അവർ ബധിരരുമായി സുവാർത്ത പങ്കുവെക്കുന്നു
അവർ ബധിരരുമായി സുവാർത്ത പങ്കുവെക്കുന്നു
“അവർ നിങ്ങളെ ആത്മീയരാക്കുന്നു!” യഹോവയുടെ സാക്ഷികൾ സ്‌പെയിനിലെ മാഡ്രിഡിലുള്ള നാവാൽകാർനേറോയിലെ ഒരു വൃദ്ധമന്ദിരത്തിൽ നടത്തുന്ന സന്ദർശനങ്ങളെക്കുറിച്ച് അതിന്റെ ഡയറക്ടർ അടുത്തയിടെ പറഞ്ഞ വാക്കുകളാണ് ഇവ. അങ്ങനെ പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്താണ്?
റോസാസ് ഡെൽ കാമിനോ വൃദ്ധമന്ദിരത്തിലെ അന്തേവാസികളിൽ പലരും ബധിരരാണ്. എന്നിരുന്നാലും ശ്രമം ചെയ്‌ത് സ്‌പാനീഷ് ആംഗ്യ ഭാഷ പഠിച്ചതിനാൽ സാക്ഷികൾക്ക് അവരുമായി ആശയവിനിമയം ചെയ്യാൻ സാധിക്കുന്നു. ആത്മീയ മൂല്യങ്ങൾ പഠിക്കാൻ സഹായം ആവശ്യമുള്ളവർക്കുവേണ്ടി പ്രതിഫലം പറ്റാതെ സമയം വിനിയോഗിക്കുന്നതിനെപ്രതി ഡയറക്ടർ സാക്ഷികളെ അനുമോദിച്ചു. ദൈവരാജ്യ സുവാർത്തയുടെ പഠിപ്പിക്കൽ ആ വൃദ്ധമന്ദിരത്തിൽ ഉളവാക്കിയ നല്ല ഫലം നിരീക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അവിടത്തെ അന്തേവാസികളും സാക്ഷികളുടെ സന്ദർശനത്തെ അതിയായി വിലമതിക്കുന്നു, പ്രത്യേകിച്ച് ശരിക്കു കേൾക്കാനോ കാണാനോ കഴിയാത്തവർ.
അന്ധനും ബധിരനും ആയ യൂലോഹിയോ ഇപ്പോൾ യഹോവയുടെ സാക്ഷികളുമൊത്തു ബൈബിൾ പഠിക്കുന്നു. ഒരിക്കൽ അധ്യയനം നടന്നുകൊണ്ടിരിക്കെ ഒരു വൃദ്ധൻ അടുത്തുവന്ന്, അന്തേവാസികൾ നന്ദിസൂചകമായി രചിച്ച ഒരു കവിത സാക്ഷിക്കു സമ്മാനിച്ചു. “ഒരു സാക്ഷി ആയിരിക്കുകയെന്നാൽ” എന്നായിരുന്നു അതിന്റെ തലക്കെട്ട്. അതിന്റെ ഒരു ഭാഗം ഇങ്ങനെ ആയിരുന്നു: “ഉത്തമം സുശിക്ഷിതം സാക്ഷികൾതൻ ജീവിതം; യഹോവയല്ലോ നൽകുന്നു പ്രമോദമേകും ജ്ഞാനവും; ആശ്രയംവെച്ചവനിലായ് വീടുതോറും പോകുന്നു.”
തങ്ങളുടെ രാജ്യത്തുള്ള ബധിരരുടെ ആംഗ്യഭാഷ പഠിക്കാൻ ലോകത്തിനു ചുറ്റുമുള്ള അനേകം സാക്ഷികളെ പ്രേരിപ്പിച്ചിരിക്കുന്നത് കൃത്യമായും യഹോവയിലുള്ള അവരുടെ ഈ ആശ്രയമാണ്. ഈ വിധത്തിൽ അവർ ബൈബിളിൽ അടങ്ങിയിരിക്കുന്ന പ്രോത്സാഹജനകമായ പ്രത്യാശാദൂത് അങ്ങനെയുള്ളവരുമായി പങ്കുവെക്കുന്നു.