വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ നമ്മുടെ ഇടയൻ

യഹോവ നമ്മുടെ ഇടയൻ

യഹോവ നമ്മുടെ ഇടയൻ

“യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.”​—⁠സങ്കീർത്തനം 23:⁠1.

1-3. ദാവീദ്‌ യഹോവയെ ഒരു ഇടയനോടു താരതമ്യപ്പെടുത്തിയതിൽ അതിശയിക്കാനില്ലാത്തത്‌ എന്തുകൊണ്ട്‌?

യഹോവ തന്റെ ജനത്തെ പരിപാലിക്കുന്ന വിധം വർണിക്കാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ നിങ്ങൾ എന്തു പറയും? തന്റെ വിശ്വസ്‌ത ദാസരോട്‌ അവൻ പ്രകടമാക്കുന്ന ആർദ്രമായ കരുതലിനെ നിങ്ങൾ എന്തിനോട്‌ ഉപമിക്കും? 3,000-ത്തിലേറെ വർഷംമുമ്പ്‌ സങ്കീർത്തനക്കാരനായ ദാവീദ്‌ രാജാവ്‌ തന്റെ ആദ്യകാല തൊഴിലിൽനിന്ന്‌ അടർത്തിയെടുത്ത ഒരു സാദൃശ്യത്താൽ യഹോവയെക്കുറിച്ച്‌ മനോഹരമായ ഒരു വർണനാചിത്രം രചിച്ചു.

2 ചെറുപ്പത്തിൽ ഒരു ഇടയനായിരുന്ന ദാവീദിന്‌ ആടുകളെ പരിപാലിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്നു നന്നായി അറിയാമായിരുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ അവയെ കാണാതെപോകാനുള്ള സാധ്യതയുണ്ടായിരുന്നു. അല്ലെങ്കിൽ അവ കള്ളന്മാരുടെയോ കാട്ടുമൃഗങ്ങളുടെയോ ഇരകളായിത്തീരുമായിരുന്നു. (1 ശമൂവേൽ 17:⁠34-36) കരുതലുള്ള ഒരു ഇടയന്റെ സഹായമില്ലാതെ അവയ്‌ക്കു മേച്ചിൽപ്പുറങ്ങളും തീറ്റയും കണ്ടെത്താൻ കഴിയുമായിരുന്നില്ല. ആടുകളെ നയിക്കുകയും സംരക്ഷിക്കുകയും തീറ്റുകയും ചെയ്‌തുകൊണ്ടു ധാരാളം സമയം ചെലവഴിച്ചതിനെക്കുറിച്ചുള്ള പ്രിയങ്കരമായ ഓർമകൾ പിൽക്കാലത്ത്‌ ദാവീദ്‌ താലോലിച്ചിരുന്നുവെന്ന കാര്യത്തിൽ സംശയമില്ല.

3 തന്റെ ജനത്തോടുള്ള യഹോവയുടെ കരുതലിനെക്കുറിച്ചു വർണിക്കാൻ നിശ്വസ്‌തനാക്കപ്പെട്ടപ്പോൾ ദാവീദിന്റെ മനസ്സിലേക്ക്‌ ഒരു ഇടയന്റെ ചിത്രം കടന്നുവന്നതിൽ അതിശയിക്കാനില്ല. ദാവീദ്‌ രചിച്ച 23-ാം സങ്കീർത്തനം ആരംഭിക്കുന്നത്‌ ഇങ്ങനെയാണ്‌: “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.” ഈ പ്രസ്‌താവന ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ടെന്നു നമുക്കു നോക്കാം. തുടർന്ന്‌ ഒരു ഇടയൻ തന്റെ ആടുകളെ പരിപാലിക്കുന്നതുപോലെ യഹോവ തന്റെ ആരാധകർക്കുവേണ്ടി കരുതുന്നത്‌ ഏതെല്ലാം വിധങ്ങളിലാണെന്ന്‌ 23-ാം സങ്കീർത്തനത്തിന്റെ സഹായത്തോടെ നാം പരിശോധിക്കുന്നതായിരിക്കും.​—⁠1 പത്രൊസ്‌ 2:⁠25.

ചേർച്ചയുള്ള ഒരു താരതമ്യം

4, 5. ചെമ്മരിയാടുകളുടെ സവിശേഷതകളെക്കുറിച്ചു ബൈബിൾ എന്തു പറയുന്നു?

4 ബൈബിൾ യഹോവയ്‌ക്കു നിരവധി സ്ഥാനപ്പേരുകൾ നൽകുന്നു. അവയിൽ ഏറ്റവും ആർദ്രത സ്‌ഫുരിക്കുന്നത്‌ ‘ഇടയൻ’ എന്ന വിശേഷണമാണ്‌. (സങ്കീർത്തനം 80:⁠1) യഹോവയെ ഇടയനെന്നു വിളിച്ചിരിക്കുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ടെന്നു മെച്ചമായി മനസ്സിലാക്കുന്നതിന്‌ രണ്ടു കാര്യങ്ങൾ അറിഞ്ഞിരിക്കുന്നതു നമുക്കു സഹായകമാണ്‌: ഒന്നാമതായി, ചെമ്മരിയാടുകളുടെ പ്രകൃതം; രണ്ടാമത്‌, ഒരു നല്ല ഇടയന്റെ ഉത്തരവാദിത്വങ്ങളും ഗുണങ്ങളും.

5 ബൈബിളിൽ ചെമ്മരിയാടുകളുടെ സവിശേഷതകളെക്കുറിച്ച്‌ ധാരാളം പരാമർശങ്ങളുണ്ട്‌. ഇടയനോടു പെട്ടെന്ന്‌ ഇണങ്ങുന്ന (2 ശമൂവേൽ 12:⁠3), അക്രമസ്വഭാവമില്ലാത്ത (യെശയ്യാവു 53:⁠7), സ്വയം സംരക്ഷിക്കാൻ കഴിവില്ലാത്ത (മീഖാ 5:⁠8) മൃഗങ്ങളെന്ന നിലയിലാണ്‌ അവയെ വർണിച്ചിരിക്കുന്നത്‌. വർഷങ്ങളോളം ചെമ്മരിയാടുകളെ വളർത്തിയിട്ടുള്ള ഒരു എഴുത്തുകാരൻ ഇങ്ങനെ പറഞ്ഞു: “ചിലർ വിചാരിച്ചേക്കാവുന്നതുപോലെ, ചെമ്മരിയാടുകൾക്ക്‌ ‘സ്വന്തം കാര്യം നോക്കാൻ’ ഒട്ടും പ്രാപ്‌തിയില്ല. അവയ്‌ക്ക്‌ മറ്റേതൊരു വളർത്തുമൃഗത്തെയും അപേക്ഷിച്ച്‌ അങ്ങേയറ്റത്തെ ശ്രദ്ധയും തീവ്രമായ പരിചരണവും ആവശ്യമാണ്‌.” നിസ്സഹായരായ ഈ ജീവികൾക്ക്‌ അതിജീവിക്കണമെങ്കിൽ കരുതലുള്ള ഒരു ഇടയന്റെ സഹായം കൂടിയേ തീരൂ.​—⁠യെഹെസ്‌കേൽ 34:⁠5.

6. പുരാതനകാലത്തെ ഇടയന്റെ ഒരു ദിവസത്തെ പ്രവർത്തനം ഒരു ബൈബിൾ നിഘണ്ടു വിവരിക്കുന്നത്‌ എങ്ങനെ?

6 പുരാതനകാലത്തെ ഒരു ഇടയന്റെ ഒരു ദിവസത്തെ പ്രവർത്തനങ്ങൾ എന്തെല്ലാമായിരുന്നു? ഒരു ബൈബിൾ നിഘണ്ടു വിശദീകരിക്കുന്നു: “അതിരാവിലെ അയാൾ ആട്ടിൻകൂട്ടത്തെ തൊഴുത്തിൽനിന്നു കൊണ്ടുപോകുന്നു. മേച്ചിൽപ്പുറത്തേക്ക്‌ അവയെ നയിച്ചുകൊണ്ട്‌ അയാൾ മുമ്പിൽ നടക്കുന്നു. അവിടെ എത്തിക്കഴിയുമ്പോൾ മേഞ്ഞുനടക്കുന്ന ആടുകളിൽ ഒന്നുപോലും കൂട്ടംവിട്ടു പോകാതെ ജാഗ്രതയോടെ അയാൾ അവയെ ദിവസം മുഴുവനും കാക്കുന്നു. അവയിലൊരെണ്ണം അയാളുടെ കണ്ണുവെട്ടിച്ച്‌ കൂട്ടംതെറ്റിപ്പോയെങ്കിൽ അയാൾ അതിനെ ഏതുവിധേനയും തിരഞ്ഞുകണ്ടുപിടിച്ചു കൂട്ടത്തിലേക്കു കൊണ്ടുവരുന്നു. . . . രാത്രിയാകുമ്പോൾ അവയെ തിരികെ തൊഴുത്തിലേക്കു നയിക്കുന്നു, . . . വാതിലിൽക്കൂടി അവ കൂട്ടിലേക്കു കടക്കുമ്പോൾ അവയെ എണ്ണി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ ഉറപ്പുവരുത്തുന്നു.  . . കാട്ടുമൃഗങ്ങളുടെയോ മോഷ്ടാക്കളുടെയോ ശല്യമുണ്ടായേക്കാവുന്നതുകൊണ്ട്‌ മിക്കപ്പോഴും രാത്രിയിൽ അയാൾ അവയ്‌ക്കു കാവലിരിക്കേണ്ടിവരുന്നു.” *

7. ചിലപ്പോൾ ഇടയൻ കൂടുതൽ ക്ഷമയും ആർദ്രതയും പ്രകടമാക്കേണ്ടത്‌ ആവശ്യമായിരുന്നത്‌ എന്തുകൊണ്ട്‌?

7 ആടുകളോട്‌, വിശേഷിച്ച്‌ ഗർഭിണികളായ ആടുകളോടും കുഞ്ഞാടുകളോടും, കൂടുതൽ ക്ഷമയും ആർദ്രതയും പ്രകടമാക്കേണ്ട സന്ദർഭങ്ങളുണ്ടായിരുന്നു. (ഉല്‌പത്തി 33:⁠13) ഒരു ബൈബിൾ പരാമർശകൃതി പറയുന്നു: “പലപ്പോഴും ആട്ടിൻകുട്ടികൾ പിറക്കുന്നത്‌ അകലെ പർവതച്ചെരിവിൽ എവിടെയെങ്കിലും ആയിരിക്കും. തള്ളയാടിന്റെ നിസ്സഹായ നിമിഷങ്ങളിൽ ഇടയൻ ശ്രദ്ധാപൂർവം അതിനു കാവലിരിക്കുകയും ആട്ടിൻകുഞ്ഞിനെ തൊഴുത്തിലേക്ക്‌ എടുത്തുകൊണ്ടുപോകുകയും ചെയ്യുന്നു. അതു നടക്കാറാകുന്നതുവരെ, ഏതാനും ദിവസത്തേക്ക്‌ അയാൾ തന്റെ കൈയിലോ അങ്കിയുടെ മടക്കുകളിലോ അതിനെ വഹിച്ചുകൊണ്ടു നടന്നേക്കാം.” (യെശയ്യാവു 40:⁠10, 11) ഒരു നല്ല ഇടയന്‌ കരുത്തും ഒപ്പം ആർദ്രതയും ആവശ്യമായിരുന്നുവെന്നു വ്യക്തം.

8. യഹോവ ആവശ്യമായ എല്ലാ കരുതലുകളും ചെയ്യുമെന്നുള്ള ഉറപ്പിന്‌ ദാവീദ്‌ ഏതെല്ലാം കാരണങ്ങൾ നിരത്തുന്നു?

8 “യഹോവ എന്റെ ഇടയനാകുന്നു”​—⁠ഈ വിശേഷണം നമ്മുടെ സ്വർഗീയ പിതാവിനു നന്നായി ചേരുന്നില്ലേ? 23-ാം സങ്കീർത്തനം പരിശോധിക്കവേ ഒരു ഇടയന്റെ കരുത്തോടെയും ആർദ്രതയോടെയും ദൈവം നമ്മെ പരിപാലിക്കുന്നത്‌ എങ്ങനെയെന്നു നാം മനസ്സിലാക്കും. തന്റെ ആടുകൾക്ക്‌ ഒന്നിനും ‘മുട്ട്‌’ അഥവാ കുറവ്‌ വരാതെ, ആവശ്യമായ എല്ലാ കരുതലുകളും ദൈവം ചെയ്യുമെന്ന ഉറപ്പ്‌ ഒന്നാം വാക്യത്തിൽ ദാവീദ്‌ പ്രകടമാക്കുന്നു. തുടർന്നുള്ള വാക്യങ്ങളിൽ ദാവീദ്‌ ആ ഉറപ്പിനുള്ള മൂന്നു കാരണങ്ങൾ നിരത്തുന്നു: യഹോവ തന്റെ ആടുകളെ നയിക്കുന്നു, സംരക്ഷിക്കുന്നു, തീറ്റിപ്പോറ്റുന്നു. നമുക്ക്‌ അവ ഓരോന്നായി പരിചിന്തിക്കാം.

“അവൻ . . . എന്നെ . . . നടത്തുന്നു”

9. സമാധാനപരമായ ഏതു രംഗമാണ്‌ ദാവീദ്‌ വരച്ചുകാട്ടുന്നത്‌, അത്തരമൊരു ചുറ്റുപാടിലേക്ക്‌ ആടുകൾ വരുന്നത്‌ എങ്ങനെ?

9 ഒന്നാമതായി യഹോവ തന്റെ ജനത്തെ നടത്തുന്നു അഥവാ നയിക്കുന്നു. ദാവീദ്‌ എഴുതുന്നു: “പച്ചയായ പുല്‌പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു. എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.” (സങ്കീർത്തനം 23:⁠2, 3) സമൃദ്ധിയുടെ നടുവിൽ സമാധാനമായി കിടക്കുന്ന ആട്ടിൻകൂട്ടത്തെ വർണിക്കുമ്പോൾ സംതൃപ്‌തിയുടെയും നവോന്മേഷത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഒരു ചിത്രമാണ്‌ ദാവീദ്‌ വരച്ചുകാട്ടുന്നത്‌. ‘പുല്‌പുറങ്ങൾ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്‌ “സുഖപ്രദമായ സ്ഥലം” എന്ന്‌ അർഥമാക്കാൻ കഴിയും. സമാധാനമായി കിടക്കാൻ പറ്റിയ നവോന്മേഷപ്രദമായ ഒരു സ്ഥലം ആടുകൾ സ്വയം കണ്ടുപിടിക്കാൻ ഇടയില്ല. “സുഖപ്രദമായ” അത്തരമൊരു “സ്ഥല”ത്തേക്ക്‌ അവയെ നയിക്കാൻ അവയുടെ ഇടയൻതന്നെ വേണം.

10. ദൈവത്തിനു നമ്മിൽ വിശ്വാസമുണ്ടെന്ന്‌ അവൻ പ്രകടമാക്കുന്നത്‌ എങ്ങനെ?

10 ഇന്നു യഹോവ എങ്ങനെയാണു നമ്മെ നയിക്കുന്നത്‌? അവൻ അതു ചെയ്യുന്ന ഒരു വിധം അവന്റെ മാതൃകയിലൂടെയാണ്‌. “ദൈവത്തെ അനുകരിപ്പിൻ” എന്ന്‌ അവന്റെ വചനം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (എഫെസ്യർ 5:⁠1) ആ വാക്കുകളുടെ സന്ദർഭം മനസ്സലിവ്‌, ക്ഷമ, സ്‌നേഹം എന്നീ ഗുണങ്ങളെക്കുറിച്ചു പരാമർശിക്കുന്നു. (എഫെസ്യർ 4:⁠32; 5:⁠2) അത്തരം പ്രിയങ്കരമായ ഗുണങ്ങൾ പ്രകടമാക്കുന്നതിൽ ഏറ്റവും നല്ല മാതൃക വെക്കുന്നത്‌ യഹോവയാണെന്നതിൽ സംശയമില്ല. തന്നെ അനുകരിക്കാൻ നമ്മോട്‌ ആവശ്യപ്പെട്ടപ്പോൾ അവൻ നമുക്ക്‌ അസാധ്യമായ ഒരു കാര്യം ചെയ്യാൻ പറയുകയായിരുന്നോ? അല്ല. ആ നിശ്വസ്‌ത ബുദ്ധിയുപദേശം വാസ്‌തവത്തിൽ, അവനു നമ്മിലുള്ള വിശ്വാസത്തിന്റെ മഹത്തായ ഒരു പ്രകടനമാണ്‌. ഏതു വിധത്തിൽ? നാം ദൈവത്തിന്റെ പ്രതിച്ഛായയിലാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌, അതായത്‌ നമുക്കു ധാർമിക ഗുണങ്ങളുണ്ട്‌, ആത്മീയത പ്രകടമാക്കാനുള്ള പ്രാപ്‌തിയും ഉണ്ട്‌. (ഉല്‌പത്തി 1:⁠26) അതുകൊണ്ട്‌ നാം അപൂർണരാണെങ്കിലും യഹോവ പ്രകടമാക്കുന്ന ഗുണങ്ങൾ വളർത്തിയെടുക്കാനുള്ള പ്രാപ്‌തി നമുക്കുണ്ടെന്ന്‌ അവനറിയാം. ഒന്നു ചിന്തിച്ചുനോക്കൂ, സ്‌നേഹവാനായ നമ്മുടെ ദൈവം നമുക്ക്‌ അവനെപ്പോലെ ആയിരിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നു! നാം അവന്റെ മാതൃക പിൻപറ്റുമെങ്കിൽ ആലങ്കാരികമായ ഒരു വിധത്തിൽ നവോന്മേഷപ്രദമായ ഒരു വിശ്രമസ്ഥലത്തേക്ക്‌ അവൻ നമ്മെ നയിക്കും. ഈ അക്രമാസക്ത ലോകത്തിൽ, നമുക്കു ദൈവാംഗീകാരമുണ്ടെന്ന അറിവിന്റെ ഫലമായുണ്ടാകുന്ന സമാധാനത്തോടെ നാം ‘നിർഭയം വസിക്കും.’​—⁠സങ്കീർത്തനം 4:⁠8; 29:⁠11.

11. തന്റെ ആടുകളെ നയിക്കുമ്പോൾ യഹോവ എന്തു കണക്കിലെടുക്കുന്നു, നമ്മിൽനിന്ന്‌ അവൻ ആവശ്യപ്പെടുന്ന കാര്യങ്ങളിൽ അതു പ്രതിഫലിക്കുന്നത്‌ എങ്ങനെ?

11 ആർദ്രതയോടെയും ക്ഷമയോടെയും ആണ്‌ യഹോവ നമ്മെ നയിക്കുന്നത്‌. ഒരു ഇടയൻ തന്റെ ആടുകളുടെ പരിമിതികൾ കണക്കിലെടുക്കുന്നതുകൊണ്ട്‌ അവയുടെ “പ്രാപ്‌തിക്കു ഒത്തവണ്ണം” അതായത്‌ വേഗത്തിന്‌ അനുസൃതമായാണ്‌ അവയെ നയിക്കുന്നത്‌. (ഉല്‌പത്തി 33:⁠14) സമാനമായി, യഹോവ തന്റെ ആടുകളുടെ “പ്രാപ്‌തിക്കു ഒത്തവണ്ണം” അവയെ നയിക്കുന്നു. അവൻ നമ്മുടെ കഴിവുകളും സാഹചര്യങ്ങളും കണക്കിലെടുക്കുന്നു. ഫലത്തിൽ, നമുക്കു നൽകാൻ കഴിയുന്നതിൽ കൂടുതൽ ഒരിക്കലും ആവശ്യപ്പെടാതിരുന്നുകൊണ്ട്‌ അവൻ ഗതിവേഗം ക്രമീകരിക്കുന്നു. പൂർണമനസ്സോടും ഹൃദയത്തോടും കൂടെ കാര്യങ്ങൾ ചെയ്യാൻ മാത്രമാണ്‌ അവൻ നമ്മോട്‌ ആവശ്യപ്പെടുന്നത്‌. (കൊലൊസ്സ്യർ 3:⁠23) എന്നാൽ നിങ്ങൾ പ്രായാധിക്യമുള്ള, മുമ്പത്തെപ്പോലെ പ്രവർത്തിക്കാൻ വയ്യാത്ത ഒരാളാണെങ്കിലോ? അല്ലെങ്കിൽ പ്രവർത്തനത്തെ പരിമിതപ്പെടുത്തുന്ന ഗുരുതരമായ ഒരു രോഗം നിങ്ങൾക്കുണ്ടെങ്കിലോ? അത്തരം സാഹചര്യങ്ങളിലാണ്‌ മുഴുഹൃദയത്തോടെ പ്രവർത്തിക്കുകയെന്ന ആശയം ആശ്വാസപ്രദമായിത്തീരുന്നത്‌. രണ്ടു വ്യക്തികൾ ഒരിക്കലും ഒരുപോലെ ആയിരിക്കുന്നില്ല. മുഴു ഹൃദയത്തോടെ സേവിക്കുക എന്നതിനർഥം നിങ്ങളുടെ ശക്തിയും ഊർജവും പരമാവധി ഉപയോഗിച്ചുകൊണ്ട്‌ നിങ്ങളാൽ കഴിയുന്നിടത്തോളം ദൈവത്തെ സേവിക്കുകയെന്നാണ്‌. ഗതിവേഗത്തെ ബാധിച്ചേക്കാവുന്ന ബലഹീനതകൾ നമുക്കുണ്ടെങ്കിലും മുഴു ഹൃദയത്തോടെയുള്ള നമ്മുടെ ആരാധന മൂല്യവത്തായി യഹോവ കണക്കാക്കുന്നു.​—⁠മർക്കൊസ്‌ 12:⁠29, 30.

12. യഹോവ തന്റെ ആടുകളെ അവയുടെ “പ്രാപ്‌തിക്കു ഒത്തവണ്ണം” ആണ്‌ നയിക്കുന്നതെന്നു ന്യായപ്രമാണത്തിൽനിന്നുള്ള ഏത്‌ ഉദാഹരണം പ്രകടമാക്കുന്നു?

12 തന്റെ ആടുകളുടെ “പ്രാപ്‌തിക്കു ഒത്തവണ്ണം” ആണ്‌ യഹോവ അവയെ നയിക്കുന്നതെന്നു ദൃഷ്ടാന്തീകരിക്കാൻ ന്യായപ്രമാണത്തിലെ ചില അകൃത്യയാഗങ്ങളെക്കുറിച്ചു പരിചിന്തിക്കുക. നന്ദിനിറഞ്ഞ ഹൃദയങ്ങളാൽ പ്രേരിതമായ ഉത്തമ യാഗങ്ങളാണ്‌ യഹോവ ആഗ്രഹിച്ചത്‌. അതേസമയം അർപ്പിക്കുന്നവരുടെ പ്രാപ്‌തിക്കനുസരിച്ച്‌ അവ തരംതിരിക്കപ്പെട്ടിരുന്നു. ന്യായപ്രമാണം ഇങ്ങനെ പറഞ്ഞു: “ആട്ടിൻകുട്ടിക്കു അവന്നു വകയില്ലെങ്കിൽ . . . അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ . . . കൊണ്ടുവരേണം.” ആ വ്യക്തിക്ക്‌ രണ്ടു പ്രാവിൻകുഞ്ഞുങ്ങളെ അർപ്പിക്കാനുള്ള വകപോലും ഇല്ലായിരുന്നെങ്കിലോ? അപ്പോൾ അയാൾക്ക്‌ കുറെ “നേരിയ മാവ്‌” കൊണ്ടുവരാൻ കഴിയുമായിരുന്നു. (ലേവ്യപുസ്‌തകം 5:⁠7, 11) യാഗമർപ്പിക്കുന്നവന്റെ പ്രാപ്‌തിയിൽ കവിഞ്ഞതൊന്നും ദൈവം ആവശ്യപ്പെട്ടില്ലെന്ന്‌ ഇതു കാണിക്കുന്നു. ദൈവം മാറാത്തവനാകയാൽ നമുക്കു നൽകാൻ കഴിയുന്നതിൽ കൂടുതലൊന്നും ഒരിക്കലും അവൻ ആവശ്യപ്പെടുകയില്ലെന്നും എത്രമാത്രമാണോ നമുക്കു നൽകാൻ കഴിയുന്നത്‌, അതിൽ അവൻ പ്രസാദിക്കുമെന്നും അറിയുന്നതിൽ നമുക്ക്‌ ആശ്വാസം കണ്ടെത്താൻ കഴിയും. (മലാഖി 3:⁠6) ആടുകളെ നന്നായി മനസ്സിലാക്കുന്ന ഇത്തരമൊരു ഇടയൻ നമ്മെ നയിക്കുന്നത്‌ എത്ര സന്തോഷകരമാണ്‌!

“ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ”

13. സങ്കീർത്തനം 23:⁠4-ൽ, ദാവീദ്‌ യഹോവയോട്‌ കൂടുതൽ അടുത്ത ബന്ധം പ്രകടമാക്കുന്നത്‌ എങ്ങനെ, ഇത്‌ അതിശയകരമല്ലാത്തത്‌ എന്തുകൊണ്ട്‌?

13 യഹോവ പരിപാലിക്കുമെന്നുള്ള ഉറപ്പിന്‌ ദാവീദ്‌ രണ്ടാമതൊരു കാരണം നൽകുന്നു: യഹോവ തന്റെ ആടുകളെ സംരക്ഷിക്കുന്നു. നാം ഇങ്ങനെ വായിക്കുന്നു: “കൂരിരുൾതാഴ്‌വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.” (സങ്കീർത്തനം 23:⁠4) ഇവിടെ, “നീ” എന്ന്‌ യഹോവയെ വിളിച്ചുകൊണ്ട്‌ ദാവീദ്‌ യഹോവയുമായുള്ള കൂടുതൽ അടുത്ത ബന്ധം കാണിക്കുന്നു. അതിൽ അതിശയിക്കാനില്ല, എന്തെന്നാൽ പ്രതികൂല സാഹചര്യങ്ങളിൽ സഹിച്ചുനിൽക്കുന്നതിന്‌ ദൈവം തന്നെ എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ചാണ്‌ ദാവീദ്‌ സംസാരിക്കുന്നത്‌. ദാവീദ്‌ പല കൂരിരുൾത്താഴ്‌വരകളിൽകൂടി, അതായത്‌ ജീവൻതന്നെ അപകടത്തിലായ സാഹചര്യങ്ങളിലൂടെ കടന്നുപോയിരുന്നു. എന്നാൽ “വടിയും കോലും” ‘കരങ്ങളിലേന്തി’ സഹായസന്നദ്ധനായി ദൈവം തന്നോടൊപ്പമുണ്ടെന്നു മനസ്സിലാക്കിയതിനാൽ ഭയം തന്നെ കീഴ്‌പെടുത്താൻ അവൻ അനുവദിച്ചില്ല. സുരക്ഷിതനാണെന്ന തിരിച്ചറിവ്‌ ദാവീദിനെ ആശ്വസിപ്പിക്കുകയും യഹോവയോടു കൂടുതൽ അടുത്തുചെല്ലാൻ സഹായിക്കുകയും ചെയ്‌തു. *

14. യഹോവയുടെ സംരക്ഷണം സംബന്ധിച്ച്‌ ബൈബിൾ എന്ത്‌ ഉറപ്പു നൽകുന്നു, എന്നാൽ അത്‌ എന്തർഥമാക്കുന്നില്ല?

14 ഇന്ന്‌ യഹോവ തന്റെ ആടുകളെ സംരക്ഷിക്കുന്നത്‌ എങ്ങനെയാണ്‌? എതിരാളികൾക്കാർക്കും, അവർ ആത്മജീവികളോ മനുഷ്യരോ ആയിക്കൊള്ളട്ടെ, ഭൂമിയിൽനിന്ന്‌ അവന്റെ ആടുകളെ പൂർണമായി ഇല്ലാതാക്കാനാവില്ലെന്ന്‌ ബൈബിൾ നമുക്ക്‌ ഉറപ്പുതരുന്നു. യഹോവ അത്‌ ഒരിക്കലും അനുവദിക്കുകയില്ല. (യെശയ്യാവു 54:⁠17; 2 പത്രൊസ്‌ 2:⁠9) എന്നിരുന്നാലും നമ്മുടെ ഇടയൻ എല്ലാ അനർഥങ്ങളിലുംനിന്ന്‌ നമ്മെ മറച്ചുകൊള്ളുമെന്ന്‌ ഇതിന്‌ അർഥമില്ല. മനുഷ്യർക്കു സാധാരണമായ പ്രശ്‌നങ്ങൾ നമ്മളും അനുഭവിക്കുന്നു, സത്യക്രിസ്‌ത്യാനികൾക്കെല്ലാമുള്ള എതിർപ്പ്‌ നാമും നേരിടുന്നു. (2 തിമൊഥെയൊസ്‌ 3:⁠12; യാക്കോബ്‌ 1:⁠2) ആലങ്കാരികമായി നാം ‘കൂരിരുൾതാഴ്‌വരയിൽ കൂടി നടന്നേക്കാം.’ ഉദാഹരണത്തിന്‌, പീഡനത്തിന്റെയോ ആരോഗ്യ പ്രശ്‌നങ്ങളുടെയോ ഫലമായി നാം മരണത്തെ മുഖാമുഖം കണ്ടേക്കാം. നമുക്കു പ്രിയപ്പെട്ട ആരെങ്കിലും മരണത്തിന്റെ വക്കോളമെത്തിയേക്കാം, ഒരുപക്ഷേ മരിച്ചുപോയെന്നും വരാം. ഏറ്റവും ഇരുളടഞ്ഞതെന്നു തോന്നുന്ന നിമിഷങ്ങളിൽ നമ്മുടെ ഇടയൻ നമ്മോടൊപ്പമുണ്ട്‌, അവൻ നമ്മെ സംരക്ഷിക്കും. എങ്ങനെ?

15, 16. (എ) നാം അഭിമുഖീകരിച്ചേക്കാവുന്ന പ്രതിബന്ധങ്ങളെ കൈകാര്യംചെയ്യാൻ ഏതു വിധങ്ങളിൽ യഹോവ നമ്മെ സഹായിക്കുന്നു? (ബി) പരിശോധനകളുണ്ടാകുമ്പോൾ യഹോവ നമ്മെ സഹായിക്കുന്ന വിധം കാണിക്കുന്ന ഒരു അനുഭവം പറയുക.

15 അത്ഭുതകരമായ ഇടപെടൽ യഹോവ വാഗ്‌ദാനം ചെയ്യുന്നില്ല. * എന്നാൽ ഒരു കാര്യം സംബന്ധിച്ച്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും: നാം എന്തെല്ലാം പ്രതിബന്ധങ്ങൾ നേരിട്ടാലും അവയെയെല്ലാം തരണംചെയ്യാൻ യഹോവ നമ്മെ സഹായിക്കും. “വിവിധപരീക്ഷ”കൾ കൈകാര്യം ചെയ്യുന്നതിനുള്ള ജ്ഞാനം അവൻ നമുക്കു നൽകും. (യാക്കോബ്‌ 1:⁠2-5) ഇടയൻ തന്റെ വടി അല്ലെങ്കിൽ കോൽ ഇരപിടിയന്മാരെ അകറ്റാൻ മാത്രമല്ല ആടുകളെ മൃദുവായി തട്ടി ശരിയായ ദിശയിലേക്കു തിരിച്ചുവിടാനും ഉപയോഗിക്കുന്നു. യഹോവയ്‌ക്കു നമ്മെ ശരിയായ ദിശയിലേക്കു തിരിച്ചുവിടാൻ കഴിയും. ഒരുപക്ഷേ, നമ്മുടെ കാര്യത്തിൽ അവൻ അതു ചെയ്യുന്നത്‌ ഒരു സഹാരാധകനെ ഉപയോഗിച്ചുകൊണ്ടായിരുന്നേക്കാം. നമ്മുടെ സാഹചര്യത്തിൽ നിർണായകമായ മാറ്റം വരുത്തിയേക്കാവുന്ന തിരുവെഴുത്തു ബുദ്ധിയുപദേശം ബാധകമാക്കാൻ അദ്ദേഹം നമ്മെ സഹായിച്ചേക്കാം. കൂടാതെ, സഹിച്ചുനിൽക്കാനുള്ള ശക്തി നൽകാൻ യഹോവയ്‌ക്കു കഴിയും. (ഫിലിപ്പിയർ 4:⁠13) പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട്‌ “അത്യന്തശക്തി”യാൽ നമ്മെ പ്രവർത്തനസജ്ജരാക്കാൻ അവനു കഴിയും. (2 കൊരിന്ത്യർ 4:⁠7) നമ്മുടെമേൽ സാത്താൻ കൊണ്ടുവന്നേക്കാവുന്ന ഏതു പരിശോധനയും സഹിച്ചുനിൽക്കാൻ നമ്മെ പ്രാപ്‌തരാക്കാൻ ദൈവാത്മാവിനു കഴിയും. (1 കൊരിന്ത്യർ 10:⁠13) നമ്മെ സഹായിക്കാൻ യഹോവ സദാ സന്നദ്ധനാണെന്നറിയുന്നത്‌ ആശ്വാസദായകമല്ലേ?

16 അതേ, ഏതു കൂരിരുൾത്താഴ്‌വരയിൽ അകപ്പെട്ടുപോയാലും നാം തനിയെ അതിലൂടെ നടക്കേണ്ടതില്ല. നമ്മുടെ ഇടയൻ നമ്മോടൊപ്പമുണ്ട്‌. അവൻ നമ്മെ സഹായിക്കുന്ന വിധങ്ങളെക്കുറിച്ച്‌ ആദ്യമൊന്നും നമുക്കു പൂർണമായി ഗ്രഹിക്കാൻ കഴിഞ്ഞെന്നുവരില്ല. മാരകമായ മസ്‌തിഷ്‌ക ട്യൂമർ ബാധിച്ച ഒരു ക്രിസ്‌തീയ മൂപ്പന്റെ അനുഭവം പരിചിന്തിക്കുക. “യഹോവ എന്നോടു കോപിച്ചിരിക്കുകയാണോ അതോ അവന്‌ എന്നോടു സ്‌നേഹം ഇല്ലെന്നായോ എന്നുപോലും ആദ്യം ഞാൻ ചിന്തിച്ചുപോയി. എന്നാൽ യഹോവയിൽനിന്ന്‌ അകന്നുപോകുകയില്ലെന്ന്‌ ഞാൻ ഉറച്ച തീരുമാനമെടുത്തിരുന്നു. പകരം ഞാൻ എന്റെ വികാരങ്ങൾ അവനെ അറിയിക്കുകയും അവൻ എന്നെ സഹായിക്കുകയും ചെയ്‌തു, പലപ്പോഴും ആത്മീയ സഹോദരീസഹോദരന്മാരിലൂടെ എന്നെ ആശ്വസിപ്പിച്ചുകൊണ്ട്‌. തങ്ങൾക്കു ഗുരുതരമായ രോഗം വന്നപ്പോൾ അവർ അതിനെ എങ്ങനെ അഭിമുഖീകരിച്ചെന്നു പലരും എന്നോടു പറഞ്ഞു. സ്വന്തം അനുഭവത്തിൽനിന്നുള്ള യാഥാർഥ്യബോധത്തോടുകൂടിയ ആ വാക്കുകൾ കേട്ടപ്പോൾ എന്റെ അവസ്ഥ അസാധാരണമായ ഒന്നല്ലെന്നു മനസ്സിലാക്കാൻ എനിക്കു സാധിച്ചു. ഹൃദയസ്‌പർശിയായ ദയാപ്രവൃത്തികൾ ഉൾപ്പെടെയുള്ള പ്രായോഗിക സഹായം, യഹോവയ്‌ക്ക്‌ എന്നോട്‌ അപ്രീതിയില്ലെന്ന്‌ എനിക്ക്‌ ഉറപ്പുനൽകി. ഞാൻ എന്റെ രോഗത്തോടു മല്ലിട്ടേ പറ്റൂ, ഫലം എന്തായിരിക്കുമെന്ന്‌ എനിക്ക്‌ അറിയില്ലതാനും. എന്നാൽ യഹോവ എന്നോടൊപ്പമുണ്ടെന്നും ഈ പരിശോധനയിലുടനീളം അവൻ എന്നെ സഹായിക്കുമെന്നും എനിക്കു ബോധ്യമുണ്ട്‌.”

“നീ എനിക്കു വിരുന്നൊരുക്കുന്നു”

17. സങ്കീർത്തനം 23:⁠5-ൽ ദാവീദ്‌ യഹോവയെ വർണിക്കുന്നത്‌ എങ്ങനെ, ഇത്‌ ഇടയന്റെ ദൃഷ്ടാന്തത്തിനു ചേർച്ചയിൽ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

17 തന്റെ ഇടയന്റെ കരുതലിലുള്ള ഉറപ്പിന്‌ ദാവീദ്‌ മൂന്നാമതൊരു കാരണം നൽകുന്നു: യഹോവ തന്റെ ആടുകളെ സമൃദ്ധമായി തീറ്റിപ്പോറ്റുന്നു. അവൻ ഇങ്ങനെ എഴുതി: “എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.” (സങ്കീർത്തനം 23:⁠5) ഭക്ഷണപാനീയങ്ങൾ സമൃദ്ധമായി നൽകുന്ന ഉദാരമതിയായ ഒരു ആതിഥേയനായി ഈ വാക്യത്തിൽ ദാവീദ്‌ തന്റെ ഇടയനെ ചിത്രീകരിക്കുന്നു. കരുതലുള്ള ഇടയന്റെയും ഉദാരമതിയായ ആതിഥേയന്റെയും ദൃഷ്ടാന്തങ്ങൾ തമ്മിൽ ചേർച്ചക്കുറവൊന്നുമില്ല. ആട്ടിൻകൂട്ടത്തിന്‌ ‘മുട്ടുണ്ടാകാതിരിക്കാൻ,’ പുല്ല്‌ സമൃദ്ധമായുള്ള മേച്ചിൽപ്പുറങ്ങളും വേണ്ടത്ര കുടിവെള്ളം കിട്ടുന്ന സ്ഥലവും എവിടെയാണെന്ന്‌ ഒരു നല്ല ഇടയൻ തീർച്ചയായും അറിഞ്ഞിരിക്കണം.​—⁠സങ്കീർത്തനം 23:⁠1, 2.

18. യഹോവ ഉദാരനായ ഒരു ആതിഥേയനാണെന്ന്‌ എന്തു കാണിച്ചുതരുന്നു?

18 നമ്മുടെ ഇടയനും ഉദാരനായ ഒരു ആതിഥേയനാണോ? തീർച്ചയായും, അക്കാര്യത്തിൽ യാതൊരു സംശയവും ഇല്ല. നാം ഇപ്പോൾ ആസ്വദിക്കുന്ന ആത്മീയ ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും വൈവിധ്യവും ഒന്നു പരിചിന്തിച്ചുനോക്കൂ. വിശ്വസ്‌തനും വിവേകിയുമായ അടിമവർഗത്തിലൂടെ യഹോവ നമുക്ക്‌ വളരെ മികച്ച പ്രസിദ്ധീകരണങ്ങളും യോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയിലൂടെ പ്രബോധനാത്മകമായ പരിപാടികളും പ്രദാനം ചെയ്‌തിരിക്കുന്നു, ഈ കരുതലുകളെല്ലാം നമ്മുടെ ആത്മീയ ആവശ്യങ്ങൾ നിവർത്തിക്കുന്നു. (മത്തായി 24:⁠45-47, NW) ആത്മീയ ഭക്ഷണത്തിനു യാതൊരു ക്ഷാമവുമില്ല. “വിശ്വസ്‌തനും വിവേകിയുമായ അടിമ” ദശലക്ഷക്കണക്കിനു ബൈബിളുകളും ബൈബിൾ പഠനസഹായികളും ഉത്‌പാദിപ്പിച്ചിട്ടുണ്ട്‌, അവ ഇപ്പോൾ 413 ഭാഷകളിൽ ലഭ്യമാണ്‌. ആത്മീയ ഭക്ഷണം യഹോവ വൈവിധ്യമാർന്ന വിധങ്ങളിൽ ലഭ്യമാക്കിയിരിക്കുന്നു, അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകളാകുന്ന “പാൽ”മുതൽ ആഴമേറിയ ആത്മീയ വിവരങ്ങളാകുന്ന “കട്ടിയായുള്ള ആഹാരം”വരെ അതിൽ ഉൾപ്പെടുന്നു. (എബ്രായർ 5:⁠11-14) തത്‌ഫലമായി, പ്രശ്‌നങ്ങൾ നേരിടുകയോ തീരുമാനങ്ങൾ എടുക്കേണ്ടിവരുകയോ ചെയ്യുമ്പോൾ നമുക്ക്‌ ഏറ്റവും ആവശ്യമുള്ള വിവരങ്ങൾ കണ്ടെത്താൻ സാധാരണഗതിയിൽ നമുക്കു കഴിയും. ഇത്തരം ആത്മീയ ഭക്ഷണമില്ലായിരുന്നെങ്കിൽ നമ്മുടെ അവസ്ഥ എന്തായിരിക്കുമായിരുന്നു? നമ്മുടെ ഇടയൻ തീർച്ചയായും അങ്ങേയറ്റം ഉദാരമതിയായ ഒരു ദാതാവു തന്നെ!​—⁠യെശയ്യാവു 25:⁠6; 65:⁠13.

“ഞാൻ യഹോവയുടെ ആലയത്തിൽ . . . വസിക്കും”

19, 20. (എ) സങ്കീർത്തനം 23:⁠6-ൽ ദാവീദ്‌ എന്ത്‌ ഉറപ്പാണു പ്രകടിപ്പിക്കുന്നത്‌, നമുക്ക്‌ ആ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത്‌ എങ്ങനെ? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

19 തന്റെ ഇടയനും ദാതാവും ആയവന്റെ വഴികളെക്കുറിച്ചു പരിചിന്തിച്ചശേഷം ദാവീദ്‌ ഇങ്ങനെ ഉപസംഹരിക്കുന്നു: “നന്മയും കരുണയും എന്റെ ആയുഷ്‌കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.” (സങ്കീർത്തനം 23:⁠6) ഹൃദയംഗമമായ നന്ദിയോടെയും വിശ്വാസത്തോടെയും ആണ്‌ ദാവീദ്‌ സംസാരിക്കുന്നത്‌. ഭൂതകാലത്തെക്കുറിച്ച്‌ ഓർമിക്കുമ്പോൾ അവന്റെ ഹൃദയത്തിൽ നന്ദി നിറയുന്നു, ഭാവിയിലേക്കു നോക്കുമ്പോൾ വിശ്വാസവും. തന്റെ സ്വർഗീയ ഇടയന്റെ ആലയത്തിൽ അഥവാ ഭവനത്തിൽ വസിച്ചാലെന്നപോലെ അവനോടു പറ്റിനിൽക്കുന്നിടത്തോളം, യഹോവയുടെ സ്‌നേഹനിർഭരമായ പരിപാലനത്തിനു താൻ എല്ലായ്‌പോഴും പാത്രമാകുമെന്ന്‌ ദാവീദിന്‌ അറിയാം. ആ അറിവ്‌ മുമ്പ്‌ ഇടയനായിരുന്ന അവനു സുരക്ഷിതത്വബോധം നൽകുന്നു.

20 സങ്കീർത്തനം 23-ൽ രേഖപ്പെടുത്തിയിരിക്കുന്ന മനോഹരമായ വാക്കുകളെപ്രതി നാം എത്ര നന്ദിയുള്ളവരാണ്‌! യഹോവ തന്റെ ആടുകളെ നയിക്കുകയും സംരക്ഷിക്കുകയും തീറ്റിപ്പോറ്റുകയും ചെയ്യുന്ന വിധം ഇതിനെക്കാൾ മെച്ചമായി വർണിക്കാൻ ദാവീദിനു കഴിയുമായിരുന്നില്ല. ഇടയനെന്ന നിലയിൽ യഹോവയിലേക്കു നോക്കാൻ നമുക്കും കഴിയുമെന്ന്‌ ഉറപ്പുനൽകുന്നതിനുവേണ്ടിയാണ്‌ ദാവീദിന്റെ ഊഷ്‌മളമായ ഈ വാക്കുകൾ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌. അതേ, യഹോവയോടു പറ്റിനിൽക്കുന്നെങ്കിൽ സ്‌നേഹനിധിയായ ഒരു ഇടയനെന്ന നിലയിൽ അവൻ “ദീർഘകാലം” നമ്മെ പരിപാലിക്കും, നിത്യതയിലുടനീളംപോലും. എന്നാൽ ആടുകളെന്ന നിലയിൽ, വലിയ ഇടയനായ യഹോവയോടൊപ്പം നടക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്‌. ഇതിൽ എന്താണ്‌ ഉൾപ്പെടുന്നതെന്ന്‌ അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കുന്നതായിരിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 13 അപകടങ്ങളിൽനിന്നു തന്നെ വിടുവിച്ചതിനു യഹോവയെ സ്‌തുതിച്ചുകൊണ്ട്‌ ദാവീദ്‌ ധാരാളം സങ്കീർത്തനങ്ങൾ രചിച്ചിട്ടുണ്ട്‌.​—⁠ഉദാഹരണത്തിന്‌ 18, 34, 56, 57, 59, 63 എന്നീ സങ്കീർത്തനങ്ങളുടെ മേലെഴുത്ത്‌ കാണുക.

^ ഖ. 15 2003 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിലെ “ദിവ്യ ഇടപെടൽ​—⁠നമുക്ക്‌ എന്തു പ്രതീക്ഷിക്കാം?” എന്ന ലേഖനം കാണുക.

നിങ്ങൾ ഓർമിക്കുന്നുവോ?

• ദാവീദ്‌ യഹോവയെ ഒരു ഇടയനോടു താരതമ്യപ്പെടുത്തിയത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• നമ്മുടെ സാഹചര്യം കണക്കിലെടുത്ത്‌ യഹോവ നമ്മെ നയിക്കുന്നത്‌ എങ്ങനെ?

• പരിശോധനകൾ സഹിച്ചുനിൽക്കാൻ ഏതെല്ലാം വിധങ്ങളിലാണു യഹോവ നമ്മെ സഹായിക്കുന്നത്‌?

• യഹോവ ഉദാരമതിയായ ഒരു ആതിഥേയനാണെന്ന്‌ എന്തു പ്രകടമാക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രം]

ഇസ്രായേലിലെ ഒരു ഇടയനെപ്പോലെ യഹോവ തന്റെ ആടുകളെ നയിക്കുന്നു