ഇറ്റാലിയൻ ബൈബിൾ—പ്രശ്‌നപൂരിതമായ അതിന്റെ ചരിത്രം
ഇറ്റാലിയൻ ബൈബിൾ—പ്രശ്‌നപൂരിതമായ അതിന്റെ ചരിത്രം
“നമ്മുടെ രാജ്യത്ത് [അതായത് ഇറ്റലിയിൽ] ഏറ്റവും പ്രചാരത്തിലുള്ള പുസ്‌തകങ്ങളിൽ ഒന്നാണു ബൈബിൾ. എന്നാൽ ഒരുപക്ഷേ, ഏറ്റവും കുറച്ചുപേർ വായിക്കുന്ന പുസ്‌തകങ്ങളിൽ ഒന്നുമാണ് അത്. ബൈബിളുമായി പരിചയത്തിലാകാൻ വിശ്വാസികൾക്ക് ഒട്ടുംതന്നെ പ്രോത്സാഹനം ലഭിക്കുന്നില്ല. അതിനെ ദൈവവചനമായി കാണാൻ അവർ സഹായിക്കപ്പെടുന്നുമില്ല. ബൈബിളിനെക്കുറിച്ച് അറിയാൻ ആഗ്രഹമുള്ളവർ ഉണ്ടെങ്കിലും ആ അപ്പം അവർക്കു പകുത്തുകൊടുക്കാൻ മിക്കപ്പോഴും ആരുമില്ല.”
1995-ൽ ഇറ്റാലിയൻ ബിഷപ്പുമാരുടെ കോൺഫറൻസ് നടത്തിയ ഈ പ്രസ്‌താവന പല ചോദ്യങ്ങൾ ഉയർത്തുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഇറ്റലിക്കാർക്കിടയിൽ ബൈബിൾവായന എത്ര വ്യാപകമായിരുന്നു? അതിന്റെ പ്രചാരം മറ്റു രാജ്യങ്ങളോടൊപ്പം എത്താതിരുന്നത് എന്തുകൊണ്ടാണ്? ഇറ്റലിയിൽ ഏറ്റവും കുറച്ചുപേർ വായിക്കുന്ന പുസ്‌തകങ്ങളിൽ ഒന്നായി ഇന്നും അതു തുടരുന്നത് എന്തുകൊണ്ട്? ഇറ്റാലിയൻ ബൈബിൾ ഭാഷാന്തരങ്ങളുടെ ഒരു ചരിത്രാവലോകനം ചില ഉത്തരങ്ങൾ നമുക്കു പ്രദാനം ചെയ്യുന്നു.
റോമൻസ് ഭാഷകളായ ഫ്രഞ്ച്, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്‌പാനീഷ് എന്നിവ അവയുടെ മൂലഭാഷയായ ലത്തീനിൽനിന്നു വികാസം പ്രാപിക്കാൻ നൂറ്റാണ്ടുകളെടുത്തു. ലത്തീൻ പശ്ചാത്തലമുള്ള പല യൂറോപ്യൻ രാജ്യങ്ങളിലും സാധാരണക്കാരുടെ സംസാരഭാഷകൾ ക്രമേണ പ്രാധാന്യം നേടുകയും സാഹിത്യ കൃതികളിൽപ്പോലും സ്ഥാനം പിടിക്കുകയും ചെയ്‌തു. ഈ നാട്ടുഭാഷകളുടെ രംഗപ്രവേശം ബൈബിൾ പരിഭാഷയെ നേരിട്ടു സ്വാധീനിച്ചു. എങ്ങനെ? ഒരു കാലഘട്ടത്തിൽ, സഭ പാവനമായി കരുതിപ്പോന്നിരുന്ന ലത്തീൻഭാഷയും, ഭാഷാഭേദങ്ങളും പ്രാദേശികമായ വ്യതിയാനങ്ങളും സവിശേഷതയായുള്ള നാട്ടുഭാഷകളും തമ്മിലുള്ള വിടവു ഗണ്യമായി വർധിച്ചിരുന്നു. അങ്ങനെ, വിദ്യാഭ്യാസം സമ്പാദിക്കാത്തവർക്കു ലത്തീൻ ഭാഷ മനസ്സിലാക്കുക അസാധ്യമായിത്തീർന്നു.
1000-ാം ആണ്ടായപ്പോൾ ഇറ്റാലിയൻ ഉപദ്വീപിൽ വസിച്ചിരുന്ന മിക്കവർക്കും ലത്തീൻ വൾഗേറ്റ്—അവർക്ക് അതിന്റെ ഒരു പ്രതി സമ്പാദിക്കാൻ കഴിഞ്ഞാൽപ്പോലും—വായിക്കുക പ്രയാസമായിത്തീർന്നു. നിലവിലുണ്ടായിരുന്ന ഏതാനും സർവകലാശാലകളിലേത് ഉൾപ്പെടെ വിദ്യാഭ്യാസം നൂറ്റാണ്ടുകളോളം പുരോഹിതശ്രേണിയുടെ കുത്തകയായിരുന്നു. ശ്രേഷ്‌ഠരായ ചുരുക്കം ചിലർക്കുമാത്രമാണ് അതിൽനിന്നു പ്രയോജനം നേടാൻ കഴിഞ്ഞത്. അങ്ങനെ ബൈബിൾ ക്രമേണ “ഒരു അജ്ഞാത ഗ്രന്ഥം” ആയിത്തീർന്നു. എന്നിരുന്നാലും, സ്വന്തം ഭാഷയിൽ ദൈവവചനം ലഭിക്കാനും അതിന്റെ അർഥം ഗ്രഹിക്കാനും അനേകർ ആഗ്രഹിച്ചു.
ബൈബിൾ പരിഭാഷപ്പെടുത്തുന്നത് പുരോഹിതർ പൊതുവേ എതിർത്തിരുന്നു. പാഷണ്ഡചിന്തകൾ പ്രചരിക്കാൻ അത് ഇടയാക്കുമെന്ന് അവർ ഭയപ്പെട്ടു. മാസ്സിമോ ഫിർപോ എന്ന ചരിത്രകാരൻ പറയുന്നു: “നാട്ടുഭാഷകളുടെ ഉപയോഗം, മതപരമായ കാര്യങ്ങളിലുള്ള പുരോഹിതന്മാരുടെ മേൽക്കോയ്‌മയെ സംരക്ഷിച്ചിരുന്ന ഭാഷാപരമായ മതിൽ [ലത്തീന്റെ ഉപയോഗം] തകർക്കുന്നതിനെ [അർഥമാക്കുമായിരുന്നു].” അതുകൊണ്ട്, സാംസ്‌കാരികവും മതപരവും
സാമൂഹികവുമായ ഘടകങ്ങളാണ് ഇന്ന് ഇറ്റലിയിൽ ബൈബിൾ വിദ്യാഭ്യാസത്തിന്റെ പൊതുവിലുള്ള അഭാവത്തിനു കാരണം.ബൈബിളിന്റെ ഭാഗികമായ ആദ്യ പരിഭാഷകൾ
13-ാം നൂറ്റാണ്ടിലാണ് ബൈബിൾ പുസ്‌തകങ്ങൾ ആദ്യമായി ലത്തീനിൽനിന്ന് ഇറ്റാലിയനിലേക്കു പരിഭാഷപ്പെടുത്താൻ തുടങ്ങിയത്. എഴുതിയുണ്ടാക്കിയ ഭാഗികമായ അത്തരം ഭാഷാന്തരങ്ങൾക്കു വില വളരെ കൂടുതൽ ആയിരുന്നു. 14-ാം നൂറ്റാണ്ടിൽ ഭാഷാന്തരങ്ങളുടെ എണ്ണം വർധിക്കുകയും ബൈബിളിന്റെ ഏറെക്കുറെ മുഴുവൻ ഭാഗവും നാട്ടുഭാഷയിൽ ലഭ്യമാകുകയും ചെയ്‌തു—വ്യത്യസ്‌ത സ്ഥലങ്ങളിലുള്ള ആളുകൾ വ്യത്യസ്‌ത കാലങ്ങളിലാണ് അതിലെ വിവിധ പുസ്‌തകങ്ങൾ പരിഭാഷപ്പെടുത്തിയതെങ്കിലും. അജ്ഞാതരായ പരിഭാഷകർ തയ്യാറാക്കിയ ഈ ഭാഷാന്തരങ്ങളിൽ മിക്കതും സമ്പന്നരോ പഠിപ്പുള്ളവരോ കയ്യടക്കിയിരുന്നു. അവർക്കുമാത്രമാണ് അതു സ്വന്തമാക്കാൻ ആസ്‌തിയുണ്ടായിരുന്നത്. അച്ചടി ആരംഭിച്ചതോടെ പുസ്‌തകങ്ങളുടെ വില ഗണ്യമായി കുറഞ്ഞെങ്കിലും, ബൈബിൾ “ചുരുക്കം ചിലർക്കുമാത്രമേ ലഭ്യമായിരുന്നുള്ളൂ” എന്ന് ചരിത്രകാരിയായ ജില്യോളാ ഫ്രാൻയിറ്റോ പറയുന്നു.
നൂറ്റാണ്ടുകളോളം ഇറ്റലിയിലെ ബഹുഭൂരിപക്ഷംപേരും നിരക്ഷരർ ആയിരുന്നു. 1861-ൽ ഇറ്റലിയുടെ ഏകീകരണം നടന്നപ്പോൾപ്പോലും ജനസംഖ്യയുടെ 74.7 ശതമാനം അക്ഷരാഭ്യാസം ഇല്ലാത്തവർ ആയിരുന്നു. പൊതുജനങ്ങൾക്കു സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകാൻ ഇറ്റലിയിലെ പുതിയ ഗവൺമെന്റ് തയ്യാറായപ്പോൾ, ആ നിയമത്തെ എതിർക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പയസ് ഒമ്പതാമൻ പാപ്പാ 1870-ൽ രാജാവിനു കത്തയയ്‌ക്കുകയുണ്ടായി. “കത്തോലിക്കാ സ്‌കൂളുകളുടെ സമ്പൂർണ നാശം” ലക്ഷ്യമാക്കിയുള്ള ഒരു “ബാധ” എന്നാണ് പാപ്പാ പ്രസ്‌തുത നീക്കത്തെ കത്തിൽ വിശേഷിപ്പിച്ചത്.
ആദ്യത്തെ ഇറ്റാലിയൻ ബൈബിൾ
ഇറ്റാലിയൻ ഭാഷയിൽ ആദ്യമായി സമ്പൂർണ ബൈബിൾ അച്ചടിച്ചത് 1471-ൽ വെനീസിൽവെച്ചാണ്. കൈകൊണ്ടു നിരത്താവുന്ന അച്ചുകൾ ആദ്യമായി യൂറോപ്പിൽ ഉപയോഗിച്ച് 16 വർഷത്തിനുശേഷമായിരുന്നു അത്. കമൽഡോലി സന്യാസിസംഘത്തിലെ അംഗമായ നിക്കോളോ മാലെർബിയാണ് എട്ടു മാസംകൊണ്ട് പ്രസ്‌തുത ഭാഷാന്തരം തയ്യാറാക്കിയത്. നിലവിലുള്ള ഭാഷാന്തരങ്ങളെ ഗണ്യമായി ആശ്രയിച്ച അദ്ദേഹം ലത്തീൻ വൾഗേറ്റിന്റെ അടിസ്ഥാനത്തിൽ അവയെ എഡിറ്റു ചെയ്യുകയും ചില വാക്കുകൾക്കുപകരം, സ്വദേശമായ വെനേഷ്യയിൽ സാധാരണമായി ഉപയോഗിച്ചിരുന്നവ ഉൾപ്പെടുത്തുകയും ചെയ്‌തു. അദ്ദേഹത്തിന്റെ ഭാഷാന്തരമായിരുന്നു അച്ചടിക്കപ്പെട്ട ആദ്യത്തെ ഇറ്റാലിയൻ ബൈബിൾ പതിപ്പ്. അതിനു വ്യാപകമായ പ്രചാരം ലഭിക്കുകയും ചെയ്‌തു.
വെനീസിൽവെച്ച് ബൈബിളിന്റെ മറ്റൊരു ഭാഷാന്തരം പ്രസിദ്ധീകരിച്ച വ്യക്തിയായിരുന്നു ആന്റോണിയോ ബ്രൂക്കോളി. പ്രൊട്ടസ്റ്റൻറ് ചിന്താഗതിയുള്ള ഒരു മാനവികതാവാദിയായിരുന്നെങ്കിലും അദ്ദേഹം ഒരിക്കലും ഔദ്യോഗികമായി കത്തോലിക്കാ സഭ ഉപേക്ഷിച്ചിരുന്നില്ല. 1532-ൽ ബ്രൂക്കോളി മൂല എബ്രായ, ഗ്രീക്കു ഭാഷകളിൽനിന്ന് ബൈബിൾ പരിഭാഷപ്പെടുത്തി. മൂല ഭാഷകളിൽനിന്ന് ഇറ്റാലിയനിലേക്കു പരിഭാഷപ്പെടുത്തിയ ആദ്യത്തെ ബൈബിളായിരുന്നു അത്. ഉത്‌കൃഷ്ട ഇറ്റാലിയനിലല്ല പരിഭാഷ നിർവഹിച്ചിരിക്കുന്നതെങ്കിലും പുരാതന ഭാഷകളെക്കുറിച്ചുള്ള അക്കാലത്തെ പരിജ്ഞാനമനുസരിച്ച് ഈ പരിഭാഷ മൂലഭാഷകളോടു ശ്രദ്ധാർഹമാംവിധം വിശ്വസ്‌തത പാലിക്കുന്നു. ചില പതിപ്പുകളുടെ ചില ഭാഗങ്ങളിൽ ബ്രൂക്കോളി ദൈവനാമം പുനഃസ്ഥാപിച്ചു—“യെവോവാ” എന്നാണ് അദ്ദേഹം ഉപയോഗിച്ചത്. ഏകദേശം ഒരു നൂറ്റാണ്ടോളം, ഇറ്റലിയിലെ പ്രൊട്ടസ്റ്റന്റുകാർക്കും മതവിമതർക്കുമിടയിൽ അദ്ദേഹത്തിന്റെ ബൈബിളിനു വലിയ പ്രചാരമായിരുന്നു.
ഇറ്റാലിയൻ പരിഭാഷകൾ വേറെയും പ്രസിദ്ധീകരിക്കപ്പെട്ടു. യഥാർഥത്തിൽ ബ്രൂക്കോളിയുടെ ബൈബിളിന്റെ പരിഷ്‌കൃത പതിപ്പുകളായിരുന്ന അവയിൽ ചിലതു തയാറാക്കിയത് കത്തോലിക്കരായിരുന്നു. അവയിലൊന്നുപോലും കാര്യമായ പ്രചാരം സിദ്ധിച്ചില്ല. കാൽവിനിസ്റ്റു പാസ്റ്റർ ആയ ജോവാന്നി ഡിയോഡാറ്റി 1607-ൽ ജനീവയിൽവെച്ച് മൂലഭാഷകളിൽനിന്നു മറ്റൊരു ഇറ്റാലിയൻ പരിഭാഷ പ്രസിദ്ധീകരിച്ചു. മതപീഡനത്തിൽനിന്നു രക്ഷപ്പെടാൻ സ്വിറ്റ്‌സർലൻഡിലേക്ക് ഓടിപ്പോയ ഒരു ദമ്പതികളുടെ പുത്രനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭാഷാന്തരമാണ് നൂറ്റാണ്ടുകളോളം ഇറ്റലിയിലെ പ്രൊട്ടസ്റ്റന്റുകാർ ഉപയോഗിച്ചത്. അതു നിർമിക്കപ്പെട്ട കാലഘട്ടത്തോടുള്ള ബന്ധത്തിൽ നോക്കുമ്പോൾ ഒരു മികച്ച ഇറ്റാലിയൻ പരിഭാഷയായി അതു കണക്കാക്കപ്പെടുന്നു. ബൈബിളിന്റെ പഠിപ്പിക്കലുകൾ ഗ്രഹിക്കാൻ ഡിയോഡാറ്റിയുടെ ബൈബിൾ ഇറ്റലിക്കാരെ സഹായിച്ചു. എന്നാൽ ഈ ഭാഷാന്തരത്തിന്റെയും മറ്റുള്ളവയുടെയും വിതരണം സഭ തടസ്സപ്പെടുത്തി.
ബൈബിൾ—“ഒരു അജ്ഞാത ഗ്രന്ഥം”
എൻചിക്ലോപെഡിയാ കാറ്റോലീകാ പറയുന്നു: “പുസ്‌തകങ്ങൾ എക്കാലത്തും സഭയുടെ നിരീക്ഷണത്തിലായിരുന്നു. എങ്കിലും അച്ചടി കണ്ടുപിടിക്കപ്പെട്ടതോടെ, നിരോധിക്കപ്പെട്ടിരുന്ന പുസ്‌തകങ്ങളുടെ ഒരു പട്ടിക തയാറാക്കേണ്ടത് ആവശ്യമാണെന്നു സഭയ്‌ക്കു തോന്നി. അപകടകരമെന്നു കരുതിയവയൊക്കെ സഭ കത്തിച്ചുകളയുകയും ചെയ്‌തു.” പ്രൊട്ടസ്റ്റന്റ് നവീകരണം ഉദയംചെയ്‌തശേഷംപോലും പല യൂറോപ്യൻ
രാജ്യങ്ങളിലെയും പുരോഹിതന്മാർ, പാഷണ്ഡ കൃതികളെന്നു വിളിക്കപ്പെട്ടിരുന്ന ഗ്രന്ഥങ്ങളുടെ പ്രചാരം തടയാൻ കഴിയുന്നതെല്ലാം ചെയ്‌തു. 1546-ലെ ട്രെന്റ് സുന്നഹദോസ് നാട്ടുഭാഷകളിലുള്ള ഭാഷാന്തരങ്ങളെക്കുറിച്ചു ചർച്ചചെയ്‌തപ്പോൾ സാഹചര്യം ഒരു വഴിത്തിരിവിലെത്തി. വ്യക്തമായ രണ്ട് അഭിപ്രായങ്ങൾ ഉയർന്നുവന്നു. സാധാരണക്കാരുടെ ഭാഷയിലുള്ള ബൈബിൾ “സഭാവിരുദ്ധമായ സകല ഉപദേശങ്ങളുടെയും മാതാവും പ്രഭവസ്ഥാനവും” ആണെന്ന് നിരോധനത്തെ അനുകൂലിച്ചവർ അവകാശപ്പെട്ടു. അതേസമയം നിരോധനത്തെ പ്രതികൂലിച്ചവരാകട്ടെ, “വഞ്ചനയും ചതിയും” മറച്ചുവെക്കാനാണ് സഭ നാട്ടുഭാഷകളിലുള്ള ബൈബിളുകൾ നിരോധിച്ചിരിക്കുന്നതെന്ന് “ശത്രുക്കളായ” പ്രൊട്ടസ്റ്റന്റുകാർ ആരോപിക്കുമെന്ന് അഭിപ്രായപ്പെട്ടു.അഭിപ്രായഭിന്നത നിമിത്തം, കത്തോലിക്കരുടെ അടിസ്ഥാന ഭാഷാന്തരം ആയിത്തീർന്ന വൾഗേറ്റിന്റെ ആധികാരികതയ്‌ക്ക് അംഗീകാരം പ്രഖ്യാപിച്ചതല്ലാതെ യഥാർഥ പ്രശ്‌നം സംബന്ധിച്ച് സുന്നഹദോസ് വ്യക്തമായ യാതൊരു നടപടിയും സ്വീകരിച്ചില്ല. എന്നിരുന്നാലും, വൾഗേറ്റിനെ “ആധികാരികം” എന്നു പ്രഖ്യാപിച്ചതിലൂടെ “യഥാർഥത്തിൽ അതുമാത്രമാണു നിയമാനുസൃതമായ ബൈബിൾപാഠമെന്ന ആശയത്തെ” സഭ “പിന്തുണയ്‌ക്കുകയാണു ചെയ്‌തത്” എന്ന് റോമിലെ പോണ്ടിഫിക്കൽ സാലെസ്യാനും സർവകലാശാലയിലെ അധ്യാപകനായ കാർലോ ബൂഡ്‌സെറ്റി ചൂണ്ടിക്കാട്ടുന്നു. തുടർന്നുണ്ടായ സംഭവവികാസങ്ങൾ അതിനു തെളിവാണ്.
1559-ൽ പോൾ നാലാമൻ പാപ്പാ, നിരോധിക്കപ്പെട്ട പുസ്‌തകങ്ങളുടെ ആദ്യത്തെ ഇൻഡെക്‌സ് പ്രസിദ്ധീകരിച്ചു. കത്തോലിക്കർ വായിക്കുകയോ വിൽക്കുകയോ പരിഭാഷപ്പെടുത്തുകയോ കൈവശം വെക്കുകയോ ചെയ്യരുതാത്ത കൃതികളുടെ ഒരു പട്ടികയായിരുന്നു അത്. ഈ ഗ്രന്ഥങ്ങൾ ദോഷകരവും വിശ്വാസത്തിനും ധാർമിക നൈർമല്യത്തിനും അപകടകരവുമാണെന്നു കരുതപ്പെട്ടിരുന്നു. ബ്രൂക്കോളിയുടെ ഭാഷാന്തരം ഉൾപ്പെടെയുള്ള നാട്ടുഭാഷാ ബൈബിളുകൾ വായിക്കുന്നത് പ്രസ്‌തുത ഇൻഡെക്‌സ് വിലക്കി. വിലക്കു ലംഘിക്കുന്നവരെ സഭാഭ്രഷ്ടരാക്കിയിരുന്നു. 1596-ൽ, കൂടുതൽ വിലക്കുകളുള്ള ഇൻഡെക്‌സ് പുറത്തിറക്കി. നാട്ടുഭാഷകളിൽ ബൈബിൾ പരിഭാഷപ്പെടുത്തുകയോ അച്ചടിക്കുകയോ ചെയ്യാനുള്ള അനുമതി പൂർണമായും നിഷേധിക്കപ്പെട്ടു. അത്തരം ബൈബിളുകൾ നശിപ്പിച്ചുകളയുമായിരുന്നു.
തത്‌ഫലമായി 16-ാം നൂറ്റാണ്ടിന്റെ അവസാനത്തിനുശേഷം, പള്ളിയങ്കണങ്ങളിൽ കൂടുതൽ ബൈബിളുകൾ അഗ്നിക്കിരയായി. തിരുവെഴുത്തുകൾ ഒരു പാഷണ്ഡ കൃതിയാണെന്ന ധാരണ സാധാരണക്കാരുടെ മനസ്സിൽ സ്ഥാനംപിടിച്ചു. ഇന്നും ആ ചിന്താഗതിക്കു മാറ്റമുണ്ടായിട്ടില്ല. പൊതുവായനാശാലകളിലും സ്വകാര്യ വായനാശാലകളിലുമുള്ള മിക്കവാറും എല്ലാ ബൈബിളുകളും ബൈബിൾ ഭാഷ്യങ്ങളും നശിപ്പിക്കപ്പെട്ടു. ബൈബിൾ ഇറ്റാലിയനിലേക്കു പരിഭാഷപ്പെടുത്താൻ അടുത്ത 200 വർഷത്തോളം ഒരു കത്തോലിക്കാ വിശ്വാസിയും രംഗത്തുവന്നില്ല. പിടിച്ചെടുക്കുമെന്ന ഭയത്താൽ രഹസ്യമായി വിതരണം ചെയ്‌തിരുന്ന, പ്രൊട്ടസ്റ്റന്റ് പണ്ഡിതരുടെ ഭാഷാന്തരങ്ങൾ മാത്രമാണ് ഇറ്റാലിയൻ ഉപദ്വീപിൽ ഉണ്ടായിരുന്നത്. ശ്രദ്ധാർഹമായി, ചരിത്രകാരനായ മാറിയോ ചിന്യോനി ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ഫലത്തിൽ, അൽമായർ നൂറ്റാണ്ടുകളോളം ബൈബിൾ തീർത്തും വായിക്കാതെയായി. ബൈബിൾ ശരിക്കും ഒരു അജ്ഞാത ഗ്രന്ഥം
ആയിത്തീർന്നു. കോടിക്കണക്കിന് ഇറ്റലിക്കാർ തങ്ങളുടെ ജീവകാലത്തൊരിക്കലും ബൈബിളിന്റെ ഒരു പേജുപോലും വായിച്ചിട്ടില്ല.”നിരോധനത്തിൽ ഇളവ്
പിന്നീട്, 1757 ജൂൺ 13-ന് പുറത്തിറക്കിയ ഇൻഡെക്‌സിൽ ബെനെഡിക്‌റ്റ് പതിന്നാലാമൻ പാപ്പാ മുമ്പുണ്ടായിരുന്ന നിയമം ഭേദഗതി ചെയ്‌തു. “വത്തിക്കാൻ അംഗീകരിച്ചിട്ടുള്ളതും ബിഷപ്പുമാരുടെ മേൽനോട്ടത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ നാട്ടുഭാഷാ ബൈബിളുകൾ വായിക്കാൻ അനുവാദം നൽകുന്നതായിരുന്നു” അത്. തത്‌ഫലമായി, പിന്നീട് ഫ്‌ളോറൻസിലെ ആർച്ചുബിഷപ്പ് ആയിത്തീർന്ന ആന്റോണ്യോ മാർട്ടിനി വൾഗേറ്റ് പരിഭാഷപ്പെടുത്താൻ പദ്ധതിയിട്ടു. 1769-ൽ ആദ്യഭാഗം പ്രസിദ്ധീകരിക്കുകയും 1781-ൽ വേല പൂർത്തീകരിക്കുകയും ചെയ്‌തു. “പ്രത്യേക പരാമർശത്തിന് യഥാർഥത്തിൽ അർഹമായ ആദ്യത്തെ” ഇറ്റാലിയൻ ഭാഷാന്തരം മാർട്ടിനിയുടേത് ആയിരുന്നെന്ന് ഒരു കത്തോലിക്കാ ഉറവിടം ചൂണ്ടിക്കാട്ടി. ലത്തീൻ വശമില്ലാതിരുന്ന കത്തോലിക്കർക്ക് സഭയുടെ അംഗീകാരമുള്ള ഒരു ബൈബിൾ വായിക്കാൻ അന്നുവരെയും കഴിഞ്ഞിരുന്നില്ല. തുടർന്നുവന്ന 150 വർഷത്തേക്ക് ഇറ്റലിയിലെ കത്തോലിക്കർക്കു വായിക്കാൻ അനുവാദമുണ്ടായിരുന്ന ഒരേയൊരു ഭാഷാന്തരം മാർട്ടിനിയുടേതായിരുന്നു.
രണ്ടാം വത്തിക്കാൻ സഭൈക്യ കൗൺസിൽ ഒരു വഴിത്തിരിവായിരുന്നു. 1965-ൽ, ഡെയി വെർബും എന്ന ആധികാരിക പ്രമാണം “വേദപുസ്‌തകങ്ങളുടെ, വിവിധ ഭാഷകളിലുള്ള . . . സ്വീകാര്യവും കൃത്യവുമായ ഭാഷാന്തരങ്ങൾ, പ്രത്യേകിച്ചു മൂലഭാഷകളിൽനിന്നുള്ളവ” പ്രസിദ്ധീകരിക്കുന്നതിന് ഇദംപ്രഥമമായി പ്രോത്സാഹനം നൽകി. അതിന് അൽപ്പംമുമ്പ്, 1958-ൽ പോന്റിഫിച്ചോ ഇസ്റ്റിറ്റൂട്ടോ ബിബ്ലിക്കോ (പോണ്ടിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്) “മൂലപാഠങ്ങളിൽനിന്നുള്ള ആദ്യത്തെ സമ്പൂർണ കത്തോലിക്കാ ഭാഷാന്തരം” പ്രസിദ്ധീകരിച്ചു. ഈ ഭാഷാന്തരം, ദിവ്യനാമം പ്രത്യക്ഷപ്പെടുന്ന ചില ഇടങ്ങളിൽ “ജാഹ്‌വെ” എന്ന് ഉപയോഗിച്ചുകൊണ്ട് ആ നാമം പുനഃപ്രതിഷ്‌ഠിച്ചു.
നാട്ടുഭാഷാ ബൈബിളുകൾ നേരിട്ട എതിർപ്പ് വർണനാതീതമായിരുന്നു. അതിന്റെ ഫലങ്ങൾ ഇന്നും അനുഭവവേദ്യമാണ്. ജില്യോളാ ഫ്രാൻയിറ്റോയുടെ അഭിപ്രായത്തിൽ, “ചിന്തിക്കാനും മനസ്സാക്ഷിക്കു ചേർച്ചയിൽ പ്രവർത്തിക്കാനുമുള്ള തങ്ങളുടെ പ്രാപ്‌തിയെ അവിശ്വസിക്കാൻ വിശ്വാസികളെ പ്രേരിപ്പിക്കുന്ന” ഒരു ഫലമാണ് അതിന് ഉണ്ടായിരുന്നിട്ടുള്ളത്. കൂടാതെ, അനേകം കത്തോലിക്കരും ബൈബിളിനെക്കാൾ പ്രധാനമായി വീക്ഷിക്കാൻ ഇടയായ മതപരമായ അനുഷ്‌ഠാനങ്ങൾക്കും അതു കളമൊരുക്കി. നിരക്ഷരത ഏറെക്കുറെ അപ്രത്യക്ഷമായിട്ടുപോലും, തിരുവെഴുത്തുകൾ ആളുകൾക്ക് അന്യമായിത്തീരാൻ ഇതെല്ലാം കാരണമായി.
എന്നിരുന്നാലും യഹോവയുടെ സാക്ഷികൾ നടത്തുന്ന സുവിശേഷവേല, ഇറ്റാലിയൻ ബൈബിളിൽ പലരുടെയും താത്‌പര്യം ഉണർത്തിയിരിക്കുന്നു. 1963-ൽ സാക്ഷികൾ, ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം ഇറ്റാലിയനിൽ പ്രസിദ്ധീകരിച്ചു. 1967-ൽ മുഴു ബൈബിളും ലഭ്യമാക്കി. ഇറ്റലിയിൽ മാത്രമായി ഈ ഭാഷാന്തരത്തിന്റെ 40 ലക്ഷത്തിലധികം പ്രതികൾ വിതരണം ചെയ്‌തിരിക്കുന്നു. യഹോവ എന്ന ദിവ്യനാമം സ്വസ്ഥാനങ്ങളിൽ പുനഃപ്രതിഷ്‌ഠിച്ചിരിക്കുന്ന പുതിയലോക ഭാഷാന്തരം, മൂല പാഠങ്ങളിലെ ആശയത്തോടു ദൃഢമായി പറ്റിനിൽക്കുന്നതിൽ അനുപമമാണ്.
ശ്രദ്ധിക്കുന്ന ഏവരെയും തിരുവെഴുത്തുകളിലെ പ്രത്യാശാദൂത് വായിച്ചുകേൾപ്പിക്കുകയും വിശദീകരിക്കുകയും ചെയ്‌തുകൊണ്ട് യഹോവയുടെ സാക്ഷികൾ വീടുകൾ സന്ദർശിക്കുന്നു. (പ്രവൃത്തികൾ 20:20) അടുത്ത പ്രാവശ്യം നിങ്ങൾ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുമ്പോൾ, “നീതി വസിക്കുന്ന” ഒരു “പുതിയ ഭൂമി” സ്ഥാപിക്കുമെന്ന ദൈവത്തിന്റെ മഹത്തായ വാഗ്‌ദാനത്തെക്കുറിച്ച് നിങ്ങളുടെ സ്വന്തം ബൈബിളിൽ എന്താണു പറഞ്ഞിരിക്കുന്നതെന്നു കാണിച്ചുതരാൻ അവരോടു ചോദിക്കരുതോ?—2 പത്രൊസ് 3:13.
[13-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
വെനീസ്
റോം
[15-ാം പേജിലെ ചിത്രം]
ബ്രൂക്കോളിയുടെ ഭാഷാന്തരത്തിൽ യെവോവാ എന്ന ദിവ്യനാമം ഉപയോഗിച്ചിരിക്കുന്നു
[15-ാം പേജിലെ ചിത്രം]
നിരോധിക്കപ്പെട്ട കൃതികളുടെ ഇൻഡെക്‌സ്, ഇറ്റാലിയൻ ബൈബിൾ ഭാഷാന്തരങ്ങളെ അപകടകാരികളായ ഗ്രന്ഥങ്ങളുടെ പട്ടികയിൽപ്പെടുത്തി
[13-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
ബൈബിളിന്റെ ശീർഷക പേജ്: Biblioteca Nazionale Centrale di Roma
[15-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ബ്രൂക്കോളിയുടെ ഭാഷാന്തരം: Biblioteca Nazionale Centrale di Roma; ഇൻഡെക്‌സ്: Su concessione del Ministero per i Beni e le Attività Culturali