ദൈവത്തോടുകൂടെ നടക്കാൻ ഹോശേയ പ്രവചനം നമ്മെ സഹായിക്കുന്നു
ദൈവത്തോടുകൂടെ നടക്കാൻ ഹോശേയ പ്രവചനം നമ്മെ സഹായിക്കുന്നു
“യഹോവയുടെ പിന്നാലെ അവർ നടക്കും.”—ഹോശേയ 11:10.
1. ഹോശേയയുടെ പുസ്‌തകത്തിൽ എന്തു പ്രതീകാത്മക നാടകം അവതരിപ്പിച്ചിരിക്കുന്നു?
മികച്ച കഥാപാത്രങ്ങളും ഉദ്വേഗജനകമായ ഇതിവൃത്തവും ഉള്ള നാടകങ്ങൾ നിങ്ങൾക്ക് ഇഷ്ടമാണോ? ഹോശേയ എന്ന ബൈബിൾ പുസ്‌തകത്തിൽ ഒരു പ്രതീകാത്മക നാടകം അവതരിപ്പിച്ചിരിക്കുന്നു. * അത് ദൈവത്തിന്റെ പ്രവാചകനായിരുന്ന ഹോശേയയുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നു. മോശൈക ന്യായപ്രമാണ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ യഹോവയ്‌ക്ക് പുരാതന ഇസ്രായേലുമായി ഉണ്ടായിരുന്ന പ്രതീകാത്മക ദാമ്പത്യവുമായി അതു ബന്ധപ്പെട്ടിരിക്കുന്നു.
2. ഹോശേയയെക്കുറിച്ച് നമുക്ക് എന്തെല്ലാം അറിയാം?
2 ഈ നാടകത്തിന്റെ പശ്ചാത്തല വിവരണം ഹോശേയ 1-ാം അധ്യായത്തിലാണുള്ളത്. ഹോശേയ പത്തുഗോത്ര ഇസ്രായേൽ (അതിലെ പ്രമുഖ ഗോത്രമായ എഫ്രയീമിന്റെ പേരിലും ഈ രാജ്യം അറിയപ്പെടുന്നു) നിവാസിയായിരുന്നിരിക്കണം. ഇസ്രായേലിലെ അവസാനത്തെ ഏഴു രാജാക്കന്മാരുടെയും ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്‌കീയാവ് എന്നീ യെഹൂദാരാജാക്കന്മാരുടെയും കാലത്താണ് അവൻ പ്രവചിച്ചിരുന്നത്. (ഹോശേയ 1:1) അപ്പോൾ ഹോശേയ കുറഞ്ഞത് 59 വർഷം പ്രവചിച്ചിട്ടുണ്ട്. അവന്റെ നാമം വഹിക്കുന്ന പുസ്‌തകം പൊതുയുഗത്തിനുമുമ്പ് (പൊ.യു.മു.) 745-നുശേഷം ഏറെ വൈകാതെ പൂർത്തിയായി. എങ്കിലും, “യഹോവയുടെ പിന്നാലെ അവർ നടക്കും” എന്ന പ്രവചനത്തിനു ചേർച്ചയിൽ ലക്ഷക്കണക്കിന് ആളുകൾ ജീവിക്കുന്ന ഇക്കാലത്തും അതിലെ വിവരങ്ങൾ പ്രസക്തമാണ്.—ഹോശേയ 11:10.
ഒരു അവലോകനം എന്തു വെളിപ്പെടുത്തുന്നു?
3, 4. ഹോശേയ 1 മുതൽ 5 വരെയുള്ള അധ്യായങ്ങളുടെ രത്‌നച്ചുരുക്കം എന്ത്?
3 ഹോശേയ 1 മുതൽ 5 വരെയുള്ള അധ്യായങ്ങളുടെ ഒരു ഹ്രസ്വ അവലോകനം, ദൈവത്തിൽ വിശ്വസിക്കുകയും അവന്റെ ഹിതപ്രകാരം ജീവിക്കുകയും ചെയ്‌തുകൊണ്ട് അവനോടുകൂടെ നടക്കാനുള്ള നമ്മുടെ തീരുമാനത്തെ ബലിഷ്‌ഠമാക്കും. ഇസ്രായേൽ രാജ്യത്തിലെ ജനങ്ങൾ ആത്മീയ വ്യഭിചാരം സംബന്ധിച്ചു കുറ്റക്കാരായിരുന്നെങ്കിലും യഥാർഥ അനുതാപം പ്രകടമാക്കുന്നെങ്കിൽ ദൈവം അവരോടു ക്ഷമിക്കുമായിരുന്നു. ഹോശേയ തന്റെ ഭാര്യയായ ഗോമറിനോട് ഇടപെട്ട വിധത്താൽ ഇതു ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അവന്റെ ഒരു കുട്ടിയെ പ്രസവിച്ചശേഷം അവൾക്കു രണ്ടു ജാരസന്തതികൾ ജനിച്ചു. എന്നിട്ടും അവൻ അവളെ സ്വീകരിച്ചു, അനുതാപമുള്ള ഇസ്രായേല്യരോടു കരുണ കാണിക്കാൻ മനസ്സൊരുക്കം കാണിച്ച യഹോവയെപ്പോലെ.—ഹോശേയ 1:1-3:5.
4 ദേശത്ത് സത്യമോ സ്‌നേഹദയയോ ദൈവപരിജ്ഞാനമോ ഇല്ലാത്തതിനാൽ യഹോവയ്‌ക്ക് ഇസ്രായേല്യരുമായി ഒരു വ്യവഹാരം ഉണ്ടായിരുന്നു. വിഗ്രഹാരാധികളായ ഇസ്രായേല്യരോടും വഴിപിഴച്ച യെഹൂദാനിവാസികളോടും അവൻ കണക്കുചോദിക്കുമായിരുന്നു. “കഷ്ടതയിൽ” ആകുമ്പോൾ ദൈവജനം യഹോവയെ അന്വേഷിക്കുമായിരുന്നു.—ഹോശേയ 4:1-5:15.
നാടകത്തിനു തിരശ്ശീല ഉയരുന്നു
5, 6. (എ) പത്തുഗോത്ര ഇസ്രായേൽ രാജ്യത്ത് പരസംഗം എത്രത്തോളം വ്യാപകമായിരുന്നു? (ബി) പുരാതന ഇസ്രായേലിനു നൽകിയ മുന്നറിയിപ്പ് നമ്മെ സംബന്ധിച്ചു പ്രാധാന്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
5 യഹോവ ഹോശേയയോട് ഇപ്രകാരം കൽപ്പിച്ചു: “നീ ചെന്നു പരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്ക; ദേശം യഹോവയെ ഹോശേയ 1:2) പത്തുഗോത്ര ഇസ്രായേൽ രാജ്യത്ത് പരസംഗം എത്രത്തോളം വ്യാപകമായിരുന്നു? “പരസംഗമോഹം അവരെ ഭ്രമിപ്പിക്കുന്നു; അവർ തങ്ങളുടെ ദൈവത്തെ വിട്ടു പരസംഗം ചെയ്യുന്നു. . . . നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നു; നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിക്കുന്നു. . . . അവർ തന്നേ [“പുരുഷന്മാർതന്നെ,” പി.ഒ.സി. ബൈബിൾ] വേശ്യാസ്‌ത്രീകളോടുകൂടെ വേറിട്ടുപോകയും ദേവദാസികളോടുകൂടെ ബലികഴിക്കയും ചെയ്യുന്നു.”—ഹോശേയ 4:12-14.
വിട്ടുമാറി കഠിന പരസംഗം ചെയ്‌തിരിക്കുന്നുവല്ലോ.” (6 ജഡികവും ആത്മീയവും ആയ പരസംഗം ഇസ്രായേലിൽ വ്യാപകമായിരുന്നു. അതുകൊണ്ട് ഇസ്രായേല്യരോടു കണക്കുതീർക്കാനായി യഹോവ അവരെ സന്ദർശിക്കുമായിരുന്നു. (ഹോശേയ 1:4; 4:9) ഈ മുന്നറിയിപ്പിനു നമ്മെ സംബന്ധിച്ചും പ്രാധാന്യമുണ്ട്. ഇന്ന് അധാർമികതയിലും അശുദ്ധമായ ആരാധനയിലും ഏർപ്പെടുന്നവരോട് യഹോവ കണക്കുതീർക്കുകതന്നെ ചെയ്യും. എന്നാൽ ദൈവത്തോടുകൂടെ നടക്കുന്നവർ ശുദ്ധാരാധന സംബന്ധിച്ച അവന്റെ നിലവാരങ്ങളനുസരിച്ചു പ്രവർത്തിക്കുന്നു. ‘ദുർന്നടപ്പുകാരന് ക്രിസ്‌തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല’ എന്ന് അവർക്കറിയാം.—എഫെസ്യർ 5:5; യാക്കോബ് 1:27.
7. ഹോശേയയും ഗോമറും തമ്മിലുള്ള വിവാഹം എന്തിനെ പ്രതീകപ്പെടുത്തി?
7 ഹോശേയ ഗോമറിനെ വിവാഹം കഴിക്കുമ്പോൾ അവൾ കന്യകയായിരുന്നുവെന്നതു വ്യക്തമാണ്. അവന് “ഒരു മകനെ പ്രസവി”ക്കുന്നതുവരെ അവൾ വിശ്വസ്‌തയുമായിരുന്നു. (ഹോശേയ 1:3) പ്രതീകാത്മക നാടകത്തിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ, പൊ.യു.മു. 1513-ൽ ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്ന് ഇസ്രായേല്യരെ മോചിപ്പിച്ച് അധികം താമസിയാതെ ദൈവം അവരുമായി ഒരു ഉടമ്പടി ചെയ്യുകയുണ്ടായി. അത് നിർമലമായ ഒരു വിവാഹ ഉടമ്പടിക്കു സമാനമായിരുന്നു. ഉടമ്പടിയോടു യോജിക്കുകവഴി ഇസ്രായേൽ, “ഭർത്താ”വായ യഹോവയോടു വിശ്വസ്‌തത പുലർത്തിക്കൊള്ളാമെന്നു വാക്കുകൊടുത്തു. (യെശയ്യാവു 54:5) അതേ, ഹോശേയയും ഗോമറും തമ്മിലുള്ള നിർമലമായ വിവാഹം, ദൈവവും ഇസ്രായേലുമായുള്ള ആലങ്കാരിക വിവാഹത്തെ പ്രതീകപ്പെടുത്തി. എന്നാൽ അവസ്ഥകൾ എത്ര മാറിപ്പോയി!
8. പത്തുഗോത്ര ഇസ്രായേൽ രാജ്യം നിലവിൽവന്നത് എങ്ങനെ, അവിടത്തെ ആരാധനയെക്കുറിച്ച് എന്തു പറയാൻ കഴിയും?
8 ഹോശേയയുടെ ഭാര്യ “പിന്നെയും ഗർഭംധരിച്ചു ഒരു മകളെ പ്രസവിച്ചു.” ആ മകളും പിന്നീടു ജനിച്ച മകനും പരസംഗത്തിൽ ജനിച്ചതായിരിക്കാനാണു സാധ്യത. (ഹോശേയ 1:6, 8) ഗോമർ ഇസ്രായേലിനെ ചിത്രീകരിക്കുന്നതിനാൽ നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം: ‘ഇസ്രായേൽ എങ്ങനെയാണു വേശ്യാവൃത്തിയിൽ ഏർപ്പെട്ടത്?’ പൊ.യു.മു. 997-ൽ ഇസ്രായേലിലെ പത്തുഗോത്രങ്ങൾ തെക്കൻ ഗോത്രങ്ങളായ യെഹൂദായിൽനിന്നും ബെന്യാമീനിൽനിന്നും വേർപെട്ടു. യഹോവയെ ആരാധിക്കാൻ ആളുകൾ യെരൂശലേമിലെ ആലയത്തിലേക്കു പോകാതിരിക്കാനായി പെട്ടെന്നുതന്നെ വടക്കേ രാജ്യമായ പത്തുഗോത്ര ഇസ്രായേലിൽ കാളക്കുട്ടിയാരാധന ആരംഭിച്ചു. മദിരോത്സവങ്ങൾ ഉൾപ്പെട്ട ബാൽ ആരാധനയും ഇസ്രായേലിൽ ആഴത്തിൽ വേരുറച്ചു.
9. ഹോശേയ 1:6 മുൻകൂട്ടിപ്പറഞ്ഞപ്രകാരം ഇസ്രായേലിന് എന്തു സംഭവിച്ചു?
9 ഗോമറിന്, സാധ്യതയനുസരിച്ച് അവിഹിതബന്ധത്തിലൂടെ രണ്ടാമത്തെ കുട്ടി പിറന്നപ്പോൾ ദൈവം ഹോശേയയോട് ഇങ്ങനെ പറഞ്ഞു: “അവൾക്കു ലോരൂഹമാ എന്നു പേർ വിളിക്ക; കാരണം ഞാൻ മേലാൽ ഇസ്രായേൽഗൃഹത്തോടു കരുണ കാണിക്കയില്ല, ഞാൻ തീർച്ചയായും അവരെ പിടിച്ചുകൊണ്ടുപോകും.” (ഹോശേയ 1:6, NW) പൊ.യു.മു. 740-ൽ അസ്സീറിയക്കാർ ഇസ്രായേല്യരെ അടിമകളാക്കി കൊണ്ടുപോയപ്പോൾ 6-ാം വാക്യത്തിന്റെ അവസാന ഭാഗം നിവൃത്തിയേറി. എന്നിരുന്നാലും രണ്ടുഗോത്ര യെഹൂദാരാജ്യത്തോട് ദൈവം കരുണ കാണിക്കുകയും വില്ല്, വാൾ, യുദ്ധം, കുതിര, കുതിരച്ചേവകർ എന്നിവയൊന്നും ഉപയോഗിക്കാതെ അവളെ രക്ഷിക്കുകയും ചെയ്‌തു. (ഹോശേയ 1:7) യെഹൂദായുടെ തലസ്ഥാന നഗരമായ യെരൂശലേമിനു ഭീഷണി ഉയർത്തിയ 1,85,000 അസ്സീറിയൻ സൈനികരെ ഒരൊറ്റ ദൂതൻ ഒരു രാത്രികൊണ്ടു വധിച്ചു.—2 രാജാക്കന്മാർ 19:35.
ഇസ്രായേലിനെതിരെയുള്ള യഹോവയുടെ വ്യവഹാരം
10. ഗോമറിന്റെ വഴിപിഴച്ച ഗതി എന്തിനെ ചിത്രീകരിച്ചു?
10 ഹോശേയയെ വിട്ടുപോയ ഗോമർ മറ്റൊരു പുരുഷനോടുകൂടെ ജീവിച്ചുകൊണ്ട് “പരസംഗം ചെയ്യുന്ന . . . ഭാര്യ” ആയിത്തീർന്നു. ഇത് ഇസ്രായേൽ രാജ്യം ഹോശേയ 1:2; 2:2, 12, 13.
വിഗ്രഹാരാധികളായ രാഷ്‌ട്രങ്ങളുമായി സഖ്യങ്ങളിൽ ഏർപ്പെട്ടുകൊണ്ട് അവരിൽ ആശ്രയം വെച്ചുതുടങ്ങിയതിനെ ചിത്രീകരിച്ചു. തങ്ങൾ ആസ്വദിച്ച ഭൗതിക സമൃദ്ധിക്കുള്ള മഹത്ത്വം യഹോവയ്‌ക്കു കൊടുക്കുന്നതിനു പകരം ജനതകളുടെ ദൈവങ്ങൾക്കു കൊടുത്ത ഇസ്രായേൽ, വ്യാജാരാധനയിൽ ഏർപ്പെട്ടുകൊണ്ട് ദൈവവുമായുള്ള വിവാഹ ഉടമ്പടി ലംഘിച്ചു. ആത്മീയ വ്യഭിചാരം ചെയ്‌ത ജനതയ്‌ക്കെതിരെ യഹോവ വ്യവഹാരം നടത്തുന്നതിൽ അത്ഭുതമില്ല!—11. ഇസ്രായേലും യെഹൂദായും അടിമത്തത്തിലേക്കു പോകാൻ യഹോവ അനുവദിച്ചപ്പോൾ ന്യായപ്രമാണ ഉടമ്പടിക്ക് എന്തു സംഭവിച്ചു?
11 ‘ഭർത്താവിനെ’ ഉപേക്ഷിച്ചുപോയ ഇസ്രായേലിന് എന്തു വിലയൊടുക്കേണ്ടിവന്നു? പൊ.യു.മു. 740-ൽ ഇസ്രായേല്യരെ പ്രവാസികളാക്കിയ അസ്സീറിയയെ ബാബിലോൺ കീഴടക്കിയപ്പോൾ, ബാബിലോൺ ആകുന്ന “മരുഭൂമി”യിലേക്ക് അവൾ പോകാൻ ദൈവം ഇടയാക്കി. (ഹോശേയ 2:14) അങ്ങനെ പത്തുഗോത്ര രാജ്യം കാലയവനികയ്‌ക്കുള്ളിൽ മറയാൻ യഹോവ അനുവദിച്ചെങ്കിലും പന്ത്രണ്ടുഗോത്ര ഇസ്രായേൽ രാജ്യവുമായി ആദ്യം ചെയ്‌ത വിവാഹ ഉടമ്പടി അവൻ അസാധുവാക്കിയില്ല. പൊ.യു.മു. 607-ൽ യെരൂശലേം ബാബിലോണ്യരാൽ നശിപ്പിക്കപ്പെടാനും യെഹൂദായിലെ ജനങ്ങൾ അടിമകളായിത്തീരാനും ദൈവം അനുവദിച്ചുവെന്നതു ശരിതന്നെ. എങ്കിലും പന്ത്രണ്ടുഗോത്ര രാജ്യവുമായി താൻ ചെയ്‌ത വിവാഹ ഉടമ്പടിയുടെ അടിസ്ഥാനമായ മോശൈക ന്യായപ്രമാണം അവൻ അപ്പോഴും നിലനിറുത്തി. യഹൂദ നേതാക്കന്മാർ യേശുക്രിസ്‌തുവിനെ തള്ളിക്കളയുകയും പൊതുയുഗം 33-ൽ അവനെ വധിക്കുകയും ചെയ്‌തതിനുശേഷമാണ് ആ ബന്ധം ഇല്ലാതായത്.—കൊലൊസ്സ്യർ 2:14.
യഹോവ ഇസ്രായേലിനെ ബുദ്ധിയുപദേശിക്കുന്നു
12, 13. ഹോശേയ 2:6-8-ന്റെ ഉള്ളടക്കം എന്ത്, ആ വാക്കുകൾ ഇസ്രായേലിനു ബാധകമായത് എങ്ങനെ?
12 “വ്യഭിചാരം നീക്കിക്കള”യാൻ ദൈവം ഇസ്രായേലിനെ ഉദ്‌ബോധിപ്പിച്ചു. പക്ഷേ, അവൾ ജാരന്മാരോടൊപ്പം പോകാൻ ആഗ്രഹിച്ചു. (ഹോശേയ 2:2, 5) അതുകൊണ്ട് യഹോവ ഇങ്ങനെ അരുളിച്ചെയ്‌തു: “ഞാൻ നിന്റെ വഴിയെ മുള്ളുകൊണ്ടു വേലി കെട്ടി അടെക്കും; അവൾ തന്റെ പാതകളെ കണ്ടെത്താതവണ്ണം ഞാൻ ഒരു മതിൽ ഉണ്ടാക്കും. അവൾ ജാരന്മാരെ പിന്തുടരും; എങ്കിലും അവരോടു ഒപ്പം എത്തുകയില്ല; അവൾ അവരെ അന്വേഷിക്കും, കണ്ടെത്തുകയില്ലതാനും; അപ്പോൾ അവൾ: ഞാൻ എന്റെ ആദ്യത്തെ ഭർത്താവിന്റെ അടുക്കൽ മടങ്ങിപ്പോകും; ഇന്നത്തേക്കാൾ അന്നു എനിക്കു ഏറെ നന്നായിരുന്നുവല്ലോ എന്നു പറയും. അവൾക്കു ധാന്യവും വീഞ്ഞും എണ്ണയും നല്‌കിയതും ബാലിന്നു വേണ്ടി ഉപയോഗിച്ച അവളുടെ വെള്ളിയും പൊന്നും വർദ്ധിപ്പിച്ചതും ഞാൻ എന്നു അവൾ അറിഞ്ഞില്ല.”—ഹോശേയ 2:6-8.
13 ഇസ്രായേൽ, തന്റെ “ജാരന്മാ”രുടെ സഹായം തേടിയെങ്കിലും അവർക്കാർക്കും അവളെ സഹായിക്കാൻ കഴിഞ്ഞില്ല. ഭേദിച്ചു കടക്കാനാകാത്ത ഒരു വേലിക്കുള്ളിലെന്നപോലെ ആയിരുന്നു അവൾ. അതുകൊണ്ട് അവളെ ഒരുവിധത്തിലും സഹായിക്കാൻ അവർക്കായില്ല. അസ്സീറിയക്കാർ അവളുടെ തലസ്ഥാന നഗരമായ ശമര്യ ഉപരോധിച്ചു. മൂന്നുവർഷത്തിനുശേഷം, പൊ.യു.മു. 740-ൽ ശമര്യ കീഴടക്കപ്പെട്ടു. പിന്നീടൊരിക്കലും പത്തുഗോത്ര രാജ്യം പുനഃസ്ഥിതീകരിക്കപ്പെട്ടില്ല. തങ്ങളുടെ പൂർവപിതാക്കന്മാർ യഹോവയെ സേവിച്ചിരുന്നപ്പോൾ സാഹചര്യം എത്ര നന്നായിരുന്നെന്ന് ഇസ്രായേല്യരിൽ ചിലർ മാത്രം തിരിച്ചറിയുമായിരുന്നു. ഇസ്രായേല്യരുടെ ആ ശേഷിപ്പ് ബാലിനെ ആരാധിക്കാൻ വിസമ്മതിക്കുകയും യഹോവയുമായി പുതുക്കപ്പെട്ട ഒരു ഉടമ്പടി ബന്ധത്തിൽ പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു.
പ്രാവചനിക നാടകത്തിന്റെ മറ്റൊരു വശം
14. ഹോശേയ ഗോമറുമായുള്ള ദാമ്പത്യ ബന്ധം പുനരാരംഭിച്ചത് എന്തുകൊണ്ട്?
14 ഹോശേയയുടെ ദാമ്പത്യവും ഇസ്രായേലിന് യഹോവയുമായുണ്ടായിരുന്ന ബന്ധവും തമ്മിലുള്ള താരതമ്യം കൂടുതൽ നന്നായി മനസ്സിലാക്കുന്നതിന് ഈ വാക്കുകൾ പരിചിന്തിക്കുക: “അനന്തരം യഹോവ എന്നോടു: നീ ഇനിയും ചെന്നു ഒരു ജാരനാൽ സ്‌നേഹിക്കപ്പെട്ടു വ്യഭിചാരിണിയായിരിക്കുന്ന സ്‌ത്രീയെ സ്‌നേഹിച്ചുകൊണ്ടിരിക്ക എന്നു കല്‌പിച്ചു.” (ഹോശേയ 3:1) യഹോവയുടെ കൽപ്പന അനുസരിച്ചുകൊണ്ട് ഹോശേയ, ഗോമറിനോടൊപ്പം കഴിഞ്ഞിരുന്ന പുരുഷനിൽനിന്ന് അവളെ വീണ്ടെടുത്തു. തുടർന്ന് ഹോശേയ ഭാര്യക്കു ശക്തമായ ഭാഷയിൽ ഇങ്ങനെ താക്കീതു നൽകി: “നീ ബഹുകാലം അടങ്ങിപ്പാർക്കേണം; പരസംഗം ചെയ്‌കയോ മറ്റൊരു പുരുഷന്നു പരിഗ്രഹമായിരിക്കയോ അരുത്.” (ഹോശേയ 3:2, 3) ഗോമർ ശിക്ഷണത്തോട് അനുകൂലമായി പ്രതികരിച്ചു, ഹോശേയ അവളുമായുള്ള ദാമ്പത്യബന്ധം പുനരാരംഭിക്കുകയും ചെയ്‌തു. ഇത് ഇസ്രായേലിലെയും യെഹൂദായിലെയും ജനങ്ങളോടുള്ള യഹോവയുടെ ഇടപെടലിനു ബാധകമായത് എങ്ങനെ?
15, 16. (എ) ദൈവത്താൽ ശിക്ഷണം ലഭിച്ച യഹൂദ ജനതയ്‌ക്കു കരുണ ലഭിച്ചത് ഏതു സാഹചര്യത്തിൽ? (ബി) ഹോശേയ 2:18 നിവൃത്തിയേറിയത് എങ്ങനെ?
15 ഇസ്രായേലിൽനിന്നും യെഹൂദായിൽനിന്നും ഉള്ള പ്രവാസികൾ ബാബിലോണിൽ അടിമത്തത്തിൽ കഴിയവേ, യഹോവ പ്രവാചകന്മാരെ ഉപയോഗിച്ച് അവരോടു “ഹൃദ്യമായി” സംസാരിച്ചു. ദൈവത്തിന്റെ കരുണ ലഭിക്കുന്നതിന് അവർ അനുതാപം പ്രകടിപ്പിച്ചു ഗോമറിനെപ്പോലെ ‘ഭർത്താവിന്റെ’ അടുത്തേക്കു മടങ്ങിച്ചെല്ലണമായിരുന്നു. അപ്പോൾ യഹോവ, ശിക്ഷണം ലഭിച്ച തന്റെ ഭാര്യാസമാന ജനതയെ ബാബിലോൺ ആകുന്ന “മരുഭൂമി”യിൽനിന്നു വിടുവിച്ച് യെഹൂദായിലേക്കും യെരൂശലേമിലേക്കും തിരികെ വരുത്തുമായിരുന്നു. (ഹോശേയ 2:14, 15) പൊ.യു.മു. 537-ൽ അവൻ ആ വാഗ്‌ദാനം നിവർത്തിച്ചു.
16 ദൈവം ഈ വാഗ്‌ദാനവും നിറവേറ്റി: “അന്നാളിൽ ഞാൻ അവർക്കു വേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; ഞാൻ വില്ലും വാളും യുദ്ധവും ഭൂമിയിൽനിന്നുനീക്കി, അവരെ നിർഭയം വസിക്കുമാറാക്കും.” (ഹോശേയ 2:18) സ്വദേശത്തേക്കു മടങ്ങിയ യഹൂദ ശേഷിപ്പിന് മൃഗങ്ങളെ ഭയപ്പെടേണ്ടതായി വന്നില്ല, അവർ നിർഭയം വസിച്ചു. ഈ പ്രവചനത്തിന് 1919-ലും ഒരു നിവൃത്തിയുണ്ടായി. വ്യാജമത ലോകസാമ്രാജ്യമായ ‘മഹാബാബിലോണിന്റെ’ അടിമത്തത്തിൽനിന്ന് ആത്മീയ ഇസ്രായേലിന്റെ ശേഷിപ്പ് സ്വതന്ത്രരായപ്പോൾ അതു സംഭവിച്ചു. ഇന്ന് അവർ സുരക്ഷിതമായി വസിക്കുകയും ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്ന തങ്ങളുടെ സഹകാരികളോടൊത്ത് ഒരു ആത്മീയ പറുദീസയിൽ ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു. സത്യക്രിസ്‌ത്യാനികളായ ഇവരുടെയിടയിൽ മൃഗീയ വാസനകൾക്കു സ്ഥാനമില്ല.—വെളിപ്പാടു 14:8; യെശയ്യാവു 11:6-9; ഗലാത്യർ 6:16.
പാഠം ഉൾക്കൊള്ളുക
17-19. (എ) ദൈവത്തിന്റെ ഏതെല്ലാം ഗുണങ്ങൾ അനുകരിക്കാനാണു നമുക്ക് ഇപ്പോൾ ഉദ്‌ബോധനം ലഭിച്ചത്? (ബി) യഹോവയുടെ കരുണയും അനുകമ്പയും നമ്മെ എങ്ങനെ സ്വാധീനിക്കണം?
17 ദൈവം കാരുണ്യവാനും അനുകമ്പയുള്ളവനും ആണ്, നാമും അങ്ങനെ ആയിരിക്കണം. ഹോശേയപുസ്‌തകത്തിന്റെ ആദ്യ അധ്യായങ്ങൾ നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമാണ് ഇത്. (ഹോശേയ 1:6, 7; 2:23) അനുതപിച്ച ഇസ്രായേല്യരോടു കരുണ കാണിക്കാനുള്ള ദൈവത്തിന്റെ മനസ്സൊരുക്കം പിൻവരുന്ന നിശ്വസ്‌ത സദൃശവാക്യത്തിനു ചേർച്ചയിലാണ്: “തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും.” (സദൃശവാക്യങ്ങൾ 28:13) അനുതാപമുള്ള ദുഷ്‌പ്രവൃത്തിക്കാർക്ക് സങ്കീർത്തനക്കാരന്റെ വാക്കുകളും ആശ്വാസദായകമാണ്: “ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.”—സങ്കീർത്തനം 51:17.
18 ഹോശേയയുടെ പ്രവചനം നാം ആരാധിക്കുന്ന ദൈവത്തിന്റെ അനുകമ്പയും കരുണയും പ്രദീപ്‌തമാക്കുന്നു. ചിലർ അവന്റെ നീതിപാതകളിൽനിന്നു വ്യതിചലിച്ചുപോയാലും അവർക്ക് അനുതപിച്ചു തിരികെ വരാനാകും. അങ്ങനെ ചെയ്യുന്നെങ്കിൽ യഹോവ അവരെ സങ്കീർത്തനം 78:38-41) ആർദ്രാനുകമ്പയുള്ള നമ്മുടെ ദൈവത്തോടുകൂടെ നടക്കാൻ ആ കരുണ നമ്മെ പ്രേരിപ്പിക്കണം.
സ്വാഗതം ചെയ്യും. താൻ പ്രതീകാത്മക വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഇസ്രായേൽ ജനതയിലെ അനുതാപമുള്ള വ്യക്തികളോട് ദൈവം കരുണ കാണിച്ചു. അവർ യഹോവയോട് അനുസരണക്കേടു കാണിക്കുകയും “ഇസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പി”ക്കുകയും മറ്റൊരു വിധത്തിൽ പറഞ്ഞാൽ വേദനിപ്പിക്കുകയും ചെയ്‌തു, എങ്കിലും “അവർ ജഡമത്രേ” എന്ന് ഓർത്ത് അവൻ അവരോടു കാരുണ്യപൂർവം ഇടപെട്ടു. (19 കൊലപാതകം, മോഷണം, വ്യഭിചാരം തുടങ്ങിയ പാപങ്ങൾ ഇസ്രായേലിൽ വ്യാപകമായിരുന്നെങ്കിലും യഹോവ അവരോട് “ഹൃദ്യമായി” സംസാരിച്ചു. (ഹോശേയ 2:14; 4:2) യഹോവയുടെ കരുണയെയും അനുകമ്പയെയും കുറിച്ചു ധ്യാനിക്കുമ്പോൾ ആ ഗുണങ്ങൾ നമ്മുടെ ഹൃദയങ്ങളെ സ്‌പർശിക്കുകയും അങ്ങനെ യഹോവയോടുള്ള നമ്മുടെ അടുപ്പം ബലിഷ്‌ഠമാകുകയും ചെയ്യേണ്ടതാണ്. അതുകൊണ്ട് നമുക്കു നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘മറ്റുള്ളവരോടുള്ള ഇടപെടലിൽ യഹോവയുടെ കരുണ എനിക്ക് എങ്ങനെ മെച്ചമായി അനുകരിക്കാൻ കഴിയും? എനിക്ക് ഇടർച്ചയുണ്ടാക്കിയ ഒരു സഹക്രിസ്‌ത്യാനി ക്ഷമ ചോദിക്കുന്നെങ്കിൽ ദൈവം ചെയ്‌തതുപോലെ ക്ഷമിക്കാൻ ഞാൻ സന്നദ്ധനാണോ?’—സങ്കീർത്തനം 86:5.
20. ദൈവം നൽകുന്ന പ്രത്യാശയിൽ നമുക്ക് ഉറപ്പുണ്ടായിരിക്കണമെന്നു കാണിക്കുന്ന ഒരു ഉദാഹരണം പറയുക.
20 ദൈവം യഥാർഥ പ്രത്യാശ നൽകുന്നു. ഉദാഹരണത്തിന് അവൻ ഇങ്ങനെ വാഗ്‌ദാനം ചെയ്‌തു: “അവിടെനിന്നു ഞാൻ അവൾക്കു . . . പ്രത്യാശയുടെ വാതിലായി ആഖോർതാഴ്‌വരയെയും കൊടുക്കും.” (ഹോശേയ 2:15) യഹോവയുടെ പുരാതനകാലത്തെ ഭാര്യാസമാന സംഘടനയ്‌ക്ക് “ആഖോർതാഴ്‌വര” സ്ഥിതിചെയ്യുന്ന തങ്ങളുടെ സ്വദേശത്തേക്കു മടങ്ങിപ്പോകുന്നതിനുള്ള ഉറപ്പായ പ്രത്യാശ ഉണ്ടായിരുന്നു. പൊ.യു.മു. 537-ൽ ആ പ്രവചനം നിറവേറിയത്, യഹോവ നമ്മുടെ മുമ്പാകെ വെച്ചിരിക്കുന്ന ഉറപ്പുള്ള പ്രത്യാശയിൽ സന്തോഷിക്കുന്നതിന് ഈടുറ്റ കാരണം നൽകുന്നു.
21. ദൈവത്തോടുകൂടെ നടക്കുന്നതിൽ പരിജ്ഞാനം എന്തു പങ്കുവഹിക്കുന്നു?
21 ദൈവത്തോടൊപ്പം നടക്കുന്നതിന് നാം അവനെക്കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുന്നതിലും അതു ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിലും തുടരേണ്ടതുണ്ട്. ഇസ്രായേലിൽ യഹോവയെക്കുറിച്ചുള്ള പരിജ്ഞാനം ഒട്ടുംതന്നെ ഇല്ലായിരുന്നു. (ഹോശേയ 4:1, 6) എന്നിട്ടും ചിലർ ദിവ്യബോധനത്തെ വളരെയധികം വിലമതിക്കുകയും തദനുസരണം പ്രവർത്തിക്കുകയും വലിയ അളവിൽ അനുഗ്രഹം പ്രാപിക്കുകയും ചെയ്‌തു. ഹോശേയ അവരിലൊരാളായിരുന്നു. ഏലീയാവിന്റെ കാലത്തു ബാലിനെ ആരാധിക്കാതിരുന്ന 7,000 പേരും അക്കൂട്ടത്തിൽപ്പെടുന്നു. (1 രാജാക്കന്മാർ 19:18; റോമർ 11:1-4) ദൈവത്തിന്റെ പഠിപ്പിക്കലുകളോടു നന്ദിയുള്ളവരായിരിക്കുന്നത് അവനോടുകൂടെ നടക്കാൻ നമ്മെ സഹായിക്കും.—സങ്കീർത്തനം 119:66; യെശയ്യാവു 30:20, 21.
22. വിശ്വാസത്യാഗത്തെ നാം എങ്ങനെ വീക്ഷിക്കണം?
22 തന്റെ ജനത്തിനിടയിൽ നേതൃത്വം വഹിക്കുന്നവർ വിശ്വാസത്യാഗത്തെ ചെറുക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. ഹോശേയ 5:1 പറയുന്നു: “പുരോഹിതന്മാരേ, കേൾപ്പിൻ; യിസ്രായേൽഗൃഹമേ, ചെവിക്കൊൾവിൻ; രാജഗൃഹമേ, ചെവിതരുവിൻ: നിങ്ങൾ മിസ്‌പെക്കു ഒരു കെണിയും താബോരിന്മേൽ വിരിച്ച വലയും ആയിത്തീർന്നിരിക്കകൊണ്ടു ന്യായവിധി നിങ്ങൾക്കു വരുന്നു.” ഇസ്രായേല്യരെ സംബന്ധിച്ചിടത്തോളം വിശ്വാസത്യാഗികളായ നേതാക്കന്മാർ കെണിയും വലയും ആയിരുന്നു. അവർ വിഗ്രഹാരാധനയിലേക്ക് അവരെ വശീകരിച്ചിരുന്നു. താബോർ പർവതവും മിസ്‌പ എന്ന സ്ഥലവും അത്തരം വ്യാജാരാധനയുടെ കേന്ദ്രങ്ങൾ ആയിരുന്നിരിക്കണം.
23. ഹോശേയ 1 മുതൽ 5 വരെയുള്ള അധ്യായങ്ങൾ പരിചിന്തിച്ചതിൽനിന്ന് നിങ്ങൾ എങ്ങനെ പ്രയോജനം അനുഭവിച്ചിരിക്കുന്നു?
23 യഹോവ കാരുണ്യവാനും പ്രത്യാശ നൽകുന്നവനും ആണെന്ന് ഹോശേയ പ്രവചനത്തിൽനിന്നു പരിചിന്തിച്ച ഭാഗങ്ങൾ നമുക്കു കാണിച്ചുതരുന്നു. മാത്രമല്ല, തന്റെ പ്രബോധനം പ്രാവർത്തികമാക്കുകയും വിശ്വാസത്യാഗത്തെ ചെറുക്കുകയും ചെയ്യുന്നവരെ അവൻ അനുഗ്രഹിക്കുന്നുവെന്നും അതു വ്യക്തമാക്കുന്നു. അതുകൊണ്ട് പൂർവകാലത്തെ അനുതാപമുള്ള ഇസ്രായേല്യരെപ്പോലെ നമുക്കും യഹോവയെ അന്വേഷിക്കുകയും എല്ലായ്‌പോഴും അവനെ പ്രസാദിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യാം. (ഹോശേയ 5:15) അങ്ങനെ ചെയ്യുന്നതിനാൽ നാം നന്മ കൊയ്യുകയും ദൈവത്തോടുകൂടെ നടക്കുന്ന എല്ലാവരും അനുഭവിക്കുന്ന അനുപമമായ സന്തോഷവും സമാധാനവും ആസ്വദിക്കുകയും ചെയ്യും.—സങ്കീർത്തനം 100:2; ഫിലിപ്പിയർ 4:6, 7.
[അടിക്കുറിപ്പ്]
^ ഖ. 1 ഗലാത്യർ 4:21-26-ൽ ഒരു പ്രതീകാത്മക നാടകം അവതരിപ്പിച്ചിട്ടുണ്ട്. അതു സംബന്ധിച്ചു മനസ്സിലാക്കുന്നതിന് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്) രണ്ടാം വാല്യത്തിന്റെ 693-4 പേജുകൾ കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• ഗോമറുമായുള്ള ഹോശേയയുടെ വിവാഹബന്ധം എന്തിനെ പ്രതീകപ്പെടുത്തി?
• യഹോവയ്‌ക്ക് ഇസ്രായേലുമായി ഒരു വ്യവഹാരം ഉണ്ടായിരുന്നത് എന്തുകൊണ്ട്?
• ഹോശേയ 1 മുതൽ 5 വരെയുള്ള അധ്യായങ്ങളിലെ ഏതു പാഠമാണ് നിങ്ങളെ ആകർഷിച്ചത്?
[അധ്യയന ചോദ്യങ്ങൾ]
[18-ാം പേജിലെ ചിത്രം]
ഹോശേയയുടെ ഭാര്യ ആരെയാണു പ്രതിനിധാനം ചെയ്യുന്നതെന്ന് നിങ്ങൾക്ക് അറിയാമോ?
[19-ാം പേജിലെ ചിത്രം]
പൊ.യു.മു. 740-ൽ അസ്സീറിയക്കാർ ശമര്യനിവാസികളെ കീഴടക്കി
[20-ാം പേജിലെ ചിത്രം]
സന്തുഷ്ടജനം സ്വദേശത്തേക്കു മടങ്ങുന്നു