വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒന്നാം നൂറ്റാണ്ടിലെ യഹൂദർക്കിടയിൽ ക്രിസ്‌ത്യാനിത്വം വികാസം പ്രാപിക്കുന്നു

ഒന്നാം നൂറ്റാണ്ടിലെ യഹൂദർക്കിടയിൽ ക്രിസ്‌ത്യാനിത്വം വികാസം പ്രാപിക്കുന്നു

ഒന്നാം നൂറ്റാണ്ടിലെ യഹൂദർക്കിടയിൽ ക്രിസ്‌ത്യാനിത്വം വികാസം പ്രാപിക്കുന്നു

യെരൂശലേം പൊതുയുഗം (പൊ.യു.) 49-ൽ ഒരു സുപ്രധാന സമ്മേളനത്തിനു വേദിയായി. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയുടെ “തൂണുകളായി എണ്ണപ്പെട്ടിരുന്ന” യോഹന്നാനും പത്രൊസും യേശുവിന്റെ അർധസഹോദരനായ യാക്കോബും തദവസരത്തിൽ സന്നിഹിതരായിരുന്നു. അതിൽ പങ്കെടുത്തതായി പേരെടുത്തു പറഞ്ഞിരിക്കുന്ന മറ്റു രണ്ടു പേർ പൗലൊസ്‌ അപ്പൊസ്‌തലനും അവന്റെ സഹചാരിയായ ബർന്നബാസും ആയിരുന്നു. വിസ്‌തൃതമായ പ്രദേശം പ്രസംഗ പ്രവർത്തനത്തിനായി എങ്ങനെ തിരിക്കും എന്നതായിരുന്നു പരിചിന്തനത്തിനുള്ള വിഷയം. പൗലൊസ്‌ വിശദീകരിച്ചു: “ഞങ്ങൾ ജാതികളുടെ ഇടയിലും അവർ പരിച്‌ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാന്തക്കവണ്ണം [അവർ] എനിക്കും ബർന്നബാസിന്നും കൂട്ടായ്‌മയുടെ വലങ്കൈ തന്നു.”​—⁠ഗലാത്യർ 2:1, 9. *

ഈ തീരുമാനത്തിൽനിന്നു നാം എന്താണു മനസ്സിലാക്കുന്നത്‌? സുവാർത്ത പ്രസംഗിക്കേണ്ടിയിരുന്ന പ്രദേശം തിരിച്ചത്‌ എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു? വിജാതീയർ വസിക്കുന്ന പ്രദേശങ്ങൾ, യഹൂദരും യഹൂദ മതപരിവർത്തിതരും വസിക്കുന്ന പ്രദേശങ്ങൾ എന്നിങ്ങനെ ആയിരുന്നോ, അതോ ഭൂമിശാസ്‌ത്രപരമായ ഒരു വിധത്തിൽ ആയിരുന്നോ? യുക്തിസഹമായ ഒരു ഉത്തരത്തിനായി, പാലസ്‌തീനു വെളിയിൽ പാർത്തിരുന്ന മറുനാടൻ യഹൂദരുടെ ചരിത്രം സംബന്ധിച്ചു ചില വിവരങ്ങൾ നാം അറിയേണ്ടതുണ്ട്‌.

യഹൂദരുടെ ലോകം ഒന്നാം നൂറ്റാണ്ടിൽ

ഒന്നാം നൂറ്റാണ്ടിൽ എത്ര യഹൂദർ മറുനാടുകളിൽ വസിച്ചിരുന്നു? പല പണ്ഡിതരും യഹൂദ ജനതയുടെ ഭൂമിശാസ്‌ത്ര രേഖ (ഇംഗ്ലീഷ്‌) എന്ന പ്രസിദ്ധീകരണത്തിലെ പിൻവരുന്ന അഭിപ്രായത്തോടു യോജിക്കുന്നതായി കാണപ്പെടുന്നു: “കൃത്യമായ കണക്കുകൾ കണ്ടെത്തുക ദുഷ്‌കരമാണെങ്കിലും 70-നു തൊട്ടുമുമ്പ്‌ യഹൂദയിൽ 25 ലക്ഷവും റോമാ സാമ്രാജ്യത്തിന്റെ ശേഷം ഭാഗങ്ങളിൽ 40 ലക്ഷത്തിലധികവും യഹൂദർ ഉണ്ടായിരുന്നുവെന്നാണ്‌ ഏറെക്കുറെ ആശ്രയയോഗ്യമായ കണക്കുകൂട്ടൽ. . . . സാമ്രാജ്യത്തിലെ ജനസംഖ്യയുടെ ഏകദേശം പത്തു ശതമാനം യഹൂദർ ആയിരുന്നിരിക്കാം. അവരിൽ അധികവും വസിച്ചിരുന്ന കിഴക്കൻ പ്രവിശ്യകളിലെ നഗരങ്ങളിൽ അവരുടെ സംഖ്യ തദ്ദേശ സമൂഹത്തിന്റെ കാൽ ഭാഗമോ അതിലധികമോ ആയിരുന്നിരിക്കാം.”

സിറിയ, ഏഷ്യാമൈനർ, ബാബിലോൺ, ഈജിപ്‌ത്‌ എന്നീ പൂർവദേശങ്ങളിലായിരുന്നു യഹൂദർ കൂടുതലായി വസിച്ചിരുന്നത്‌. യൂറോപ്പിൽ അവരുടെ ചെറിയ കൂട്ടങ്ങളേ ഉണ്ടായിരുന്നുള്ളൂ. കുപ്രൊസുകാരനായ ബർന്നബാസ്‌, റോമയിൽനിന്നു വന്ന പൊന്തൊസ്‌കാരായ അക്വിലാസും പ്രിസ്‌കില്ലയും, അലക്‌സാൻഡ്രിയക്കാരനായ അപ്പൊല്ലോസ്‌, തർസൊസുകാരനായ പൗലൊസ്‌ എന്നീ സുപ്രസിദ്ധരായ ആദിമ ക്രിസ്‌ത്യാനികൾ മറുനാടൻ യഹൂദർ ആയിരുന്നു.​—⁠പ്രവൃത്തികൾ 4:36; 18:2, 24; 22:⁠3.

മറുനാടൻ യഹൂദർ തങ്ങളുടെ മാതൃദേശവുമായി പല വിധങ്ങളിൽ ബന്ധപ്പെട്ടിരുന്നു. ഉദാഹരണത്തിന്‌ അവർ യെരൂശലേമിലെ ആലയത്തിലേക്കു വാർഷിക നികുതി അയച്ചുകൊടുത്തിരുന്നു. അതുവഴി ആലയ ജീവിതത്തിലും ആരാധനയിലും പങ്കെടുക്കാൻ അവർക്കു കഴിഞ്ഞിരുന്നു. ഇതു സംബന്ധിച്ച്‌ പണ്ഡിതനായ ജോൺ ബാർക്ലേ ഇപ്രകാരം പറയുന്നു: “ഇങ്ങനെയുള്ള പണത്തിന്റെയും സമ്പന്നരിൽനിന്നുള്ള മറ്റു സംഭാവനകളുടെയും ഒക്കെ ശേഖരണം ശ്രദ്ധാപൂർവം ഏറ്റെടുത്തു നടത്തിയിരുന്നത്‌ മറുനാടൻ യഹൂദർ ആയിരുന്നുവെന്നതിന്‌ മതിയായ തെളിവുകളുണ്ട്‌.”

എല്ലാ വർഷവും ഉത്സവങ്ങൾക്കായി പതിനായിരക്കണക്കിനു തീർഥാടകർ യെരൂശലേമിലേക്കു യാത്ര ചെയ്‌തതും അവരെ മാതൃദേശവുമായി ബന്ധിപ്പിച്ചു. പൊ.യു. 33-ലെ പെന്തെക്കൊസ്‌തു സംബന്ധിച്ച്‌ പ്രവൃത്തികൾ 2:9-11-ലുള്ള വിവരണം അതു വ്യക്തമാക്കുന്നു. അവിടെ സന്നിഹിതരായിരുന്ന യഹൂദ തീർഥാടകർ പാർത്ത്യ, മേദ്യ, ഏലാം, മെസൊപ്പൊത്താമ്യ, കപ്പദൊക്യ, പൊന്തൊസ്‌, ആസ്യ, പ്രുഗ്യ, പംഫുല്യ, ഈജിപ്‌ത്‌, ലിബിയ, റോം, ക്രേത്ത, അറബി എന്നിവിടങ്ങളിൽനിന്നുള്ളവർ ആയിരുന്നു.

യെരൂശലേമിൽ ആലയത്തിന്റെ മേൽനോട്ടം വഹിച്ചിരുന്നവർ മറുനാടൻ യഹൂദരുമായി കത്തുകളിലൂടെ ബന്ധപ്പെട്ടിരുന്നു. പ്രവൃത്തികൾ 5:​34-ൽ പരാമർശിച്ചിരിക്കുന്ന ന്യായപ്രമാണ ഉപദേഷ്ടാവായ ഗമാലിയേൽ ബാബിലോണിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും കത്തുകൾ അയച്ചിരുന്നതായി പറയപ്പെടുന്നു. ഏകദേശം പൊ.യു. 59-ൽ പൗലൊസ്‌ അപ്പൊസ്‌തലനെ ഒരു തടവുകാരനായി റോമിൽ കൊണ്ടുവന്നപ്പോൾ “യെഹൂദന്മാരിൽ പ്രധാനികളാ”യവർ അവനോട്‌ “നിന്റെ സംഗതിക്കു യെഹൂദ്യയിൽനിന്നു ഞങ്ങൾക്കു എഴുത്തു വരികയോ സഹോദരന്മാരിൽ ആരും വന്നു നിന്നെക്കൊണ്ടു യാതൊരുദോഷവും പറകയോ ചെയ്‌തിട്ടില്ല” എന്നു പറയുകയുണ്ടായി. മാതൃദേശത്തുനിന്നു കത്തുകളും റിപ്പോർട്ടുകളും റോമിലേക്കു കൂടെക്കൂടെ അയച്ചിരുന്നു എന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌.​—⁠പ്രവൃത്തികൾ 28:17, 21.

മറുനാടൻ യഹൂദർ ഉപയോഗിച്ചിരുന്ന ബൈബിൾ എബ്രായ തിരുവെഴുത്തുകളുടെ ഗ്രീക്കു പരിഭാഷയായ സെപ്‌റ്റുവജിന്റ്‌ ആയിരുന്നു. ഒരു പരാമർശ കൃതി ഇങ്ങനെ പറയുന്നു: “മറുനാടുകളിലെങ്ങുമുള്ള യഹൂദർ തങ്ങളുടെ ബൈബിൾ അഥവാ ‘വിശുദ്ധ ലിഖിതങ്ങൾ’ എന്ന നിലയിൽ LXX [സെപ്‌റ്റുവജിന്റ്‌] വായിക്കുകയും അംഗീകരിക്കുകയും ചെയ്‌തിരുന്നെന്നു നിഗമനം ചെയ്യുന്നതു യുക്തിസഹമാണ്‌.” ആദിമ ക്രിസ്‌ത്യാനികൾ തങ്ങളുടെ പഠിപ്പിക്കലുകളിൽ വലിയ അളവിൽ ഉപയോഗിച്ചിരുന്നത്‌ ഇതേ ഭാഷാന്തരമാണ്‌.

യെരൂശലേമിലെ ക്രിസ്‌തീയ ഭരണസംഘത്തിലെ അംഗങ്ങൾക്ക്‌ ഈ സാഹചര്യങ്ങൾ നന്നായി അറിയാമായിരുന്നു. ദമസ്‌കൊസിലും അന്ത്യോക്യയിലും ഉൾപ്പെടെ സിറിയയിലും അതിനപ്പുറത്തും വസിച്ചിരുന്ന മറുനാടൻ യഹൂദർക്കിടയിൽ സുവാർത്ത എത്തിക്കഴിഞ്ഞിരുന്നു. (പ്രവൃത്തികൾ 9:19, 20; 11:19; 15:23, 41; ഗലാത്യർ 1:21) പൊ.യു. 49-ലെ യോഗത്തിൽ സംബന്ധിച്ചവർ ഭാവിയിലേക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നു എന്നു വ്യക്തം. യഹൂദരുടെയും യഹൂദ മതപരിവർത്തിതരുടെയും ഇടയിൽ സുവിശേഷഘോഷണത്തിലുണ്ടായ വികസനത്തെക്കുറിച്ചുള്ള ബൈബിൾ പരാമർശങ്ങൾ നമുക്കു പരിശോധിക്കാം.

പൗലൊസിന്റെ യാത്രകളും മറുനാടൻ യഹൂദരും

യേശുക്രിസ്‌തുവിന്റെ “നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹി”ക്കുക എന്നതായിരുന്നു പൗലൊസ്‌ അപ്പൊസ്‌തലന്റെ ആദ്യ നിയമനം. * (പ്രവൃത്തികൾ 9:15) യെരൂശലേമിലെ യോഗത്തിനുശേഷം പൗലൊസ്‌ താൻ യാത്ര ചെയ്‌ത സ്ഥലങ്ങളിലെല്ലാമുള്ള മറുനാടൻ യഹൂദരോടു പ്രസംഗിക്കുന്നതിൽ തുടർന്നു. (14-ാം പേജിലെ ചതുരം കാണുക.) പ്രവർത്തന പ്രദേശം വിഭജിച്ചത്‌ ഭൂമിശാസ്‌ത്രപരമായ അടിസ്ഥാനത്തിൽ ആയിരുന്നെന്ന്‌ ഇതു സൂചിപ്പിക്കുന്നു. പൗലൊസും ബർന്നബാസും ശുശ്രൂഷ പടിഞ്ഞാറോട്ടു വ്യാപിപ്പിച്ചപ്പോൾ മറ്റുള്ളവർ മാതൃദേശത്തുള്ള യഹൂദരോടും കിഴക്കൻ രാജ്യങ്ങളിലുള്ള യഹൂദരുടെ വൻ കൂട്ടങ്ങളോടും പ്രസംഗിച്ചു.

പൗലൊസും കൂട്ടുകാരും സിറിയയിലെ അന്ത്യോക്യയിൽനിന്നുള്ള അവരുടെ രണ്ടാമത്തെ മിഷനറി യാത്ര ആരംഭിച്ചപ്പോൾ ദൈവാത്മാവ്‌ അവരെ ഏഷ്യാമൈനർ മുതൽ ത്രോവാസ്‌ വരെയുള്ള പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കു നയിച്ചു. തങ്ങളെ മാസിഡോണിയക്കാരോടു “സുവിശേഷം അറിയിപ്പാൻ ദൈവം . . . വിളിച്ചിരിക്കുന്നു” എന്നു നിഗമനം ചെയ്‌ത അവർ അവിടെനിന്നു മാസിഡോണിയയിലേക്കു കടന്നു. പിന്നീട്‌ അഥേന, കൊരിന്ത്‌ എന്നിവ ഉൾപ്പെടെയുള്ള മറ്റു യൂറോപ്യൻ നഗരങ്ങളിൽ ക്രിസ്‌തീയ സഭകൾ സ്ഥാപിതമായി.​—⁠പ്രവൃത്തികൾ 15:40, 41; 16:6-10; 17:1-18:18.

തന്റെ മൂന്നാമത്തെ മിഷനറി യാത്രയുടെ ഒടുവിൽ​—⁠ഏകദേശം പൊ.യു. 56-ൽ​—⁠കൂടുതൽ പടിഞ്ഞാറോട്ടു യാത്ര ചെയ്യാനും യെരൂശലേമിലെ യോഗത്തിൽ തനിക്കു നിയമിച്ചുതന്ന പ്രവർത്തന പ്രദേശം വികസിപ്പിക്കാനും പൗലൊസ്‌ ആസൂത്രണം ചെയ്‌തു. “റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു” എന്നും “ഞാൻ . . . നിങ്ങളുടെ വഴിയായി സ്‌പാന്യയിലേക്കു പോകും” എന്നും അവൻ എഴുതി. (റോമർ 1:15; 15:24, 28) എന്നാൽ പൗരസ്‌ത്യദേശങ്ങളിലെ മറുനാടൻ യഹൂദരുടെ വൻ സമൂഹങ്ങൾ സംബന്ധിച്ചെന്ത്‌?

യഹൂദരുടെ പൗരസ്‌ത്യ സമൂഹങ്ങൾ

പൊ.യു. ഒന്നാം നൂറ്റാണ്ടിൽ ഏറ്റവുമധികം മറുനാടൻ യഹൂദർ ഉണ്ടായിരുന്നത്‌ ഈജിപ്‌തിൽ ആയിരുന്നു, പ്രത്യേകിച്ച്‌ അതിന്റെ തലസ്ഥാനമായ അലക്‌സാൻഡ്രിയയിൽ. ഈ വാണിജ്യ-സാംസ്‌കാരിക കേന്ദ്രത്തിൽ ലക്ഷക്കണക്കിന്‌ യഹൂദർ പാർത്തിരുന്നു. നഗരത്തിലെങ്ങും അവരുടെ സിനഗോഗുകളും ഉണ്ടായിരുന്നു. അക്കാലത്ത്‌ ഈജിപ്‌തിലുടനീളം കുറഞ്ഞത്‌ പത്തു ലക്ഷം യഹൂദർ ഉണ്ടായിരുന്നെന്ന്‌ അലക്‌സാൻഡ്രിയയിലെ ഒരു യഹൂദനായിരുന്ന ഫൈലോ അവകാശപ്പെട്ടു. അടുത്തുള്ള ലിബിയൻ നഗരമായ കുറേനയിലും സമീപ പ്രദേശങ്ങളിലും ധാരാളം യഹൂദർ വസിച്ചിരുന്നു.

ക്രിസ്‌ത്യാനികളായിത്തീർന്ന ചില യഹൂദർ ഈ പ്രദേശങ്ങളിൽ നിന്നുള്ളവർ ആയിരുന്നു. “അലക്‌സാന്ത്രിയക്കാരനായ . . . അപ്പൊല്ലോസ്‌,” “കുപ്രൊസ്‌കാരും കുറേനക്കാരും” ആയ ചിലർ, “കുറേനക്കാരനായ ലൂക്യൊസ്‌” എന്നിവർ സിറിയയിലെ അന്ത്യോക്യയിലുള്ള സഭയെ പിന്തുണച്ചതായി നാം വായിക്കുന്നു. (പ്രവൃത്തികൾ 2:10; 11:19, 20; 13:1; 18:24) ക്രിസ്‌തീയ സുവിശേഷകനായ ഫിലിപ്പൊസ്‌ എത്യോപ്യൻ ഷണ്ഡനോടു സാക്ഷീകരിച്ചതു സംബന്ധിച്ച വിവരണം ഒഴിച്ചാൽ ഈജിപ്‌തിലെയും സമീപപ്രദേശങ്ങളിലെയും ആദ്യകാല ക്രിസ്‌തീയ പ്രവർത്തനങ്ങൾ സംബന്ധിച്ച്‌ ബൈബിൾ ഒന്നുംതന്നെ പറയുന്നില്ല.​—⁠പ്രവൃത്തികൾ 8:26-39.

ബാബിലോൺ ആയിരുന്നു പ്രധാനപ്പെട്ട മറ്റൊരു കേന്ദ്രം. അതിനോടു ചേർന്നുകിടക്കുന്ന പാർത്ത്യ, മേദ്യ, ഏലാം എന്നിവിടങ്ങളിലേക്കും യഹൂദർ വ്യാപിച്ചിരുന്നു. “അർമേനിയമുതൽ പേർഷ്യൻ ഉൾക്കടൽവരെയും അതുപോലെതന്നെ വടക്കുകിഴക്ക്‌ കാസ്‌പിയൻ കടൽവരെയും കിഴക്ക്‌ മേദ്യവരെയും ഉള്ള, ടൈഗ്രീസ്‌-യൂഫ്രട്ടീസ്‌ നദീതടങ്ങളിലെ മുഴു പ്രദേശങ്ങളിലും യഹൂദരുടെ സമൂഹങ്ങൾ പാർത്തിരുന്നു” എന്ന്‌ ഒരു ചരിത്രകാരൻ പറയുന്നു. അവരുടെ എണ്ണം 8 ലക്ഷമോ അതിലധികമോ ആയിരുന്നെന്ന്‌ എൻസൈക്ലോപീഡിയ ജൂഡായിക്ക കണക്കാക്കുന്നു. ബാബിലോണിലുള്ള പതിനായിരക്കണക്കിന്‌ യഹൂദർ വാർഷിക ഉത്സവങ്ങൾക്കായി യെരൂശലേമിലേക്കു യാത്ര ചെയ്‌തിരുന്നെന്ന്‌ ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ ജോസീഫസ്‌ നമ്മോടു പറയുന്നു.

ബാബിലോണിൽനിന്നുള്ള ഈ തീർഥാടകരിൽ ആരെങ്കിലും പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ സ്‌നാപനമേറ്റിരുന്നോ? നമുക്ക്‌ അറിയില്ല. എന്നാൽ അന്നു പത്രൊസ്‌ അപ്പൊസ്‌തലൻ നടത്തിയ പ്രസംഗം കേട്ടവരിൽ മെസൊപ്പൊത്താമ്യയിൽനിന്നുള്ളവരും ഉണ്ടായിരുന്നു. (പ്രവൃത്തികൾ 2:9) പത്രൊസ്‌ അപ്പൊസ്‌തലൻ ഏകദേശം പൊ.യു. 62 മുതൽ 64 വരെ ബാബിലോണിൽ ഉണ്ടായിരുന്നെന്നു നമുക്ക്‌ അറിയാം. തന്റെ ആദ്യ ലേഖനവും സാധ്യതയനുസരിച്ച്‌ രണ്ടാമത്തേതും അവൻ എഴുതിയത്‌ അവിടെവെച്ചാണ്‌. (1 പത്രൊസ്‌ 5:13) ഗലാത്യർക്കുള്ള ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന യോഗത്തിൽ പത്രൊസിനും യോഹന്നാനും യാക്കോബിനും നിയമിച്ചുകൊടുത്ത പ്രവർത്തന പ്രദേശത്തിൽ, യഹൂദർ തിങ്ങിപ്പാർത്തിരുന്ന ബാബിലോൺ ഉൾപ്പെട്ടിരുന്നു എന്നതു വ്യക്തമാണ്‌.

യെരൂശലേമിലെ സഭയും മറുനാടൻ യഹൂദരും

പ്രസ്‌തുത യോഗത്തിൽ പങ്കെടുത്ത യാക്കോബ്‌ യെരൂശലേമിലെ സഭയിൽ ഒരു മേൽവിചാരകനായി സേവിച്ചിരുന്നു. (പ്രവൃത്തികൾ 12:12, 17; 15:13; ഗലാത്യർ 1:18, 19) പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ മറുനാടുകളിൽനിന്നെത്തിയ ആയിരക്കണക്കിനു യഹൂദർ സുവാർത്ത ശ്രദ്ധിക്കുകയും സ്‌നാപനമേൽക്കുകയും ചെയ്‌തത്‌ അവൻ നേരിൽ കണ്ടിരുന്നു.​—⁠പ്രവൃത്തികൾ 1:14; 2:1, 41.

അന്നും അതിനുശേഷവും വാർഷിക ഉത്സവങ്ങളിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിനു യഹൂദർ എത്തിച്ചേർന്നു. സന്ദർശകരെക്കൊണ്ടു നഗരം നിറഞ്ഞുകവിഞ്ഞപ്പോൾ അടുത്തുള്ള ഗ്രാമങ്ങളിലോ കൂടാരങ്ങളിലോ അവർക്കു തങ്ങേണ്ടിവന്നു. സ്‌നേഹിതരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നതിനുപുറമേ, ആരാധിക്കാനും ബലികളർപ്പിക്കാനും തോറായുടെ പഠനത്തിനും ആയി തീർഥാടകർ ആലയത്തിൽ പ്രവേശിക്കുകയും ചെയ്‌തിരുന്നെന്ന്‌ എൻസൈക്ലോപീഡിയ ജൂഡായിക്ക വിശദീകരിക്കുന്നു.

യാക്കോബും യെരൂശലേമിലെ സഭയിലുള്ള മറ്റുള്ളവരും മറുനാടൻ യഹൂദരോടു സാക്ഷീകരിക്കാൻ ഈ സന്ദർഭങ്ങൾ ഉപയോഗിച്ചു എന്നതിനു സംശയമില്ല. സ്‌തെഫാനൊസ്‌ കൊല്ലപ്പെടുകയും “യെരൂശലേമിലെ സഭെക്കു . . . വലിയ ഉപദ്രവം നേരി”ടുകയും ചെയ്‌ത സമയത്ത്‌ വളരെ വിവേചനയോടെ ആയിരുന്നിരിക്കണം അപ്പൊസ്‌തലന്മാർ അപ്രകാരം ചെയ്‌തത്‌. (പ്രവൃത്തികൾ 8:1) പ്രസ്‌തുത സംഭവത്തിനു മുമ്പും പിമ്പും പ്രസംഗവേലയിൽ ഈ ക്രിസ്‌ത്യാനികൾ പ്രകടിപ്പിച്ച തീക്ഷ്‌ണത തുടർച്ചയായ വർധനയിൽ കലാശിച്ചെന്നു രേഖ പ്രകടമാക്കുന്നു.​—⁠പ്രവൃത്തികൾ 5:42; 8:4; 9:31.

നാം എന്തു പഠിക്കുന്നു?

അതേ, യഹൂദർ വസിച്ചിരുന്നത്‌ എവിടെയെല്ലാം ആയിരുന്നാലും അവരെ സുവാർത്ത അറിയിക്കാൻ ആദിമ ക്രിസ്‌ത്യാനികൾ ആത്മാർഥമായി ശ്രമിച്ചു. അതേസമയം പൗലൊസും മറ്റുള്ളവരും യൂറോപ്യൻ പ്രദേശങ്ങളിലുള്ള വിജാതീയരോടു പ്രസംഗിച്ചു. യേശു തന്റെ അനുഗാമികൾക്ക്‌ അന്തിമമായി നൽകിയ, “സകലജാതികളെയും” ശിഷ്യരാക്കിക്കൊള്ളുവിൻ എന്ന കൽപ്പന അവർ അനുസരിച്ചു.​—⁠മത്തായി 28:19, 20.

യഹോവയുടെ ആത്മാവിന്റെ പിന്തുണ ഉണ്ടായിരിക്കാൻ സംഘടിതമായ ഒരു വിധത്തിൽ പ്രസംഗ പ്രവർത്തനം നടത്തുന്നതു പ്രധാനമാണെന്ന്‌ അവരുടെ ദൃഷ്ടാന്തങ്ങളിൽനിന്നു നമുക്കു പഠിക്കാൻ കഴിയും. ദൈവവചനത്തോട്‌ ആദരവുള്ളവരെ സുവാർത്തയുമായി സമീപിക്കുന്നതിന്റെ പ്രയോജനങ്ങളും നമുക്കു മനസ്സിലാക്കാനാകുന്നു, യഹോവയുടെ സാക്ഷികളുടെ എണ്ണം വളരെ കുറവായ പ്രദേശങ്ങളിൽ അതു വിശേഷാൽ സത്യമാണ്‌. നിങ്ങളുടെ സഭയ്‌ക്കു നിയമിച്ചു തന്നിട്ടുള്ള പ്രദേശത്തിന്റെ ചില ഭാഗങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ചു കൂടുതൽ ഫലോത്‌പാദകമാണോ? എങ്കിൽ അവ കൂടെക്കൂടെ പ്രവർത്തിക്കുന്നതു പ്രയോജനപ്രദം ആയിരുന്നേക്കാം. അനൗപചാരിക സാക്ഷീകരണത്തിനോ തെരുവു സാക്ഷീകരണത്തിനോ ഉള്ള പ്രത്യേക അവസരം തുറന്നുതരുന്ന പൊതു പരിപാടികൾ നിങ്ങളുടെ പ്രദേശത്തു നടക്കാറുണ്ടോ?

ആദിമ ക്രിസ്‌ത്യാനികളെക്കുറിച്ചു ബൈബിളിൽനിന്നു വായിക്കുന്നതു മാത്രമല്ല, ചരിത്രപരവും ഭൂമിശാസ്‌ത്രപരവും ആയ ചില വിശദാംശങ്ങൾ മനസ്സിലാക്കുന്നതും നമുക്കു പ്രയോജനം ചെയ്യുന്നു. നമ്മുടെ അറിവു വികസിപ്പിക്കാൻ സഹായകമായ ഒരു ഉപകരണമാണ്‌, ഭൂപടങ്ങളും ഫോട്ടോകളും അടങ്ങിയ കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ലഘുപത്രിക.

[അടിക്കുറിപ്പുകൾ]

^ ഖ. 2 ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം പരിച്ഛേദന സംബന്ധിച്ചു നടത്തിയ ചർച്ചയുടെ സമയത്തോ അതിനോട്‌ അനുബന്ധിച്ചോ ആയിരിക്കണം ഈ യോഗം നടന്നത്‌.​—⁠പ്രവൃത്തികൾ 15:6-29.

^ ഖ. 13 ‘ജാതികളുടെ അപ്പൊസ്‌തലൻ’ എന്ന നിലയിൽ പൗലൊസ്‌ ചെയ്‌ത കാര്യങ്ങളിലല്ല പിന്നെയോ യഹൂദരുടെ ഇടയിൽ അവൻ നടത്തിയ സാക്ഷീകരണ പ്രവർത്തനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌ ഈ ലേഖനം.​—⁠റോമർ 11:13.

[14-ാം പേജിലെ ചാർട്ട്‌]

മറുനാടൻ യഹൂദരിലുള്ള പൗലൊസ്‌ അപ്പൊസ്‌തലന്റെ താത്‌പര്യം

പൊ.യു. 49-ൽ യെരൂശലേമിൽ നടന്ന യോഗത്തിനുമുമ്പ്‌

പ്രവൃത്തികൾ 9:19, 20 ദമസ്‌കൊസ്‌ — “അവൻ . . . പള്ളികളിൽ പ്രസംഗിച്ചു”

പ്രവൃത്തികൾ 9:29 യെരൂശലേം — “യവനഭാഷക്കാരായ യെഹൂദന്മാരോടും അവൻ സംഭാഷിച്ചു”

പ്രവൃത്തികൾ 13:5 സലമീസ്‌, കുപ്രൊസ്‌ — “യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു”

പ്രവൃത്തികൾ 13:14 പിസിദ്യയിലെ അന്ത്യോക്യ — “പള്ളിയിൽ ചെന്നു”

പ്രവൃത്തികൾ 14:1 ഇക്കോന്യ — “യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു”

പൊ.യു. 49-ൽ യെരൂശലേമിൽ നടന്ന യോഗത്തിനുശേഷം

പ്രവൃത്തികൾ 16:14 ഫിലിപ്പി — “ലുദിയാ എന്നു പേരുള്ള ദൈവഭക്തയായോരു സ്‌ത്രീ”

പ്രവൃത്തികൾ 17:1 തെസ്സലൊനീക്യ — “യെഹൂദന്മാരുടെ ഒരു പള്ളി”

പ്രവൃത്തികൾ 17:10 ബെരോവ — “യെഹൂദന്മാരുടെ പള്ളി”

പ്രവൃത്തികൾ 17:17 അഥേന — “പള്ളിയിൽവെച്ചു യെഹൂദന്മാരോടും . . . സംഭാഷിച്ചു”

പ്രവൃത്തികൾ 18:4 കൊരിന്ത്‌ — “പള്ളിയിൽ സംവാദിച്ചു”

പ്രവൃത്തികൾ 18:19 എഫെസൊസ്‌ — “പള്ളിയിൽ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു”

പ്രവൃത്തികൾ 19:8 എഫെസൊസ്‌ — “പള്ളിയിൽ ചെന്നു . . . മൂന്നു മാസത്തോളം

പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു”

പ്രവൃത്തികൾ 28:17 റോം — “യെഹൂദന്മാരിൽ പ്രധാനികളായവരെ വിളിപ്പിച്ചു”

[15-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ സുവാർത്ത കേട്ടവർ നാനാദേശങ്ങളിൽ നിന്നുള്ളവർ ആയിരുന്നു

ഇല്ലുര്യ

ഇറ്റലി

റോം

മാസിഡോണിയ

ഗ്രീസ്‌

അഥേന

ക്രേത്ത

കുറേന

ലിബിയ

ബിഥുന്യ

ഗലാത്യ

ആസ്യ

പ്രുഗ്യ

പംഫുല്യ

കുപ്രൊസ്‌

ഈജിപ്‌ത്‌

എത്യോപ്യ

പൊന്തൊസ്‌

കപ്പദൊക്യ

കിലിക്ക്യ

മെസൊപ്പൊത്താമ്യ

സിറിയ

ശമര്യ

യെരൂശലേം

യെഹൂദ്യ

മേദ്യ

ബാബിലോൺ

ഏലാം

അറബിദേശം

പാർത്ത്യ

[Bodies of water]

മെഡിറ്ററേനിയൻ കടൽ

കരിങ്കടൽ

ചെങ്കടൽ

പേർഷ്യൻ ഉൾക്കടൽ