വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ദൈവത്തോടുകൂടെ നടക്കുമോ?

നിങ്ങൾ ദൈവത്തോടുകൂടെ നടക്കുമോ?

നിങ്ങൾ ദൈവത്തോടുകൂടെ നടക്കുമോ?

“എളിമയോടെ നിന്റെ ദൈവത്തോടുകൂടെ നടക്കുക.” ​—⁠മീഖാ 6:⁠8, NW.

1, 2. നമ്മോടുള്ള യഹോവയുടെ വികാരങ്ങളെ കുഞ്ഞിനെ നടക്കാൻ പഠിപ്പിക്കുന്ന ഒരു പിതാവിന്റേതിനോടു താരതമ്യപ്പെടുത്താൻ കഴിയുന്നത്‌ എങ്ങനെ?

ഒരു കുഞ്ഞ്‌ തന്റെ ആദ്യ ചുവടുകൾ വെക്കാനുള്ള ശ്രമത്തിലാണ്‌. നടക്കാനുള്ള ശ്രമത്തിൽ വീഴാൻപോകുന്ന അവൻ പിതാവിന്റെ നീട്ടിയ കരങ്ങളിൽ പിടിച്ച്‌ മെല്ലെ പിച്ചവെക്കുന്നു. അതൊരു നിസ്സാര കാര്യമായി തോന്നിയേക്കാം. എന്നാൽ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അതൊരു നാഴികക്കല്ലാണ്‌, ഭാവി പ്രതീക്ഷകൾക്ക്‌ അർഥം പകരുന്ന നിമിഷമാണത്‌. പിൽക്കാല മാസങ്ങളിലും വർഷങ്ങളിലും അവന്റെ കൈപിടിച്ച്‌ അവനോടൊപ്പം നടക്കുന്ന നാളുകളെക്കുറിച്ചു മാതാപിതാക്കൾ സ്വപ്‌നം കാണുന്നു. ഭാവിയിൽ അവനു വ്യത്യസ്‌ത വിധങ്ങളിലുള്ള മാർഗനിർദേശവും പിന്തുണയും നൽകാനാകുമെന്ന്‌ അവർ പ്രതീക്ഷിക്കുന്നു.

2 തന്റെ ഭൗമിക മക്കളെ സംബന്ധിച്ച്‌ യഹോവയാം ദൈവത്തിനും സമാനമായ വികാരങ്ങളാണുള്ളത്‌. തന്റെ ജനമായ ഇസ്രായേലിനെ അഥവാ എഫ്രയീമിനെ കുറിച്ച്‌ ഒരിക്കൽ അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ എഫ്രയീമിനെ നടപ്പാൻ ശീലിപ്പിച്ചു; ഞാൻ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; . . . മനുഷ്യപാശങ്ങൾകൊണ്ടു, സ്‌നേഹബന്ധനങ്ങൾകൊണ്ടു തന്നേ, ഞാൻ അവരെ വലിച്ചു.” (ഹോശേയ 11:⁠3, 4) ക്ഷമാപൂർവം തന്റെ കുഞ്ഞിനെ നടക്കാൻ പഠിപ്പിക്കുന്ന, ഒരുപക്ഷേ വീഴുമ്പോൾ കുഞ്ഞിനെ വാരിയെടുക്കുന്ന, സ്‌നേഹനിധിയായ ഒരു പിതാവായി യഹോവ തന്നെത്തന്നെ ചിത്രീകരിക്കുന്നു. ഏറ്റവും നല്ല പിതാവായ യഹോവ നാം നടക്കേണ്ട വിധം നമ്മെ പഠിപ്പിക്കാൻ ആകാംക്ഷയുള്ളവനാണ്‌. നാം പുരോഗതി വരുത്തുന്നതിൽ തുടരവേ, നമ്മോടൊപ്പം നടക്കുന്നതിലും അവൻ സന്തോഷിക്കുന്നു. നമ്മുടെ ആധാരവാക്യം കാണിക്കുന്നതുപോലെ, നമുക്കു ദൈവത്തോടുകൂടെ നടക്കാൻ കഴിയും! (മീഖാ 6:⁠8, NW) എന്നാൽ ദൈവത്തോടുകൂടെ നടക്കുക എന്നതിന്റെ അർഥമെന്താണ്‌? നാം അങ്ങനെ ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌? അത്‌ എങ്ങനെ സാധിക്കും? ദൈവത്തോടുകൂടെ നടന്നാൽ എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിക്കും? ഈ ചോദ്യങ്ങൾ ഓരോന്നായി നമുക്കു പരിചിന്തിക്കാം.

ദൈവത്തോടുകൂടെ നടക്കുക എന്നതിന്റെ അർഥമെന്ത്‌?

3, 4. (എ) ദൈവത്തോടുകൂടെ നടക്കുന്നതു സംബന്ധിച്ച വർണനയുടെ സവിശേഷത എന്ത്‌? (ബി) ദൈവത്തോടുകൂടെ നടക്കുക എന്നതിന്റെ അർഥമെന്ത്‌?

3 മാംസരക്തങ്ങളോടുകൂടിയ മനുഷ്യന്‌ ആത്മവ്യക്തിയായ യഹോവയോടുകൂടെ അക്ഷരാർഥത്തിൽ നടക്കാനാവില്ലെന്നതു സത്യമാണ്‌. (പുറപ്പാടു 33:⁠20; യോഹന്നാൻ 4:⁠24) അതുകൊണ്ട്‌ മനുഷ്യർ ദൈവത്തോടുകൂടെ നടക്കുന്നതിനെക്കുറിച്ചു പറയുമ്പോൾ ബൈബിൾ ആലങ്കാരിക ഭാഷ ഉപയോഗിക്കുകയാണെന്നു വ്യക്തം. ദേശീയവും സാംസ്‌കാരികവും ആയ അതിർത്തികൾക്കും കാലത്തിനുംപോലും അതീതമായ ഒരു സവിശേഷ ചിത്രം അതു രചിക്കുന്നു. ഒരാൾ മറ്റൊരാളുടെകൂടെ നടക്കുന്നുവെന്ന ആശയം ഏതു പ്രദേശത്തും കാലത്തും ഉള്ള ആളുകൾക്കാണു മനസ്സിലാകാതെ പോകുന്നത്‌? ആ വർണന ഊഷ്‌മളതയെയും അടുപ്പത്തെയും ചിത്രീകരിക്കുന്നു, ഇല്ലേ? അത്‌, ദൈവത്തോടുകൂടെ നടക്കുകയെന്നതുകൊണ്ട്‌ എന്താണ്‌ അർഥമാക്കുന്നത്‌ എന്നതു സംബന്ധിച്ചു ചില കാര്യങ്ങൾ നമ്മോടു പറയുന്നു. ശരി, നമുക്കിപ്പോൾ അതിനെക്കുറിച്ചു കൂടുതൽ കൃത്യമായി പരിചിന്തിക്കാം.

4 ഹാനോക്ക്‌, നോഹ എന്നീ വിശ്വസ്‌ത പുരുഷന്മാരുടെ കാര്യമെടുക്കുക. ദൈവത്തോടുകൂടെ നടന്നവരെന്ന്‌ അവരെക്കുറിച്ചു പറഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ഉല്‌പത്തി 5:⁠24; 6:⁠9) ബൈബിളിൽ, ‘നടക്കുക’ എന്ന പദത്തിന്‌ ഒരു പ്രത്യേക പ്രവർത്തനഗതി പിൻപറ്റുക എന്ന അർഥമാണ്‌ മിക്കപ്പോഴും ഉള്ളത്‌. ഹാനോക്കും നോഹയും യഹോവയാം ദൈവത്തിന്റെ ഹിതത്തിനു ചേർച്ചയിലുള്ള ഒരു ജീവിതഗതിയാണു തിരഞ്ഞെടുത്തത്‌. തങ്ങൾക്കു ചുറ്റുമുണ്ടായിരുന്ന ആളുകളിൽനിന്നു വ്യത്യസ്‌തരായി അവർ മാർഗനിർദേശത്തിനായി യഹോവയിലേക്കു നോക്കുകയും അവന്റെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്‌തു. അവർ അവനിൽ ആശ്രയിച്ചു. യഹോവ അവർക്കുവേണ്ടി തീരുമാനങ്ങൾ എടുത്തുവെന്ന്‌ ഇതിന്‌ അർഥമുണ്ടോ? ഇല്ല. യഹോവ മനുഷ്യർക്ക്‌ ഇച്ഛാസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്‌. നാം “ന്യായബോധ”ത്തോടെ ആ ദാനം ഉപയോഗിക്കണമെന്ന്‌ അവൻ ആഗ്രഹിക്കുന്നു. (റോമർ 12:⁠1, NW) എന്നിരുന്നാലും തീരുമാനങ്ങളെടുക്കുമ്പോൾ നമ്മുടെ ന്യായബോധത്തെ നയിക്കാൻ യഹോവയുടെ അതിശ്രേഷ്‌ഠ ജ്ഞാനത്തെ താഴ്‌മയോടെ നാം അനുവദിക്കുന്നു. (സദൃശവാക്യങ്ങൾ 3:⁠5, 6; യെശയ്യാവു 55:⁠8, 9) ഫലത്തിൽ, ജീവിതപാതയിലൂടെ നടക്കുമ്പോൾ നാം യഹോവയോടുചേർന്നു നടക്കുന്നു.

5. ഒരുവന്റെ ആയുസ്സിനോട്‌ ഒരു മുഴം കൂട്ടുന്നതിനെക്കുറിച്ച്‌ യേശു സംസാരിച്ചത്‌ എന്തുകൊണ്ട്‌?

5 ജീവിതത്തെ ബൈബിൾ മിക്കപ്പോഴും യാത്രയോട്‌ അല്ലെങ്കിൽ നടപ്പിനോട്‌ സാദൃശ്യപ്പെടുത്താറുണ്ട്‌. ചിലപ്പോൾ ആ സാദൃശ്യം നേരിട്ടുള്ളതായിരിക്കും, മറ്റു ചിലപ്പോൾ ആ ധ്വനി നൽകുന്നതും. ഉദാഹരണത്തിന്‌ യേശു ഇങ്ങനെ പറഞ്ഞു: “വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു [“ആയുസ്സിന്റെ ദൈർഘ്യം,” പി.ഒ.സി. ബൈബിൾ] ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?” (മത്തായി 6:⁠27) ആ വാക്കുകൾ നിങ്ങൾക്ക്‌ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. ഒരുവന്റെ “ആയുസ്സിന്റെ ദൈർഘ്യം” അളക്കാൻ സമയത്തിന്റെ ഏകകമാണ്‌ ഉപയോഗിക്കേണ്ടത്‌. പകരം, യേശു ഇവിടെ ദൂരത്തിന്റെ അളവായ “ഒരു മുഴം” എന്നു പറഞ്ഞത്‌ എന്തുകൊണ്ടാണ്‌? * തെളിവനുസരിച്ച്‌ യേശു ജീവിതത്തെ ഒരു യാത്രയായി ചിത്രീകരിക്കുകയായിരുന്നു. വിചാരപ്പെടുന്നതിനാൽ നിങ്ങളുടെ ജീവിതയാത്രയോട്‌ ഒരു കൊച്ചുചുവടുപോലും കൂട്ടിച്ചേർക്കാൻ കഴിയില്ലെന്നാണ്‌ ഫലത്തിൽ അവൻ അർഥമാക്കിയത്‌. എന്നാൽ ആ നടപ്പിന്റെ ദൈർഘ്യം സംബന്ധിച്ചു നമുക്ക്‌ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണോ നാം മനസ്സിലാക്കേണ്ടത്‌? ഒരിക്കലുമല്ല! അതു രണ്ടാമത്തെ ചോദ്യത്തിലേക്കു നമ്മെ കൊണ്ടുവരുന്നു: നാം ദൈവത്തോടുകൂടെ നടക്കേണ്ടത്‌ എന്തുകൊണ്ട്‌?

നാം ദൈവത്തോടുകൂടെ നടക്കേണ്ടത്‌ എന്തുകൊണ്ട്‌?

6, 7. അപൂർണ മനുഷ്യർക്ക്‌ എന്തിന്റെ അടിയന്തിര ആവശ്യമുണ്ട്‌, ആ ആവശ്യം നിറവേറ്റുന്നതിനു നാം യഹോവയിലേക്കു തിരിയേണ്ടത്‌ എന്തുകൊണ്ട്‌?

6 നാം യഹോവയാം ദൈവത്തോടുകൂടെ നടക്കേണ്ടതിന്റെ ഒരു കാരണം യിരെമ്യാവു 10:⁠23-ൽ വിവരിച്ചിരിക്കുന്നു: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” അതുകൊണ്ട്‌ മനുഷ്യരായ നമുക്ക്‌ നമ്മുടെതന്നെ ജീവിതഗതി നേരെയാക്കാനുള്ള അല്ലെങ്കിൽ ജീവിതത്തെ നയിക്കാനുള്ള പ്രാപ്‌തിയോ അവകാശമോ ഇല്ല. നമുക്കു മാർഗനിർദേശത്തിന്റെ അടിയന്തിര ആവശ്യമുണ്ട്‌. ദൈവത്തിൽനിന്നു സ്വതന്ത്രരായി ശാഠ്യപൂർവം സ്വന്തം മാർഗത്തിൽ സഞ്ചരിക്കുന്നവർ ആദാമും ഹവ്വായും ചെയ്‌ത തെറ്റ്‌ ആവർത്തിക്കുകയാണ്‌. തങ്ങളുടെ കാര്യത്തിൽ ശരിയും തെറ്റും നിർണയിക്കാനുള്ള അവകാശം ആ ആദ്യ മനുഷ്യജോഡി ഏറ്റെടുത്തു. (ഉല്‌പത്തി 3:⁠1-6) ആ അവകാശം നമുക്കുള്ളതല്ല.

7 ജീവിതയാത്രയിൽ മാർഗനിർദേശം ആവശ്യമാണെന്നു നിങ്ങൾക്കു തോന്നുന്നില്ലേ? നമുക്ക്‌ ഓരോ ദിവസവും ചെറുതും വലുതും ആയ തീരുമാനങ്ങൾ എടുക്കേണ്ടിവരുന്നു. ചില തീരുമാനങ്ങൾ കൈക്കൊള്ളുക ദുഷ്‌കരമാണ്‌, അവ നമ്മുടെയും പ്രിയപ്പെട്ടവരുടെയും ഭാവിയെ ബാധിച്ചേക്കാവുന്നവയാണ്‌. എന്നാൽ ഇതു ചിന്തിക്കുക: നമ്മെ അപേക്ഷിച്ച്‌ അപരിമിതമായ പ്രായവും ജ്ഞാനവും ഉള്ള ഒരാൾ, തീരുമാനങ്ങളെടുക്കുന്നതിൽ സ്‌നേഹപുരസ്സരമായ മാർഗനിർദേശം തരാൻ സന്തോഷമുള്ളവനാണ്‌! സങ്കടകരമെന്നു പറയട്ടെ, ഇന്നു ഭൂരിഭാഗം ആളുകളും സ്വന്തം ന്യായബോധത്തിൽ ആശ്രയിച്ചുകൊണ്ട്‌ തങ്ങളുടെ ചുവടുകളെ സ്വയം നയിക്കാൻ ഇഷ്ടപ്പെടുന്നവരാണ്‌. സദൃശവാക്യങ്ങൾ 28:⁠26-ൽ പ്രസ്‌താവിച്ചിരിക്കുന്ന വസ്‌തുത അവർ അവഗണിക്കുന്നു: “സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.” വഞ്ചനാത്മകമായ മനുഷ്യഹൃദയത്തിൽ ആശ്രയിക്കുന്നതിന്റെ പരിണതഫലമായ ദുരന്തങ്ങളിൽനിന്നു നാം രക്ഷപ്പെടാൻ യഹോവ ആഗ്രഹിക്കുന്നു. (യിരെമ്യാവു 17:⁠9) ജ്ഞാനിയായ മാർഗദർശിയും ഉപദേഷ്ടാവും എന്ന നിലയിൽ അവനിൽ ആശ്രയിച്ചുകൊണ്ട്‌ നാം ജ്ഞാനപൂർവം നടക്കാൻ അവൻ ഇച്ഛിക്കുന്നു. അങ്ങനെയാകുമ്പോൾ നമ്മുടെ ജീവിതയാത്ര സുരക്ഷിതവും സംതൃപ്‌തിദായകവും സഫലവും ആയിരിക്കും.

8. പാപവും അപൂർണതയും സ്വാഭാവികമായും മനുഷ്യരെ എവിടെ കൊണ്ടെത്തിക്കുന്നു, എന്നാൽ നമ്മെക്കുറിച്ച്‌ യഹോവ എന്താണ്‌ ആഗ്രഹിക്കുന്നത്‌?

8 നാം ദൈവത്തോടുകൂടെ നടക്കേണ്ടതിന്റെ മറ്റൊരു കാരണം നാം എത്രദൂരം നടക്കാൻ ആഗ്രഹിക്കുന്നു എന്നതിനോടു ബന്ധപ്പെട്ടിരിക്കുന്നു. ബൈബിൾ ദുഃഖകരമായ ഒരു സത്യം പ്രസ്‌താവിക്കുന്നു. ഒരർഥത്തിൽ സകല അപൂർണ മനുഷ്യരും ഒരിടത്തേക്കുതന്നെയാണു നടന്നടുക്കുന്നത്‌. വാർധക്യത്തോടൊപ്പം വന്നുചേരുന്ന കഷ്ടതകൾ വിവരിച്ചുകൊണ്ട്‌ സഭാപ്രസംഗി 12:⁠5 പറയുന്നു: “മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും; വിലാപം കഴിക്കുന്നവർ വീഥിയിൽ ചുറ്റിസഞ്ചരിക്കും.” എന്താണ്‌ ഈ ‘ശാശ്വത ഭവനം?’ പാപവും അപൂർണതയും സ്വാഭാവികമായും നമ്മെ കൊണ്ടുചെന്നെത്തിക്കുന്ന ശവക്കുഴിയാണ്‌ അത്‌. (റോമർ 6:⁠23) എന്നിരുന്നാലും ജനനംമുതൽ മരണംവരെ കഷ്ടപ്പാടുകൾ നിറഞ്ഞ, ഹ്രസ്വമായ ഒരു നടപ്പിലധികം നാം ആസ്വദിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (ഇയ്യോബ്‌ 14:⁠1) ദൈവത്തോടുകൂടെ നടക്കുന്നതിനാൽ മാത്രമേ നാം എത്രത്തോളം നടക്കാൻ അവൻ ഉദ്ദേശിച്ചിരുന്നുവോ അത്രത്തോളം, അതായത്‌ എന്നെന്നേക്കും, നടക്കാനുള്ള പ്രത്യാശ വെച്ചുപുലർത്താൻ നമുക്കു സാധിക്കുകയുള്ളൂ. അതല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്‌? അങ്ങനെയെങ്കിൽ, നിങ്ങൾ നിങ്ങളുടെ പിതാവിനോടുകൂടെ നടക്കേണ്ടതുണ്ടെന്നു വ്യക്തം.

നമുക്ക്‌ എങ്ങനെയാണ്‌ ദൈവത്തോടുകൂടെ നടക്കാൻ കഴിയുന്നത്‌?

9. ചില സമയങ്ങളിൽ യഹോവ തന്റെ ജനത്തിൽനിന്നു മറഞ്ഞിരുന്നത്‌ എന്തുകൊണ്ട്‌, എന്നിരുന്നാലും യെശയ്യാവു 30:⁠20-ൽ അവൻ എന്ത്‌ ഉറപ്പാണു നൽകിയത്‌?

9 നാം പരിചിന്തിക്കുന്ന മൂന്നാമത്തെ ചോദ്യം നമ്മുടെ ഏറ്റവും അടുത്ത ശ്രദ്ധയർഹിക്കുന്നു. ചോദ്യം ഇതാണ്‌: നമുക്ക്‌ എങ്ങനെയാണ്‌ ദൈവത്തോടുകൂടെ നടക്കാൻ കഴിയുന്നത്‌? യെശയ്യാവു 30:⁠20, 21-ൽ നമുക്ക്‌ ഉത്തരം ലഭിക്കുന്നു: “ഇനി നിന്റെ ഉപദേഷ്ടാവു മറഞ്ഞിരിക്കയില്ല; നിന്റെ കണ്ണു നിന്റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും. നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.” ഈ ഭാഗം വളരെ പ്രോത്സാഹജനകമാണ്‌. യഹോവയ്‌ക്കെതിരെ മത്സരിച്ചപ്പോൾ അവൻ ഫലത്തിൽ തങ്ങളിൽനിന്നു മറഞ്ഞിരുന്നുവെന്ന്‌ 20-ാം വാക്യത്തിലെ യഹോവയുടെ വാക്കുകൾ അവന്റെ ജനത്തെ ഓർമിപ്പിച്ചിരിക്കണം. (യെശയ്യാവു 1:⁠15; 59:⁠2) എന്നാൽ ഇവിടെ, മറഞ്ഞിരിക്കുന്നവനായല്ല തന്റെ വിശ്വസ്‌ത ജനത്തിനു മുന്നിൽത്തന്നെ നിലകൊള്ളുന്നവനായാണ്‌ യഹോവയെക്കുറിച്ചു നാം വായിക്കുന്നത്‌. വിദ്യാർഥികളുടെ മുമ്പിൽ നിന്നുകൊണ്ട്‌ അവർ പഠിക്കാൻ താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്ന ഒരു അധ്യാപകനെ നാം മനസ്സിൽ കണ്ടേക്കാം.

10. ഏതർഥത്തിലാണ്‌ നിങ്ങൾ നിങ്ങളുടെ മഹോപദേഷ്ടാവിന്റെ “വാക്കു പിറകിൽനിന്നു കേൾക്കു”ന്നത്‌?

10 വ്യത്യസ്‌തമായ ഒരു ചിത്രമാണ്‌ 21-ാം വാക്യത്തിൽ നാം കാണുന്നത്‌. നടക്കേണ്ടുന്ന ശരിയായ വഴി സംബന്ധിച്ചു മാർഗനിർദേശങ്ങൾ നൽകിക്കൊണ്ട്‌ തന്റെ ജനത്തിനു പിമ്പിൽ നടക്കുന്നവനായി അവിടെ യഹോവയെ ചിത്രീകരിച്ചിരിക്കുന്നു. ഈ വാക്കുകൾ ഒരു ഇടയന്റെ പെരുമാറ്റത്തെ ആസ്‌പദമാക്കിയുള്ളതായിരിക്കാമെന്നു ബൈബിൾ പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ആടുകൾക്ക്‌ ഉച്ചത്തിൽ നിർദേശം നൽകിക്കൊണ്ടും അവ വഴിതെറ്റിപ്പോകാതെ നോക്കിക്കൊണ്ടും ഇടയന്മാർ ചിലപ്പോൾ അവയുടെ പിമ്പിൽ നടക്കാറുണ്ട്‌. ഈ വർണനാചിത്രം നമുക്ക്‌ എങ്ങനെയാണു ബാധകമാകുന്നത്‌? മാർഗനിർദേശത്തിനായി ദൈവവചനത്തിലേക്കു തിരിയുമ്പോൾ, ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ്‌ എഴുതപ്പെട്ട വാക്കുകളാണു നാം വായിക്കുന്നത്‌. ആലങ്കാരികമായി പറഞ്ഞാൽ ആ വാക്കുകൾ കാലത്തിന്റെ നീരൊഴുക്കിൽ നമ്മുടെ പിമ്പിൽനിന്നാണു വരുന്നത്‌. എന്നിരുന്നാലും അവ എഴുതപ്പെട്ട നാളുകളിലെന്നപോലെതന്നെ ഇന്നും ബാധകമാണ്‌. അനുദിനജീവിതത്തിൽ തീരുമാനങ്ങളെടുക്കാനും ഭാവിജീവിതം കരുപ്പിടിപ്പിക്കാനും ബൈബിൾ ബുദ്ധിയുപദേശത്തിനു നമ്മെ സഹായിക്കാനാകും. (സങ്കീർത്തനം 119:⁠105) നാം അത്തരം ബുദ്ധിയുപദേശം ഉത്സാഹപൂർവം അന്വേഷിച്ചു ബാധകമാക്കുമ്പോൾ യഹോവ നമ്മുടെ വഴികാട്ടിയായിരിക്കും, അപ്പോൾ നാം ദൈവത്തോടുകൂടെ നടക്കുകയായിരിക്കും ചെയ്യുന്നത്‌.

11. യിരെമ്യാവു 6:⁠16 അനുസരിച്ച്‌ യഹോവ തന്റെ ജനത്തിനുവേണ്ടി ഹൃദയോഷ്‌മളമായ ഏതു വർണനാചിത്രമാണു വരച്ചത്‌, എന്നാൽ അവരുടെ പ്രതികരണം എന്തായിരുന്നു?

11 അത്രമേൽ പ്രഭാവം ചെലുത്തിക്കൊണ്ടു നമ്മെ വഴിനയിക്കാൻ നാം യഥാർഥത്തിൽ ദൈവവചനത്തെ അനുവദിക്കുന്നുണ്ടോ? ഇടയ്‌ക്കിടെ അതേക്കുറിച്ചു സത്യസന്ധമായി ഒരു ആത്മപരിശോധന നടത്തുന്നതു മൂല്യവത്താണ്‌. അങ്ങനെ ചെയ്യാൻ നമ്മെ സഹായിക്കുന്ന ഒരു വാക്യം പരിചിന്തിക്കുക: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വഴികളിൽ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കിചോദിച്ചു അതിൽ നടപ്പിൻ; എന്നാൽ നിങ്ങളുടെ മനസ്സിന്നു വിശ്രാമം ലഭിക്കും.” (യിരെമ്യാവു 6:⁠16) പല വഴികൾ സന്ധിക്കുന്ന ഒരു കവലയിൽ എത്തുമ്പോൾ യാത്രനിറുത്തി ആരോടെങ്കിലും വഴിചോദിക്കുന്ന ഒരു യാത്രക്കാരനെ ഈ വാക്കുകൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവന്നേക്കാം. ആത്മീയമായി പറഞ്ഞാൽ, യഹോവയ്‌ക്കെതിരെ മത്സരിച്ച ഇസ്രായേല്യർ സമാനമായ ഒന്നു ചെയ്യേണ്ടിയിരുന്നു. അവർ “പഴയ പാത”കൾ കണ്ടെത്തി അതിലേക്കു ചെല്ലേണ്ടിയിരുന്നു. ആ “നല്ല വഴി” അവരുടെ വിശ്വസ്‌ത പൂർവപിതാക്കൾ നടന്നതും എന്നാൽ ആ ജനത ബുദ്ധിമോശംകൊണ്ട്‌ ഉപേക്ഷിച്ചുപോയതുമായ വഴിയായിരുന്നു. സങ്കടകരമെന്നു പറയട്ടെ, യഹോവയുടെ സ്‌നേഹപുരസ്സരമായ ഈ ഓർമിപ്പിക്കലിനോട്‌ ഇസ്രായേൽ ദുശ്ശാഠ്യത്തോടെയാണു പ്രതികരിച്ചത്‌. ആ വാക്യം തുടരുന്നു: “അവരോ: ഞങ്ങൾ അതിൽ നടക്കയില്ല എന്നു പറഞ്ഞു.” എന്നാൽ ആധുനികകാലത്ത്‌ ദൈവജനം അത്തരം ബുദ്ധിയുപദേശത്തോടു വ്യത്യസ്‌തമായി പ്രതികരിച്ചിരിക്കുന്നു.

12, 13. (എ) ക്രിസ്‌തുവിന്റെ അഭിഷിക്ത അനുഗാമികൾ യിരെമ്യാവു 6:⁠16-ലെ ബുദ്ധിയുപദേശത്തോടു പ്രതികരിച്ചിരിക്കുന്നത്‌ എങ്ങനെ? (ബി) നടക്കുന്ന പാത സംബന്ധിച്ച്‌ ആത്മപരിശോധന നടത്താൻ നമുക്ക്‌ എങ്ങനെ കഴിയും?

12 ക്രിസ്‌തുവിന്റെ അഭിഷിക്ത അനുഗാമികൾ 19-ാം നൂറ്റാണ്ടിന്റെ അന്ത്യപാദംമുതൽ യിരെമ്യാവു 6:⁠16-ലെ ബുദ്ധിയുപദേശം തങ്ങൾക്കു ബാധകമാക്കിയിരിക്കുന്നു. “പഴയ പാത”കളിലേക്കു മുഴുഹൃദയാ മടങ്ങുന്ന കാര്യത്തിൽ ഒരു കൂട്ടമെന്ന നിലയിൽ അവർ നേതൃത്വം വഹിച്ചിരിക്കുന്നു. വിശ്വാസത്യാഗം ഭവിച്ച ക്രൈസ്‌തവലോകത്തിൽനിന്നു വിഭിന്നമായി അവർ യേശുക്രിസ്‌തു പ്രദാനംചെയ്‌തതും പൊതുയുഗം ഒന്നാം നൂറ്റാണ്ടിലെ അവന്റെ വിശ്വസ്‌ത അനുഗാമികൾ പിൻപറ്റിയതും ആയ “പത്ഥ്യവചന”ത്തോട്‌, അതായത്‌ പരിപുഷ്ടിപ്പെടുത്തുന്ന വാക്കുകളുടെ മാതൃകയോടു വിശ്വസ്‌തമായി പറ്റിനിന്നിരിക്കുന്നു. (2 തിമൊഥെയൊസ്‌ 1:⁠13) ക്രൈസ്‌തവലോകം പരിത്യജിച്ചുകളഞ്ഞിരിക്കുന്ന, പരിപുഷ്ടിപ്പെടുത്തുന്നതും സന്തോഷം കൈവരുത്തുന്നതും ആയ ജീവിതപാത പിൻപറ്റാൻ അഭിഷിക്തർ പരസ്‌പരവും “വേറെ ആടു”കളിൽപ്പെട്ട സഹകാരികളെയും ഇന്നോളം സഹായിച്ചുകൊണ്ടിരിക്കുന്നു.​—⁠യോഹന്നാൻ 10:⁠16.

13 ആത്മീയ ആഹാരം തക്കസമയത്ത്‌ നൽകിക്കൊണ്ട്‌ വിശ്വസ്‌ത അടിമവർഗം, “പഴയ പാത”കൾ കണ്ടെത്താനും ദൈവത്തോടുകൂടെ നടക്കാനും ലക്ഷക്കണക്കിന്‌ ആളുകളെ സഹായിച്ചിരിക്കുന്നു. (മത്തായി 24:⁠45-47, NW) നിങ്ങൾ അവരിൽ ഒരാളാണോ? ആണെങ്കിൽ, ശരിയായ പാതയിൽനിന്നു വ്യതിചലിച്ച്‌ സ്വന്തമായ പാത പിന്തുടരുന്നത്‌ ഒഴിവാക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും? നിങ്ങൾ പിൻപറ്റുന്ന ജീവിതപാതയെക്കുറിച്ച്‌ ഇടയ്‌ക്കിടെ ആത്മപരിശോധന നടത്തുന്നതു ജ്ഞാനപൂർവകമായിരിക്കും. ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും വായിക്കുകയും അഭിഷിക്തർ പ്രദാനം ചെയ്യുന്ന പ്രബോധനപരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നതിൽ വിശ്വസ്‌തത പ്രകടമാക്കുന്നെങ്കിൽ നിങ്ങൾ ദൈവത്തോടുകൂടെ നടക്കാൻ പരിശീലനം നേടുകയായിരിക്കും ചെയ്യുന്നത്‌. ലഭിക്കുന്ന ബുദ്ധിയുപദേശം താഴ്‌മയോടെ പ്രാവർത്തികമാക്കുമ്പോൾ “പഴയ പാത”കൾ പിൻപറ്റിക്കൊണ്ട്‌ നിങ്ങൾ ദൈവത്തോടുകൂടെ നടക്കുകയാണ്‌.

“അദൃശ്യദൈവത്തെ കണ്ടതുപോലെ” നടക്കുക

14. യഹോവ നമുക്ക്‌ ഒരു യാഥാർഥ്യമാണെങ്കിൽ നമ്മുടെ വ്യക്തിഗത തീരുമാനങ്ങളിൽ അത്‌ എങ്ങനെ പ്രതിഫലിക്കും?

14 യഹോവയോടുകൂടെ നടക്കാൻ കഴിയണമെങ്കിൽ നമ്മെ സംബന്ധിച്ചിടത്തോളം അവൻ ഒരു യാഥാർഥ്യമായിരിക്കണം. താൻ മറഞ്ഞിരിക്കുന്നില്ലെന്ന്‌ പുരാതന ഇസ്രായേലിലെ വിശ്വസ്‌തർക്ക്‌ യഹോവ ഉറപ്പുകൊടുത്തത്‌ ഓർക്കുക. സമാനമായി ഇന്ന്‌, മഹോപദേഷ്ടാവ്‌ അഥവാ മഹാപ്രബോധകൻ എന്ന നിലയിൽ അവൻ തന്നെത്തന്നെ തന്റെ ജനത്തിനു വെളിപ്പെടുത്തുന്നു. പ്രബോധനം നൽകാനായി യഹോവ നിങ്ങളുടെ മുന്നിൽ നിന്നാലെന്നപോലെ അവൻ നിങ്ങൾക്ക്‌ ഒരു യാഥാർഥ്യമാണോ? ദൈവത്തോടുകൂടെ നടക്കുന്നതിനു നമുക്ക്‌ അത്തരത്തിലുള്ള വിശ്വാസം ആവശ്യമാണ്‌. മോശെക്ക്‌ അത്തരം വിശ്വാസമുണ്ടായിരുന്നു, എന്തുകൊണ്ടെന്നാൽ അവൻ “അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചു”നിന്നു. (എബ്രായർ 11:⁠27) യഹോവ നമുക്ക്‌ ഒരു യാഥാർഥ്യമാണെങ്കിൽ തീരുമാനങ്ങളെടുക്കുമ്പോൾ നാം അവന്റെ വികാരങ്ങൾ കണക്കിലെടുക്കും. ഉദാഹരണത്തിന്‌ ദുഷ്‌പ്രവൃത്തികളിൽ ഏർപ്പെടുന്നതിനെക്കുറിച്ചു ചിന്തിക്കാൻപോലും നാം മുതിരുകയില്ല. കുടുംബാംഗങ്ങളിൽനിന്നോ ക്രിസ്‌തീയ മൂപ്പന്മാരിൽനിന്നോ നമ്മുടെ പാപങ്ങൾ മറച്ചുവെക്കാൻ നാം ഒരു പ്രകാരത്തിലും ശ്രമിക്കുകയുമില്ല. മറിച്ച്‌ സഹമനുഷ്യർക്ക്‌ ആർക്കും നമ്മെ കാണാൻ കഴിയാത്തപ്പോൾപ്പോലും നാം ദൈവത്തോടുകൂടെ നടക്കാൻ പരിശ്രമിക്കും. പുരാതനകാലത്തെ ദാവീദ്‌ രാജാവിനെപ്പോലെ, നമ്മുടെ ദൃഢനിശ്ചയം ഇതാണ്‌: “ഞാൻ എന്റെ വീട്ടിൽ നിഷ്‌കളങ്കഹൃദയത്തോടെ പെരുമാറും.”​—⁠സങ്കീർത്തനം 101:⁠2.

15. ക്രിസ്‌തീയ സഹോദരീസഹോദരന്മാരുമായി സഹവസിക്കുന്നത്‌ യഹോവ നമുക്ക്‌ ഒരു യാഥാർഥ്യമായിത്തീരാൻ സഹായിക്കുന്നത്‌ എങ്ങനെ?

15 നാം അപൂർണരും ജഡികസൃഷ്ടികളും കാണാൻ കഴിയാത്ത കാര്യങ്ങൾ വിശ്വസിക്കാൻ ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുള്ളവരും ആണെന്ന്‌ യഹോവയ്‌ക്കറിയാം. (സങ്കീർത്തനം 103:⁠14) അത്തരം ബലഹീനതകളെ മറികടക്കാൻ അവൻ നമ്മെ വളരെയധികം സഹായിക്കുന്നു. ഉദാഹരണത്തിന്‌ ഭൂമിയിലെ സകല ജനതകളിൽനിന്നും അവൻ “തന്റെ നാമത്തിന്നായി . . . ഒരു ജനത്തെ” കൂട്ടിച്ചേർത്തിരിക്കുന്നു. (പ്രവൃത്തികൾ 15:⁠14) ഐക്യത്തോടെ ഒരുമിച്ചു സേവിക്കുമ്പോൾ നാം പരസ്‌പരം ശക്തിസ്രോതസ്സുകളായി മാറുന്നു. ബലഹീനതകളെയോ ദുഷ്‌കരമായ ഒരു പരിശോധനയെയോ തരണംചെയ്യാൻ ഒരു സഹോദരനെയോ സഹോദരിയെയോ യഹോവ സഹായിച്ച വിധത്തെക്കുറിച്ചു കേൾക്കുമ്പോൾ ദൈവം നമുക്കു കൂടുതൽ യഥാർഥമായിത്തീരുന്നു.​—⁠1 പത്രൊസ്‌ 5:⁠9.

16. യേശുവിനെക്കുറിച്ചു മനസ്സിലാക്കുന്നത്‌ ദൈവത്തോടുകൂടെ നടക്കാൻ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

16 സർവോപരി, യഹോവ നമുക്ക്‌ തന്റെ പുത്രന്റെ മാതൃക പ്രദാനം ചെയ്‌തിരിക്കുന്നു. യേശു പറഞ്ഞു: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” (യോഹന്നാൻ 14:⁠6) യേശുവിന്റെ ഭൗമിക ജീവിതത്തെക്കുറിച്ചു പഠിക്കുന്നതാണ്‌ യഹോവ നമുക്കു കൂടുതൽ യഥാർഥമായിത്തീരാനുള്ള ഏറ്റവും നല്ല വഴികളിലൊന്ന്‌. യേശു പറയുകയും പ്രവർത്തിക്കുകയും ചെയ്‌ത കാര്യങ്ങളെല്ലാം അവന്റെ സ്വർഗീയ പിതാവിന്റെ വ്യക്തിത്വത്തെയും പാതകളെയും സമ്പൂർണമായി പ്രതിഫലിപ്പിച്ചു. (യോഹന്നാൻ 14:⁠9) തീരുമാനങ്ങളെടുക്കുമ്പോൾ, യേശുവായിരുന്നെങ്കിൽ ഇത്‌ എങ്ങനെ കൈകാര്യം ചെയ്യുമായിരുന്നു എന്ന്‌ നാം അവധാനപൂർവം ചിന്തിക്കേണ്ടതുണ്ട്‌. നമ്മുടെ തീരുമാനങ്ങളിൽ ശ്രദ്ധാപൂർവകവും പ്രാർഥനാനിരതവും ആയ അത്തരം ചിന്ത പ്രതിഫലിക്കുന്നെങ്കിൽ നാം ക്രിസ്‌തുവിന്റെ കാൽച്ചുവടുകൾ പിൻപറ്റുകയാണ്‌. (1 പത്രൊസ്‌ 2:⁠21) നാം ദൈവത്തോടുകൂടെ നടക്കുമെന്നതാണ്‌ അതിന്റെ ഫലം.

ദൈവത്തോടുകൂടെ നടക്കുന്നതിന്റെ അനുഗ്രഹങ്ങൾ

17. യഹോവയുടെ പാതയിൽ നടക്കുന്നെങ്കിൽ നമ്മുടെ മനസ്സിന്‌ എന്തു “വിശ്രാമം” ലഭിക്കും?

17 യഹോവയോടുകൂടെ നടക്കുന്നവരുടെ ജീവിതം അനുഗൃഹീതമായിരിക്കും. “നല്ല വഴി” അന്വേഷിച്ചു കണ്ടെത്തുന്നതിനോടുള്ള ബന്ധത്തിൽ തന്റെ ജനത്തിന്‌ യഹോവ നൽകിയ വാഗ്‌ദാനം ഓർക്കുക. അവൻ ഇങ്ങനെ പറഞ്ഞു: “അതിൽ നടപ്പിൻ; എന്നാൽ നിങ്ങളുടെ മനസ്സിന്നു വിശ്രാമം ലഭിക്കും.” (യിരെമ്യാവു 6:⁠16) “വിശ്രാമം” എന്നതുകൊണ്ട്‌ എന്താണ്‌ അർഥമാക്കുന്നത്‌? ഉല്ലാസങ്ങളും ആഡംബരവും നിറഞ്ഞ ഒരു സുഖലോലുപ ജീവിതമാണോ? അല്ല. അതിനെക്കാൾ വളരെ മെച്ചപ്പെട്ട ഒന്നാണ്‌ യഹോവ നൽകുന്നത്‌, മനുഷ്യവർഗത്തിലെ ഏറ്റവും സമ്പന്നരായവർക്ക്‌ അപൂർവമായി മാത്രം കണ്ടെത്താൻ കഴിയുന്ന ഒന്ന്‌. നിങ്ങളുടെ മനസ്സിനു വിശ്രാമം ലഭിക്കുകയെന്നാൽ ആന്തരിക സമാധാനവും സന്തോഷവും സംതൃപ്‌തിയും ആത്മീയമായ ചാരിതാർഥ്യവും ഉണ്ടാകുകയെന്നാണ്‌ അർഥം. അതു ലഭിക്കുന്നെങ്കിൽ ഏറ്റവും ശ്രേഷ്‌ഠമായ ജീവിതപാതയാണു തിരഞ്ഞെടുത്തിരിക്കുന്നതെന്നു നിങ്ങൾക്ക്‌ ഉറപ്പുള്ളവരായിരിക്കാൻ കഴിയും. അത്തരം മനസ്സമാധാനം പ്രശ്‌നപൂരിതമായ ഈ ലോകത്തിൽ വിരളമായി മാത്രം കണ്ടെത്താൻ കഴിയുന്ന ഒരു അനുഗ്രഹമാണ്‌!

18. നിങ്ങൾക്ക്‌ ഏത്‌ അനുഗ്രഹം നൽകാൻ യഹോവ ആഗ്രഹിക്കുന്നു, എന്താണു നിങ്ങളുടെ ദൃഢനിശ്ചയം?

18 ജീവിതം അതിൽത്തന്നെ വലിയ ഒരു അനുഗ്രഹമാണ്‌. കുറച്ചു ദൂരം നടക്കുന്നതുപോലും ഒട്ടും നടക്കാതിരിക്കുന്നതിനെക്കാൾ നല്ലതാണല്ലോ. എന്നിരുന്നാലും നിങ്ങളുടെ നടപ്പ്‌ യൗവനത്തിന്റെ ഓജസ്സിൽനിന്നു വാർധക്യത്തിന്റെ വേദനകളിലേക്കുള്ള ഹ്രസ്വമായ ഒന്ന്‌ ആയിരിക്കാൻ യഹോവ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. മറിച്ച്‌, സകല അനുഗ്രഹങ്ങളിലുംവെച്ച്‌ ഏറ്റവും വലിയ അനുഗ്രഹം നിങ്ങൾക്കു ലഭിക്കാനാണ്‌ അവൻ ആഗ്രഹിക്കുന്നത്‌. നിങ്ങൾ അവനോടുകൂടെ എന്നേക്കും നടക്കാൻ അവൻ ആഗ്രഹിക്കുന്നു! മീഖാ 4:⁠5 അതിനെക്കുറിച്ച്‌ വ്യക്തമായി ഇങ്ങനെ വർണിക്കുന്നു: “സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.” (മീഖാ 4:⁠5) ഈ അനുഗ്രഹത്തെ നിങ്ങൾ അമൂല്യമായി കരുതുന്നുവോ? ‘സാക്ഷാലുള്ള ജീവൻ’ എന്ന്‌ യഹോവ വിശേഷിപ്പിച്ച ജീവിതം കരഗതമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? (1 തിമൊഥെയൊസ്‌ 6:⁠19) എങ്കിൽ ഇന്നും നാളെയും നിത്യതയിലെന്നും യഹോവയോടുകൂടെ നടക്കാൻ ദൃഢനിശ്ചയം ചെയ്യുക!

[അടിക്കുറിപ്പ്‌]

^ ഖ. 5 ചില ബൈബിൾ ഭാഷാന്തരങ്ങൾ ഈ വാക്യത്തിലെ “മുഴ”ത്തെ, “ഒരു നിമിഷം” (ദി എംഫാറ്റിക്‌ ഡയഗ്ലട്ട്‌), “ഒരു മിനിട്ട്‌” (ചാൾസ്‌ ബി. വില്യംസിനാലുള്ള ജനകീയ ഭാഷയിലുള്ള ഒരു പരിഭാഷ) എന്നിങ്ങനെ സമയത്തിന്റെ അളവാക്കി മാറ്റിയിട്ടുണ്ട്‌. എന്നിരുന്നാലും മൂലപാഠത്തിൽ ഉപയോഗിച്ചിട്ടുള്ള പദം നിശ്ചയമായും മുഴത്തെയാണ്‌ അർഥമാക്കുന്നത്‌, അതിന്‌ 45 സെന്റിമീറ്ററോളം നീളം വരും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• ദൈവത്തോടുകൂടെ നടക്കുകയെന്നതിന്റെ അർഥമെന്ത്‌?

• ദൈവത്തോടുകൂടെ നടക്കേണ്ടത്‌ ആവശ്യമാണെന്ന്‌ നിങ്ങൾക്കു തോന്നുന്നത്‌ എന്തുകൊണ്ട്‌?

• ദൈവത്തോടുകൂടെ നടക്കാൻ നിങ്ങളെ എന്തു സഹായിക്കും?

• ദൈവത്തോടുകൂടെ നടക്കുന്നവർക്ക്‌ എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിക്കും?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രങ്ങൾ]

“വഴി ഇതാകുന്നു” എന്ന്‌ പിമ്പിൽനിന്നു യഹോവ പറയുന്നത്‌ ബൈബിളിന്റെ താളുകളിലൂടെ നാം കേൾക്കുന്നു

[25-ാം പേജിലെ ചിത്രം]

യോഗങ്ങളിൽ നമുക്കു തക്കസമയത്തെ ആത്മീയ ഭക്ഷണം ലഭിക്കുന്നു