഥകളുടെ യഥാർഥ അർഥം എന്താണെന്ന് അവർക്ക് അറിയാമോ? “ലോകാവസാന”കാലത്ത് അഥവാ വ്യവസ്ഥിതിയുടെ സമാപനകാലത്ത് ആണു നാം ജീവിക്കുന്നതെന്ന് അവർ തിരിച്ചറിയുന്നുണ്ടോ? (മത്തായി 24:3) ഇന്നു വ്യാപകമായിരിക്കുന്ന സ്വാർഥവും അക്രമാസക്തവും ഭക്തിവിരുദ്ധവുംപോലും ആയ മനോഭാവങ്ങൾ ഈ നാളുകളെ “അന്ത്യകാല”മായി തിരിച്ചറിയിക്കുന്നുവെന്ന് അവർ മനസ്സിലാക്കുന്നുണ്ടോ? (2 തിമൊഥെയൊസ് 3:1-5) അവർ ഇതിന്റെയെല്ലാം പ്രാധാന്യം തിരിച്ചറിയുകയും തങ്ങളുടെ ജീവിതം ഏതു ദിശയിലാണു നീങ്ങുന്നത് എന്നതിനു ശ്രദ്ധകൊടുക്കുകയും ചെയ്യേണ്ടത് അടിയന്തിരമാണ്.
10. നാം സദാ ജാഗരൂകർ ആണെന്ന് ഉറപ്പുവരുത്താൻ നാം എന്തു ചെയ്യണം?
10 നമ്മെ സംബന്ധിച്ചെന്ത്? തൊഴിൽ, ആരോഗ്യം, കുടുംബം, ആരാധന എന്നിവയോടുള്ള ബന്ധത്തിൽ നമുക്ക് അനുദിനം തീരുമാനങ്ങൾ എടുക്കേണ്ടതായി വരുന്നു. ഇക്കാര്യങ്ങളിൽ ബൈബിൾ എന്താണു പറയുന്നതെന്നു നമുക്ക് അറിയാം, അതെല്ലാം ബാധകമാക്കാൻ നാം ശ്രമിക്കുകയും ചെയ്യുന്നു. അതിനാൽ നാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കണം: ‘ശരിയായ പാതയിൽനിന്ന് എന്നെ വ്യതിചലിപ്പിക്കാൻ ജീവിതോത്‌കണ്‌ഠകളെ ഞാൻ അനുവദിച്ചിരിക്കുന്നുവോ? എന്തു തിരഞ്ഞെടുപ്പുകൾ നടത്തുമെന്നു നിശ്ചയിക്കാൻ ലോകത്തിന്റെ തത്ത്വജ്ഞാനത്തെയും ചിന്താഗതികളെയും ഞാൻ അനുവദിക്കുന്നുണ്ടോ?’ (ലൂക്കൊസ് 21:34-36; കൊലൊസ്സ്യർ 2:8) സ്വന്തവിവേകത്തിൽ ആശ്രയിക്കുന്നതിനു പകരം പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുന്നുവെന്നു നാം സദാ പ്രകടമാക്കേണ്ടതുണ്ട്. (സദൃശവാക്യങ്ങൾ 3:5) അങ്ങനെ, ദൈവത്തിന്റെ പുതിയലോകത്തിലെ നിത്യജീവൻ ആകുന്ന “സാക്ഷാലുള്ള ജീവ[ന്റെ]”മേൽ ഒരു ദൃഢമായ പിടി നിലനിറുത്താൻ നമുക്കാകും.—1 തിമൊഥെയൊസ് 6:12, 19.
11-13. (എ) നോഹയുടെ നാളിലെ സംഭവങ്ങളിൽനിന്നു നമുക്ക് എന്തു പഠിക്കാം? (ബി) ലോത്തിന്റെ നാളിലെ സംഭവങ്ങൾ നമ്മെ എന്തു പഠിപ്പിക്കുന്നു?
11 സദാ ജാഗരൂകർ ആയിരിക്കാൻ നമ്മെ സഹായിക്കുന്ന നിരവധി മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്. നോഹയുടെ കാലത്തു സംഭവിച്ചതിനെക്കുറിച്ചു ചിന്തിക്കുക. വളരെ നേരത്തേതന്നെ ദൈവം മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ നോഹയും കുടുംബവും ഒഴികെ ആരും അതു ഗൗനിച്ചില്ല. (2 പത്രൊസ് 2:5) അതു സംബന്ധിച്ച് യേശു ഇങ്ങനെ പറഞ്ഞു: “നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും. ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.” (മത്തായി 24:37-39) ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും? നമ്മിൽ ആരെങ്കിലും, ജീവിതത്തിൽ ഒന്നാമതു വെക്കാൻ ദൈവം ഉദ്‌ബോധിപ്പിച്ചിരിക്കുന്ന ആത്മീയ പ്രവർത്തനങ്ങളെ പിന്തള്ളാൻ ലൗകിക കാര്യാദികളെ, ജീവിതത്തിലെ സാധാരണ പ്രവർത്തനങ്ങളെപ്പോലും, അനുവദിക്കുന്നുണ്ടെങ്കിൽ നമ്മുടെ സാഹചര്യത്തെക്കുറിച്ചു നാം സഗൗരവം ചിന്തിക്കേണ്ടതുണ്ട്.—റോമർ 14:17.
12 ലോത്തിന്റെ നാളുകളെക്കുറിച്ചും ചിന്തിക്കുക. അവനും കുടുംബവും താമസിച്ചിരുന്ന സൊദോം, ഭൗതികമായി സമ്പദ്‌സമൃദ്ധമായ ഒരു പട്ടണമായിരുന്നു. എന്നാൽ അവിടത്തെ ധാർമികനില അങ്ങേയറ്റം അധഃപതിച്ചിരുന്നു. ആ ദേശത്തെ നശിപ്പിക്കാൻ യഹോവ ദൂതന്മാരെ അയച്ചു. പിന്തിരിഞ്ഞുനോക്കാതെ സൊദോമിൽനിന്ന് ഓടിപ്പോകാൻ അവർ ലോത്തിനെയും കുടുംബത്തെയും പ്രോത്സാഹിപ്പിച്ചു. അങ്ങനെ അവർ നഗരംവിട്ടു പുറത്തുകടന്നു. എന്നാൽ വ്യക്തമായും, ലോത്തിന്റെ ഭാര്യക്കു സൊദോമിലുള്ള അവളുടെ ഭവനം മറന്നുകളയാനായില്ല. തിരിഞ്ഞുനോക്കിക്കൊണ്ട് അനുസരണക്കേടു പ്രകടിപ്പിച്ച അവൾക്ക് വിലയായി സ്വന്തം ജീവൻതന്നെ ഒടുക്കേണ്ടിവന്നു. (ഉല്‌പത്തി 19:15-26) “ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ” എന്നു പറഞ്ഞുകൊണ്ട് യേശു മുന്നറിയിപ്പു നൽകി. നാം അതിനു ചേർച്ചയിൽ പ്രവർത്തിക്കുന്നുണ്ടോ?—ലൂക്കൊസ് 17:32.
13 ദിവ്യ മുന്നറിയിപ്പുകൾ കേട്ടനുസരിച്ചവർ നാശത്തെ അതിജീവിച്ചു. നോഹയുടെയും കുടുംബത്തിന്റെയും ലോത്തിന്റെയും പുത്രിമാരുടെയും കാര്യത്തിൽ അതു സത്യമായിരുന്നു. (2 പത്രൊസ് 2:9, 10) ഈ ദൃഷ്ടാന്തങ്ങൾ നൽകുന്ന മുന്നറിയിപ്പുകളിൽനിന്നു പാഠം ഉൾക്കൊള്ളുമ്പോൾത്തന്നെ നീതിസ്‌നേഹികൾക്കായി അവയിൽ അടങ്ങിയിരിക്കുന്ന രക്ഷാസന്ദേശത്താൽ നാം പ്രോത്സാഹിതരായിത്തീരുകയും ചെയ്യുന്നു. ‘നീതി വസിക്കുന്ന പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും’ കുറിച്ചുള്ള ദൈവിക വാഗ്‌ദാനം നിവൃത്തിയേറുമെന്ന ഉറച്ച പ്രത്യാശ അതു നമ്മുടെ ഹൃദയങ്ങളിൽ നിറയ്‌ക്കുന്നു.—2 പത്രൊസ് 3:13.
“ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു”!
14, 15. (എ) ന്യായവിധി “നാഴിക”യിൽ എന്ത് ഉൾപ്പെടുന്നു? (ബി) ‘ദൈവത്തെ ഭയപ്പെട്ട് അവനു മഹത്ത്വം കൊടുക്കുന്നതിൽ’ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
14 സദാ ജാഗരൂകർ ആയിരിക്കവേ നമുക്ക് എന്തു പ്രതീക്ഷിക്കാനാകും? ദൈവോദ്ദേശ്യം പടിപടിയായി നിവൃത്തിയേറുന്നത് എങ്ങനെയെന്നു വെളിപ്പാടു പുസ്‌തകം പ്രകടമാക്കുന്നു. അതു പറയുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നത് ഒരുങ്ങിയിരിക്കുന്നവരെന്നു തെളിയിക്കുന്നതിൽ മർമപ്രധാനമാണ്. ആ പ്രവചനം, “കർത്തൃദിവസത്തിൽ” നടക്കാനിരുന്ന സംഭവങ്ങളുടെ ജീവസ്സുറ്റ ചിത്രം പ്രദാനം ചെയ്യുന്നു. (വെളിപ്പാടു 1:10) 1914-ൽ ക്രിസ്‌തു സ്വർഗത്തിൽ രാജാവായപ്പോഴാണ് ആ കാലഘട്ടം ആരംഭിച്ചത്. “നിത്യസുവിശേഷം” ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ഒരു ദൂതനിലേക്കു വെളിപ്പാടു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. അവൻ അത്യുച്ചത്തിൽ ഇങ്ങനെ വിളിച്ചുപറയുന്നു: “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു.” (വെളിപ്പാടു 14:6, 7) ന്യായവിധിയുടെ “നാഴിക” ഹ്രസ്വമായ ഒരു കാലഘട്ടമാണ്. പ്രസ്‌തുത പ്രവചനത്തിൽ വർണിച്ചിരിക്കുന്ന ന്യായവിധികളുടെ പ്രഖ്യാപനവും നിർവഹണവും അതിൽ ഉൾപ്പെടുന്നു. നാം ജീവിക്കുന്നത് ആ കാലഘട്ടത്തിലാണ്.
സദൃശവാക്യങ്ങൾ 8:13) ദൈവത്തോടു നമുക്ക് ആദരവുണ്ടെങ്കിൽ ആഴമായ ബഹുമാനത്തോടെ നാം അവനെ ശ്രദ്ധിക്കും. ദൈവവചനമായ ബൈബിൾ ക്രമമായി വായിക്കാൻ സമയമില്ലാത്തവിധം നാം തിരക്കുള്ളവർ ആയിരിക്കുകയില്ല. ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്നതു സംബന്ധിച്ച അവന്റെ ബുദ്ധിയുപദേശം ലാഘവത്തോടെ എടുക്കുകയുമില്ല. (എബ്രായർ 10:24, 25) ദൈവത്തിന്റെ മിശിഹൈക രാജ്യം സംബന്ധിച്ച സുവാർത്ത ഘോഷിക്കുന്നതിനുള്ള പദവിയെ നാം അമൂല്യമായി കരുതുകയും സതീക്ഷ്‌ണം അതു പ്രസംഗിക്കുകയും ചെയ്യും. പൂർണഹൃദയത്തോടെ നാം എല്ലായ്‌പോഴും യഹോവയിൽ ആശ്രയിക്കും. (സങ്കീർത്തനം 62:8) യഹോവ സാർവത്രിക പരമാധികാരിയാണെന്നു തിരിച്ചറിയുന്ന നാം, ജീവിതത്തിലുടനീളം മനസ്സോടെ കീഴ്‌പെട്ടുകൊണ്ട് അവനെ ആദരിക്കുന്നു. ഈ വിധങ്ങളിലെല്ലാം നിങ്ങൾ യഥാർഥത്തിൽ ദൈവത്തെ ഭയപ്പെടുകയും അവനു മഹത്ത്വം കൊടുക്കുകയും ചെയ്യുന്നുണ്ടോ?
15 ഇപ്പോൾ, ന്യായവിധി നാഴിക സമാപിക്കുന്നതിനുമുമ്പ് നമുക്കുള്ള ആഹ്വാനം ഇതാണ്: “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ.” ഇതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ദൈവത്തോടുള്ള ഉചിതമായ ഭയം തിന്മ വിട്ടുതിരിയാൻ നമ്മെ പ്രാപ്‌തരാക്കേണ്ടതാണ്. (16. മഹാബാബിലോണിന്റെ ന്യായവിധിയെക്കുറിച്ചുള്ള, വെളിപ്പാടു 14:8-ലെ പ്രസ്‌താവന നിവൃത്തിയേറിക്കഴിഞ്ഞുവെന്നു പറയാനാകുന്നത് എന്തുകൊണ്ട്?
16 ന്യായവിധി നാഴികയിൽ സംഭവിക്കാനിരിക്കുന്ന കൂടുതലായ കാര്യങ്ങളെക്കുറിച്ച് വെളിപ്പാടു 14-ാം അധ്യായം തുടർന്നു പ്രസ്‌താവിക്കുന്നു. ആദ്യംതന്നെ, വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോണിനെ അതു പരാമർശിക്കുന്നു: “രണ്ടാമതു വേറൊരു ദൂതൻ പിൻചെന്നു: വീണുപോയി; . . . മഹതിയാം ബാബിലോൻ വീണുപോയി എന്നു പറഞ്ഞു.” (വെളിപ്പാടു 14:8) അതേ, ദൈവത്തിന്റെ ദൃഷ്ടിയിൽ മഹാബാബിലോൺ വീണുകഴിഞ്ഞിരിക്കുന്നു. 1919-ൽ യഹോവയുടെ അഭിഷിക്ത ദാസർ, സഹസ്രാബ്ദങ്ങളായി വംശങ്ങളെയും ജനതകളെയും അടക്കിവാഴുന്ന ബാബിലോണ്യ ഉപദേശങ്ങളുടെയും ആചാരങ്ങളുടെയും ബന്ധനത്തിൽനിന്നു സ്വതന്ത്രരായിത്തീർന്നു. (വെളിപ്പാടു 17:1, 15) അങ്ങനെ, സത്യാരാധനയുടെ ഉന്നമനത്തിനായി തങ്ങളെത്തന്നെ അർപ്പിക്കാൻ അവർ പ്രാപ്‌തരായിത്തീർന്നു. അന്നുമുതൽ ദൈവരാജ്യത്തിന്റെ സുവാർത്ത ഗോളവ്യാപകമായി പ്രസംഗിക്കപ്പെട്ടിരിക്കുന്നു.—മത്തായി 24:14.
17. മഹാബാബിലോണിനെ വിട്ടുപോരുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
17 എന്നാൽ മഹാബാബിലോണിനെതിരെയുള്ള ദൈവത്തിന്റെ ന്യായവിധി അവിടംകൊണ്ട് അവസാനിക്കുന്നില്ല. അവളുടെ അന്തിമ നാശം പെട്ടെന്നുതന്നെ വരാനിരിക്കുകയാണ്. (വെളിപ്പാടു 18:21) മഹാബാബിലോണിന്റെ “പാപങ്ങളിൽ കൂട്ടാളികളാകാതെ”യിരിക്കാൻ “അവളെ വിട്ടുപോരുവിൻ” എന്ന് എല്ലായിടത്തുമുള്ള ആളുകളെ ബൈബിൾ ആഹ്വാനം ചെയ്യുന്നതു തക്ക കാരണത്തോടെയാണ്. (വെളിപ്പാടു 18:4, 5) നാം എങ്ങനെയാണു മഹാബാബിലോണിനെ വിട്ടുപോരുന്നത്? വ്യാജമതവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതിലധികം അതിൽ ഉൾപ്പെട്ടിരിക്കുന്നു. ജനപ്രീതിയാർജിച്ച അനവധി ആഘോഷങ്ങൾ, ആചാരങ്ങൾ, ലൈംഗികതയോടുള്ള ലോകത്തിന്റെ അനുവാദാത്മക മനോഭാവം, ആത്മവിദ്യ ഉൾപ്പെട്ടിരിക്കുന്ന വിനോദത്തിന്റെ ഉന്നമിപ്പിക്കൽ തുടങ്ങിയ അനേകം കാര്യങ്ങളിൽ ബാബിലോണ്യ സ്വാധീനം ദൃശ്യമാണ്. സദാ ജാഗരൂകർ ആയിരിക്കാൻ, പ്രവർത്തനങ്ങളിലും ഹൃദയത്തിന്റെ മോഹങ്ങളിലും നാം സമ്പൂർണമായും യഥാർഥമായും മഹാബാബിലോണിൽനിന്നു വിട്ടുനിൽക്കുന്നു എന്നതിനു തെളിവു നൽകുന്നതു മർമപ്രധാനമാണ്.
18. വെളിപ്പാടു 14:9, 10-ന്റെ വീക്ഷണത്തിൽ, എന്ത് ഒഴിവാക്കാൻ ജാഗരൂകരായ ക്രിസ്‌ത്യാനികൾ ശ്രദ്ധ പാലിക്കുന്നു?
18 “ന്യായവിധിയുടെ നാഴിക” സംബന്ധിച്ച് വെളിപ്പാടു 14:9, 10 മറ്റൊരു കാര്യം രേഖപ്പെടുത്തുന്നു. വേറൊരു ദൂതൻ പറയുന്നു: “മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്‌കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏല്‌ക്കുന്നവൻ . . . ദൈവക്രോധമദ്യം കുടിക്കേണ്ടിവരും.” എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, യഹോവയുടെ പരമാധികാരത്തെ അംഗീകരിക്കാത്ത മാനുഷ ഭരണാധിപത്യത്തെയാണ് ‘മൃഗവും അതിന്റെ പ്രതിമയും’ പ്രതീകപ്പെടുത്തുന്നത്. ജാഗരൂകരായ ക്രിസ്‌ത്യാനികൾ അവയാൽ സ്വാധീനിക്കപ്പെടാൻ തങ്ങളെത്തന്നെ അനുവദിക്കുന്നില്ല. സത്യദൈവമായ യഹോവയുടെ സാർവത്രിക പരമാധികാരത്തെ അംഗീകരിക്കാൻ കൂട്ടാക്കാത്ത വ്യക്തികൾക്കു ദാസ്യവേല ചെയ്യുന്നവരായി തങ്ങളുടെ മനോഭാവത്തിലോ പ്രവർത്തനത്തിലോ മുദ്രയിടപ്പെടാതിരിക്കാൻ അവർ ശ്രദ്ധയുള്ളവരാണ്. ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞെന്നും സകല മാനുഷ ഭരണാധിപത്യങ്ങളെയും തുടച്ചുനീക്കിയശേഷം അത് എന്നേക്കും നിലനിൽക്കുമെന്നും ക്രിസ്‌ത്യാനികൾക്ക് അറിയാം.—ദാനീയേൽ 2:44.
നിങ്ങളുടെ അടിയന്തിരതാബോധം കാത്തുസൂക്ഷിക്കുക!
19, 20. (എ) നാം അന്ത്യനാളുകളുടെ പാരമ്യത്തോട് അടുക്കുന്തോറും സാത്താൻ എന്തു ചെയ്യാൻ ശ്രമിക്കുമെന്ന് നാം തീർച്ചയായും പ്രതീക്ഷിക്കണം? (ബി) നാം എന്തു ചെയ്യാൻ ദൃഢനിശ്ചയമുള്ളവർ ആയിരിക്കണം?
19 നാം അന്ത്യനാളുകളുടെ പാരമ്യത്തോട് അടുക്കുന്തോറും സമ്മർദങ്ങളും പ്രലോഭനങ്ങളും വർധിക്കുകയേയുള്ളൂ. നശിക്കാറായ ഈ വ്യവസ്ഥിതിയിൽ സ്വന്തം അപൂർണതകളുമായി നാം മല്ലിട്ടു ജീവിക്കുന്നിടത്തോളംകാലം അനാരോഗ്യം, വാർധക്യം, പ്രിയപ്പെട്ടവരുടെ വേർപാട്, വ്രണിത വികാരങ്ങൾ, രാജ്യസന്ദേശത്തോടുള്ള ആളുകളുടെ നിസ്സംഗത എന്നിങ്ങനെ അനേകം സംഗതികൾ നമ്മെ പ്രതികൂലമായി ബാധിക്കുന്നു. നാം അഭിമുഖീകരിക്കുന്ന സമ്മർദങ്ങളെ മുതലെടുത്തുകൊണ്ട് സുവാർത്താ പ്രസംഗത്തിൽനിന്നോ ദൈവിക നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതിൽനിന്നോ നമ്മെ പിന്തിരിപ്പിക്കാൻ സാത്താൻ അതിയായി ആഗ്രഹിക്കുന്നുവെന്ന കാര്യം ഒരിക്കലും മറക്കരുത്. (എഫെസ്യർ 6:11-13) നാം ജീവിക്കുന്ന കാലത്തെ സംബന്ധിച്ച അടിയന്തിരതാബോധം നഷ്ടപ്പെടുത്തിക്കളയാനുള്ള സമയമല്ല ഇത്!
20 ശ്രമം ഉപേക്ഷിക്കാനുള്ള കടുത്ത സമ്മർദത്തെ നാം നേരിടുമെന്ന് അറിയാമായിരുന്നതിനാൽ യേശു നമ്മെ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്‌കകൊണ്ടു ഉണർന്നിരിപ്പിൻ [“സദാ ജാഗരൂകർ ആയിരിക്കുവിൻ,” NW].” (മത്തായി 24:42) അതുകൊണ്ട് കാലത്തിന്റെ നീരൊഴുക്കിൽ നാം എത്തിനിൽക്കുന്നത് എവിടെയാണ് എന്നതു സംബന്ധിച്ചു നമുക്കു സദാ ജാഗരൂകർ ആയിരിക്കാം. നാം മന്ദീഭവിക്കാനോ സത്യം വിട്ടുകളയാനോ ഇടയാക്കുംവിധം സാത്താൻ പ്രയോഗിച്ചേക്കാവുന്ന തന്ത്രങ്ങൾക്കെതിരെ നമുക്കു ജാഗ്രത പാലിക്കാം. ദൈവരാജ്യ സുവാർത്ത മുമ്പെന്നത്തേതിലും തീക്ഷ്‌ണതയോടും നിശ്ചയദാർഢ്യത്തോടും കൂടെ പ്രസംഗിക്കാൻ നമുക്കു ദൃഢനിശ്ചയം ഉള്ളവർ ആയിരിക്കാം. “സദാ ജാഗരൂകർ ആയിരിക്കുവിൻ” എന്ന യേശുവിന്റെ മുന്നറിയിപ്പിനു ചെവികൊടുക്കവേ, അടിയന്തിരതാബോധം തീർച്ചയായും നമുക്കു കാത്തുസൂക്ഷിക്കാം. അങ്ങനെ ചെയ്യുമ്പോൾ, നാം യഹോവയ്‌ക്കു മഹത്ത്വം കൈവരുത്തുകയും നിത്യാനുഗ്രഹങ്ങൾ പ്രാപിക്കാനിരിക്കുന്നവരുടെ കൂട്ടത്തിൽ നിലകൊള്ളുകയും ചെയ്യും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• “സദാ ജാഗരൂകർ ആയിരി”ക്കാനുള്ള യേശുവിന്റെ മുന്നറിയിപ്പ് സത്യക്രിസ്‌ത്യാനികൾക്കു ബാധകമാണെന്നു നാം എങ്ങനെ അറിയുന്നു?
• “സദാ ജാഗരൂകർ ആയിരി”ക്കാൻ ബൈബിളിലെ ഏതു മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾക്കു നമ്മെ സഹായിക്കാനാകും?
• എന്താണു ന്യായവിധി നാഴിക, അതിന്റെ സമാപനത്തിനുമുമ്പ് എന്തു ചെയ്യാൻ നാം പ്രോത്സാഹിപ്പിക്കപ്പെടുന്നു?
[അധ്യയന ചോദ്യങ്ങൾ]
[23-ാം പേജിലെ ചിത്രം]
യേശു തന്റെ വരവിനെ ഒരു കള്ളന്റെ വരവിനോട് ഉപമിച്ചു
[24-ാം പേജിലെ ചിത്രം]
മഹാബാബിലോണിന്റെ നാശം സമീപിച്ചിരിക്കുന്നു
[25-ാം പേജിലെ ചിത്രങ്ങൾ]
പൂർവാധികം തീക്ഷ്‌ണതയോടും നിശ്ചയദാർഢ്യത്തോടും കൂടെ പ്രസംഗിക്കാൻ നമുക്കു ദൃഢനിശ്ചയം ഉള്ളവർ ആയിരിക്കാം