ക്രിസ്‌തുമസ്സും പുതുവത്സരവും—അവ പ്രതീക്ഷയ്‌ക്കൊത്തത് ആയിരിക്കുമോ?
ക്രിസ്‌തുമസ്സും പുതുവത്സരവും—അവ പ്രതീക്ഷയ്‌ക്കൊത്തത് ആയിരിക്കുമോ?
“ജനുവരി 1-ന് എല്ലാ പള്ളികളിലും പ്രത്യേക പുതുവത്സര കുർബാനകൾ നടത്തണമെന്ന് [മഹാനായ] പീറ്റർ ഉത്തരവിട്ടു. കൂടാതെ, വീടുകളുടെ അകത്തളങ്ങളിലുള്ള കട്ടിളക്കാലുകൾ നിത്യഹരിത മരച്ചില്ലകൾകൊണ്ട് അലങ്കരിക്കണമെന്നും പുതുവത്സര ദിനത്തിൽ മോസ്‌കോയിലെ എല്ലാ പൗരന്മാരും പരസ്‌പരം ‘ഉച്ചത്തിൽ ആശംസകൾ നേർന്നുകൊണ്ട് തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കണം’ എന്നും അദ്ദേഹം കൽപ്പിച്ചു.”—മഹാനായ പീറ്റർ—അദ്ദേഹത്തിന്റെ ജീവിതവും ലോകവും.
ക്രിസ്‌തുമസ്സ്, പുതുവത്സര കാലത്തെക്കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകൾ എന്തൊക്കെയാണ്? അത് ദീർഘമായൊരു അവധിക്കാലമാണ്. മാതാപിതാക്കൾക്കും കുട്ടികൾക്കും ഒഴിവു കിട്ടുന്ന സമയമായതിനാൽ കുടുംബങ്ങൾക്ക് ഒത്തുചേരാനുള്ള നല്ലൊരു അവസരമായി അത് വീക്ഷിക്കപ്പെടുന്നു. ക്രിസ്‌തുവിന്റെ ജനനം പരമ്പരാഗതമായി ആചരിക്കപ്പെടുന്ന ദിവസമാണ് ക്രിസ്‌തുമസ്സ്. വർഷത്തിന്റെ ഈ സമയത്ത് ചിലർ ക്രിസ്‌തുവിനെ ആദരിക്കാൻ ആഗ്രഹിക്കുന്നു. കാരണം അതാണ് ഈ കാലത്തിന്റെ മുഖ്യ സവിശേഷതയെന്ന് അവർ വിശ്വസിക്കുന്നു. ഒരുപക്ഷേ നിങ്ങളും അങ്ങനെതന്നെയായിരിക്കാം കരുതുന്നത്.
ക്രിസ്‌തുവിനെ ആദരിക്കാനോ കുടുംബത്തോടൊപ്പം ആഘോഷത്തിൽ പങ്കുചേരാനോ അതുമല്ലെങ്കിൽ ഇവ രണ്ടിനുംവേണ്ടിയോ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഭർത്താക്കന്മാരും ഭാര്യമാരും കുട്ടികളും ഈ സമയത്തിനായി ആകാംക്ഷാപൂർവം കാത്തിരിക്കുന്നു. ഈ വർഷത്തെ സംബന്ധിച്ചെന്ത്? അതു നിങ്ങളുടെ കുടുംബത്തിന് വിശേഷപ്പെട്ട ഒരു സമയംതന്നെയായിരിക്കുമോ? ദൈവത്തെ സംബന്ധിച്ചിടത്തോളം അതു വിശേഷപ്പെട്ടതായിരിക്കുമോ? കുടുംബാംഗങ്ങളുടെ ഒരു കൂടിവരവുണ്ടെങ്കിൽ അതു നിങ്ങൾ പ്രതീക്ഷിച്ചതു പോലെയായിരിക്കുമോ അതോ നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നതായിരിക്കുമോ?
മതപരമായ കാരണങ്ങൾക്ക് ഊന്നൽനൽകിക്കൊണ്ട് ക്രിസ്‌തുമസ്സിനെയും പുതുവത്സരത്തെയും വരവേൽക്കാൻ കാത്തിരിക്കുന്ന പലരും അത്തരം ആഘോഷവേളകളിൽ ക്രിസ്‌തുവിന്റേതായ ഗുണങ്ങളോ മനോഭാവമോ ഒന്നും പ്രതിഫലിക്കുന്നില്ലെന്നു കണ്ടെത്തുന്നു. മറിച്ച്, ക്രിസ്‌തുമസ്സ് കാലം സമ്മാനങ്ങൾ കൈമാറുന്നതിനുള്ള ഒരു സമയമോ ക്രിസ്‌തുവിനെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉൾപ്പെട്ടേക്കാവുന്ന ഒരു ആഘോഷവേളയോ കുടുംബാംഗങ്ങളുടെ ഒത്തുചേരലിനുള്ള ഒരു സന്ദർഭമോ മാത്രമായി മാറുന്നു. അമിതമായ തീറ്റിയിലും മദ്യപാനത്തിലും ഏർപ്പെടുന്ന ഒന്നോ അതിലധികമോ ആളുകൾ പലപ്പോഴും ഇത്തരം വേളകളെ അലങ്കോലപ്പെടുത്തുകയും ചെയ്യും. കാരണം മദ്യപാനത്തിന്റെ ചുവടുപിടിച്ചെത്തുന്ന വാക്കേറ്റങ്ങൾ മിക്കപ്പോഴും അടിപിടിയിലായിരിക്കും കലാശിക്കുക. ഇതെല്ലാം നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടായിരിക്കാം അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങൾക്കുതന്നെ അത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടാകാം.
അങ്ങനെയാണെങ്കിൽ, തുടക്കത്തിൽ വിവരിച്ച റഷ്യൻ സാർ ചക്രവർത്തി മഹാനായ പീറ്ററിന്റെ കാലത്തിൽനിന്നും കാര്യങ്ങൾ അധികമൊന്നും മാറിയിട്ടില്ലെന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടായിരിക്കാം. ഈ പ്രവണതകളിൽ അസംതൃപ്‌തരായ പലരും ക്രിസ്‌തുമസ്സ് കാലം ആഴമായ ആത്മീയ വിചിന്തനത്തിന്റെയും കുടുംബാംഗങ്ങളുടെ സന്തോഷകരമായ ഒത്തുചേരലിന്റെയും സമയമായിരിക്കണമെന്ന് ആശിക്കുന്നു. ചിലരാകട്ടെ യേശുവുമായി ബന്ധപ്പെട്ട പ്രത്യേക ആപ്‌തവാക്യങ്ങൾ ഉപയോഗിച്ച് ഒരു മാറ്റത്തിനായി പ്രചാരണം നടത്തുകപോലും ചെയ്യുന്നു. എന്നാൽ ഒരു മാറ്റം കൊണ്ടുവരുക സാധ്യമാണോ? അത് യഥാർഥത്തിൽ ക്രിസ്‌തുവിനു ബഹുമാനം കൈവരുത്തുമോ? ക്രിസ്‌തുമസ്സ് കാലത്തെക്കുറിച്ചു വ്യത്യസ്‌തമായ ഒരു വീക്ഷണം വെച്ചുപുലർത്തുന്നതിനു കാരണങ്ങളുണ്ടോ?
തൃപ്‌തികരമായ ഉത്തരങ്ങൾ കണ്ടെത്തുന്നതിന്, ഈ കാലത്തെ വിലമതിക്കാൻ പ്രത്യേക കാരണമുള്ള ഒരു ജനതയുടെ കണ്ണിലൂടെ നമുക്ക് ഈ സന്ദർഭത്തെ നോക്കിക്കാണാം.