വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സൃഷ്ടിയിലെ അത്ഭുതങ്ങൾ യഹോവയ്‌ക്കു മഹത്ത്വം കരേറ്റുന്നു

സൃഷ്ടിയിലെ അത്ഭുതങ്ങൾ യഹോവയ്‌ക്കു മഹത്ത്വം കരേറ്റുന്നു

സൃഷ്ടിയിലെ അത്ഭുതങ്ങൾ യഹോവയ്‌ക്കു മഹത്ത്വം കരേറ്റുന്നു

യഹോവയാം ദൈവം അപൂർണ മനുഷ്യർക്കു സങ്കൽപ്പിക്കാവുന്നതിനെക്കാൾ ഉന്നതനാണ്‌. ഭൂമിയിലും സ്വർഗത്തിലും ഉള്ള അവന്റെ സൃഷ്ടിക്രിയകൾ അവനു സ്‌തുതി കരേറ്റുകയും നമ്മിൽ ഭയാദരവു ജനിപ്പിക്കുകയും ചെയ്യുന്നു.​—⁠സങ്കീർത്തനം 19:⁠1-4.

സ്രഷ്ടാവും സാർവത്രിക പരമാധികാരിയും ആയ യഹോവ സംസാരിക്കുമ്പോൾ തീർച്ചയായും ഏവരും അതു ശ്രദ്ധിക്കേണ്ടതാണ്‌. എന്നാൽ ഭൂമിയിൽ വസിക്കുന്ന നിസ്സാരരായ നമ്മോടു ദൈവം നേരിട്ടു സംസാരിക്കുന്നെങ്കിൽ നാം അത്ഭുതസ്‌തബ്ധരാകില്ലേ? ഒരുപക്ഷേ, ഒരു ദൂതൻ മുഖാന്തരം അവൻ നിങ്ങളോടു സംസാരിക്കുന്നുവെന്നു കരുതുക. നിങ്ങൾ ശ്രദ്ധ കൊടുക്കുമെന്നതിൽ സംശയമില്ല. ഏകദേശം 3,500 വർഷംമുമ്പ്‌, ദൈവം നേരുള്ളവനായ ഇയ്യോബിനെ സംബോധന ചെയ്‌തു സംസാരിച്ചപ്പോൾ ഇയ്യോബ്‌ തീർച്ചയായും അടുത്ത ശ്രദ്ധ കൊടുത്തിരിക്കണം. ഭൂമിയെയും ആകാശത്തെയും സംബന്ധിച്ച്‌ ദൈവം ഇയ്യോബിനോട്‌ അരുളിച്ചെയ്‌ത വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

ഭൂമിക്ക്‌ അടിസ്ഥാനമിട്ടതാര്‌, കടലിനെ നിയന്ത്രിക്കുന്നതാര്‌?

ഒരു ചുഴലിക്കാറ്റിൽനിന്ന്‌ ദൈവം ഇയ്യോബിനോട്‌ ഭൂമിയെയും കടലിനെയും കുറിച്ചു ചോദിക്കുന്നു. (ഇയ്യോബ്‌ 38:⁠1-11) ഭൂമി എത്രത്തോളം വലുതായിരിക്കണമെന്നു നിശ്ചയിക്കുന്നതിലും പിന്നീട്‌ അതു നിർമിക്കുന്നതിലും ഒരു മാനുഷ ശിൽപ്പിക്കും പങ്കില്ല. ഭൂമിയെ ഒരു കെട്ടിടത്തോടു താരതമ്യപ്പെടുത്തിക്കൊണ്ട്‌ ദൈവം ഇയ്യോബിനോടു ചോദിച്ചു: “അതിന്റെ മൂലക്കല്ലിട്ടവൻ ആർ?” മനുഷ്യരാരുമല്ല! യഹോവ ഭൂഗ്രഹത്തെ നിർമിച്ചുണ്ടാക്കിയപ്പോൾ ദൈവത്തിന്റെ ദൂതപുത്രന്മാർ അതു നോക്കിക്കാണുകയും സന്തോഷിച്ചുല്ലസിക്കുകയും ചെയ്‌തു.

ദൈവത്തോടുള്ള ബന്ധത്തിൽ സമുദ്രം ഒരു ശിശു മാത്രമാണ്‌, അവൻ അതിനെ ആലങ്കാരികമായി വസ്‌ത്രമണിയിക്കുന്നു. ‘ഗർഭത്തിൽനിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടു.’ (ഇയ്യോബ്‌ 38:⁠1-11) അഴികളും പൂട്ടുള്ള കതകുകളും കൊണ്ടെന്നപോലെ ദൈവം സമുദ്രത്തിനു പരിധിവെക്കുന്നു, ചന്ദ്രന്റെയും സൂര്യന്റെയും ആകർഷണത്താൽ തിരകൾ നിയന്ത്രിക്കപ്പെടുന്നു.

ദ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ പറയുന്നു: “ചെറിയ അലകൾമുതൽ 100 അടിയിലേറെ (30 മീറ്റർ) ഉയരമുള്ള ഭീമാകാരമായ രാക്ഷസത്തിരകൾവരെ ഉണ്ടാകാൻ കാറ്റ്‌ ഇടയാക്കുന്നു. . . . കാറ്റുനിലച്ചുകഴിയുമ്പോഴും തിരകൾ സമുദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്നു. ഉത്ഭവസ്ഥാനത്തുനിന്ന്‌ വളരെയേറെ ദൂരം പോകാൻ അവയ്‌ക്കു കഴിയും. അവയുടെ ഉയരം കുറഞ്ഞ്‌ നീളം കൂടുന്നു. ഒടുവിൽ തീരത്ത്‌ എത്തിച്ചേരുന്ന അലകൾ ചിന്നിച്ചിതറി നുരയുന്നു.” “ഇത്രത്തോളം നിനക്കു വരാം; ഇതു കടക്കരുതു; ഇവിടെ നിന്റെ തിരമാലകളുടെ ഗർവ്വം നിലെക്കും” എന്ന ദൈവത്തിന്റെ കൽപ്പന സമുദ്രം അനുസരിക്കുന്നു.

പ്രഭാതം പൊട്ടിവിരിയാൻ ഇടയാക്കുന്നത്‌ ആര്‌?

പ്രകാശത്തിന്റെയും താൻ ഉണ്ടാക്കിയ മറ്റു വസ്‌തുക്കളുടെയും പ്രഭാവത്തെക്കുറിച്ചാണ്‌ ദൈവം അടുത്തതായി ഇയ്യോബിനോടു ചോദിക്കുന്നത്‌. (ഇയ്യോബ്‌ 38:⁠12-18) രാപകലുകളുടെ ചംക്രമണത്തെ നിയന്ത്രിക്കാൻ ഒരു മനുഷ്യനും കഴിയുകയില്ല. പ്രഭാതവെളിച്ചം ആലങ്കാരികമായി ഭൂമിയുടെ അറ്റങ്ങൾ പിടിച്ച്‌ ദുഷ്ടന്മാരെ കുടഞ്ഞുകളയുന്നു. “അസ്‌തമാനം” അഥവാ അസ്‌തമയം വന്നെത്തുമ്പോൾ പാപികൾ അഭക്ത പ്രവൃത്തികളിൽ ഏർപ്പെടുന്നു. (ഇയ്യോബ്‌ 24:⁠15, 16) എന്നാൽ പ്രഭാതം വന്നെത്തുമ്പോൾ മിക്കവരും തങ്ങളുടെ ദുഷ്‌പ്രവൃത്തി അവസാനിപ്പിക്കാൻ നിർബന്ധിതരാകുന്നു.

ദൈവത്തിന്റെ കരങ്ങളിൽ പ്രഭാതവെളിച്ചം ഭൂമിയുടെമേൽ മനോഹരമായ മുദ്ര പതിപ്പിക്കുന്ന ഒരു സീൽ പോലെയാണ്‌. സൂര്യപ്രകാശം ഒരു വർണപ്രപഞ്ചംതന്നെ അനാവരണം ചെയ്യുന്നു. അങ്ങനെ ഭൂമി വർണപ്പകിട്ടാർന്ന വസ്‌ത്രമണിഞ്ഞാലെന്നപോലെ മനോഹരിയായി കാണപ്പെടുന്നു. ഇക്കാര്യത്തിലൊന്നും ഇയ്യോബിന്‌ ഒരു പങ്കും ഇല്ല. സമുദ്രത്തിൽ ഒളിഞ്ഞുകിടക്കുന്ന നിക്ഷേപങ്ങളുടെ കണക്കെടുക്കാൻ അവൻ അതിന്റെ ആഴങ്ങളോളം ചെന്നിട്ടില്ല. ഇന്നുപോലും സമുദ്രത്തിലെ ആവാസവ്യവസ്ഥയെക്കുറിച്ച്‌ ഗവേഷകർക്കു പരിമിതമായ അറിവേ ഉള്ളൂ!

ആർക്കാണ്‌ ഹിമത്തിന്റെയും കന്മഴയുടെയും ഭണ്ഡാരമുള്ളത്‌?

പ്രകാശത്തിന്റെയോ ഇരുട്ടിന്റെയോ പാർപ്പിടത്തിലേക്ക്‌ ഒരു മനുഷ്യനും പോയിട്ടില്ല. “പോരും പടയുമുള്ള നാളിലേക്കു” ദൈവം സൂക്ഷിച്ചിരിക്കുന്ന ഹിമത്തിന്റെയും കന്മഴയുടെയും (ആലിപ്പഴത്തിന്റെയും) ഭണ്ഡാരത്തിലേക്കും ആരും പ്രവേശിച്ചിട്ടില്ല. (ഇയ്യോബ്‌ 38:⁠19-23) ഗിബെയോനിൽ തന്റെ ശത്രുക്കൾക്കെതിരെ യഹോവ കന്മഴ പെയ്യിച്ചപ്പോൾ അതിനാൽ “മരിച്ചുപോയവർ” “യിസ്രായേൽമക്കൾ വാൾകൊണ്ടു കൊന്നവരെക്കാൾ” “അധികം ആയിരുന്നു.” (യോശുവ 10:⁠11) ഗോഗിനാൽ അഥവാ സാത്താനാൽ നയിക്കപ്പെടുന്ന ദുഷ്ടമനുഷ്യരെ നശിപ്പിക്കാൻ അവൻ ആലിപ്പഴങ്ങൾ​—⁠അവയുടെ വലുപ്പം എത്രയായിരിക്കുമെന്നു നമുക്കറിയില്ല​—⁠ഉപയോഗിച്ചേക്കാം.​—⁠യെഹെസ്‌കേൽ 38:⁠18, 22.

2002-ൽ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ കോഴിമുട്ടയുടെ വലുപ്പമുള്ള ആലിപ്പഴങ്ങൾ വീണ്‌ 25 പേർ മരിക്കുകയും 200 പേർക്കു പരിക്കേൽക്കുകയും ചെയ്‌തു. 1545-ൽ ഉണ്ടായ കന്മഴയെക്കുറിച്ച്‌ ഇറ്റലിയിലെ ഒരു ശിൽപ്പിയായ ബെൻവെനുന്റോ സെല്ലിനി ഇങ്ങനെ എഴുതി: “ഞങ്ങൾ [ഫ്രാൻസിലെ] ലിയോണിൽനിന്ന്‌ ഏറെ അകലെയായിരുന്ന ഒരു ദിവസം.  . . ആകാശത്ത്‌ എന്തോ കൂട്ടിമുട്ടുന്നതുപോലുള്ള ശബ്ദത്തോടെ ഉച്ചത്തിൽ ഇടിനാദം മുഴങ്ങി. . . . തുടർന്ന്‌ ആകാശത്തുനിന്ന്‌ കാതടപ്പിക്കുന്ന ഭീതിദമായ ഒരു ശബ്ദം കേട്ടു, അതു ലോകാവസാനമാണെന്നു ഞാൻ വിചാരിച്ചു. ഒരു നിമിഷത്തേക്ക്‌ ഞാൻ കുതിരയെ നിറുത്തി. അപ്പോൾ ഒരുതുള്ളിവെള്ളംപോലും ഇല്ലാതെ കന്മഴ പെയ്‌തുതുടങ്ങി. . . . കുറച്ചുകഴിഞ്ഞപ്പോൾ ആലിപ്പഴത്തിന്‌ വലിയ നാരങ്ങയുടെ വലുപ്പമായി. . . . കുറച്ചുനേരത്തേക്ക്‌ കൊടുങ്കാറ്റ്‌ സംഹാരരൂപം പൂണ്ടു, ഒടുവിൽ അതു നിലച്ചു. . . . ഞങ്ങൾ പരസ്‌പരം ശരീരത്തിലെ മുറിവും ചതവും പരിശോധിച്ചു. എന്നാൽ ഒരു മൈൽ അപ്പുറത്തു ചെന്നപ്പോൾ കണ്ട കാഴ്‌ച ഞങ്ങൾ അനുഭവിച്ച എന്തിനെയും കടത്തിവെട്ടുന്നതായിരുന്നു, അവിടമാകെ നശിപ്പിക്കപ്പെട്ടിരുന്നു. വൃക്ഷങ്ങൾ ഇലകളെല്ലാം കൊഴിഞ്ഞ്‌ ചതഞ്ഞ അവസ്ഥയിലായിരുന്നു. എങ്ങും മൃഗങ്ങളുടെ ജഡങ്ങൾ. ഇടയന്മാരിൽ ഏറെയും മരിച്ചുപോയിരുന്നു. ഇരുകൈകളിലും ഒതുങ്ങാത്ത ആലിപ്പഴങ്ങൾ വലിയ അളവിൽ ഞങ്ങൾ കണ്ടു.”​—⁠ഓട്ടോബയോഗ്രഫി (പുസ്‌തകം II, 50), ഹാർവാർഡ്‌ ക്ലാസിക്‌സ്‌, വാല്യം 31, പേജ്‌ 352-3.

യഹോവ തന്റെ ശത്രുക്കൾക്കെതിരെ ഹിമത്തിന്റെയും ആലിപ്പഴത്തിന്റെയും ഭണ്ഡാരം തുറക്കുമ്പോൾ എന്തായിരിക്കും സംഭവിക്കുക? തന്റെ ഉദ്ദേശ്യനിവൃത്തിക്കായി അവൻ ഹിമമോ ആലിപ്പഴമോ ഉപയോഗിക്കുമ്പോൾ ശത്രുക്കൾക്കു രക്ഷപ്പെടാനാവില്ല.

മഴയും മഞ്ഞുതുള്ളിയുമൊക്കെ ആരുടെ കരവേലയാണ്‌?

തുടർന്ന്‌ യഹോവ മഴ, നീഹാരം അഥവാ മഞ്ഞുതുള്ളി, ഹിമക്കട്ടകൾ എന്നിവയെക്കുറിച്ച്‌ ഇയ്യോബിനോടു ചോദിക്കുന്നു. (ഇയ്യോബ്‌ 38:⁠24-30) ദൈവമാണ്‌ മഴ പെയ്യിക്കുന്നത്‌. “ആൾ പാർപ്പില്ലാത്ത മരുഭൂമി” പോലും മഴയിൽനിന്നു പ്രയോജനം നേടുന്നു. മഴയ്‌ക്കും ഹിമക്കട്ടകൾക്കുമൊന്നും മാനുഷ പിതാക്കന്മാർ ഇല്ല, മനുഷ്യരല്ല അവ ഉളവാക്കിയത്‌.

നേച്ചർ ബുള്ളറ്റിൻ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ജലത്തിന്റെ ഏറ്റവും വിചിത്രവും ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ടതും ആയ സവിശേഷത, അതു തണുത്തുറയുമ്പോൾ വികസിക്കും എന്നതാണ്‌. . . . ശൈത്യകാലത്ത്‌ ഒരു കുളത്തിൽ ഉണ്ടാകുന്ന മഞ്ഞുപാളികൾ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്നതിനാൽ ജലസസ്യങ്ങൾക്കും (മത്സ്യംപോലെയുള്ള) ജല ജീവികൾക്കും വെള്ളത്തിനടിയിൽ ജീവൻ നിലനിറുത്തുക സാധ്യമായിത്തീരുന്നു. . . . ജലം ഘനീഭവിക്കുമ്പോൾ അതു സങ്കോചിക്കുകയും സാന്ദ്രത കൂടുകയും ചെയ്‌തിരുന്നെങ്കിൽ മഞ്ഞുപാളികൾക്ക്‌ ജലത്തെക്കാൾ ഭാരമുണ്ടാകുകയും അടിത്തട്ടിലേക്കു താഴുകയും ചെയ്യുമായിരുന്നു. ജലോപരിതലത്തിൽ കൂടുതൽ മഞ്ഞുകട്ടകൾ രൂപംകൊണ്ട്‌ കുളം മുഴുവൻ ഉറഞ്ഞുപോകുമായിരുന്നു. . . . ലോകത്തിലെ തണുപ്പുകൂടിയ പ്രദേശങ്ങളിൽ നദികളും കുളങ്ങളും തടാകങ്ങളും സമുദ്രങ്ങൾപോലും സ്ഥിരമായി ഘനീഭവിച്ചുപോകുമായിരുന്നു.”

ജലസ്രോതസ്സുകൾ ഉറഞ്ഞ്‌ കട്ടയായി പോകാത്തതിൽ നാം എത്ര നന്ദിയുള്ളവരാണ്‌! യഹോവയുടെ കരവേലകളായ മഴയും മഞ്ഞും ഭൂമിയിലെ ഹരിതപാളിക്കു പുതുജീവൻ പകരുന്നതിൽ നാം തീർച്ചയായും കൃതജ്ഞതയുള്ളവരാണ്‌.

ആകാശത്തിലെ നിയമങ്ങൾ വെച്ചത്‌ ആര്‌?

ആകാശത്തെക്കുറിച്ചാണ്‌ ഇയ്യോബിനോടുള്ള യഹോവയുടെ അടുത്ത ചോദ്യം. (ഇയ്യോബ്‌ 38:⁠31-33) കാർത്തിക നക്ഷത്രസമൂഹം പ്ലിയാഡെയസ്‌ നക്ഷത്രസമൂഹം എന്നാണ്‌ അറിയപ്പെടുന്നത്‌. ഏഴു വലിയ നക്ഷത്രങ്ങളും ധാരാളം ചെറിയ നക്ഷത്രങ്ങളും അടങ്ങുന്ന ഈ നക്ഷത്രക്കൂട്ടം സൂര്യനിൽനിന്ന്‌ ഏകദേശം 380 പ്രകാശവർഷം അകലെയാണ്‌. “കാർത്തികയുടെ ചങ്ങല . . . ബന്ധിക്കാ”ൻ, അതായത്‌ അവയെ കൂടുതൽ അടുപ്പിക്കാൻ മനുഷ്യനു സാധ്യമല്ല. ഓറിയോൺ എന്ന്‌ അറിയപ്പെടുന്ന നക്ഷത്രസമൂഹമായ “മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാ”നും മനുഷ്യർക്ക്‌ ആർക്കും കഴിയില്ല. ഏത്‌ നക്ഷത്രസമൂഹങ്ങളെയാണ്‌ രാശിചക്രം, സപ്‌തർഷികൾ എന്നീ പേരുകളാൽ വിളിച്ചതെന്ന്‌ ഇന്നു നമുക്ക്‌ അറിയില്ലെങ്കിലും ഒരു കാര്യം തീർച്ചയാണ്‌, മനുഷ്യന്‌ അവയെ നിയന്ത്രിക്കാനോ നയിക്കാനോ സാധ്യമല്ല. “ആകാശത്തിലെ നിയമങ്ങളെ,” പ്രപഞ്ചത്തെ ഭരിക്കുന്ന നിയമങ്ങളെ മാറ്റുക മനുഷ്യനു സാധ്യമല്ല.

ഭൂമിയുടെ കാലാവസ്ഥ, വേലിയേറ്റം, വേലിയിറക്കം, അന്തരീക്ഷം, ഈ ഗ്രഹത്തിലെ ജീവന്റെതന്നെ നിലനിൽപ്പ്‌ എന്നിവയെ ബാധിക്കുന്ന ആകാശഗോളങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ ആവിഷ്‌കരിച്ചതു ദൈവമാണ്‌. സൂര്യന്റെ കാര്യമെടുക്കുക. ദി എൻസൈക്ലോപീഡിയ അമേരിക്കാനാ (1996 പതിപ്പ്‌) പ്രസ്‌താവിക്കുന്നു: “സൂര്യരശ്‌മികൾ ഭൂമിക്ക്‌ ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്നു. അത്‌ സസ്യജാലങ്ങൾ വളരുന്നതിനും സമുദ്രത്തിൽനിന്നും ഇതര ജലസ്രോതസ്സുകളിൽനിന്നും ജലം ബാഷ്‌പീകരിക്കുന്നതിനും കാറ്റുകൾ ഉണ്ടാകുന്നതിനും ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതിന്‌ അത്യന്താപേക്ഷിതമായ പല പ്രവർത്തനങ്ങളും നടക്കുന്നതിനും സംഭാവന ചെയ്യുന്നു.” അതു തുടരുന്നു: “സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന അപാരമായ ഊർജത്തെക്കുറിച്ചു മനസ്സിലാക്കുന്നതിന്‌ കാറ്റിലും അണക്കെട്ടുകളിലും നദികളിലും മരം, കൽക്കരി, ദ്രവ ഇന്ധനങ്ങൾ എന്നിവപോലെയുള്ള പ്രകൃതിജന്യ ഇന്ധനങ്ങളിലും അടങ്ങിയിരിക്കുന്ന ഊർജത്തെക്കുറിച്ചു മാത്രം ചിന്തിച്ചാൽ മതി. സൂര്യനിൽനിന്ന്‌ 1.5 കോടി കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ ഗ്രഹമായ ഭൂമിയിൽ സംഭരിച്ചുവെച്ചിരിക്കുന്ന ഈ ഊർജമത്രയും വരുന്നത്‌ സൂര്യപ്രകാശത്തിൽനിന്നാണ്‌.”

മേഘങ്ങൾക്കു ജ്ഞാനം നൽകിയത്‌ ആര്‌?

മേഘങ്ങളെക്കുറിച്ചു ചിന്തിക്കാൻ യഹോവ ഇയ്യോബിനോടു പറയുന്നു. (ഇയ്യോബ്‌ 38:⁠34-38) മേഘങ്ങൾ ഉണ്ടാകാനോ മഴ പെയ്യാനോ ആജ്ഞകൊടുക്കാൻ മനുഷ്യനു കഴിയുകയില്ല. എന്നാൽ സ്രഷ്ടാവ്‌ രൂപംകൊടുത്ത ജലപരിവൃത്തിയെ മനുഷ്യൻ എത്രയധികം ആശ്രയിക്കുന്നു!

എന്താണു ജലപരിവൃത്തി? ഒരു പരാമർശകൃതി പറയുന്നു: “ജലപരിവൃത്തിയിൽ നാലു വ്യത്യസ്‌ത ഘട്ടങ്ങളുണ്ട്‌: സംഭരണം, ബാഷ്‌പീഭാവം, വർഷണം, പ്രവാഹം. ജലം മണ്ണിലും സമുദ്രങ്ങളിലും തടാകങ്ങളിലും നദികളിലും ഹിമപ്പരപ്പുകളിലും ഹിമാനികളിലും താത്‌കാലികമായി സംഭരിക്കപ്പെടുന്നു. അത്‌ ഭൗമോപരിതലത്തിൽനിന്നു ബാഷ്‌പീഭവിച്ച്‌ ഉയർന്ന്‌ മേഘങ്ങളിൽ ഘനീഭവിക്കുന്നു. തുടർന്ന്‌ മഴയോ മഞ്ഞോ ആയി ഭൂമിയിൽ പതിക്കുന്നു. അത്‌ സമുദ്രത്തിലേക്കു പ്രവഹിക്കുകയോ വീണ്ടും ബാഷ്‌പീഭവിച്ച്‌ അന്തരീക്ഷത്തിലേക്ക്‌ ഉയരുകയോ ചെയ്യുന്നു. ഭൂമിയിലുള്ള ഏകദേശം മുഴുവൻ ജലവും ജലപരിവൃത്തിയിലൂടെ അസംഖ്യം തവണ കടന്നുപോയിട്ടുണ്ട്‌.”​—⁠മൈക്രോസോഫ്‌റ്റ്‌ എൻകാർട്ട റഫറൻസ്‌ ലൈബ്രറി 2005.

ജലവാഹക മേഘങ്ങൾ ആകാശത്തിലെ തുരുത്തികൾ പോലെയാണ്‌. യഹോവ അവയെ ചെരിക്കുമ്പോൾ അവ മഴയായി വീഴുന്നു. അതേ, പൊടി കുഴയാനും മൺകട്ടകൾ ഒട്ടിപ്പിടിക്കാനും ഇടയാകുംവിധം ജലമൊഴുക്കുന്നു. ദൈവത്തിന്‌ മഴ പെയ്യിക്കാനും തടഞ്ഞുവെക്കാനും കഴിയും.​—⁠യാക്കോബ്‌ 5:⁠17, 18.

മഴയ്‌ക്ക്‌ അകമ്പടിയായി മിക്കപ്പോഴും ഇടിമിന്നൽ ഉണ്ടാകാറുണ്ട്‌. എന്നാൽ തന്റെ ആഗ്രഹനിവൃത്തിക്കായി അവയെ ഉപയോഗിക്കാൻ മനുഷ്യനു കഴിയില്ല. മിന്നൽ ദൈവമുമ്പാകെ എത്തി “അടിയങ്ങൾ വിടകൊള്ളുന്നു” എന്നു പറഞ്ഞുകൊണ്ട്‌ പോകുന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. കോംപ്‌ടൺസ്‌ എൻസൈക്ലോപീഡിയ പറയുന്നു: “ഇടിമിന്നൽ അന്തരീക്ഷത്തിൽ ഗണ്യമായ രാസമാറ്റം ഉളവാക്കുന്നു. അന്തരീക്ഷത്തിലൂടെ മിന്നൽ നീങ്ങുമ്പോൾ അത്‌ ഉയർന്ന അളവിൽ താപം ഉളവാക്കുന്നു, തത്‌ഫലമായി നൈട്രജനും ഓക്‌സിജനും സംയോജിച്ച്‌ നൈട്രേറ്റുകളും മറ്റു സംയുക്തങ്ങളും ഉണ്ടാകുന്നു. ഈ സംയുക്തങ്ങൾ മഴ പെയ്യുമ്പോൾ ഭൂമിയിലെത്തുന്നു. ഈ വിധത്തിൽ, സസ്യങ്ങൾക്കു വളരാൻ ആവശ്യമായ പോഷകഘടകങ്ങൾ സ്വരൂപിക്കാൻ അന്തരീക്ഷം മണ്ണിനെ സഹായിക്കുന്നു.” ഇടിമിന്നലിനെക്കുറിച്ചുള്ള പൂർണജ്ഞാനം മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു നിഗൂഢതയാണ്‌, എന്നാൽ ദൈവത്തിന്‌ അല്ല.

സൃഷ്ടിയിലെ അത്ഭുതങ്ങൾ ദൈവത്തിനു പുകഴ്‌ചയേറ്റുന്നു

സൃഷ്ടിയിലെ അത്ഭുതങ്ങൾ സകലതിന്റെയും സ്രഷ്ടാവിനു മഹത്ത്വം കരേറ്റുന്നു എന്നതിനു സംശയമില്ല. (വെളിപ്പാടു 4:⁠11) ഭൂമിയെയും ആകാശഗോളങ്ങളെയും കുറിച്ചുള്ള യഹോവയുടെ വാക്കുകൾ ഇയ്യോബിൽ എത്രയധികം മതിപ്പുളവാക്കിയിരിക്കണം!

നാം ഇതുവരെ ചിന്തിച്ചുകഴിഞ്ഞ സൃഷ്ടിയിലെ അത്ഭുതങ്ങൾ, ഇയ്യോബിനോടുള്ള ദൈവത്തിന്റെ ചോദ്യങ്ങളുടെയും അവനു ലഭിച്ച വിശദീകരണങ്ങളുടെയും പൂർണരൂപം നൽകുന്നില്ല. എന്നിരുന്നാലും നാം പരിചിന്തിച്ചുകഴിഞ്ഞ വിവരങ്ങൾ ഇങ്ങനെ ഉദ്‌ഘോഷിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു: “നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ.”​—⁠ഇയ്യോബ്‌ 36:⁠26.

[14-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

ഹിമശൽക്കം: snowcrystals.net

[15-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

പ്ലിയാഡെയസ്‌: NASA, ESA and AURA/Caltech; മത്സ്യം: U.S. Fish & Wildlife Service, Washington, D.C./William W. Hartley