വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക!

ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക!

ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക!

മനുഷ്യരുൾപ്പെടെ സകലത്തിന്റെയും സ്രഷ്ടാവായി ബൈബിൾ യഹോവയെ തിരിച്ചറിയിക്കുന്നു. (ഉല്‌പത്തി 1:⁠27; വെളിപ്പാടു 4:⁠11) മഹോപദേഷ്ടാവായ അവൻ ആദ്യമനുഷ്യജോഡിയായ ആദാമിനും ഹവ്വായ്‌ക്കും ആവശ്യമായ പ്രബോധനം നൽകുകയും മനോഹരമായ ഏദെൻതോട്ടത്തിലെ ജീവിതത്തിനായി അവരെ ഒരുക്കുകയും ചെയ്‌തു. തുടർന്നും അവർക്കു പ്രബോധനം നൽകുകയും അവർക്കുവേണ്ടി നിത്യമായി കരുതുകയും ചെയ്യുകയെന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. (ഉല്‌പത്തി 1:⁠28, 29; 2:⁠15-17; യെശയ്യാവു 30:⁠20, 21) എത്ര മഹത്തായ പ്രത്യാശ!

എന്നാൽ സങ്കടകരമെന്നു പറയട്ടെ, ആദ്യമനുഷ്യജോഡി ആ പ്രത്യാശ കളഞ്ഞുകുളിച്ചു. അവരുടെ അനുസരണക്കേട്‌ മനുഷ്യവർഗം ധാർമികവും ശാരീരികവും ആയി അധഃപതിക്കുന്നതിനു കാരണമായിത്തീർന്നു. (ഉല്‌പത്തി 3:⁠17-19; റോമർ 5:⁠12) മനുഷ്യൻ സൃഷ്ടിക്കപ്പെട്ട്‌ ഏതാനും തലമുറകൾക്കുശേഷം ജീവിച്ചിരുന്നവരെക്കുറിച്ചു ബൈബിൾ ഇങ്ങനെ പറയുന്നു: “മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്‌പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.”​—⁠ഉല്‌പത്തി 6:⁠5.

മനുഷ്യന്റെ സ്വാഭാവിക ചായ്‌വ്‌ എല്ലായ്‌പോഴും തിന്മയിലേക്കാണെന്ന്‌ യഹോവ അരുളിച്ചെയ്‌തിട്ട്‌ ഏകദേശം 4,500 വർഷം കടന്നുപോയിരിക്കുന്നു. ഇന്ന്‌ മനുഷ്യവർഗത്തിന്റെ അവസ്ഥ എന്നത്തേതിലുമധികം വഷളായിരിക്കുകയാണ്‌. പലരും നിർലജ്ജം നുണപറയുകയും മോഷ്ടിക്കുകയും മറ്റുള്ളവരെ ആക്രമിക്കുകയും ചെയ്യുന്നു. പ്രശ്‌നങ്ങൾ അനുദിനം വർധിക്കുകയാണ്‌, സഹമനുഷ്യനോടുള്ള താത്‌പര്യമാകട്ടെ കുറഞ്ഞുവരുകയും. കുടുംബാംഗങ്ങൾ തമ്മിലുള്ളത്‌ ഉൾപ്പെടെ, വ്യക്തിപരമായ ബന്ധങ്ങൾ ഏറെയും ഇന്ന്‌ സമ്മർദത്തിൻകീഴിലല്ലേ? പക്ഷേ, ഇന്നത്തെ അവസ്ഥകൾക്കു ദൈവത്തെ കുറ്റപ്പെടുത്താനാവില്ല. ഈ അവസ്ഥകൾ സംബന്ധിച്ച്‌ അവൻ നിസ്സംഗനല്ല എന്നതാണു വസ്‌തുത. മനുഷ്യവർഗത്തിന്റെ ക്ഷേമത്തിൽ യഹോവയ്‌ക്ക്‌ എല്ലായ്‌പോഴും താത്‌പര്യമുണ്ടായിരുന്നിട്ടുണ്ട്‌. സന്തുഷ്ടമായ ഒരു ജീവിതം നയിക്കുന്നതിനുള്ള മാർഗനിർദേശത്തിനായി തന്നെ സമീപിക്കുന്നവർക്കു പ്രബോധനം നൽകാൻ അവൻ തയ്യാറാണ്‌. ഏകദേശം 2,000 വർഷംമുമ്പ്‌ തന്റെ പുത്രനായ യേശുക്രിസ്‌തുവിനെ ഭൂമിയിലേക്ക്‌ അയച്ചുകൊണ്ട്‌, ജീവിതം വിജയപ്രദമാക്കാൻ ആഗ്രഹിക്കുന്നവർക്കു പ്രബോധനം നൽകുന്നതിലുള്ള താത്‌പര്യം അവൻ പ്രകടമാക്കുകയുണ്ടായി. യേശു പിഴവറ്റ വിദ്യാഭ്യാസത്തിനുള്ള ഒരു മാതൃക വെച്ചു, കാരണം എണ്ണമറ്റ യുഗങ്ങളോളം അവൻ മഹോപദേഷ്ടാവിൽനിന്നു പ്രബോധനം നേടിയിരുന്നു.

സത്യക്രിസ്‌ത്യാനിത്വം​—⁠ഒരു വിദ്യാഭ്യാസരീതി

യേശു സത്യക്രിസ്‌ത്യാനിത്വം സ്ഥാപിച്ചു, അത്‌ സ്‌നേഹത്തിൽ അധിഷ്‌ഠിതമായ ഒരു ജീവിതരീതിയാണ്‌. ദൈവത്തിനു ബഹുമതിയും മഹത്ത്വവും കരേറ്റുകയെന്ന ഉദ്ദേശ്യത്തോടെ എല്ലാ ചിന്തകളും പ്രവൃത്തികളും ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ കൊണ്ടുവരുന്നത്‌ അതിൽ ഉൾപ്പെടുന്നു. (മത്തായി 22:⁠37-39; എബ്രായർ 10:⁠7) ക്രിസ്‌ത്യാനിത്വമെന്ന ഈ ജീവിതരീതിയെക്കുറിച്ചുള്ള യേശുവിന്റെ പഠിപ്പിക്കലുകൾക്കു പിന്നിൽ അവന്റെ പിതാവായ യഹോവയാണ്‌ ഉണ്ടായിരുന്നത്‌. ദൈവത്തിൽനിന്ന്‌ യേശുവിനു ലഭിച്ച പിന്തുണയെക്കുറിച്ച്‌ യോഹന്നാൻ 8:⁠29-ൽ നാം വായിക്കുന്നു: “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്‌പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല.അതേ, യേശുവിന്റെ ശുശ്രൂഷയിലുടനീളം അവനു തന്റെ പിതാവിന്റെ പിന്തുണയും മാർഗനിർദേശവും ഉണ്ടായിരുന്നു. യേശുവിന്റെ ആദ്യകാല ശിഷ്യന്മാർക്കും ജീവിതത്തിലെ വെല്ലുവിളികൾ നേരിടുന്നതിനു മാർഗനിർദേശം ലഭിച്ചു. തന്റെ പുത്രനിലൂടെ യഹോവ അവരെ പ്രബോധിപ്പിച്ചു. യേശുവിന്റെ പഠിപ്പിക്കലുകളും മാതൃകയും പിൻപറ്റിയതിലൂടെ അവർ മെച്ചപ്പെട്ട വ്യക്തികളായിത്തീർന്നു. അവന്റെ ഇന്നത്തെ ശിഷ്യന്മാരെ സംബന്ധിച്ചും ഇതു സത്യമാണ്‌​—⁠“യേശുവിന്റെയും അവന്റെ പഠിപ്പിക്കലുകളുടെയും സ്വാധീനം” എന്ന 6-ാം പേജിലെ ചതുരം കാണുക.

പരിവർത്തനം ഉള്ളിൽനിന്നു വരത്തക്കവിധം, മനസ്സിനെയും ഹൃദയത്തെയും ബാധിക്കുന്ന വിദ്യാഭ്യാസം ഉൾപ്പെട്ടിരിക്കുന്നുവെന്നതാണ്‌ യഥാർഥ ക്രിസ്‌ത്യാനിത്വത്തിന്റെ ഒരു പ്രമുഖ സവിശേഷത. (എഫെസ്യർ 4:⁠23, 24) ഉദാഹരണത്തിന്‌ ഇണയോടു വിശ്വസ്‌തത പുലർത്തുന്നതു സംബന്ധിച്ച്‌ യേശു എന്താണു പറഞ്ഞതെന്നു നോക്കുക: “വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്‌തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സ്‌ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്‌തുപോയി.” (മത്തായി 5:⁠27, 28) ഹൃദയം ശുദ്ധമായിരിക്കണമെന്നും അനുചിത ചിന്തകളും അഭിലാഷങ്ങളും​—⁠ഇതുവരെ പ്രവൃത്തിയിലൂടെ വെളിപ്പെട്ടിട്ടില്ലായിരിക്കാമെങ്കിലും​—⁠മനസ്സിൽവെച്ചു താലോലിക്കുന്നെങ്കിൽ പിന്നീട്‌ അവ ഗൗരവതരമായ പരിണതഫലങ്ങൾ ഉളവാക്കിയേക്കാമെന്നും സൂചിപ്പിക്കുകയായിരുന്നു യേശു. മോശമായ ചിന്തകൾക്കു ദൈവത്തെ വേദനിപ്പിക്കാനോ മറ്റുള്ളവരെ വ്രണപ്പെടുത്താനോ ഇടയാക്കുന്ന പ്രവൃത്തികളിലേക്കു നയിക്കാൻ കഴിയുമെന്നതു സത്യമല്ലേ?

അതുകൊണ്ട്‌ ബൈബിൾ ഈ ബുദ്ധിയുപദേശം നൽകുന്നു: “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമർ 12:⁠2) ‘മനസ്സു പുതുക്കൽ വിദ്യാഭ്യാസത്തിലൂടെ സാധിക്കുമോ?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ദൈവവചനത്തിൽ നൽകിയിരിക്കുന്ന തത്ത്വങ്ങളും പ്രബോധനങ്ങളും മനസ്സിൽ നിറച്ചുകൊണ്ട്‌ മറ്റൊരു ദിശയിൽ സഞ്ചരിക്കാൻ അതിനെ പ്രേരിപ്പിക്കുകയെന്നതാണു മനസ്സു പുതുക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്‌. തന്റെ വചനത്തിലൂടെ ദൈവം നൽകുന്ന വിദ്യാഭ്യാസം സ്വീകരിച്ചുകൊണ്ട്‌ അങ്ങനെ ചെയ്യാനാകും.

മാറ്റംവരുത്താൻ പ്രേരിതർ

“ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ള”താണ്‌. (എബ്രായർ 4:⁠12) വ്യക്തികളിൽ ശക്തമായ സ്വാധീനം ചെലുത്തിക്കൊണ്ട്‌ കാലഹരണപ്പെട്ട ഒന്നല്ലെന്ന്‌ അതു തെളിയിക്കുന്നു. പ്രവർത്തനഗതിക്കു മാറ്റം വരുത്തി, സത്യക്രിസ്‌ത്യാനിത്വം സ്വീകരിച്ച്‌, മെച്ചപ്പെട്ട ഒരു വ്യക്തിയായിത്തീരാൻ ഒരുവനെ പ്രേരിപ്പിക്കാൻ അതിനു കഴിയും. പിൻവരുന്ന ദൃഷ്ടാന്തങ്ങൾ ബൈബിൾ വിദ്യാഭ്യാസത്തിന്റെ മൂല്യം ഉദാഹരിക്കും.

മുൻ ലേഖനത്തിൽ പരാമർശിച്ച ഏമീല്യ പറയുന്നു: “ഭവനത്തിലെ അവസ്ഥ മെച്ചപ്പെടുത്താൻ സ്വന്തം നിലയിലുള്ള എന്റെ പരിശ്രമം മാത്രം പോരായിരുന്നു. യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ, പ്രത്യാശയ്‌ക്കു വകയുണ്ടെന്നു ഞാൻ മനസ്സിലാക്കി. മനോഭാവത്തിനു ഞാൻ മാറ്റം വരുത്താൻ തുടങ്ങി. കൂടുതൽ ക്ഷമ പ്രകടമാക്കാനും കോപാവേശം ഒഴിവാക്കാനും ഞാൻ പഠിച്ചു. കാലാന്തരത്തിൽ എന്റെ ഭർത്താവും പഠിക്കാൻ തുടങ്ങി. മദ്യപാനം ഉപേക്ഷിക്കുക എളുപ്പമായിരുന്നില്ലെങ്കിലും അദ്ദേഹം അതിൽ വിജയിക്കുകതന്നെ ചെയ്‌തു. ഇത്‌ ഞങ്ങളുടെ ദാമ്പത്യത്തിന്‌ ഒരു പുതിയ തുടക്കംകുറിച്ചു. ഇപ്പോൾ ഞങ്ങൾ സന്തുഷ്ട ക്രിസ്‌ത്യാനികളാണ്‌. ഞങ്ങളുടെ മക്കളിൽ ബൈബിളിലെ വിശിഷ്ടമായ തത്ത്വങ്ങൾ ഉൾനടുകയാണു ഞങ്ങൾ.​—⁠ആവർത്തനപുസ്‌തകം 6:⁠7.

സത്യക്രിസ്‌ത്യാനിത്വം പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസത്തിന്‌ ഒരു വ്യക്തിയെ ദുശ്ശീലങ്ങളിൽനിന്നും അധാർമിക ജീവിതരീതിയിൽനിന്നും മോചിപ്പിക്കാൻ കഴിയും. മാന്വലിന്റെ * കാര്യത്തിൽ ഇതു സത്യമെന്നു തെളിഞ്ഞു. 13-ാം വയസ്സിൽ വീട്ടിൽനിന്ന്‌ ഓടിപ്പോയ അവൻ മാരിഹ്വാന ഉപയോഗിക്കാൻ തുടങ്ങി, പിന്നീട്‌ ഹെറോയിനിലേക്കു തിരിഞ്ഞു. താമസിക്കാൻ ഒരു ഇടവും പണവും കിട്ടുന്നതിനുവേണ്ടി പുരുഷന്മാരുമായും സ്‌ത്രീകളുമായും അവൻ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, ചിലപ്പോൾ ആളുകളുടെ വസ്‌തുവകകൾ പിടിച്ചുപറിക്കുകയും ചെയ്യുമായിരുന്നു. മിക്കപ്പോഴും മയക്കുമരുന്നിന്റെ ലഹരിയിൽ ആയിരുന്നു അവൻ. അക്രമാസക്തമായ പെരുമാറ്റം നിമിത്തം പലപ്പോഴും അവൻ ജയിലിലായി. ഒരിക്കൽ നാലു വർഷം അവന്‌ അഴികൾക്കുള്ളിൽ കഴിയേണ്ടിവന്നു. ആ സമയത്ത്‌ മാന്വൽ ആയുധങ്ങൾ ഒളിച്ചുകടത്തുന്നതിൽ ഉൾപ്പെട്ടു. വിവാഹശേഷവും അവൻ മുൻകാല ചെയ്‌തികളുടെ പരിണതഫലങ്ങൾ അനുഭവിച്ചു. അവൻ പറയുന്നു: “മുമ്പ്‌ കോഴികളെ വളർത്തിയിരുന്ന ഒരു കെട്ടിടത്തിൽ ഞങ്ങൾക്കു താമസിക്കേണ്ടിവന്നു. എന്റെ ഭാര്യ ഇഷ്ടികകൾക്കു മുകളിൽ പാത്രംവെച്ച്‌ പാചകം ചെയ്യുന്നത്‌ ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്നെ ഉപേക്ഷിക്കാൻ എന്റെ വീട്ടുകാർതന്നെ ഭാര്യയെ പ്രോത്സാഹിപ്പിച്ചു, അത്രയ്‌ക്ക്‌ അരക്ഷിതമായ ഒരവസ്ഥയിലായിരുന്നു ഞങ്ങൾ.”

എന്നാൽ അവന്റെ ജീവിതത്തിനു മാറ്റം വരുത്തിയത്‌ എന്താണ്‌? മാന്വൽ പറയുന്നു: “ഒരിക്കൽ ബൈബിളിനെക്കുറിച്ചു സംസാരിക്കാനായി ഒരു പരിചയക്കാരൻ ഞങ്ങളുടെ വീട്ടിൽ വന്നു. പതിവായി അദ്ദേഹം ഞങ്ങളെ സന്ദർശിക്കാൻ തുടങ്ങി. ഞാൻ അദ്ദേഹത്തെ സ്വാഗതം ചെയ്‌തു. ആളുകളിൽ താത്‌പര്യമുള്ള ഒരു ദൈവം ഇല്ലെന്നു തെളിയിച്ചുകൊടുക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. അതിനുള്ള ഏറ്റവും നല്ല തെളിവ്‌ ഞാൻതന്നെയാണല്ലോയെന്നു ഞാൻ കരുതി. എന്നെ സന്ദർശിച്ച സാക്ഷി പ്രകടമാക്കിയ ക്ഷമയും മര്യാദയും എന്നെ അതിശയിപ്പിച്ചു. അതുകൊണ്ട്‌ രാജ്യഹാളിലെ യോഗത്തിൽ പങ്കെടുക്കാമെന്നു ഞാൻ സമ്മതിച്ചു. അവിടെയുണ്ടായിരുന്ന ചിലർക്ക്‌ എന്റെ പശ്ചാത്തലം അറിയാമായിരുന്നെങ്കിലും സൗഹാർദപൂർവം അവർ എന്നോടു സംസാരിച്ചു. ഞാൻ അവരുടെ കൂട്ടത്തിലെ ഒരാളാണെന്നപോലെയാണ്‌ അവർ എന്നോടു പെരുമാറിയത്‌. അത്‌ എനിക്കു വലിയ ആശ്വാസം നൽകി. മാന്യമായ ഒരു ജോലി സമ്പാദിക്കുന്നതിന്‌ മയക്കുമരുന്ന്‌ ഇടപാട്‌ അവസാനിപ്പിക്കാൻ പ്രേരിതനാകുന്ന അളവോളം അത്‌ എന്നെ സ്വാധീനിച്ചു. ബൈബിളധ്യയനം ആരംഭിച്ചു നാലു മാസം കഴിഞ്ഞപ്പോൾ പ്രസംഗവേലയിൽ പങ്കെടുക്കാൻ ഞാൻ യോഗ്യത നേടി. അതിനുശേഷം നാലു മാസം കഴിഞ്ഞ്‌ യഹോവയുടെ സാക്ഷികളിൽ ഒരുവനെന്ന നിലയിൽ ഞാൻ സ്‌നാപനമേറ്റു.”

മാന്വലിനെയും കുടുംബത്തെയും സംബന്ധിച്ചിടത്തോളം സത്യക്രിസ്‌ത്യാനിത്വം എന്താണ്‌ അർഥമാക്കിയത്‌? “ബൈബിൾ വിദ്യാഭ്യാസം നേടിയില്ലായിരുന്നെങ്കിൽ വർഷങ്ങൾക്കുമുമ്പുതന്നെ എന്റെ കഥ കഴിയുമായിരുന്നു. യേശു പഠിപ്പിച്ച ജീവിതരീതി എന്റെ കുടുംബത്തെ എനിക്കു തിരികെത്തന്നു. കൗമാരപ്രായത്തിൽ ഞാൻ കടന്നുപോയ ദുരനുഭവങ്ങളിലൂടെ എന്റെ രണ്ടു മക്കൾക്കു കടന്നുപോകേണ്ടതില്ല. ഭാര്യയുമായി ഇപ്പോൾ എനിക്കുള്ള നല്ല ബന്ധത്തിൽ ഞാൻ അഭിമാനിക്കുന്നു, അതിനു ഞാൻ യഹോവയോടു വളരെയധികം നന്ദിയുള്ളവനാണ്‌. മുൻകാല സഹകാരികളിൽ ചിലർ എന്നെ അഭിനന്ദിക്കുകയും എന്റെ ജീവിതരീതിയാണ്‌ ഏറ്റവും നല്ലതെന്നു വിചാരിക്കുന്നുവെന്നു പറയുകയും ചെയ്‌തിട്ടുണ്ട്‌.”

ക്രിസ്‌തീയ ജീവിതരീതിയിൽ, ധാർമിക ശുദ്ധിയോടൊപ്പം ശാരീരിക ശുദ്ധിയും പ്രധാനമാണ്‌. ദക്ഷിണാഫ്രിക്കയിലെ പട്ടിണിബാധിത പ്രദേശങ്ങളിലൊന്നിൽ താമസിക്കുന്ന ജോൺ അതു മനസ്സിലാക്കാനിടയായി. അദ്ദേഹം വിശദീകരിക്കുന്നു: “ഞങ്ങളുടെ മകൾ ചിലപ്പോൾ ഒരാഴ്‌ചയോളം കുളിക്കാതിരിക്കും, ഞങ്ങളാരും ശ്രദ്ധിക്കാറേയുണ്ടായിരുന്നില്ല.” തങ്ങളുടെ വീട്‌ തീരെ വൃത്തിയും വെടിപ്പും ഇല്ലാത്തതായിരുന്നെന്ന്‌ അദ്ദേഹത്തിന്റെ ഭാര്യ സമ്മതിക്കുന്നു. എന്നാൽ ക്രിസ്‌തീയ വിദ്യാഭ്യാസം സ്ഥിതിഗതികൾ മെച്ചപ്പെടാൻ ഇടയാക്കി. ജോൺ, കാർ മോഷ്ടാക്കളുടെ ഒരു സംഘവുമായുള്ള സഹവാസം അവസാനിപ്പിക്കുകയും കുടുംബത്തിനു കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങുകയും ചെയ്‌തു. “ക്രിസ്‌ത്യാനികളെന്ന നിലയിൽ ശരീരവും വസ്‌ത്രവും വൃത്തിയായി സൂക്ഷിക്കേണ്ടതാണെന്നു ഞങ്ങൾ പഠിച്ചു. യഹോവയാം ദൈവം വിശുദ്ധനാകയാൽ നമ്മളും വിശുദ്ധരായിരിക്കാൻ ഉദ്‌ബോധിപ്പിക്കുന്ന 1 പത്രൊസ്‌ 1:⁠16-ലെ വാക്കുകൾ ഞാൻ ഇഷ്ടപ്പെടുന്നു. ഞങ്ങളുടെ കൊച്ചു വീട്‌ മനോഹരമാക്കിത്തീർക്കാനും ഞങ്ങൾ ഇപ്പോൾ ശ്രമിക്കുന്നു.”

ഏറ്റവും നല്ല വിദ്യാഭ്യാസം നിങ്ങൾക്കു കണ്ടെത്താനാകും

മുകളിൽ പരാമർശിച്ചിരിക്കുന്ന അനുഭവങ്ങൾ ഒറ്റപ്പെട്ടവയല്ല. ബൈബിളധിഷ്‌ഠിത വിദ്യാഭ്യാസം നേടിയതിന്റെ ഫലമായി, ആയിരക്കണക്കിന്‌ ആളുകൾ മെച്ചപ്പെട്ട ജീവിതം നയിക്കാൻ പഠിച്ചിരിക്കുന്നു. സത്യസന്ധരും കഠിനാധ്വാനികളും ആയിരിക്കുന്നതിനാൽ തൊഴിലുടമകൾ അവരെ അഭിനന്ദിക്കുന്നു. സഹമനുഷ്യരുടെ ക്ഷേമത്തിൽ താത്‌പര്യമെടുത്തുകൊണ്ട്‌ അവർ നല്ല അയൽക്കാരും സുഹൃത്തുക്കളും ആയിത്തീർന്നിരിക്കുന്നു. ദുശ്ശീലങ്ങളും ജഡിക പ്രവണതകളും ഒഴിവാക്കാൻ ദൃഢചിത്തരായ അവർ ശാരീരികവും മാനസികവും വൈകാരികവും ആയ ആരോഗ്യത്തിൽ വളരെ ശ്രദ്ധയുള്ളവരാണ്‌. ദുശ്ശീലങ്ങൾക്കായി പാഴാക്കിക്കളയുന്നതിനു പകരം തങ്ങളുടെ വിഭവങ്ങൾ തങ്ങളുടെതന്നെയും സ്വന്ത കുടുംബത്തിന്റെയും നന്മയ്‌ക്കായി അവർ ഉപയോഗിക്കുന്നു. (1 കൊരിന്ത്യർ 6:⁠9-11; കൊലൊസ്സ്യർ 3:⁠18-23) ലഭ്യമായ ഏറ്റവും നല്ല വിദ്യാഭ്യാസം നൽകുന്നതു സത്യക്രിസ്‌ത്യാനിത്വമാണ്‌. അതാണ്‌ ഏറ്റവും നല്ല ജീവിതരീതിയെന്ന്‌ ബൈബിളിൽ യഹോവ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ ഫലങ്ങൾ സംശയലേശമെന്യേ തെളിയിക്കുന്നു. ദൈവത്തിന്റെ നിയമങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചു ബൈബിൾ പറയുന്നു: “അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.”​—⁠സങ്കീർത്തനം 1:⁠3.

പരമാധികാരിയായ യഹോവയാം ദൈവം നമ്മെ പ്രബോധിപ്പിക്കാൻ മനസ്സൊരുക്കമുള്ളവനാണെന്ന്‌ അറിയുന്നതു പ്രോത്സാഹജനകമാണ്‌. തന്നെക്കുറിച്ചുതന്നെ അവൻ പറയുന്നു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.” (യെശയ്യാവു 48:⁠17) അതേ, തന്റെ പുത്രനായ യേശുക്രിസ്‌തുവിന്റെ മാതൃകയിലൂടെയും പഠിപ്പിക്കലുകളിലൂടെയും യഹോവയാം ദൈവം നമുക്കു വഴി കാണിച്ചുതന്നിരിക്കുന്നു. യേശു ഭൂമിയിലായിരിക്കെ, അവനെ അറിയുമായിരുന്ന നിരവധി ആളുകളുടെ ജീവിതത്തിൽ അവന്റെ പഠിപ്പിക്കലുകൾ സുപ്രധാനമായ മാറ്റം വരുത്തി. ഇന്ന്‌ അവന്റെ പഠിപ്പിക്കലുകൾക്കു ചേർച്ചയിൽ ജീവിക്കുന്നവരുടെ കാര്യവും വ്യത്യസ്‌തമല്ല. ആ പഠിപ്പിക്കലുകളെക്കുറിച്ചു കൂടുതൽ അറിയാൻ നിങ്ങൾക്കു സമയമെടുക്കരുതോ? മൂല്യവത്തായ ആ വിദ്യാഭ്യാസം നേടുന്നതിനു നിങ്ങളെ സഹായിക്കാൻ നിങ്ങളുടെ പരിസരത്തുള്ള യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരായിരിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 12 ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

[6-ാം പേജിലെ ചതുരം/ചിത്രം]

യേശുവിന്റെയും അവന്റെ പഠിപ്പിക്കലുകളുടെയും സ്വാധീനം

മുഖ്യ നികുതിപിരിവുകാരനെന്ന സ്ഥാനം ഉപയോഗിച്ചുകൊണ്ട്‌ സക്കായി അന്യായമായി പണം കൈവശപ്പെടുത്തുകയും സാധാരണക്കാരെ ചൂഷണം ചെയ്യുകയും ചെയ്‌തു. അങ്ങനെ അവൻ ധനികനായിത്തീർന്നു. എന്നാൽ യേശുവിന്റെ പഠിപ്പിക്കലുകൾ ബാധമാക്കിക്കൊണ്ട്‌ സക്കായി തന്റെ ജീവിതരീതിക്കു മാറ്റം വരുത്തി.​—⁠ലൂക്കൊസ്‌ 19:⁠1-10.

തർസൊസിലെ ശൗൽ ക്രിസ്‌ത്യാനികളെ പീഡിപ്പിക്കുന്നതു നിറുത്തുകയും ഒരു ക്രിസ്‌ത്യാനിയായിത്തീരുകയും ചെയ്‌തു, അവൻ അപ്പൊസ്‌തലനായ പൗലൊസ്‌ എന്ന്‌ അറിയപ്പെട്ടു.​—⁠പ്രവൃത്തികൾ 22:⁠6-21; ഫിലിപ്പിയർ 3:⁠4-9.

കൊരിന്ത്യ ക്രിസ്‌ത്യാനികളിൽ ചിലർ “ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ . . . കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്‌ഠാണക്കാർ, പിടിച്ചുപറിക്കാർ” എന്നിങ്ങനെയുള്ളവർ ആയിരുന്നു. എങ്കിലും സത്യക്രിസ്‌ത്യാനിത്വത്തെക്കുറിച്ചു മനസ്സിലാക്കിയപ്പോൾ, അവർ തങ്ങളെത്തന്നെ ‘കർത്താവായ യേശുക്രിസ്‌തുവിന്റെ നാമത്തിൽ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.’​—⁠1 കൊരിന്ത്യർ 6:⁠9-11.

[7-ാം പേജിലെ ചിത്രം]

വിജയം വരിക്കാനാകുന്നത്‌ എങ്ങനെയെന്നു കാണിച്ചു തരാൻ ബൈബിളിനു കഴിയും