വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥ താഴ്‌മ നട്ടുവളർത്തുക

യഥാർഥ താഴ്‌മ നട്ടുവളർത്തുക

യഥാർഥ താഴ്‌മ നട്ടുവളർത്തുക

“താഴ്‌മയുള്ള ജനത്തെ നീ രക്ഷിക്കും.”​—⁠2 ശമൂവേൽ 22:⁠28, NW.

1, 2. അനേകം ലോക ഭരണാധിപന്മാർക്കു ബാധകമാകുന്ന പൊതുവായ ഏതു വസ്‌തുതയാണുള്ളത്‌?

ജിപ്‌തിലെ പിരമിഡുകൾ, ഒരിക്കൽ ആ രാജ്യം ഭരിച്ചിരുന്നവർക്കു സാക്ഷ്യം വഹിക്കുന്നു. ചരിത്രത്തിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മറ്റു ചിലരാണ്‌ അസീറിയയിലെ സൻഹേരീബ്‌, ഗ്രീസിലെ മഹാനായ അലക്‌സാണ്ടർ, റോമിലെ ജൂലിയസ്‌ സീസർ എന്നിവർ. ഈ ഭരണാധിപന്മാർക്കെല്ലാം ബാധകമാകുന്ന പൊതുവായ ഒരു വസ്‌തുതയുണ്ട്‌. അവരാരും യഥാർഥ താഴ്‌മയുടെ ഒരു രേഖ അവശേഷിപ്പിച്ചിട്ടില്ല.​—⁠മത്തായി 20:⁠25, 26.

2 മുകളിൽ പരാമർശിച്ചിരിക്കുന്ന ഭരണാധികാരികളിൽ ആർക്കെങ്കിലും ആശ്വാസം ആവശ്യമുള്ള എളിയ പ്രജകളെ അന്വേഷിക്കുന്ന ശീലമുണ്ടായിരുന്നെന്നു നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ? ഒരിക്കലുമില്ല! ഈ ഭരണാധിപന്മാർ, താഴേക്കിടയിലുള്ള തങ്ങളുടെ പ്രജകളുടെ എളിയ വസതികളിലേക്കു പോയി ഹതാശരായ അവരെ പ്രോത്സാഹിപ്പിക്കുന്നതായി വിഭാവനം ചെയ്യാനും നിങ്ങൾക്കു കഴിയുകയില്ല. എളിയ മനുഷ്യരോടുള്ള അവരുടെ മനോഭാവം, അഖിലാണ്ഡത്തിന്റെ പരമാധീശ ഭരണാധിപനായ യഹോവയാം ദൈവത്തിന്റേതിൽനിന്ന്‌ എത്ര വ്യത്യസ്‌തമാണ്‌!

താഴ്‌മയുടെ ഏറ്റവും ശ്രേഷ്‌ഠമായ മാതൃക

3. പരമാധീശ ഭരണാധിപൻ തന്റെ മാനുഷ പ്രജകളോടു പെരുമാറുന്നത്‌ എങ്ങനെ?

3 നമ്മുടെ ഗ്രാഹ്യത്തിന്‌ അതീതമാംവിധം മഹത്ത്വമുള്ളവനും ഉന്നതനും ആണ്‌ യഹോവയാം ദൈവം. എന്നിട്ടും അവന്റെ “കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.” (2 ദിനവൃത്താന്തം 16:⁠9) നിരവധി പരിശോധനകളുടെ ഫലമായി തകർന്നിരിക്കുന്ന, എളിയവരായ തന്റെ ആരാധകരെ കണ്ടെത്തുമ്പോൾ യഹോവ എന്താണു ചെയ്യുന്നത്‌? “താഴ്‌മയുള്ളവരുടെ മനസ്സിന്നും മനസ്‌താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്യം വരുത്തുവാൻ” തന്റെ പരിശുദ്ധാത്മാവിലൂടെ, ഒരർഥത്തിൽ അവൻ അവരോടുകൂടെ “വസിക്കുന്നു.” (യെശയ്യാവു 57:⁠15) അങ്ങനെ, ചൈതന്യം അഥവാ ഉന്മേഷം വീണ്ടുകിട്ടിയ അവന്റെ ആരാധകർ തുടർന്നും അവനെ സന്തോഷപൂർവം സേവിക്കാൻ കൂടുതൽ സജ്ജരായിത്തീരുന്നു. എന്തൊരു താഴ്‌മയാണു ദൈവം പ്രകടിപ്പിക്കുന്നത്‌!

4, 5. (എ) ദൈവം ഭരിക്കുന്ന വിധത്തെക്കുറിച്ചു സങ്കീർത്തനക്കാരന്‌ എന്താണു തോന്നിയത്‌? (ബി) “എളിയ”വനായ മനുഷ്യനെ ദൈവം “കുനിഞ്ഞുനോക്കുന്നു” എന്നത്‌ എന്താണ്‌ അർഥമാക്കുന്നത്‌?

4 പാപികളായ മനുഷ്യരെ രക്ഷിക്കുന്നതിനുവേണ്ടി പരമാധീശ കർത്താവ്‌ പ്രകടിപ്പിച്ചിടത്തോളം താഴ്‌മ ഈ അഖിലാണ്ഡത്തിൽ മറ്റാരും പ്രകടിപ്പിച്ചിട്ടില്ല. അതുകൊണ്ട്‌ സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “യഹോവ സകലജാതികൾക്കും മീതെയും അവന്റെ മഹത്വം ആകാശത്തിന്നു മീതെയും ഉയർന്നിരിക്കുന്നു. ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു? ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു. അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്‌പിക്കയും ദരിദ്രനെ കുപ്പയിൽനിന്നു ഉയർത്തുകയും” ചെയ്യുന്നു.​—⁠സങ്കീർത്തനം 113:⁠4-7.

5 “കുനിഞ്ഞുനോക്കുന്നു” എന്ന പ്രയോഗം ശ്രദ്ധിക്കുക. മനുഷ്യരോടുള്ള ബന്ധത്തിൽ ആ പദത്തിനു മോശമായ ഒരു ധ്വനിയുണ്ട്‌. ‘തന്നെക്കാൾ താഴ്‌ന്ന നിലയിലുള്ള അല്ലെങ്കിൽ തന്നോളം മെച്ചമല്ലാത്ത ഒരാളുടെ മുമ്പിൽ ശ്രേഷ്‌ഠത കാണിക്കുക’ എന്ന്‌ അതിന്‌ അർഥമാക്കാൻ കഴിയും. പക്ഷേ, നിർമലനും വിശുദ്ധനും തന്നിമിത്തം “അഹങ്കാര”വിമുക്തനും ആയ യഹോവയാം ദൈവത്തിൽ അത്തരമൊരു മനോഭാവം ഒരിക്കലും ആരോപിക്കാൻ സാധിക്കുകയില്ല. (മർക്കൊസ്‌ 7:⁠22, 23) എന്നാൽ “കുനിഞ്ഞുനോക്കുന്നു” എന്ന പദത്തിന്‌ സാമൂഹികമായി താഴ്‌ന്ന നിലയിലുള്ള ഒരുവന്റെ തലത്തിലേക്ക്‌ ഇറങ്ങിവരുന്നതിനെ അല്ലെങ്കിൽ താഴ്‌ന്ന സ്ഥിതിയിലുള്ള ഒരുവനുമായി ഇടപെടുമ്പോൾ ഒരു വ്യക്തി തന്റെ പദവിയിൽനിന്നോ ഉന്നതസ്ഥാനത്തുനിന്നോ ഇറങ്ങിവരുന്നതിനെ അർഥമാക്കാനാകും. അക്കാരണത്താൽ ചില ബൈബിളുകൾ സങ്കീർത്തനം 113:⁠6 ദൈവം തന്നെത്താൻ താഴ്‌ത്തുന്നു എന്നു വരത്തക്കവിധം പരിഭാഷപ്പെടുത്തുന്നു. അപൂർണരായ മാനുഷ ആരാധകരുടെ ആവശ്യങ്ങൾക്കു സ്‌നേഹപൂർവം ശ്രദ്ധ നൽകുന്ന, താഴ്‌മയുള്ളവനായ നമ്മുടെ ദൈവത്തിന്റെ വ്യക്തിത്വം ആ വാക്കുകൾ എത്ര നന്നായി ചിത്രീകരിക്കുന്നു!​—⁠2 ശമൂവേൽ 22:⁠36.

യേശു താഴ്‌മയുള്ളവനായിരുന്നതിന്റെ കാരണം

6. യഹോവ താഴ്‌മ പ്രകടമാക്കിയ ഏറ്റവും ശ്രേഷ്‌ഠമായ വിധം ഏത്‌?

6 ദൈവത്തിന്റെ താഴ്‌മയുടെയും സ്‌നേഹത്തിന്റെയും ഏറ്റവും ശ്രേഷ്‌ഠമായ പ്രവൃത്തി, തനിക്കു പ്രിയപ്പെട്ട ആദ്യജാതനെ മനുഷ്യവർഗത്തിന്റെ രക്ഷയ്‌ക്കായി ഈ ഭൂമിയിൽ മനുഷ്യനായി ജനിച്ചു വളരാൻ അയച്ചു എന്നുള്ളതാണ്‌. (യോഹന്നാൻ 3:⁠16) യേശു സ്വർഗീയ പിതാവിനെക്കുറിച്ചുള്ള സത്യം നമ്മെ പഠിപ്പിക്കുകയും “ലോകത്തിന്റെ പാപ”ങ്ങൾ നീക്കിക്കളയേണ്ടതിന്‌ തന്റെ പൂർണ മാനുഷ ജീവൻ നൽകുകയും ചെയ്‌തു. (യോഹന്നാൻ 1:⁠29; 18:⁠37) യേശു തന്റെ പിതാവായ യഹോവയെ തികവോടെ പ്രതിഫലിപ്പിച്ചു, അവന്റെ താഴ്‌മയുൾപ്പെടെ. ദൈവം ആവശ്യപ്പെടുന്നതെന്തും ചെയ്യാൻ മനസ്സൊരുക്കമുള്ളവനായിരുന്നു അവൻ. ദൈവത്തിന്റെ സൃഷ്ടികൾ പ്രകടമാക്കിയിട്ടുള്ള താഴ്‌മയുടെയും സ്‌നേഹത്തിന്റെയും എക്കാലത്തെയും ഏറ്റവും ശ്രേഷ്‌ഠമായ ദൃഷ്ടാന്തമായിരുന്നു അത്‌. യേശുവിന്റെ താഴ്‌മയെ എല്ലാവരും വിലമതിച്ചില്ല. ‘മനുഷ്യരിൽ അധമൻ’ ആയിട്ടാണ്‌ ശത്രുക്കൾ അവനെ വീക്ഷിച്ചത്‌. (ദാനീയേൽ 4:⁠17) എന്നിരുന്നാലും, തന്റെ സഹാരാധകർ യേശുവിനെ അനുകരിച്ചുകൊണ്ട്‌ താഴ്‌മയുള്ളവരായിരിക്കേണ്ടതുണ്ടെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ തിരിച്ചറിഞ്ഞു.​—⁠1 കൊരിന്ത്യർ 11:⁠1; ഫിലിപ്പിയർ 2:⁠3, 4.

7, 8. (എ) യേശു താഴ്‌മയുള്ളവനായിരിക്കാൻ പഠിച്ചത്‌ എങ്ങനെ? (ബി) തന്റെ ഭാവിശിഷ്യന്മാരോട്‌ യേശു ഏത്‌ അഭ്യർഥന നടത്തി?

7 പിൻവരുംവിധം എഴുതിക്കൊണ്ട്‌ പൗലൊസ്‌ യേശുവിന്റെ മുന്തിയ മാതൃക ഉയർത്തിക്കാട്ടി: “ക്രിസ്‌തുയേശുവിലുള്ള ഭാവം [“മനോഭാവം,” പി.ഒ.സി. ബൈബിൾ] തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്‌ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.”​—⁠ഫിലിപ്പിയർ 2:⁠5-8.

8 ‘യേശു താഴ്‌മയുള്ളവനായിരിക്കാൻ പഠിച്ചത്‌ എങ്ങനെയാണ്‌?’ എന്നു ചിലർ ചോദിച്ചേക്കാം. സകലവും സൃഷ്ടിക്കുന്നതിൽ ദൈവത്തിന്റെ വിദഗ്‌ധ “ശില്‌പി”യായി യേശു തന്റെ സ്വർഗീയ പിതാവിനോടൊപ്പം ഉണ്ടായിരുന്നു. യുഗങ്ങളോളം നീണ്ടുനിന്ന ആ അടുത്ത സഹവാസത്തിന്റെ മഹത്തായ പ്രയോജനങ്ങളിലൊന്നാണ്‌ യേശുവിന്റെ താഴ്‌മ. (സദൃശവാക്യങ്ങൾ 8:⁠30) ഏദെനിലെ മത്സരശേഷം, പാപികളായ മനുഷ്യരോട്‌ തന്റെ പിതാവ്‌ താഴ്‌മയോടെ ഇടപെട്ട വിധം കാണാൻ ദൈവത്തിന്റെ ആദ്യജാതനു കഴിഞ്ഞു. തദനുസരണം, ഭൂമിയിലായിരുന്നപ്പോൾ യേശു തന്റെ പിതാവിന്റെ താഴ്‌മ പ്രതിഫലിപ്പിച്ചുകൊണ്ട്‌ ഇങ്ങനെ അഭ്യർഥിച്ചു: “ഞാൻ സൌമ്യതയും താഴ്‌മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും.”​—⁠മത്തായി 11:⁠29; യോഹന്നാൻ 14:⁠9.

9. (എ) കുട്ടികളിൽ ആകർഷകമായി യേശു എന്താണു കണ്ടെത്തിയത്‌? (ബി) ഒരു കൊച്ചുകുട്ടിയെ ഉപയോഗിച്ചുകൊണ്ട്‌ എന്തു പാഠം ഉൾക്കൊള്ളാൻ യേശു ശിഷ്യന്മാരെ സഹായിച്ചു?

9 യേശുവിന്‌ യഥാർഥ താഴ്‌മയുണ്ടായിരുന്നതുകൊണ്ട്‌ കൊച്ചുകുട്ടികൾ അവനെ ഭയപ്പെട്ടില്ല. മറിച്ച്‌ അവർ അവനിലേക്ക്‌ ആകർഷിക്കപ്പെട്ടു. അവൻ അവരോടു പ്രിയം കാണിക്കുകയും അവർക്കു ശ്രദ്ധ കൊടുക്കുകയും ചെയ്‌തു. (മർക്കൊസ്‌ 10:⁠13-16) കുട്ടികളെക്കുറിച്ച്‌ യേശുവിനു വളരെ ആകർഷകമായി തോന്നിയത്‌ എന്തായിരുന്നു? പ്രായപൂർത്തിയായ തന്റെ അനുഗാമികളിൽ പലരും സ്ഥായിയായി പ്രകടിപ്പിക്കാതിരുന്ന അഭിലഷണീയമായ ചില ഗുണങ്ങൾ ആ കുട്ടികൾക്കുണ്ടായിരുന്നു. കൊച്ചുകുട്ടികൾ മുതിർന്നവരെ തങ്ങളെക്കാൾ ഉയർന്നവരായി കാണുന്നുവെന്നുള്ളത്‌ ഒരു വസ്‌തുതയാണ്‌. അവരുടെ ചോദ്യങ്ങളിൽനിന്ന്‌ ഇക്കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. അതേ, മുതിർന്ന അനേകം ആളുകളെ അപേക്ഷിച്ച്‌ കുട്ടികൾ പഠിപ്പിക്കപ്പെടാവുന്നവരും അഹങ്കരിക്കാൻ അധികം ചായ്‌വു കാണിക്കാത്തവരും ആണ്‌. ഒരു അവസരത്തിൽ, യേശു ഒരു കൊച്ചുകുട്ടിയെ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‌വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല.” അവൻ തുടർന്നു: “ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്‌ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.” (മത്തായി 18:⁠3, 4) യേശു ഈ നിയമം വെച്ചു: “തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്‌ത്തപ്പെടും; തന്നെത്താൻ താഴ്‌ത്തുന്നവൻ ഉയർത്തപ്പെടും.”​—⁠ലൂക്കൊസ്‌ 14:⁠11; 18:⁠14; മത്തായി 23:⁠12.

10. നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?

10 ആ സത്യം പ്രധാനപ്പെട്ട ചില ചോദ്യങ്ങൾ ഉയർത്തുന്നു. നിത്യജീവൻ നേടുകയെന്ന നമ്മുടെ പ്രത്യാശ ഒരു പരിധിയോളം യഥാർഥ താഴ്‌മ നട്ടുവളർത്തുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്‌. എന്നാൽ ചില സന്ദർഭങ്ങളിൽ താഴ്‌മ പ്രകടമാക്കാൻ ക്രിസ്‌ത്യാനികൾക്കു ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ട്‌? നമ്മുടെ അഹങ്കാരത്തെ അടിച്ചമർത്തുന്നതും പരിശോധനകളെ താഴ്‌മയോടെ അഭിമുഖീകരിക്കുന്നതും ഒരു വെല്ലുവിളിയായിരിക്കുന്നത്‌ എന്തുകൊണ്ട്‌? യഥാർഥ താഴ്‌മ നട്ടുവളർത്താൻ എന്തു നമ്മെ സഹായിക്കും?​—⁠യാക്കോബ്‌ 4:⁠6, 10.

താഴ്‌മ പ്രകടിപ്പിക്കുന്നതു ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

11. താഴ്‌മയുള്ളവരായിരിക്കാൻ നമുക്കു ബുദ്ധിമുട്ടനുഭവപ്പെടുന്നതിൽ അതിശയിക്കാനില്ലാത്തത്‌ എന്തുകൊണ്ട്‌?

11 താഴ്‌മ പ്രകടിപ്പിക്കാൻ നിങ്ങൾക്ക്‌ അതിയായ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നുണ്ടോ? ഉണ്ടെങ്കിൽ, ഇക്കാര്യത്തിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല. 1920-ൽ, താഴ്‌മയുടെ ആവശ്യകതയെപ്പറ്റിയുള്ള ബൈബിളിന്റെ ബുദ്ധിയുപദേശം ഈ മാസിക ചർച്ച ചെയ്യുകയുണ്ടായി. ആ ലേഖനം ഇങ്ങനെ അഭിപ്രായപ്പെട്ടു: “കർത്താവ്‌ താഴ്‌മ വളരെ മൂല്യവത്തായി കണ്ടുവെന്നത്‌, ദൈനംദിനം ഈ ഗുണം നട്ടുവളർത്താൻ എല്ലാ യഥാർഥ ശിഷ്യന്മാരെയും പ്രോത്സാഹിപ്പിക്കേണ്ടതാണ്‌.” തുടർന്ന്‌ ലേഖനം ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “ഈ ഉദ്‌ബോധനങ്ങളെല്ലാം ഉണ്ടെങ്കിൽത്തന്നെയും ദൈവജനത്തിന്റെ ഭാഗമായിത്തീരുകയും കർത്താവിന്റെ പാതയിൽ ചരിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നവർ, മറ്റേതു ഗുണത്തെയും അപേക്ഷിച്ച്‌ ഈ ഗുണം നട്ടുവളർത്തുന്നതിൽ കൂടുതൽ ബുദ്ധിമുട്ടും വെല്ലുവിളിയും അഭിമുഖീകരിക്കുന്നതായി തോന്നുന്നു. മനുഷ്യന്റെ ദുഷ്ടപ്രകൃതമാണ്‌ അത്‌ അങ്ങനെ ആക്കിത്തീർക്കുന്നത്‌.” താഴ്‌മയുള്ളവരായിരിക്കാൻ സത്യക്രിസ്‌ത്യാനികൾ കഠിനമായി യത്‌നിക്കേണ്ടിവരുന്നതിന്റെ ഒരു കാരണത്തിന്‌ അത്‌ അടിവരയിടുന്നു​—⁠പാപപൂർണമായ മനുഷ്യപ്രകൃതം അനുചിതമായ മഹത്ത്വം കാംക്ഷിക്കുന്നു. സ്വാർഥമോഹങ്ങൾക്കു വശംവദരായി പാപം ചെയ്‌ത ഒരു ദമ്പതികളുടെ സന്തതികളായതുകൊണ്ടാണ്‌ നമുക്ക്‌ അത്തരം ഒരു വാഞ്‌ഛയുള്ളത്‌.​—⁠റോമർ 5:⁠12.

12, 13. (എ) ക്രിസ്‌തീയ താഴ്‌മ പ്രകടമാക്കുന്നതിനു ലോകം തടസ്സമായിരിക്കുന്നത്‌ ഏതുവിധത്തിൽ? (ബി) താഴ്‌മ നട്ടുവളർത്താനുള്ള നമ്മുടെ കഠിനശ്രമത്തെ കൂടുതൽ ദുഷ്‌കരമാക്കുന്നത്‌ ആരാണ്‌?

12 താഴ്‌മ പ്രകടമാക്കുന്നതു ബുദ്ധിമുട്ടായിരിക്കുന്നതിന്റെ മറ്റൊരു കാരണം, മറ്റുള്ളവരെക്കാൾ മുന്തിനിൽക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്‌ എന്നതാണ്‌. ലോകത്തിന്റെ പൊതുലക്ഷ്യങ്ങളിലൊന്ന്‌ ‘[പാപപൂർണമായ] ജഡത്തിന്റെ മോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം’ എന്നിവയെ തൃപ്‌തിപ്പെടുത്താനുള്ള അദമ്യമായ ആഗ്രഹമാണ്‌. (1 യോഹന്നാൻ 2:⁠16) അത്തരം ലൗകിക മോഹങ്ങളാൽ ഭരിക്കപ്പെടുന്നതിനു പകരം ക്രിസ്‌തുശിഷ്യർ കണ്ണു ലളിതമായി സൂക്ഷിക്കുകയും ദൈവേഷ്ടം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.​—⁠മത്തായി 6:⁠22-24, 31-33; 1 യോഹന്നാൻ 2:⁠17.

13 അഹങ്കാരത്തിന്റെ ഉറവിടമായ പിശാചായ സാത്താനാണ്‌ ഈ ലോകത്തെ ഭരിക്കുന്നത്‌ എന്നതാണ്‌ താഴ്‌മ നട്ടുവളർത്താനും പ്രകടിപ്പിക്കാനും ബുദ്ധിമുട്ടായിരിക്കുന്നതിന്റെ മൂന്നാമത്തെ കാരണം. (2 കൊരിന്ത്യർ 4:⁠4; 1 തിമൊഥെയൊസ്‌ 3:⁠6) സാത്താൻ തന്റെ ദുർഗുണങ്ങൾ ഉന്നമിപ്പിക്കുന്നു. ഉദാഹരണത്തിന്‌ ‘ലോകത്തിലുള്ള സകല രാജ്യങ്ങളും അവയുടെ മഹത്വവും’ പ്രതിഫലമായി നൽകാമെന്നു വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ തന്നെ ആരാധിക്കാൻ അവൻ യേശുവിനെ പ്രോത്സാഹിപ്പിച്ചു. എന്നാൽ താഴ്‌മ പ്രകടമാക്കിക്കൊണ്ട്‌, യേശു തികഞ്ഞ നിശ്ചയദാർഢ്യത്തോടെ ആ വാഗ്‌ദാനം നിരസിച്ചു. (മത്തായി 4:⁠8, 10) സമാനമായി, തങ്ങൾക്കുവേണ്ടി മഹത്ത്വം അന്വേഷിക്കാൻ സാത്താൻ ക്രിസ്‌ത്യാനികളെ പ്രലോഭിപ്പിക്കുന്നു. എന്നാൽ, താഴ്‌മയുള്ള ക്രിസ്‌ത്യാനികൾ യേശുവിന്റെ മാതൃക പിൻപറ്റാൻ യത്‌നിക്കുന്നു. അവർ സ്‌തുതിയും ബഹുമാനവും ദൈവത്തിലേക്കു തിരിച്ചുവിടുന്നു.​—⁠മർക്കൊസ്‌ 10:⁠17, 18.

യഥാർഥ താഴ്‌മ നട്ടുവളർത്തുകയും പ്രകടമാക്കുകയും ചെയ്യുക

14. എന്താണ്‌ ‘കപട വിനയം’?

14 മനുഷ്യരെ പ്രസാദിപ്പിക്കുന്നതിനായി താഴ്‌മ നടിക്കുന്നതിനെതിരെ കൊലൊസ്സ്യർക്കുള്ള ലേഖനത്തിൽ അപ്പൊസ്‌തലനായ പൗലൊസ്‌ മുന്നറിയിപ്പു നൽകി. ‘കപട വിനയം’ (പി.ഒ.സി. ബൈബിൾ) എന്നാണ്‌ പൗലൊസ്‌ അതിനെ വിശേഷിപ്പിച്ചത്‌. താഴ്‌മ നടിക്കുക മാത്രം ചെയ്യുന്ന ആളുകൾ ആത്മീയ വ്യക്തികളല്ല, മറിച്ച്‌ അഹങ്കാരത്താൽ ‘ചീർത്തിരിക്കു’ന്നവരാണു തങ്ങളെന്നാണ്‌ അവർ അറിയാതെതന്നെ വെളിപ്പെടുത്തുന്നത്‌. (കൊലൊസ്സ്യർ 2:⁠18) വ്യാജമായ താഴ്‌മയുടെ ഉദാഹരണങ്ങൾ യേശു ചൂണ്ടിക്കാട്ടി. പ്രകടനപരമായ പ്രാർഥനകൾ നടത്തുകയും തങ്ങൾ ഉപവസിക്കുകയാണെന്നു മനുഷ്യർ കാണേണ്ടതിനു വാടിയ മുഖം കാണിക്കുകയും ചെയ്‌ത പരീശന്മാരെ അവൻ കുറ്റംവിധിച്ചു. അവരിൽനിന്നു വ്യത്യസ്‌തമായി, നമ്മുടെ വ്യക്തിപരമായ പ്രാർഥനകൾക്കു ദൈവമുമ്പാകെ മൂല്യമുണ്ടാകേണ്ടതിന്‌ നാം താഴ്‌മയോടെ പ്രാർഥിക്കണം.​—⁠മത്തായി 6:⁠5, 6, 16.

15. (എ) താഴ്‌മയുള്ളവരായിരിക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും? (ബി) താഴ്‌മ പ്രകടമാക്കിയതിന്റെ മികച്ച ചില ദൃഷ്ടാന്തങ്ങൾ പറയുക.

15 താഴ്‌മയുടെ മകുടോദാഹരണങ്ങളായ യഹോവയാം ദൈവത്തെയും യേശുക്രിസ്‌തുവിനെയും അനുകരിക്കുകയെന്നതാണ്‌ യഥാർഥ താഴ്‌മ നിലനിറുത്തുന്നതിനു ക്രിസ്‌ത്യാനികൾക്കുള്ള സഹായം. ബൈബിളും “വിശ്വസ്‌തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്യുന്ന ബൈബിൾ പഠന സഹായികളും ദൈനംദിനം പഠിക്കുന്നത്‌ അതിൽ ഉൾപ്പെടുന്നു. (മത്തായി 24:⁠45, NW) ക്രിസ്‌തീയ മേൽവിചാരകന്മാരെ സംബന്ധിച്ചിടത്തോളം അത്തരമൊരു പഠനം അതിപ്രധാനമാണ്‌, കാരണം “ഹൃദയം സഹോദരന്മാർക്കു മീതെ അഹങ്കരിച്ചുയരാതെ”യിരിക്കാൻ അത്‌ അനിവാര്യമാണ്‌. (ആവർത്തനപുസ്‌തകം 17:⁠19, 20; 1 പത്രൊസ്‌ 5:⁠1-3) രൂത്ത്‌, ഹന്നാ, എലീശബെത്ത്‌ തുടങ്ങി താഴ്‌മ പ്രകടമാക്കിയതു നിമിത്തം അനുഗ്രഹിക്കപ്പെട്ടവരുടെ ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക. (രൂത്ത്‌ 1:⁠16, 17; 1 ശമൂവേൽ 1:⁠11, 20; ലൂക്കൊസ്‌ 1:⁠41-43) പ്രമുഖസ്ഥാനം വഹിച്ചിരുന്നെങ്കിലും താഴ്‌മയുടെ മാതൃകവെച്ചവരെക്കുറിച്ചു ചിന്തിക്കുക. ഉദാഹരണത്തിന്‌ ദാവീദ്‌, യോശീയാവ്‌, യോഹന്നാൻ സ്‌നാപകൻ, അപ്പൊസ്‌തലനായ പൗലൊസ്‌ തുടങ്ങിയവർ. (2 ദിനവൃത്താന്തം 34:⁠1, 2, 19, 26-28; സങ്കീർത്തനം 131:⁠1; യോഹന്നാൻ 1:⁠26, 27; 3:⁠26-30; പ്രവൃത്തികൾ 21:⁠20-26; 1 കൊരിന്ത്യർ 15:⁠9) ഇന്നു ക്രിസ്‌തീയ സഭയിലുള്ള, താഴ്‌മയുടെ ആധുനികകാല ദൃഷ്ടാന്തങ്ങളെക്കുറിച്ചെന്ത്‌? ഈ മാതൃകകളെക്കുറിച്ചു ധ്യാനിക്കുന്നതിനാൽ “തമ്മിൽ തമ്മിൽ . . . താഴ്‌മ” പ്രകടമാക്കാൻ ക്രിസ്‌ത്യാനികൾക്കു സഹായം ലഭിക്കും.​—⁠1 പത്രൊസ്‌ 5:⁠5.

16. താഴ്‌മയുള്ളവരായിരിക്കാൻ ക്രിസ്‌തീയ ശുശ്രൂഷ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

16 ക്രിസ്‌തീയ ശുശ്രൂഷയിൽ ക്രമമായ ഒരു പങ്കുണ്ടായിരിക്കുന്നതും താഴ്‌മയുള്ളവരായിരിക്കാൻ നമ്മെ സഹായിക്കും. വീടുതോറുമുള്ള ശുശ്രൂഷയിലും മറ്റു സ്ഥലങ്ങളിലും കണ്ടുമുട്ടുന്ന അപരിചിതരായ ആളുകളോടു ഫലപ്രദമായി സംസാരിക്കുന്നതിനു നമ്മെ സഹായിക്കാൻ താഴ്‌മയ്‌ക്കു കഴിയും. വീട്ടുകാർ രാജ്യസന്ദേശത്തോട്‌ തുടക്കത്തിൽ തണുപ്പൻമട്ടിലോ പരുഷമായോ പ്രതികരിക്കുന്ന അവസരങ്ങളിൽ ഇതു വിശേഷിച്ചും സത്യമാണ്‌. ആളുകൾ മിക്കപ്പോഴും നമ്മുടെ വിശ്വാസങ്ങളെ ചോദ്യംചെയ്യാറുണ്ട്‌. അപ്പോൾ “ശാന്തതയോടും ബഹുമാനത്തോടുംകൂടെ” ഉത്തരം നൽകാൻ താഴ്‌മ സഹായിക്കും. (1 പത്രൊസ്‌ 3:⁠15, പി.ഒ.സി. ബൈ.) താഴ്‌മയുള്ള ദൈവദാസന്മാർ പുതിയ പ്രദേശങ്ങളിലേക്കു താമസം മാറുകയും വ്യത്യസ്‌ത സംസ്‌കാരവും ജീവിതനിലവാരവും ഉള്ള ആളുകളെ സഹായിക്കുകയും ചെയ്‌തിട്ടുണ്ട്‌. അത്തരം ശുശ്രൂഷകർക്ക്‌, തങ്ങൾ സുവാർത്ത പങ്കുവെക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കു കൂടുതൽ സഹായം നൽകാൻ കഴിയേണ്ടതിന്‌ ഒരു പുതിയ ഭാഷ പഠിക്കുകയെന്ന ബുദ്ധിമുട്ടേറിയ ദൗത്യം ഏറ്റെടുക്കേണ്ടിവന്നേക്കാം. എത്ര പ്രശംസനീയം!​—⁠മത്തായി 28:⁠19, 20.

17. താഴ്‌മ ആവശ്യമായിരിക്കുന്ന ക്രിസ്‌തീയ ഉത്തരവാദിത്വങ്ങൾ ഏതെല്ലാം?

17 പലരും താഴ്‌മയോടെ, സ്വന്തം ആഗ്രഹങ്ങളെക്കാൾ മറ്റുള്ളവരുടെ താത്‌പര്യങ്ങൾക്കു മുൻതൂക്കം നൽകിക്കൊണ്ട്‌ തങ്ങളുടെ ക്രിസ്‌തീയ ചുമതലകൾ നിറവേറ്റുന്നു. ഉദാഹരണത്തിന്‌, മക്കളോടൊത്തു ഫലപ്രദമായ ബൈബിളധ്യയനം നടത്താനും അതിനുവേണ്ടി തയ്യാറാകാനും സ്വന്തം കാര്യങ്ങൾ മാറ്റിവെച്ച്‌ സമയം കണ്ടെത്താൻ ഒരു ക്രിസ്‌തീയ പിതാവിനു താഴ്‌മ ആവശ്യമാണ്‌. അപൂർണരായ മാതാപിതാക്കളെ ബഹുമാനിക്കാനും അനുസരിക്കാനും താഴ്‌മ മക്കളെ സഹായിക്കുന്നു. (എഫെസ്യർ 6:⁠1-4) അവിശ്വാസികളായ ഭർത്താക്കന്മാരുള്ള ഭാര്യമാർ, “ആദരപൂർവവും നിർമലവുമായ പെരുമാറ്റ”ത്താൽ അവരെ നേടിയെടുക്കാൻ ശ്രമിക്കവേ, മിക്കപ്പോഴും താഴ്‌മ പ്രകടിപ്പിക്കേണ്ടതായി വരുന്നു. (1 പത്രൊസ്‌ 3:⁠1, 2, ഓശാന ബൈബിൾ) രോഗികളും പ്രായമേറിയവരും ആയ മാതാപിതാക്കളുടെ ആവശ്യങ്ങൾക്കായി കരുതുമ്പോഴും താഴ്‌മയും ആത്മത്യാഗപരമായ സ്‌നേഹവും നമുക്ക്‌ ഒരു മുതൽക്കൂട്ടായിരിക്കും.​—⁠1 തിമൊഥെയൊസ്‌ 5:⁠4.

താഴ്‌മ പ്രശ്‌നങ്ങൾ പരിഹരിക്കുന്നു

18. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു താഴ്‌മ സഹായകമായിരിക്കുന്നത്‌ എങ്ങനെ?

18 ദൈവത്തിന്റെ മാനുഷദാസർ എല്ലാവരും അപൂർണരാണ്‌. (യാക്കോബ്‌ 3:⁠2) ചിലപ്പോൾ രണ്ടു ക്രിസ്‌ത്യാനികൾക്കിടയിൽ അഭിപ്രായവ്യത്യാസമോ തെറ്റിദ്ധാരണകളോ ഉണ്ടായേക്കാം. ഒരാൾക്കെതിരെ പരാതിപ്പെടുന്നതിനു മറ്റേയാൾക്ക്‌ ന്യായമായ കാരണമുണ്ടായിരുന്നേക്കാം. സാധാരണഗതിയിൽ, അത്തരം പ്രശ്‌നങ്ങൾ ഈ ബുദ്ധിയുപദേശം ബാധകമാക്കിക്കൊണ്ടു പരിഹരിക്കാനാകും: “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ.” (കൊലൊസ്സ്യർ 3:⁠13) ഈ ബുദ്ധിയുപദേശം പിൻപറ്റുക അത്ര എളുപ്പമല്ലെന്നതു ശരിതന്നെ. എന്നാൽ അങ്ങനെ ചെയ്യാൻ താഴ്‌മ നമ്മെ സഹായിക്കും.

19. നമ്മെ മുറിപ്പെടുത്തിയ ഒരാളോടു സംസാരിക്കുമ്പോൾ നാം എന്തു മനസ്സിൽപ്പിടിക്കണം?

19 പരാതിക്കുള്ള കാരണം അവഗണിക്കാനാകാത്തവിധം ഗൗരവമുള്ളതാണെന്ന്‌ ഒരു ക്രിസ്‌ത്യാനിക്കു തോന്നിയേക്കാം. അങ്ങനെയെങ്കിൽ, കുറ്റം ചെയ്‌തതായി കരുതപ്പെടുന്ന വ്യക്തിയെ സമീപിച്ച്‌ സമാധാനം പുനഃസ്ഥാപിക്കുന്നതിനു മുൻകൈയെടുക്കാൻ താഴ്‌മ അദ്ദേഹത്തെ സഹായിക്കും. (മത്തായി 18:⁠15) ചിലപ്പോഴൊക്കെ ക്രിസ്‌ത്യാനികൾക്കിടയിൽ പ്രശ്‌നങ്ങൾ നീണ്ടുനിൽക്കാൻ ഇടയാക്കുന്ന ഒരു കാരണം, ഉൾപ്പെട്ടിരിക്കുന്നവരിൽ ഒരാളോ അല്ലെങ്കിൽ ഇരുവരുമോ തങ്ങളുടെ തെറ്റ്‌ അംഗീകരിച്ചുകൊണ്ടു താഴ്‌മ പ്രകടിപ്പിക്കാൻ തയ്യാറാകാത്തതാണ്‌. മറ്റേയാളെ സമീപിക്കാൻ മുൻകൈയെടുക്കുന്ന ആൾ തന്നെത്തന്നെ ന്യായീകരിക്കുകയും വിമർശനബുദ്ധിയോടെ പെരുമാറുകയും ചെയ്യുന്നതാണ്‌ വേറൊരു കാരണം. നേരെ മറിച്ച്‌, യഥാർഥ താഴ്‌മയുടേതായ മനോഭാവം അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനു വളരെ ഫലപ്രദമാണ്‌.

20, 21. താഴ്‌മയുള്ളവരായിരിക്കുന്നതിനുള്ള ഏറ്റവും മികച്ച സഹായങ്ങളിലൊന്ന്‌ ഏതാണ്‌?

20 താഴ്‌മ വളർത്തിയെടുക്കുന്നതിനുള്ള ഒരു മുഖ്യപടി ദൈവത്തിന്റെ സഹായത്തിനും ദൈവാത്മാവിനും വേണ്ടി പ്രാർഥിക്കുകയെന്നതാണ്‌. എന്നാൽ ഓർക്കുക, ‘ദൈവം താഴ്‌മയുള്ളവർക്കാണ്‌’ പരിശുദ്ധാത്മാവ്‌ ഉൾപ്പെടെയുള്ള ‘കൃപ നൽകുന്നത്‌.’ (യാക്കോബ്‌ 4:⁠6) അതുകൊണ്ട്‌ സഹവിശ്വാസിയുമായി നിങ്ങൾക്ക്‌ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ, നിങ്ങളുടെ ഭാഗത്തെ ചെറുതോ വലുതോ ആയ പിശക്‌ താഴ്‌മയോടെ സമ്മതിക്കുന്നതിന്‌ ആവശ്യമായ സഹായത്തിനു യഹോവയോടു പ്രാർഥിക്കണം. ഇനി, നിങ്ങളെ വേദനിപ്പിച്ച ഒരു വ്യക്തി ആത്മാർഥമായി ക്ഷമാപണം നടത്തുകയാണെങ്കിൽ താഴ്‌മയോടെ അദ്ദേഹത്തോടു ക്ഷമിക്കുക. അങ്ങനെ ചെയ്യാൻ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നെങ്കിൽ, ഹൃദയത്തിൽ അവശേഷിച്ചിരിക്കാവുന്ന അഹങ്കാരത്തിന്റെ കണികകളെ തുടച്ചുനീക്കുന്നതിനായി പ്രാർഥനാപൂർവം യഹോവയുടെ സഹായം തേടുക.

21 താഴ്‌മ കൈവരുത്തുന്ന നിരവധി അനുഗ്രഹങ്ങൾ, ഈ അമൂല്യമായ ഗുണം നട്ടുവളർത്താനും നിലനിറുത്താനും നമ്മെ പ്രേരിപ്പിക്കണം. അങ്ങനെ ചെയ്യുന്നതിന്‌ യഹോവയാം ദൈവത്തിന്റെയും യേശുക്രിസ്‌തുവിന്റെയും എത്ര മഹത്തായ ദൃഷ്ടാന്തങ്ങളാണു നമ്മുടെ മുമ്പാകെയുള്ളത്‌! ഈ ദിവ്യ വാഗ്‌ദാനം നാം ഒരിക്കലും വിസ്‌മരിക്കരുത്‌: “താഴ്‌മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.”​—⁠സദൃശവാക്യങ്ങൾ 22:⁠4.

ധ്യാനിക്കുന്നതിനുള്ള ആശയങ്ങൾ

• താഴ്‌മയുടെ ഏറ്റവും ശ്രേഷ്‌ഠമായ മാതൃക വെച്ചത്‌ ആരെല്ലാം?

• താഴ്‌മ നട്ടുവളർത്തുക ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• താഴ്‌മയുള്ളവരായിരിക്കാൻ എന്തിനു നമ്മെ സഹായിക്കാനാകും?

• താഴ്‌മയുള്ളവരായിരിക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രം]

യേശുവിന്‌ യഥാർഥ താഴ്‌മ ഉണ്ടായിരുന്നു

[28-ാം പേജിലെ ചിത്രം]

മറ്റുള്ളവരെക്കാൾ മികച്ചുനിൽക്കുന്നതിനു യത്‌നിക്കാൻ ലോകം ആളുകളെ പ്രോത്സാഹിപ്പിക്കുന്നു

[കടപ്പാട്‌]

WHO photo by L. Almasi/K. Hemzǒ

[29-ാം പേജിലെ ചിത്രം]

ശുശ്രൂഷയിൽ അപരിചിതരെ സമീപിക്കാൻ താഴ്‌മ നമ്മെ സഹായിക്കുന്നു

[30-ാം പേജിലെ ചിത്രങ്ങൾ]

നാം താഴ്‌മയോടെ സ്‌നേഹത്താൽ കാര്യങ്ങൾ ‘മറയ്‌ക്കുക’വഴി അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനാകും

[31-ാം പേജിലെ ചിത്രങ്ങൾ]

ക്രിസ്‌ത്യാനികൾക്കു താഴ്‌മ പ്രകടിപ്പിക്കാൻ കഴിയുന്ന നിരവധി വിധങ്ങളുണ്ട്‌