വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്രഷ്ടാവിനെ സേവിക്കുന്നതിൽ തുടരാൻ ദൃഢചിത്ത

സ്രഷ്ടാവിനെ സേവിക്കുന്നതിൽ തുടരാൻ ദൃഢചിത്ത

ജീവിത കഥ

സ്രഷ്ടാവിനെ സേവിക്കുന്നതിൽ തുടരാൻ ദൃഢചിത്ത

കോൺസ്റ്റൻസ്‌ ബേനാന്റി പറഞ്ഞപ്രകാരം

പെട്ടെന്നാണ്‌ എല്ലാം സംഭവിച്ചത്‌! ഞങ്ങളുടെ 22 മാസം പ്രായമുള്ള മകൾ കാമിലിന്‌ കലശലായ പനി പിടിപെട്ട്‌ വെറും ആറു ദിവസത്തിനുള്ളിൽ അവൾ മരിച്ചു. എനിക്കു ദുഃഖം താങ്ങാനായില്ല. എനിക്കും മരിച്ചാൽ മതിയെന്നു തോന്നി. എന്തുകൊണ്ടാണ്‌ ദൈവം ഇത്തരമൊരു കാര്യം അനുവദിച്ചത്‌? ഞാൻ ചിന്താക്കുഴപ്പത്തിലായി.

എന്റെ മാതാപിതാക്കൾ ഇറ്റലിയിലെ സിസിലിയിലുള്ള കാസ്റ്റെല്ലാമ്മാരേ ഡെൽ ഗോൾഫോ എന്ന പട്ടണത്തിൽനിന്ന്‌ ന്യൂയോർക്ക്‌ നഗരത്തിലേക്കു കുടിയേറിയിരുന്നു. അവിടെവെച്ച്‌ 1908 ഡിസംബർ 8-നു ഞാൻ ജനിച്ചു. പിതാവും മാതാവും എട്ടു മക്കളും​—⁠അഞ്ച്‌ ആൺമക്കളും മൂന്ന്‌ പെൺമക്കളും​—⁠അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം. *

1927-ൽ എന്റെ പിതാവ്‌ സാന്റോ കാറ്റാൻഡ്‌സാറോ, ബൈബിൾ വിദ്യാർഥികളുടെ​—⁠യഹോവയുടെ സാക്ഷികൾ അന്ന്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌​—⁠ഒരു ചെറിയ കൂട്ടത്തോടൊപ്പം യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. ന്യൂയോർക്കിലുള്ള ബ്രുക്ലിൻ ആസ്ഥാനത്ത്‌ (ബെഥേൽ എന്ന്‌ അറിയപ്പെടുന്നു) സേവിച്ചുകൊണ്ടിരുന്ന ഇറ്റലിക്കാരനായ ജോവാന്നി ഡേച്ചെക്ക എന്ന സഹോദരൻ ന്യൂ ജഴ്‌സിക്ക്‌ അടുത്ത്‌ ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്തു യോഗങ്ങൾ നടത്തിയിരുന്നു. ക്രമേണ, പിതാവ്‌ പ്രസംഗവേല തുടങ്ങുകയും മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കുകയും ചെയ്‌തു. 1953-ൽ മരിക്കുന്നതുവരെ അദ്ദേഹം ആ വേലയിൽ തുടർന്നു.

കന്യാസ്‌ത്രീ ആകണമെന്നായിരുന്നു അമ്മയുടെ ചെറുപ്പത്തിലെ മോഹം. പക്ഷേ അമ്മയുടെ മാതാപിതാക്കൾ അതിന്‌ അനുവദിച്ചില്ല. പിതാവിനോടൊപ്പം ബൈബിൾ പഠിക്കാതിരിക്കാൻ അമ്മ സമ്മർദം ചെലുത്തിയപ്പോൾ ആദ്യം ഞാൻ അതിനു വഴിപ്പെട്ടു. എന്നാൽ പെട്ടെന്നുതന്നെ ഞാൻ പിതാവിൽ ചില മാറ്റങ്ങൾ ശ്രദ്ധിച്ചു. അദ്ദേഹം കൂടുതൽ ശാന്തനും സൗമ്യനുമായി മാറിയിരുന്നു, തന്നെയുമല്ല കുടുംബത്തിൽ സമാധാനം വർധിക്കുകയും ചെയ്‌തു. അത്‌ എനിക്ക്‌ ഇഷ്ടമായി.

ഇതേസമയം, ബ്രുക്ലിനിൽ ജനിച്ച, എന്റെ അതേ പ്രായമുള്ള ചാൾസിനെ ഞാൻ പരിചയപ്പെട്ടു. എന്റേതുപോലെ അദ്ദേഹത്തിന്റെ കുടുംബവും സിസിലിയിൽനിന്നു വന്നതായിരുന്നു. അധികം താമസിയാതെ ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു, 1931-ൽ കൊളംബസിലെ ഒഹായോയിൽവെച്ചു നടന്ന യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ സംബന്ധിച്ച്‌ പിതാവ്‌ മടങ്ങിയെത്തിയതിനെ തുടർന്ന്‌ ഞങ്ങൾ വിവാഹിതരായി. ഒരു വർഷത്തിനകം ഞങ്ങൾക്കൊരു മകൾ പിറന്നു. കാമിൽ എന്ന്‌ ഞങ്ങൾ അവൾക്കു പേരിട്ടു. അവളുടെ മരണം എന്നെ തീരാദുഃഖത്തിലാഴ്‌ത്തി. ഒരു ദിവസം ചാൾസ്‌ കരഞ്ഞുകൊണ്ട്‌ എന്നോടു പറഞ്ഞു: “കാമിലിനെ നീ എത്രമാത്രം സ്‌നേഹിച്ചിരുന്നോ അത്രയുംതന്നെ ഞാനും സ്‌നേഹിച്ചിരുന്നു. പരസ്‌പരം ആശ്വസിപ്പിച്ചുകൊണ്ട്‌ നമുക്കു ജീവിതവുമായി എന്തുകൊണ്ടു മുന്നോട്ടു പൊയ്‌ക്കൂടാ?”

ഞങ്ങൾ ബൈബിൾ സത്യം സ്വീകരിക്കുന്നു

കാമിലിന്റെ ശവസംസ്‌കാര പ്രസംഗത്തിൽ പിതാവ്‌ പുനരുത്ഥാന പ്രത്യാശയെപ്പറ്റി പറഞ്ഞത്‌ ചാൾസ്‌ എന്നെ ഓർമിപ്പിച്ചു. “ചാൾസ്‌ ശരിക്കും പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നുണ്ടോ?” ഞാൻ ചോദിച്ചു.

“ഉവ്വ്‌,” അദ്ദേഹം പറഞ്ഞു. “ബൈബിളിനു പറയാനുള്ളതിനെപ്പറ്റി കൂടുതൽ അറിവ്‌ എന്തുകൊണ്ടു നമുക്കു നേടിക്കൂടാ?”

ആ രാത്രി എനിക്ക്‌ ഉറങ്ങാൻ കഴിഞ്ഞില്ല. രാവിലെ ആറു മണിക്ക്‌, പിതാവ്‌ ജോലിക്കു പോകുന്നതിനു മുമ്പ്‌, ഞാൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന്‌ ചാൾസിനും എനിക്കും ബൈബിൾ പഠിക്കണമെന്നു പറഞ്ഞു. അദ്ദേഹം ആഹ്ലാദഭരിതനായി എന്നെ കെട്ടിപ്പിടിച്ചു. അപ്പോഴും കിടക്കുകയായിരുന്ന അമ്മ ഞങ്ങൾ സംസാരിക്കുന്നതു കേട്ടു. എന്താണു സംഭവിച്ചതെന്ന്‌ അമ്മ എന്നോടു ചോദിച്ചു. ഞാൻ പറഞ്ഞു: “ഒന്നുമില്ല. ചാൾസും ഞാനും ബൈബിൾ പഠിക്കാൻ തീരുമാനിച്ചു, അത്രയേയുള്ളൂ.”

“നാമെല്ലാവരും ബൈബിൾ പഠിക്കേണ്ടതുണ്ട്‌” എന്നായിരുന്നു അമ്മയുടെ മറുപടി. അങ്ങനെ ഞങ്ങൾ കുടുംബം ഒത്തൊരുമിച്ച്‌​—⁠എന്റെ സഹോദരീസഹോദരന്മാർ ഉൾപ്പെടെ മൊത്തം 11 പേർ​—ബൈബിൾ പഠിക്കാൻ തുടങ്ങി.

ബൈബിൾ പഠനം എനിക്ക്‌ ആശ്വാസം പകർന്നു. ക്രമേണ ചിന്താക്കുഴപ്പവും ദുഃഖവുമെല്ലാം പ്രത്യാശയ്‌ക്കു വഴിമാറി. ഒരു വർഷത്തിനു ശേഷം, 1935-ൽ ചാൾസും ഞാനും ബൈബിൾ സത്യം മറ്റുള്ളവരുമായി പങ്കുവെക്കാൻ ആരംഭിച്ചു. 1937 ഫെബ്രുവരിയിൽ ബ്രുക്ലിൻ ആസ്ഥാനത്തുവെച്ച്‌ ജലസ്‌നാപനത്തിന്റെ തിരുവെഴുത്തുപരമായ പ്രാധാന്യത്തെ വിശദീകരിച്ചുകൊണ്ടുള്ള ഒരു പ്രസംഗം കേട്ടതിനു ശേഷം, ഞങ്ങൾ അടുത്തുള്ള ഒരു ഹോട്ടലിലെ സ്വിമ്മിങ്‌പൂളിൽ മറ്റ്‌ അനേകരോടൊപ്പം സ്‌നാപനമേറ്റു. ഞാൻ ഈ പടി സ്വീകരിച്ചത്‌, എന്നെങ്കിലുമൊരിക്കൽ എന്റെ മകളെ വീണ്ടും കാണുമെന്നു പ്രത്യാശിച്ചതുകൊണ്ടു മാത്രമല്ല, പിന്നെയോ ഞാൻ അറിയാനും സ്‌നേഹിക്കാനുമിടയായ നമ്മുടെ സ്രഷ്ടാവിനെ സേവിക്കാൻ ആഗ്രഹിച്ചതുകൊണ്ടുകൂടെയാണ്‌.

മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കുന്നു

പഠിച്ച കാര്യങ്ങളെപ്പറ്റി മറ്റുള്ളവരോടു സംസാരിക്കുന്നത്‌ ആവേശഭരിതവും ഫലദായകവുമായിരുന്നു, വിശേഷിച്ചും അക്കാലത്ത്‌ പലരും രാജ്യസന്ദേശത്തോടു പ്രതികരിക്കുകയും അതു ഘോഷിക്കുന്നതിൽ പങ്കുപറ്റുകയും ചെയ്‌തതിനാൽ. (മത്തായി 9:37) 1941-ൽ ചാൾസും ഞാനും പയനിയർമാർ​—⁠യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകർ അങ്ങനെയാണ്‌ അറിയപ്പെടുന്നത്‌​—⁠ആയി. അധികം താമസിയാതെ, ഞങ്ങൾ ഒരു വാഹനഭവനം വാങ്ങുകയും ഞങ്ങളുടെ കുടുംബത്തിന്റെ പാന്റ്‌സ്‌ നിർമാണശാല ചാൾസ്‌ എന്റെ ഇളയ സഹോദരനായ ഫ്രാങ്കിനെ ഏൽപ്പിക്കുകയും ചെയ്‌തു. ഇതേസമയം ഞങ്ങളെ പ്രത്യേക പയനിയർമാരായി നിയമിച്ചിരിക്കുന്നെന്ന വിവരം അറിയിച്ചുകൊണ്ട്‌ ഒരു കത്തു ലഭിച്ചപ്പോൾ ഞങ്ങളുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. തുടക്കത്തിൽ ഞങ്ങളെ ന്യൂ ജഴ്‌സിയിലാണു നിയമിച്ചത്‌, പിന്നീടു ഞങ്ങളെ ന്യൂയോർക്കിലേക്ക്‌ അയച്ചു.

1946-ൽ മേരിലാൻഡിലെ ബാൾട്ടിമോറിൽ ഒരു കൺവെൻഷനിൽ സംബന്ധിക്കവേ, യഹോവയുടെ സാക്ഷികളുടെ പ്രത്യേക പ്രതിനിധികൾ നടത്തുന്ന ഒരു യോഗത്തിനു ഹാജരാകാൻ ഞങ്ങളോട്‌ ആവശ്യപ്പെട്ടു. നേഥൻ എച്ച്‌. നോറും മിൽട്ടൺ ജി. ഹെൻഷലും അവിടെ സന്നിഹിതരായിരുന്നു. അവർ ഞങ്ങളോടു മിഷനറിവേലയെക്കുറിച്ച്‌, പ്രത്യേകിച്ചും ഇറ്റലിയിലെ പ്രസംഗ പ്രവർത്തനത്തെപ്പറ്റി സംസാരിച്ചു. വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിൽ സംബന്ധിക്കാനുള്ള സാധ്യത പരിഗണിക്കാനും അവർ നിർദേശിച്ചു.

“എന്തായാലും ആലോചിച്ചു നോക്കൂ, എന്നിട്ടു മറുപടി പറഞ്ഞാൽ മതി,” അവർ പറഞ്ഞു. ഓഫീസിൽനിന്നു പുറത്തുവന്ന ചാൾസും ഞാനും പരസ്‌പരം നോക്കി, തിരിഞ്ഞ്‌, നേരെ അകത്തു ചെന്നു. ഞങ്ങൾ പറഞ്ഞു: “ഞങ്ങൾ അതേപ്പറ്റി ആലോചിച്ചു, ഗിലെയാദിൽ സംബന്ധിക്കാൻ ഞങ്ങൾ തയ്യാറാണ്‌.” പത്തു ദിവസം കഴിഞ്ഞ്‌ ഞങ്ങൾ ഗിലെയാദിന്റെ ഏഴാമത്തെ ക്ലാസ്സിൽ സംബന്ധിക്കുമായിരുന്നു.

പരിശീലനകാലം അവിസ്‌മരണീയമായിരുന്നു. വിദേശ വയലിലെ ബുദ്ധിമുട്ടുകൾ നേരിടാൻ ഞങ്ങളെ ഒരുക്കിയ പരിശീലകരുടെ സ്‌നേഹവും ക്ഷമയും ആണ്‌ ഞങ്ങളിൽ വിശേഷിച്ചും മതിപ്പുളവാക്കിയത്‌. 1946 ജൂലൈയിൽ ബിരുദം നേടിയശേഷം, കുറച്ചു കാലത്തേക്ക്‌ ഇറ്റലിക്കാരുടെ വലിയൊരു കൂട്ടം താമസിച്ചിരുന്ന ന്യൂയോർക്ക്‌ നഗരത്തിൽ പ്രസംഗിക്കാൻ ഞങ്ങളെ നിയമിച്ചു. ഒടുവിൽ ആ മഹത്തായ ദിവസം വന്നെത്തി! 1947 ജൂൺ 25-ന്‌ ഞങ്ങളുടെ മിഷനറി നിയമന സ്ഥലമായ ഇറ്റലിയിലേക്കു ഞങ്ങൾ പുറപ്പെട്ടു.

നിയമനവുമായി ഇഴുകിച്ചേരുന്നു

മുമ്പ്‌ സൈനിക ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന ഒരു കപ്പലിലാണ്‌ ഞങ്ങൾ യാത്ര ചെയ്‌തത്‌. 14 ദിവസത്തെ സമുദ്രയാത്രയ്‌ക്കു ശേഷം ഇറ്റാലിയൻ തുറമുഖമായ ജെനോവയിൽ ഞങ്ങൾ എത്തിച്ചേർന്നു. രണ്ടു വർഷം മുമ്പു മാത്രം അവസാനിച്ച രണ്ടാം ലോകമഹായുദ്ധം അവശേഷിപ്പിച്ച മുറിപ്പാടുകൾ നഗരത്തിൽ ദൃശ്യമായിരുന്നു. ഉദാഹരണത്തിന്‌ റെയിൽവേ സ്റ്റേഷന്റെ ജനൽപ്പാളികളെല്ലാം ബോംബാക്രമണത്തിൽ നിശ്ശേഷം തകർന്നിരുന്നു. ജെനോവയിൽനിന്ന്‌ ഒരു ചരക്കുതീവണ്ടിയിൽ ഞങ്ങൾ, ബ്രാഞ്ച്‌ ഓഫീസും മിഷനറി ഭവനവും സ്ഥിതിചെയ്‌തിരുന്ന മിലാനിൽ എത്തിച്ചേർന്നു.

യുദ്ധാനന്തര ഇറ്റലിയിലെ ജീവിത സാഹചര്യങ്ങൾ വളരെ പരിതാപകരമായിരുന്നു. പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നെങ്കിലും പട്ടിണി വ്യാപകമായിരുന്നു. അധികം താമസിയാതെ എനിക്കു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായി. എന്റെ ഹൃദയത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നതിനാൽ ഐക്യനാടുകളിലേക്കു മടങ്ങിപ്പോകുന്നതാണ്‌ എനിക്ക്‌ ഏറ്റവും നല്ലതെന്ന്‌ ഒരു ഡോക്ടർ അഭിപ്രായപ്പെട്ടു. സന്തോഷകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ രോഗനിർണയം തെറ്റായിരുന്നു. 58 വർഷങ്ങൾക്കു ശേഷം, ഞാൻ ഇപ്പോഴും ഇറ്റലിയിലെ എന്റെ നിയമനത്തിൽ തുടരുന്നു.

നിയമനം ലഭിച്ച്‌ ഏതാനും വർഷങ്ങൾക്കകം ഐക്യനാടുകളിലുള്ള എന്റെ ജഡിക സഹോദരന്മാർ ഞങ്ങൾക്ക്‌ ഒരു കാർ വാഗ്‌ദാനം ചെയ്‌തു. എന്നാൽ അവരുടെ വാഗ്‌ദാനം ചാൾസ്‌ ദയാപൂർവം നിരസിച്ചു, ആ തീരുമാനത്തെ ഞാൻ ഹൃദയപൂർവം പിന്തുണച്ചു. ഞങ്ങളുടെ അറിവിൽ, അക്കാലത്ത്‌ ഇറ്റലിയിലുണ്ടായിരുന്ന സാക്ഷികളിലാർക്കും കാർ ഉണ്ടായിരുന്നില്ല. നമ്മുടെ ക്രിസ്‌തീയ സഹോദരന്മാരുടെ അതേ ജീവിത നിലവാരം പിൻപറ്റുന്നതാണു ഞങ്ങൾക്ക്‌ ഏറ്റവും നല്ലതെന്നു ചാൾസ്‌ ചിന്തിച്ചു. 1961-ലാണ്‌ ഞങ്ങൾക്കു സ്വന്തമായൊരു കാർ ഉണ്ടായത്‌.

മിലാനിലെ ഞങ്ങളുടെ ആദ്യത്തെ രാജ്യഹാൾ ഒരു ബേസ്‌മെന്റിലായിരുന്നു, മൺതറയാണ്‌ അതിന്‌ ഉണ്ടായിരുന്നത്‌. കുളിമുറിയോ പൈപ്പോ ഒന്നും അവിടെ ഇല്ലായിരുന്നു. മറ്റു സമയങ്ങളിൽ ഒരു തുള്ളി വെള്ളം പോലും ലഭിച്ചിരുന്നില്ലെങ്കിലും മഴപെയ്യുമ്പോഴൊക്കെ ഹാളിനകം വെള്ളംകൊണ്ടു നിറയുമായിരുന്നു! അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന ചെറിയ എലികളും ഞങ്ങൾക്കു കൂട്ടിനുണ്ടായിരുന്നു. രണ്ടു ചെറിയ ബൾബുകൾ ഞങ്ങളുടെ യോഗസ്ഥലത്തു പ്രകാശം ചൊരിഞ്ഞു. ഇത്തരം അസൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും, ആത്മാർഥഹൃദയരായ ആളുകൾ യോഗങ്ങൾക്കു ഹാജരാകുന്നതും കാലാന്തരത്തിൽ ഞങ്ങളോടൊപ്പം ശുശ്രൂഷയിൽ ചേരുന്നതും കാണുന്നത്‌ പ്രോത്സാഹജനകമായിരുന്നു.

മിഷനറി അനുഭവങ്ങൾ

ഒരിക്കൽ ഞങ്ങൾ സമാധാനം​—അതിനു നിലനിൽക്കാനാകുമോ? (ഇംഗ്ലീഷ്‌) എന്ന ചെറുപുസ്‌തകം ഒരാൾക്കു കൊടുത്തു. ഞങ്ങൾ തിരിച്ചുപോരാറായപ്പോൾ, അദ്ദേഹത്തിന്റെ ഭാര്യ സാന്റിന പലചരക്കു സാധനങ്ങൾ നിറച്ച ബാഗുകളും ചുമന്നുകൊണ്ട്‌ അവിടെ എത്തിച്ചേർന്നു. അവർ അൽപ്പം പ്രകോപിതയായി കാണപ്പെട്ടു. തനിക്ക്‌ എട്ടു പെൺമക്കളുടെ കാര്യങ്ങൾ നോക്കാനുണ്ടെന്നും സമയം തീരെയില്ലെന്നും അവർ പറഞ്ഞു. അടുത്ത തവണ ഞാൻ സാന്റിനയെ സന്ദർശിച്ചപ്പോൾ, അവരുടെ ഭർത്താവ്‌ വീട്ടിലില്ലായിരുന്നു. അവർ എന്തോ തുന്നുകയായിരുന്നു. അവർ പറഞ്ഞു, “എനിക്കു കേൾക്കാൻ സമയമില്ല, തന്നെയുമല്ല എനിക്കു വായിക്കാനുമറിയില്ല.”

ഞാൻ യഹോവയോടു നിശ്ശബ്ദമായി പ്രാർഥിച്ചു. എന്നിട്ട്‌, തുന്നൽക്കൂലി തരുകയാണെങ്കിൽ എന്റെ ഭർത്താവിനുവേണ്ടി ഒരു കമ്പിളിയുടുപ്പ്‌ തുന്നിത്തരാമോയെന്ന്‌ അവരോടു ചോദിച്ചു. രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ എനിക്കു കമ്പിളിയുടുപ്പ്‌ കിട്ടിയെന്നു മാത്രമല്ല ഞാനും സാന്റിനയും “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ സഹായത്തോടെ ബൈബിൾ ക്രമമായി പഠിക്കാൻ ആരംഭിക്കുകയും ചെയ്‌തു. സാന്റിന വായിക്കാൻ പഠിക്കുകയും ഭർത്താവിന്റെ എതിർപ്പുണ്ടായിരുന്നിട്ടും, പുരോഗതി വരുത്തുകയും സ്‌നാപനമേൽക്കുകയും ചെയ്‌തു. അവരുടെ അഞ്ചു പെൺമക്കൾ യഹോവയുടെ സാക്ഷികളായി. ബൈബിൾ സത്യം സ്വീകരിക്കാൻ മറ്റു പലരെയും സാന്റിന സഹായിച്ചിരിക്കുന്നു.

1951 മാർച്ചിൽ, വേറെ രണ്ടു മിഷനറിമാരോടൊപ്പം ഞങ്ങളെ സാക്ഷികളാരുമില്ലാതിരുന്ന ബ്രെസിയയിലേക്കു സ്ഥലംമാറ്റി. രൂത്ത്‌ കാനെനും * പിൽക്കാലത്ത്‌ ബിൽ വെങ്ങർട്ടിനെ വിവാഹം കഴിച്ച ലോയിസ്‌ കലെഹനും ആയിരുന്നു ആ മിഷനറിമാർ. എല്ലാ സൗകര്യങ്ങളുമുള്ള ഒരു അപ്പാർട്ടുമെന്റിൽ ഞങ്ങൾ താമസമാക്കി. എന്നാൽ രണ്ടു മാസം കഴിഞ്ഞപ്പോൾ, 24 മണിക്കൂറിനകം ആ വീട്‌ ഒഴിഞ്ഞുകൊടുക്കണമെന്ന്‌ ഉടമസ്ഥൻ ഞങ്ങളോട്‌ ആവശ്യപ്പെട്ടു. ആ പ്രദേശത്ത്‌ വേറെ സാക്ഷികളാരും ഇല്ലാതിരുന്നതിനാൽ ഒരു ഹോട്ടലിൽ താമസിക്കാൻ ഞങ്ങൾ നിർബന്ധിതരായി. ഏകദേശം രണ്ടു മാസത്തോളം ഞങ്ങൾ അവിടെ താമസിച്ചു.

ഞങ്ങളുടെ ഭക്ഷണം കാപ്പി, കുറച്ചു ലഘുഭക്ഷണം, അൽപ്പം ചീസ്‌, പഴങ്ങൾ എന്നിവ മാത്രമായിരുന്നു. ബുദ്ധിമുട്ടുകളുടെ നടുവിലും ഞങ്ങൾ സന്തുഷ്ടരും കൃതാർഥരുമായിരുന്നു. കുറച്ചു ദിവസത്തിനകം ഞങ്ങൾ ഒരു ചെറിയ അപ്പാർട്ട്‌മെന്റ്‌ കണ്ടുപിടിച്ചു. 1952-ൽ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകാചരണത്തിന്‌ രാജ്യഹാളായി ഉപയോഗിച്ചിരുന്ന ചെറിയ മുറിയിൽ 35 പേർ സന്നിഹിതരായിരുന്നു.

വെല്ലുവിളികളുമായി പൊരുത്തപ്പെടുന്നു

അക്കാലത്ത്‌, വൈദികർ ജനങ്ങളുടെമേൽ വലിയ അധികാരം പ്രയോഗിച്ചിരുന്നു. ഉദാഹരണത്തിന്‌, ബ്രെഷയിൽ ഞങ്ങൾ പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കെ, ഞങ്ങളെ കല്ലെറിയാൻ പുരോഹിതന്മാർ ചില ആൺകുട്ടികളെ പ്രേരിപ്പിച്ചു.. എന്നിരുന്നാലും ആയിടയ്‌ക്ക്‌ 16 പേർ ഞങ്ങളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ സാക്ഷികളായിത്തീരുകയും ചെയ്‌തു. അവരിൽ ഒരാൾ ഞങ്ങളെ കല്ലെറിയുമെന്നു ഭീഷണിപ്പെടുത്തിയ ആൺകുട്ടികളിൽ ഒരുവനായിരുന്നു! ബ്രെഷയിലുള്ള സഭകളിലൊന്നിൽ അവൻ ഇപ്പോൾ മൂപ്പനായി സേവിക്കുന്നു. 1955-ൽ ഞങ്ങൾ ബ്രെഷ വിട്ടപ്പോൾ, 40 രാജ്യ പ്രസാധകർ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ടായിരുന്നു.

അതിനുശേഷം, മൂന്നു വർഷം ഞങ്ങൾ ലെഗ്‌ഹോർണിൽ (ലിവോർനോ) സേവിച്ചു. അവിടെ ഭൂരിഭാഗം സാക്ഷികളും സ്‌ത്രീകളായിരുന്നു. അതുകൊണ്ടുതന്നെ സാധാരണഗതിയിൽ സഹോദരന്മാർക്കു നിയമിച്ചുകൊടുക്കുന്ന സഭാ ഉത്തരവാദിത്വങ്ങൾ ഞങ്ങൾ സഹോദരിമാർക്കു നിർവഹിക്കേണ്ടിവന്നു. ഞങ്ങൾ അടുത്തതായി പോയത്‌, 11 വർഷം മുമ്പ്‌ ഞങ്ങൾ എവിടെനിന്നാണോ തുടക്കംകുറിച്ചത്‌ അവിടേക്കുതന്നെയായിരുന്നു, ജെനോവയിലേക്ക്‌. അപ്പോഴേക്കും, അവിടെ ഒരു സഭയുണ്ടായിരുന്നു. ഞങ്ങളുടെ അപ്പാർട്ട്‌മെന്റ്‌ സ്ഥിതിചെയ്‌തിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു രാജ്യഹാൾ.

ജെനോവയിൽ എത്തിച്ചേർന്ന ഉടനെ ഞാൻ ഒരു സ്‌ത്രീയുമായി ബൈബിൾ പഠിക്കാൻ ആരംഭിച്ചു. അവരുടെ ഭർത്താവ്‌ ഒരു മുൻ ബോക്‌സറും ഒരു ബോക്‌സിങ്‌ ജിംനേഷ്യത്തിന്റെ മാനേജരുമായിരുന്നു. ഈ സ്‌ത്രീ ആത്മീയ പുരോഗതി വരുത്തുകയും അധികം താമസിയാതെ നമ്മുടെ ക്രിസ്‌തീയ സഹോദരി ആയിത്തീരുകയും ചെയ്‌തു. എന്നാൽ അവരുടെ ഭർത്താവ്‌ എതിർപ്പു പ്രകടിപ്പിക്കുകയും വളരെക്കാലം അങ്ങനെ തുടരുകയും ചെയ്‌തു. പിന്നീട്‌ അദ്ദേഹം ഭാര്യയോടൊപ്പം സഭായോഗങ്ങൾക്കു വരാൻ തുടങ്ങി. രാജ്യഹാളിന്റെ അകത്തു കയറാതെ പുറത്തിരുന്ന്‌ അദ്ദേഹം കാര്യങ്ങൾ ശ്രദ്ധിച്ചു. പിന്നീട്‌, ഞങ്ങൾ ജെനോവയിൽനിന്നു പോന്നശേഷം അദ്ദേഹം ഒരു ബൈബിൾ അധ്യയനം ആവശ്യപ്പെട്ടു. കാലാന്തരത്തിൽ അദ്ദേഹം സ്‌നാപനമേൽക്കുകയും സ്‌നേഹവാനായ ഒരു ക്രിസ്‌തീയ മേൽവിചാരകൻ ആയിത്തീരുകയും ചെയ്‌തു. മരണംവരെ അദ്ദേഹം വിശ്വസ്‌തനായി തുടർന്നു.

മറ്റൊരു സ്‌ത്രീയെയും ഞാൻ ബൈബിൾ പഠിക്കാൻ സഹായിച്ചു. ഒരു പോലീസുകാരനുമായി അവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. തുടക്കത്തിൽ അദ്ദേഹം അൽപ്പം താത്‌പര്യം കാണിച്ചു, പക്ഷേ വിവാഹത്തിനുശേഷം അദ്ദേഹത്തിന്റെ ഭാവം മാറി. അദ്ദേഹത്തിൽനിന്നുള്ള എതിർപ്പുമൂലം ആ സ്‌ത്രീക്കു പഠനം നിറുത്തേണ്ടിവന്നു. കുറച്ചു നാളുകൾക്കുശേഷം വീണ്ടും അവർ ബൈബിൾ പഠനം ആരംഭിച്ചു, ഞങ്ങൾ ബൈബിൾ പഠിക്കുന്നതെങ്ങാനും കണ്ടാൽ ഞങ്ങളെ രണ്ടു പേരെയും വെടിവെക്കുമെന്നു പറഞ്ഞ്‌ ഭർത്താവ്‌ അവരെ ഭീഷണിപ്പെടുത്തി. എന്തായാലും ആ സ്‌ത്രീ ആത്മീയ പുരോഗതി വരുത്തുകയും സ്‌നാപനമേറ്റ സാക്ഷിയായിത്തീരുകയും ചെയ്‌തു. അദ്ദേഹം ഞങ്ങളെ വെടിവെച്ചില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. വർഷങ്ങൾക്കു ശേഷം, ജെനോവയിൽ ഒരു സമ്മേളനത്തിൽവെച്ച്‌ ആരോ പുറകിലൂടെ വന്ന്‌ എന്റെ കണ്ണു പൊത്തുകയും താൻ ആരാണെന്ന്‌ ഊഹിക്കാമോയെന്നു ചോദിക്കുകയും ചെയ്‌തു. ആ സ്‌ത്രീയുടെ ഭർത്താവിനെ കൺമുമ്പിൽ കണ്ടപ്പോൾ സന്തോഷംകൊണ്ട്‌ എന്റെ കണ്ണുകൾ നിറഞ്ഞുപോയി. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു, എന്നിട്ട്‌ യഹോവയ്‌ക്കുള്ള തന്റെ സമർപ്പണത്തിന്റെ പ്രതീകമായി താൻ അന്നേദിവസം സ്‌നാപനമേറ്റതായി എന്നോടു പറഞ്ഞു.

1964 മുതൽ 1972 വരെ, സഹോദരങ്ങളെ ആത്മീയമായി ബലപ്പെടുത്താൻ ചാൾസ്‌ സഭകൾ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ അനുഗമിക്കാനുള്ള പദവി എനിക്കുണ്ടായിരുന്നു. പിഡ്‌മോണ്ട്‌, ലാമ്പർഡി, ലിഗ്യുറിയ എന്നിങ്ങനെ വടക്കൻ ഇറ്റലിയിലെ മിക്ക പ്രദേശങ്ങളിലും ഞങ്ങൾ സേവിച്ചു. അതിനുശേഷം ഞങ്ങൾ പയനിയർ സേവനം പുനഃരാരംഭിച്ചു, ആദ്യം ഫ്‌ളോറെൻസിനു സമീപത്തും പിന്നീട്‌ വെർച്ചെലിയിലും ഞങ്ങൾ സേവിച്ചു. 1977-ൽ വെർച്ചെലിയിൽ ഒരു സഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ 1999-ൽ ഞങ്ങൾ അവിടം വിട്ടപ്പോൾ അവിടെ മൂന്ന്‌ സഭകളുണ്ടായിരുന്നു. ആ വർഷം എനിക്ക്‌ 91 വയസ്സാകുകയും റോമിലെ മിഷനറി ഭവനത്തിലേക്കു പോകാൻ ഞങ്ങൾക്കു പ്രോത്സാഹനം ലഭിക്കുകയും ചെയ്‌തു. താരതമ്യേന ശാന്തമായ പ്രദേശത്തു സ്ഥിതിചെയ്‌തിരുന്ന മനോഹരമായ ഒരു ചെറിയ വീടായിരുന്നു മിഷനറി ഭവനം.

ദുഃഖകരമായ മറ്റൊരു സംഭവം

എല്ലായ്‌പോഴും നല്ല ആരോഗ്യമുണ്ടായിരുന്ന ചാൾസ്‌ 2002 മാർച്ചിൽ പെട്ടെന്നു രോഗബാധിതനായി. ആരോഗ്യനില വഷളായതിനെ തുടർന്ന്‌ 2002 മേയ്‌ 11-ന്‌ അദ്ദേഹം മരിച്ചു. 71 വർഷത്തെ നീണ്ട വിവാഹജീവിതത്തിൽ ദുഃഖങ്ങളും അനുഗ്രഹങ്ങളും ഞങ്ങൾ ഒരുമിച്ചു പങ്കിട്ടു. എന്നെ സംബന്ധിച്ചിടത്തോളം തീവ്രദുഃഖം സമ്മാനിച്ച, നികത്താനാവാത്ത നഷ്ടമായിരുന്നു അദ്ദേഹത്തിന്റെ മരണം.

സൂട്ടും 1930-കളിലെ തൊപ്പിയും അണിഞ്ഞ ചാൾസിന്റെ രൂപം കൂടെക്കൂടെ എന്റെ മനസ്സിൽ തെളിഞ്ഞുവരാറുണ്ട്‌. ഞാൻ അദ്ദേഹത്തിന്റെ പുഞ്ചിരി ഭാവനയിൽ കാണുന്നു. അദ്ദേഹത്തിന്റെ സുപരിചിതമായ ചിരി കാതുകളിൽ പതിക്കുന്നതായി ചിലപ്പോഴൊക്കെ എനിക്കു തോന്നാറുണ്ട്‌. യഹോവയുടെ സഹായവും പ്രിയപ്പെട്ട ക്രിസ്‌തീയ സഹോദരീസഹോദരന്മാരുടെ സ്‌നേഹവും ആണ്‌ ദുഃഖകരമായ ഈ സമയത്തു സഹിച്ചുനിൽക്കാൻ എന്നെ പ്രാപ്‌തയാക്കിയത്‌. ചാൾസിനെ വീണ്ടും കാണാനാകുന്ന ആ സമയത്തിനായി ഞാൻ ആകാംക്ഷാപൂർവം കാത്തിരിക്കുന്നു.

എന്റെ സേവനത്തിൽ തുടരുന്നു

സ്രഷ്ടാവിനെ സേവിക്കുക എന്നതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ കാര്യം. വർഷങ്ങളിലുടനീളം ഞാൻ, “യഹോവ നല്ലവൻ എന്നു രുചിച്ചറി”ഞ്ഞിട്ടുണ്ട്‌. (സങ്കീർത്തനം 34:8) ഞാൻ അവന്റെ സ്‌നേഹം അറിയുകയും അവന്റെ കരുതൽ അനുഭവിക്കുകയും ചെയ്‌തിരിക്കുന്നു. എനിക്ക്‌ എന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടെങ്കിലും അനേകം ആത്മീയ പുത്രീപുത്രന്മാരെ യഹോവ എനിക്കു നൽകിയിരിക്കുന്നു. ഇറ്റലിയിൽ ഉടനീളം ചിതറിപ്പാർക്കുന്ന അവർ എന്റെയും അവന്റെയും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.

എന്റെ സ്രഷ്ടാവിനെപ്പറ്റി മറ്റുള്ളവരോടു സംസാരിക്കുന്നതാണ്‌ എല്ലായ്‌പോഴും ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കാര്യം. അതുകൊണ്ടാണ്‌ പ്രസംഗിക്കുന്നതിലും ബൈബിളധ്യയനങ്ങൾ നടത്തുന്നതിലും ഞാൻ തുടരുന്നത്‌. അനാരോഗ്യം കാരണം കൂടുതൽ ചെയ്യാൻ കഴിയാത്തതിൽ ചിലപ്പോഴൊക്കെ ഞാൻ ഖേദിക്കാറുണ്ട്‌. എന്നിരുന്നാലും യഹോവയ്‌ക്ക്‌ എന്റെ പരിമിതികൾ അറിയാമെന്നും അവൻ എന്നെ സ്‌നേഹിക്കുന്നുണ്ടെന്നും എനിക്കു ചെയ്യാൻ കഴിയുന്നതിനെ വിലമതിക്കുന്നുണ്ടെന്നും ഞാൻ തിരിച്ചറിയുന്നു. (മർക്കൊസ്‌ 12:42) സങ്കീർത്തനം 146:2-ലെ വാക്കുകൾക്കു ചേർച്ചയിൽ ജീവിക്കാൻ ഞാൻ ശ്രമിക്കുന്നു: “ജീവനുള്ളന്നും ഞാൻ യഹോവയെ സ്‌തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീർത്തനം ചെയ്യും.” *

[അടിക്കുറിപ്പുകൾ]

^ ഖ. 5 എന്റെ ഇളയ സഹോദരൻ ആഞ്ചേലോ കാറ്റാൻഡ്‌സാറോയുടെ അനുഭവം 1975 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 205-7 പേജുകളിൽ പ്രസിദ്ധീകരിച്ചിരുന്നു.

^ ഖ. 28 രൂത്ത്‌ കാനെന്റെ ജീവിത കഥയ്‌ക്ക്‌, 1971 മേയ്‌ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 277-80 പേജുകൾ കാണുക.

^ ഖ. 41 ഈ ലേഖനം തയ്യാറാക്കിക്കൊണ്ടിരിക്കെ, 2005 ജൂലൈ 16-ന്‌ ബേനാന്റി സഹോദരി മരണമടഞ്ഞു. അവർക്കു 96 വയസ്സായിരുന്നു.

[13-ാം പേജിലെ ചിത്രം]

കാമിൽ

[14-ാം പേജിലെ ചിത്രം]

ഞങ്ങളുടെ വിവാഹദിനത്തിൽ, 1931

[14-ാം പേജിലെ ചിത്രം]

തുടക്കത്തിൽ താത്‌പര്യമില്ലാതിരുന്ന അമ്മ എല്ലാവരും ബൈബിൾ പഠിക്കണം എന്നതിനോടു യോജിച്ചു

[15-ാം പേജിലെ ചിത്രം]

ഗിലെയാദ്‌ ബിരുദദാന ചടങ്ങിൽ നോർ സഹോദരനോടൊപ്പം, 1946

[17-ാം പേജിലെ ചിത്രം]

ചാൾസുമൊത്ത്‌, അദ്ദേഹത്തിന്റെ മരണത്തിനു മുമ്പ്‌