ക്രിസ്‌തുമസ്സ് കാലം അത് എന്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു?
ക്രിസ്‌തുമസ്സ് കാലം അത് എന്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു?
കോടിക്കണക്കിന് ആളുകളെ സംബന്ധിച്ചിടത്തോളം ബന്ധുമിത്രാദികളോടൊപ്പം ആയിരിക്കാനും സ്‌നേഹബന്ധങ്ങൾ പുതുക്കാനുമുള്ള ഒരു സമയമാണ് ക്രിസ്‌തുമസ്സ് കാലം. മറ്റു പലരും ഈ കാലത്തെ, യേശുക്രിസ്‌തുവിന്റെ ജനനത്തെയും മനുഷ്യരാശിയുടെ രക്ഷയിൽ അവൻ വഹിച്ച പങ്കിനെയും കുറിച്ചു വിചിന്തനം ചെയ്യാനുള്ള ഒരു സമയമായി കണക്കാക്കുന്നു. പല രാജ്യങ്ങളിൽനിന്നും വ്യത്യസ്‌തമായി റഷ്യയിൽ ഒരു കാലത്ത് ക്രിസ്‌തുമസ്സ് ആഘോഷിക്കാൻ ആളുകൾക്ക് അനുവാദം ഉണ്ടായിരുന്നില്ല. നൂറ്റാണ്ടുകളോളം റഷ്യൻ ഓർത്തഡോക്‌സ് സഭയിലെ അംഗങ്ങൾ പരസ്യമായി ക്രിസ്‌തുമസ്സ് ആഘോഷിച്ചിരുന്നെങ്കിലും, 20-ാം നൂറ്റാണ്ടിന്റെ ഏറിയ പങ്കും അങ്ങനെ ചെയ്യാൻ അവർക്ക് അനുവാദമില്ലായിരുന്നു. ഈ മാറ്റത്തിന്റെ പിന്നിലുള്ള കാരണം എന്തായിരുന്നു?
1917-ലെ ബോൾഷെവിക്ക് കമ്മ്യൂണിസ്റ്റ് വിപ്ലവം അവസാനിച്ച് അധികം കഴിയുന്നതിനുമുമ്പു സോവിയറ്റ് അധികാരികൾ രാജ്യത്താകമാനം നിരീശ്വരവാദമെന്ന ആധിപത്യ നയം നടപ്പിലാക്കി. മുഴു ക്രിസ്‌തുമസ്സ് അവധിക്കാലത്തിനും അതിന്റെ മതപരമായ പ്രാധാന്യവും അംഗീകാരവും നഷ്ടപ്പെട്ടു. ഭരണകൂടം ക്രിസ്‌തുമസ്സിനും പുതുവത്സര ആഘോഷങ്ങൾക്കും എതിരായി പ്രചാരണം അഴിച്ചുവിട്ടു. ക്രിസ്‌തുമസ്സ് കാലത്തിന്റെ പ്രാദേശിക ചിഹ്നങ്ങളായ ക്രിസ്‌തുമസ്സ് ട്രീയെയും ഡൈഡ് മൊറോസ് അഥവാ ഗ്രാൻഡ്‌ഫാദർ ഫ്രോസ്റ്റിനെയും (റഷ്യയിൽ സാന്താക്ലോസിനു പകരമുള്ള കഥാപാത്രം) വിലക്കുകപോലും ചെയ്‌തു.
1935-ൽ ഉണ്ടായ ഒരു മാറ്റം, റഷ്യക്കാർ ക്രിസ്‌തുമസ്സ് കാലം ആഘോഷിച്ചിരുന്ന രീതിയെത്തന്നെ മാറ്റിമറിച്ചു. സോവിയറ്റുകാർ ഗ്രാൻഡ്‌ഫാദർ ഫ്രോസ്റ്റിനെയും ക്രിസ്‌തുമസ്സ് ട്രീയെയും പുതുവത്സര ആഘോഷങ്ങളെയും ശ്രദ്ധേയമായ മാറ്റത്തോടെ പുനരവതരിപ്പിച്ചു. ഗ്രാൻഡ്‌ഫാദർ ഫ്രോസ്റ്റ് ക്രിസ്‌തുമസ്സിനല്ല പകരം പുതുവത്സര ദിനത്തിലാണ് സമ്മാനങ്ങൾ കൊണ്ടുവരുന്നതെന്നു പറയപ്പെട്ടു. സമാനമായി, ക്രിസ്‌തുമസ്സ് ട്രീ ന്യൂ ഇയർ ട്രീക്കു വഴിമാറി. അങ്ങനെ സോവിയറ്റ് യൂണിയൻ വലിയ മാറ്റങ്ങൾക്കു വേദിയായി. ഫലത്തിൽ പുതുവത്സര ആഘോഷങ്ങൾ ക്രിസ്‌തുമസ്സിന്റെ സ്ഥാനം കൈയടക്കി.
ക്രിസ്‌തുമസ്സ് കാലം പൂർണമായും മതേതരമായ ഒരു ആഘോഷവേളയായി. ഔദ്യോഗികമായി അതിനു മതപരമായ പ്രാധാന്യമെല്ലാം നഷ്ടപ്പെട്ടു. മതപരമായ അലങ്കാരവസ്‌തുക്കൾക്കു പകരം സോവിയറ്റ് യൂണിയന്റെ പുരോഗതിയെ ചിത്രീകരിക്കുന്ന മതേതര പ്രതീകങ്ങൾ ഉപയോഗിച്ച് ന്യൂ ഇയർ ട്രീ അലങ്കരിക്കപ്പെട്ടു. റഷ്യൻ പത്രികയായ വാക്‌റുഗ് സ്വയെറ്റ (ലോകത്തിനു ചുറ്റും) വിശദീകരിക്കുന്നു: “സോവിയറ്റ് യുഗത്തിന്റെ വിവിധ വർഷങ്ങളിലെ ന്യൂ ഇയർ ട്രീ അലങ്കാരങ്ങളിൽനിന്ന് ഒരു കമ്മ്യൂണിസ്റ്റ് സമൂഹം കെട്ടിപ്പടുത്തതിന്റെ ചരിത്രം വായിച്ചെടുക്കാൻ കഴിയും. സർവസാധാരണമായ മുയൽക്കുഞ്ഞുങ്ങൾ, ഹിമസൂചികൾ, ഉരുണ്ട അപ്പക്കഷണങ്ങൾ എന്നിവയ്‌ക്കു പുറമേ അരിവാളുകളുടെയും ചുറ്റികകളുടെയും ട്രാക്ടറുകളുടെയും രൂപത്തിലുള്ള അലങ്കാരങ്ങളും നിർമിക്കപ്പെട്ടു. പിൽക്കാലത്ത് ഇവയുടെ സ്ഥാനത്ത് ഖനകരുടെയും ബഹിരാകാശസഞ്ചാരികളുടെയും അതുപോലെ ഓയിൽ റിഗ്ഗുകൾ, റോക്കറ്റുകൾ, ചാന്ദ്രിക റോവറുകൾ എന്നിവയുടെയും ചെറിയ പ്രതിമകൾ വന്നു.”
ക്രിസ്‌തുമസ്സ് ദിനത്തെ സംബന്ധിച്ചെന്ത്? അത് എന്തായാലും അംഗീകരിക്കപ്പെട്ടില്ല. തന്നെയുമല്ല, സോവിയറ്റ് ഭരണാധികാരികൾ അതിനെ സാധാരണ പ്രവൃത്തി ദിവസമെന്ന നിലയിലേക്കു തരംതാഴ്‌ത്തി. മതപരമായ ആഘോഷമായി ക്രിസ്‌തുമസ്സ് കൊണ്ടാടാൻ ആഗ്രഹിച്ചവർ രാഷ്‌ട്രത്തിന്റെ അപ്രീതിയും പ്രത്യാഘാതങ്ങളും മുന്നിൽ കണ്ടുകൊണ്ട് വളരെ ജാഗ്രതയോടെ അപ്രകാരം ചെയ്യണമായിരുന്നു. അതേ, 20-ാം നൂറ്റാണ്ടിൽ ക്രിസ്‌തുമസ്സിന്റെ മതപരമായ ആഘോഷം മതേതരമായ ആഘോഷത്തിനു വഴിമാറി.
കുറെക്കൂടെ അടുത്ത കാലത്തുണ്ടായ മാറ്റം
1991-ൽ സോവിയറ്റ് യൂണിയന്റെ പതനത്തോടെ ആളുകൾക്കു കൂടുതൽ സ്വാതന്ത്ര്യം കൈവന്നു. നിരീശ്വരവാദമെന്ന രാഷ്‌ട്രനയം പൊയ്‌പ്പോയി. പുതിയതായി രൂപംകൊണ്ട പല പരമാധികാര രാഷ്‌ട്രങ്ങളും, രാഷ്‌ട്രത്തിനും സഭയ്‌ക്കും തമ്മിൽ വേർതിരിവുള്ള ഏറെക്കുറെ മതേതരസ്വഭാവമുള്ള രാഷ്‌ട്രങ്ങളായിരുന്നു.
മതഭക്തരായ പലർക്കും ഇപ്പോൾ, തങ്ങളുടെ മതവിശ്വാസങ്ങളനുസരിച്ചു കാര്യങ്ങൾ ചെയ്യാമെന്നു തോന്നി. ഇതു ചെയ്യാനുള്ള ഒരു വഴി ക്രിസ്‌തുമസ്സ് എന്ന മതപരമായ വിശേഷദിവസം ആഘോഷിക്കുന്നതാണെന്ന് അവർ ചിന്തിച്ചു. എന്നിരുന്നാലും പെട്ടെന്നുതന്നെ അങ്ങനെയുള്ള പലർക്കും കടുത്ത നിരുത്സാഹം തോന്നിത്തുടങ്ങി. എന്തുകൊണ്ട്?ഓരോ വർഷം കടന്നുപോകുന്തോറും, ക്രിസ്‌തുമസ്സ് കാലം കൂടുതൽ വാണിജ്യവത്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതേ, പാശ്ചാത്യ നാടുകളിലേതുപോലെ, ഉത്‌പാദകർക്കും മൊത്ത കച്ചവടക്കാർക്കും വ്യാപാരികൾക്കും ലാഭം കൊയ്യാനുള്ള ഒരു നല്ല അവസരം ക്രിസ്‌തുമസ്സ് കാലം പ്രദാനം ചെയ്യുന്നു. കടകളുടെ മുൻവശത്ത് ശ്രദ്ധ പിടിച്ചുപറ്റാൻപോന്ന വിധത്തിൽ ക്രിസ്‌തുമസ്സ് അലങ്കാരങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നു. റഷ്യയിൽ മുമ്പ് അപരിചിതമായിരുന്ന പാശ്ചാത്യ രീതിയിലുള്ള ക്രിസ്‌തുമസ്സ് ഗാനങ്ങളും കരോളുകളും കടകളിൽനിന്ന് ഒഴുകിയെത്തുന്നു. ക്രിസ്‌തുമസ്സ് അലങ്കാരസാധനങ്ങൾ നിറച്ച വലിയ ബാഗുകളും ചുമന്നുകൊണ്ടുവരുന്ന വിൽപ്പനക്കാർ ട്രെയിനുകളിലും മറ്റ് പൊതു വാഹനങ്ങളിലും തങ്ങളുടെ ചരക്ക് വിറ്റഴിക്കുന്നു. ഇതാണ് ക്രിസ്‌തുമസ്സ് കാലത്ത് റഷ്യയിൽ എവിടെയും നിങ്ങൾക്കു കാണാൻ കഴിയുന്നത്.
വിപുലവ്യാപകമായ വാണിജ്യവത്‌കരണത്തിൽ യാതൊരു തെറ്റും കാണാത്തവരിൽപ്പോലും ക്രിസ്‌തുമസ്സ് കാലത്തിന്റെ മറ്റൊരു പ്രത്യേകത അസ്വസ്ഥതയുളവാക്കുന്നു—മദ്യദുരുപയോഗവും അതിന്റെ അനന്തരഫലങ്ങളും. മോസ്‌കോയിലുള്ള ഒരു ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർ വിശദീകരിക്കുന്നു: “ചെറിയ മുറിവുകളും ചതവുകളും മുതൽ കത്തിയും വെടിയുണ്ടകളും ഏൽപ്പിക്കുന്ന ആഴത്തിലുള്ള മുറിവുകൾ വരെ ഉൾപ്പെടുന്ന അസംഖ്യം പരുക്കുകൾ പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ഉണ്ടാകും എന്നുള്ളത് ഡോക്ടർമാർക്ക് ഉറപ്പുള്ള കാര്യമാണ്. ഇവയിൽ പലതിന്റെയും കാരണം വീട്ടിലുണ്ടാകുന്ന അക്രമം, മദ്യപിച്ചു വഴക്കിടൽ, വാഹനാപകടങ്ങൾ എന്നിവയാണ്.” റഷ്യൻ സയൻസ് അക്കാദമിയുടെ ഒരു ശാഖയിലെ ഒരു സീനിയർ ശാസ്‌ത്രജ്ഞൻ ഇങ്ങനെ പറഞ്ഞു: “മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മരണങ്ങളുടെ എണ്ണം പൊടുന്നനെ വർധിച്ചിരിക്കുന്നു. 2000-ത്തിൽ ഇതു വിശേഷാൽ കൂടുതലായിരുന്നു. അതുപോലെ ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും എണ്ണവും വർധിച്ചിരിക്കുന്നു.”
സങ്കടകരമെന്നു പറയട്ടെ, ക്രിസ്‌തുമസ്സ് കാലത്തു റഷ്യയിൽ അരങ്ങേറുന്ന ഇത്തരം പ്രവണതകളെ വഷളാക്കുന്ന മറ്റൊരു സംഗതിയുണ്ട്. “റഷ്യക്കാർ രണ്ടുതവണ ക്രിസ്‌തുമസ്സ് ആഘോഷിക്കുന്നു” എന്ന തലക്കെട്ടിൻ കീഴിൽ ഇസ്‌വെസ്റ്റിയാ എന്ന ദിനപ്പത്രം ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “പത്തു റഷ്യക്കാരിൽ ഒരാളെങ്കിലും രണ്ടു തവണ ക്രിസ്‌തുമസ്സ് ആഘോഷിക്കുന്നു. റഷ്യൻ പബ്ലിക് ഒപിനിയൻ ആൻഡ് മാർക്കറ്റ് റിസർച്ച് നിരീക്ഷണ കേന്ദ്രം നടത്തിയ ഒരു സർവേ സാക്ഷ്യപ്പെടുത്തുന്നത്, സർവേയിൽ പങ്കെടുത്തവരിൽ 8 ശതമാനം പേരും വെളിപ്പെടുത്തിയത് തങ്ങൾ കത്തോലിക്ക ക്രിസ്‌തുമസ്സ് കലണ്ടറനുസരിച്ച് ഡിസംബർ 25-നും ഓർത്തഡോക്‌സ് കലണ്ടറനുസരിച്ച് ജനുവരി 7-നും ക്രിസ്‌തുമസ്സ് ആഘോഷിക്കാറുണ്ടെന്നാണ്. ചിലർ ക്രിസ്‌തുമസ്സിന്റെ മതപരമായ അന്തസ്സത്തയ്‌ക്കല്ല മറിച്ച് ആഘോഷിക്കാനുള്ള ഒരു അവസരം വീണുകിട്ടുന്നതിനാണു പ്രാധാന്യം കൽപ്പിക്കുന്നതെന്നു വ്യക്തം.” *
ഇന്നത്തെ ആഘോഷരീതി യഥാർഥത്തിൽ ക്രിസ്‌തുവിനെ മഹത്ത്വപ്പെടുത്തുന്നുണ്ടോ?
വ്യക്തമായും, ഭക്തികെട്ട പെരുമാറ്റം അങ്ങേയറ്റം വ്യാപകമായിരിക്കുന്ന കാലമാണ് ക്രിസ്‌തുമസ്സ്
കാലം. ഇതു വളരെയധികം അസ്വസ്ഥജനകമാകയാൽ, ദൈവത്തോടും ക്രിസ്‌തുവിനോടും ബഹുമാനം പ്രകടമാക്കുന്ന രീതിയിലായിരിക്കണം ആഘോഷങ്ങൾ കൊണ്ടാടേണ്ടതെന്നു ചിലർ കരുതുന്നു. ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹം അഭിനന്ദനാർഹംതന്നെ. എന്നാൽ ക്രിസ്‌തുമസ്സ് കാലം ദൈവത്തിനും ക്രിസ്‌തുവിനും പ്രസാദകരമായിരിക്കുമോ? അതിന്റെ ഉത്ഭവം പരിചിന്തിക്കുക.ദൃഷ്ടാന്തത്തിന്, ക്രിസ്‌തുമസ്സിനോടുള്ള സോവിയറ്റ് യൂണിയന്റെ നിലപാടിനെ ഒരുവൻ എങ്ങനെ വീക്ഷിച്ചാലും ശരി, ഗ്രേറ്റ് സോവിയറ്റ് എൻസൈക്ലോപീഡിയയിൽ പരാമർശിച്ചിരിക്കുന്ന പിൻവരുന്ന ചരിത്ര വസ്‌തുതകളോടു യോജിക്കാതിരിക്കാനാവില്ല: “ക്രിസ്‌തുമസ്സ് . . . ക്രിസ്‌തീയ-പൂർവ കാലഘട്ടത്തിൽ, വിശേഷിച്ചും കർഷക ജനതകളുടെ ഇടയിൽ നിലവിലിരുന്ന ‘മരിക്കുകയും മരണത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കുകയും’ ചെയ്യുന്ന ദേവന്മാരുടെ ആരാധനയിൽനിന്നു കടമെടുത്തിട്ടുള്ളതാണ്. പ്രകൃതിയെ പുതുജീവനിലേക്കു വിളിച്ചുണർത്തുന്ന രക്ഷകനാം ദൈവത്തിന്റെ ‘പിറവി’ വർഷംതോറും ഇക്കൂട്ടർ ആഘോഷിച്ചിരുന്നത് സാധാരണമായി ഡിസംബർ 21 മുതൽ 25 വരെയുള്ള മകരസംക്രാന്തിയുടെ കാലയളവിലായിരുന്നു.”
ആ എൻസൈക്ലോപീഡിയ ചൂണ്ടിക്കാണിക്കുന്ന പിൻവരുന്ന വസ്‌തുത ശ്രദ്ധേയമാണെന്നു നിങ്ങൾക്കു തോന്നിയേക്കാം: “ആദ്യ നൂറ്റാണ്ടുകളിലെ ക്രിസ്‌ത്യാനിത്വത്തിനു ക്രിസ്‌തുമസ്സ് ആഘോഷം അപരിചിതമായിരുന്നു. . . . നാലാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ക്രിസ്‌ത്യാനിത്വം മിത്രയുടെ ആരാധനയിൽനിന്നു മകരസംക്രാന്തി ഉത്സവം കടമെടുക്കുകയും അതിനെ ക്രിസ്‌തുമസ്സ് ആഘോഷമാക്കി മാറ്റുകയും ചെയ്‌തു. റോമിലെ മതസമൂഹങ്ങളാണ് ക്രിസ്‌തുമസ്സ് ആദ്യമായി ആഘോഷിച്ചത്. പത്താം നൂറ്റാണ്ടിൽ ക്രിസ്‌തുമസ്സ് ക്രിസ്‌ത്യാനിത്വത്തോടൊപ്പം റഷ്യയിലേക്കു വ്യാപിക്കുകയും പൂർവികരുടെ ആത്മാക്കളെ ആദരിക്കുന്ന പുരാതന സ്ലാവുകളുടെ ശൈത്യകാല ഉത്സവവുമായി കൂടിക്കലരുകയും ചെയ്‌തു.”
‘യേശു ജനിച്ചത് ഡിസംബർ 25-നാണ് എന്നതിനെ സംബന്ധിച്ചു ദൈവവചനമായ ബൈബിൾ എന്തെങ്കിലും പറയുന്നുണ്ടോ?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. വാസ്‌തവത്തിൽ, യേശുവിന്റെ ജനനദിവസം ഏതാണെന്നു ബൈബിൾ വ്യക്തമാക്കുന്നില്ല. യേശു അതിനെപ്പറ്റി സംസാരിച്ചതായി യാതൊരു രേഖയുമില്ലെന്നു മാത്രമല്ല അത് ആഘോഷിക്കണമെന്നു നിർദേശിച്ചതുമില്ല. എന്നിരുന്നാലും വർഷത്തിന്റെ ഏതു സമയത്താണ് യേശു ജനിച്ചതെന്നു നിർണയിക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നുണ്ട്.
മത്തായിയുടെ സുവിശേഷം 26-ഉം 27-ഉം അധ്യായങ്ങൾ അനുസരിച്ച്, നീസാൻ 14-ാം തീയതി അതായത് പൊതുയുഗം (പൊ.യു.) 33 മാർച്ച് 31-ാം തീയതി ആരംഭിച്ച യഹൂദ പെസഹാ ദിവസത്തിന്റെ വൈകിയ വേളയിലാണ് യേശു വധിക്കപ്പെട്ടത്. യേശുവിന് ഏകദേശം 30 വയസ്സുണ്ടായിരുന്നപ്പോഴാണ് അവൻ സ്‌നാപനമേറ്റതെന്നും തന്റെ ശുശ്രൂഷ ആരംഭിച്ചതെന്നും ലൂക്കൊസിന്റെ സുവിശേഷത്തിൽനിന്നു നാം മനസ്സിലാക്കുന്നു. (ലൂക്കൊസ് 3:21-23) ആ ശുശ്രൂഷ മൂന്നര വർഷക്കാലം നീണ്ടുനിന്നു. അതുകൊണ്ട്, യേശു മരിക്കുമ്പോൾ അവന് ഏകദേശം 33 1/2 വയസ്സുണ്ടായിരുന്നു. പൊ.യു. 33 ഒക്ടോബർ 1-നോടടുത്ത് അവന് 34 വയസ്സാകുമായിരുന്നു. യേശുവിന്റെ ജനനസമയത്ത് ഇടയന്മാർ “രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു” എന്ന് ലൂക്കൊസ് വിവരിക്കുന്നു. (ലൂക്കൊസ് 2:8) ബേത്ത്‌ലേഹെമിന്റെ പ്രാന്തപ്രദേശത്തു മഞ്ഞുവീഴ്‌ച പോലുമുണ്ടാകാറുള്ള ഡിസംബറിലെ ശീതകാലാവസ്ഥയിൽ ആട്ടിടയന്മാർ തങ്ങളുടെ ആടുകളുമായി പുറത്തായിരിക്കുമായിരുന്നില്ല. എന്നാൽ തെളിവനുസരിച്ച് യേശു ജനിച്ച സമയമായ ഒക്ടോബർ 1-നോട് അടുത്ത സമയത്ത് അവർക്ക് ആട്ടിൻകൂട്ടത്തോടൊപ്പം അവിടെ ആയിരിക്കാനാകുമായിരുന്നു.
പുതുവത്സര ആഘോഷത്തെ സംബന്ധിച്ചെന്ത്? നാം കണ്ടുകഴിഞ്ഞതുപോലെ അധമമായ പെരുമാറ്റരീതികൾ ഈ ആഘോഷത്തിന്റെ മുഖമുദ്രയാണ്. പുതുവത്സര ആഘോഷത്തെ മതേതരമാക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നിട്ടും
അതിന്റെ ഉത്ഭവവും ചോദ്യംചെയ്യത്തക്കതാണ്.വ്യക്തമായും, ക്രിസ്‌തുമസ്സ് കാലത്തെ സംബന്ധിച്ചുള്ള വസ്‌തുതകളുടെ വെളിച്ചത്തിൽ, യേശുവിനോടു ബന്ധപ്പെടുത്തി ഉപയോഗിക്കുന്ന മുദ്രാവാക്യങ്ങൾ പൊള്ളവാക്കുകളായിത്തീരുന്നു. വാണിജ്യവത്‌കരണവും ക്രിസ്‌തുമസ്സ് കാലത്തോടു ബന്ധപ്പെട്ടുള്ള മോശമായ പെരുമാറ്റങ്ങളും അതുപോലെതന്നെ അതിന്റെ മ്ലേച്ഛമായ പുറജാതീയ ഉത്ഭവവും നിങ്ങളെ അസ്വസ്ഥരാക്കുന്നെങ്കിൽ നിരാശപ്പെടരുത്. ദൈവത്തോടുള്ള ഭയഭക്തിയും യേശുവിനോടുള്ള ആദരവും പ്രകടമാക്കാനും അതേസമയം കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഉചിതമായ ഒരു മാർഗമുണ്ട്.
ദൈവത്തെയും ക്രിസ്‌തുവിനെയും ആദരിക്കാൻ മെച്ചമായ ഒരു മാർഗം
യേശുക്രിസ്‌തു വന്നത് “അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാ”നാണെന്നു ബൈബിൾ നമ്മോടു പറയുന്നു. (മത്തായി 20:28) വധിക്കപ്പെടാൻ അവൻ സ്വയം വിട്ടുകൊടുത്തു, നമ്മുടെ പാപങ്ങൾക്കുവേണ്ടി അവൻ സ്വമനസ്സാലെ മരിച്ചു. ചിലർ യേശുവിനെ ആദരിക്കാൻ ആഗ്രഹിക്കുകയും ക്രിസ്‌തുമസ്സ് കാലത്തു തങ്ങൾക്ക് അങ്ങനെ ചെയ്യാനാകുമെന്നു കരുതുകയും ചെയ്യുന്നു. എന്നാൽ നാം കണ്ടുകഴിഞ്ഞതുപോലെ ക്രിസ്‌തുമസ്സിനും പുതുവത്സരത്തിനും ക്രിസ്‌തുവുമായി ബന്ധമൊന്നുമില്ലെന്നു മാത്രമല്ല അവ പുറജാതീയ ആഘോഷങ്ങളിൽ വേരൂന്നിയവയുമാണ്. തന്നെയുമല്ല, ക്രിസ്‌തുമസ്സ് കാലം ചിലർക്ക് ആകർഷകമായി തോന്നാമെങ്കിലും കടിഞ്ഞാണില്ലാത്ത വാണിജ്യവത്‌കരണം അതിന്റെ മുഖമുദ്രയാണ്. അതിലുപരിയായി, ദൈവത്തെയും ക്രിസ്‌തുവിനെയും അപ്രീതിപ്പെടുത്തുന്ന അപമാനകരമായ പെരുമാറ്റരീതികൾ ക്രിസ്‌തുമസ്സ് കാലത്ത് അരങ്ങേറുന്നെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു.
ദൈവത്തെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരാൾ എങ്ങനെ പ്രതികരിക്കണം? മതവികാരങ്ങളെ തൃപ്‌തിപ്പെടുത്തുന്ന എന്നാൽ തിരുവെഴുത്തുകൾക്കു വിരുദ്ധമായ മാനുഷിക പാരമ്പര്യങ്ങൾ മുറുകെ പിടിക്കുന്നതിനു പകരം ആത്മാർഥഹൃദയനായ ഒരു വ്യക്തി ദൈവത്തെയും ക്രിസ്‌തുവിനെയും ആദരിക്കാനുള്ള ശരിയായ വഴി തേടും. ആ ശരിയായ പാത ഏതാണ്? നാം എന്തു ചെയ്യണം?
യേശുതന്നെ നമ്മോടു പറയുന്നു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) അതേ, ആത്മാർഥതയുള്ള ഒരു വ്യക്തി ദൈവത്തെയും ക്രിസ്‌തുവിനെയും എങ്ങനെ മഹത്ത്വപ്പെടുത്താം എന്നതു സംബന്ധിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനം നേടാൻ ശ്രമിക്കുന്നു. അദ്ദേഹം ഈ പരിജ്ഞാനം വർഷത്തിന്റെ ഏതെങ്കിലും പ്രത്യേക സമയത്തു മാത്രമല്ല, പിന്നെയോ അനുദിന ജീവിതത്തിൽ ബാധകമാക്കുന്നു. നിത്യജീവനിലേക്കു നയിക്കാൻ കഴിയുന്ന അത്തരം ആത്മാർഥശ്രമങ്ങളിൽ ദൈവം സംപ്രീതനാണ്.
തിരുവെഴുത്തുകൾക്കു ചേർച്ചയിൽ ദൈവത്തെയും ക്രിസ്‌തുവിനെയും ശരിയായ വിധത്തിൽ മഹത്ത്വപ്പെടുത്തുന്നവരുടെ കൂട്ടത്തിൽ നിങ്ങളുടെ കുടുംബവും ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ബൈബിളിൽനിന്നുള്ള ജീവത്‌പ്രധാന പരിജ്ഞാനം സമ്പാദിക്കാൻ യഹോവയുടെ സാക്ഷികൾ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു കുടുംബങ്ങളെ സഹായിച്ചിരിക്കുന്നു. നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടാനോ ഈ മാസികയുടെ 2-ാം പേജിൽ കാണുന്ന അനുയോജ്യമായ മേൽവിലാസത്തിൽ അവർക്ക് എഴുതാനോ ഞങ്ങൾ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു.
[അടിക്കുറിപ്പ്]
^ ഖ. 11 1917 ഒക്ടോബറിലെ വിപ്ലവത്തിനുമുമ്പ്, റഷ്യ പഴയ ജൂലിയൻ കലണ്ടറാണ് ഉപയോഗിച്ചിരുന്നത്, എന്നാൽ മിക്ക രാജ്യങ്ങളും ഗ്രിഗോറിയൻ കലണ്ടറിന്റെ ഉപയോഗത്തിലേക്കു മാറിയിരുന്നു. 1917-ൽ ജൂലിയൻ കലണ്ടർ ഗ്രിഗോറിയൻ കലണ്ടറിനെക്കാൾ 13 ദിവസം പിന്നിലായിരുന്നു. വിപ്ലവത്തിനു ശേഷം, ഗ്രിഗോറിയൻ കലണ്ടറിലേക്കു ചുവടുമാറ്റിക്കൊണ്ട്, സോവിയറ്റുകാർ റഷ്യയെ ലോകത്തിലെ മറ്റു രാജ്യങ്ങളുടെ നിരയിലേക്കു കൊണ്ടുവന്നു. എന്നിരുന്നാലും ഓർത്തഡോക്‌സ് സഭ ജൂലിയൻ കലണ്ടറിന് “പഴയ രീതിയിലുള്ള” കലണ്ടർ എന്ന സ്ഥാനം നൽകുകയും അവരുടെ ആഘോഷങ്ങൾക്കായി തുടർന്നും അത് ഉപയോഗിക്കുകയും ചെയ്‌തു. റഷ്യയിൽ ജനുവരി 7-ന് ക്രിസ്‌തുമസ്സ് ആഘോഷിക്കുന്നതായി നിങ്ങൾ കേട്ടേക്കാം. എന്നിരുന്നാലും ഓർമിക്കുക, ഗ്രിഗോറിയൻ കലണ്ടറിലെ ജനുവരി 7 ജൂലിയൻ കലണ്ടറിലെ ഡിസംബർ 25 ആണ്. അതുകൊണ്ട് പല റഷ്യക്കാരും പിൻവരുന്ന വിധം വിശേഷ ദിവസങ്ങൾ ആഘോഷിക്കുന്നു: ഡിസംബർ 25, പാശ്ചാത്യ ക്രിസ്‌തുമസ്സ്; ജനുവരി 1, മതേതര പുതുവത്സരം; ജനുവരി 7, ഓർത്തഡോക്‌സ് ക്രിസ്‌തുമസ്സ്; ജനുവരി 14 പഴയ രീതിയിലുള്ള പുതുവത്സരം.
[7-ാം പേജിലെ ചതുരം/ചിത്രം]
പുതുവത്സര ആഘോഷത്തിന്റെ വേരുകൾ
ജോർജിയയിലുള്ള ഒരു ഓർത്തഡോക്‌സ് സന്യാസി തുറന്നുപറയുന്നു
“പുരാതന റോമിലെ നിരവധി പുറജാതി ഉത്സവങ്ങളിൽനിന്നാണ് പുതുവത്സര ആഘോഷത്തിന്റെ ഉത്ഭവം. ജനുവരി 1 പുറജാതീയ ദേവനായ ജാനസിനു സമർപ്പിക്കപ്പെട്ട ഒരു വിശേഷദിവസമായിരുന്നു. ജനുവരി മാസത്തിന്റെ പേരും ജാനസിൽനിന്നാണു വന്നിട്ടുള്ളത്. ജാനസിന്റെ പ്രതിമയ്‌ക്ക് എതിർദിശകളിലേക്കു നോക്കുന്ന രണ്ടു മുഖങ്ങളുണ്ടായിരുന്നു, അദ്ദേഹം ഭൂതകാലവും ഭാവികാലവും കണ്ടിരുന്നു എന്നാണ് ഇത് അർഥമാക്കിയത്. ജനുവരി 1-നെ വിനോദത്തോടും ചിരിയോടും സമൃദ്ധിയോടുംകൂടെ എതിരേൽക്കുന്നവർക്ക് വർഷം മുഴുവനും സന്തോഷവും ഐശ്വര്യവും ഉണ്ടായിരിക്കും എന്നൊരു ചൊല്ലുതന്നെ ഉണ്ടായിരുന്നു. ഞങ്ങളുടെ നാട്ടിലെ പുതുവത്സര ആഘോഷത്തിന്റെ പിന്നിലും ഈ അന്ധവിശ്വാസം തന്നെയാണുള്ളത്. . . . ചില പുറജാതീയ വിശേഷദിവസങ്ങളിൽ വിഗ്രഹങ്ങൾക്ക് അർപ്പിക്കുന്നതിനായി ആളുകൾ യാഗങ്ങൾ നേരിട്ടു കൊണ്ടുവരും. ചിലർ അധാർമികത ഉൾപ്പെടുന്ന കുടിച്ചുകൂത്താട്ടം, വ്യഭിചാരം, പരസംഗം എന്നിവയ്‌ക്കു കുപ്രസിദ്ധി ആർജിച്ചവരായിരുന്നു. ജാനസിന്റെ വിശേഷദിവസം പോലുള്ള മറ്റു സന്ദർഭങ്ങളിൽ, അമിതമായ തീറ്റിയും കുടിയും, മദ്യപാനവും അതിനെ പിന്തുടർന്നെത്തുന്ന എല്ലാവിധ അശുദ്ധിയും അരങ്ങേറുന്നു. കഴിഞ്ഞുപോയ പുതുവത്സരങ്ങൾ നാം എങ്ങനെയാണ് ആഘോഷിച്ചതെന്നു പിന്തിരിഞ്ഞു നോക്കുമ്പോൾ, ഈ പുറജാതീയ ആഘോഷത്തിൽ നാമെല്ലാവരും പങ്കുപറ്റിയിരിക്കുന്നെന്നു സമ്മതിക്കേണ്ടിവരും.”—ഒരു ജോർജിയൻ ദിനപ്പത്രം.
[6-ാം പേജിലെ ചിത്രം]
ക്രൈസ്‌തവലോകം മിത്രയുടെ ആരാധന കടമെടുത്തിരിക്കുന്നു
[കടപ്പാട്]
Museum Wiesbaden
[7-ാം പേജിലെ ചിത്രം]
ഡിസംബറിലെ ശൈത്യത്തിൽ ആട്ടിടയന്മാർ ആടുകളുമായി പുറത്തായിരിക്കുമായിരുന്നില്ല