ദൈവത്തോടുകൂടെ നടക്കുക, നന്മ കൊയ്യുക
ദൈവത്തോടുകൂടെ നടക്കുക, നന്മ കൊയ്യുക
“അവർ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും.”—ഹോശേയ 8:7.
1. നമുക്ക് യഹോവയോടുകൂടെ നടക്കാൻ കഴിയുന്നത് എങ്ങനെ?
പരിചയസമ്പന്നനായ ഒരു വഴികാട്ടി കൂടെയുണ്ടെങ്കിൽ അപകടം പതിയിരിക്കുന്ന ഒരു പ്രദേശത്തുകൂടെയുള്ള യാത്ര ഏറെ സുരക്ഷിതമായിരിക്കും. ഒറ്റയ്‌ക്കു പോകുന്നതിനെക്കാൾ അത്തരമൊരു വഴികാട്ടിയോടുകൂടെ നടക്കുന്നതായിരിക്കും ബുദ്ധി. ഇത് ചില വിധങ്ങളിൽ ഇന്നത്തെ നമ്മുടെ സാഹചര്യത്തെ ദൃഷ്ടാന്തീകരിക്കുന്നു. പ്രതീകാത്മകമായി പറഞ്ഞാൽ, ഈ ദുഷ്ടലോകമാകുന്ന മരുഭൂമിയിലൂടെയുള്ള പ്രയാണത്തിൽ നമ്മെ വഴിനയിക്കുമെന്ന് യഹോവ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. നമ്മുടെ കാലടികളെ സ്വയം നയിക്കാൻ ശ്രമിക്കുന്നതിനു പകരം അവനോടുകൂടെ നടക്കുന്നതാണ് ജ്ഞാനപൂർവകമായ ഗതി. നമുക്ക് എങ്ങനെയാണ് ദൈവത്തോടുകൂടെ നടക്കാൻ കഴിയുക? തന്റെ വചനത്തിലൂടെ അവൻ നൽകുന്ന മാർഗനിർദേശങ്ങൾ പിൻപറ്റിക്കൊണ്ട് നമുക്ക് അങ്ങനെ ചെയ്യാൻ കഴിയും.
2. ഈ ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
2 ഹോശേയ 1 മുതൽ 5 വരെയുള്ള അധ്യായങ്ങളിലെ പ്രാവചനിക നാടകം മുൻ ലേഖനം ചർച്ചചെയ്‌തു. നാം കണ്ടുകഴിഞ്ഞതുപോലെ, ദൈവത്തോടുകൂടെ നടക്കാൻ നമ്മെ സഹായിക്കുന്ന പ്രായോഗിക പാഠങ്ങൾ ആ നാടകത്തിലുണ്ട്. ഇപ്പോൾ നമുക്ക് 6 മുതൽ 9 വരെയുള്ള അധ്യായങ്ങളിലെ ഏതാനും വിശേഷാശയങ്ങൾ പരിചിന്തിക്കാം. ഈ നാല് അധ്യായങ്ങളുടെ ഒരു അവലോകനത്തോടെ തുടങ്ങുന്നതു നന്നായിരിക്കും.
ഹ്രസ്വമായ ഒരു അവലോകനം
3. ഹോശേയ 6 മുതൽ 9 വരെയുള്ള അധ്യായങ്ങളിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ ചുരുക്കിപ്പറയുക.
3 ഇസ്രായേലിലെ പത്തുഗോത്ര വടക്കേ രാജ്യത്തു പ്രവചിക്കുന്നതിനു വേണ്ടിയാണ് ഹോശേയയെ പ്രധാനമായും യഹോവ അയച്ചത്. ആ ജനത ദൈവത്തെ തള്ളിക്കളഞ്ഞിരുന്നു. യഹോവയുമായുള്ള ഉടമ്പടി ലംഘിച്ചുകൊണ്ടും ദുഷ്‌പ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ടും ജനം അവിശ്വസ്‌തത കാണിച്ചതായി 6 മുതൽ 9 വരെയുള്ള അധ്യായങ്ങൾ പ്രകടമാക്കുന്നു. (ഹോശേയ 6:7) യഹോവയുടെ പക്കലേക്കു തിരികെ ചെല്ലുന്നതിനു പകരം അവർ ലൗകിക സഖ്യങ്ങളെ ആശ്രയിച്ചു. അവർ തിന്മ വിതച്ചുകൊണ്ടിരുന്നതിനാൽ അതുതന്നെ കൊയ്യുമായിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, പ്രതികൂല ന്യായവിധി ആസന്നമായിരുന്നു. എന്നിരുന്നാലും, ഹോശേയയുടെ പ്രവചനത്തിൽ ഹൃദയോഷ്‌മളമായ ഒരു സന്ദേശവും അടങ്ങിയിരിക്കുന്നു. ഹൃദയംഗമമായ അനുതാപം പ്രകടമാക്കുന്നപക്ഷം, യഹോവയുടെ പക്കലേക്കു തിരിച്ചുവരാനും കരുണ നേടാനും കഴിയുമെന്ന് അതു ജനത്തിന് ഉറപ്പുനൽകി.
4. ഹോശേയയുടെ പ്രവചനത്തിൽനിന്നുള്ള ഏതു പ്രായോഗിക പാഠങ്ങൾ നാം പരിചിന്തിക്കും?
4 ദൈവത്തോടുകൂടെ നടക്കാൻ നമ്മെ സഹായിക്കുന്ന കൂടുതലായ മാർഗനിർദേശം ഹോശേയ പ്രവചനത്തിന്റെ ഈ നാല് അധ്യായങ്ങൾ നമുക്കു നൽകുന്നു. പ്രായോഗികമായ നാലു ഗുണപാഠങ്ങൾ നമുക്കു പരിചിന്തിക്കാം: (1) യഥാർഥ അനുതാപം പ്രകടമാകുന്നത് പ്രവൃത്തികളിലൂടെയാണ്, കേവലം വാക്കുകളിലൂടെയല്ല; (2) യാഗങ്ങൾകൊണ്ടുമാത്രം ദൈവത്തെ പ്രസാദിപ്പിക്കാനാവില്ല; (3) തന്റെ ആരാധകർ തന്നെ ഉപേക്ഷിച്ചു പോകുന്നത് യഹോവയെ വേദനിപ്പിക്കുന്നു; (4) നന്മ കൊയ്യണമെങ്കിൽ നാം നന്മ വിതയ്‌ക്കണം.
യഥാർഥ അനുതാപം പ്രകടമാകുന്നത് എങ്ങനെ?
5. ഹോശേയ 6:1-3-ൽ പ്രതിപാദിച്ചിരിക്കുന്ന മുഖ്യ ആശയം എന്ത്?
5 ഹോശേയ പ്രവചനം അനുതാപത്തെയും കരുണയെയും കുറിച്ചു വളരെയേറെ കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഹോശേയ 6:1-3-ൽ നാം ഇപ്രകാരം വായിക്കുന്നു: “വരുവിൻ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവൻ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവൻ സൌഖ്യമാക്കും; അവൻ നമ്മെ അടിച്ചിരിക്കുന്നു; അവൻ മുറിവു കെട്ടും. രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവൻ നമ്മെ എഴുന്നേല്‌പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും. നാം അറിഞ്ഞുകൊൾക; യഹോവയെ അറിവാൻ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളതു; അവൻ മഴപോലെ, ഭൂമിയെ നനെക്കുന്ന പിൻമഴപോലെ തന്നേ, നമ്മുടെ അടുക്കൽ വരും.”
6-8. ഇസ്രായേല്യരുടെ അനുതാപത്തിന് എന്തായിരുന്നു കുഴപ്പം?
ഹോശേയ 6:4) ദൈവജനത്തിന്റെ പരിതാപകരമായ ആത്മീയാവസ്ഥയുടെ എത്ര വലിയ തെളിവ്! സൂര്യൻ ഉദിക്കുന്നതോടെ അപ്രത്യക്ഷമാകുന്ന പ്രഭാതമഞ്ഞുപോലെ സ്‌നേഹദയ അഥവാ വിശ്വസ്‌തസ്‌നേഹം മിക്കവാറും ഇല്ലാതായിരുന്നു. ജനം അനുതാപം നടിച്ചെങ്കിലും, കരുണ കാണിക്കാനുള്ള അടിസ്ഥാനം യഹോവയ്‌ക്കു കാണാൻ കഴിഞ്ഞില്ല. എന്തായിരുന്നു പ്രശ്‌നം?
6 ഈ വാക്കുകൾ ആരുടേതാണ്? ഈ പ്രസ്‌താവനകൾ അവിശ്വസ്‌ത ഇസ്രായേലിന്റേതാണെന്നും വഴിപിഴച്ച ആ ജനം അനുതാപം നടിച്ചുകൊണ്ട് ദൈവത്തിന്റെ കരുണയെ മുതലെടുക്കുകയായിരുന്നെന്നും ചിലർ അഭിപ്രായപ്പെടുന്നു. യഹോവയിലേക്കു മടങ്ങിവരാൻ ജനത്തോടു യാചിച്ചുകൊണ്ടുള്ള പ്രവാചകനായ ഹോശേയയുടെ വാക്കുകളാണ് അവ എന്നാണ് മറ്റു ചിലർ പറയുന്നത്. ആ വാക്കുകൾ ആരുടേതുമായിക്കൊള്ളട്ടെ, ഇപ്പോൾ നിർണായക ചോദ്യം ഇതാണ്: ‘യഥാർഥ അനുതാപം പ്രകടമാക്കിക്കൊണ്ട് പത്തുഗോത്ര ഇസ്രായേൽ രാജ്യത്തിലെ മിക്കവരും യഹോവയുടെ പക്കലേക്കു മടങ്ങിവന്നോ? ഇല്ല എന്നതാണ് ഉത്തരം. യഹോവ ഹോശേയയിലൂടെ പറയുന്നു: “എഫ്രയീമേ, ഞാൻ നിനക്കു എന്തു ചെയ്യേണ്ടു? യെഹൂദയേ, ഞാൻ നിനക്കു എന്തു ചെയ്യേണ്ടു? നിങ്ങളുടെ വാത്സല്യം [“സ്‌നേഹദയ,” NW] പ്രഭാതമേഘംപോലെയും പുലർച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.” (7 ഇസ്രായേലിന്റെ അനുതാപം യഥാർഥത്തിൽ ഹൃദയത്തിൽനിന്നുള്ളതല്ലായിരുന്നു. ജനത്തോട് യഹോവയ്‌ക്കുള്ള അപ്രീതിയെക്കുറിച്ച് ഹോശേയ 7:14 പറയുന്നു: “അവർ ഹൃദയപൂർവ്വം എന്നോടു നിലവിളിക്കാതെ കിടക്കയിൽവെച്ചു മുറയിടുന്നു.” 16-ാം വാക്യം പറയുന്നതുപോലെ “അവർ തിരിയുന്നു, മേലോട്ട് അല്ലതാനും” അതായത് ശ്രേഷ്‌ഠമായ ആരാധനാരീതിയിലേക്കല്ല അവർ തിരിഞ്ഞത്. യഹോവയുമായുള്ള ബന്ധം നേരെയാക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് അവന്റെ ശ്രേഷ്‌ഠമായ ആരാധനയിലേക്കു മടങ്ങിവരാൻ അവർക്കു മനസ്സില്ലായിരുന്നു. അതേ, ദൈവത്തോടുകൂടെ നടക്കാൻ അവർ യഥാർഥത്തിൽ ആഗ്രഹിച്ചില്ല.
8 ഇസ്രായേലിന്റെ അനുതാപത്തിനു മറ്റൊരു പ്രശ്‌നംകൂടെ ഉണ്ടായിരുന്നു: ജനം അപ്പോഴും പാപം ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു. വഞ്ചന, കൊലപാതകം, മോഷണം, വിഗ്രഹാരാധന, മറ്റു രാജ്യങ്ങളുമായി ജ്ഞാനപൂർവകമല്ലാത്ത സഖ്യങ്ങളിൽ ഏർപ്പെടൽ തുടങ്ങിയ കാര്യങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നു. ഹോശേയ 7:4-ൽ അവരെ ‘അപ്പക്കൂടിനോട്’ അഥവാ അപ്പച്ചൂളയോട് ഉപമിച്ചിരിക്കുന്നു. ദുഷിച്ച മോഹങ്ങൾ അവരിൽ ജ്വലിച്ചുകൊണ്ടിരുന്നതിനാലാണ് അത്. അധഃപതിച്ച അത്തരമൊരു ആത്മീയാവസ്ഥ കണക്കിലെടുക്കുമ്പോൾ, അവർ കരുണയ്‌ക്ക് അർഹരായിരുന്നോ? തീർച്ചയായും അല്ല! യഹോവ “അവരുടെ അകൃത്യം ഓർത്തു അവരുടെ പാപം സന്ദർശിക്കു”മെന്ന് ഹോശേയ മത്സരികളായ ആ ജനത്തോടു പറയുന്നു. (ഹോശേയ 9:9) അവർക്കു കരുണ ലഭിക്കുമായിരുന്നില്ല!
9. അനുതാപത്തെയും കരുണയെയും കുറിച്ചു ഹോശേയയുടെ വാക്കുകൾ നമ്മെ എന്താണു പഠിപ്പിക്കുന്നത്?
9 ഹോശേയയുടെ വാക്കുകൾ വായിക്കവേ, അനുതാപത്തെയും കരുണയെയും കുറിച്ചു നാം എന്താണു പഠിക്കുന്നത്? യഹോവയുടെ കരുണയിൽനിന്നു പ്രയോജനം നേടുന്നതിന് നാം ഹൃദയംഗമമായ അനുതാപം പ്രകടമാക്കണമെന്ന് അവിശ്വസ്‌ത ഇസ്രായേലിന്റെ മുന്നറിയിപ്പിൻ ദൃഷ്ടാന്തം നമ്മെ പഠിപ്പിക്കുന്നു. അത്തരം അനുതാപം എങ്ങനെയാണു പ്രകടമാകുന്നത്? കണ്ണീരുകൊണ്ടോ കേവലം വാക്കുകൾകൊണ്ടോ യഹോവയെ കബളിപ്പിക്കാനാവില്ല. യഥാർഥ അനുതാപത്തിന് പ്രവൃത്തികളുടെ പിൻബലം ഉണ്ടായിരിക്കണം. ഒരു ദുഷ്‌പ്രവൃത്തിക്കാരൻ തന്റെ പാപപൂർണമായ ഗതി അപ്പാടെ വെടിയുകയും തന്റെ ജീവിതം യഹോവയുടെ അതിശ്രേഷ്‌ഠ ആരാധനയുടെ
ഉന്നത നിലവാരങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരുകയും ചെയ്‌താൽ മാത്രമേ അയാൾക്കു കരുണ ലഭിക്കുകയുള്ളൂ.യാഗങ്ങൾകൊണ്ടുമാത്രം യഹോവയെ പ്രസാദിപ്പിക്കാനാവില്ല
10, 11. ഇസ്രായേല്യരുടെ കാര്യത്തിലെന്നപോലെ, യാഗങ്ങൾകൊണ്ടുമാത്രം യഹോവയെ പ്രസാദിപ്പിക്കാനാവാത്തത് എന്തുകൊണ്ട്?
10 യഹോവയോടുകൂടെ നടക്കാൻ സഹായിക്കുന്ന രണ്ടാമത്തെ ഗുണപാഠം നമുക്കു പരിചിന്തിക്കാം. യാഗങ്ങൾകൊണ്ടുമാത്രം യഹോവയെ പ്രസാദിപ്പിക്കാനാവില്ല എന്നതാണ് അത്. ഹോശേയ 6:6-ൽ യഹോവ ഇങ്ങനെ പറയുന്നു: “യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.” ദൈവപരിജ്ഞാനത്തിലും ഹൃദയത്തിന്റെ ഒരു ഗുണമായ സ്‌നേഹദയയിലും അഥവാ വിശ്വസ്‌ത സ്‌നേഹത്തിലും ആണ് യഹോവ പ്രസാദിക്കുന്നത് എന്നതു ശ്രദ്ധിക്കുക. എന്നാൽ ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ വിചാരിച്ചേക്കാം: ‘യഹോവ “യാഗ”ത്തിലും “ഹോമയാഗ”ങ്ങളിലും പ്രസാദിക്കുന്നില്ല എന്ന് ഈ വാക്യം പറയുന്നത് എന്തുകൊണ്ടാണ്? മോശൈക ന്യായപ്രമാണത്തിൽ അവ ആവശ്യപ്പെട്ടിരുന്നതല്ലേ?’
11 ന്യായപ്രമാണത്തിൻകീഴിൽ യാഗങ്ങളും വഴിപാടുകളും ആവശ്യമായിരുന്നു എന്നതു ശരിതന്നെ. എന്നാൽ ഹോശേയയുടെ കാലത്തു ജീവിച്ചിരുന്ന ഇസ്രായേല്യരിൽ ചിലർക്കു ഗുരുതരമായ ഒരു പ്രശ്‌നമുണ്ടായിരുന്നു. ഭക്തിയുടെ പരിവേഷം നൽകി വെറുമൊരു കടമയെന്നപോലെ അവർ വഴിപാടുകൾ അർപ്പിക്കുകയായിരുന്നു. അതോടൊപ്പം അവർ പാപം ചെയ്‌തുകൊണ്ടിരുന്നു. അവരുടെ ഹൃദയത്തിൽ വിശ്വസ്‌ത സ്‌നേഹം ഇല്ലെന്ന് അവരുടെ പാപപ്രവൃത്തികൾ സൂചിപ്പിച്ചു. ദൈവപരിജ്ഞാനത്തിനു വിരുദ്ധമായി ജീവിച്ചുകൊണ്ട് ആ പരിജ്ഞാനം തള്ളിക്കളഞ്ഞിരിക്കുന്നെന്ന് അവർ പ്രകടമാക്കി. ഉചിതമായ ഹൃദയനിലയില്ലാത്ത, നേരായ ജീവിതം നയിക്കാത്ത ആളുകളുടെ യാഗങ്ങൾക്ക് എന്തു വിലയാണുള്ളത്? വാസ്‌തവത്തിൽ, അവരുടെ യാഗങ്ങൾ ദൈവദൃഷ്ടിയിൽ നിന്ദ്യമായിരുന്നു!
12. ഹോശേയ 6:6 ഇന്നത്തെ ആളുകൾക്ക് എന്തു മുന്നറിയിപ്പു നൽകുന്നു?
12 ഹോശേയയുടെ വാക്കുകൾ പള്ളിയിൽ പോകുന്നവരായ ഇന്നത്തെ അനേകർക്കും ഒരു മുന്നറിയിപ്പിൻ പാഠം നൽകുന്നു. മതപരമായ ആചാരങ്ങളുടെ രൂപത്തിൽ അവർ ദൈവത്തിനു യാഗമർപ്പിക്കുന്നു. എങ്കിലും അവരുടെ ആരാധനയ്‌ക്ക് അവരുടെ ദൈനംദിന ജീവിതത്തിന്മേൽ യഥാർഥ സ്വാധീനമില്ല. ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനം നേടാനും പാപപ്രവൃത്തികളിൽനിന്നു പിന്തിരിഞ്ഞുകൊണ്ട് ആ പരിജ്ഞാനം ബാധകമാക്കാനും ഹൃദയം അവരെ പ്രേരിപ്പിക്കുന്നില്ലെങ്കിൽ അവർ യഥാർഥത്തിൽ ദൈവത്തെ പ്രസാദിപ്പിക്കുകയാണെന്നു പറയാനാകുമോ? മതപരമായ പ്രവൃത്തികളിലൂടെ മാത്രം ദൈവത്തെ പ്രസാദിപ്പിക്കാമെന്ന് ആരും ചിന്തിക്കാതിരിക്കട്ടെ. യഹോവയുടെ വചനത്തിനു ചേർച്ചയിൽ ജീവിതം നയിക്കാതെ കേവലം ബാഹ്യമായ അനുഷ്‌ഠാനങ്ങളിലൂടെ അവന്റെ അംഗീകാരം പിടിച്ചുപറ്റാൻ ശ്രമിക്കുന്നവരിൽ അവൻ തെല്ലും പ്രസാദിക്കുന്നില്ല.—2 തിമൊഥെയൊസ് 3:5.
13. നാം ഏതുതരം യാഗങ്ങളാണ് അർപ്പിക്കുന്നത്, എന്നാൽ അവയുടെ മൂല്യം സംബന്ധിച്ച് നാം എന്തു മനസ്സിൽപ്പിടിക്കണം?
13 യാഗങ്ങൾകൊണ്ടുമാത്രം യഹോവയെ പ്രസാദിപ്പിക്കാനാവില്ലെന്ന വസ്‌തുത സത്യക്രിസ്‌ത്യാനികളായ നാം മനസ്സിൽപ്പിടിക്കുന്നു. നാം ദൈവത്തിനു മൃഗബലികൾ അർപ്പിക്കുന്നില്ലെന്നതു ശരിതന്നെ. എങ്കിലും “നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്‌തോത്രയാഗം ഇടവിടാതെ അർപ്പിക്കു”ന്നുണ്ട്. (എബ്രായർ 13:15) ഹോശേയയുടെ നാളിലെ പാപികളായ ഇസ്രായേല്യരെപ്പോലെ നാം പ്രവർത്തിക്കാതിരിക്കുന്നത് അതിപ്രധാനമാണ്. അതേ, ദൈവത്തിന് ആത്മീയ യാഗങ്ങൾ അർപ്പിച്ചുകൊണ്ട് ദുഷ്‌പ്രവൃത്തികൾക്കു പ്രായശ്ചിത്തം ചെയ്യാമെന്ന് നാം ഒരിക്കലും വിചാരിക്കരുത്. രഹസ്യമായി ലൈംഗിക അധാർമികതയിൽ ഏർപ്പെട്ടിരുന്ന ഒരു യുവതിയുടെ കാര്യമെടുക്കുക. അവൾ പിന്നീട് ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “ചെയ്‌തുകൊണ്ടിരുന്ന തെറ്റിനു പ്രായശ്ചിത്തമാകുമെന്നു വിചാരിച്ചുകൊണ്ട് ഞാൻ വയൽശുശ്രൂഷയിലെ പങ്കു വർധിപ്പിച്ചു.” അത് വഴിപിഴച്ച ഇസ്രായേല്യർ ചെയ്യാൻ ശ്രമിച്ചതിനു സമാനമാണ്. ശരിയായ ആന്തരവും ദൈവിക നടത്തയും ഉണ്ടെങ്കിൽ മാത്രമേ യഹോവയ്‌ക്കു നാം അർപ്പിക്കുന്ന സ്‌തുതിയാഗം അവനു സ്വീകാര്യമാകൂ.
തന്റെ ആരാധകർ തന്നെ ഉപേക്ഷിച്ചു പോകുന്നത് യഹോവയെ വേദനിപ്പിക്കുന്നു
14. ഹോശേയയുടെ പ്രവചനം ദൈവത്തിന്റെ വികാരങ്ങൾ സംബന്ധിച്ച് എന്തു വെളിപ്പെടുത്തുന്നു?
14 ആരാധകർ തന്നെ ഉപേക്ഷിച്ചു പോകുമ്പോൾ യഹോവയ്‌ക്ക് എന്തു തോന്നുന്നു എന്നതാണ് ഹോശേയ 6 മുതൽ 9 വരെയുള്ള അധ്യായങ്ങൾ നമ്മെ പഠിപ്പിക്കുന്ന മൂന്നാമത്തെ പാഠം. യഹോവയ്‌ക്ക് ശക്തവും മൃദുലവും ആയ വികാരങ്ങളുണ്ട്. പാപം ചെയ്‌ത വ്യക്തികൾ അനുതപിക്കുമ്പോൾ സന്തോഷത്തിന്റെയും അനുകമ്പയുടെയും മൃദുലവികാരങ്ങൾ അവൻ പ്രകടമാക്കുന്നു. എന്നാൽ തന്റെ ദാസർ അനുതാപം ഇല്ലാത്തവരായിത്തീരുന്നപക്ഷം അവൻ ശക്തവും സുനിശ്ചിതവും ആയ നടപടികൾ സ്വീകരിക്കുന്നു. ദൈവത്തിനു നമ്മുടെ ക്ഷേമത്തിൽ അതിയായ താത്‌പര്യമുള്ളതിനാൽ നാം വിശ്വസ്‌തമായി അവനോടുകൂടെ നടക്കുമ്പോൾ അവൻ സന്തോഷിക്കുന്നു. “യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു” അഥവാ ആനന്ദിക്കുന്നു എന്ന് സങ്കീർത്തനം 149:4 പറയുന്നു. എന്നാൽ തന്റെ ദാസർ അവിശ്വസ്‌തരായിത്തീരുമ്പോൾ യഹോവയ്‌ക്ക് എന്താണു തോന്നുന്നത്?
15. ഹോശേയ 6:7 അനുസരിച്ച് ചില ഇസ്രായേല്യരുടെ പ്രവർത്തനം എങ്ങനെയുള്ളതായിരുന്നു?
15 അവിശ്വസ്‌ത ഇസ്രായേല്യരെ പരാമർശിച്ചുകൊണ്ട് യഹോവ പറയുന്നു: “എന്നാൽ അവർ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവർ എന്നോടു വിശ്വാസപാതകം ചെയ്‌തിരിക്കുന്നു.” (ഹോശേയ 6:7) ‘വിശ്വാസപാതകം ചെയ്യുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പ്രയോഗത്തിന് ‘വഞ്ചിക്കുക, അവിശ്വസ്‌തത കാണിക്കുക’ എന്നും അർഥമുണ്ട്. തങ്ങളുടെ വിവാഹ ഇണകളോട് വിശ്വാസവഞ്ചന കാണിച്ച ഇസ്രായേല്യരുടെ അവിശ്വസ്‌ത നടത്തയെ പ്രതിപാദിക്കാൻ മലാഖി 2:10-16-ൽ ഇതേ എബ്രായപദംതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഹോശേയ 6:7-ലെ ഈ പദപ്രയോഗത്തെക്കുറിച്ച് ഒരു പരാമർശകൃതി പറയുന്നത് “അതു ദാമ്പത്യത്തോടു ബന്ധപ്പെട്ട ഒരു രൂപകാലങ്കാരം” ആണെന്നാണ്. ആ കൃതി തുടർന്ന് ഇങ്ങനെ പറയുന്നു: “അത് ഈ ബന്ധത്തിന് ഒരു വ്യക്തിബന്ധത്തിന്റെ സവിശേഷതകൾ കൈവരുത്തുന്നു. . . . സ്‌നേഹം എന്ന ഗുണം അവമതിക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തെ അതു സൂചിപ്പിക്കുന്നു.”
16, 17. ദൈവവുമായുള്ള ഉടമ്പടിയോടു ബന്ധപ്പെട്ട് ഇസ്രായേൽ പ്രവർത്തിച്ചത് എങ്ങനെ? (ബി) നമ്മുടെ പ്രവൃത്തികൾ സംബന്ധിച്ച് നാം എന്ത് ഓർക്കേണ്ടതുണ്ട്?
16 ഇസ്രായേൽ ജനതയുമായുള്ള ഉടമ്പടി നിമിത്തം യഹോവ ആ ജനതയെ തന്റെ ഭാര്യയെന്ന് പ്രതീകാത്മകമായി വിളിക്കുകയുണ്ടായി. അതുകൊണ്ട് അവർ ആ ഉടമ്പടിയിലെ വ്യവസ്ഥകൾ ലംഘിച്ചത് വ്യഭിചാരം ചെയ്‌തതിനു തുല്യമായിരുന്നു. ദൈവം ഒരു വിശ്വസ്‌ത ഭർത്താവിനെപ്പോലെയായിരുന്നു, എന്നാൽ അവന്റെ ജനം അവനെ ത്യജിച്ചുകളഞ്ഞു!
17 നമ്മെ സംബന്ധിച്ചെന്ത്? നാം ദൈവത്തോടുകൂടെ നടക്കുന്നുണ്ടോ എന്നതിൽ അവൻ തത്‌പരനാണ്. 1 യോഹന്നാൻ 4:16) നാം തെറ്റായ വഴിയിലൂടെ നടക്കുമ്പോൾ അത് യഹോവയെ വേദനിപ്പിക്കുമെന്നു മാത്രമല്ല, നിശ്ചയമായും അത് അവനെ അപ്രീതിപ്പെടുത്തുകയും ചെയ്യും. ഈ വസ്‌തുത മനസ്സിൽപ്പിടിക്കുന്നത്, പ്രലോഭനങ്ങൾക്കു വഴിപ്പെടുന്നതിനെതിരെയുള്ള ശക്തമായ സംരക്ഷണമായിരിക്കാൻ കഴിയും.
“ദൈവം സ്‌നേഹം” ആണെന്നും നമ്മുടെ പ്രവൃത്തികൾ അവന്റെ വികാരങ്ങളെ സ്വാധീനിക്കുമെന്നും നാം എല്ലായ്‌പോഴും ഓർക്കണം. (നമുക്കു നന്മ കൊയ്യാൻ കഴിയുന്ന വിധം
18, 19. ഹോശേയ 8:7-ൽനിന്ന് നാം ഏതു തത്ത്വം മനസ്സിലാക്കുന്നു, ഇസ്രായേല്യരുടെ കാര്യത്തിൽ ആ തത്ത്വം സത്യമെന്നു തെളിഞ്ഞത് എങ്ങനെ?
18 ഹോശേയയുടെ പ്രവചനത്തിൽനിന്നുള്ള നാലാമത്തെ പാഠം നമുക്കു നോക്കാം. നമുക്കു നന്മ കൊയ്യാൻ കഴിയുന്ന വിധം സംബന്ധിച്ചുള്ളതാണ് ഇത്. ഇസ്രായേല്യരെക്കുറിച്ചും അവരുടെ അവിശ്വസ്‌ത ഗതി എത്ര ബുദ്ധിഹീനവും നിഷ്‌ഫലവും ആയിരുന്നു എന്നതിനെക്കുറിച്ചും ഹോശേയ എഴുതുന്നു: “അവർ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും.” (ഹോശേയ 8:7) നാം മനസ്സിൽപ്പിടിക്കേണ്ട ഒരു തത്ത്വമാണ് പ്രവാചകൻ ഇവിടെ പ്രസ്‌താവിക്കുന്നത്. നാം ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളും നമുക്കു പിന്നീടു സംഭവിക്കുന്ന കാര്യങ്ങളും തമ്മിൽ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. അവിശ്വസ്‌ത ഇസ്രായേല്യരുടെ കാര്യത്തിൽ ഈ തത്ത്വം സത്യമായിത്തീർന്നത് എങ്ങനെ?
19 പാപം ചെയ്‌തുകൊണ്ട് ആ ഇസ്രായേല്യർ ദുഷ്ടത വിതയ്‌ക്കുകയായിരുന്നു. പ്രത്യാഘാതങ്ങൾ കൊയ്യാതെ അവർക്ക് അതിൽ തുടരാനാകുമായിരുന്നോ? അവർ പ്രതികൂല ന്യായവിധിയിൽനിന്നു രക്ഷപ്പെടുമായിരുന്നില്ല. ഹോശേയ 8:13 പറയുന്നു: “ഇപ്പോൾ അവൻ [യഹോവ] അവരുടെ അകൃത്യം ഓർത്തു അവരുടെ പാപം സന്ദർശിക്കും.” ഹോശേയ 9:17 ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അവർ എന്റെ ദൈവത്തെ അനുസരിക്കായ്‌കകൊണ്ടു അവൻ അവരെ തള്ളിക്കളയും; അവർ ജാതികളുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.” അതേ, പാപങ്ങൾ നിമിത്തം യഹോവ അവരെ സന്ദർശിച്ച് അവരോടു കണക്കു ചോദിക്കും. അവർ തിന്മ വിതച്ചതിനാൽ തിന്മതന്നെ കൊയ്യും. പൊ.യു.മു. 740-ൽ അസ്സീറിയക്കാർ പത്തുഗോത്ര ഇസ്രായേലിനെ പരാജയപ്പെടുത്തി അതിലെ നിവാസികളെ അടിമത്തത്തിലേക്കു കൊണ്ടുപോയപ്പോൾ അവർക്കെതിരെയുള്ള ദൈവത്തിന്റെ ന്യായവിധി നടപ്പാക്കപ്പെട്ടു.
20. ഇസ്രായേല്യരുടെ അനുഭവം നമ്മെ എന്തു പഠിപ്പിക്കുന്നു?
20 ഇസ്രായേല്യരുടെ അനുഭവം നമ്മെ ഒരു അടിസ്ഥാന തത്ത്വം പഠിപ്പിക്കുന്നു: വിതയ്‌ക്കുന്നതുതന്നെ നാം കൊയ്യും. ദൈവവചനം നമുക്ക് ഈ മുന്നറിയിപ്പു നൽകുന്നു: “വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.” (ഗലാത്യർ 6:7) തിന്മയാണു നാം വിതയ്‌ക്കുന്നതെങ്കിൽ തിന്മതന്നെയായിരിക്കും നാം കൊയ്യുന്നത്. ഉദാഹരണത്തിന്, അധാർമിക ജീവിതം നയിക്കുന്നവർ അതിന്റെ തിക്തഫലങ്ങൾ കൊയ്യും. അനുതാപമില്ലാതെ പാപഗതിയിൽ തുടരുന്ന ഒരുവന് കയ്‌പേറിയ അനുഭവങ്ങൾതന്നെ ആയിരിക്കും ഫലം.
21. നമുക്ക് നന്മ കൊയ്യാൻ സാധിക്കുന്നത് എങ്ങനെ?
21 ആ സ്ഥിതിക്ക്, നമുക്ക് എങ്ങനെയാണു നന്മ കൊയ്യാനാകുക? ലളിതമായ ഒരു ദൃഷ്ടാന്തത്തിലൂടെ അതിന് ഉത്തരം നൽകാൻ കഴിയും. നെല്ല് കൊയ്യാൻ ആഗ്രഹിക്കുന്ന ഒരു കർഷകൻ ഗോതമ്പ് വിതയ്‌ക്കുമോ? തീർച്ചയായും ഇല്ല! കൊയ്യാൻ ആഗ്രഹിക്കുന്നതെന്തോ അതാണു വിതയ്‌ക്കേണ്ടത്. സമാനമായി, നാം നന്മ കൊയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ നന്മ വിതയ്‌ക്കണം. നന്മ കൊയ്യുന്നതിൽ തുടരാൻ, ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യജീവന്റെ പ്രത്യാശയോടെ ഇപ്പോൾ സംതൃപ്‌തമായ ഒരു ജീവിതം നയിക്കുന്നതിൽ തുടരാൻ, നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ, ദൈവത്തോടുകൂടെ നടക്കുകയും അവന്റെ നീതിനിഷ്‌ഠമായ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്‌തുകൊണ്ട് നന്മ വിതയ്‌ക്കുന്നതിൽ നിങ്ങൾ തുടരേണ്ടതുണ്ട്.
22. ഹോശേയ 6 മുതൽ 9 വരെയുള്ള അധ്യായങ്ങളിൽനിന്ന് നാം ഏതെല്ലാം ഗുണപാഠങ്ങൾ പഠിച്ചു?
22 ഹോശേയ 6 മുതൽ 9 വരെയുള്ള അധ്യായങ്ങളിൽനിന്ന് ദൈവത്തോടുകൂടെ നടക്കാൻ നമ്മെ സഹായിക്കുന്ന നാലു ഗുണപാഠങ്ങൾ നാം പഠിച്ചു: (1) യഥാർഥ അനുതാപം പ്രകടമാകുന്നത് പ്രവൃത്തികളിലൂടെയാണ്; (2) യാഗങ്ങൾകൊണ്ടുമാത്രം ദൈവത്തെ പ്രസാദിപ്പിക്കാനാവില്ല; (3) തന്റെ ആരാധകർ തന്നെ ഉപേക്ഷിച്ചു പോകുന്നത് യഹോവയെ വേദനിപ്പിക്കുന്നു; (4) നന്മ കൊയ്യണമെങ്കിൽ നാം നന്മ വിതയ്‌ക്കണം. ഈ പുസ്‌തകത്തിലെ അവസാനത്തെ അഞ്ച് അധ്യായങ്ങൾ ദൈവത്തോടുകൂടെ നടക്കാൻ നമ്മെ സഹായിക്കുന്നത് എങ്ങനെയെന്നു നാം തുടർന്നു പരിചിന്തിക്കും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• യഥാർഥ അനുതാപം പ്രകടമാകുന്നത് എങ്ങനെ?
• യാഗങ്ങൾകൊണ്ടുമാത്രം നമ്മുടെ സ്വർഗീയ പിതാവിനെ പ്രസാദിപ്പിക്കാനാവാത്തത് എന്തുകൊണ്ട്?
• ആരാധകർ തന്നെ ഉപേക്ഷിച്ചു പോകുമ്പോൾ യഹോവയ്‌ക്ക് എന്തു തോന്നുന്നു?
• നന്മ കൊയ്യണമെങ്കിൽ നാം എന്തു വിതയ്‌ക്കണം?
[അധ്യയന ചോദ്യങ്ങൾ]
[23-ാം പേജിലെ ചിത്രം]
പ്രഭാതമേഘങ്ങൾപോലെ ഇസ്രായേലിന്റെ വിശ്വസ്‌ത സ്‌നേഹം മറഞ്ഞുപോയി
[23-ാം പേജിലെ ചിത്രം]
ഇസ്രായേലിന്റെ ദുഷിച്ച മോഹങ്ങൾ ചൂളപോലെ ജ്വലിച്ചു
[24-ാം പേജിലെ ചിത്രം]
യഹോവ തന്റെ ജനത്തിന്റെ യാഗങ്ങൾ നിരസിച്ചത് എന്തുകൊണ്ട്?
[25-ാം പേജിലെ ചിത്രം]
നന്മ കൊയ്യുന്നതിന് നാം നന്മ വിതയ്‌ക്കണം