അനീതി നിറഞ്ഞ ലോകം
അനീതി നിറഞ്ഞ ലോകം
അനീതി തേർവാഴ്‌ച നടത്തുന്ന ഒരു ലോകത്തിലാണു നാം ജീവിക്കുന്നത് എന്നതിനോടു നിങ്ങൾ യോജിക്കില്ലേ? യോജിക്കും എന്നതിനു സംശയമില്ല. നമുക്ക് എത്രതന്നെ കഴിവും പ്രാപ്‌തിയും ഉണ്ടായിരുന്നാലും നാം എത്ര ജ്ഞാനപൂർവം ജീവിതം ആസൂത്രണം ചെയ്‌താലും നമുക്കു സമ്പത്തോ വിജയമോ ഭക്ഷണംപോലുമോ ലഭിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. അതു മിക്കപ്പോഴും പുരാതന കാലത്തെ ജ്ഞാനിയായ ശലോമോൻ രാജാവു പറഞ്ഞതുപോലെ ആയിത്തീരുന്നു: “ജ്ഞാനികൾക്കു ആഹാരവും വിവേകികൾക്കു സമ്പത്തും സാമർത്ഥ്യമുള്ളവർക്കു പ്രീതിയും ലഭിക്കുന്നില്ല.” എന്തുകൊണ്ട്? ശലോമോൻ തുടരുന്നു: “അവർക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നതു [“എല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതാണ്,” പി.ഒ.സി. ബൈബിൾ].”—സഭാപ്രസംഗി 9:11.
‘പെട്ടെന്നു ദുഷ്‌കാലം വന്നുകൂടു’മ്പോൾ
അതേ, ‘യാദൃച്ഛിക സംഭവങ്ങൾ’ മിക്കപ്പോഴും നാം ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യുന്ന പദ്ധതികളെയും മനസ്സിൽ താലോലിക്കുന്ന പ്രതീക്ഷകളെയും തകർത്തുകളയുന്നു. അനുചിതമായ ഒരു സമയത്ത് അനുചിതമായ സ്ഥലത്ത് ആയിപ്പോകുന്നതിനെയാണ് ‘യാദൃച്ഛികത’ മിക്കപ്പോഴും അർഥമാക്കുന്നത്. ശലോമോൻ പറയുന്നതനുസരിച്ച്, “വലയിൽ പിടിപെടുന്ന മത്സ്യങ്ങളെപ്പോലെയും കെണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയും” ആണ് നാം; നമ്മുടെമേൽ ‘പെട്ടെന്നു ദുഷ്‌കാലം വന്നുകൂടുന്നു.’ (സഭാപ്രസംഗി 9:12) ഉദാഹരണത്തിന് കുടുംബത്തിനുള്ള ഭക്ഷണത്തിനായി കോടിക്കണക്കിനാളുകൾ കഠിനാധ്വാനം ചെയ്‌ത് നിലം വിളയിക്കുന്നു. എന്നാൽ മഴ പെയ്യാതിരിക്കുകയും വരൾച്ച വിളകളെ നശിപ്പിക്കുകയും ചെയ്യുമ്പോൾ അവരുടെമേൽ ‘ദുഷ്‌കാലം’ പെട്ടെന്നു വന്നുപെടുന്നു.
‘ദുഷ്‌കാലത്തിന്’ ഇരകളായവരെ സഹായിക്കാൻ ലോകസമൂഹത്തിലെ ബാക്കിയുള്ളവർ ശ്രമിക്കാറുണ്ട്. എന്നാൽ അതുപോലും മിക്കപ്പോഴും അനീതി നിറഞ്ഞതാണ്. ഉദാഹരണത്തിന് “ഗൾഫ് യുദ്ധത്തിനു ചെലവഴിച്ച പണത്തിന്റെ വെറും അഞ്ചിലൊന്നാണ്” ദാരിദ്ര്യനിർമാർജനത്തിനുള്ള “സഹായമായി” ഇക്കഴിഞ്ഞ ഒരു വർഷത്തിൽ “മുഴു [ആഫ്രിക്കൻ] ഭൂഖണ്ഡത്തിനുംകൂടി ലഭിച്ചത്” എന്ന് ഒരു പ്രമുഖ ദുരിതാശ്വാസ ഏജൻസി പറയുന്നു. സഹായിക്കാൻ കഴിവുള്ള രാഷ്‌ട്രങ്ങൾ, ക്ഷാമംമൂലം ഒരു മുഴു ഭൂഖണ്ഡത്തിനും നേരിടുന്ന ദുരിതത്തിനും കഷ്ടപ്പാടുകൾക്കും ആശ്വാസം പകരാനായി ചെലവഴിച്ചതിന്റെ അഞ്ചു മടങ്ങ് ഒരു രാജ്യത്ത് യുദ്ധത്തിനായി ചെലവിട്ടതു നീതിയാണോ? അനേകം ആളുകളും സാമ്പത്തിക സുസ്ഥിരത കൈവരിച്ചിരിക്കുന്ന സമയത്തും ലോകജനസംഖ്യയുടെ നാലിൽ ഒന്ന് കൊടുംദാരിദ്ര്യത്തിലാണ് എന്നതോ തടയാമായിരുന്ന രോഗങ്ങളാൽ ദശലക്ഷക്കണക്കിനു കുട്ടികൾ ഓരോ വർഷവും മരിക്കുന്നുണ്ട് എന്നതോ നീതിയാണോ? ഒരിക്കലുമല്ല!
“പെട്ടെന്നു വന്നുകൂടുന്ന ദുഷ്‌കാല”ത്തിൽ ‘യാദൃച്ഛിക സംഭവങ്ങൾ’ മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്. നമ്മുടെ നിയന്ത്രണത്തിന് പാടേ അതീതമായ
പ്രബലശക്തികൾ നമ്മുടെ ജീവിതത്തിന്മേൽ മേധാവിത്വം പുലർത്തുകയും നമുക്കു സംഭവിക്കുന്ന കാര്യങ്ങളെ ഗണ്യമായി സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. 2004-ലെ ശരത്‌കാലത്ത് അലേനിയയിലെ ബെസ്ലാനിൽ സംഭവിച്ചത് ഇതിന്റെ സത്യതയ്‌ക്കു സാക്ഷ്യംവഹിക്കുന്നു. സുരക്ഷാഭടന്മാരും ഭീകരരും തമ്മിലുള്ള കിരാതമായ പോരാട്ടത്തിൽ നൂറുകണക്കിന് ആളുകളാണു മരിച്ചുവീണത്, അവരിൽ പലരും ആദ്യമായി സ്‌കൂളിൽവന്ന കുട്ടികൾ ആയിരുന്നു. ആർ മരിച്ചു, ആർ അതിജീവിച്ചു എന്നത് ഏറെയും യാദൃച്ഛികമായിരുന്നു എന്നതു ശരിതന്നെ. എന്നാൽ ആ “ദുഷ്‌കാല”ത്തിന്റെ മൂലകാരണം മനുഷ്യരുടെ പോരാട്ടമായിരുന്നു.ഇത് എക്കാലവും തുടരുമോ?
അനീതിയെക്കുറിച്ചു സംസാരിക്കുമ്പോൾ “ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്, പണ്ടേ ഇത് ഇങ്ങനെയൊക്കെ ആയിരുന്നു, ഇങ്ങനെതന്നെ തുടരുകയും ചെയ്യും” എന്നു ചിലർ പറയാറുണ്ട്. അവരുടെ അഭിപ്രായത്തിൽ ശക്തർ എല്ലായ്‌പോഴും അശക്തരെ അടിച്ചമർത്തും, സമ്പന്നർ എന്നും ദരിദ്രരെ ചൂഷണം ചെയ്യും. ഈ സ്ഥിതിവിശേഷവും ഒപ്പം ‘യാദൃച്ഛിക സംഭവങ്ങളും’ മനുഷ്യനുള്ളിടത്തോളം കാലം ഉണ്ടായിരിക്കുമെന്നാണ് അവരുടെ പക്ഷം.
എന്നാൽ അത് അങ്ങനെ ആയിരിക്കേണ്ടതുണ്ടോ? ബുദ്ധിപൂർവം, ജ്ഞാനത്തോടെ തങ്ങളുടെ പ്രാപ്‌തികൾ വിനിയോഗിക്കുന്നവർക്ക് കഠിനാധ്വാനത്തിന് അനുസൃതമായ പ്രതിഫലം നേടാൻ എന്നെങ്കിലും കഴിയുമോ? അനീതി നിറഞ്ഞ ഈ ലോകത്തിന് സ്ഥായിയായ ഒരു മാറ്റം വരുത്താൻ ആവശ്യമായ എന്തെങ്കിലും ചെയ്യാൻ ആർക്കെങ്കിലും കഴിയുമോ? അടുത്ത ലേഖനം വായിക്കുക.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
COVER: Man with a child: UN PHOTO 148426/McCurry/Stockbower
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
MAXIM MARMUR/AFP/Getty Images