വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിർണായക നടപടി സ്വീകരിക്കാനുള്ള സമയം ഇതാണ്‌

നിർണായക നടപടി സ്വീകരിക്കാനുള്ള സമയം ഇതാണ്‌

നിർണായക നടപടി സ്വീകരിക്കാനുള്ള സമയം ഇതാണ്‌

“നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും?”​—⁠1 രാജാക്കന്മാർ 18:21.

1. നമ്മുടെ നാളുകൾ കഴിഞ്ഞ കാലങ്ങളിൽനിന്ന്‌ ഏറെ വ്യത്യസ്‌തമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

യഹോവയാണ്‌ ഏകസത്യദൈവമെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയുടെ “അന്ത്യകാല”മായി ബൈബിൾ പ്രവചനങ്ങൾ ചൂണ്ടിക്കാട്ടുന്നതു നമ്മുടെ കാലത്തെയാണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? (2 തിമൊഥെയൊസ്‌ 3:1) എങ്കിൽ, നിർണായക നടപടി കൈക്കൊള്ളേണ്ടത്‌ എക്കാലത്തെക്കാളും ഇപ്പോൾ അടിയന്തിരമാണെന്നു നിങ്ങൾ തീർച്ചയായും സമ്മതിക്കും. മനുഷ്യചരിത്രത്തിൽ മുമ്പൊരിക്കലും ഇത്രയധികം ആളുകളുടെ ജീവൻ അപകടത്തിലായിരുന്നിട്ടില്ല.

2. ആഹാബ്‌ രാജാവിന്റെ ഭരണകാലത്ത്‌ പത്തുഗോത്ര ഇസ്രായേൽ രാജ്യത്തെ സാഹചര്യം എന്തായിരുന്നു?

2 പൊതുയുഗത്തിനുമുമ്പ്‌ പത്താം നൂറ്റാണ്ടിൽ ഇസ്രായേൽ ജനതയ്‌ക്ക്‌ വളരെ ഗൗരവാവഹമായ ഒരു തീരുമാനം എടുക്കേണ്ടതായിവന്നു. അവർ ആരെ സേവിക്കും എന്നതായിരുന്നു അത്‌. ആഹാബ്‌ രാജാവ്‌ പുറജാതി ഭാര്യയായ ഈസേബെലിന്റെ സ്വാധീനത്തിൻ കീഴിൽ പത്തുഗോത്ര ഇസ്രായേൽ രാജ്യത്തു ബാൽ ആരാധന പ്രോത്സാഹിപ്പിച്ചിരുന്നു. മഴയും സമൃദ്ധമായ വിളവും നൽകുന്നതായി കരുതപ്പെട്ടിരുന്ന ഫലപുഷ്ടിയുടെ ഒരു ദേവനായിരുന്നു ബാൽ. ബാൽ ആരാധകരിൽ പലരും തങ്ങളുടെ ദേവന്റെ പ്രതിമയ്‌ക്കു ചുംബനങ്ങൾ എറിഞ്ഞുകൊടുക്കുകയോ അതിന്റെ മുമ്പാകെ കുമ്പിടുകയോ ഒക്കെ ചെയ്‌തിരിക്കാം. വിളവുകളെയും കന്നുകാലികളെയും അനുഗ്രഹിക്കുന്നതിനു ബാലിനെ പ്രചോദിപ്പിക്കാൻ ആരാധകർ ക്ഷേത്രത്തിലുള്ള വേശ്യകളുമായി രതിക്രീഡകളിൽ ഏർപ്പെട്ടു. ശരീരം മുറിപ്പെടുത്തിക്കൊണ്ട്‌ രക്തം ഒഴുക്കുന്ന ആചാരവും അവർക്കുണ്ടായിരുന്നു.​—⁠1 രാജാക്കന്മാർ 18:28.

3. ബാൽ ആരാധനയ്‌ക്കു ദൈവജനത്തിന്മേൽ എന്തു സ്വാധീനമുണ്ടായിരുന്നു?

3 എന്നുവരികിലും വിഗ്രഹാരാധനയും അധാർമികതയും അക്രമാസക്തിയും ഉൾപ്പെട്ട ഈ ആരാധനാസമ്പ്രദായത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച ഏകദേശം 7,000 ഇസ്രായേല്യർ ദേശത്ത്‌ അപ്പോഴും ഉണ്ടായിരുന്നു. (1 രാജാക്കന്മാർ 19:18) യഹോവയാം ദൈവവുമായുള്ള ഉടമ്പടി ബന്ധത്തോട്‌ അവർ വിശ്വസ്‌തമായി പറ്റിനിന്നു. അതിന്റെ പേരിൽ അവർ പീഡിപ്പിക്കപ്പെടുകയും ചെയ്‌തു. ഉദാഹരണത്തിന്‌, ഈസേബെൽ രാജ്ഞി യഹോവയുടെ അനേകം പ്രവാചകന്മാരെ കൊലചെയ്‌തു. (1 രാജാക്കന്മാർ 18:4, 13) പ്രയാസകരമായ ഇത്തരം സാഹചര്യം നിമിത്തം ഭൂരിപക്ഷം ഇസ്രായേല്യരും യഹോവയെയും ബാലിനെയും പ്രീതിപ്പെടുത്താൻ ശ്രമിച്ചുകൊണ്ട്‌ മിശ്രവിശ്വാസം ആചരിച്ചു. എന്നാൽ യഹോവയെ ഉപേക്ഷിച്ച്‌ ഒരു വ്യാജദൈവത്തെ ആരാധിക്കുന്നത്‌ ഒരു ഇസ്രായേല്യനെ സംബന്ധിച്ചിടത്തോളം വിശ്വാസത്യാഗമായിരുന്നു. തന്നെ സ്‌നേഹിക്കുകയും തന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുന്നപക്ഷം ഇസ്രായേല്യരെ അനുഗ്രഹിക്കുമെന്ന്‌ യഹോവ വാഗ്‌ദാനം ചെയ്‌തു. എന്നാൽ “തീക്ഷ്‌ണതയുള്ള ദൈവ”മായ തനിക്ക്‌ അനന്യഭക്തി നൽകാതിരുന്നാൽ അവരെ സംഹരിച്ചുകളയുമെന്നും അവൻ മുന്നറിയിപ്പുകൊടുത്തു.​—⁠ആവർത്തനപുസ്‌തകം 5:6-10; 28:15, 63.

4. ക്രിസ്‌ത്യാനികൾക്കിടയിൽ എന്തു സംഭവിക്കുമെന്നാണ്‌ യേശുവും അപ്പൊസ്‌തലന്മാരും മുൻകൂട്ടിപ്പറഞ്ഞത്‌, അത്‌ എങ്ങനെ നിവൃത്തിയേറിയിരിക്കുന്നു?

4 സമാനമായ ഒരു സ്ഥിതിവിശേഷമാണ്‌ ഇന്നു ക്രൈസ്‌തവലോകത്തിലുള്ളത്‌. സഭാംഗങ്ങൾ ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെടുന്നെങ്കിലും അവരുടെ വിശേഷദിവസങ്ങളും നടപടികളും വിശ്വാസങ്ങളും ബൈബിൾ പഠിപ്പിക്കലുകൾക്കു വിരുദ്ധമാണ്‌. ഈസേബെലിനെപ്പോലെ, ക്രൈസ്‌തവലോകത്തിലെ പുരോഹിതന്മാർ യഹോവയുടെ സാക്ഷികളെ പീഡിപ്പിക്കുന്നതിൽ നേതൃത്വമെടുക്കുന്നു. യുദ്ധങ്ങളെ പിന്തുണച്ചതിന്റെ സുദീർഘമായ ഒരു ചരിത്രവും പുരോഹിതവർഗത്തിനുണ്ട്‌​—⁠ദശലക്ഷക്കണക്കിനു സഭാംഗങ്ങളുടെ മരണത്തിന്‌ അവർ അതുവഴി ഉത്തരവാദികളായിത്തീർന്നിരിക്കുന്നു. ലൗകിക ഗവൺമെന്റുകൾക്കുള്ള മതപരമായ അത്തരം പിന്തുണയെ ആത്മീയ വേശ്യാവൃത്തിയായിട്ടാണു ബൈബിൾ തിരിച്ചറിയിക്കുന്നത്‌. (വെളിപ്പാടു 18:2, 3) കൂടാതെ അക്ഷരാർഥത്തിലുള്ള പരസംഗവും ക്രൈസ്‌തവലോകത്തിനു കൂടുതൽ സ്വീകാര്യമായിത്തീർന്നിരിക്കുകയാണ്‌, പുരോഹിതന്മാർക്കിടയിലുള്ളതുപോലും. യേശുക്രിസ്‌തുവും അപ്പൊസ്‌തലന്മാരും വലിയ ഈ വിശ്വാസത്യാഗത്തെക്കുറിച്ചു മുൻകൂട്ടിപ്പറഞ്ഞിരുന്നു. (മത്തായി 13:36-43; പ്രവൃത്തികൾ 20:29, 30; 2 പത്രൊസ്‌ 2:1, 2) നൂറു കോടിയിലധികംവരുന്ന ക്രൈസ്‌തവർക്ക്‌ അന്തിമമായി എന്തു സംഭവിക്കും? ഇവരുടെയും വ്യാജമതത്താൽ വഴിതെറ്റിക്കപ്പെട്ടിരിക്കുന്ന മറ്റുള്ളവരുടെയും കാര്യത്തിൽ യഹോവയുടെ സത്യാരാധകർക്ക്‌ എന്ത്‌ ഉത്തരവാദിത്വമുണ്ട്‌? “ബാലിനെ യിസ്രായേലിൽനിന്നു നശിപ്പിച്ചു”കളയുന്നതിലേക്കു നയിച്ച നാടകീയ സംഭവവികാസങ്ങൾ പരിശോധിക്കുന്നതിലൂടെ ഇത്തരം ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരം നമുക്കു ലഭിക്കുന്നു.​—⁠2 രാജാക്കന്മാർ 10:28.

വഴിപിഴച്ച തന്റെ ജനത്തോടുള്ള ദൈവത്തിന്റെ സ്‌നേഹം

5. വഴിപിഴച്ച തന്റെ ജനത്തോട്‌ യഹോവ സ്‌നേഹപുരസ്സരമായ പരിഗണന കാണിച്ചത്‌ എങ്ങനെ?

5 തന്നോട്‌ അവിശ്വസ്‌തരായിത്തീരുന്നവരെ ശിക്ഷിക്കുകയെന്നത്‌ യഹോവയാം ദൈവത്തിനു പ്രസാദമുള്ള ഒരു കാര്യമല്ല. ദുഷ്ടന്മാർ അനുതപിച്ചു തന്നിലേക്കു തിരിയാനാണ്‌ സ്‌നേഹവാനായ ഒരു പിതാവെന്ന നിലയിൽ അവൻ ആഗ്രഹിക്കുന്നത്‌. (യെഹെസ്‌കേൽ 18:32; 2 പത്രൊസ്‌ 3:9) ആഹാബിന്റെയും ഈസേബെലിന്റെയും നാളുകളിൽ, ബാൽ ആരാധനയുടെ പരിണതഫലങ്ങളെക്കുറിച്ചു തന്റെ ജനത്തിനു മുന്നറിയിപ്പു നൽകാൻ യഹോവ അനേകം പ്രവാചകന്മാരെ ഉപയോഗിച്ചുവെന്നത്‌ അതിനു തെളിവാണ്‌. അത്തരം ഒരു പ്രവാചകനായിരുന്നു ഏലീയാവ്‌. മുൻകൂട്ടിപ്പറയപ്പെട്ടിരുന്ന വിനാശകമായ ഒരു വരൾച്ചയെത്തുടർന്ന്‌, ഇസ്രായേല്യരെയും ബാലിന്റെ പ്രവാചകന്മാരെയും കർമ്മേൽ പർവതത്തിൽ കൂട്ടിവരുത്താൻ ഏലീയാവ്‌ ആഹാബ്‌ രാജാവിനോടു പറഞ്ഞു.​—⁠1 രാജാക്കന്മാർ 18:1, 19.

6, 7. (എ) ഇസ്രായേല്യരുടെ വിശ്വാസത്യാഗത്തിന്റെ മൂലകാരണം ഏലീയാവ്‌ തുറന്നുകാട്ടിയത്‌ എന്തു പറഞ്ഞുകൊണ്ടാണ്‌? (ബി) ബാലിന്റെ പ്രവാചകന്മാർ എന്തു ചെയ്‌തു? (സി) ഏലീയാവ്‌ എന്തു ചെയ്‌തു?

6 യഹോവയുടെ ഒരു യാഗപീഠം സ്ഥിതിചെയ്‌തിരുന്ന സ്ഥലത്താണ്‌ എല്ലാവരും കൂടിവന്നത്‌. അത്‌ ഇടിഞ്ഞുകിടന്നിരുന്നു. ഈസേബെലിനെ പ്രീതിപ്പെടുത്താനായിരുന്നിരിക്കാം അത്‌ ഇടിച്ചുകളഞ്ഞത്‌. (1 രാജാക്കന്മാർ 18:30) സങ്കടകരമെന്നു പറയട്ടെ, വരണ്ടുണങ്ങിയ ആ ദേശത്തു മഴ പെയ്യിക്കാൻ കഴിയുന്നത്‌ യഥാർഥത്തിൽ ആർക്കാണെന്ന്‌, യഹോവയ്‌ക്കാണോ ബാലിനാണോയെന്ന്‌, സന്നിഹിതരായ ഇസ്രായേല്യർക്ക്‌ ഉറപ്പില്ലായിരുന്നു. ബാലിനെ പ്രതിനിധാനം ചെയ്‌ത്‌ 450 പ്രവാചകന്മാർ ഉണ്ടായിരുന്നെങ്കിലും യഹോവയുടെ പ്രതിനിധിയായി ഏലീയാ പ്രവാചകൻ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ഇസ്രായേല്യരുടെ പ്രശ്‌നത്തിന്റെ മൂലകാരണത്തിലേക്കു വിരൽചൂണ്ടിക്കൊണ്ട്‌ ഏലീയാവ്‌ ഇങ്ങനെ ചോദിച്ചു: “നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും?” തുടർന്ന്‌ കൂടുതൽ വ്യക്തമായ ഭാഷയിൽ പ്രശ്‌നം അവതരിപ്പിച്ചുകൊണ്ട്‌ അവൻ പറഞ്ഞു: “യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ.” എന്തു ചെയ്യണമെന്ന്‌ ഇസ്രായേല്യർക്കു നിശ്ചയമില്ലായിരുന്നു. അപ്പോൾ യഹോവയ്‌ക്ക്‌ അനന്യഭക്തി നൽകാൻ അവരെ പ്രചോദിപ്പിക്കുന്നതിന്‌, സത്യദൈവം ആരാണെന്നു തെളിയിക്കുന്ന ഒരു പരീക്ഷണം നടത്താമെന്ന്‌ ഏലീയാവ്‌ നിർദേശിച്ചു. യാഗമർപ്പിക്കാൻ ഓരോ കാളയെ കൊന്ന്‌ യഹോവയുടെയും ബാലിന്റെയും യാഗപീഠങ്ങളിൽ വെക്കണമായിരുന്നു. സത്യദൈവം തനിക്കുള്ള യാഗത്തെ തീകൊണ്ടു ദഹിപ്പിക്കും. യാഗത്തിനുള്ള ഒരുക്കമെല്ലാം ചെയ്‌തശേഷം ബാലിന്റെ പ്രവാചകന്മാർ “ബാലേ, ഉത്തരമരുളേണമേ” എന്ന്‌ മണിക്കൂറുകളോളം വിളിച്ചപേക്ഷിച്ചു. ഏലീയാവ്‌ പരിഹസിക്കാൻ തുടങ്ങിയപ്പോൾ അവർ സ്വന്തം ശരീരങ്ങളിൽ മുറിവുണ്ടാക്കി രക്തം ഒഴുക്കുകയും തൊണ്ട പൊട്ടുമാറ്‌ അലറിവിളിക്കുകയും ചെയ്‌തു. എന്നിട്ടും മറുപടി ഉണ്ടായില്ല.​—⁠1 രാജാക്കന്മാർ 18:21, 26-29.

7 അടുത്തത്‌ ഏലീയാവിന്റെ ഊഴമായിരുന്നു. ആദ്യം യഹോവയുടെ യാഗപീഠം നന്നാക്കിയശേഷം കാളക്കുട്ടിയുടെ ശരീരഭാഗങ്ങൾ അവൻ അതിന്മേൽ വെച്ചു. എന്നിട്ട്‌ നാലു വലിയ പാത്രങ്ങളിൽ വെള്ളം കൊണ്ടുവന്ന്‌ യാഗത്തിനുമുകളിൽ ഒഴിക്കാൻ ആവശ്യപ്പെട്ടു. യാഗപീഠത്തിനു ചുറ്റുമുള്ള തോടു നിറയുന്നതുവരെ മൂന്നു പ്രാവശ്യം ഇത്‌ ആവർത്തിച്ചു. തുടർന്ന്‌ ഏലീയാവ്‌ ഇങ്ങനെ പ്രാർഥിച്ചു: “അബ്രാഹാമിന്റെയും യിസ്‌ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, യിസ്രായേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്‌പനപ്രകാരം ചെയ്‌തു എന്നും ഇന്നു വെളിപ്പെട്ടു വരട്ടെ. യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവം തന്നേ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്നു ഈ ജനം അറിയേണ്ടതിന്നു എനിക്കു ഉത്തരമരുളേണമേ.”​—⁠1 രാജാക്കന്മാർ 18:30-37.

8. ഏലീയാവിന്റെ പ്രാർഥനയ്‌ക്ക്‌ ദൈവം ഉത്തരം നൽകിയത്‌ എങ്ങനെ, പ്രവാചകൻ തുടർന്ന്‌ എന്തു നടപടി സ്വീകരിച്ചു?

8 ആകാശത്തുനിന്നു തീ അയച്ച്‌ യാഗവും യാഗപീഠവും ദഹിപ്പിച്ചുകൊണ്ട്‌ സത്യദൈവം ഉത്തരമരുളി. യാഗപീഠത്തിനു ചുറ്റുമുണ്ടായിരുന്ന വെള്ളംപോലും ആ തീയിൽ വറ്റിപ്പോയി! ഇസ്രായേല്യരെ അത്‌ എങ്ങനെ സ്വാധീനിച്ചിരിക്കുമെന്നു സങ്കൽപ്പിച്ചുനോക്കൂ. “ജനം . . . കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നുപറഞ്ഞു.” തുടർന്ന്‌ ഏലീയാവ്‌ പിന്നെയും ഒരു നിർണായക നടപടി സ്വീകരിച്ചു. “ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും ചാടിപ്പോകരുത്‌” എന്ന്‌ അവൻ ഇസ്രായേല്യരോടു കൽപ്പിച്ചു. എന്നിട്ട്‌, ബാലിന്റെ ആ 450 പ്രവാചകന്മാരെയും കർമ്മേൽ പർവതത്തിന്റെ അടിവാരത്തിൽ കൊണ്ടുചെന്നു കൊന്നുകളഞ്ഞു.​—⁠1 രാജാക്കന്മാർ 18:38-40.

9. സത്യാരാധകർ തുടർന്നും പരീക്ഷിക്കപ്പെട്ടത്‌ എങ്ങനെ?

9 അവിസ്‌മരണീയമായ ആ ദിവസംതന്നെ, മൂന്നര വർഷത്തെ ഇടവേളയ്‌ക്കുശേഷം ആദ്യമായി ആ ദേശത്ത്‌ യഹോവ മഴ പെയ്യിച്ചു! (യാക്കോബ്‌ 5:17, 18) യഹോവ തന്റെ ദൈവത്വം സംസ്ഥാപിച്ചതു നേരിൽക്കണ്ടശേഷം വീടുകളിലേക്കു മടങ്ങിയ ഇസ്രായേല്യർ യാത്രാമധ്യേ എന്തൊക്കെ സംസാരിച്ചിരിക്കാമെന്നു നിങ്ങൾക്ക്‌ ഊഹിക്കാൻ കഴിയും. ബാൽ ആരാധകർ പക്ഷേ, പരാജയം സമ്മതിക്കാൻ തയ്യാറല്ലായിരുന്നു. ഈസേബെൽ തുടർന്നും യഹോവയുടെ ദാസരെ പീഡിപ്പിച്ചു. (1 രാജാക്കന്മാർ 19:1, 2; 21:11-16) അങ്ങനെ ദൈവജനത്തിന്റെ നിർമലത വീണ്ടും പരീക്ഷിക്കപ്പെട്ടു. ബാൽ ആരാധകർക്കെതിരെയുള്ള യഹോവയുടെ ന്യായവിധി ദിവസം വന്നെത്തുമ്പോൾ ഇസ്രായേല്യർ അവന്‌ അനന്യഭക്തി കൊടുക്കുന്നതായി കണ്ടെത്തപ്പെടുമായിരുന്നോ?

ഇപ്പോൾ നിർണായക നടപടി സ്വീകരിക്കുക

10. (എ) ആധുനിക നാളുകളിൽ അഭിഷിക്ത ക്രിസ്‌ത്യാനികൾ എന്തു ചെയ്‌തിരിക്കുന്നു? (ബി) വെളിപ്പാടു 18:​4-ലെ കൽപ്പന അനുസരിക്കുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

10 ആധുനിക നാളുകളിൽ അഭിഷിക്ത ക്രിസ്‌ത്യാനികൾ ഏലീയാവ്‌ ചെയ്‌തതുപോലുള്ള ഒരു വേല ചെയ്‌തിരിക്കുന്നു. വ്യാജമതം ആചരിക്കുന്നതിന്റെ അപകടം സംബന്ധിച്ച്‌ ക്രൈസ്‌തവലോകത്തിന്‌ ഉള്ളിലും പുറത്തുമുള്ള എല്ലാ ജനതകൾക്കും പ്രസിദ്ധീകരണങ്ങളിലൂടെയും വാമൊഴിയായും അവർ മുന്നറിയിപ്പു കൊടുത്തിരിക്കുന്നു. തത്‌ഫലമായി ലക്ഷക്കണക്കിന്‌ ആളുകൾ, വ്യാജമതങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കുകയെന്ന നിർണായക നടപടി കൈക്കൊണ്ടിരിക്കുന്നു. ജീവിതം യഹോവയ്‌ക്കു സമർപ്പിക്കുകയും സ്‌നാപനമേൽക്കുകയും ചെയ്‌തുകൊണ്ട്‌ അവർ യേശുക്രിസ്‌തുവിന്റെ ശിഷ്യന്മാർ ആയിത്തീർന്നിരിക്കുന്നു. അതേ, വ്യാജമതത്തോടുള്ള ബന്ധത്തിൽ ദൈവം നൽകിയിരിക്കുന്ന പിൻവരുന്ന അടിയന്തിര ആഹ്വാനത്തിന്‌ അവർ ചെവികൊടുത്തിരിക്കുന്നു: “എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ.”​—⁠വെളിപ്പാടു 18:⁠4.

11. യഹോവയുടെ അംഗീകാരം നേടാൻ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌?

11 അതേസമയം, യഹോവയുടെ സാക്ഷികൾ അറിയിക്കുന്ന ബൈബിളധിഷ്‌ഠിത സന്ദേശത്തിൽ ആകൃഷ്ടരായിട്ടുള്ള ലക്ഷക്കണക്കിനു വരുന്ന മറ്റനേകർക്ക്‌ എന്തു ചെയ്യണമെന്ന്‌ ഇപ്പോഴും നിശ്ചയമില്ല. അവരിൽ ചിലർ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ആചരണത്തിലോ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളുടെ ചില പരിപാടികളിലോ ഒക്കെ സംബന്ധിച്ചുകൊണ്ട്‌ വല്ലപ്പോഴുമൊക്കെ ക്രിസ്‌തീയ യോഗങ്ങളിൽ കൂടിവരാറുണ്ട്‌. “നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും” എന്ന ഏലീയാവിന്റെ വാക്കുകൾ ശ്രദ്ധാപൂർവം പരിചിന്തിക്കാൻ അവരെയെല്ലാം ഞങ്ങൾ ഉദ്‌ബോധിപ്പിക്കുകയാണ്‌. (1 രാജാക്കന്മാർ 18:21) ഒട്ടും താമസിയാതെ, അവർ ഇപ്പോൾത്തന്നെ നിർണായക നടപടി സ്വീകരിക്കുകയും യഹോവയുടെ സമർപ്പിതരും സ്‌നാപനമേറ്റവരുമായ ആരാധകർ ആയിത്തീരുകയെന്ന ലക്ഷ്യത്തിൽ തീക്ഷ്‌ണതയോടെ പ്രവർത്തിക്കുകയും വേണം. അവരുടെ നിത്യജീവന്റെ പ്രത്യാശയാണ്‌ തുലാസ്സിൽ തൂങ്ങുന്നത്‌!​—⁠2 തെസ്സലൊനീക്യർ 1:6-10.

12. സ്‌നാപനമേറ്റ ചില ക്രിസ്‌ത്യാനികൾ അപകടകരമായ ഏതു സാഹചര്യത്തിലേക്കു വഴുതിവീണിരിക്കുന്നു, അവർ എന്തു ചെയ്യണം?

12 സങ്കടകരമെന്നു പറയട്ടെ, സ്‌നാപനമേറ്റ ചില ക്രിസ്‌ത്യാനികൾ ആരാധനയിൽ ക്രമമില്ലാത്തവരും നിഷ്‌ക്രിയരും ആയിത്തീർന്നിരിക്കുന്നു. (എബ്രായർ 10:23-25; 13:15, 16) പീഡനഭയമോ ഉപജീവനചിന്തകളോ ധനസമ്പാദന ശ്രമങ്ങളോ സ്വാർഥ സുഖമോഹങ്ങളോ നിമിത്തം ചിലർക്കു തീക്ഷ്‌ണത നഷ്ടമായിരിക്കുന്നു. ഈ കാര്യങ്ങൾ തന്റെ അനുഗാമികളിൽ ചിലരെ ഇടറിക്കുകയും ഞെരുക്കുകയും കെണിയിലാക്കുകയും ചെയ്യുമെന്ന്‌ യേശു മുന്നറിയിപ്പു നൽകി. (മത്തായി 10:28-33; 13:20-22; ലൂക്കൊസ്‌ 12:22-31; 21:34-36) “രണ്ടു തോണിയിൽ കാൽവെക്കു”ന്നതിനു പകരം അങ്ങനെയുള്ളവർ ദൈവത്തോടുള്ള തങ്ങളുടെ സമർപ്പണം നിറവേറ്റാൻ നിർണായക നടപടി സ്വീകരിച്ചുകൊണ്ട്‌ ‘തീക്ഷ്‌ണതയുള്ളവരായിരിക്കുകയും അനുതപിക്കുകയും’ ചെയ്യേണ്ടതുണ്ട്‌.​—⁠വെളിപ്പാടു 3:15-19, പി.ഒ.സി. ബൈബിൾ.

വ്യാജമതത്തിന്റെ സത്വരനാശം

13. യേഹൂവിനെ രാജാവായി അഭിഷേകം ചെയ്‌തപ്പോൾ ഇസ്രായേലിലെ സാഹചര്യം എന്തായിരുന്നു?

13 സത്യദൈവം ആരാണെന്ന്‌ കർമ്മേൽ പർവതത്തിൽവെച്ചു വ്യക്തമായി പ്രകടിപ്പിക്കപ്പെട്ട്‌ ഏകദേശം 18 വർഷത്തിനുശേഷം ഇസ്രായേലിൽ എന്താണു സംഭവിച്ചതെന്നു പരിശോധിക്കുന്നത്‌, ആളുകൾ ഇപ്പോൾ നിർണായക നടപടി സ്വീകരിക്കുന്നത്‌ അതിപ്രധാനമായിരിക്കുന്നതിന്റെ കാരണം മനസ്സിലാക്കാൻ നമ്മെ സഹായിക്കും. ഏലീയാവിന്റെ പിൻഗാമിയായ എലീശായുടെ ശുശ്രൂഷക്കാലത്ത്‌ ബാൽ ആരാധനയ്‌ക്കെതിരെ യഹോവയുടെ ന്യായവിധി ദിവസം അപ്രതീക്ഷിതമായി പെട്ടെന്നു വന്നെത്തി. ആഹാബ്‌ രാജാവിന്റെ പുത്രനായ യെഹോരാമായിരുന്നു അന്ന്‌ ഇസ്രായേൽ ഭരിച്ചിരുന്നത്‌. രാജമാതാവ്‌ എന്ന നിലയിൽ ഈസേബെൽ അപ്പോഴും രാജ്ഞിപദം അലങ്കരിച്ചിരുന്നു. ഇസ്രായേലിന്റെ സേനാപതിയായ യേഹൂവിനെ പുതിയ രാജാവായി അഭിഷേകം ചെയ്യാൻ എലീശാ തന്റെ സേവകനെ രഹസ്യമായി അയച്ചു. ആ സമയത്ത്‌ യേഹൂ, യോർദ്ദാനു കിഴക്കുള്ള ഗിലെയാദിലെ രാമോത്തിൽ ഇസ്രായേലിന്റെ ശത്രുക്കൾക്കെതിരെ പടനീക്കം നടത്തുകയായിരുന്നു. യെഹോരാം രാജാവാകട്ടെ, ഒരു പോരാട്ടത്തിൽ പരുക്കേറ്റ്‌ മെഗിദ്ദോയ്‌ക്കു സമീപമുള്ള താഴ്‌വരസമതലത്തിലെ യിസ്രെയേലിൽ ചികിത്സയിൽ ആയിരുന്നു.​—⁠2 രാജാക്കന്മാർ 8:29-9:⁠4.

14, 15. യേഹൂവിനു ലഭിച്ച നിയമനം എന്തായിരുന്നു, അവൻ അതിനോട്‌ എങ്ങനെ പ്രതികരിച്ചു?

14 യഹോവ യേഹൂവിനു നൽകിയ കൽപ്പന ഇതായിരുന്നു: “എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിന്നും യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിന്നും ഈസേബെലിനോടു ഞാൻ പ്രതികാരം ചെയ്യേണ്ടതിന്നു നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നീ സംഹരിച്ചുകളയേണം. ആഹാബ്‌ഗൃഹം അശേഷം മുടിഞ്ഞുപോകേണം . . . ഈസേബെലിനെ യിസ്രെയേൽ പ്രദേശത്തുവെച്ചു നായ്‌ക്കൾ തിന്നുകളയും; അവളെ അടക്കം ചെയ്‌വാൻ ആരും ഉണ്ടാകയില്ല.”​—⁠2 രാജാക്കന്മാർ 9:7-10.

15 നിർണായക ഘട്ടങ്ങളിൽ തീരുമാനമെടുക്കാൻ പ്രാപ്‌തിയുള്ള വ്യക്തിയായിരുന്നു യേഹൂ. ഒട്ടും വൈകാതെ, രഥത്തിൽ കയറി അവൻ യിസ്രെയേലിലേക്കു കുതിച്ചു. രഥത്തിൽ പാഞ്ഞുവരുന്നത്‌ യേഹൂവാണെന്നു തിരിച്ചറിഞ്ഞ യിസ്രെയേലിലെ ഒരു കാവൽക്കാരൻ അക്കാര്യം യെഹോരാം രാജാവിനെ അറിയിച്ചു. ഉടൻതന്നെ യെഹോരാം രഥത്തിൽ കയറി തന്റെ സേനാപതിയായ യേഹൂവിന്റെ നേരെ പുറപ്പെട്ടു. അടുത്തെത്തിയപ്പോൾ “യേഹൂവേ, സമാധാനമോ” എന്ന്‌ യെഹോരാം ചോദിച്ചു. അതിന്‌ യേഹൂ, “നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം” എന്ന്‌ ഉത്തരം പറഞ്ഞു. യെഹോരാമിനു രക്ഷപ്പെടാൻ കഴിയുന്നതിനുമുമ്പ്‌ യേഹൂ അവനുനേരെ വില്ലു കുലച്ചു. ഹൃദയത്തിൽ അമ്പു തുളച്ചുകയറി യെഹോരാം മരിച്ചുവീണു.​—⁠2 രാജാക്കന്മാർ 9:20-24.

16. (എ) ഈസേബെലിന്റെ കൊട്ടാര ഉദ്യോഗസ്ഥർ പെട്ടെന്ന്‌ ഏതു സാഹചര്യത്തെ അഭിമുഖീകരിച്ചു? (ബി) ഈസേബെലിനെ സംബന്ധിച്ച യഹോവയുടെ വാക്കു നിറവേറിയത്‌ എങ്ങനെ?

16 ഉടൻതന്നെ യേഹൂ നഗരത്തിലേക്കു രഥമോടിച്ചുചെന്നു. അസാധാരണമാംവിധം അണിഞ്ഞൊരുങ്ങിയ ഈസേബെൽ കിളിവാതിലിൽക്കൂടി താഴേക്കു നോക്കി യേഹൂവിനെ അഭിവാദ്യം ചെയ്‌തു. വെല്ലുവിളി നിറഞ്ഞ അവളുടെ വാക്കുകൾക്കു ഭീഷണിയുടെ ധ്വനി ഉണ്ടായിരുന്നു. പക്ഷേ യേഹൂവിന്റെ മുന്നിൽ അതു വിലപ്പോയില്ല. “ആരുള്ളു എന്റെ പക്ഷത്തു? ആരുള്ളു” എന്ന്‌ അവൻ വിളിച്ചുചോദിച്ചു. ഈസേബെലിന്റെ പരിചാരകർ ഇപ്പോൾ നിർണായക നടപടി കൈക്കൊള്ളേണ്ടിയിരുന്നു. രണ്ടുമൂന്നു കൊട്ടാര ഉദ്യോഗസ്ഥർ പുറത്തേക്ക്‌ എത്തിനോക്കി. പെട്ടെന്നുതന്നെ അവരുടെ വിശ്വസ്‌തത പരീക്ഷിക്കപ്പെട്ടു. “അവളെ താഴെ തള്ളിയിടുവിൻ,” യേഹൂ കൽപ്പിച്ചു. ആ ഉദ്യോഗസ്ഥർ ഈസേബെലിനെ താഴെയുള്ള തെരുവിലേക്കു തള്ളിയിട്ടു. യേഹൂവിന്റെ കുതിരകളും രഥവും അവളെ ചവിട്ടിമെതിച്ചുകളഞ്ഞു. അങ്ങനെ ഇസ്രായേലിലെ ബാൽ ആരാധനയ്‌ക്കു ചുക്കാൻപിടിച്ചവൾക്ക്‌ അർഹമായ പ്രതിഫലം കിട്ടി. പ്രവചിക്കപ്പെട്ടിരുന്ന പ്രകാരം, ജഡം മറവു ചെയ്യാൻ അവസരം ലഭിക്കുന്നതിനുമുമ്പുതന്നെ നായ്‌ക്കൾ അവളുടെ മാംസം തിന്നുകളഞ്ഞു.​—⁠2 രാജാക്കന്മാർ 9:30-37.

17. ഈസേബെലിനെതിരെയുള്ള ദൈവിക ന്യായവിധി ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ഏതു കാര്യത്തിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കേണ്ടതാണ്‌?

17 ഇതുപോലെതന്നെ ഞെട്ടിക്കുന്നതായിരിക്കും “മഹതിയാം ബാബിലോൻ” എന്ന പേരുള്ള ആലങ്കാരിക വേശ്യയുടെ അന്ത്യവും. സാത്താന്റെ ലോകത്തിലെ വ്യാജമതങ്ങളെയാണ്‌ ആ വേശ്യ പ്രതിനിധാനം ചെയ്യുന്നത്‌. പുരാതന നഗരമായ ബാബിലോണിലായിരുന്നു അവളുടെ ഉത്ഭവം. വ്യാജമതങ്ങളുടെ അന്ത്യത്തെത്തുടർന്ന്‌ യഹോവയാം ദൈവം, സാത്താന്റെ ലോകത്തിന്റെ ലൗകിക ഘടകങ്ങളുടെ ഭാഗമായ സകല മനുഷ്യരിലേക്കും ശ്രദ്ധ തിരിക്കും. നീതിയുള്ള ഒരു പുതിയ ലോകത്തിനു വഴിയൊരുക്കിക്കൊണ്ട്‌ അവൻ അവരെയും നശിപ്പിക്കും.​—⁠വെളിപ്പാടു 17:3-6; 19:19-21; 21:1-5.

18. ഈസേബെലിന്റെ മരണത്തിനുശേഷം ഇസ്രായേലിലെ ബാൽ ആരാധകർക്ക്‌ എന്തു സംഭവിച്ചു?

18 ഈസേബെലിന്റെ മരണത്തിനുശേഷം യേഹൂ പെട്ടെന്നുതന്നെ ആഹാബിന്റെ സകല സന്തതികളെയും മുഖ്യ അനുചരന്മാരെയും സംഹരിച്ചു. (2 രാജാക്കന്മാർ 10:11) എന്നാൽ ബാൽ ആരാധകരായ അനേകം ഇസ്രായേല്യർ ദേശത്തു ശേഷിച്ചിരുന്നു. ‘യഹോവയെക്കുറിച്ച്‌ തനിക്കുള്ള ശുഷ്‌കാന്തി’ പ്രകടിപ്പിച്ചുകൊണ്ട്‌ അവർക്കെതിരെ യേഹൂ നിർണായക നടപടി സ്വീകരിച്ചു. (2 രാജാക്കന്മാർ 10:16) ബാൽ ആരാധകനായി നടിച്ചുകൊണ്ട്‌ യേഹൂ, ആഹാബ്‌ ശമര്യയിൽ പണികഴിച്ചിരുന്ന ബാൽക്ഷേത്രത്തിൽ ഒരു വലിയ ഉത്സവത്തിനു ചട്ടംകൂട്ടി. ഇസ്രായേലിലെ എല്ലാ ബാൽ ആരാധകരും ഉത്സവത്തിന്‌ എത്തി. എല്ലാവരും ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചുകഴിഞ്ഞപ്പോൾ യേഹൂവിന്റെ പടയാളികൾ അവരെയെല്ലാം വാളിനിരയാക്കി. “ഇങ്ങനെ യേഹൂ ബാലിനെ യിസ്രായേലിൽനിന്നു നശിപ്പിച്ചുകളഞ്ഞു” എന്ന വാക്കുകളോടെ ഈ ബൈബിൾ വിവരണത്തിനു തിരശ്ശീല വീഴുന്നു.​—⁠2 രാജാക്കന്മാർ 10:18-28.

19. യഹോവയുടെ വിശ്വസ്‌ത ആരാധകരുടെ “മഹാപുരുഷാര”ത്തിന്‌ അത്ഭുതകരമായ എന്തു ഭാവിപ്രത്യാശയുണ്ട്‌?

19 ഇസ്രായേലിൽനിന്നു ബാൽ ആരാധന തുടച്ചുനീക്കപ്പെട്ടു. സമാനമായി, ഈ ലോകത്തിലെ വ്യാജമതങ്ങൾക്ക്‌ സത്വരവും ഞെട്ടിക്കുന്നതുമായ നാശം സംഭവിക്കും എന്നതു സുനിശ്ചിതമാണ്‌. വലിയ ആ ന്യായവിധി ദിവസത്തിന്റെ സമയത്ത്‌ നിങ്ങൾ ആരുടെ പക്ഷത്തായിരിക്കും? ഇപ്പോൾത്തന്നെ നിർണായക നടപടി സ്വീകരിക്കുക. അതുവഴി, “മഹാകഷ്ട”ത്തെ അതിജീവിക്കുന്ന “മഹാപുരുഷാര”ത്തിന്റെ ഭാഗമായിരിക്കാൻ നിങ്ങൾക്ക്‌ അവസരം ലഭിച്ചേക്കും. അപ്പോൾ സന്തോഷത്തോടെ പിന്തിരിഞ്ഞുനോക്കാൻ നിങ്ങൾക്കു കഴിയും. “വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യ”യുടെമേൽ ന്യായവിധി നടപ്പാക്കിയതിനു നിങ്ങൾ ദൈവത്തെ സ്‌തുതിക്കും. സ്വർഗീയ സംഘം ആലപിക്കുന്ന പിൻവരുന്ന ആവേശജനകമായ വാക്കുകൾ, സത്യാരാധകരായ മറ്റുള്ളവരോടൊപ്പം ഏകസ്വരത്തിൽ ഏറ്റുപാടാൻ തീർച്ചയായും നിങ്ങൾ ആഗ്രഹിക്കും: “ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.”​—⁠വെളിപ്പാടു 7:9, 10, 14; 19:1, 2, 6.

ധ്യാനിക്കുന്നതിനുള്ള ചോദ്യങ്ങൾ

• പുരാതന ഇസ്രായേല്യർ ബാൽ ആരാധന സംബന്ധിച്ചു കുറ്റക്കാർ ആയിത്തീർന്നതെങ്ങനെ?

• ബൈബിൾ ഏതു വലിയ വിശ്വാസത്യാഗം മുൻകൂട്ടിപ്പറഞ്ഞു, ആ പ്രവചനം എങ്ങനെ നിവൃത്തിയേറിയിരിക്കുന്നു?

• യേഹൂ എങ്ങനെയാണ്‌ ബാൽ ആരാധന തുടച്ചുനീക്കിയത്‌?

• ദൈവത്തിന്റെ ന്യായവിധി ദിവസത്തെ അതിജീവിക്കാൻ നാം എന്തു ചെയ്യണം?

[അധ്യയന ചോദ്യങ്ങൾ]

[25-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

സോഖോ

അഫേക്ക്‌

ഹെല്‌കത്ത്‌

യൊക്‌നെയാം

മെഗിദ്ദോ

താനാക്‌

ദോഥാൻ

ശമര്യ

ഏൻ-ദോർ

ശൂനേം

ഒഫ്ര

യിസ്രെയേൽ

യിബ്ലെയാം (ഗത്ത്‌-രിമ്മോൻ)

തിർസാ

ബേത്ത്‌-ശേമെശ്‌

ബേത്ത്‌-ശെയാൻ (ബേത്ത്‌-ശാൻ)

ഗിലെയാദിലെ യാബേശ്‌?

ആബേൽ-മെഹോല

ബേത്ത്‌-അർബ്ബേൽ

ഗിലെയാദിലെ രാമോത്ത്‌

Mountain Peaks

കർമ്മേൽ പർവതം

താബോർ പർവതം

മോരേ

[Bodies of water]

മെഡിറ്ററേനിയൻ കടൽ

ഗലീലക്കടൽ

ഗിൽബോവപർവ്വതം

[River]

യോർദ്ദാൻ നദി

[Spring and well]

ഹാരോദ്‌ നീരുറവ

[കടപ്പാട്‌]

Based on maps copyrighted by Pictorial Archive (Near Eastern History) Est. and Survey of Israel

[26-ാം പേജിലെ ചിത്രങ്ങൾ]

ക്രമമായി രാജ്യപ്രസംഗ വേലയിൽ പങ്കെടുക്കുന്നതും ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതും സത്യാരാധനയുടെ മർമപ്രധാന വശങ്ങളാണ്‌

[28, 29 പേജുകളിലെ ചിത്രം]

യഹോവയുടെ ദിവസത്തെ അതിജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും യേഹൂവിനെപ്പോലെ നിർണായക നടപടി സ്വീകരിക്കണം