വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രണ്ടു ദിനവൃത്താന്തത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

രണ്ടു ദിനവൃത്താന്തത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

രണ്ടു ദിനവൃത്താന്തത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

രണ്ടു ദിനവൃത്താന്തം എന്ന ബൈബിൾപുസ്‌തകം തുടങ്ങുമ്പോൾ ഇസ്രായേലിൽ രാജാവായി ഭരിക്കുന്നത്‌ ശലോമോനാണ്‌. പുസ്‌തകം അവസാനിക്കുന്നത്‌ ബാബിലോണിയയിൽ പ്രവാസികളായി കഴിയുന്ന യഹൂദരോടുള്ള പേർഷ്യൻ രാജാവായ കോരെശിന്റെ ഈ വാക്കുകളോടെയാണ്‌: “യഹോവ . . . യെഹൂദയിലെ യെരൂശലേമിൽ അവന്നു ഒരു ആലയം പണിവാൻ . . . എന്നോടു കല്‌പിച്ചിരിക്കുന്നു; നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ; അവൻ യാത്രപുറപ്പെടട്ടെ.” (2 ദിനവൃത്താന്തം 36:23) പൊതുയുഗത്തിനു മുമ്പ്‌ (പൊ.യു.മു.) 460-ൽ എസ്രാ പുരോഹിതൻ പൂർത്തിയാക്കിയ ഈ പുസ്‌തകം 500 വർഷം നീണ്ടുനിൽക്കുന്ന, പൊ.യു.മു. 1037 മുതൽ പൊ.യു.മു. 537 വരെയുള്ള കാലഘട്ടത്തിലെ സംഭവങ്ങൾ ഉൾക്കൊള്ളുന്നു.

യെരൂശലേമിലേക്കു തിരിച്ചുപോയി യഹോവയുടെ ആരാധന അവിടെ പുനഃസ്ഥാപിക്കാൻ കോരെശിന്റെ കൽപ്പന യഹൂദന്മാർക്ക്‌ അവസരമൊരുക്കുന്നു. എന്നിരുന്നാലും നീണ്ട ബാബിലോണിയൻ പ്രവാസം പ്രതികൂല ഫലങ്ങൾ ഉളവാക്കുന്നു. പ്രവാസത്തിൽനിന്നു തിരിച്ചെത്തിയവർ സ്വന്തം ദേശത്തിന്റെ ചരിത്രം സംബന്ധിച്ച്‌ അജ്ഞരായിരുന്നു. രണ്ടു ദിനവൃത്താന്തം ദാവീദിന്റെ രാജവംശത്തിൻ കീഴിലെ രാജാക്കന്മാരുടെ കാലത്ത്‌ അരങ്ങേറിയ വിവിധ സംഭവങ്ങളെക്കുറിച്ചു വ്യക്തമായ സംഗ്രഹം അവർക്കു നൽകി. ഈ വൃത്താന്തം നമുക്കും താത്‌പര്യമുള്ളതാണ്‌. കാരണം അത്‌ സത്യദൈവത്തെ അനുസരിക്കുന്നതു മൂലമുള്ള അനുഗ്രഹങ്ങളെയും അനുസരിക്കാതിരുന്നാലുള്ള പ്രത്യാഘാതങ്ങളെയും കുറിച്ചു വിശദീകരിക്കുന്നു.

ഒരു രാജാവ്‌ യഹോവയ്‌ക്ക്‌ ഒരു ആലയം നിർമിക്കുന്നു

(2 ദിനവൃത്താന്തം 1:1-9:31)

ശലോമോൻ രാജാവിന്റെ ആഗ്രഹപ്രകാരം യഹോവ വിവേകവും ജ്ഞാനവും നൽകി അവനെ അനുഗ്രഹിച്ചു. സമ്പത്തും മാനവും കൂടെ ദൈവം അവനു കൊടുത്തു. രാജാവ്‌ യഹോവയ്‌ക്ക്‌ യെരൂശലേമിൽ മഹനീയമായ ഒരു ആലയം പണിതു, ജനമെല്ലാം “സന്തോഷവും ആനന്ദവും ഉള്ള”വരായി. (2 ദിനവൃത്താന്തം 7:10) ശലോമോൻ “ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായി”ത്തീർന്നു.​—⁠2 ദിനവൃത്താന്തം 9:22.

40-ലധികം വർഷം ഇസ്രായേലിൽ ഭരണം നടത്തിയശേഷം ശലോമോൻ “തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.” (2 ദിനവൃത്താന്തം 9:31) ശലോമോൻ സത്യാരാധനയിൽനിന്നു വ്യതിചലിച്ചതിനെക്കുറിച്ച്‌ എസ്രാ രേഖപ്പെടുത്തുന്നില്ല. രാജാവിനു സംഭവിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന പിഴവുകൾ ഈജിപ്‌തിൽനിന്ന്‌ ബുദ്ധിഹീനമായി നിരവധി കുതിരകളെ സ്വന്തമാക്കിയതും ഫറവോന്റെ മകളെ വിവാഹം ചെയ്‌തതുമാണ്‌. ക്രിയാത്മകമായ ഒരു വിധത്തിലാണ്‌ എസ്രാ വൃത്താന്തം അവതരിപ്പിക്കുന്നത്‌.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

2:​14—⁠ഇവിടെ പ്രതിപാദിച്ചിരിക്കുന്ന കരകൗശലപ്പണിക്കാരന്റെ വംശാവലി 1 രാജാക്കന്മാർ 7:⁠14-ൽ കാണപ്പെടുന്നതിൽനിന്നു വ്യത്യസ്‌തമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? ഒന്നു രാജാക്കന്മാരുടെ പുസ്‌തകം, കരകൗശലപ്പണിക്കാരന്റെ അമ്മയെ ‘നഫ്‌താലിഗോത്രത്തിലെ ഒരു വിധവ’ എന്നു പരാമർശിക്കുന്നു, കാരണം അവൾ ആ ഗോത്രത്തിൽപ്പെട്ട ഒരു മനുഷ്യനെയായിരുന്നു വിവാഹം കഴിച്ചത്‌. ആ സ്‌ത്രീ പക്ഷേ, ദാൻ ഗോത്രക്കാരി ആയിരുന്നു. ഭർത്താവിന്റെ മരണശേഷം അവൾ സോരിൽനിന്നുള്ള ഒരാളെ വിവാഹം ചെയ്‌തു. കരകൗശലപ്പണിക്കാരൻ ആ വിവാഹത്തിൽ ജനിച്ചതാണ്‌.

2:​18; 8:​10—⁠ജനത്തെക്കൊണ്ടു വേല ചെയ്യിക്കാൻ നിയമിക്കപ്പെട്ടിരുന്ന മേൽവിചാരകന്മാരുടെയും മേലുദ്യോഗസ്ഥരുടെയും എണ്ണം 3,600-ഉം 250-ഉം ആണെന്നു പറയുന്നു. എന്നാൽ 1 രാജാക്കന്മാർ 5:15; 9:23 അനുസരിച്ച്‌ അത്‌ 3,300-ഉം 550-ഉം ആണ്‌. എന്തുകൊണ്ടാണ്‌ ഈ വ്യത്യാസം? ഉദ്യോഗസ്ഥർ തരംതിരിക്കപ്പെട്ടിരിക്കുന്ന രീതിക്കാണ്‌ ഇവിടെ വ്യത്യാസമുള്ളതെന്നു തോന്നുന്നു. രണ്ടു ദിനവൃത്താന്തം 3,600 ഇസ്രായേല്യേതര ഉദ്യോഗസ്ഥരെയും 250 ഇസ്രായേല്യ ഉദ്യോഗസ്ഥരെയുമായിരിക്കാം വേർതിരിച്ചു കാണിക്കുന്നത്‌. ഒന്നു രാജാക്കന്മാരുടെ പുസ്‌തകമാകട്ടെ, ഉന്നതശ്രേണിയിൽപ്പെട്ട 550 മേലുദ്യോഗസ്ഥരിൽനിന്ന്‌ 3,300 കാര്യക്കാരെ വേർതിരിച്ചു കാണിക്കുന്നു. അത്‌ എന്തായിരുന്നാലും, രണ്ടു സാഹചര്യങ്ങളിലും നിയമിക്കപ്പെട്ടവരുടെ എണ്ണം മൊത്തം 3,850 ആയിരുന്നു.

4:​2-4—⁠വാർപ്പുകടലിന്റെ അടിസ്ഥാനം നിർമിച്ചപ്പോൾ കാളകളുടെ മാതൃക ഉണ്ടാക്കിവെച്ചത്‌ എന്തുകൊണ്ട്‌? തിരുവെഴുത്തുകളിൽ കാളകൾ ശക്തിയെ പ്രതീകപ്പെടുത്തുന്നു. (യെഹെസ്‌കേൽ 1:10; വെളിപ്പാടു 4:6, 7) കാളകളുടെ മാതൃക ഉണ്ടാക്കിയത്‌ ഉചിതമാണ്‌. കാരണം 30-ഓളം ടൺ ഭാരം വരുന്ന കൂറ്റൻ ‘വാർപ്പുകടലിനെ’ താങ്ങിനിറുത്തിയത്‌ താമ്രംകൊണ്ടുള്ള 12 കാളകളായിരുന്നു. കാളകളുടെ ഈ മാതൃക ഉണ്ടാക്കിയത്‌ യാതൊരുപ്രകാരത്തിലും രണ്ടാമത്തെ കൽപ്പനയെ ലംഘിക്കുന്നില്ല. കാരണം ആരാധനയിൽ ഉപയോഗിക്കുന്നതിനായി വസ്‌തുക്കൾ ഉണ്ടാക്കുന്നതിനെയാണ്‌ ആ കൽപ്പന വിലക്കിയത്‌.​—⁠പുറപ്പാടു 20:4, 5.

4:​5—⁠വാർപ്പുകടലിൽ എത്ര ലിറ്റർ വെള്ളം കൊള്ളുമായിരുന്നു? മൂവായിരം ബത്ത്‌ അഥവാ 66,000 ലിറ്ററോളം വെള്ളം അതിൽ കൊള്ളുമായിരുന്നു. എന്നാൽ സാധ്യതയനുസരിച്ച്‌ അതിന്റെ ഏകദേശം മൂന്നിൽ രണ്ടു ഭാഗം മാത്രമേ സാധാരണ നിറയ്‌ക്കാറുണ്ടായിരുന്നുള്ളൂ. “അതിൽ രണ്ടായിരം ബത്ത്‌” അഥവാ 44,000 ലിറ്റർ “വെള്ളം കൊള്ളും” എന്ന്‌ 1 രാജാക്കന്മാർ 7:26 പറയുന്നു.

5:​4, 5, 10—⁠സമാഗമനകൂടാരത്തിൽനിന്നുള്ള ഏതെല്ലാം വസ്‌തുക്കൾ ശലോമോന്റെ ആലയത്തിന്റെ ഭാഗമായിത്തീർന്നു? സമാഗമനകൂടാരത്തിൽനിന്നുള്ളതായി ശലോമോന്റെ ആലയത്തിൽ ഉണ്ടായിരുന്ന ഏക വസ്‌തു പെട്ടകമായിരുന്നു. ആലയത്തിന്റെ നിർമാണത്തിനുശേഷം സമാഗമനകൂടാരം ഗിബെയോനിൽനിന്ന്‌ യെരൂശലേമിലേക്കു കൊണ്ടുപോയി. പിന്നെ അത്‌ അവിടെത്തന്നെ സൂക്ഷിച്ചതായി കാണപ്പെടുന്നു.​—⁠2 ദിനവൃത്താന്തം 1:3, 4.

നമുക്കുള്ള പാഠങ്ങൾ:

1:​11, 12. തന്റെ ആത്മാർഥ ആഗ്രഹം, വിവേകവും ജ്ഞാനവും സമ്പാദിക്കുക എന്നതാണെന്ന്‌ യഹോവയോടുള്ള ശലോമോന്റെ അപേക്ഷ വെളിപ്പെടുത്തി. ദൈവത്തോടുള്ള നമ്മുടെ പ്രാർഥനകളും, നമ്മുടെ ഹൃദയത്തിലുള്ളത്‌ എന്താണെന്നു വെളിപ്പെടുത്തുന്നു. അതുകൊണ്ട്‌ നമ്മുടെ പ്രാർഥനയുടെ ഉള്ളടക്കം എന്താണെന്നു വിലയിരുത്തുന്നതു ജ്ഞാനമാണ്‌.

6:4 യഹോവയുടെ സ്‌നേഹദയയോടും നന്മയോടും ഉള്ള ഹൃദയംഗമമായ വിലമതിപ്പ്‌ സ്‌നേഹത്തോടും കൃതജ്ഞതയോടും കൂടെ അവനെ സ്‌തുതിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്‌.

6:​18-21. ഏതെങ്കിലുമൊരു കെട്ടിടത്തിൽ ദൈവം അടങ്ങുകയില്ലെങ്കിലും, ആലയം യഹോവയുടെ ആരാധനയുടെ കേന്ദ്രമായി വർത്തിക്കുമായിരുന്നു. ഇന്ന്‌ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകൾ സമൂഹത്തിൽ സത്യാരാധനയുടെ കേന്ദ്രമായി വർത്തിക്കുന്നു.

6:​19, 22, 32. യഹോവ ഏവരുടെയും​—⁠രാജാവിന്റെമുതൽ ദേശത്തെ എളിയവന്റെവരെ​—⁠പ്രാർഥന കേൾക്കുമായിരുന്നു. ആത്മാർഥതയോടെ അവനെ സമീപിക്കുന്ന പരദേശിയെപ്പോലും അവൻ കൈവെടിയുമായിരുന്നില്ല. *​—⁠സങ്കീർത്തനം 65:⁠2.

ദാവീദിന്റെ വംശാവലിയിലെ രാജാക്കന്മാർ

(2 ദിനവൃത്താന്തം 10:1-36:23)

ഏകീകൃത ഇസ്രായേൽ രാജ്യം രണ്ടായി വിഭജിക്കപ്പെടുന്നതിനെ തുടർന്ന്‌ പത്തുഗോത്ര വടക്കേ രാജ്യവും യെഹൂദയും ബെന്യാമീനും അടങ്ങുന്ന രണ്ടുഗോത്ര തെക്കേ രാജ്യവും നിലവിൽ വരുന്നു. മുഴു ഇസ്രായേലിലെയും പുരോഹിതന്മാരും ലേവ്യരും രാജ്യ ഉടമ്പടിയോടുള്ള വിശ്വസ്‌തതയ്‌ക്കു ദേശീയതയെക്കാളുപരിയായ സ്ഥാനം കൽപ്പിക്കുകയും രെഹബെയാമിന്റെ പക്ഷത്തു നിലയുറപ്പിക്കുകയും ചെയ്യുന്നു. നിർമാണം പൂർത്തിയായി ഏകദേശം 30 വർഷം കഴിഞ്ഞപ്പോൾ ആലയത്തിലെ അമൂല്യവസ്‌തുക്കളെല്ലാം കൊള്ളയടിക്കപ്പെടുന്നു.

രെഹബെയാമിനുശേഷം ഭരണത്തിൽവന്ന 19 രാജാക്കന്മാരിൽ 5 പേർ വിശ്വസ്‌തരായിരുന്നു, 3 പേർ തുടക്കത്തിൽ വിശ്വസ്‌തരായിരുന്നെങ്കിലും പിന്നീട്‌ അവിശ്വസ്‌തരായിത്തീരുന്നു, ഒരാൾ തെറ്റായ വഴിയിൽനിന്നു തിരിഞ്ഞുവരുകയും ചെയ്യുന്നു. ബാക്കിയുള്ള ഭരണാധിപന്മാരെല്ലാം യഹോവയുടെ ദൃഷ്ടിയിൽ മോശമായതു പ്രവർത്തിക്കുന്നു. * യഹോവയിൽ ആശ്രയിച്ച അഞ്ചു രാജാക്കന്മാരുടെ പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞിരിക്കുന്നു. ഹിസ്‌കീയാവ്‌ ആലയ സേവനങ്ങൾ പുനരുദ്ധരിച്ചതും യോശീയാവ്‌ വലിയ ഒരു പെസഹയ്‌ക്കുള്ള ഒരുക്കങ്ങൾ കൂട്ടിയതും യെരൂശലേമിൽ യഹോവയുടെ ആരാധന പുനഃസ്ഥാപിക്കുന്നതിൽ തത്‌പരരായിരുന്ന യഹൂദർക്കു വലിയ പ്രോത്സാഹനം നൽകിയിരിക്കണം.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

13:​5—⁠‘ലവണനിയമം’ എന്ന പ്രയോഗത്തിന്റെ അർഥമെന്ത്‌? പരിരക്ഷക സവിശേഷതകൾ നിമിത്തം ഉപ്പ്‌ സ്ഥിരതയുടെയും മാറ്റമില്ലായ്‌മയുടെയും ഒരു പ്രതീകമായി മാറി. അതുകൊണ്ട്‌ ‘ലവണനിയമം’ എന്ന പ്രയോഗം ഈടുറ്റ കരാറിനെ സൂചിപ്പിക്കുന്നു.

14:​2-5; 15:17—⁠ആസാ രാജാവ്‌ എല്ലാ “പൂജാഗിരികളും” നീക്കം ചെയ്‌തോ? ഇല്ലെന്നു കാണപ്പെടുന്നു. വ്യാജദൈവങ്ങളുടെ ആരാധനയുമായി ബന്ധപ്പെട്ട പൂജാഗിരികൾ മാത്രമായിരിക്കാം ആസാ നീക്കം ചെയ്‌തത്‌, ആളുകൾ യഹോവയെ ആരാധിച്ചിരുന്ന പൂജാഗിരികൾ അവൻ നീക്കം ചെയ്‌തില്ലായിരിക്കാം. ആസായുടെ വാഴ്‌ചയുടെ അവസാനഭാഗത്ത്‌ ആളുകൾ വീണ്ടും പൂജാഗിരികൾ നിർമിച്ചതാകാനും വഴിയുണ്ട്‌. ഇവ അവന്റെ പുത്രനായ യെഹോശാഫാത്ത്‌ നീക്കം ചെയ്‌തു. യെഹോശാഫാത്തിന്റെ വാഴ്‌ചയുടെ കാലത്തുപോലും പൂജാഗിരികൾ പാടേ അപ്രത്യക്ഷമായിരുന്നില്ല.​—⁠2 ദിനവൃത്താന്തം 17:5, 6; 20:31-33.

15:9; 34:​6—⁠ഇസ്രായേൽ രാജ്യത്തിന്റെ വിഭജനത്തോടുള്ള ബന്ധത്തിൽ ശിമെയോൻ ഗോത്രത്തിന്റെ സ്ഥാനം എന്തായിരുന്നു? യെഹൂദയിലെ വിവിധ പ്രദേശങ്ങൾ അവകാശമായി ലഭിച്ചിരുന്നതിനാൽ ഭൂമിശാസ്‌ത്രപരമായി ശിമെയോൻ ഗോത്രം യെഹൂദ-ബെന്യാമീൻ രാജ്യത്തിലായിരുന്നു. (യോശുവ 19:1) എന്നിരുന്നാലും മതപരവും രാഷ്‌ട്രീയവുമായി ശിമെയോൻ ഗോത്രം വടക്കേ രാജ്യത്തോടൊപ്പമായിരുന്നു. (1 രാജാക്കന്മാർ 11:⁠30-33; 12:​20-24) അതുകൊണ്ട്‌ ശിമെയോൻ ഗോത്രം പത്തുഗോത്ര രാജ്യത്തോടൊപ്പം എണ്ണപ്പെട്ടു.

16:​13, 14—⁠ആസായുടെ മൃതശരീരം ദഹിപ്പിക്കപ്പെട്ടോ? ഇല്ല. “എത്രയും വലിയോരു ദഹനം . . . ചെയ്‌തു” എന്നത്‌ അർഥമാക്കുന്നത്‌ ആസായുടെ ശരീരം ദഹിപ്പിച്ചതിനെയല്ല മറിച്ച്‌ പരിമളസാധനങ്ങൾ ദഹിപ്പിച്ചതിനെയാണ്‌.

35:​3—⁠യോശീയാവ്‌ എവിടെനിന്നാണ്‌ വിശുദ്ധപെട്ടകം ആലയത്തിലേക്കു കൊണ്ടുവന്നത്‌? മുമ്പ്‌ ഏതെങ്കിലും ഒരു ദുഷിച്ച രാജാവ്‌ പെട്ടകം നീക്കംചെയ്‌തിരുന്നതാണോ അതോ ആലയത്തിന്റെ വിപുലമായ തോതിലുള്ള അറ്റകുറ്റപ്പണികളുടെ സമയത്ത്‌ അതു സുരക്ഷിതമായി സൂക്ഷിക്കുന്നതിന്‌ യോശീയാവ്‌തന്നെ മാറ്റിവെച്ചിരുന്നതാണോ എന്ന്‌ ബൈബിൾ പറയുന്നില്ല. ശലോമോന്റെ നാളുകൾക്കുശേഷം പെട്ടകത്തെക്കുറിച്ചുള്ള ചരിത്രപരമായ ഏക പരാമർശം, യോശീയാവ്‌ അത്‌ ആലയത്തിലേക്കു കൊണ്ടുവന്നതിനോടു ബന്ധപ്പെട്ടതാണ്‌.

നമുക്കുള്ള പാഠങ്ങൾ:

13:13-18; 14:11, 12; 32:9-23. യഹോവയിൽ ആശ്രയിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച എത്ര വലിയ പാഠമാണു നമുക്കു പഠിക്കാൻ കഴിയുന്നത്‌!

16:1-5, 7; 18:1-3, 28-32; 21:4-6; 22:10-12; 28:16-22. പരദേശികളുമായോ അവിശ്വാസികളുമായോ ഉള്ള കൂട്ടുകെട്ടുകൾ ദാരുണമായ പ്രത്യാഘാതങ്ങൾക്കിടയാക്കും. ലോകവുമായുള്ള അനാവശ്യമായ ഏത്‌ ഇടപാടുകളും നാം ഒഴിവാക്കുന്നതു ജ്ഞാനമായിരിക്കും.​—⁠യോഹന്നാൻ 17:14, 16; യാക്കോബ്‌ 4:⁠4.

16:7-12; 26:16-21; 32:25, 26. അഹങ്കാരം രാജാവായ ആസായെ അവന്റെ ജീവിതത്തിന്റെ അവസാനവർഷങ്ങളിൽ തെറ്റായ ഒരു ഗതി സ്വീകരിക്കാൻ ഇടയാക്കി. ഉസ്സീയാവിന്റെ പതനത്തിലേക്കു നയിച്ചതും അവന്റെ അഹങ്കാരംതന്നെ. ബാബിലോന്യ ദൂതന്മാർക്കു തന്റെ ഭണ്ഡാരഗൃഹം കാണിച്ചുകൊടുക്കാൻ തക്കവിധം ബുദ്ധിശൂന്യമായി പെരുമാറാൻ ഹിസ്‌കീയാവിനെ പ്രേരിപ്പിച്ചതും അഹങ്കാരമായിരിക്കണം. (യെശയ്യാവു 39:1-7) “നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്‌ചക്കു മുമ്പെ ഉന്നതഭാവം” എന്ന്‌ ബൈബിൾ മുന്നറിയിപ്പു നൽകുന്നു.​—⁠സദൃശവാക്യങ്ങൾ 16:18.

16:⁠9. തങ്കൽ ഏകാഗ്രചിത്തരായിരിക്കുന്നവരെ യഹോവ സഹായിക്കുന്നു, അവർക്കുവേണ്ടി തന്റെ ശക്തി ഉപയോഗിക്കാൻ അവൻ ഉത്സുകനാണ്‌.

18:12, 13, 23, 24, 27. യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു സംസാരിക്കുന്നതിൽ നാം മീഖായാവിനെപ്പോലെ നിർഭയരായിരിക്കണം.

19:1-3. നമ്മോടു കോപിക്കാൻ കാരണങ്ങളുള്ളപ്പോൾപ്പോലും നമ്മിൽ എന്തെങ്കിലും നന്മയുണ്ടോയെന്ന്‌ യഹോവ അന്വേഷിക്കുന്നു.

20:1-28. മാർഗനിർദേശത്തിനായി നാം താഴ്‌മയോടെ യഹോവയിലേക്കു തിരിയുമ്പോൾ യഹോവ തന്നെത്തന്നെ നമുക്കു വെളിപ്പെടുത്തുമെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും.​—⁠സദൃശവാക്യങ്ങൾ 15:29.

20:17. ‘യഹോവ വരുത്തുന്ന രക്ഷ കാണാൻ’ നാം ദൈവരാജ്യത്തെ സജീവമായി പിന്തുണച്ചുകൊണ്ട്‌ ‘സ്വസ്ഥാനങ്ങളിൽ നിലയുറപ്പി’ക്കേണ്ടതുണ്ട്‌ (NW). തന്നിഷ്ടപ്രകാരം പ്രവർത്തിക്കാതെ യഹോവയിൽ സമ്പൂർണമായി ആശ്രയിച്ചുകൊണ്ടു നാം “സ്ഥിരമായി” അഥവാ അചഞ്ചലരായി നിലകൊള്ളണം.

24:17-19; 25:14. യോവാശിനും അമസ്യാവിനും വിഗ്രഹാരാധന ഒരു കെണിയായി ഭവിച്ചു. ഇന്നും വിഗ്രഹാരാധന ഒരു കെണിയാണ്‌, വിശേഷിച്ചും അതു ദുർമോഹത്തിന്റെയോ ദേശീയതയുടെയോ രൂപത്തിലുള്ളതായിരിക്കുമ്പോൾ.​—⁠കൊലൊസ്സ്യർ 3:5; വെളിപ്പാടു 13:⁠4.

32:6, 7“ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചു”കൊണ്ട്‌ ആത്മീയപോരാട്ടം നടത്തിക്കൊണ്ടിരിക്കെ നാമും നിർഭയരും കരുത്തുറ്റവരും ആയിരിക്കണം.​—⁠എഫെസ്യർ 6:11-18.

33:2-9, 12, 13, 15, 16. ഒരു വ്യക്തി, തെറ്റായ ഗതി ഉപേക്ഷിക്കുകയും ശരിയായതു ചെയ്യാൻ നിശ്ചയദാർഢ്യത്തോടെ യത്‌നിക്കുകയും ചെയ്യുമ്പോൾ അയാൾ യഥാർഥ പശ്ചാത്താപം പ്രകടമാക്കുന്നു. യഥാർഥ അനുതാപത്തിന്റെ അടിസ്ഥാനത്തിൽ, രാജാവായ മനശ്ശെയെപ്പോലെ ദുഷ്ടത പ്രവർത്തിച്ചിട്ടുള്ള ഒരു വ്യക്തിക്കുപോലും യഹോവയുടെ കരുണയ്‌ക്കു പാത്രമാകാൻ കഴിയും.

34:1-3. ബാല്യത്തിലെ പ്രതികൂല സാഹചര്യങ്ങൾ യഹോവയെ അറിയുകയും സേവിക്കുകയും ചെയ്യുന്നതിൽനിന്നും നമ്മെ തടയേണ്ടതില്ല. കുഞ്ഞുന്നാളിൽ യോശീയാവിനെ നല്ല രീതിയിൽ സ്വാധീനിച്ചത്‌ അനുതപിച്ച അവന്റെ വല്യപ്പനായ മനശ്ശെയായിരിക്കാം. എന്തായാലും ആ നല്ല സ്വാധീനം മെച്ചപ്പെട്ട ഫലം പുറപ്പെടുവിച്ചു. നമ്മുടെ കാര്യത്തിലും അങ്ങനെ സംഭവിക്കാം.

36:15-17. യഹോവ സഹാനുഭൂതിയും ക്ഷമയും ഉള്ളവനാണ്‌. എന്നാൽ അവന്റെ സഹാനുഭൂതിക്കും ക്ഷമയ്‌ക്കും അതിരുണ്ട്‌. യഹോവ ഈ ദുഷ്ടവ്യവസ്ഥിതിക്കു നാശം വരുത്തുമ്പോൾ അതിനെ അതിജീവിക്കണമെങ്കിൽ ആളുകൾ രാജ്യപ്രസംഗവേലയോട്‌ അനുകൂലമായി പ്രതികരിക്കണം.

36:17, 22, 23. യഹോവയുടെ വചനം എല്ലായ്‌പോഴും സത്യമായി ഭവിക്കുന്നു.​—⁠1 രാജാക്കന്മാർ 9:7, 8; യിരെമ്യാവു 25:9-11.

ഒരു പുസ്‌തകം പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നു

“യോശീയാവു യിസ്രായേൽമക്കൾക്കുള്ള സകലദേശങ്ങളിൽനിന്നും സകലമ്ലേച്ഛതകളെയും നീക്കിക്കളഞ്ഞു യിസ്രായേലിൽ ഉള്ളവരെല്ലാം തങ്ങളുടെ ദൈവമായ യഹോവയെ സേവിപ്പാൻ സംഗതിവരുത്തി” എന്ന്‌ 2 ദിനവൃത്താന്തം 34:33 പറയുന്നു. ഇതു ചെയ്യാൻ യോശീയാവിനെ പ്രേരിപ്പിച്ചത്‌ എന്താണ്‌? കാര്യനിർവാഹകനായ ശാഫാൻ പുതുതായി കണ്ടെത്തിയ യഹോവയുടെ ന്യായപ്രമാണപുസ്‌തകം കൊണ്ടുവന്നപ്പോൾ രാജാവ്‌ അത്‌ ഉറക്കെ വായിച്ചുകേട്ടു. കേട്ട കാര്യങ്ങൾ യോശീയാവിന്റെ ഹൃദയത്തെ വളരെ സ്‌പർശിച്ചു, തത്‌ഫലമായി ജീവിതകാലം മുഴുവൻ അവൻ സത്യാരാധനയെ തീക്ഷ്‌ണതയോടെ പ്രോത്സാഹിപ്പിച്ചു.

ദൈവവചനം വായിക്കുകയും വായിച്ച കാര്യങ്ങൾ ധ്യാനിക്കുകയും ചെയ്യുന്നത്‌ നമ്മെ ആഴത്തിൽ സ്‌പർശിച്ചേക്കാം. ദാവീദിന്റെ വംശത്തിലെ രാജാക്കന്മാരുടെ വിവരണങ്ങൾ വായിക്കുന്നത്‌ യഹോവയിൽ ആശ്രയംവെച്ചവരുടെ മാതൃക പിൻപറ്റാനും അങ്ങനെ ചെയ്യാതിരുന്നവരുടെ മാതൃക തള്ളിക്കളയാനും നമ്മെ പ്രേരിപ്പിക്കുന്നില്ലേ? സത്യദൈവത്തിനു നമ്മുടെ അനന്യഭക്തി നൽകാനും അവനോടു വിശ്വസ്‌തരായിരിക്കാനും രണ്ടു ദിനവൃത്താന്തം നമ്മെ പ്രചോദിപ്പിക്കുന്നു. അതിലെ സന്ദേശം ജീവനുള്ളതും ശക്തി ചെലുത്തുന്നതുമാണ്‌.​—⁠എബ്രായർ 4:12.

[അടിക്കുറിപ്പുകൾ]

^ ഖ. 19 ആലയത്തിന്റെ ഉദ്‌ഘാടനത്തെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്കും ആ സന്ദർഭത്തിൽ ശലോമോൻ നടത്തിയ പ്രാർഥനയിൽ അടങ്ങിയിരിക്കുന്ന മറ്റു പാഠങ്ങൾക്കും 2005 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 28-31 പേജുകൾ കാണുക.

^ ഖ. 23 യെഹൂദയിലെ രാജാക്കന്മാരുടെ വംശാവലി പട്ടികയ്‌ക്കായി 2005 ആഗസ്റ്റ്‌ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 12-ാം പേജ്‌ കാണുക.

[18-ാം പേജിലെ ചിത്രം]

വാർപ്പുകടലിന്റെ അടിയിലു ണ്ടായിരുന്ന കാളകളുടെ രൂപങ്ങൾ ഉചിതമായ പ്രതീകമായിരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ അറിയാമോ?

[21-ാം പേജിലെ ചിത്രങ്ങൾ]

യോശീയാവിനു ബാല്യത്തിൽ പരിമിതമായ സഹായമേ ലഭിച്ചുള്ളുവെങ്കിലും അവൻ യഹോവയോടു വിശ്വസ്‌തനായി വളർന്നുവന്നു