വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ‘ദൈവവിഷയമായി സമ്പന്നനാണോ?’

നിങ്ങൾ ‘ദൈവവിഷയമായി സമ്പന്നനാണോ?’

നിങ്ങൾ ‘ദൈവവിഷയമായി സമ്പന്നനാണോ?’

യേശു നൽകിയ ചിന്തോദ്ദീപകമായ സാരോപദേശകഥകളിൽ ഒന്നാണ്‌ സമ്പന്നനായ ഒരു ഭൂവുടമയുടേത്‌. ഭാവി ഭദ്രമാക്കാനായി ഈ ഭൂവുടമ കൂടുതൽ വലിയ കളപ്പുരകൾ പണിയാൻ ആസൂത്രണങ്ങൾ ചെയ്‌തു. എന്നാൽ യേശുവിന്റെ ഉപമയിൽ ഇയാളെ ‘മൂഢൻ’ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. (ലൂക്കൊസ്‌ 12:16-21) ഇത്ര കടുത്ത ഒരു പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

ആസൂത്രണങ്ങൾ നടത്തുമ്പോൾ ഈ ധനികൻ ദൈവത്തെ കണക്കിലെടുത്തില്ല; കൃഷിസ്ഥലത്തിന്റെ ഫലപുഷ്ടിയെപ്രതി അയാൾ ദൈവത്തിനു നന്ദി നൽകിയതുമില്ല. (മത്തായി 5:45) മറിച്ച്‌ “ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക” എന്ന്‌ അയാൾ തന്നോടുതന്നെ വമ്പു പറയുകയാണുണ്ടായത്‌. അതേ, തന്റെ ശ്രമങ്ങളുടെ ഫലം ഒരു “ഉയർന്ന മതിൽ” ആയി വർത്തിച്ച്‌ സംരക്ഷണമേകുമെന്ന്‌ അയാൾ മനക്കോട്ട കെട്ടി.​—⁠സദൃശവാക്യങ്ങൾ 18:11.

ധാർഷ്ട്യം നിറഞ്ഞ ഇത്തരമൊരു മനോഭാവത്തെക്കുറിച്ച്‌ യേശുവിന്റെ ശിഷ്യനായ യാക്കോബ്‌ ഈ മുന്നറിയിപ്പു നൽകി: “ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരു വർഷം താമസിച്ച്‌, വ്യാപാരം ചെയ്‌തു ലാഭമുണ്ടാക്കുമെന്നു പ്രഖ്യാപിക്കുന്ന നിങ്ങളോട്‌ ഒന്നു പറയട്ടെ, നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങൾക്കറിഞ്ഞുകൂടാ. അല്‌പനേരത്തേക്കു പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന മൂടൽമഞ്ഞാണു നിങ്ങൾ.”​—⁠യാക്കോബ്‌ 4:13, 14, പി.ഒ.സി. ബൈബിൾ.

യേശുവിന്റെ ഉപമയിലെ സമ്പന്നനോടും സമാനമായ ഒരു സംഗതിയാണു പറയപ്പെട്ടത്‌: “മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും?” തന്റെ സ്വപ്‌നങ്ങൾ പൂവണിയുന്നതു കാണുന്നതിനു മുമ്പുതന്നെ ആ ധനവാൻ മൂടൽമഞ്ഞ്‌ അപ്രത്യക്ഷമാകുന്നതുപോലെ ഈ ഭൂമുഖത്തുനിന്നു കടന്നുപോകുമായിരുന്നു. ഇതിലെ പാഠം നാം തിരിച്ചറിയുന്നുണ്ടോ? യേശു പറഞ്ഞു: “ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.” നിങ്ങൾ ‘ദൈവവിഷയമായി സമ്പന്നനാണോ?’