വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാപിതാക്കളേ, മക്കൾക്ക്‌ എങ്ങനെയുള്ള ഭാവി ഉണ്ടായിരിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്‌?

മാതാപിതാക്കളേ, മക്കൾക്ക്‌ എങ്ങനെയുള്ള ഭാവി ഉണ്ടായിരിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്‌?

മാതാപിതാക്കളേ, മക്കൾക്ക്‌ എങ്ങനെയുള്ള ഭാവി ഉണ്ടായിരിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്‌?

“യുവാക്കളും യുവതികളും . . . യഹോവയുടെ നാമത്തെ സ്‌തുതിക്കട്ടെ.”​—⁠സങ്കീർത്തനം 148:12, 13.

1. മാതാപിതാക്കൾക്കു മക്കളുടെ കാര്യത്തിൽ എന്തെല്ലാം ഉത്‌കണ്‌ഠകളാണ്‌ ഉള്ളത്‌?

ഏതു മാതാപിതാക്കൾക്കാണു മക്കളുടെ ഭാവിയെക്കുറിച്ച്‌ ഉത്‌കണ്‌ഠയില്ലാത്തത്‌? ഒരു ശിശു പിറന്നുവീഴുന്ന നിമിഷംമുതൽ​—⁠ഒരുപക്ഷേ അതിനുമുമ്പുപോലും​—⁠അവന്റെ ക്ഷേമത്തെക്കുറിച്ച്‌ അവർ ആകുലപ്പെടാൻ തുടങ്ങുന്നു: ‘അവനു നല്ല ആരോഗ്യം ഉണ്ടായിരിക്കുമോ? വൈകല്യങ്ങളൊന്നും ഇല്ലാതെ അവൻ നന്നായി വളർന്നു വരുമോ?’ കുഞ്ഞ്‌ വളർന്നുവരവേ മറ്റ്‌ ഉത്‌കണ്‌ഠകളും തലപൊക്കുന്നു. മക്കളുടെ എല്ലാ കാര്യങ്ങളും ഏറ്റവും ഭംഗിയായി നടക്കണം എന്നാണു മാതാപിതാക്കൾ പൊതുവേ ആഗ്രഹിക്കുന്നത്‌.​—⁠1 ശമൂവേൽ 1:11, 27, 28; സങ്കീർത്തനം 127:3-5.

2. വളർന്നുവലുതാകുമ്പോൾ മക്കൾക്ക്‌ ഒരു നല്ല ജീവിതം ലഭിക്കണമെന്ന്‌ ഇന്ന്‌ അനേകം മാതാപിതാക്കളും അതിയായി ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ട്‌?

2 എന്നിരുന്നാലും ഇന്നത്തെ ലോകത്തിൽ മക്കൾക്ക്‌ ഏറ്റവും നല്ല കാര്യങ്ങൾ പ്രദാനം ചെയ്യുക എന്നതു മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി ആയിത്തീർന്നിരിക്കുന്നു. അവരിൽ അനേകരും യുദ്ധങ്ങൾ, രാഷ്‌ട്രീയ കോളിളക്കങ്ങൾ, സാമ്പത്തിക ക്ലേശങ്ങൾ, ശാരീരികമോ വൈകാരികമോ ആയ പീഡകൾ തുടങ്ങിയ ദുരനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരാണ്‌. സ്വാഭാവികമായും, അത്തരം അനുഭവങ്ങൾ തങ്ങളുടെ മക്കൾക്ക്‌ ഉണ്ടാകരുതെന്ന്‌ അവർ ഹൃദയംഗമമായി ആഗ്രഹിക്കുന്നു. സമ്പന്ന രാജ്യങ്ങളിലെ മാതാപിതാക്കളെ സംബന്ധിച്ചാണെങ്കിൽ, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മക്കൾ നല്ല ജോലി നേടിയിരിക്കുന്നതും പ്രത്യക്ഷത്തിൽ വിജയപ്രദമായ ജീവിതം നയിക്കുന്നതും അവരുടെ ശ്രദ്ധയിൽപ്പെട്ടേക്കാം. ന്യായമായ അളവിൽ സുഖപ്രദവും സുരക്ഷിതവും ആയ ഒരു നല്ല ജീവിതം സ്വന്തം മക്കൾക്കും ലഭിക്കുന്നുവെന്ന്‌ ഉറപ്പുവരുത്താൻ കഴിവിന്റെ പരമാവധി പ്രവർത്തിക്കാൻ അവർ പ്രേരിതരായിത്തീരുന്നു.​—⁠സഭാപ്രസംഗി 3:13.

ഒരു നല്ല ജീവിതം തിരഞ്ഞെടുക്കൽ

3. ക്രിസ്‌ത്യാനികൾ സ്വമനസ്സാലെ എന്തു തിരഞ്ഞെടുപ്പു നടത്തിയിരിക്കുന്നു?

3 യേശുക്രിസ്‌തുവിന്റെ അനുഗാമികളെന്ന നിലയിൽ, സ്വമനസ്സാലെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചിട്ടുള്ളവരാണു ക്രിസ്‌ത്യാനികൾ. “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ്‌ എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ” എന്ന യേശുവിന്റെ വാക്കുകൾ അവർ ഗൗരവമായി എടുത്തിരിക്കുന്നു. (ലൂക്കൊസ്‌ 9:23; 14:27) അതേ, ഒരു ക്രിസ്‌ത്യാനിയുടെ ജീവിതം തീർച്ചയായും ആത്മത്യാഗം ഉൾപ്പെട്ട ഒന്നാണ്‌. എന്നിരുന്നാലും അതു കഷ്ടനഷ്ടങ്ങളുടെ ഒരു ജീവിതമല്ല. നേരെ മറിച്ച്‌, സന്തുഷ്ടവും സംതൃപ്‌തവും ആയ ഒരു നല്ല ജീവിതമാണ്‌ അത്‌. എന്തുകൊണ്ടെന്നാൽ അതിൽ കൊടുക്കൽ ഉൾപ്പെട്ടിരിക്കുന്നു. “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം” അഥവാ സന്തോഷപ്രദം ആണെന്ന്‌ യേശു പറയുകയുണ്ടായി.​—⁠പ്രവൃത്തികൾ 20:35.

4. എന്ത്‌ അന്വേഷിക്കാനാണ്‌ യേശു തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചത്‌?

4 യേശുവിന്റെ നാളിൽ വളരെ ദുഷ്‌കരമായ സാഹചര്യങ്ങളിലാണ്‌ ആളുകൾ ജീവിച്ചിരുന്നത്‌. ഉപജീവനത്തിനായി കഷ്ടപ്പെട്ടിരുന്ന ജനത്തെ റോമാക്കാരുടെ മർദക ഭരണവും കർക്കശരായ മതനേതാക്കൾ അടിച്ചേൽപ്പിച്ച ഭാരങ്ങളും പൊറുതിമുട്ടിച്ചിരുന്നു. (മത്തായി 23:2-4) എന്നിട്ടും യേശുവിനെക്കുറിച്ചു കേട്ട അനേകർ വ്യക്തിപരമായ താത്‌പര്യങ്ങളും ഉപജീവനമാർഗംപോലും സന്തോഷത്തോടെ വിട്ടുകളഞ്ഞുകൊണ്ട്‌ അവന്റെ അനുഗാമികൾ ആയിത്തീർന്നു. (മത്തായി 4:18-22; 9:9; കൊലൊസ്സ്യർ 4:14) ആ ശിഷ്യർ ഭാവി അപകടത്തിലാക്കുന്ന ഒരു പരീക്ഷണം നടത്തുകയായിരുന്നോ? യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടുകളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും.” (മത്തായി 19:29) തന്റെ അനുഗാമികളുടെ ആവശ്യങ്ങൾ സ്വർഗീയ പിതാവിന്‌ അറിയാമെന്ന്‌ യേശു അവർക്ക്‌ ഉറപ്പു കൊടുത്തു. അതുകൊണ്ട്‌ അവൻ അവരെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.”​—⁠മത്തായി 6:31-33.

5. ദൈവം തന്റെ ദാസർക്കായി കരുതുമെന്നുള്ള യേശുവിന്റെ ഉറപ്പു സംബന്ധിച്ച്‌ ചില മാതാപിതാക്കൾ എന്തു വിചാരിക്കുന്നു?

5 ഇന്നും സാഹചര്യങ്ങൾക്കു വലിയ മാറ്റമൊന്നുമില്ല. യഹോവയ്‌ക്കു നമ്മുടെ ആവശ്യങ്ങൾ അറിയാം. രാജ്യതാത്‌പര്യങ്ങൾ ഒന്നാമതു വെക്കുന്നവർക്ക്‌, പ്രത്യേകിച്ച്‌ മുഴുസമയ ശുശ്രൂഷയിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക്‌, ദൈവം തങ്ങൾക്കായി കരുതുമെന്നുള്ള കാര്യത്തിൽ അതേ ഉറപ്പു ലഭിച്ചിരിക്കുന്നു. (മലാഖി 3:6, 16; 1 പത്രൊസ്‌ 5:7) എന്നാൽ ചില മാതാപിതാക്കൾക്ക്‌ ഇക്കാര്യത്തിൽ പരസ്‌പരവിരുദ്ധമായ മനോഭാവങ്ങളാണുള്ളത്‌. ഒരു വശത്ത്‌, മക്കൾ യഹോവയുടെ സേവനത്തിൽ പുരോഗമിക്കുന്നതും ഒരുപക്ഷേ കാലക്രമത്തിൽ മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കുന്നതും കാണാൻ അവർ ആഗ്രഹിക്കുന്നു. മറുവശത്ത്‌, ലോകത്തിൽ ഇന്നുള്ള സാമ്പത്തികവും തൊഴിൽപരവും ആയ സാഹചര്യം കണക്കിലെടുക്കുമ്പോൾ മക്കൾ ആദ്യം നല്ല വിദ്യാഭ്യാസം നേടേണ്ടതു പ്രധാനമാണെന്നും അങ്ങനെയാകുമ്പോൾ അവർക്ക്‌ അഭികാമ്യമായ ഒരു ഉദ്യോഗം നേടാനാകുമെന്നോ കുറഞ്ഞപക്ഷം ആവശ്യഘട്ടത്തിൽ അത്‌ അവർക്ക്‌ ഒരു താങ്ങ്‌ ആയിരിക്കുമെന്നോ അവർ കരുതുന്നു. നല്ല വിദ്യാഭ്യാസം എന്നതുകൊണ്ട്‌ ഇത്തരം മാതാപിതാക്കൾ മിക്കപ്പോഴും അർഥമാക്കുന്നത്‌ ഉന്നത വിദ്യാഭ്യാസത്തെയാണ്‌.

ഭാവിക്കുവേണ്ടി തയ്യാറെടുക്കൽ

6. ഏത്‌ അർഥത്തിലാണ്‌ “ഉന്നത വിദ്യാഭ്യാസം” എന്ന പദം ഈ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നത്‌?

6 ഓരോ രാജ്യത്തെയും വിദ്യാഭ്യാസ സമ്പ്രദായം വ്യത്യസ്‌തമാണ്‌. ഉദാഹരണത്തിന്‌ ഐക്യനാടുകളിലെ പബ്ലിക്‌ സ്‌കൂളുകൾ 12 വർഷത്തെ അടിസ്ഥാന വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നു. അതിനുശേഷം വൈദ്യശാസ്‌ത്രം, നിയമം, എഞ്ചിനീയറിങ്‌ തുടങ്ങിയ മേഖലകളിൽ ജോലിസാധ്യത തുറന്നുതരുന്ന ഒരു ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ ആയി നാലോ അതിലധികമോ വർഷം ഒരു സർവകലാശാലയിലോ കോളേജിലോ പഠിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചേക്കാം. അത്തരം സർവകലാശാലാ വിദ്യാഭ്യാസത്തെയാണ്‌ ഈ ലേഖനത്തിൽ “ഉന്നത വിദ്യാഭ്യാസം” എന്നതുകൊണ്ട്‌ അർഥമാക്കുന്നത്‌. അതേസമയം, തൊഴിൽ-സേവന മേഖലകളിൽ ഒരു സർട്ടിഫിക്കറ്റോ ഡിപ്ലോമയോ നേടിത്തരുന്ന തൊഴിലധിഷ്‌ഠിതവും സാങ്കേതികവും ആയ ഹ്രസ്വകാല കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങളുമുണ്ട്‌.

7. സ്‌കൂളിലെ അവസാന വർഷങ്ങളിൽ വിദ്യാർഥികൾ ഏതെല്ലാം സമ്മർദങ്ങൾ അഭിമുഖീകരിക്കുന്നു?

7 സ്‌കൂളിലെ അവസാന വർഷങ്ങളിൽ വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസത്തിനായി ഒരുക്കുകയെന്ന പ്രവണതയാണ്‌ ഇന്നുള്ളത്‌. അതുകൊണ്ട്‌ തൊഴിൽ സാധ്യതയുള്ള കോഴ്‌സുകൾക്കു പ്രാധാന്യം കൊടുക്കുന്നതിനു പകരം മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളിൽ പ്രവേശനം ലഭിക്കാനോ പ്രവേശന പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങാനോ വിദ്യാർഥികളെ സഹായിക്കുന്ന പഠന വിഷയങ്ങൾക്ക്‌ ഊന്നൽ നൽകുന്നു. ഉപരിപഠനത്തിനായി ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം നേടുകയെന്ന ലക്ഷ്യത്തിൽ മുന്നേറുന്നതിന്‌ വിദ്യാർഥികളുടെമേൽ അധ്യാപകരും ഉപദേഷ്ടാക്കളും സഹവിദ്യാർഥികളും ഇന്നു ശക്തമായ സമ്മർദം ചെലുത്തുന്നു. അവിടെനിന്ന്‌, നല്ല ശമ്പളമുള്ള ഉയർന്ന ഉദ്യോഗം സമ്പാദിക്കാൻ സഹായിക്കുന്ന ഒരു ബിരുദം നേടാനാകുമെന്നാണ്‌ അവരുടെ പ്രതീക്ഷ.

8. ക്രിസ്‌തീയ മാതാപിതാക്കൾ ഏതെല്ലാം തിരഞ്ഞെടുപ്പുകൾ അഭിമുഖീകരിക്കുന്നു?

8 ആ സ്ഥിതിക്ക്‌, ക്രിസ്‌തീയ മാതാപിതാക്കൾ എന്താണു ചെയ്യേണ്ടത്‌? മക്കൾ നന്നായി പഠിച്ച്‌ വരുംനാളുകളിൽ ജീവിതം പുലർത്തുന്നതിന്‌ ആവശ്യമായ വൈദഗ്‌ധ്യങ്ങൾ ആർജിക്കണമെന്നു നിശ്ചയമായും അവർ ആഗ്രഹിക്കുന്നു. (സദൃശവാക്യങ്ങൾ 22:29) എന്നാൽ ഭൗതിക നേട്ടങ്ങൾക്കും വിജയത്തിനും വേണ്ടിയുള്ള ഒരു മത്സരഗതിയിൽ മക്കൾ പെട്ടുപോകാൻ അവർ അനുവദിക്കണമോ? ഏതുതരം ലാക്കുകൾ പിൻപറ്റാനാണു വാക്കുകളാലോ പ്രവൃത്തികളാലോ അവർ മക്കളെ പ്രോത്സാഹിപ്പിക്കുന്നത്‌? ചില മാതാപിതാക്കൾ കഠിനമായി അധ്വാനിക്കുകയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു മക്കളെ അയയ്‌ക്കുന്നതിനുവേണ്ടി പണം സ്വരുക്കൂട്ടുകയും ചെയ്യുന്നു. ചിലരാകട്ടെ കടം വാങ്ങി മക്കളെ പഠിപ്പിക്കാനും തയ്യാറാണ്‌. എന്നാൽ അത്തരം ഒരു തീരുമാനത്തിന്‌ ഒടുക്കേണ്ടി വരുന്ന വില കേവലം രൂപാക്കണക്കിൽ നിർണയിക്കാനാവില്ല. അങ്ങനെയെങ്കിൽ ഉന്നത വിദ്യാഭ്യാസം തേടുന്നതിൽ എന്തെല്ലാമാണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?​—⁠ലൂക്കൊസ്‌ 14:28-33.

ഉന്നത വിദ്യാഭ്യാസത്തിന്‌ ഒടുക്കേണ്ടിവരുന്ന വില

9. ഇന്ന്‌ ഉന്നത വിദ്യാഭ്യാസത്തിന്‌ ആവശ്യമായ പണച്ചെലവു സംബന്ധിച്ച്‌ എന്തു പറയാനാകും?

9 വിദ്യാഭ്യാസത്തിനു ചെലവാകുന്ന പണത്തെക്കുറിച്ചാണു നാം സാധാരണഗതിയിൽ ചിന്തിക്കാറുള്ളത്‌. ഉന്നത വിദ്യാഭ്യാസത്തിനു ചില രാജ്യങ്ങളിൽ ഗവൺമെന്റു സഹായം ഉള്ളതിനാൽ, ഫീസു കൊടുക്കാതെതന്നെ യോഗ്യതയുള്ള വിദ്യാർഥികൾക്ക്‌ ഉന്നത വിദ്യാഭ്യാസം നേടാൻ കഴിയുന്നു. എന്നിരുന്നാലും മിക്ക സ്ഥലങ്ങളിലും അതു വളരെ ചെലവേറിയ ഒരു സംരംഭമാണ്‌. അതിനുള്ള ചെലവ്‌ വർധിച്ചുവരുകയുമാണ്‌. ന്യൂയോർക്ക്‌ ടൈംസിൽ പ്രത്യക്ഷപ്പെട്ട ഒരു ലേഖനം ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു: “[ജോലി]സാധ്യതകൾ തുറന്നുതരുന്ന ഒരു സരണി ആയിട്ടാണ്‌ ഉന്നത വിദ്യാഭ്യാസം കരുതപ്പെട്ടിരുന്നത്‌. എന്നാൽ ഇപ്പോൾ അത്‌, സമ്പന്നർക്കും അത്ര സമ്പന്നരല്ലാത്തവർക്കും ഇടയിലുള്ള അസമത്വം സ്ഥിരീകരിക്കുകയാണ്‌.” മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം വളരെ വേഗത്തിൽ ധനികരുടെയും സ്വാധീനശക്തിയുള്ളവരുടെയും കുത്തക ആയിക്കൊണ്ടിരിക്കുകയാണ്‌. തങ്ങളുടെ മക്കളും സമൂഹത്തിൽ സമ്പന്നരും വലിയ സ്വാധീനമുള്ളവരും ആയിത്തീരുന്നുവെന്ന്‌ ഉറപ്പുവരുത്താൻ അവർ അവരെ ഉന്നത വിദ്യാഭ്യാസത്തിനു വിടുന്നു. ക്രിസ്‌തീയ മാതാപിതാക്കൾ മക്കൾക്കായി അത്തരം ഒരു ലാക്കു തിരഞ്ഞെടുക്കണമോ?​—⁠ഫിലിപ്പിയർ 3:7, 8; യാക്കോബ്‌ 4:⁠4.

10. ഉന്നത വിദ്യാഭ്യാസം ഈ വ്യവസ്ഥിതിയെ ഉന്നമിപ്പിക്കുന്നതിനോട്‌ അടുത്തു ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

10 ഉന്നത വിദ്യാഭ്യാസം സൗജന്യമായിരിക്കുമ്പോൾപ്പോലും അതിൽ ചില പ്രശ്‌നങ്ങൾ ഒളിഞ്ഞിരുപ്പുണ്ടാകാം. ഉദാഹരണത്തിന്‌ ഒരു ദക്ഷിണപൂർവേഷ്യൻ രാജ്യത്തെ ഗവൺമെന്റിന്‌, ഏറ്റവും സമർഥരായ വിദ്യാർഥികളെ മാത്രം മുൻനിരയിലേക്കു കയറ്റിവിടുന്ന “പിരമിഡ്‌ മാതൃകയിലുള്ള പാഠ്യഘടന” ഉള്ളതായി ദ വാൾ സ്‌ട്രീറ്റ്‌ ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. മുൻനിരയിലെത്തുന്നവർക്ക്‌ ലോകപ്രശസ്‌തമായ വിദ്യാലയങ്ങളിൽ പ്രവേശനം ലഭിക്കുന്നു. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ്‌ സർവകലാശാലയിലോ കേംബ്രിഡ്‌ജ്‌ സർവകലാശാലയിലോ ഐക്യനാടുകളിലെ ഐവി ലീഗ്‌ സ്‌കൂളുകളിലോ ഒക്കെ ആയിരിക്കാം അത്‌. എന്തുകൊണ്ടാണ്‌ ആ ഗവൺമെന്റ്‌ ഇത്ര വിപുലമായ ഒരു പഠന പരിപാടി ലഭ്യമാക്കുന്നത്‌? “രാഷ്‌ട്രത്തിന്റെ സമ്പദ്‌ഘടനയെ പോഷിപ്പിക്കുക” എന്നതാണ്‌ അതിന്റെ ലക്ഷ്യമെന്നു റിപ്പോർട്ടു ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസം മിക്കവാറും സൗജന്യം ആയിരുന്നേക്കാം. എന്നാൽ അതിനായി വിദ്യാർഥികൾ ഒടുക്കേണ്ടിവരുന്ന വില, ഈ വ്യവസ്ഥിതിയെ ഉന്നമിപ്പിക്കുന്നതിൽ നിമഗ്നമായിപ്പോകുന്ന സ്വന്തം ജീവിതമാണ്‌. അത്തരം ഒരു ജീവിതഗതിയെ അത്യന്തം അഭികാമ്യമായ ഒന്നായിട്ടാണ്‌ പൊതുവേ ആളുകൾ വീക്ഷിക്കുന്നതെങ്കിലും, അതാണോ ക്രിസ്‌തീയ മാതാപിതാക്കൾ തങ്ങളുടെ മക്കൾക്കായി ആഗ്രഹിക്കുന്നത്‌?​—⁠യോഹന്നാൻ 15:19; 1 യോഹന്നാൻ 2:15-17.

11. കോളേജുകളിലെയും സർവകലാശാലകളിലെയും വിദ്യാർഥികൾക്കിടയിലെ അമിത മദ്യപാനവും ലൈംഗിക അധാർമികതയും സംബന്ധിച്ച്‌ റിപ്പോർട്ടുകൾ എന്തു പ്രകടമാക്കുന്നു?

11 കൂടാതെ, കോളേജുകളിലെയും മറ്റും അന്തരീക്ഷം എങ്ങനെയുള്ളതാണ്‌? മയക്കുമരുന്നിന്റെ ഉപയോഗം, അമിത മദ്യപാനം, അധാർമികത, കോപ്പിയടി, റാഗിങ്‌ തുടങ്ങി അനേകം ദുഷ്‌പെരുമാറ്റങ്ങൾക്ക്‌ യൂണിവേഴ്‌സിറ്റി, കോളേജ്‌ കാമ്പസുകൾ കുപ്രസിദ്ധമാണ്‌. അമിത മദ്യപാനത്തിന്റെ കാര്യമെടുക്കുക. കുടിച്ചു മത്തരാകുകയെന്ന ഒറ്റ ലക്ഷ്യത്തിൽ നടത്തുന്ന ബിഞ്ച്‌ ഡ്രിങ്കിങ്ങിനെക്കുറിച്ചു റിപ്പോർട്ടു ചെയ്‌തുകൊണ്ട്‌ ന്യൂ സയന്റിസ്റ്റ്‌ മാസിക ഇങ്ങനെ പറയുന്നു: “[ഐക്യനാടുകളിലെ സർവകലാശാലാ വിദ്യാർഥികളിൽ] ഏകദേശം 44 ശതമാനം, സാധാരണമായി രണ്ടു വാരത്തിൽ ഒരിക്കലെങ്കിലും ബിഞ്ച്‌ ഡ്രിങ്കിങ്ങിൽ ഏർപ്പെടുന്നു.” ഓസ്‌ട്രേലിയ, ബ്രിട്ടൻ, റഷ്യ തുടങ്ങിയ ദേശങ്ങളിലെ ചെറുപ്പക്കാരുടെ ഇടയിലും ഇതു സാധാരണമാണ്‌. ലൈംഗിക അധാർമികതയുടെ കാര്യമെടുത്താൽ, ഇന്നു വിദ്യാർഥികളുടെ ഇടയിലെ ഒരു സംസാരവിഷയമാണ്‌ “ഹുക്കിങ്‌ അപ്പ്‌” എന്നത്‌. “ആദ്യമായി പരിചയപ്പെടുന്നവരും പിന്നീടൊരിക്കലും പരസ്‌പരം സംസാരിക്കാൻപോലും ഉദ്ദേശ്യമില്ലാത്തവരും ആയവർക്കിടയിൽ നടക്കുന്ന, ചുംബനംമുതൽ ലൈംഗികബന്ധംവരെ എന്തും ഉൾപ്പെടുന്ന ഒരു പ്രാവശ്യത്തേക്കുള്ള ലൈംഗിക ഇടപെടൽ” എന്നാണ്‌ ഒരു ന്യൂസ്‌വീക്ക്‌ റിപ്പോർട്ട്‌ അതിനെ വർണിക്കുന്നത്‌. 60 മുതൽ 80 വരെ ശതമാനം വിദ്യാർഥികൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി പഠനങ്ങൾ പ്രകടമാക്കുന്നു. ഒരു ഗവേഷക ഇപ്രകാരം പറയുന്നു: “ഒരു സാധാരണ കോളേജു വിദ്യാർഥി അതിൽ ഏർപ്പെട്ടിരിക്കും.”​—⁠1 കൊരിന്ത്യർ 5:11; 6:9, 10.

12. കോളേജു വിദ്യാർഥികൾ ഏതു സമ്മർദങ്ങൾ അഭിമുഖീകരിക്കുന്നു?

12 ഹാനികരമായ അന്തരീക്ഷത്തിനുപുറമേ, പഠനത്തോടും പരീക്ഷകളോടും ബന്ധപ്പെട്ട സമ്മർദങ്ങളും പരിചിന്തനം അർഹിക്കുന്നവയാണ്‌. സ്വാഭാവികമായും, പരീക്ഷ പാസ്സാകാൻ വിദ്യാർഥികൾ പഠിക്കുകയും ഗൃഹപാഠങ്ങൾ ചെയ്യുകയും വേണം. ചിലരെ സംബന്ധിച്ചിടത്തോളം, വിദ്യാഭ്യാസത്തോടൊപ്പം തന്നെ കുറഞ്ഞപക്ഷം ഒരു അംശകാല ജോലിയും ചെയ്യേണ്ടതുണ്ടായിരിക്കാം. ഇതെല്ലാം അവരുടെ സമയവും ഊർജവും വലിയ അളവിൽ ചോർത്തിക്കളയുന്നു. അപ്പോൾപ്പിന്നെ ആത്മീയ കാര്യങ്ങൾക്കായി എന്താണു മിച്ചമുണ്ടായിരിക്കുക? സമ്മർദങ്ങൾ ശ്വാസം മുട്ടിക്കുമ്പോൾ അവർ വിട്ടുകളയുന്നത്‌ എന്തായിരിക്കും? അപ്പോഴും രാജ്യതാത്‌പര്യങ്ങൾക്ക്‌ ഒന്നാം സ്ഥാനം ഉണ്ടായിരിക്കുമോ, അതോ അവ അവഗണിക്കപ്പെടുമോ? (മത്തായി 6:33) ക്രിസ്‌ത്യാനികളെ ബൈബിൾ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “സൂക്ഷ്‌മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്‌കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.” (എഫെസ്യർ 5:15, 16) സമയവും ഊർജവും മുഴുവൻ പഠനത്തിനും മറ്റു കാര്യങ്ങൾക്കും ആയി ചെലവഴിച്ചതിന്റെയോ കോളേജിൽ തിരുവെഴുത്തുവിരുദ്ധമായ നടത്തയിൽ ഏർപ്പെട്ടതിന്റെയോ ഫലമായി ചിലർ വിശ്വാസത്തിൽനിന്നു വീണുപോയിരിക്കുന്നത്‌ എത്ര സങ്കടകരമാണ്‌!

13. ക്രിസ്‌തീയ മാതാപിതാക്കൾ ഏതു ചോദ്യങ്ങൾ പരിചിന്തിക്കണം?

13 അധാർമികതയും ദുഷ്‌പെരുമാറ്റവും സമ്മർദങ്ങളും കാമ്പസുകളിൽ ഒതുങ്ങിനിൽക്കുന്നില്ല എന്നതു ശരിതന്നെ. എന്നിരുന്നാലും, അവയെല്ലാം വിദ്യാഭ്യാസ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്നാണ്‌ ലോകത്തിലെ അനേകം ചെറുപ്പക്കാരുടെയും വീക്ഷണം. അതൊന്നും അവർക്കൊരു പ്രശ്‌നമേയല്ല. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെ ക്രിസ്‌തീയ മാതാപിതാക്കൾ തങ്ങളുടെ മക്കളെ നാലോ അതിലധികമോ വർഷം അത്തരം ഒരു അന്തരീക്ഷത്തിൽ ജീവിക്കാൻ വിടണമോ? (സദൃശവാക്യങ്ങൾ 22:3; 2 തിമൊഥെയൊസ്‌ 2:22) ഇത്രയും അപകടകരമായ ഒരു സാഹചര്യത്തിൽ ആയിരിക്കാൻമാത്രം മൂല്യവത്താണോ മക്കൾക്കു ലഭിച്ചേക്കാവുന്ന പ്രയോജനങ്ങൾ? ഏറ്റവും പ്രധാനമായി, ജീവിതത്തിൽ ഒന്നാമതു വെക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ മക്കൾ കോളേജുകളിൽനിന്നു പഠിക്കുന്നത്‌ എന്താണ്‌? * (ഫിലിപ്പിയർ 1:10; 1 തെസ്സലൊനീക്യർ 5:21) ഈ ചോദ്യങ്ങളെക്കുറിച്ചും മറ്റൊരു നഗരത്തിലോ രാജ്യത്തോ മക്കളെ പഠിക്കാൻ വിടുന്നതിന്റെ അപകടങ്ങളെക്കുറിച്ചും മാതാപിതാക്കൾ പ്രാർഥനാപൂർവം ഗൗരവമായി ചിന്തിക്കണം.

ഉന്നത വിദ്യാഭ്യാസത്തിനുപകരം എന്താണുള്ളത്‌?

14, 15. (എ) പൊതുജനാഭിപ്രായം വ്യത്യസ്‌തമാണെങ്കിലും ഏതു ബൈബിൾ ബുദ്ധിയുപദേശം ഇക്കാലത്തു ബാധകമാണ്‌? (ബി) യുവപ്രായക്കാർക്ക്‌ ഏതു ചോദ്യങ്ങൾ സ്വയം ചോദിക്കാനാകും?

14 സർവകലാശാലാ വിദ്യാഭ്യാസം നേടിയാൽ മാത്രമേ ചെറുപ്പക്കാർക്കു ജീവിതത്തിൽ വിജയിക്കാൻ കഴിയൂ എന്നതാണ്‌ ഇന്നു പരക്കെയുള്ള അഭിപ്രായം. എന്നാൽ പൊതുജനാഭിപ്രായം പിന്തുടരുന്നതിനു പകരം ക്രിസ്‌ത്യാനികൾ ബൈബിളിന്റെ പിൻവരുന്ന ഉദ്‌ബോധനത്തിനു ചെവികൊടുക്കുന്നു: “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമർ 12:2) അന്ത്യകാലത്തിന്റെ ഈ അന്തിമ ഘട്ടത്തിൽ തന്റെ ജനത്തിൽപ്പെട്ട ചെറുപ്പക്കാരെയും പ്രായമായവരെയും സംബന്ധിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം എന്താണ്‌? തിമൊഥെയൊസിന്‌ പൗലൊസ്‌ ഈ ബുദ്ധിയുപദേശം നൽകി: “നീയോ സകലത്തിലും നിർമ്മദൻ ആയിരിക്ക [“സുബോധം പാലിക്കുക,” NW]; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തിചെയ്‌ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക.” തീർച്ചയായും ആ വാക്കുകൾ നമുക്കേവർക്കും ഇന്നു ബാധകമാണ്‌.​—⁠2 തിമൊഥെയൊസ്‌ 4:⁠5.

15 ലോകത്തിന്റെ ഭൗതികത്വ ആത്മാവിനാൽ സ്വാധീനിക്കപ്പെടുന്നതിനു പകരം, നാമെല്ലാവരും ‘സുബോധം പാലിക്കേണ്ടതുണ്ട്‌.’ അതായത്‌ നാം ആത്മീയ ലക്ഷ്യബോധം കാത്തുസൂക്ഷിക്കണം. നിങ്ങൾ ഒരു യുവപ്രായക്കാരൻ ആണെങ്കിൽ സ്വയം ചോദിക്കുക: ‘എന്റെ “ശുശ്രൂഷ . . . നിവർത്തി”ക്കാൻ, ദൈവവചനത്തിന്റെ യോഗ്യതയുള്ള ഒരു ശുശ്രൂഷകൻ ആയിത്തീരാൻ, ഞാൻ എന്റെ പരമാവധി പ്രവർത്തിക്കുന്നുണ്ടോ? ശുശ്രൂഷ “നിറപടിയായി” നിറവേറ്റാൻ ഞാൻ എന്തെല്ലാം ആസൂത്രണങ്ങളാണു ചെയ്‌തിരിക്കുന്നത്‌? മുഴുസമയ സേവനം ജീവിതലക്ഷ്യമാക്കുന്ന കാര്യം ഞാൻ പരിചിന്തിച്ചിട്ടുണ്ടോ?’ ഇവയെല്ലാം വെല്ലുവിളി ഉയർത്തുന്ന ചോദ്യങ്ങളാണ്‌, പ്രത്യേകിച്ച്‌ മറ്റു യുവാക്കൾ ശോഭനമായ ഒരു ഭാവിയിലേക്കു തങ്ങളെ നയിക്കുമെന്ന്‌ അവർ കരുതുന്ന ‘വലിയകാര്യങ്ങളെ ആഗ്രഹിച്ചുകൊണ്ട്‌’ സ്വാർഥ അനുധാവനങ്ങളിൽ മുഴുകുന്നതു കാണുമ്പോൾ. (യിരെമ്യാവു 45:5) അതുകൊണ്ട്‌ ക്രിസ്‌തീയ മാതാപിതാക്കൾ ജ്ഞാനപൂർവം മക്കൾക്കു ശൈശവം മുതൽത്തന്നെ ഉത്തമമായ ആത്മീയ അന്തരീക്ഷവും പരിശീലനവും പ്രദാനം ചെയ്യുന്നു.​—⁠സദൃശവാക്യങ്ങൾ 22:6; സഭാപ്രസംഗി 12:​1, 2; 2 തിമൊഥെയൊസ്‌ 3:14, 15.

16. മക്കൾക്ക്‌ ഉത്തമമായ ആത്മീയ അന്തരീക്ഷം പ്രദാനം ചെയ്യാൻ ക്രിസ്‌തീയ മാതാപിതാക്കൾക്ക്‌ എങ്ങനെ കഴിയും?

16 വർഷങ്ങളായി മുഴുസമയ ശുശ്രൂഷ ചെയ്യുന്ന ഒരു സഹോദരിയുടെ മൂന്ന്‌ ആൺമക്കളിൽ മൂത്തയാൾ പറയുന്നു: “ഞങ്ങൾ ആരോടൊത്തു സമയം ചെലവഴിക്കുന്നുവെന്ന കാര്യത്തിൽ അമ്മ വളരെ ശ്രദ്ധിച്ചിരുന്നു. സഹപാഠികളോടു സഹവസിക്കുന്നതിനു പകരം, നല്ല ആത്മീയ ശീലങ്ങളുള്ള സഭാംഗങ്ങളോടു മാത്രമേ ഞങ്ങൾ സഹവസിച്ചിരുന്നുള്ളൂ. കൂടാതെ, മുഴുസമയ സേവനത്തിൽ ഏർപ്പെട്ടിരുന്ന മിഷനറിമാർ, സഞ്ചാര മേൽവിചാരകന്മാർ, ബെഥേൽ അംഗങ്ങൾ, പയനിയർമാർ എന്നിവരോടൊത്തു സമയം ചെലവഴിക്കാൻ കഴിയേണ്ടതിന്‌ അമ്മ അവരെയൊക്കെ വീട്ടിലേക്കു ക്ഷണിക്കുക പതിവായിരുന്നു. അവരുടെ അനുഭവങ്ങൾ ശ്രദ്ധിക്കുകയും അവരുടെ സന്തോഷം കാണുകയും ചെയ്‌തത്‌ മുഴുസമയ സേവനത്തോടു ഹൃദയംഗമമായ പ്രിയം വളർത്തിയെടുക്കാൻ ഞങ്ങളെ സഹായിച്ചു.” ആ മൂന്നുപേരും ഇന്നു മുഴുസമയ ശുശ്രൂഷയിൽ ആയിരിക്കുന്നതു കാണുന്നത്‌ എത്ര സന്തോഷകരമാണ്‌! ഒരാൾ ബെഥേൽ അംഗവും മറ്റൊരാൾ പയനിയറും ആണ്‌, മൂന്നാമത്തെയാൾ ശുശ്രൂഷാ പരിശീലന സ്‌കൂളിൽ സംബന്ധിച്ചിട്ടുണ്ട്‌.

17. പാഠ്യവിഷയങ്ങളും തൊഴിലധിഷ്‌ഠിത കോഴ്‌സുകളും തിരഞ്ഞെടുക്കുന്നതിൽ മക്കൾക്ക്‌ എന്തു മാർഗനിർദേശം നൽകാൻ മാതാപിതാക്കൾക്കു കഴിയും? (29-ാം പേജിലെ ചതുരം കാണുക.)

17 ശക്തമായ ഒരു ആത്മീയ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുപുറമേ മാതാപിതാക്കൾ, പാഠ്യവിഷയങ്ങളും തൊഴിലധിഷ്‌ഠിത കോഴ്‌സുകളും തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച്‌ എത്രയും നേരത്തേതന്നെ മക്കൾക്കു ശരിയായ മാർഗനിർദേശം നൽകണം. ബെഥേലിൽ സേവിക്കുന്ന മറ്റൊരു ചെറുപ്പക്കാരൻ പറയുന്നു: “എന്റെ മാതാപിതാക്കൾ വിവാഹത്തിനു മുമ്പും പിമ്പും പയനിയറിങ്‌ ചെയ്യുകയും മുഴു കുടുംബാംഗങ്ങളിലും പയനിയർ ആത്മാവ്‌ ഉൾനടാൻ പരമാവധി പ്രവർത്തിക്കുകയും ചെയ്‌തു. പാഠ്യവിഷയങ്ങൾ തിരഞ്ഞെടുക്കുകയോ ഭാവിയെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുകയോ ചെയ്യേണ്ടിവന്നപ്പോഴെല്ലാം, ഒരു അംശകാല ജോലി കണ്ടെത്താനും പയനിയറിങ്‌ ചെയ്യാനും ഞങ്ങളെ ഏറ്റവും അധികം സഹായിക്കുന്ന ഒരു തിരഞ്ഞെടുപ്പു നടത്താൻ അവർ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു.” സർവകലാശാലാ വിദ്യാഭ്യാസം ലക്ഷ്യമാക്കിയുള്ള പഠന വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനു പകരം മാതാപിതാക്കളും മക്കളും, മുഴുസമയ സേവനത്തിൽ പ്രവേശിക്കാൻ സഹായിക്കുന്ന തരത്തിലുള്ള കോഴ്‌സുകൾക്കാണു പരിഗണന നൽകേണ്ടത്‌. *

18. യുവപ്രായക്കാർക്ക്‌ ഏതു തൊഴിലവസരങ്ങൾ പരിഗണിക്കാവുന്നതാണ്‌?

18 പല രാജ്യങ്ങളിലും സർവകലാശാലാ ബിരുദധാരികൾക്കു പകരം, എന്തെങ്കിലും ഒരു തൊഴിൽ അറിയാവുന്നവരെയും ഏതെങ്കിലും സേവന രംഗത്തു ജോലി ചെയ്യാൻ കഴിവുള്ളവരെയുമാണ്‌ അടിയന്തിരമായി ആവശ്യമായിരിക്കുന്നതെന്നു പഠനങ്ങൾ വെളിപ്പെടുത്തുന്നു. “വരും ദശാബ്ദങ്ങളിൽ, 70 ശതമാനം ജോലിക്കാർക്കും നാലു വർഷത്തെ ഒരു കോളേജു ഡിഗ്രിയുടെ ആവശ്യം ഉണ്ടായിരിക്കുകയില്ലെന്നും മറിച്ച്‌ ഗവൺമെന്റു പിന്തുണയുള്ള കോളേജുകളിൽനിന്നോ മറ്റോ രണ്ടു വർഷത്തെ പഠനത്തിനുശേഷം ലഭിക്കുന്ന ഒരു ഡിഗ്രിയോ ഏതെങ്കിലുമൊരു സാങ്കേതിക വൈദഗ്‌ധ്യ സർട്ടിഫിക്കറ്റോ മതിയാകും” എന്നും യുഎസ്‌എ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. ഇത്തരം അനേകം സ്ഥാപനങ്ങളും ഓഫീസ്‌ ജോലികൾ, മോട്ടോർ വാഹനങ്ങളുടെയും കമ്പ്യൂട്ടറുകളുടെയും കേടുപോക്കൽ, പ്ലമിങ്‌, കേശാലങ്കാരം എന്നിങ്ങനെ നിരവധി മേഖലകളിൽ പരിശീലനം നൽകുന്ന ഹ്രസ്വകാല കോഴ്‌സുകൾ നടത്തുന്നു. ഇവ അഭികാമ്യമായ ജോലികളാണോ? തീർച്ചയായും! ചിലർ പ്രതീക്ഷിക്കുന്നതുപോലുള്ള തിളക്കമൊന്നും അവയ്‌ക്കുണ്ടായെന്നുവരില്ല. എങ്കിലും അവ നിശ്ചയമായും ഒരു ജീവിതമാർഗം പ്രദാനം ചെയ്യുന്നു. തന്നെയുമല്ല, യഹോവയെ മുഴുസമയം സേവിക്കുന്നതു മുഖ്യ ജീവിതലക്ഷ്യമാക്കുന്നവരുടെ പ്രവർത്തന പട്ടികയുമായി അവ ശരിക്കും ഇണങ്ങുകയും ചെയ്യുന്നു.​—⁠2 തെസ്സലൊനീക്യർ 3:⁠8.

19. സന്തോഷവും സംതൃപ്‌തിയും നിറഞ്ഞ ഒരു ജീവിതത്തിലേക്കുള്ള ഏറ്റവും ഉറപ്പായ മാർഗം ഏതാണ്‌?

19 “യുവാക്കളും യുവതികളും . . . യഹോവയുടെ നാമത്തെ സ്‌തുതിക്കട്ടെ” എന്ന്‌ ബൈബിൾ ആഹ്വാനം ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ “അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.” (സങ്കീർത്തനം 148:12, 13) ലോകം വാഗ്‌ദാനം ചെയ്യുന്ന സ്ഥാനമാനങ്ങളോടും പ്രതിഫലങ്ങളോടും താരതമ്യം ചെയ്യുമ്പോൾ, മുഴുസമയ ദൈവസേവനത്തിൽ ഏർപ്പെടുന്നതുപോലെ സന്തോഷവും സംതൃപ്‌തിയും നിറഞ്ഞ ഒരു ജീവിതം ഉറപ്പുനൽകുന്ന മറ്റൊന്നുമില്ല. ബൈബിൾ നൽകുന്ന പിൻവരുന്ന ഉറപ്പ്‌ മനസ്സിൽ അടുപ്പിച്ചു നിറുത്തുക: “കർത്താവിന്റെ അനുഗ്രഹം സമ്പത്തു നല്‌കുന്നു; അവിടുന്ന്‌ അതിൽ ദുഃഖം കലർത്തുന്നില്ല.”​—⁠സുഭാഷിതങ്ങൾ [സദൃശവാക്യങ്ങൾ] 10:​22, പി.ഒ.സി. ബൈബിൾ.

[അടിക്കുറിപ്പുകൾ]

^ ഖ. 13 സർവകലാശാലാ വിദ്യാഭ്യാസത്തെക്കാൾ ദിവ്യാധിപത്യ വിദ്യാഭ്യാസത്തിനു മൂല്യം കൽപ്പിച്ചവരുടെ അനുഭവങ്ങൾക്കായി വീക്ഷാഗോപുരത്തിന്റെ 1983 ആഗസ്റ്റ്‌ 1 ലക്കത്തിന്റെ 3-6 പേജുകളും 1979 ഏപ്രിൽ 15 ലക്കത്തിന്റെ (ഇംഗ്ലീഷ്‌) 5-10 പേജുകളും ഉണരുക!യുടെ 1979 ഏപ്രിൽ 8 ലക്കത്തിന്റെ 19-20 പേജുകളും 1974 ആഗസ്റ്റ്‌ 8 ലക്കത്തിന്റെ (ഇംഗ്ലീഷ്‌) 3-7 പേജുകളും കാണുക.

^ ഖ. 17 1998 ഒക്ടോബർ 8 ലക്കം ഉണരുക!യുടെ 4-6 പേജുകളിലെ “സുരക്ഷിത ജീവിതത്തിനായുള്ള അന്വേഷണം” എന്ന ലേഖനവും 1990 ജൂൺ 8 ലക്കത്തിന്റെ 12-14 പേജുകളിലെ “ഞാൻ ഏതു ജീവിതവൃത്തി തെരഞ്ഞെടുക്കണം?” എന്ന ലേഖനവും കാണുക.

നിങ്ങൾക്കു വിശദീകരിക്കാമോ?

• സുരക്ഷിത ഭാവിക്കായി ക്രിസ്‌ത്യാനികൾ എന്തിൽ ആശ്രയിക്കുന്നു?

• മക്കളുടെ ഭാവി സംബന്ധിച്ച്‌ ക്രിസ്‌തീയ മാതാപിതാക്കൾ ഏതു വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു?

• ഉന്നത വിദ്യാഭ്യാസം തേടുന്നതിന്റെ മൂല്യം നിർണയിക്കുമ്പോൾ നാം എന്തു പരിചിന്തിക്കണം?

• മുഴുസമയ ദൈവസേവനം ജീവിതലക്ഷ്യമാക്കാൻ മാതാപിതാക്കൾക്കു മക്കളെ എങ്ങനെ സഹായിക്കാനാകും?

[അധ്യയന ചോദ്യങ്ങൾ]

[29-ാം പേജിലെ ചതുരം]

ഉന്നത വിദ്യാഭ്യാസത്തിന്‌ എന്തു മൂല്യമുണ്ട്‌?

നല്ല ശമ്പളമുള്ള സ്ഥിരമായ ഒരു ഉദ്യോഗം നേടാൻ തങ്ങളെ സഹായിക്കുന്ന ഒരു ബിരുദം സമ്പാദിക്കുകയെന്നതാണു സർവകലാശാലകളിൽ ചേർന്നുപഠിക്കുന്ന മിക്കവരുടെയും ലക്ഷ്യം. എന്നിരുന്നാലും, കോളേജിൽ പോകുന്നവരിൽ ഏകദേശം 25 ശതമാനം മാത്രമേ ആറു വർഷത്തിനുള്ളിൽ ഒരു ബിരുദം സമ്പാദിക്കുന്നുള്ളു എന്ന്‌ ഗവൺമെന്റു റിപ്പോർട്ടുകൾ പ്രകടമാക്കുന്നു. അത്‌ എത്ര ശോചനീയമാണ്‌! ഇനി, ബിരുദം നേടുന്നവർക്കുതന്നെയും ഒരു നല്ല ജോലി ലഭിക്കുമെന്നത്‌ ഉറപ്പാണോ? നിലവിലുള്ള ഗവേഷണപഠനങ്ങൾ എന്തു തെളിയിക്കുന്നുവെന്നതു ശ്രദ്ധിക്കുക.

“ഹാർവാർഡ്‌ സർവകലാശാലയിലോ ഡ്യൂക്ക്‌ സർവകലാശാലയിലോ പഠിക്കുന്നതുകൊണ്ടുമാത്രം ഭേദപ്പെട്ട ഒരു ജോലിയോ ഉയർന്ന ശമ്പളമോ ലഭിക്കുകയില്ല. . . . യുവപ്രായക്കാരായ ഉദ്യോഗാർഥികളെക്കുറിച്ചു കമ്പനികൾക്കു കാര്യമായി ഒന്നുംതന്നെ അറിയില്ല. (ഐവി ലീഗ്‌ യൂണിവേഴ്‌സിറ്റിയിൽനിന്നുള്ള) പകിട്ടേറിയ ഒരു സർട്ടിഫിക്കറ്റു കാണുന്നത്‌ മതിപ്പുളവാക്കിയേക്കാം. എന്നാൽ പിന്നീട്‌ അവർക്ക്‌ എന്തു ചെയ്യാൻ കഴിയുന്നു അല്ലെങ്കിൽ കഴിയുന്നില്ല എന്നതിനാണ്‌ ഏറെ പ്രാധാന്യം.”​—⁠ന്യൂസ്‌വീക്ക്‌, 1999 നവംബർ 1 ലക്കം.

“മുൻകാലങ്ങളെ അപേക്ഷിച്ച്‌ തൊഴിൽ രംഗത്ത്‌ ഇന്നു കൂടുതൽ വൈദഗ്‌ധ്യം ആവശ്യമാണെങ്കിലും . . ., ഇപ്പോഴത്തെ ജോലികൾക്ക്‌ ആവശ്യമായിരിക്കുന്നത്‌ ഹൈസ്‌കൂൾ തലത്തിൽ ആർജിക്കുന്ന വൈദഗ്‌ധ്യങ്ങൾ, 9-ാം ക്ലാസ്സിൽ പഠിക്കുന്ന കണക്കും വായനയും എഴുത്തും ഒക്കെയാണ്‌ . . . , അല്ലാതെ കോളേജു തലത്തിൽ ആർജിക്കുന്നവയല്ല. . . . നല്ല ജോലി കിട്ടാൻ കോളേജ്‌ വിദ്യാഭ്യാസത്തിന്റെ ആവശ്യമൊന്നും ഇല്ല. എന്നാൽ തീർച്ചയായും ഹൈസ്‌കൂൾ തലത്തിലുള്ള കഴിവുകൾ അവർക്ക്‌ ഉണ്ടായിരിക്കണം.” ​—⁠അമേരിക്കൻ എജ്യുക്കേറ്റർ, 2004 വസന്തകാല പതിപ്പ്‌.

“കാമ്പസിനു വെളിയിലുള്ള യഥാർഥ ലോകത്തിൽ ജോലി ചെയ്യാൻ വിദ്യാർഥികളെ ഒരുക്കുന്നതിൽ മിക്ക കോളേജുകളും അങ്ങേയറ്റം പരാജയപ്പെട്ടിരിക്കുന്നു. . . . തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം നൽകുന്ന സ്‌കൂളുകൾക്കു സുവർണകാലം ആരംഭിച്ചിരിക്കുകയാണ്‌. അവിടങ്ങളിൽ ചേർന്നു പഠിക്കുന്നവരുടെ എണ്ണത്തിൽ 1996 മുതൽ 2000 വരെയുള്ള കാലയളവിൽ 48 ശതമാനം വർധന ഉണ്ടായിരിക്കുന്നു. . . . അതേസമയം, ചെലവേറിയതും സമയം കവർന്നെടുക്കുന്നതും ആയ കോളേജു ഡിപ്ലോമകൾക്ക്‌ ഇന്ന്‌ മുമ്പത്തെ അത്ര വില ഇല്ലാതായിരിക്കുന്നു.”​—⁠ടൈം, 2005 ജനുവരി 24 ലക്കം.

“നാലു വർഷത്തെ കോളേജു പഠനം കഴിഞ്ഞ ബിരുദധാരികളിൽ കുറഞ്ഞത്‌ മൂന്നിലൊരു ഭാഗം പേർക്ക്‌ 2005-ൽ ഉടനീളം, തങ്ങൾ സമ്പാദിച്ചിരിക്കുന്ന ഡിഗ്രിക്കു ചേർച്ചയിലുള്ള ഒരു തൊഴിൽ ലഭിക്കുകയില്ലെന്ന ഞെട്ടിക്കുന്ന സാധ്യതയിലേക്കാണ്‌ യു.എസ്‌. തൊഴിൽവകുപ്പിന്റെ കണക്കുകൂട്ടലുകൾ വിരൽചൂണ്ടുന്നത്‌.”​—⁠ദ ഫ്യൂച്ചറിസ്റ്റ്‌, 2000 ജൂലൈ/ആഗസ്റ്റ്‌ ലക്കം.

ഇതിന്റെയെല്ലാം വീക്ഷണത്തിൽ ഇന്ന്‌ ഉന്നത വിദ്യാഭ്യാസത്തിനുള്ള മൂല്യത്തെ ശരിക്കും സംശയിക്കുന്ന വിദ്യാഭ്യാസ വിചക്ഷണരുടെ എണ്ണം കൂടിവരുകയാണ്‌. “ഭാവി ഭാസുരമാക്കാൻ സഹായിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമല്ല നമ്മുടേത്‌,” ഫ്യൂച്ചറിസ്റ്റ്‌ റിപ്പോർട്ട്‌ ഖേദപൂർവം പ്രസ്‌താവിക്കുന്നു. നേരെ മറിച്ച്‌, ദൈവത്തെക്കുറിച്ച്‌ ബൈബിൾ എന്താണു പറയുന്നതെന്നു ശ്രദ്ധിക്കുക: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ. അയ്യോ, നീ എന്റെ കല്‌പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.”​—⁠യെശയ്യാവു 48:17, 18.

[26-ാം പേജിലെ ചിത്രം]

വ്യക്തിപരമായ അനുധാവനങ്ങൾ പരിത്യജിച്ചുകൊണ്ട്‌ അവർ യേശുവിനെ അനുഗമിച്ചു

[31-ാം പേജിലെ ചിത്രം]

ക്രിസ്‌തീയ മാതാപിതാക്കൾ മക്കൾക്ക്‌ ശൈശവംമുതൽത്തന്നെ ജ്ഞാനപൂർവം ശക്തമായ ആത്മീയ അന്തരീക്ഷം പ്രദാനം ചെയ്യുന്നു