വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തിന്‌ യഥാർഥത്തിൽ മാറ്റംവരുത്താൻ ആർക്കെങ്കിലും കഴിയുമോ?

ലോകത്തിന്‌ യഥാർഥത്തിൽ മാറ്റംവരുത്താൻ ആർക്കെങ്കിലും കഴിയുമോ?

ലോകത്തിന്‌ യഥാർഥത്തിൽ മാറ്റംവരുത്താൻ ആർക്കെങ്കിലും കഴിയുമോ?

“ആദ്യം സമാധാനവും സുരക്ഷിതത്വവും പിന്നെ ജീവിതം മെച്ചപ്പെടുത്താനുള്ള അവസരങ്ങളും വേണമെന്നാണ്‌ ദരിദ്രർ ഞങ്ങളോടു പറയുന്നത്‌. സമ്പന്ന രാജ്യങ്ങളുടെയും കമ്പനികളുടെയും മേൽക്കോയ്‌മ തങ്ങളുടെ ശ്രമങ്ങൾക്ക്‌ ഒരു പ്രതിബന്ധമാകാതിരിക്കാൻ സഹായിക്കുന്ന ന്യായമായ സംവിധാനങ്ങൾ ദേശീയ-അന്തർദേശീയ തലത്തിൽ വേണമെന്നും അവർ ആവശ്യപ്പെടുന്നു.”

ഒരു അന്താരാഷ്‌ട്ര ദുരിതാശ്വാസ ഏജൻസിയുടെ ഡയറക്ടർ ദരിദ്രരുടെ ആഗ്രഹാഭിലാഷങ്ങളെ കുറിച്ചു പറഞ്ഞതാണിത്‌. ഈ ലോകത്തിൽ ദുരന്തങ്ങൾക്കും അനീതികൾക്കും വിധേയരായിരിക്കുന്ന സകലരുടെയും ആഗ്രഹമാണ്‌ യഥാർഥത്തിൽ ഈ വാക്കുകളിലൂടെ പ്രതിഫലിക്കുന്നത്‌. അവരെല്ലാം യഥാർഥ സമാധാനവും സുരക്ഷിതത്വവും കളിയാടുന്ന ഒരു ലോകം വന്നുകാണാൻ അതിയായി ആഗ്രഹിക്കുന്നു. എന്നെങ്കിലും അതൊരു യാഥാർഥ്യമായിത്തീരുമോ? അടിസ്ഥാനപരമായി അനീതി നിറഞ്ഞ ഒരു ലോകത്തിനു മാറ്റംവരുത്താനുള്ള ശക്തിയും പ്രാപ്‌തിയും ആർക്കെങ്കിലുമുണ്ടോ?

മാറ്റംവരുത്താനുള്ള ശ്രമങ്ങൾ

പലരും ശ്രമിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, രോഗികൾക്ക്‌ ശുചിത്വമുള്ള, അനുകമ്പയോടുകൂടിയ പരിചരണം നൽകാനായി 19-ാം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷ്‌വനിതയായ ഫ്‌ളോറൻസ്‌ നൈറ്റിംഗേൽ ജീവിതം ഉഴിഞ്ഞുവെച്ചു. ആന്റിസെപ്‌റ്റിക്കുകളും ആന്റിബയോട്ടിക്കുകളും ഇല്ലാതിരുന്ന അക്കാലത്ത്‌ ആതുര പരിചരണം ഇന്നു നാം കാണുന്ന ഒരു നിലയിലേക്കു വന്നിരുന്നില്ല. ഒരു ഗ്രന്ഥം പറയുന്നതനുസരിച്ച്‌ “നഴ്‌സുമാർ അനഭ്യസ്‌തരും ശുചിത്വമില്ലാത്തവരും മദ്യപാനത്തിനും അധാർമികതയ്‌ക്കും കുപ്രസിദ്ധരും ആയിരുന്നു.” നഴ്‌സിങ്‌ ലോകത്തിന്റെ മുഖച്ഛായ മാറ്റാനുള്ള ഫ്‌ളോറൻസ്‌ നൈറ്റിംഗേലിന്റെ ശ്രമങ്ങൾക്ക്‌ എന്തെങ്കിലും ഫലമുണ്ടായോ? ഉവ്വ്‌, ഫലമുണ്ടായി. സമാനമായി, പരോപകാര തത്‌പരരും നിസ്സ്വാർഥരുമായ അസംഖ്യം ആളുകൾ സാക്ഷരത, വിദ്യാഭ്യാസം, ചികിത്സാ സംവിധാനങ്ങൾ, പാർപ്പിടം, അന്നവിതരണ പരിപാടികൾ തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിൽ ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്‌. ഇതിന്റെയൊക്കെ ഫലമായി ദരിദ്രരായ കോടിക്കണക്കിനാളുകളുടെ ജീവിതത്തിന്റെ ഗുണനിലവാരം ശ്രദ്ധേയമാംവിധം മെച്ചപ്പെട്ടിരിക്കുന്നു.

എങ്കിലും പിൻവരുന്ന പരുക്കൻ യാഥാർഥ്യം അവഗണിക്കാൻ നമുക്കാവില്ല: യുദ്ധം, കുറ്റകൃത്യം, രോഗം, ക്ഷാമം, വിപത്‌കരമായ മറ്റു സംഭവങ്ങൾ എന്നിവ നിമിത്തം കോടിക്കണക്കിനാളുകൾ ഇപ്പോഴും ദുരിതം അനുഭവിക്കുകയാണ്‌. “ഓരോ ദിവസവും ദാരിദ്ര്യം മൂലം 30,000 ആളുകൾ മരിക്കുന്നു”ണ്ടെന്ന്‌ ഒരു ഐറിഷ്‌ ദുരിതാശ്വാസ ഏജൻസിയായ കൺസേൺ പറയുന്നു. പരിഷ്‌കാരങ്ങൾ വരുത്താൻ ശ്രമിക്കുന്ന പലരും നിർമാർജനം ചെയ്യാൻ നൂറ്റാണ്ടുകളിലുടനീളം ശ്രമിച്ചിട്ടുള്ള അടിമത്തംപോലും ഇപ്പോഴുമുണ്ട്‌. “അറ്റ്‌ലാന്റിക്കിന്‌ കുറുകെയുള്ള അടിമവ്യാപാരക്കാലത്ത്‌ ആഫ്രിക്കയിൽനിന്നു മോഷ്ടിക്കപ്പെട്ടവരെക്കാൾ കൂടുതൽ അടിമകൾ ഇപ്പോഴുണ്ട്‌” എന്ന്‌ ഡിസ്‌പോസബിൾ പീപ്പിൾ​—⁠ന്യൂ സ്ലേവറി ഇൻ ദ ഗ്ലോബൽ ഇക്കോണമി എന്ന ഗ്രന്ഥം പ്രസ്‌താവിക്കുന്നു.

സമ്പൂർണമായ, സ്ഥായിയായ മാറ്റം കൈവരുത്താനുള്ള മനുഷ്യന്റെ ശ്രമങ്ങൾക്കു വിഘാതമായി നിൽക്കുന്നത്‌ എന്താണ്‌? ധനികരുടെയും ശക്തരുടെയും മേൽക്കോയ്‌മ മാത്രമാണോ, അതോ അതിലധികം ഉൾപ്പെട്ടിരിക്കുന്നുവോ?

മാറ്റത്തിനുള്ള തടസ്സങ്ങൾ

ദൈവവചനം പറയുന്നതനുസരിച്ച്‌ യഥാർഥത്തിൽ നീതിനിഷ്‌ഠമായ ഒരു ലോകം കൊണ്ടുവരാനുള്ള മനുഷ്യന്റെ ഏതൊരു ശ്രമങ്ങൾക്കുമുള്ള ഏറ്റവും വലിയ തടസ്സം പിശാചായ സാത്താനാണ്‌. “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു”വെന്ന്‌ അപ്പൊസ്‌തലനായ യോഹന്നാൻ പറയുന്നു. (1 യോഹന്നാൻ 5:19) വാസ്‌തവത്തിൽ, ഇപ്പോൾ സാത്താൻ “ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകള”ഞ്ഞുകൊണ്ടിരിക്കുകയാണ്‌. (വെളിപ്പാടു 12:9) അവന്റെ ദുഷ്ടസ്വാധീനം നീക്കംചെയ്യപ്പെടുന്നതുവരെ, ആളുകൾ ദുഷ്ടതയ്‌ക്കും അനീതിക്കും ഇരകളായിക്കൊണ്ടിരിക്കും. സങ്കടകരമായ ഈ അവസ്ഥയിലേക്കു നയിച്ചത്‌ എന്താണ്‌?

മുഴു മനുഷ്യകുടുംബത്തിനുമായി പൂർണതയുള്ള ഒരു പറുദീസാ ഭവനമായിരിക്കത്തക്കവിധം രൂപകൽപ്പന ചെയ്‌ത ഭൂമിയിലാണ്‌ നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമും ഹവ്വായും ആക്കിവെക്കപ്പെട്ടത്‌. “എത്രയും നല്ല” ഒരു ലോകമായിരുന്നു അത്‌. (ഉല്‌പത്തി 1:31) എന്നാൽ സ്ഥിതിഗതികൾക്കു മാറ്റംവരാൻ കാരണക്കാരൻ സാത്താനാണ്‌. സ്‌ത്രീപുരുഷന്മാരുടെ ജീവിതത്തെ ഭരിക്കേണ്ട നിയമങ്ങൾ ഉണ്ടാക്കാനുള്ള ദൈവത്തിന്റെ അവകാശത്തെ അവൻ വെല്ലുവിളിച്ചു. നീതിപൂർവകമായ ഭരണമല്ല ദൈവത്തിന്റേത്‌ എന്ന്‌ അവൻ സൂചിപ്പിച്ചു. ശരിയും തെറ്റും സ്വയം തീരുമാനിക്കാൻ കഴിയും വിധമുള്ള സ്വാതന്ത്ര്യത്തിന്റേതായ ഗതി തിരഞ്ഞെടുക്കാൻ അവൻ ആദാമിനെയും ഹവ്വായെയും പ്രേരിപ്പിച്ചു. (ഉല്‌പത്തി 3:1-6) നീതിനിഷ്‌ഠമായ ഒരു ലോകത്തിനു രൂപംകൊടുക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങൾക്കുള്ള രണ്ടാമത്തെ തടസ്സമായ പാപവും അപൂർണതയും നമ്മിലേക്കു കടന്നുവരാൻ അതിടയാക്കി.​—⁠റോമർ 5:12.

അത്‌ അനുവദിച്ചതിന്റെ കാരണം

എന്നാൽ ചിലർ ഇങ്ങനെ ചോദിച്ചേക്കാം: ‘പാപവും അപൂർണതയും മനുഷ്യവർഗത്തിലേക്കു കടന്നുവരാൻ ദൈവം അനുവദിച്ചത്‌ എന്തുകൊണ്ട്‌? മത്സരികളെ നീക്കിയിട്ട്‌ പുതുതായൊന്നു തുടങ്ങാൻ ദൈവം തന്റെ അപരിമേയ ശക്തി ഉപയോഗിക്കാതിരുന്നത്‌ എന്തുകൊണ്ട്‌?’ അത്‌ ലളിതമായ ഒരു പരിഹാരമാർഗമായി തോന്നിയേക്കാം. എന്നാൽ ശക്തി ഉപയോഗിക്കുന്നത്‌ ഗൗരവമേറിയ ചോദ്യങ്ങൾ ഉന്നയിക്കാറുണ്ട്‌. ലോകത്തിലെ ദരിദ്രരും അടിച്ചമർത്തപ്പെട്ടവരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്‌ ശക്തിയുടെ ദുർവിനിയോഗമാണ്‌ എന്നത്‌ സത്യമല്ലേ? ഒരു സ്വേച്ഛാധിപതി സ്വന്തം നയങ്ങളോട്‌ യോജിക്കാത്ത ഏതൊരാളെയും ഉന്മൂലനം ചെയ്യാനായി തന്റെ അധികാരവും ശക്തിയും ഉപയോഗിക്കുമ്പോൾ നീതിഹൃദയരിൽ അതു സംശയങ്ങൾ ഉണർത്തുകയില്ലേ?

ശക്തി ദുർവിനിയോഗം ചെയ്യുന്ന ഒരു സ്വേച്ഛാധികാരിയല്ല താനെന്ന്‌ ആത്മാർഥഹൃദയരെ ബോധ്യപ്പെടുത്താനായി, ദിവ്യനിയമങ്ങളും തത്ത്വങ്ങളും ഇല്ലാതെ പ്രവർത്തിക്കാൻ ദൈവം സാത്താനെയും മനുഷ്യമത്സരികളെയും അനുവദിച്ചു, ഒരു പരിമിത കാലത്തേക്കു മാത്രം. ദൈവത്തിന്റെ ഭരണവിധം മാത്രമാണ്‌ ശരിയെന്നും അവൻ നമ്മുടെമേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ നമ്മുടെ നന്മയ്‌ക്കുവേണ്ടിയാണെന്നും കാലം തെളിയിക്കുമായിരുന്നു. ദൈവത്തിന്റെ ഭരണത്തിനെതിരായുള്ള മത്സരത്തിന്റെ ദാരുണഫലങ്ങൾ ഇപ്പോൾത്തന്നെ അതിന്റെ സത്യതയ്‌ക്കു സാക്ഷ്യം വഹിച്ചിരിക്കുന്നു. മാത്രമല്ല, ദൈവത്തിന്‌ തന്റേതായ സമയത്ത്‌ മുഴു ദുഷ്ടതയും തുടച്ചുനീക്കാൻ തന്റെ മഹാശക്തി ഉപയോഗിക്കുന്നതിന്‌ സാധുവായ കാരണമുണ്ടെന്നും അവ തെളിയിച്ചിരിക്കുന്നു. അവൻ വളരെ പെട്ടെന്നുതന്നെ സകല ദുഷ്ടതയും തുടച്ചുനീക്കും.​—⁠ഉല്‌പത്തി 18:23-32; ആവർത്തനപുസ്‌തകം 32:4; സങ്കീർത്തനം 37:9, 10, 38.

ദൈവം നടപടി സ്വീകരിക്കുന്നതുവരെ ‘ഒരുപോലെ ഞരങ്ങി ഈറ്റുനോവോടെ’ നാം ഈ അനീതി നിറഞ്ഞ വ്യവസ്ഥിതിയിൽ കുടുങ്ങിക്കിടക്കുകയാണ്‌. (റോമർ 8:22) മാറ്റംവരുത്താനായി നാം എന്തൊക്കെ ചെയ്‌താലും സാത്താനെ നീക്കം ചെയ്യാനോ നമ്മുടെ സകല കഷ്ടപ്പാടുകളുടെയും മൂലകാരണമായ അപൂർണതയെ ഉന്മൂലനം ചെയ്യാനോ നമുക്കാവില്ല. ആദാമിൽനിന്നു കൈമാറിക്കിട്ടിയ പാപത്തിന്റെ ഫലങ്ങളെ ഇല്ലാതാക്കുകയെന്നത്‌ നമ്മുടെ കഴിവിന്‌ തീർത്തും അതീതമാണ്‌.​—⁠സങ്കീർത്തനം 49:7-9.

യേശുക്രിസ്‌തുവിലൂടെ സ്ഥായിയായ മാറ്റങ്ങൾ

പ്രതീക്ഷയ്‌ക്കു യാതൊരു വകയുമില്ലെന്നാണോ ഇതിനർഥം? തീർച്ചയായും അല്ല. സ്ഥായിയായ മാറ്റങ്ങൾ വരുത്താനുള്ള ഉത്തരവാദിത്വം വെറും മർത്യനായ മനുഷ്യനെക്കാൾ വളരെയേറെ ശക്തനായ ഒരു വ്യക്തിയെ ഭരമേൽപ്പിച്ചിരിക്കുകയാണ്‌. ആരാണത്‌? യേശുക്രിസ്‌തു. മനുഷ്യവർഗത്തിന്റെ രക്ഷയ്‌ക്കായി ദൈവം ഉയർത്തിയിരിക്കുന്ന പ്രഭു എന്നു ബൈബിൾ അവനെ വർണിക്കുന്നു.​—⁠പ്രവൃത്തികൾ 5:31.

ദൈവത്തിന്റെ നിയമിത “കാല”ത്തു പ്രവർത്തിക്കാനായി അവൻ ഇപ്പോൾ കാത്തിരിക്കുകയാണ്‌. (വെളിപ്പാടു 11:18) അവൻ എന്തു ചെയ്യും? അവൻ “ദൈവം ലോകാരംഭംമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർമുഖാന്തരം അരുളിച്ചെയ്‌തതു ഒക്കെയും യഥാസ്ഥാനത്താ”ക്കും. (പ്രവൃത്തികൾ 3:21) ഉദാഹരണമായി, യേശു ‘നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും.’ (സങ്കീർത്തനം 72:12-16) യേശുക്രിസ്‌തു മുഖേന “ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യു”മെന്നു ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. (സങ്കീർത്തനം 46:9) “എനിക്കു ദീനം എന്നു” അവന്റെ ശുദ്ധീകരിക്കപ്പെട്ട ഭൂമിയിലെ “യാതൊരു നിവാസിയും പറകയില്ല” എന്നും അവൻ ഉറപ്പുനൽകുന്നു. അന്ധത, ബധിരത, മുടന്ത്‌ എന്നിവയാലും പലവിധ രോഗങ്ങളാലും കഷ്ടപ്പെടുന്ന സകലരും പൂർണ ആരോഗ്യത്തിലേക്കു തിരിച്ചുവരും. (യെശയ്യാവു 33:24; 35:5, 6; വെളിപ്പാടു 21:​3-5) പോയ നൂറ്റാണ്ടുകളിൽ മരിച്ചുപോയിരിക്കുന്നവർപോലും പ്രയോജനം അനുഭവിക്കും. അനീതിക്കും അടിച്ചമർത്തലിനും ഇരകളായവരെ ജീവനിലേക്കു തിരികെ കൊണ്ടുവരുമെന്ന്‌ അവൻ വാഗ്‌ദാനം ചെയ്യുന്നു.​—⁠യോഹന്നാൻ 5:28, 29.

ഭാഗികവും താത്‌കാലികവുമായ ഒരു മാറ്റമായിരിക്കില്ല യേശുക്രിസ്‌തു വരുത്തുന്നത്‌. തികച്ചും നീതിനിഷ്‌ഠമായ ഒരു ലോകത്തിനു വിഘാതമായി നിൽക്കുന്ന സകലതും അവൻ പാടേ നീക്കം ചെയ്യും. അവൻ പാപവും അപൂർണതയും തുടച്ചുനീക്കുകയും പിശാചായ സാത്താനെയും അവന്റെ മത്സരഗതിയിൽ ചരിക്കുന്ന സകലരെയും നശിപ്പിക്കുകയും ചെയ്യും. (വെളിപ്പാടു 19:19, 20; 20:1-3, 10) ദൈവം തത്‌കാലത്തേക്ക്‌ അനുവദിച്ചിരിക്കുന്ന ദുരിതവും കഷ്ടപ്പാടും “രണ്ടാം പ്രാവശ്യം ഉയർന്നുവരികയില്ല.” (നഹൂം 1:​9, NW) ദൈവത്തിന്റെ രാജ്യം വരാനും ദൈവത്തിന്റെ ഇഷ്ടം “സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും” ആകാനുമായി പ്രാർഥിക്കാൻ നമ്മെ പഠിപ്പിച്ചപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്‌ ഇതാണ്‌.​—⁠മത്തായി 6:10.

‘എന്നാൽ “ദരിദ്രർ നിങ്ങൾക്കു എല്ലായ്‌പ്പോഴും അടുക്കെ ഉണ്ടു” എന്നു യേശുതന്നെ പറഞ്ഞില്ലേ? അനീതിയും ദാരിദ്ര്യവും എക്കാലവും ഉണ്ടായിരിക്കുമെന്നല്ലേ അതിനർഥം?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. (മത്തായി 26:11) ദരിദ്രർ എല്ലായ്‌പോഴും ഉണ്ടായിരിക്കുമെന്ന്‌ യേശു പറഞ്ഞു എന്നതു ശരിതന്നെ. എന്നാൽ ഈ വ്യവസ്ഥിതി ഉള്ളിടത്തോളം കാലം ദരിദ്രർ ഉണ്ടായിരിക്കുമെന്നാണ്‌ യേശു അർഥമാക്കിയതെന്ന്‌ അവന്റെ വാക്കുകളുടെ സന്ദർഭവും ഒപ്പം ദൈവവചനത്തിലെ വാഗ്‌ദാനങ്ങളും പ്രകടമാക്കുന്നു. ദാരിദ്ര്യമോ അനീതിയോ ഇല്ലാതാക്കാൻ മനുഷ്യർക്കാർക്കും ഒരിക്കലും കഴിയില്ലെന്ന്‌ അവന്‌ അറിയാമായിരുന്നു. താൻ ഇതിനെല്ലാം മാറ്റം വരുത്തുമെന്നും യേശുവിന്‌ അറിയാമായിരുന്നു. അവൻ പെട്ടെന്നുതന്നെ തികച്ചും പുതുതായ ഒരു വ്യവസ്ഥിതി ആനയിക്കും. വേദന, രോഗം, ദാരിദ്ര്യം, മരണം എന്നിവയില്ലാത്ത ‘പുതിയ ആകാശവും പുതിയ ഭൂമിയും’ ആയിരിക്കും അത്‌.​—⁠2 പത്രൊസ്‌ 3:13; വെളിപ്പാടു 21:⁠1.

‘നന്മചെയ്‌വാൻ മറക്കരുത്‌’

നമ്മളാലാവുന്നതു ചെയ്‌തുകൊണ്ട്‌ മറ്റുള്ളവരെ സഹായിക്കുന്നതിൽ അർഥമില്ലെന്നാണോ ഇതു സൂചിപ്പിക്കുന്നത്‌? ഒരിക്കലും അല്ല. മറ്റുള്ളവർ പരിശോധനകളെയും ദുഷ്‌കരമായ സാഹചര്യങ്ങളെയും അഭിമുഖീകരിക്കുമ്പോൾ അവരെ സഹായിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. “നന്മ ചെയ്‌വാൻ നിനക്കു പ്രാപ്‌തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു” എന്ന്‌ പുരാതന കാലത്തെ രാജാവായിരുന്ന ശലോമോൻ പ്രസ്‌താവിക്കുകയുണ്ടായി. (സദൃശവാക്യങ്ങൾ 3:27) “നന്മചെയ്‌വാനും കൂട്ടായ്‌മകാണിപ്പാനും മറക്കരുതു” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസും ഉദ്‌ബോധിപ്പിച്ചു.​—⁠എബ്രായർ 13:16.

മറ്റുള്ളവരെ സഹായിക്കാനായി നമുക്കു കഴിയുന്നതു ചെയ്യാൻ യേശുക്രിസ്‌തുതന്നെ നമുക്കു പ്രോത്സാഹനം നൽകി. അക്രമത്തിനിരയായി കൊള്ളയടിക്കപ്പെട്ട്‌ കിടക്കുന്ന ഒരു മനുഷ്യനെ കാണാനിടയായ ശമര്യക്കാരന്റെ ദൃഷ്ടാന്തം യേശു ഉപയോഗിച്ചു. ആ മനുഷ്യനെ കണ്ടു “മനസ്സലിഞ്ഞ” ആ ശമര്യക്കാരൻ മുറിവുകൾ വെച്ചുകെട്ടാനും സുഖംപ്രാപിക്കാൻ ആ മനുഷ്യനെ സഹായിക്കാനുമായി തന്റെ വിഭവങ്ങൾ ഉപയോഗിക്കാൻ പ്രേരിതനായെന്ന്‌ യേശു പ്രസ്‌താവിച്ചു. (ലൂക്കൊസ്‌ 10:29-37) അനുകമ്പയുണ്ടായിരുന്ന ആ ശമര്യക്കാരൻ ലോകത്തിനു മാറ്റംവരുത്തിയില്ല, എങ്കിലും മറ്റൊരു മനുഷ്യന്റെ ജീവിതത്തിൽ അദ്ദേഹം വലിയൊരു മാറ്റം വരുത്തുകതന്നെ ചെയ്‌തു. നമുക്കും അതുതന്നെ ചെയ്യാം.

എന്നാൽ യേശുക്രിസ്‌തുവിന്‌ വ്യക്തികളെ സഹായിക്കുന്നതിലധികം ചെയ്യാൻ സാധിക്കും. യഥാർഥത്തിൽ ലോകത്തിനു മാറ്റംവരുത്താനുള്ള കഴിവ്‌ അവനുണ്ട്‌, അവൻ അതു വളരെ പെട്ടെന്നുതന്നെ നടപ്പാക്കുകയും ചെയ്യും. അതു സഫലമാകുമ്പോൾ ഇക്കാലത്തെ അനീതിയുടെ ഇരകൾക്കു ജീവിതം മെച്ചപ്പെടുത്താനും യഥാർഥ സമാധാനവും സുരക്ഷിതത്വവും ആസ്വദിക്കാനും കഴിയും.​—⁠സങ്കീർത്തനം 4:8; 37:10, 11.

അതിനായി കാത്തിരിക്കവേ, ആത്മീയമായും ഭൗതികമായും നമ്മളാലാകുന്ന എന്തു സഹായവും ചെയ്‌തുകൊണ്ട്‌ ഈ ലോകത്തിലെ അനീതികൾക്ക്‌ ഇരയായ എല്ലാവർക്കും “നന്മ” ചെയ്യുന്നതിൽ നമുക്ക്‌ ഒരിക്കലും മടി കാണിക്കാതിരിക്കാം.​—⁠ഗലാത്യർ 6:⁠10.

[5-ാം പേജിലെ ചിത്രങ്ങൾ]

നഴ്‌സിങ്‌ രംഗത്ത്‌ ഫ്‌ളോറൻസ്‌ നൈറ്റിംഗേൽ ശ്രദ്ധേയ മാറ്റങ്ങൾ വരുത്തി

[കടപ്പാട്‌]

Courtesy National Library of Medicine

[7-ാം പേജിലെ ചിത്രങ്ങൾ]

ക്രിസ്‌തുവിന്റെ അനുഗാമികൾ മറ്റുള്ളവർക്കു നന്മ ചെയ്യുന്നു

[4-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

The Star, Johannesburg, S.A.