വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘കഴുകന്റെ നാട്ടിൽ’ യഹോവയുടെ വചനം ചിറകടിച്ചുയരുന്നു

‘കഴുകന്റെ നാട്ടിൽ’ യഹോവയുടെ വചനം ചിറകടിച്ചുയരുന്നു

‘കഴുകന്റെ നാട്ടിൽ’ യഹോവയുടെ വചനം ചിറകടിച്ചുയരുന്നു

“കഴുകന്റെ നാട്‌.” മാതൃഭാഷയിൽ അൽബേനിയക്കാർ സ്വന്തം രാജ്യത്തെ വിളിക്കുന്നത്‌ അങ്ങനെയാണ്‌. ബാൾക്കൻ ഉപദ്വീപിൽ അഡ്രിയാറ്റിക്‌ കടലിന്‌ അഭിമുഖമായാണ്‌ അൽബേനിയ സ്ഥിതിചെയ്യുന്നത്‌. ഗ്രീസിനും മുൻ യൂഗോസ്ലാവിയയ്‌ക്കും ഇടയിലാണ്‌ ഇതിന്റെ സ്ഥാനം. അൽബേനിയക്കാരുടെ ഉത്ഭവം സംബന്ധിച്ചു നിരവധി സിദ്ധാന്തങ്ങളുണ്ടെങ്കിലും, ജനതയെന്ന നിലയിലും ഭാഷാപരമായും അവർ പുരാതന ഇല്ലുര്യക്കാരുടെ പിന്തുടർച്ചക്കാരാണെന്നാണ്‌ മിക്ക പണ്ഡിതന്മാരുടെയും അഭിപ്രായം. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നതനുസരിച്ച്‌ അവരുടെ സംസ്‌കാരത്തിന്റെ വേരുകൾ പൊതുയുഗത്തിനു മുമ്പ്‌ (പൊ.യു.മു.) 2000 വരെ പുറകിലേക്കു നീളുന്നു.

രാജ്യത്തിന്റെ വടക്കേ അറ്റത്തെ പർവതപ്രദേശങ്ങളും തെക്കുഭാഗത്തെ അഡ്രിയാറ്റിക്‌ തീരത്തുള്ള മണൽനിറഞ്ഞ വിശാലമായ ബീച്ചുകളും അൽബേനിയയുടെ പ്രകൃതിഭംഗിക്കു മാറ്റുകൂട്ടുന്നു. എന്നാൽ ഇതിനെക്കാളെല്ലാം മാറ്റുണ്ട്‌ അവിടത്തെ ആളുകൾക്ക്‌. അവർ സ്‌നേഹവും അതിഥിപ്രിയവും ചുറുചുറുക്കും ഉള്ളവരും കാര്യങ്ങൾ പെട്ടെന്നു പഠിച്ചെടുക്കുന്നവരും ആണ്‌. സംസാരത്തിൽ വളരെയധികം ആംഗ്യങ്ങൾ ഉപയോഗിക്കുന്നതാണ്‌ ഇവരുടെ മറ്റൊരു വിശേഷത.

ഒരു സുപ്രസിദ്ധ മിഷനറിയുടെ സന്ദർശനം

ആളുകളുടെ ആകർഷകമായ വ്യക്തിത്വവും അവിടത്തെ സുന്ദരദൃശ്യങ്ങളും നൂറ്റാണ്ടുകൾക്കു മുമ്പ്‌ ഒരു യാത്രക്കാരന്റെ ശ്രദ്ധയാകർഷിക്കുകതന്നെ ചെയ്‌തു. ധാരാളം യാത്ര ചെയ്‌തിരുന്ന അപ്പൊസ്‌തലനായ പൗലൊസ്‌ പൊ.യു. 56-ഓടെ ഇങ്ങനെ എഴുതി: “ഞാൻ യെരൂശലേംമുതൽ ഇല്ലുര്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്‌തുവിന്റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു.” (റോമർ 15:19) ഇല്ലുര്യയുടെ ദക്ഷിണഭാഗമാണ്‌ ആധുനികകാലത്തെ മധ്യ-ഉത്തര അൽബേനിയ. ഇല്ലുര്യയുടെ ദക്ഷിണഭാഗത്തുള്ള ഗ്രീസിലെ കൊരിന്തിൽനിന്നാണ്‌ പൗലൊസ്‌ എഴുതിയത്‌. “ഇല്ലുര്യദേശത്തോളം” പ്രസംഗിച്ചെന്ന പ്രസ്‌താവന, അദ്ദേഹം ഇല്ലുര്യയുടെ അതിർത്തിയോളം പോയെന്നോ ഇല്ലുര്യയിൽ പ്രവേശിച്ചെന്നോ സൂചിപ്പിക്കുന്നു. എന്തുതന്നെയായിരുന്നാലും, അവൻ ഇപ്പോഴത്തെ ദക്ഷിണ അൽബേനിയയിൽ പ്രസംഗിച്ചിട്ടുണ്ടാകണം. അതുകൊണ്ട്‌, ലഭ്യമായ അറിവനുസരിച്ച്‌ അൽബേനിയയിൽ രാജ്യപ്രസംഗവേല ആദ്യമായി നിർവഹിച്ചത്‌ പൗലൊസാണ്‌.

നൂറ്റാണ്ടുകൾ കടന്നുപോയി. സാമ്രാജ്യങ്ങൾ വാഴുകയും വീഴുകയും ചെയ്‌തു. 1912-ൽ അൽബേനിയ ഒരു സ്വതന്ത്രരാഷ്‌ട്രം ആയിത്തീരുന്നതുവരെ യൂറോപ്പിന്റെ കോണിലുള്ള ഈ കൊച്ചുപ്രദേശത്ത്‌ വിദേശശക്തികൾ വരുകയും പോകുകയും ചെയ്‌തു. അൽബേനിയ സ്വാതന്ത്ര്യം കൈവരിച്ച്‌ ഒരു ദശാബ്ദത്തിനുശേഷം യഹോവയുടെ രാജ്യത്തെക്കുറിച്ചുള്ള സുവാർത്ത വീണ്ടും അവിടെ കേട്ടുതുടങ്ങി.

ആവേശകരമായ ആധുനിക തുടക്കം

ഐക്യനാടുകളിലേക്കു കുടിയേറുകയും പിൽക്കാലത്ത്‌ യഹോവയുടെ സാക്ഷികൾ എന്നറിയപ്പെട്ട ബൈബിൾ വിദ്യാർഥികളുമായി സഹവസിക്കുകയും ചെയ്‌തിരുന്ന ഏതാനും അൽബേനിയക്കാർ, തങ്ങൾ പഠിച്ച കാര്യങ്ങൾ പങ്കുവെക്കാനായി 1920-കളിൽ അൽബേനിയയിലേക്കു തിരികെപ്പോയി. അവരിൽ ഒരാളായിരുന്നു നാഷോ ഇഡ്രീസി. ചിലർ അനുകൂലമായി പ്രതികരിച്ചു. സുവാർത്തയിലുള്ള ആളുകളുടെ താത്‌പര്യം വർധിച്ചപ്പോൾ അതിനനുസരിച്ചുള്ള നടപടികൾ കൈക്കൊള്ളേണ്ടതിനായി, അൽബേനിയയിലെ പ്രസംഗവേലയുടെ മേൽനോട്ടം 1924-ൽ റൊമേനിയയിലെ ബ്രാഞ്ച്‌ ഓഫീസിനു നൽകി.

അൽബേനിയയിൽ അക്കാലത്ത്‌ യഹോവയെക്കുറിച്ചു പഠിച്ച ഒരാളാണ്‌ താനസ്‌ ഡൂലി (ആതാൻ ഡൂലിസ്‌). അദ്ദേഹം പറയുന്നു: “1925-ൽ, അൽബേനിയയിൽ മൂന്നു സംഘടിത സഭകൾക്കു പുറമേ പലയിടങ്ങളിലായി, ഒറ്റപ്പെട്ട ബൈബിൾ വിദ്യാർഥികളും താത്‌പര്യക്കാരും ഉണ്ടായിരുന്നു. അവർക്കിടയിലെ സ്‌നേഹം . . . ചുറ്റുമുണ്ടായിരുന്നവരുടേതിനെക്കാൾ മികച്ചുനിന്നിരുന്നു.” *

നല്ല റോഡുകളില്ലായിരുന്നതിനാൽ യാത്ര ദുരിതപൂർണമായിരുന്നു. എങ്കിലും തീക്ഷ്‌ണരായ പ്രസാധകർ ആ വെല്ലുവിളി ഏറ്റെടുത്തു. ഉദാഹരണത്തിന്‌ 1928-ൽ വ്‌ളോറിലെ ദക്ഷിണ തീരത്തുള്ള അരേറ്റി പീനാ എന്നൊരു സ്‌ത്രീ സ്‌നാപനമേറ്റു. അന്നവർക്ക്‌ 18 വയസ്സായിരുന്നു. കയ്യിലൊരു ബൈബിളുമായി കുന്നിൻപ്രദേശങ്ങളിലൂടെ കയറിയിറങ്ങി അവർ സുവാർത്ത പ്രസംഗിച്ചു. 1930-കളുടെ തുടക്കത്തിൽ വ്‌ളോറിൽ ഉണ്ടായിരുന്ന തീക്ഷ്‌ണതയുള്ള ഒരു സഭയുടെ ഭാഗമായിരുന്നു അവർ.

1930-ഓടെ അൽബേനിയയിലെ പ്രസംഗവേലയുടെ മേൽനോട്ടം ഗ്രീസിലെ ഏഥെൻസിലുള്ള ബ്രാഞ്ച്‌ ഓഫീസിനു ലഭിച്ചു. സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും ശക്തിപ്പെടുത്താനുമായി 1932-ൽ ഗ്രീസിൽനിന്ന്‌ ഒരു സഞ്ചാരമേൽവിചാരകൻ അൽബേനിയ സന്ദർശിക്കുകയുണ്ടായി. അക്കാലത്ത്‌ ബൈബിൾ പഠിച്ചുകൊണ്ടിരുന്ന മിക്കവർക്കും സ്വർഗീയ പ്രത്യാശയാണ്‌ ഉണ്ടായിരുന്നത്‌. ശുദ്ധിയും നേരും ഉള്ളവർ എന്ന സത്‌പേര്‌ അവർക്ക്‌ എല്ലായിടത്തും ആദരവ്‌ നേടിക്കൊടുത്തു. വിശ്വസ്‌തരായ ഈ സഹോദരങ്ങളുടെ പ്രവർത്തനം വളരെ ഫലകരമായിരുന്നു. 1935, 1936 എന്നീ വർഷങ്ങളിൽ ഏകദേശം 6,500 ബൈബിൾ സാഹിത്യങ്ങൾ വീതം അൽബേനിയയിൽ സമർപ്പിക്കപ്പെട്ടു.

ഒരിക്കൽ നാഷോ ഇഡ്രിസി വ്‌ളോറിന്റെ ഹൃദയഭാഗത്തുവെച്ച്‌ ജെ.എഫ്‌. റഥർഫോർഡിന്റെ ഒരു പ്രസംഗം ഗ്രാമഫോണിൽ കേൾപ്പിച്ചു. ഇഡ്രിസി സഹോദരൻ അത്‌ അൽബേനിയനിലേക്കു പരിഭാഷപ്പെടുത്തി. അതു കേൾക്കാൻ ആളുകൾ കടകൾ അടച്ചിട്ടിട്ടാണു വന്നത്‌. അക്ഷീണരായ ആ മുൻകാല ബൈബിൾ അധ്യാപകരുടെ തീക്ഷ്‌ണതയ്‌ക്കു പ്രതിഫലം ലഭിച്ചു. 1940 ആയപ്പോഴേക്കും അൽബേനിയയിൽ 50 സാക്ഷികൾ ഉണ്ടായിരുന്നു.

ഒരു നിരീശ്വരവാദ രാഷ്‌ട്രം

1939-ൽ ആ രാജ്യം ഇറ്റാലിയൻ ഫാസിസ്റ്റുകളുടെ കീഴിലായി. യഹോവയുടെ സാക്ഷികളുടെ നിയമപരമായ അംഗീകാരം അവർ റദ്ദാക്കുകയും അവരുടെ പ്രസംഗവേല നിരോധിക്കുകയും ചെയ്‌തു. അതേത്തുടർന്ന്‌ പെട്ടെന്നുതന്നെ ജർമൻ സേന രാജ്യത്തെ ആക്രമിച്ചു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ വളരെ സ്വാധീനശക്തിയുള്ള ഒരു സൈനിക നേതാവ്‌ രംഗത്തുവന്നു. ഏൻവേർ ഹോജാ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്‌. അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി 1946-ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചു, അദ്ദേഹം പ്രധാനമന്ത്രിയായി. തുടർന്നുള്ള വർഷങ്ങൾ വിമോചനകാലം എന്നാണ്‌ അറിയപ്പെട്ടത്‌, എന്നാൽ യഹോവയുടെ സാക്ഷികൾക്ക്‌ അത്‌ നേരെ മറിച്ചായിരുന്നു.

ക്രമേണ ഗവൺമെന്റിന്റെ മതസഹിഷ്‌ണുത മങ്ങിത്തുടങ്ങി. ക്രിസ്‌തീയ നിഷ്‌പക്ഷതയ്‌ക്കു ചേർച്ചയിൽ അൽബേനിയയിലെ യഹോവയുടെ സാക്ഷികൾ ആയുധമെടുക്കാനും രാഷ്ട്രീയത്തിൽ ഉൾപ്പെടാനും വിസമ്മതിച്ചു. (യെശയ്യാവു 2:2-4; യോഹന്നാൻ 15:17-19) നിരവധിപേർ ജയിലിലായി. ആഹാരവും മറ്റ്‌ അവശ്യസംഗതികളും അവർക്കു നിഷേധിക്കപ്പെട്ടു. മിക്കപ്പോഴും, ജയിലിനു വെളിയിലുള്ള അവരുടെ ആത്മീയ സഹോദരിമാരാണ്‌ അവർക്കുവേണ്ടി ഭക്ഷണമുണ്ടാക്കുകയും അവരുടെ തുണിയലക്കുകയും ചെയ്‌തത്‌.

പീഡനത്തിന്മധ്യേ നിർഭയർ

1940-കളുടെ തുടക്കത്തിൽ, ഒരു ഷൂനിർമാതാവായ നാഷോ ഡോറി എന്ന ഒരു സാക്ഷിയിൽനിന്നു തന്റെ ജഡിക സഹോദരന്മാർ പഠിച്ചിരുന്ന ബൈബിൾ വിഷയങ്ങൾ പെർമെറ്റിന്‌ സമീപമുള്ള ഗ്രാമത്തിലെ ഫ്രോസിനാ ജേക്കാ എന്ന ഒരു കൗമാരപ്രായക്കാരി കേൾക്കാനിടയായി. * അധികാരികൾ യഹോവയുടെ സാക്ഷികളെ അമർച്ച ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എങ്കിലും ഫ്രോസിനായുടെ വിശ്വാസം ബലപ്പെട്ടു. അത്‌ അവളുടെ മാതാപിതാക്കൾക്ക്‌ ഇഷ്ടമുള്ള കാര്യമായിരുന്നില്ല. അവൾ പറയുന്നു: “ഞാൻ ക്രിസ്‌തീയ യോഗങ്ങൾക്കു പോകാനൊരുങ്ങുകയാണെന്നു മനസ്സിലായാൽ അവർ എന്റെ ഷൂസ്‌ എടുത്ത്‌ ഒളിച്ചുവെക്കുകയും എന്നെ അടിക്കുകയും ചെയ്യുമായിരുന്നു. ഒരു അവിശ്വാസിയുമായി എന്നെ വിവാഹം കഴിപ്പിക്കാനും അവർ ശ്രമിച്ചു. അതു നിരസിച്ചപ്പോൾ അവർ എന്നെ വീട്ടിൽനിന്നു പുറത്താക്കി. അന്നു മഞ്ഞുവീഴ്‌ചയുണ്ടായിരുന്നു. എന്നെ സഹായിക്കാൻ നാഷോ ഡോറി, ഗിറോകോസ്റ്ററിലെ ഗോലേ ഫ്‌ളോക്കോ സഹോദരനോട്‌ ആവശ്യപ്പെട്ടു. അങ്ങനെ ആ കുടുംബത്തോടൊപ്പം പാർക്കാനുള്ള ക്രമീകരണം ചെയ്‌തു. നിഷ്‌പക്ഷ നിലപാടു നിമിത്തം എന്റെ സഹോദരന്മാർ രണ്ടു വർഷമായി ജയിലിൽ ആയിരുന്നു. അവർ മോചിതരായ ശേഷം, അവരോടൊപ്പം താമസിക്കാനായി ഞാൻ വ്‌ളോറിയിലേക്കു പോയി.

“രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പോലീസ്‌ എന്നെ നിർബന്ധിച്ചു. ഞാൻ അതു നിരസിച്ചു. അവർ എന്നെ അറസ്റ്റു ചെയ്‌ത്‌ ഒരു മുറിയിലാക്കിയിട്ട്‌ എന്നെ വളഞ്ഞു. ‘ഞങ്ങൾക്കിപ്പോൾ നിന്നെ എന്തു വേണമെങ്കിലും ചെയ്യാം, അറിയാമോ’ അവരിൽ ഒരാൾ ഭീഷണിമുഴക്കി. എന്റെ മറുപടി ഇതായിരുന്നു: ‘യഹോവ അനുവദിക്കുന്നതു മാത്രമേ നിങ്ങൾക്കു ചെയ്യാനാകൂ.’ അതുകേട്ട്‌ അയാൾ ആക്രോശിച്ചു: ‘നിനക്കു ഭ്രാന്താണ്‌! ഇറങ്ങിപ്പോ ഇവിടുന്ന്‌!’”

ആ കാലത്തുടനീളം അൽബേനിയൻ സഹോദരങ്ങൾ സമാനമായ രീതിയിൽ വിശ്വസ്‌തത പ്രകടമാക്കി. 1957 ആയപ്പോഴേക്കും പ്രസാധകരുടെ എണ്ണം 75 എന്ന അത്യുച്ചത്തിൽ എത്തിയിരുന്നു. ഐക്യനാടുകളിലേക്കു കുടിയേറിയ ജോൺ മാർക്‌സിനെ ക്രിസ്‌തീയ പ്രവർത്തനങ്ങളുടെ സംഘാടനത്തിൽ സഹായിക്കാനായി റ്റിറാനയിലേക്ക്‌ അയയ്‌ക്കാൻ യഹോവയുടെ സാക്ഷികളുടെ ഭരണസംഘം 1960-കളുടെ തുടക്കത്തിൽ ക്രമീകരണം ചെയ്‌തു. * എന്നാൽ, താമസിയാതെ ലൂചി സീക്കാ, മീഹൽ സ്വേസി, ലെയോനീതാ പോപ്പെ എന്നിവരും ഉത്തരവാദിത്വപ്പെട്ട മറ്റു സഹോദരന്മാരും തൊഴിൽപ്പാളയങ്ങളിലായി.

ആശാകിരണം

1967 വരെ അൽബേനിയയിൽ മതങ്ങൾക്ക്‌ അനുകൂല കാലാവസ്ഥ ഉണ്ടായിരുന്നില്ലെന്നേയുള്ളൂ. പിന്നീട്‌ മതസഹിഷ്‌ണുത പാടേ അപ്രത്യക്ഷമായി. കത്തോലിക്ക, ഓർത്തഡോക്‌സ്‌, മുസ്ലീം പുരോഹിതന്മാർ ആരാധനാപരമായ ശുശ്രൂഷകൾ നടത്താൻ പാടില്ലായിരുന്നു. പള്ളികളും മോസ്‌കുകളും അടച്ചുപൂട്ടുകയോ ജിംനേഷ്യങ്ങളോ മ്യൂസിയങ്ങളോ കച്ചവടസ്ഥലങ്ങളോ ആക്കി മാറ്റുകയോ ചെയ്‌തു. ആരും ബൈബിൾ കൈവശം വെക്കരുതായിരുന്നു. ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെന്നുപോലും പറയാൻ പാടില്ലായിരുന്നു.

പ്രസംഗവേലയും സഭായോഗവും നിർവഹിക്കുക ഏറെക്കുറെ അസാധ്യമായി. അന്യോന്യം അകന്നുപോയെങ്കിലും യഹോവയെ സേവിക്കാൻ സാക്ഷികൾ വ്യക്തിപരമായി തങ്ങളുടെ പരമാവധി പ്രവർത്തിച്ചു. 1960-കൾ മുതൽ 1980-കൾ വരെ സാക്ഷികളുടെ എണ്ണം നന്നേ കുറവായിരുന്നു. എങ്കിലും അവർ ആത്മീയമായി ശക്തരായിരുന്നു.

1980-കളുടെ ഒടുവിൽ അൽബേനിയയിലെ രാഷ്ട്രീയ അന്തരീക്ഷം മെച്ചപ്പെട്ടുതുടങ്ങി. ഭക്ഷണത്തിനും വസ്‌ത്രത്തിനും ക്ഷാമമുണ്ടായിരുന്നു. ജനം സന്തുഷ്ടരല്ലായിരുന്നു. പൂർവയൂറോപ്പിലെ നവീകരണത്തിന്റെ അലകൾ 1990-കളുടെ ആദ്യഭാഗത്ത്‌ അൽബേനിയയിലും എത്തി. 45 വർഷത്തെ സമഗ്രാധിപത്യത്തിന്‌ ഒടുവിൽ ഒരു പുതിയ ഗവൺമെന്റ്‌ മതസ്വാതന്ത്ര്യം അനുവദിച്ചു.

യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിന്റെ നിർദേശമനുസരിച്ച്‌ ഓസ്‌ട്രിയയിലെയും ഗ്രീസിലെയും ബ്രാഞ്ച്‌ ഓഫീസുകൾ അൽബേനിയയിലെ പ്രാദേശിക സഹോദരങ്ങളുമായി ബന്ധപ്പെടാൻ തുടങ്ങി. അൽബേനിയൻ അറിയാമായിരുന്ന ഗ്രീക്ക്‌ സഹോദരങ്ങൾ ആയിടെ പരിഭാഷചെയ്യപ്പെട്ട ബൈബിൾ സാഹിത്യങ്ങൾ റ്റിറാനയിലേക്കും ബിറാറ്റിലേക്കും കൊണ്ടുവന്നു. മുമ്പ്‌ ചിതറിപ്പോയ പ്രാദേശിക സഹോദരങ്ങൾക്ക്‌, വർഷങ്ങൾക്കു ശേഷം വിദേശത്തുനിന്നുള്ള സാക്ഷികളെ കണ്ടപ്പോൾ സന്തോഷം അടക്കാനായില്ല.

തീഷ്‌ണതയുള്ള വിദേശ പയനിയർമാർ വേലയ്‌ക്കു നേതൃത്വം വഹിക്കുന്നു

അൽബേനിയൻ വംശജരും മിഷനറിമാരും ആയ മൈക്കിൾ ഡിഗ്രിഗോറിയോയെയും ഭാര്യ ലിൻഡയെയും അൽബേനിയയിലേക്കു വിടാനുള്ള ക്രമീകരണം 1992-ന്റെ ആരംഭത്തിൽ ഭരണസംഘം ചെയ്‌തു. ആ ദമ്പതികൾ പ്രായംചെന്ന വിശ്വസ്‌തരെ ചെന്നുകാണുകയും അന്തർദേശീയ ആത്മീയ കുടുംബത്തിന്റെ ഭാഗമെന്ന നിലയിൽ വീണ്ടും കൂടിവരാൻ അവരെ സഹായിക്കുകയും ചെയ്‌തു. കഠിനാധ്വാനികളായ 16 ഇറ്റാലിയൻ പ്രത്യേക പയനിയർമാർ അഥവാ മുഴുസമയ സുവിശേഷകർ അടങ്ങുന്ന ഒരു സംഘം നാലു ഗ്രീക്ക്‌ പയനിയർമാരോടുകൂടെ നവംബറിൽ അൽബേനിയയിൽ എത്തി. അവർക്കു പ്രാദേശിക ഭാഷ പഠിക്കാനായി ഒരു ഭാഷാപഠന കോഴ്‌സും ക്രമീകരിക്കപ്പെട്ടു.

ആ വിദേശ പയനിയർമാർക്കു ദൈനംദിന ജീവിതം വിഷമകരമായിരുന്നു. എപ്പോഴും വൈദ്യുതി ഉണ്ടായിരിക്കുമായിരുന്നില്ല. ശീതകാലം തണുപ്പും ഈർപ്പവും ഉള്ളതായിരുന്നു. ഭക്ഷണത്തിനും മറ്റ്‌ അവശ്യകാര്യങ്ങൾക്കുമായി ജനം മണിക്കൂറുകളോളം ക്യൂ നിൽക്കണമായിരുന്നു. എങ്കിലും സത്യത്തോടു പ്രതികരിക്കുന്ന താത്‌പര്യക്കാരെ ഉൾക്കൊള്ളാൻ തക്ക വലുപ്പമുള്ള കെട്ടിടങ്ങൾ എങ്ങനെ കണ്ടെത്തുമെന്നതായിരുന്നു സഹോദരങ്ങൾ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം!

അൽബേനിയൻ വശമാക്കാൻ പാടുപെട്ടിരുന്ന ആ പയനിയർമാർ ഒരു സംഗതി തിരിച്ചറിഞ്ഞു, ഭാഷ ലക്ഷ്യപ്രാപ്‌തിക്കുള്ള ഒരു മാർഗം മാത്രമാണ്‌. അനുഭവപരിചയമുള്ള ഒരു ബൈബിളധ്യാപകൻ അവരോട്‌ ഇപ്രകാരം പറഞ്ഞു: “സ്‌നേഹത്തോടെ ഒന്നു പുഞ്ചിരിക്കാനോ നമ്മുടെ സഹോദരങ്ങളെ ആലിംഗനം ചെയ്യാനോ നമുക്കു തെറ്റില്ലാത്ത വ്യാകരണത്തിന്റെ ആവശ്യമില്ല. യഥാർഥ സ്‌നേഹത്തോടാണ്‌ അൽബേനിയക്കാർ പ്രതികരിക്കുന്നത്‌ അല്ലാതെ തെറ്റില്ലാത്ത വ്യാകരണത്തോടല്ല. അവർ കാര്യങ്ങളെല്ലാം മനസ്സിലാക്കിക്കൊള്ളും.”

ആദ്യത്തെ ഭാഷാ കോഴ്‌സിനുശേഷം പയനിയർമാർ ബിറാറ്റ്‌, ഡൂറസ്സ്‌, ഗിറകാസ്റ്റർ, ഷ്‌കോഡർ, റ്റിറാന, വ്‌ളോറി എന്നിവിടങ്ങളിൽ പ്രവർത്തനമാരംഭിച്ചു. അധികം താമസിയാതെ ഈ നഗരങ്ങളിൽ സഭകളുടെ എണ്ണം വർധിച്ചു. 80-കളിൽ ആയിരുന്ന, ആരോഗ്യം ക്ഷയിച്ച അരേറ്റി പീനാ വ്‌ളോറി സഭയോടൊപ്പമാണ്‌ അപ്പോഴും സഹവസിച്ചിരുന്നത്‌. അരേറ്റിയോടൊത്തു പ്രസംഗവേലയിൽ ഏർപ്പെടാൻ രണ്ടു പ്രത്യേക പയനിയർമാരെ അങ്ങോട്ട്‌ അയച്ചു. വിദേശികൾ അൽബേനിയൻ സംസാരിക്കുന്നതുകണ്ട്‌ ആളുകൾ അതിശയം പ്രകടിപ്പിച്ചു: “മറ്റു മതവിഭാഗങ്ങളിലെ മിഷനറിമാരിൽനിന്ന്‌ എന്തെങ്കിലും മനസ്സിലാക്കണമെന്നുണ്ടെങ്കിൽ ഞങ്ങൾ ഇംഗ്ലീഷോ ഇറ്റാലിയനോ പഠിക്കണം. എന്നാൽ നിങ്ങൾ ഞങ്ങളെ യഥാർഥത്തിൽ സ്‌നേഹിക്കുന്നു, നിങ്ങളുടെ പക്കൽ സുപ്രധാനമായ ഒരു സന്ദേശമുണ്ട്‌. അതുകൊണ്ടല്ലേ നിങ്ങൾ അൽബേനിയൻ പഠിച്ചെടുത്തത്‌!” 1994 ജനുവരിയിൽ അരേറ്റി തന്റെ ഭൗമിക ജീവിതം പൂർത്തിയാക്കി. മരിച്ച ആ മാസത്തിൽപ്പോലും അവർ പ്രസംഗവേലയിൽ സജീവമായി പങ്കുപറ്റിയിരുന്നു. അവരും പയനിയർമാരും കാണിച്ച തീക്ഷ്‌ണതയ്‌ക്കു പ്രതിഫലം ലഭിച്ചു. 1995-ൽ വ്‌ളോറിയിൽ ഒരു സഭ പുനഃസ്ഥാപിക്കപ്പെട്ടു. തഴച്ചുവളരുന്ന മൂന്നു സഭകൾ ഇന്ന്‌ ആ തുറമുഖ നഗരത്തിൽ തിരക്കോടെ പ്രസംഗവേലയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.

രാജ്യത്തുടനീളം ആളുകൾ ആത്മീയ ദാരിദ്ര്യത്തിൽ ആയിരുന്നു. മതപരമായ യാതൊരു മുൻവിധിയും അവർക്ക്‌ ഇല്ലായിരുന്നതിനാൽ സാക്ഷികളിൽനിന്നു ലഭിച്ച സകല ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും അവർ ഉത്സാഹത്തോടെ വായിച്ചു. ബൈബിൾ പഠിച്ചുതുടങ്ങിയ ചില യുവപ്രായക്കാർ പെട്ടെന്നു പുരോഗമിച്ചു.

രാജ്യത്തെമ്പാടുമായി 90-ലധികം സഭകളും കൂട്ടങ്ങളും “വിശ്വാസത്തിൽ ഉറെക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും” ചെയ്‌തുകൊണ്ടിരിക്കുന്നു. (പ്രവൃത്തികൾ 16:5) അൽബേനിയയിലെ 3,513 സാക്ഷികൾക്ക്‌ ഇനിയും ധാരാളം വേല ചെയ്യാനുണ്ട്‌. 2005 മാർച്ചിൽ നടന്ന ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകത്തിന്‌ 10,144 പേരാണു ഹാജരായത്‌. പ്രസംഗപ്രവർത്തനത്തിന്റെ സമയത്ത്‌ അവിടത്തെ ആതിഥേയ മനസ്‌കരായ ആളുകളുമായി നടത്തിയ ബൈബിൾ ചർച്ചകൾ നിമിത്തം സാക്ഷികൾക്ക്‌ 6,000-ത്തിലധികം ബൈബിളധ്യയനങ്ങൾ തുടങ്ങാൻ കഴിഞ്ഞിരിക്കുന്നു. അടുത്തയിടെ അൽബേനിയൻ ഭാഷയിൽ പ്രകാശനംചെയ്‌ത പുതിയലോക ഭാഷാന്തരത്തിൽനിന്ന്‌ ആയിരങ്ങൾ പ്രയോജനം നേടുമെന്നു വ്യക്തമാണ്‌. ‘കഴുകന്റെ നാട്ടിൽ’ യഹോവയുടെ വചനം അവന്റെ സ്‌തുതിക്കായി ചിറകടിച്ചുയരുകയാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 9 താനസ്‌ ഡൂലിയുടെ ജീവിതകഥ 1968 ഡിസംബർ 1 ലക്കം ഇംഗ്ലീഷ്‌ വീക്ഷാഗോപുരത്തിൽ കാണാവുന്നതാണ്‌.

^ ഖ. 17 1996 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിൽ നാഷോ ഡോറിയുടെ ജീവിതകഥ വായിക്കാവുന്നതാണ്‌.

^ ഖ. 19 ജോൺ മാർക്‌സിന്റെ ഭാര്യ ഹെലെന്റെ ജീവിതകഥ 2002 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിൽ കാണാവുന്നതാണ്‌.

[20-ാം പേജിലെ ചതുരം]

കൊസൊവോയിൽ വംശീയ സംഘർഷം അപ്രത്യക്ഷമാകുന്നു!

1990-കളിൽ കൊസൊവോ വാർത്താമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. പ്രദേശസംബന്ധമായ തർക്കങ്ങൾ, രൂഢമൂലമായ വംശീയവിദ്വേഷം എന്നിവ യുദ്ധത്തിനും അന്താരാഷ്‌ട്ര ഇടപെടലിനും ഇടയാക്കിയതാണ്‌ അതിനു കാരണം.

ബാൾക്കൻസിലെ യുദ്ധസമയത്ത്‌ സാക്ഷികളായ അനേകർ അയൽരാജ്യങ്ങളിലേക്കു പലായനം ചെയ്‌തു. യുദ്ധം കെട്ടടങ്ങിയശേഷം, അവരുടെ ഒരു ചെറിയ കൂട്ടം പ്രവർത്തനസജ്ജരായി കൊസൊവോയിലേക്കു തിരികെച്ചെന്നു. അവിടെയുള്ള 23,50,000 നിവാസികളെ സഹായിക്കാൻ അൽബേനിയയിൽനിന്നും ഇറ്റലിയിൽനിന്നും ഉള്ള പ്രത്യേക പയനിയർമാർ അവിടേക്കു താമസംമാറ്റി. നാലു സഭകളിലും ആറു സജീവ കൂട്ടങ്ങളിലുമായി 130-ഓളം പ്രസാധകർ ഈ പ്രദേശത്ത്‌ യഹോവയെ സേവിക്കുന്നുണ്ട്‌.

2003-ലെ വസന്തകാലത്ത്‌ പ്രിഷ്‌റ്റീനയിൽവെച്ചു നടന്ന ഒരു പ്രത്യേക സമ്മേളന ദിനത്തിൽ 252 പേർ ഹാജരായി. അൽബേനിയൻ, ഇറ്റാലിയൻ, ജർമൻ, ജിപ്‌സി, സെർബിയൻ എന്നീ പശ്ചാത്തലമുള്ളവർ അവർക്കിടയിൽ ഉണ്ടായിരുന്നു. സ്‌നാപനപ്രസംഗത്തിന്‌ ഒടുവിലായി പ്രസംഗകൻ രണ്ടു ചോദ്യം ചോദിച്ചു. ഉറച്ച ശബ്ദത്തിൽ ഉത്തരം പറയാൻ മൂന്നു പേർ എഴുന്നേറ്റുനിന്നു: ഒരു അൽബേനിയക്കാരൻ, ഒരു ജിപ്‌സി, ഒരു സെർബിയക്കാരി.

“വാ!” “ഡാ!” “പോ!” എന്നിങ്ങനെ ഒരേസമയത്തുള്ള അവരുടെ മറുപടി കേട്ടപ്പോൾ ഉച്ചത്തിലുള്ള കരഘോഷം മുഴങ്ങി. ആ മൂന്നു സ്‌നാപനാർഥികൾ പരസ്‌പരം ആലിംഗനം ചെയ്‌തു. തങ്ങളുടെ രാജ്യത്ത്‌ ആഴത്തിൽ വേരൂന്നിയ വംശീയ പ്രശ്‌നങ്ങൾക്കുള്ള ഉത്തരങ്ങൾ അവർ കണ്ടെത്തിയിരിക്കുന്നു.

[17-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

മെഡിറ്ററേനിയൻ കടൽ

ഇറ്റലി

അൽബേനിയ

ഗ്രീസ്‌

[18-ാം പേജിലെ ചിത്രം]

ചെറുപ്പക്കാരായ സാക്ഷികൾ പ്രായമുള്ളവരുടെ തീക്ഷ്‌ണത അനുകരിക്കുന്നു

[18-ാം പേജിലെ ചിത്രം]

അരേറ്റി പീനാ 1928 മുതൽ 1994-ൽ മരിക്കുന്നതുവരെ വിശ്വസ്‌തയായി സേവിച്ചു

[19-ാം പേജിലെ ചിത്രം]

ഭാഷാ കോഴ്‌സിൽ സംബന്ധിക്കുന്ന വിദേശ പയനിയർമാരുടെ ആദ്യത്തെ കൂട്ടം

[16-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

കഴുകൻ: © Brian K. Wheeler/VIREO