യേശുവിന്റെ സാന്നിധ്യത്തിന്റെ അടയാളം നിങ്ങൾ തിരിച്ചറിയുന്നുവോ?
യേശുവിന്റെ സാന്നിധ്യത്തിന്റെ അടയാളം നിങ്ങൾ തിരിച്ചറിയുന്നുവോ?
ദുരന്തത്തിന് ഇരയാകാനോ ഗുരുതരമായി രോഗബാധിതരാകാനോ ആരും ഇഷ്ടപ്പെടുകയില്ല. ജ്ഞാനപൂർവം പ്രവർത്തിക്കുന്ന ഒരു വ്യക്തി അത്തരം അനർഥങ്ങൾ ഒഴിവാക്കാൻ അപകടസൂചനകൾ കണ്ടു മനസ്സിലാക്കുകയും വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യും. നാമെല്ലാം തിരിച്ചറിയേണ്ട ഒരു വ്യതിരിക്ത അടയാളത്തെക്കുറിച്ച് യേശുക്രിസ്‌തു പറയുകയുണ്ടായി. ആഗോളമായി ഫലമുളവാക്കുന്ന, മുഴു മനുഷ്യകുലത്തെയും ബാധിക്കുന്ന ഒന്നാണ് ആ അടയാളം. അതേ, നിങ്ങളെയും കുടുംബത്തെയും അതു ബാധിക്കും.
സകലദുഷ്ടതയും നീക്കി ഈ ഭൂഗ്രഹത്തെ ഒരു പറുദീസയാക്കിമാറ്റുന്ന ദൈവരാജ്യത്തെക്കുറിച്ച് യേശു സംസാരിച്ചു. അവന്റെ ശിഷ്യന്മാർ അതിനെക്കുറിച്ചു കൂടുതൽ കേൾക്കാൻ ആകാംക്ഷയുള്ളവരായിരുന്നു. ദൈവരാജ്യം എപ്പോൾ വരും എന്നറിയാൻ അവർ ആഗ്രഹിച്ചു. അതുകൊണ്ട് “നിന്റെ വരവിന്നും [“സാന്നിധ്യത്തിനും”, NW] ലോകാവസാനത്തിന്നും അടയാളം എന്ത്” എന്ന് അവർ യേശുവിനോടു ചോദിച്ചു.—മത്തായി 24:3.
തന്റെ വധത്തിനും പുനരുത്ഥാനത്തിനും ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞായിരിക്കും മനുഷ്യവർഗത്തെ ഭരിക്കാനുള്ള മിശിഹൈക രാജാവായി താൻ സ്വർഗത്തിൽ അവരോധിക്കപ്പെടുന്നതെന്ന് യേശുവിന് അറിയാമായിരുന്നു. രാജസിംഹാസനത്തിൽ താൻ അവരോധിക്കപ്പെടുന്നതു മനുഷ്യനേത്രങ്ങൾക്ക് അദൃശ്യമായിരിക്കും എന്നതിനാൽ അവൻ ശിഷ്യന്മാർക്ക് ഒരു അടയാളം നൽകി. അവന്റെ ‘സാന്നിധ്യവും’ ‘ലോകാവസാനവും’ തിരിച്ചറിയാൻ ഈ അടയാളം അവരെ സഹായിക്കുമായിരുന്നു. യേശുവിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന ഇത് പല ഘടകങ്ങൾ ചേർന്നുള്ള ഒരു സംയുക്ത അടയാളമാണ്.
യേശു ശിഷ്യന്മാർക്കു നൽകിയ ഉത്തരം സുവിശേഷ എഴുത്തുകാരായ മത്തായി, മർക്കൊസ്, ലൂക്കൊസ് എന്നിവർ ശ്രദ്ധാപൂർവം രേഖപ്പെടുത്തിയിട്ടുണ്ട്. (മത്തായി 24, 25; മർക്കൊസ് 13, ലൂക്കൊസ് 21 എന്നീ അധ്യായങ്ങൾ) മറ്റു ബൈബിൾ എഴുത്തുകാർ ഈ അടയാളത്തിനു കൂടുതൽ വിശദാംശങ്ങൾ നൽകി. (2 തിമൊഥെയൊസ് 3:1-5; 2 പത്രൊസ് 3:3, 4; വെളിപ്പാടു 6:1-8; 11:18) സ്ഥലപരിമിതിമൂലം എല്ലാ വിശദാംശങ്ങളും പരിശോധിക്കാൻ നമുക്ക് ഇപ്പോൾ സാധിക്കില്ല. എന്നാൽ യേശു പറഞ്ഞ സംയുക്ത അടയാളത്തിന്റെ അഞ്ചു മുഖ്യ ഘടകങ്ങൾ നമുക്കു പരിശോധിക്കാം. ഇതു പരിചിന്തിക്കുന്നത് തികച്ചും അർഥവത്തും സുപ്രധാനവും ആണെന്നു നിങ്ങൾ മനസ്സിലാക്കും.—6-ാം പേജിലെ ചതുരം കാണുക.
“ചരിത്രം ഗതിമാറിയൊഴുകിയ സമയം”
“ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും.” (മത്തായി 24:7) 1914-നു മുമ്പ് “ജനമനസ്സുകളിൽ കൂടുതൽ സ്വാതന്ത്ര്യവും സമൃദ്ധിയും പുരോഗതിയും നിറഞ്ഞ ഒരു സുവർണഭാവിയുണ്ടായിരുന്നു” എന്ന് ജർമൻ വർത്തമാനപ്പത്രമായ ദേർ ഷ്‌പീഗൽ റിപ്പോർട്ടു ചെയ്യുന്നു. പൊടുന്നനെ സകലതും തകിടംമറിഞ്ഞു. “1914 ആഗസ്റ്റിൽ തുടക്കമിട്ട് 1918 നവംബറിൽ അവസാനിച്ച യുദ്ധം കിടിലംകൊള്ളിച്ച ഒരു സംഭവമായിരുന്നു. അത് മാനവചരിത്രത്തെ പഴയതെന്നും പുതിയതെന്നും രണ്ടായിതിരിച്ച് ചരിത്രം വഴിതിരിച്ചുവിട്ടു,” ഗേയോ മാസിക റിപ്പോർട്ടു ചെയ്യുന്നു. കിരാതമായ പോരാട്ടങ്ങളിൽ അഞ്ചു ഭൂഖണ്ഡങ്ങളിൽനിന്നുള്ള ആറുകോടിയിലേറെ സൈനികർ പരസ്‌പരം പൊരുതി. ഓരോ ദിവസവും ശരാശരി 6,000-ത്തോളം പട്ടാളക്കാർ പടക്കളത്തിൽ മരിച്ചുവീണു. സംഭവബഹുലമായ ആ കാലംമുതൽ ഇന്നോളം, ലോകരംഗത്തു മാറിമാറിവരുന്ന ചരിത്രകാരന്മാരും രാഷ്‌ട്രീയ പ്രമുഖരും “1914 മുതൽ 1918 വരെയുള്ള കാലഘട്ടത്തെ, ചരിത്രം ഗതിമാറിയൊഴുകിയ സമയം ആയി” വീക്ഷിച്ചിരിക്കുന്നു.
ഒന്നാം ലോകമഹായുദ്ധം മാനവസമൂഹത്തെ ഇളക്കിമറിച്ചു, പഴയതിലേക്കൊരു മടങ്ങിപ്പോക്ക് പിന്നീടു സാധ്യമായിരുന്നില്ല. അത് ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളിലേക്കു മനുഷ്യകുലത്തെ വലിച്ചെറിഞ്ഞു. ആ നൂറ്റാണ്ടിന്റെ ശേഷിച്ച വർഷങ്ങൾ കൂടുതൽ യുദ്ധങ്ങൾക്കും സായുധപോരാട്ടങ്ങൾക്കും ഭീകരപ്രവർത്തനങ്ങൾക്കും സാക്ഷ്യം വഹിച്ചു. നാം ഒരു പുതിയ നൂറ്റാണ്ടിലേക്കു കടന്നു, സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടില്ല. യുദ്ധങ്ങൾക്കു പുറമേ, അടയാളത്തിന്റെ മറ്റു വിശേഷതകളും നമുക്കു ദൃശ്യമാണ്.
ക്ഷാമം, മഹാവ്യാധികൾ, ഭൂകമ്പങ്ങൾ
‘ക്ഷാമം ഉണ്ടാകും.’ (മത്തായി 24:7) ഒന്നാം ലോക മഹായുദ്ധകാലത്ത് യൂറോപ്പ് പട്ടിണിയിലമർന്നു. അന്നുമുതൽ ക്ഷാമം മനുഷ്യവർഗത്തെ വിടാതെ പിന്തുടർന്നിരിക്കുന്നു. 1933-ൽ റഷ്യയിലെയും യൂക്രെയിനിലെയും അവസ്ഥകളെക്കുറിച്ചു ചരിത്രകാരനായ അലൻ ബുലെക്ക് എഴുതി: “വിശന്നുവലഞ്ഞ ജനങ്ങൾ രാജ്യത്തെമ്പാടും അലഞ്ഞുനടന്നു . . . പാതയോരങ്ങളിൽ മൃതശരീരങ്ങൾ കുന്നുകൂടി.” 1943-ൽ ഒരു ചൈനീസ് പ്രവിശ്യയായ ഹെനാനിൽ ഉണ്ടായ ക്ഷാമത്തിനു ദൃക്‌സാക്ഷിയായ ജേർണലിസ്റ്റ് റ്റി. എച്ച്. വൈറ്റ് എഴുതി: “ക്ഷാമകാലത്ത് ഇന്നതേ ഭക്ഷിക്കൂ എന്നില്ല, ശരീരത്തിന് ഊർജം ലഭിക്കാനായി കിട്ടുന്നതെന്തും ആളുകൾ ഭക്ഷിക്കും. മരണത്തിന്റെ ഭീകരതയ്‌ക്കുമുന്നിൽ ഭക്ഷ്യയോഗ്യമല്ലാത്തവയും ഭക്ഷിക്കാൻ [മനുഷ്യൻ] നിർബന്ധിതനാകുന്നു.” സങ്കടകരമെന്നു പറയട്ടെ, ഇക്കഴിഞ്ഞ ദശകങ്ങളിൽ ക്ഷാമം ആഫ്രിക്കയിൽ സർവസാധാരണമായിരിക്കുന്നു. സകലരുടെയും വിശപ്പകറ്റാൻ ആവശ്യമായത്ര ഭക്ഷണം ഭൂമി ഉത്‌പാദിപ്പിക്കുന്നുണ്ടെങ്കിലും ലോകജനസംഖ്യയിൽ 84 കോടി ആളുകൾക്കു വിശപ്പകറ്റാൻ വളരെക്കുറച്ചു ഭക്ഷണമേ ലഭിക്കുന്നുള്ളൂ എന്ന് യുഎൻ-ന്റെ ഭക്ഷ്യ-കാർഷിക സംഘടന പറയുന്നു.
‘മഹാവ്യാധികൾ അവിടവിടെ ഉണ്ടാകും.’ (ലൂക്കൊസ് 21:11) “1918-ൽ സ്‌പാനീഷ് ഇൻഫ്‌ളുവൻസയുടെ സംഹാരതാണ്ഡവത്തിൽ രണ്ടുമുതൽ അഞ്ചുവരെ കോടി ആളുകളുടെ ജീവൻപൊലിഞ്ഞതായി കണക്കാക്കപ്പെടുന്നു. കറുത്തമരണം അല്ലെങ്കിൽ ഒന്നാം ലോകമഹായുദ്ധം കൊന്നൊടുക്കിയതിനെക്കാളധികം” എന്ന് സ്യൂറ്റ്‌ഡോയിച്ച് റ്റ്‌സൈറ്റുങ് റിപ്പോർട്ടു ചെയ്യുന്നു. അന്നുമുതൽ എണ്ണമറ്റ ജനതതികൾ മലേറിയ, വസൂരി, ക്ഷയം, പോളിയോ, കോളറ എന്നീ മഹാവ്യാധികളുടെ കരാളഹസ്‌തങ്ങളിലൊടുങ്ങി. കൊലവിളിമുഴക്കി മുന്നേറുന്ന എയ്‌ഡ്‌സ് എന്ന മാരകവ്യാധിയുടെ മുമ്പിൽ ലോകം ഞെട്ടിത്തരിച്ചു നിൽക്കുന്നു. വൈദ്യശാസ്‌ത്രത്തിന്റെ അഭൂതപൂർവമായ കുതിപ്പിനിടയിലാണ് പ്രതിവിധികളില്ലാത്ത ഇത്തരം മഹാവ്യാധികളുടെ തേർവാഴ്‌ച. അതേ, തികച്ചും സംഭ്രമജനകമായ ഒരു സാഹചര്യത്തിലാണു നാം. ഈ വൈരുദ്ധ്യം, മനുഷ്യചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടില്ലാത്ത ഈ സാഹചര്യം, നാം ജീവിക്കുന്നത് ഒരു അസാധാരണ കാലഘട്ടത്തിലാണെന്നു സൂചിപ്പിക്കുന്നു.
‘ഭൂകമ്പങ്ങൾ.’ (മത്തായി 24:7) കഴിഞ്ഞ 100 വർഷംകൊണ്ട് ഭൂകമ്പങ്ങൾ കവർന്നെടുത്തതു ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ്. കെട്ടിടങ്ങൾക്കു കേടുപാടുകൾ വരുത്താനും നിലത്തിനു വിള്ളലുകൾ വീഴ്‌ത്താനും പോന്നവിധമുള്ള ഭൂകമ്പങ്ങൾ 1914 മുതൽ വർഷത്തിൽ ശരാശരി 18 എന്ന നിരക്കിൽ സംഭവിക്കുന്നുവെന്ന് ഒരു ഉറവിടം പറയുന്നു. കെട്ടിടങ്ങളെ നിലംപരിചാക്കാൻതക്ക ശക്തമായ ഭൂകമ്പങ്ങൾ വർഷത്തിൽ ഒന്നുവീതം ഉണ്ടാകുന്നു. സാങ്കേതിക പുരോഗതി ഒരുവശത്ത് അരങ്ങുതകർക്കുന്നുണ്ടെങ്കിലും ഭൂകമ്പങ്ങളിൽ ജീവൻപൊലിയുന്നവരുടെ സംഖ്യ കുതിച്ചുയരുന്നു. അനുദിനം വളരുന്ന നഗരങ്ങൾ സ്ഥിതിചെയ്യുന്നത് ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളിലാണെന്നതാണ് ഇതിനു കാരണം.
സന്തോഷ വാർത്ത!
അന്ത്യകാലത്തിന്റെ മുഖമുദ്രകളായി വിവരിച്ചിരിക്കുന്ന സംഗതികൾ സംഭ്രാന്തി ഉളവാക്കുന്നവയാണ്. എന്നാൽ യേശു അന്ന് ഒരു സന്തോഷവാർത്തയെക്കുറിച്ചും പറയുകയുണ്ടായി.
“രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) അതേ, യേശുതന്നെ തുടങ്ങിവെച്ച രാജ്യത്തിന്റെ സുവാർത്താ പ്രസംഗവേല അന്ത്യനാളുകളിൽ അതിന്റെ പാരമ്യത്തിലെത്തും. ഈ പ്രസംഗവേല ഇന്നു നടക്കുന്നുണ്ട്. യഹോവയുടെ സാക്ഷികൾ ഇന്ന് ബൈബിളിന്റെ സന്ദേശം ആളുകളോടു പ്രസംഗിക്കുന്നു, പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത് എങ്ങനെയെന്ന് താത്‌പര്യമുള്ള ഏവരെയും അവർ പഠിപ്പിക്കുന്നു. ഇപ്പോൾ 235 ദേശങ്ങളിലായി 400-ലധികം ഭാഷകളിൽ 60 ലക്ഷത്തിലധികം സാക്ഷികൾ ഈ പ്രസംഗപ്രവർത്തനം നിർവഹിക്കുന്നു.
എന്നാൽ ശ്രദ്ധിക്കുക: ലോകത്തിലെ ദുസ്സഹമായ സാഹചര്യങ്ങൾ നിമിത്തം ജീവിതം അസാധ്യമായിത്തീരുന്ന ഒരു അവസ്ഥ ഉണ്ടാകുമെന്ന് യേശു പറഞ്ഞില്ല. അടയാളത്തിന്റെ ഒരു ഘടകംതന്നെ മുഴുലോകത്തെയും ഗ്രസിക്കുമെന്നും അവൻ പറഞ്ഞില്ല. മറിച്ച് പല സംഭവങ്ങൾ ഇഴചേർന്ന് ഒരു സംയുക്ത അടയാളത്തിനു രൂപം നൽകുമെന്നും ആ അടയാളം ഭൂഗ്രഹത്തിന്റെ ഏതൊരു കോണിൽനിന്നും തിരിച്ചറിയാൻ പറ്റുന്നതായിരിക്കുമെന്നും അവൻ മുൻകൂട്ടിപ്പറഞ്ഞു.
ചുറ്റും സംഭവിക്കുന്ന സംഗതികളിൽനിന്ന് ഓരോ സംഭവങ്ങൾ മാത്രമെടുക്കുകയോ ഒറ്റപ്പെട്ട സംഭവങ്ങളായി കരുതുകയോ ചെയ്യാതെ അതിനുമപ്പുറത്തേക്കു നോക്കുക. ആഗോള പ്രാധാന്യമർഹിക്കുന്ന, അസാധാരണ മാതൃകയിലുള്ള ഒരു സംയുക്ത അടയാളം നിങ്ങൾക്കു കാണാനാകുന്നുണ്ടോ? സംഭവിക്കുന്ന കാര്യങ്ങൾ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ബാധിക്കുന്നതാണ്. എന്നാൽ അധികമാരും ഇതിനു ശ്രദ്ധ നൽകാത്തത് എന്തുകൊണ്ടാണ് എന്നു നമ്മൾ ചോദിച്ചേക്കാം.
മുൻതൂക്കം സ്വന്തം താത്‌പര്യങ്ങൾക്ക്
“ഇവിടെ നീന്തരുത്,” “ഉയർന്ന വോൾട്ടേജ്,” “വേഗം കുറയ്‌ക്കുക” ഇവയൊക്കെ നാം സാധാരണ കാണാറുള്ള മുന്നറിയിപ്പ് അടയാളങ്ങളാണ്, അവ പലപ്പോഴും അവഗണിക്കപ്പെടുന്നു. എന്തുകൊണ്ട്? സ്വന്തം താത്‌പര്യങ്ങൾക്കനുസരിച്ചു കാര്യങ്ങൾ ചെയ്യാനാണ് നമുക്കിഷ്ടം. ഉദാഹരണത്തിന്, നിയമം അനുശാസിക്കുന്നതിലും കൂടുതൽ വേഗത്തിൽ വാഹനമോടിക്കാൻ നാം ആഗ്രഹിച്ചേക്കാം. അല്ലെങ്കിൽ നീന്തൽ വിലക്കിയിരിക്കുന്നിടത്തുതന്നെ നീന്തണമെന്നു നമുക്കു തോന്നിയേക്കാം. എന്നാൽ മുന്നറിയിപ്പു നൽകുന്ന അടയാളങ്ങളെ അവഗണിക്കുന്നതു തികച്ചും ബുദ്ധിശൂന്യമാണ്.
ഉദാഹരണത്തിന്, ഓസ്‌ട്രിയ, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിൽ പരന്നു കിടക്കുന്ന ആൽപൈൻ പർവതനിരകളിൽനിന്ന് ഹിമപ്രവാഹങ്ങൾ ഉണ്ടാകാറുണ്ട്. ചിലപ്പോഴൊക്കെ ഇത് വിനോദസഞ്ചാരികളുടെ ജീവൻ അപഹരിക്കുന്നു. സുരക്ഷിതമായ സ്ഥലങ്ങളിൽ മാത്രമേ സ്‌കീയിങ് നടത്താവൂ എന്ന മുന്നറിയിപ്പു കൂട്ടാക്കാതിരിക്കുന്നവർക്കാണു ജീവഹാനി സംഭവിക്കുന്നത്. സ്യൂറ്റ്‌ഡോയിച്ച് റ്റ്‌സൈറ്റുങ് പറയുന്നതനുസരിച്ച് മുന്നറിയിപ്പുകൾ അവഗണിക്കുന്ന പല വിനോദസഞ്ചാരികളും, “സാഹസികതയില്ലെങ്കിൽ അതിലൊരു രസവുമില്ല” എന്ന അഭിപ്രായക്കാരാണ്. എന്നാൽ മുന്നറിയിപ്പുകൾ ഗൗനിക്കാതിരിക്കുന്നത് ദുരന്തങ്ങൾക്ക് ഇടയാക്കും എന്നതാണു സങ്കടകരമായ വസ്‌തുത.
യേശു വിവരിച്ച അടയാളം ഗൗനിക്കാതിരിക്കാൻ ആളുകൾക്ക് എന്തെല്ലാം കാരണങ്ങളാണുള്ളത്? സമ്പത്തിനോടുള്ള ആർത്തി, നിസ്സംഗത, തീരുമാനശേഷിയില്ലായ്‌മ, തിരക്കിട്ട ജീവിതരീതി, സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയം ഇവയൊക്കെ ചില കാരണങ്ങളായിരുന്നേക്കാം. യേശുവിന്റെ സാന്നിധ്യത്തിന്റെ അടയാളം അവഗണിക്കാൻ നിങ്ങളുടെ കാര്യത്തിൽ ഇവയേതെങ്കിലും ഇടയാക്കുന്നുണ്ടോ? അടയാളം തിരിച്ചറിയുകയും തദനുസൃതം പ്രവർത്തിക്കുകയും ചെയ്യുന്നതല്ലേ ഏറ്റവും ജ്ഞാനപൂർവകം?
ഒരു പറുദീസാഭൂമിയിലെ ജീവിതം
യേശുവിന്റെ സാന്നിധ്യത്തിന്റെ അടയാളം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ആളുകളുടെ എണ്ണം ഇന്നു വർധിച്ചുകൊണ്ടിരിക്കുകയാണ്. ജർമനിയിലെ ക്രിസ്റ്റീൻ എന്ന വിവാഹിതനായ ഒരു യുവാവ് എഴുതുന്നു: “ഇവ ഇരുളടഞ്ഞ നാളുകളാണ്. നാം ജീവിക്കുന്നത് ‘അന്ത്യനാളുകളിൽ’ ആണെന്നതിനു യാതൊരു സംശയവുമില്ല.” അദ്ദേഹവും ഭാര്യയും മിശിഹൈക രാജ്യത്തെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കാനായി വളരെ സമയം ചെലവഴിക്കുന്നു. ഫ്രാങ്കും അതേ രാജ്യത്തുതന്നെയാണു താമസിക്കുന്നത്. അദ്ദേഹവും ഭാര്യയും ബൈബിളിൽനിന്നുള്ള സുവാർത്ത അറിയിച്ചുകൊണ്ട് ആളുകൾക്ക് ആശ്വാസം പകരുന്നു. ഫ്രാങ്ക് പറയുന്നു: “ലോകത്തിന്റെ ഇന്നത്തെ അവസ്ഥനിമിത്തം പലയാളുകളും ഭാവിയെക്കുറിച്ച് ഉത്‌കണ്‌ഠയുള്ളവരാണ്. അതിനാൽ പറുദീസാഭൂമിയെക്കുറിച്ചുള്ള ബൈബിൾ പ്രവചനം അവരെ അറിയിച്ചുകൊണ്ട് അവർക്കു പ്രോത്സാഹനം പകരാൻ ഞങ്ങൾ ശ്രമിക്കുന്നു.” അങ്ങനെ ക്രിസ്റ്റീനും ഫ്രാങ്കും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് യേശു നൽകിയ അടയാളത്തിന്റെ ഒരു വശം നിവർത്തിക്കുന്നു.—മത്തായി 24:14.
അന്ത്യനാളുകൾ അതിന്റെ പാരമ്യത്തിലെത്തുമ്പോൾ യേശു ഈ പഴയ വ്യവസ്ഥിതിയെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും തുടച്ചുനീക്കും. തുടർന്ന് മിശിഹൈക രാജ്യം ഭൂമിയിലെ കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കും, അങ്ങനെ മുൻകൂട്ടി പറയപ്പെട്ട പറുദീസ ഇവിടെ സ്ഥാപിതമാകും. മനുഷ്യവർഗം അപ്പോൾ രോഗത്തിൽനിന്നും മരണത്തിൽനിന്നും മോചിതരായിരിക്കും. മരിച്ചുപോയവർ ഈ ഭൂമിയിൽ ജീവനിലേക്കു തിരികെവരും. ഈ കാലത്തെ വ്യതിരിക്തമായി തിരിച്ചറിയിക്കുന്ന അടയാളത്തിനു ശ്രദ്ധകൊടുക്കുന്നവർക്കു ലഭിക്കാനിരിക്കുന്ന അത്ഭുതകരമായ അനുഗ്രഹങ്ങളാണിവയൊക്കെ. അങ്ങനെയെങ്കിൽ, പ്രസ്‌തുത അടയാളത്തെയും ഈ വ്യവസ്ഥിതിയുടെ നാശത്തെ അതിജീവിക്കാൻ കൈക്കൊള്ളേണ്ട നടപടികളെയും കുറിച്ചു കൂടുതൽ പഠിക്കുന്നതു ജ്ഞാനമായിരിക്കുകയില്ലേ? നിശ്ചയമായും, ഇതു സകലരെയും സംബന്ധിച്ച് ഒരു അടിയന്തിര സംഗതിയായിരിക്കേണ്ടതാണ്.—യോഹന്നാൻ 17:3.
[4-ാം പേജിലെ ആകർഷകവാക്യം]
ഭൂമിയിലെവിടെനിന്നും തിരിച്ചറിയാനാകുന്ന, ഒട്ടനവധി സംഭവങ്ങൾ ഇഴചേർന്ന ഒരു സംയുക്ത അടയാളത്തെക്കുറിച്ച് യേശു മുൻകൂട്ടിപ്പറഞ്ഞു
[6-ാം പേജിലെ ആകർഷക വാക്യം]
ആഗോള പ്രാധാന്യമർഹിക്കുന്ന, വിശേഷ മാതൃകയിലുള്ള ഒരു സംയുക്ത അടയാളം നിങ്ങൾക്കു കാണാനാകുന്നുണ്ടോ?
[6-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
അന്ത്യനാളുകളെ തിരിച്ചറിയിക്കുന്ന അടയാളങ്ങൾ
മുമ്പ് ഉണ്ടായിട്ടില്ലാത്തവിധം യുദ്ധങ്ങൾ.—മത്തായി 24:7; വെളിപ്പാടു 6:4
ക്ഷാമം.—മത്തായി 24:7; വെളിപ്പാടു 6:5, 6, 8
മഹാവ്യാധികൾ.—ലൂക്കൊസ് 21:11; വെളിപ്പാടു 6:8
വർധിച്ചുവരുന്ന അധർമം അഥവാ നിയമരാഹിത്യം.—മത്തായി 24:12
ഭൂകമ്പങ്ങൾ.—മത്തായി 24:7
ദുർഘടസമയങ്ങൾ.—2 തിമൊഥെയൊസ് 3:1
പണത്തോടുള്ള ആർത്തി.—2 തിമൊഥെയൊസ് 3:2
മാതാപിതാക്കളെ അനുസരിക്കാത്ത മക്കൾ.—2 തിമൊഥെയൊസ് 3:2
സ്വാഭാവികപ്രിയത്തിന്റെ അഭാവം.—2 തിമൊഥെയൊസ് 3:3
ഭോഗപ്രിയം അഥവാ ഉല്ലാസപ്രിയം.—2 തിമൊഥെയൊസ് 3:5
അജിതേന്ദ്രിയന്മാർ അഥവാ ആത്മനിയന്ത്രണമില്ലാത്തവർ.—2 തിമൊഥെയൊസ് 3:3
സൽഗുണദ്വേഷികൾ.—2 തിമൊഥെയൊസ് 3:4
വളരെ ആസന്നമായിരിക്കുന്ന മഹാവിപത്തിനെ ഗൗനിക്കാതിരിക്കൽ.—മത്തായി 24:39
അന്ത്യകാലമാണെന്നുള്ളതിന്റെ തെളിവുകളെ പുച്ഛിച്ചുതള്ളുന്ന പരിഹാസികൾ.—2 പത്രൊസ് 3:3, 4
ദൈവരാജ്യ സുവാർത്തയുടെ ആഗോള പ്രസംഗം.—മത്തായി 24:14
[5-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഒന്നാം ലോകമഹായുദ്ധത്തിലെ സൈനികർ: From the book The World War—A Pictorial History, 1919; ദരിദ്ര കുടുംബം: AP Photo/Aijaz Rahi; പോളിയോയുടെ ഇര: © WHO/P. Virot