വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന സംഭാവനകൾ

ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന സംഭാവനകൾ

ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന സംഭാവനകൾ

അത്ര സന്തോഷകരമായ ഒരു കഥയല്ല ഇത്‌. കൊലപാതകത്തിലൂടെയും ഉപായം പ്രയോഗിച്ചും അഥല്യാ രാജ്ഞി യെഹൂദായുടെ ഭരണം പിടിച്ചെടുത്തു. രാജ്യാവകാശികൾ ആയിത്തീർന്നേക്കാവുന്ന എല്ലാവരും കൊല്ലപ്പെട്ടെന്നു തെറ്റിദ്ധരിച്ച അവർ സ്വയം രാജ്ഞിയായി അവരോധിച്ചു. അതേസമയം, യഹോവയെയും അവന്റെ നിയമങ്ങളെയും അതിയായി സ്‌നേഹിച്ചിരുന്ന യെഹോശേബ രാജകുമാരി, ശിശുവും രാജകീയ സന്തതിയും ആയ യോവാശിനെ ധൈര്യപൂർവം ഒളിപ്പിച്ചുവെച്ചു. അവളും ഭർത്താവായ മഹാപുരോഹിതൻ യെഹോയാദായും ആ രാജ്യാവകാശിയെ ആറു വർഷം ആലയത്തിലെ തങ്ങളുടെ വാസസ്ഥലത്തു രഹസ്യമായി വളർത്തി.​—⁠2 രാജാക്കന്മാർ 11:1-3.

യോവാശിന്‌ ഏഴു വയസ്സായപ്പോഴേക്കും, അന്യായമായി അധികാരം തട്ടിയെടുത്ത രാജ്ഞിയെ താഴെയിറക്കാനുള്ള തന്റെ പദ്ധതി നടപ്പാക്കാൻ യെഹോയാദാ മഹാപുരോഹിതൻ തയ്യാറായിക്കഴിഞ്ഞിരുന്നു. ഒളിവിൽ പാർപ്പിച്ചിരുന്ന കുട്ടിയെ അവൻ രംഗത്തുകൊണ്ടുവന്ന്‌ രാജ്യത്തിന്റെ നിയമാനുസൃത അവകാശിയായി കിരീടമണിയിച്ചു. തുടർന്ന്‌ രാജഭടന്മാർ ദുഷ്ടയായ അഥല്യാ രാജ്ഞിയെ ആലയത്തിനു വെളിയിലേക്കു കൊണ്ടുവരുകയും വധിക്കുകയും ചെയ്‌തു. അതു ജനത്തിന്‌ എന്തെന്നില്ലാത്ത ആശ്വാസവും സന്തോഷവും കൈവരുത്തി. യെഹോയാദായുടെയും യെഹോശേബയുടെയും പ്രവൃത്തികൾ യെഹൂദാ ദേശത്തു സത്യാരാധന പുനഃസ്ഥാപിക്കുന്നതിനു വലിയ സഹായമായി. എന്നാൽ അതിലും പ്രധാനമായി മിശിഹായിലേക്കു നയിക്കുന്ന, ദാവീദിന്റെ രാജകീയ വംശാവലി നിലനിറുത്താൻ അവ സഹായിച്ചു.​—⁠2 രാജാക്കന്മാർ 11:4-21.

പുതുതായി അവരോധിക്കപ്പെട്ട രാജാവും ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിച്ച ഒരു സംഭാവന നൽകി. യഹോവയുടെ ആലയത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു. യെഹൂദായുടെ ഏക ഭരണാധികാരിയെന്ന നിലയിൽ അധികാരം കയ്യാളാനുള്ള അഥല്യായുടെ അതിരുകടന്ന മോഹം, ആലയത്തെ അവഗണിച്ചുകളയുന്നതിൽ മാത്രമല്ല അതിനെ കൊള്ളയടിക്കുന്നതിലും കലാശിച്ചിരുന്നു. അതുകൊണ്ട്‌ ആലയം പുനർനിർമിക്കാനും പുനഃസ്ഥിതീകരിക്കാനും യോവാശ്‌ നിശ്ചയിച്ചുറച്ചു. യഹോവയുടെ ആലയത്തിന്റെ പുനഃസ്ഥിതീകരണത്തിന്‌ ആവശ്യമായ ധനം സ്വരൂപിക്കുന്നതിനായി അവൻ പെട്ടെന്നുതന്നെ ഒരു കൽപ്പന പുറപ്പെടുവിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ ആലയത്തിൽ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന ദ്രവ്യമൊക്കെയും ഓരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തിൽ ഓരോരുത്തൻ കൊണ്ടുവരുന്ന സ്വമേധാദാനമായ ദ്രവ്യമൊക്കെയും ഓരോ പുരോഹിതനും താന്താന്റെ പരിചയക്കാരോടു വാങ്ങി ആലയത്തിന്നു അറ്റകുറ്റം കാണുന്നേടത്തൊക്കെയും അറ്റകുറ്റം തീർക്കേണം എന്നു കല്‌പിച്ചു.”​—⁠2 രാജാക്കന്മാർ 12:4, 5.

ജനം മനസ്സോടെ സംഭാവന ചെയ്‌തു. എന്നിരുന്നാലും ആലയത്തിന്റെ അറ്റകുറ്റം തീർക്കുന്നതിൽ തങ്ങളുടെ കടമ മുഴുഹൃദയത്തോടെ നിർവഹിക്കാൻ പുരോഹിതന്മാർ വൈമനസ്യം കാണിച്ചു. അതുകൊണ്ട്‌ കാര്യങ്ങൾ സ്വന്തമായി ഏറ്റെടുത്തുചെയ്യാൻ രാജാവ്‌ തീരുമാനിച്ചു. എല്ലാ സംഭാവനകളും അതിനുവേണ്ടിയുള്ള ഒരു പ്രത്യേക പെട്ടിയിൽ ഇടണമെന്ന്‌ അവൻ നിർദേശിക്കുകയും യെഹോയാദായെ അതിന്റെ ചുമതല ഭരമേൽപ്പിക്കുകയും ചെയ്‌തു. വിവരണം ഇങ്ങനെ പറയുന്നു: “അപ്പോൾ യെഹോയാദാപുരോഹിതൻ ഒരു പെട്ടകം എടുത്തു അതിന്റെ മൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിന്നരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്റെ വലത്തുഭാഗത്തു വെച്ചു; വാതിൽകാക്കുന്ന പുരോഹിതന്മാർ യഹോവയുടെ ആലയത്തിലേക്കു വരുന്ന ദ്രവ്യം ഒക്കെയും അതിൽ ഇടും. പെട്ടകത്തിൽ ദ്രവ്യം വളരെയായി എന്നു കാണുമ്പോൾ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതനും കൂടെച്ചെന്നു യഹോവയുടെ ആലയത്തിൽ കണ്ട ദ്രവ്യം എണ്ണി സഞ്ചികളിൽ കെട്ടും. അവർ ദ്രവ്യം യഹോവയുടെ ആലയത്തിന്റെ പണി നടത്തുന്ന വിചാരകന്മാരുടെ പക്കൽ തൂക്കിക്കൊടുക്കും; അവർ അതു യഹോവയുടെ ആലയത്തിൽ പണിചെയ്യുന്ന ആശാരിമാർക്കും ശില്‌പികൾക്കും കല്‌പണിക്കാർക്കും കല്ലുവെട്ടുകാർക്കും യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ വേണ്ടുന്ന മരവും ചെത്തിയ കല്ലും വാങ്ങുന്നതിന്നും ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ വേണ്ടുന്ന ചെലവൊക്കെയും കഴിക്കുന്നതിന്നും കൊടുക്കും.”​—⁠2 രാജാക്കന്മാർ 12:9-12.

ആളുകൾ പൂർണ ഹൃദയത്തോടെ പ്രതികരിച്ചു. യഹോവയുടെ ആരാധന യോഗ്യമായ ഒരു വിധത്തിൽ തുടരാൻ കഴിയുമാറ്‌ അവന്റെ ആരാധനാലയം പുനഃസ്ഥിതീകരിക്കപ്പെട്ടു. അങ്ങനെ, സംഭാവന ലഭിച്ച പണം മുഴുവനും യഥോചിതം വിനിയോഗിക്കപ്പെട്ടു. അക്കാര്യത്തിൽ യോവാശ്‌ രാജാവ്‌ പ്രത്യേകം ശ്രദ്ധിച്ചു!

സമാനമായി, ഇന്നു യഹോവയുടെ ദൃശ്യ സംഘടനയും ലഭിക്കുന്ന എല്ലാ സംഭാവനകളും യഹോവയുടെ ആരാധന ഉന്നമിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ ഉചിതമായി വിനിയോഗിക്കപ്പെടുന്നുവെന്ന്‌ ഉറപ്പുവരുത്തുന്നു. പുരാതന കാലത്തെ ആ ഇസ്രായേല്യരെപ്പോലെ സത്യക്രിസ്‌ത്യാനികൾ പൂർണ ഹൃദയത്തോടെ ആവശ്യങ്ങളോടു പ്രതികരിക്കുകയും ചെയ്‌തിരിക്കുന്നു. രാജ്യതാത്‌പര്യങ്ങളുടെ ഉന്നമനത്തിനായി കഴിഞ്ഞ സേവനവർഷം സംഭാവനകൾ നൽകിയവരിൽ ഒരാൾ ആയിരിക്കാം നിങ്ങൾ. നിങ്ങളുടെ സംഭാവനകൾ വിനിയോഗിക്കപ്പെട്ടിരിക്കുന്ന ചില വിധങ്ങൾ നമുക്കു ശ്രദ്ധിക്കാം.

സാഹിത്യങ്ങളുടെയും മറ്റും ഉത്‌പാദനം

പഠനത്തിനും വിതരണത്തിനും ആയി പിൻവരുന്നവ ലോകവ്യാപകമായി ഉത്‌പാദിപ്പിച്ചു:

• പുസ്‌തകങ്ങൾ: 4,74,90,247

• ചെറുപുസ്‌തകങ്ങൾ: 68,34,740

• ലഘുപത്രികകൾ: 16,78,54,462

• കലണ്ടറുകൾ: 54,05,955

• മാസികകൾ: 117,92,66,348

• ലഘുലേഖകൾ: 44,09,95,740

• വീഡിയോകൾ: 31,68,611

ആഫ്രിക്ക, വടക്കേ അമേരിക്ക, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ, യൂറോപ്പ്‌, പസിഫിക്‌ ദ്വീപരാഷ്‌ട്രങ്ങൾ എന്നിവിടങ്ങളിലായി​—⁠മൊത്തം 19 രാജ്യങ്ങളിൽ​—⁠സാഹിത്യം അച്ചടിക്കുന്നു.

“കേറ്റ്‌ലിൻ മേ എന്നാണ്‌ എന്റെ പേര്‌. എനിക്ക്‌ എട്ടു വയസ്സുണ്ട്‌. എന്റെ കൈവശമുള്ള 28 ഡോളർ (1,260 രൂപ) അച്ചടിയന്ത്രങ്ങൾ വാങ്ങുന്നതിൽ ഉപയോഗിക്കാനായി നിങ്ങൾക്ക്‌ അയച്ചുതരാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ കൊച്ചുസഹോദരി കേറ്റ്‌ലിൻ.”

“പുതിയ അച്ചടിയന്ത്രങ്ങളെക്കുറിച്ച്‌ ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ ചർച്ച ചെയ്‌തു. 11-ഉം 9-ഉം വയസ്സുള്ള ഞങ്ങളുടെ മക്കൾ അവരുടെ സമ്പാദ്യത്തിൽനിന്നു പണമെടുത്ത്‌ സ്വന്തം സംഭാവനകളായി നൽകാൻ തീരുമാനിച്ചു. ഞങ്ങളുടെ സംഭാവനയോടൊപ്പം അവരുടേതും അയച്ചുതരാൻ ഞങ്ങൾക്കു സന്തോഷമുണ്ട്‌.”

നിർമാണം

യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കാനായി ഏറ്റെടുത്തുനടത്തിയ ചില നിർമാണ പദ്ധതികളാണ്‌ പിൻവരുന്നവ:

• പരിമിതമായ ആസ്‌തികളുള്ള ദേശങ്ങളിൽ പണിത രാജ്യഹാളുകൾ: 2,180

• സമ്മേളന ഹാളുകൾ: 15

• ബ്രാഞ്ച്‌ ഓഫീസുകൾ: 10

• മുഴുസമയ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യാന്തര സ്വമേധയാ സേവകർ: 2,342

“ഈ വാരാന്തം പുതിയ രാജ്യഹാളിലായിരുന്നു ഞങ്ങളുടെ യോഗം. നമ്മുടെ പിതാവായ യഹോവയാം ദൈവത്തെ സ്‌തുതിക്കാൻ ഒരു നല്ല ഇടം ലഭിച്ചതിൽ ഞങ്ങൾക്കു വളരെ സന്തോഷമുണ്ട്‌. കൂടുതൽ രാജ്യഹാളുകൾ നിർമിച്ചുകൊണ്ട്‌ ഞങ്ങളുടെ ആവശ്യങ്ങൾക്കു ശ്രദ്ധകൊടുക്കുന്നതിന്‌ യഹോവയോടും നിങ്ങളോടും ഞങ്ങൾ നന്ദി പറയുന്നു. തീർച്ചയായും ഞങ്ങളുടെ രാജ്യഹാൾ ഇവിടത്തുകാർക്ക്‌ ഒരു വലിയ മുതൽക്കൂട്ടാണ്‌.”​—⁠ചിലി.

“യഹോവയുടെ സംഘടന നൽകുന്ന സഹായത്തെ സഹോദരീസഹോദരന്മാർ വളരെ വിലമതിക്കുന്നു. നിർമാണസംഘത്തോടൊപ്പം ചെലവിടാൻ കഴിഞ്ഞ മഹത്തായ സമയത്തെക്കുറിച്ച്‌ ഞങ്ങൾ ഇന്നും സംസാരിക്കാറുണ്ട്‌.”​—⁠മൊൾഡോവ.

“അടുത്തയിടെയാണ്‌ ഞാനും ഭാര്യയും ഞങ്ങളുടെ 35-ാം വിവാഹ വാർഷികം ആഘോഷിച്ചത്‌. പരസ്‌പരം എന്തു നൽകുമെന്നു ചിന്തിച്ചിരിക്കുമ്പോഴാണ്‌ യഹോവയ്‌ക്കും അവന്റെ സംഘടനയ്‌ക്കും എന്തെങ്കിലും മടക്കിക്കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചത്‌. എന്തെന്നാൽ അവരുടെ സഹായം ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞങ്ങളുടെ വിവാഹജീവിതം വിജയിക്കുമായിരുന്നില്ല. ഇതോടൊപ്പം അയയ്‌ക്കുന്ന പണം, സാമ്പത്തികശേഷി കുറവുള്ള ഒരു രാജ്യത്ത്‌ രാജ്യഹാൾ പണിയുന്നതിനു വിനിയോഗിക്കണമെന്നാണു ഞങ്ങളുടെ ആഗ്രഹം.”

“അടുത്തയിടെ എനിക്കു കുടുംബവകയായി കുറച്ചു സ്വത്തു ലഭിച്ചു. വളരെ കുറച്ച്‌ ആഗ്രഹങ്ങളേ എനിക്കുള്ളൂ. എന്റെ ആവശ്യങ്ങളാണെങ്കിൽ അതിലും കുറവാണ്‌. അതിനാൽ ഇതോടൊപ്പം അയയ്‌ക്കുന്ന പണം, രാജ്യഹാളുകളുടെ വർധിച്ച ആവശ്യമുള്ള രാജ്യങ്ങളിൽ അവ നിർമിക്കുന്നതിനായി വിനിയോഗിക്കണമെന്നു ഞാൻ അഭ്യർഥിക്കുന്നു.”

ദുരിതാശ്വാസം

ഈ അന്ത്യനാളുകളിൽ മിക്കപ്പോഴും യാതൊരു മുന്നറിയിപ്പുമില്ലാതെ ദുരന്തങ്ങൾ ആഞ്ഞടിക്കുന്നു. ദുരന്തബാധിത പ്രദേശങ്ങളിലുള്ള സഹോദരങ്ങളുടെ സഹായത്തിനായി അനേകം യഹോവയുടെ സാക്ഷികളും കൂടുതൽ സംഭാവനകൾ നൽകുന്നു. ദുരിതാശ്വാസത്തിനുള്ള സംഭാവനകൾ ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനയുടെ കൂട്ടത്തിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന്‌ ഓർമിപ്പിച്ചുകൊള്ളട്ടെ. ദുരന്തത്തിന്‌ ഇരയായവർക്കു യഹോവയുടെ സാക്ഷികൾ സഹായം എത്തിച്ചുകൊടുത്ത ചില സ്ഥലങ്ങളുടെ പേരുകളാണ്‌ ചുവടെ കൊടുത്തിരിക്കുന്നത്‌:

• ആഫ്രിക്ക

• ഏഷ്യ

• കരീബിയൻ പ്രദേശം

• പസിഫിക്‌ ദ്വീപുകൾ

“ചുഴലിക്കൊടുങ്കാറ്റുകൾ നാശം വിതച്ചപ്പോൾ ദുരിതാശ്വാസ സാമഗ്രികൾ അയച്ചുതന്നതിന്‌ ഞാനും എന്റെ ഭർത്താവും നിങ്ങളോടു വളരെ നന്ദിയുള്ളവരാണ്‌. വീടിനു പുതിയ മേൽക്കൂര ഇടാൻ ഞങ്ങൾക്കു സാധിച്ചു. എത്ര പെട്ടെന്നാണ്‌ സഹായവുമായി നിങ്ങൾ രംഗത്തുവന്നത്‌! ഞങ്ങൾ അത്‌ അങ്ങേയറ്റം വിലമതിക്കുന്നു.”

“കൊണൊർ എന്നാണ്‌ എന്റെ പേര്‌. വയസ്സ്‌ 11. സുനാമി വരുത്തിവെച്ച നാശനഷ്ടങ്ങളെക്കുറിച്ചു മനസ്സിലാക്കിയപ്പോൾ സഹായിക്കണമെന്ന്‌ എനിക്കു തോന്നി. ഈ സംഭാവന എന്റെ സഹോദരീസഹോദരന്മാർക്കു സഹായമാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.”

പ്രത്യേക മുഴുസമയ സേവകർ

അനേകം ക്രിസ്‌ത്യാനികൾ ഇന്നു മുഴുസമയ സുവിശേഷവേലയിൽ ഏർപ്പെടുകയോ ബെഥേൽ ഭവനങ്ങളിൽ സേവിക്കുകയോ ചെയ്യുന്നു. മുഴുസമയ സന്നദ്ധസേവകരിൽ ചിലർ സ്വമേധയാ സംഭാവനകളാൽ പിന്തുണയ്‌ക്കപ്പെടുന്നവരാണ്‌. താഴെപ്പറഞ്ഞിരിക്കുന്നവർ അതിൽപ്പെടുന്നു:

• മിഷനറിമാർ: 2,635

• സഞ്ചാര മേൽവിചാരകന്മാർ: 5,325

• ബെഥേൽ അംഗങ്ങൾ: 20,092

“ഇപ്പോൾ എനിക്ക്‌ ബെഥേലിൽ സേവിക്കാൻ കഴിയാത്തതിനാൽ [അഞ്ചു വയസ്സുള്ള ആൺകുട്ടി] സ്‌നേഹപൂർവം ഈ സംഭാവന അയച്ചുതരാൻ ഞാൻ ആഗ്രഹിക്കുന്നു. വലുതാകുമ്പോൾ ബെഥേലിൽ വന്നു കഠിനാധ്വാനം ചെയ്യാനിരിക്കുകയാണു ഞാൻ.”

ബൈബിൾ വിദ്യാഭ്യാസം

“സകലജാതികളെയും ശിഷ്യരാ”ക്കാനുള്ള നിയമനം യേശുക്രിസ്‌തു തന്റെ അനുഗാമികൾക്കു നൽകി. (മത്തായി 28:20) 235 ദേശങ്ങളിൽ ബൈബിൾസന്ദേശം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ തിരക്കോടെ ഏർപ്പെട്ടുകൊണ്ട്‌ യഹോവയുടെ സാക്ഷികൾ അവന്റെ വാക്കുകൾ അനുസരിക്കുന്നു. 413 ഭാഷകളിൽ അവർ ബൈബിൾ പ്രസിദ്ധീകരണങ്ങൾ അച്ചടിച്ചു വിതരണം ചെയ്യുന്നു.

ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു പഠിക്കാൻ കൂടുതൽ പേരെ സഹായിക്കുന്നതിൽ ഒരു ക്രിസ്‌ത്യാനിക്കു നൽകാൻ കഴിയുന്ന ഏറ്റവും മൂല്യവത്തായ സംഭാവന തന്റെ സമയമാണ്‌. ഈ വിധത്തിൽ അയൽക്കാരെ സഹായിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ തങ്ങളുടെ സമയവും ഊർജവും വലിയ അളവിൽ ചെലവഴിച്ചിരിക്കുന്നു. പണപരമായ സംഭാവനകളും അവർ ഉദാരമായി നൽകിയിരിക്കുന്നു. അവർ നൽകിയ മുഴു സംഭാവനകളും​—⁠അവ ഏതു വിധത്തിലുള്ളത്‌ ആയിരുന്നാലും​—⁠യഹോവയുടെ നാമവും ഉദ്ദേശ്യങ്ങളും ഭൂമിയിലുടനീളം പ്രസിദ്ധമാക്കാൻ സഹായിച്ചിരിക്കുന്നു. യഹോവയെക്കുറിച്ചു കൂടുതലായി പഠിക്കാൻ മറ്റുള്ളവരെ സഹായിക്കാനുള്ള ഈ ശ്രമങ്ങളെ അവൻ തുടർന്നും അനുഗ്രഹിക്കട്ടെ. (സദൃശവാക്യങ്ങൾ 19:17) അത്തരം ഒരു സഹായ മനഃസ്ഥിതി യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു!—എബ്രായർ 13:15, 16.

[28-30 പേജുകളിലെ ചതുരം]

ചിലർ കൊടുക്കാൻ തിരഞ്ഞെടുക്കുന്ന വിധങ്ങൾ

ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനകൾ

“ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനകൾ​—⁠മത്തായി 24:14” എന്ന ലേബലുള്ള സംഭാവനപ്പെട്ടികളിൽ ഇടുന്നതിന്‌ അനേകർ ഒരു തുക നീക്കിവെക്കുന്നു.

ഓരോ മാസവും സഭകൾ ഈ തുക അതാതു രാജ്യത്തുള്ള യഹോവയുടെ സാക്ഷികളുടെ ഓഫീസിലേക്ക്‌ അയച്ചുകൊടുക്കുന്നു. സ്വമേധയാ സംഭാവനകൾ ഈ ഓഫീസുകളിലേക്ക്‌ നേരിട്ടും അയയ്‌ക്കാവുന്നതാണ്‌. ബ്രാഞ്ച്‌ ഓഫീസുകളുടെ മേൽവിലാസം ഈ മാസികയുടെ 2-ാം പേജിലുണ്ട്‌. ചെക്കുകൾ “Watch Tower”-ന്‌ മാറിയെടുക്കാവുന്നത്‌ ആയിരിക്കണം. കൂടാതെ, ആഭരണങ്ങളും വിലയേറിയ മറ്റു വസ്‌തുക്കളും സംഭാവനയായി നൽകാവുന്നതാണ്‌. ഈ സംഭാവനകളോടൊപ്പം അവ ഒരു നിരുപാധിക ദാനമാണെന്നു വ്യക്തമായി പ്രസ്‌താവിക്കുന്ന ഹ്രസ്വമായ ഒരു കത്തും ഉണ്ടായിരിക്കണം.

ആസൂത്രിത കൊടുക്കൽ

നിരുപാധിക ദാനമായി പണം നൽകുന്നതിനു പുറമേ, ലോകവ്യാപക രാജ്യസേവനത്തിനു പ്രയോജനം ചെയ്യുന്ന വേറെയും കൊടുക്കൽ രീതികളുണ്ട്‌. പിൻവരുന്നവ അതിൽപ്പെടുന്നു:

ഇൻഷ്വറൻസ്‌: ലൈഫ്‌ ഇൻഷ്വറൻസ്‌ പോളിസിയുടെയോ റിട്ടയർമെന്റ്‌/പെൻഷൻ പദ്ധതിയുടെയോ ഗുണഭോക്താവായി വാച്ച്‌ ടവർ സൊസൈറ്റിയുടെ പേരു വെക്കാവുന്നതാണ്‌.

ബാങ്ക്‌ അക്കൗണ്ടുകൾ: പ്രാദേശിക ബാങ്ക്‌ വ്യവസ്ഥകൾക്കു ചേർച്ചയിൽ, ബാങ്ക്‌ അക്കൗണ്ടുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, അല്ലെങ്കിൽ വ്യക്തിപരമായ പെൻഷൻ അക്കൗണ്ടുകൾ എന്നിവ വാച്ച്‌ ടവർ സൊസൈറ്റിയിൽ ട്രസ്റ്റ്‌ ആയി അല്ലെങ്കിൽ മരണത്തിങ്കൽ സൊസൈറ്റിക്കു ലഭിക്കാവുന്നത്‌ ആയി ഏൽപ്പിക്കാവുന്നതാണ്‌.

സ്റ്റോക്കുകളും ബോണ്ടുകളും: സ്റ്റോക്കുകളും ബോണ്ടുകളും വാച്ച്‌ ടവർ സൊസൈറ്റിക്കു നിരുപാധിക ദാനമായി നൽകാവുന്നതാണ്‌.

സ്ഥാവര വസ്‌തുക്കൾ: വിൽക്കാവുന്ന സ്ഥാവര വസ്‌തുക്കൾ ഒരു നിരുപാധിക ദാനമായിട്ടോ, പുരയിടത്തിന്റെ കാര്യത്തിൽ മരണംവരെ അവിടെ താമസിക്കാൻ കഴിയത്തക്കവിധം ദാതാവിന്‌ ആയുഷ്‌കാല അവകാശം നിലനിറുത്തിക്കൊണ്ടോ ദാനം ചെയ്യാവുന്നതാണ്‌. ഏതെങ്കിലും സ്ഥാവര വസ്‌തു ആധാരം ചെയ്യുന്നതിനു മുമ്പ്‌ നിങ്ങളുടെ രാജ്യത്തെ ബ്രാഞ്ച്‌ ഓഫീസുമായി ബന്ധപ്പെടുക.

ഗിഫ്‌റ്റ്‌ അന്യൂറ്റി: പണമോ സെക്യൂരിറ്റി നിക്ഷേപങ്ങളോ ഒരു വാച്ച്‌ ടവർ കോർപ്പറേഷന്‌ നൽകുന്ന ക്രമീകരണമാണ്‌ ഗിഫ്‌റ്റ്‌ അന്യൂറ്റി. അതിനു പകരമായി, ദാതാവിനോ അദ്ദേഹം നിർദേശിക്കുന്ന മറ്റാർക്കെങ്കിലുമോ ഒരു നിശ്ചിത തുക വർഷംതോറും ജീവനാംശമായി ലഭിക്കും. ഗിഫ്‌റ്റ്‌ അന്യൂറ്റി പ്രാബല്യത്തിൽവരുന്ന വർഷം ദാതാവിന്‌ വരുമാന നികുതിയിൽ ഇളവ്‌ ലഭിക്കും.

വിൽപ്പത്രങ്ങളും ട്രസ്റ്റുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തരം വസ്‌തുവകകളോ പണമോ വാച്ച്‌ ടവർ സൊസൈറ്റിക്ക്‌ അവകാശമായി നൽകാവുന്നതാണ്‌. അല്ലെങ്കിൽ, ഒരു ട്രസ്റ്റ്‌ ക്രമീകരണത്തിന്റെ ഗുണഭോക്താവായി വാച്ച്‌ ടവർ സൊസൈറ്റിയുടെ പേര്‌ വെക്കാവുന്നതാണ്‌. ചില രാജ്യങ്ങളിൽ, ഒരു ട്രസ്റ്റ്‌ ക്രമീകരണത്തിന്റെ ഗുണഭോക്താവ്‌ ഒരു മതസംഘടന ആയിരിക്കുമ്പോൾ ചില നികുതിയിളവുകൾ ലഭിച്ചേക്കാം. എന്നാൽ ഇന്ത്യയിലെ കാര്യം അങ്ങനെയല്ല.

“ആസൂത്രിത കൊടുക്കൽ” എന്ന പദപ്രയോഗം സൂചിപ്പിക്കുന്നതുപോലെ, ഇത്തരത്തിലുള്ള സംഭാവനകൾ പൊതുവേ ദാതാവിന്റെ ഭാഗത്തുനിന്ന്‌ കുറെ ആസൂത്രണം ആവശ്യമാക്കിത്തീർക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ആസൂത്രിത കൊടുക്കലിലൂടെ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയെ പിന്തുണയ്‌ക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ, ലോകവ്യാപക രാജ്യസേവനത്തെ പിന്തുണയ്‌ക്കുന്ന ആസൂത്രിത കൊടുക്കൽ (Charitable Planning to Benefit Kingdom Service Worldwide) * എന്ന ഒരു ലഘുപത്രിക ഇംഗ്ലീഷിലും സ്‌പാനീഷിലുമായി തയ്യാറാക്കിയിട്ടുണ്ട്‌. ഇപ്പോഴോ, മരണത്തിങ്കൽ ഒരു ഒസ്യത്ത്‌ മുഖേനയോ ദാനം നൽകാവുന്ന വിവിധ മാർഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പ്രദാനം ചെയ്യുകയെന്ന ഉദ്ദേശ്യത്തിലാണ്‌ ഈ ലഘുപത്രിക തയ്യാറാക്കിയിട്ടുള്ളത്‌. ഈ ലഘുപത്രിക വായിക്കുകയും സ്വന്തം നിയമ/നികുതി ഉപദേശകരുമായി ചർച്ച നടത്തുകയും ചെയ്‌തശേഷം, ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികളുടെ വേലയെ പിന്തുണയ്‌ക്കാനും അതേസമയം, അങ്ങനെ ചെയ്യുന്നതു മുഖാന്തരമുള്ള നികുതിയിളവുകൾ പരമാവധി ഉപയോഗപ്പെടുത്താനും അനേകർക്കു കഴിഞ്ഞിട്ടുണ്ട്‌.

കൂടുതൽ വിവരങ്ങൾക്ക്‌, താഴെ കൊടുത്തിരിക്കുന്ന മേൽവിലാസത്തിലോ നിങ്ങളുടെ രാജ്യത്തെ യഹോവയുടെ സാക്ഷികളുടെ ഓഫീസുമായോ കത്തുമുഖേന അല്ലെങ്കിൽ ടെലിഫോണിലൂടെ ബന്ധപ്പെടുക.

Jehovah’s Witnesses,

Post Box 6440,

Yelahanka,

Bangalore 560 064,

Karnataka.

Telephone: (080) 28468072

[അടിക്കുറിപ്പ്‌]

^ ഖ. 60 ഇന്ത്യയിൽ ലഭ്യമല്ല

[27-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Faithful video: സ്റ്റാലിൻ: U.S. Army photo