‘ബദ്ധന്മാർക്കു വിടുതൽ പ്രസംഗിക്കുന്നു’
‘ബദ്ധന്മാർക്കു വിടുതൽ പ്രസംഗിക്കുന്നു’
“ബദ്ധന്മാ”രോട് അഥവാ തടവുകാരോട് “വിടുതൽ പ്രസംഗി”ക്കുന്നത് തന്റെ നിയമനത്തിന്റെ ഭാഗമാണെന്ന് യേശു തന്റെ ശുശ്രൂഷയുടെ ആരംഭത്തിൽ പ്രഖ്യാപിച്ചു. (ലൂക്കൊസ് 4:18) തങ്ങളുടെ നായകന്റെ ദൃഷ്ടാന്തത്തിനു ചേർച്ചയിൽ സത്യക്രിസ്‌ത്യാനികൾ ‘സകലമനുഷ്യരോടും’ രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് അവരെ ആത്മീയ അടിമത്തത്തിൽനിന്നു സ്വതന്ത്രരാക്കുകയും മെച്ചപ്പെട്ട ജീവിതം നയിക്കാൻ സഹായിക്കുകയും ചെയ്യുന്നു.—1 തിമൊഥെയൊസ് 2:4.
ഇന്ന് ഈ വേലയിൽ, അക്ഷരാർഥത്തിലുള്ള തടവുകാരോട്—വിവിധ കുറ്റങ്ങൾക്കായി ജയിലിൽക്കഴിയുന്നവരും ആത്മീയ വിടുതൽ കാംക്ഷിക്കുന്നവരുമായവരോട്—സുവാർത്ത പ്രസംഗിക്കുന്നത് ഉൾപ്പെടുന്നു. യൂക്രെയിനിലും യൂറോപ്പിന്റെ ഇതരഭാഗങ്ങളിലുമുള്ള ജയിലുകളിൽ യഹോവയുടെ സാക്ഷികൾ നിർവഹിക്കുന്ന പ്രസംഗപ്രവർത്തനത്തെക്കുറിച്ചുള്ള പ്രോത്സാഹജനകമായ ഈ റിപ്പോർട്ടു വായിക്കുക.
മയക്കുമരുന്നാസക്തർ ക്രിസ്‌ത്യാനികളായിത്തീരുന്നു
38 വർഷത്തെ ജീവിതത്തിൽ 20 വർഷവും സെർഹീ * ഇരുമ്പഴികൾക്കുള്ളിലായിരുന്നു. സ്‌കൂൾ പഠനം പൂർത്തിയാക്കിയതുപോലും അവിടെവെച്ചാണ്. അദ്ദേഹം പറയുന്നു: “വർഷങ്ങൾക്കുമുമ്പാണ് ഞാൻ തടവിലാക്കപ്പെട്ടത്, കൊലപാതകക്കുറ്റത്തിന്. ശിക്ഷയുടെ കാലാവധി ഇനിയും തീർന്നിട്ടില്ല. ജയിലിലെ വില്ലനായിരുന്ന എന്നെ മറ്റു തടവുകാർക്കെല്ലാം ഭയമായിരുന്നു.” താൻ സ്വതന്ത്രനാണെന്നു തോന്നാൻ ഇത് അദ്ദേഹത്തെ സഹായിച്ചോ? ഇല്ല. വർഷങ്ങളോളം സെർഹീ മയക്കുമരുന്നിനും മദ്യത്തിനും പുകവവലിശീലത്തിനും അടിമയായിരുന്നു.
അങ്ങനെയിരിക്കെ, ഒരു സഹതടവുകാരൻ അദ്ദേഹവുമായി ബൈബിൾസത്യം പങ്കുവെച്ചു. ഇരുൾ കീറിമുറിച്ചെത്തിയ ഒരു പ്രകാശരശ്‌മിപോലെ ആയിരുന്നു അത്. ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാ ആസക്തികളിൽനിന്നും സ്വതന്ത്രനായ അദ്ദേഹം ഒരു സുവാർത്താ ഘോഷകനായിത്തീരുകയും സ്‌നാപനമേൽക്കുകയും ചെയ്‌തു. യഹോവയുടെ ഒരു മുഴുസമയ ശുശ്രൂഷകനായി സേവിക്കുന്ന സെർഹീയുടെ ജയിൽജീവിതം ഇന്നു തിരക്കേറിയതാണ്. ജീവിതത്തിനു മാറ്റം വരുത്താനും തന്റെ ആത്മീയ സഹോദരന്മാരായിത്തീരാനും അദ്ദേഹം ഏഴു കുറ്റവാളികളെ സഹായിച്ചിരിക്കുന്നു. അവരിൽ ആറുപേർ ജയിൽമോചിതരായെങ്കിലും സെർഹീ ഇന്നും ജയിലിൽത്തന്നെയാണ്. ഇതിൽ അദ്ദേഹത്തിനു വ്യാകുലതയില്ല. കാരണം, ആത്മീയ തടവറയിൽനിന്നു സ്വതന്ത്രരാകാൻ മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്നു എന്നത് അദ്ദേഹത്തിനു സന്തോഷം പകരുന്നു.—പ്രവൃത്തികൾ 20:35.
ജയിലിൽവെച്ച് സെർഹീയോടൊപ്പം ബൈബിൾ പഠിച്ച ഒരാളായിരുന്നു വിക്ടർ. മുമ്പു മയക്കുമരുന്നിന്റെ ഇടപാടുണ്ടായിരുന്ന അദ്ദേഹം അതിന് അടിമയുമായിരുന്നു. ജയിൽമോചിതനായശേഷം വിക്ടർ തുടർന്നും എബ്രായർ 4:12.
ആത്മീയമായി പുരോഗമിക്കുകയും ഒടുവിൽ യൂക്രെയിനിൽ നടന്ന ശുശ്രൂഷാ പരിശീലന സ്‌കൂളിൽനിന്നു ബിരുദം നേടുകയും ചെയ്‌തു. ഇപ്പോൾ മൊൾഡോവയിൽ ഒരു പ്രത്യേക പയനിയറായി സേവിക്കുന്ന അദ്ദേഹം ഇങ്ങനെ പറയുന്നു: “എട്ടു വയസ്സിൽ ഞാൻ പുകവലി തുടങ്ങി. 12 വയസ്സായപ്പോൾ മദ്യപാനവും 14 വയസ്സുള്ളപ്പോൾ മയക്കുമരുന്നിന്റെ ഉപയോഗവും ആരംഭിച്ചു. ജീവിതത്തിനു മാറ്റം വരുത്താൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ വിജയിച്ചില്ല. ഒടുവിൽ 1995-ൽ, എന്റെ ചീത്തക്കൂട്ടുകെട്ടെല്ലാം ഉപേക്ഷിച്ച് ദൂരെ ഒരിടത്തേക്കു പോകാൻ ഭാര്യയും ഞാനും തയ്യാറെടുക്കുകയായിരുന്നു. എന്നാൽ അപ്പോൾ, കൊലപാതക പ്രവണതയുണ്ടായിരുന്ന ഒരു മാനസിക രോഗി അവളെ കുത്തിക്കൊലപ്പെടുത്തി. ഞാൻ ആകെ തകർന്നുപോയി. ‘എന്റെ ഭാര്യ ഇപ്പോൾ എവിടെയാണ്? മരിക്കുമ്പോൾ ആളുകൾക്ക് എന്തു സംഭവിക്കുന്നു?’ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. ആശ്വാസത്തിനായി ഞാൻ കൂടുതൽ മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങി. തുടർന്ന്, മയക്കുമരുന്നു കേസിൽ അറസ്റ്റുചെയ്യപ്പെട്ട എന്നെ അഞ്ചു വർഷത്തെ തടവിനു ശിക്ഷിച്ചു. അവിടെവെച്ച്, എന്റെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സെർഹീ എന്നെ സഹായിച്ചു. മയക്കുമരുന്നിന്റെ അടിമത്തത്തിൽനിന്നു സ്വതന്ത്രനാകാൻ പലവട്ടം ഞാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബൈബിളിന്റെ സഹായത്താൽ മാത്രമാണ് എനിക്കു വിജയിക്കാൻ കഴിഞ്ഞത്. ദൈവവചനത്തിന് അത്രയ്‌ക്കു ശക്തിയുണ്ട്!”—മനംതഴമ്പിച്ച കുറ്റവാളികൾ മാറ്റംവരുത്തുന്നു
ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തിയാണു വാസിൽ. എന്നാൽ അദ്ദേഹവും ഒരു കാര്യത്തിന് അടിമയായിരുന്നു. അദ്ദേഹം വിശദീകരിക്കുന്നു: “കിക്‌ബോക്‌സിങ്ങിലായിരുന്നു എനിക്കു കമ്പം. ദേഹത്തു യാതൊരു അടയാളവും സൃഷ്ടിക്കാതെ ആളുകളെ അടിക്കാൻ ഞാൻ പരിശീലിച്ചു.” അക്രമത്തിലൂടെ വാസിൽ ആളുകളെ കൊള്ളയടിച്ചു. അദ്ദേഹം തുടരുന്നു: “മൂന്നു പ്രാവശ്യം ജയിലിലായതിനെത്തുടർന്ന് ഭാര്യ വിവാഹമോചനം നേടി. ഒടുവിലായി ലഭിച്ച അഞ്ചു വർഷത്തെ തടവുശിക്ഷക്കാലത്ത് ഞാൻ യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളുമായി സമ്പർക്കത്തിൽവന്നു. ബൈബിൾ വായിക്കാൻ അതെനിക്കു പ്രേരണയായി. പക്ഷേ അപ്പോഴും, ഞാൻ കിക്‌ബോക്‌സിങ്ങിൽ ഏർപ്പെട്ടിരുന്നു. അത്രയ്‌ക്കും പ്രിയമായിരുന്നു എനിക്കതിനോട്.
“എന്നാൽ ആറു മാസത്തെ ബൈബിൾ വായനയ്‌ക്കുശേഷം, എന്റെ ചിന്തയ്‌ക്കു മാറ്റംവരാൻ തുടങ്ങി. ബോക്‌സിങ്ങിലെ വിജയം മുമ്പത്തെപ്പോലെ എനിക്കു സംതൃപ്‌തി കൈവരുത്തിയില്ല. അതുകൊണ്ട്, യെശയ്യാവു 2:4-ന്റെ വെളിച്ചത്തിൽ ഞാൻ എന്റെ ജീവിതം വിശകലനം ചെയ്യാൻ തുടങ്ങി. മനോഭാവത്തിനു മാറ്റംവരുത്താത്തപക്ഷം ശിഷ്ടകാലവും അഴിയെണ്ണി കഴിയേണ്ടിവരുമെന്നു ഞാൻ തിരിച്ചറിഞ്ഞു. അങ്ങനെ, ബോക്‌സിങ്ങിനോടു ബന്ധപ്പെട്ട എല്ലാ സാമഗ്രികളും ഞാൻ വലിച്ചെറിയുകയും വ്യക്തിത്വം മെച്ചപ്പെടുത്താൻ പരിശ്രമം ആരംഭിക്കുകയും ചെയ്‌തു. എളുപ്പമല്ലായിരുന്നെങ്കിലും, ധ്യാനത്തിലൂടെയും പ്രാർഥനയിലൂടെയും ഒടുവിൽ എന്റെ ദുശ്ശീലങ്ങൾ കീഴ്‌പെടുത്താൻ എനിക്കു കഴിഞ്ഞു. ചിലപ്പോഴൊക്കെ, അക്രമാസക്തിയിൽനിന്നു പുറത്തുവരാനുള്ള ശക്തിക്കായി ഞാൻ കണ്ണീരോടെ യഹോവയോട് അപേക്ഷിക്കുമായിരുന്നു. ഒടുവിൽ ഞാൻ അതിൽ വിജയിച്ചു.
“ജയിലിൽനിന്നു സ്വതന്ത്രനായ ഞാൻ കുടുംബവുമായി വീണ്ടും ഒന്നിച്ചു. ഇപ്പോൾ ഒരു കൽക്കരി ഖനിയിലാണു ജോലി. തന്മൂലം, ഭാര്യയുമൊത്ത് പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാനും സഭയിലെ എന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും എനിക്ക് ആവശ്യത്തിനു സമയം ലഭിക്കുന്നു.”
യൂക്രെയിനിലെ പല ബാങ്കുകളും കൊള്ളയടിച്ചവരാണ് മിക്കോലായും സംഘവും. തത്‌ഫലമായി മിക്കോലായ്‌ക്കു പത്തു വർഷത്തെ തടവുശിക്ഷ വിധിച്ചു. തടവിലാക്കപ്പെടുന്നതിനുമുമ്പ് ഒരേയൊരു പ്രാവശ്യമേ അദ്ദേഹം പള്ളിയിൽ പോയിട്ടുള്ളൂ—പള്ളി കൊള്ളയടിക്കാൻ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തിൽ! പക്ഷേ ആ പദ്ധതി പാളിപ്പോയി. എന്നാൽ ആ സന്ദർശനത്തിലൂടെ, ഓർത്തഡോക്‌സ് പുരോഹിതന്മാരെയും മെഴുകുതിരിയെയും വിശേഷദിവസങ്ങളെയും കുറിച്ചൊക്കെയുള്ള വിരസമായ വിവരണങ്ങളാണു ബൈബിളിൽ അടങ്ങിയിരിക്കുന്നതെന്നു മിക്കോലാ വിശ്വസിക്കാൻ ഇടയായി. അദ്ദേഹം പറയുന്നു: “എന്താണെന്നറിയില്ല, ഏതായാലും ഞാൻ ബൈബിൾ വായിക്കാൻ തുടങ്ങി. അതിലുള്ള കാര്യങ്ങൾ പ്രതീക്ഷിച്ചിരുന്നതിൽനിന്ന് ഏറെ വ്യത്യസ്‌തമാണെന്നു കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി!” അദ്ദേഹം ഒരു ബൈബിളധ്യയനം ആവശ്യപ്പെടുകയും 1999-ൽ സ്‌നാപനമേൽക്കുകയും ചെയ്‌തു. ഇപ്പോൾ സൗമ്യനായ ഈ ശുശ്രൂഷാദാസനെ കാണുമ്പോൾ മുമ്പ് ഇദ്ദേഹം അപകടകാരിയായ ഒരു സായുധ ബാങ്കുകൊള്ളക്കാരനായിരുന്നെന്നു വിശ്വസിക്കുക പ്രയാസമാണ്!
വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട വ്‌ളഡിയിമിർ മരണവും കാത്തുകഴിയവേ ദൈവത്തോടു പ്രാർഥിച്ചു. ജീവൻ തിരിച്ചുകിട്ടിയാൽ ദൈവത്തെ സേവിച്ചുകൊള്ളാമെന്ന് അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. അതിനിടെ നിയമം ഭേദഗതി ചെയ്യപ്പെട്ടു. അങ്ങനെ, അദ്ദേഹത്തിന്റെ വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്യപ്പെട്ടു. വാഗ്‌ദാനം നിറവേറ്റാൻ വ്‌ളഡിയിമിർ സത്യമതം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. അഡ്‌വെന്റിസ്റ്റു സഭ തപാൽ വഴി നടത്തിയിരുന്ന ഒരു കോഴ്‌സിൽ ചേർന്നുപഠിച്ച് ഡിപ്ലോമ കരസ്ഥമാക്കിയെങ്കിലും അത് അദ്ദേഹത്തെ തൃപ്‌തിപ്പെടുത്തിയില്ല.
എന്നാൽ, ജയിലിലെ വായനശാലയിൽവെച്ച് വീക്ഷാഗോപുരവും ഉണരുക!യും വായിക്കാൻ ഇടയായ വ്‌ളഡിയിമിർ, തന്നെ സന്ദർശിക്കാൻ ആരെയെങ്കിലും അയയ്‌ക്കാൻ അഭ്യർഥിച്ചുകൊണ്ട് യഹോവയുടെ സാക്ഷികളുടെ യൂക്രെയിനിലുള്ള ബ്രാഞ്ച് ഓഫീസിനു കത്തയച്ചു. സമീപത്തുള്ള സഹോദരങ്ങൾ സന്ദർശിച്ചപ്പോൾ, തന്നെത്തന്നെ ഒരു സാക്ഷിയായി കണക്കാക്കിക്കൊണ്ട് വ്‌ളഡിയിമിർ തടവുകാരോടു പ്രസംഗിക്കുന്നതാണു കാണാൻ കഴിഞ്ഞത്. രാജ്യഘോഷകൻ ആയിരിക്കാനുള്ള യോഗ്യത നേടാൻ അദ്ദേഹത്തിനു സഹായം ലഭിച്ചു. ഈ ലേഖനം തയ്യാറാക്കുന്ന സമയത്ത് വ്‌ളഡിയിമിറും ആ ജയിലിലെ മറ്റ് ഏഴു പേരും സ്‌നാപനമേൽക്കാൻ കാത്തിരിക്കുകയാണ്. എന്നാൽ അവർക്ക് ഒരു പ്രശ്‌നമുണ്ട്. ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുള്ളവരെ അവരുടെ മതവിശ്വാസം അനുസരിച്ച് വെവ്വേറെ സെല്ലുകളിലാണു പാർപ്പിക്കുന്നത്. അതിനാൽ വ്‌ളഡിയിമിറിന്റെ സെല്ലിലുണ്ടായിരുന്നവരെല്ലാം അദ്ദേഹത്തിന്റെ വിശ്വാസത്തിൽപ്പെട്ടവരാണ്. അപ്പോൾപ്പിന്നെ അവർ ആരോടു പ്രസംഗിക്കും? മറ്റുള്ളവർക്കു കത്തെഴുതിക്കൊണ്ടും ജയിൽ ഗാർഡുകളോടു പ്രസംഗിച്ചുകൊണ്ടും അവർ സുവാർത്ത പങ്കുവെക്കുന്നു.
യൂക്രെയിനിൽനിന്ന് ചെക്ക് റിപ്പബ്ലിക്കിലെത്തിയ നാസർ ഒരു തസ്‌കര സംഘത്തിൽ ചേർന്നു. മൂന്നരവർഷത്തെ ജയിൽവാസമായിരുന്നു അദ്ദേഹത്തിനു ലഭിച്ച ശിക്ഷ. ജയിലിലായിരിക്കെ, കാർലൊവി വാരി നഗരത്തിൽനിന്നുള്ള യഹോവയുടെ സാക്ഷികൾ നടത്തിയ സന്ദർശനങ്ങളോട് അനുകൂലമായി പ്രതികരിച്ച അദ്ദേഹം സത്യം പഠിക്കുകയും വ്യക്തിത്വത്തിൽ സമഗ്രമായ മാറ്റം വരുത്തുകയും ചെയ്‌തു. ഇതു മനസ്സിലാക്കിയ സെക്യൂരിറ്റി ഗാർഡുകളിൽ ഒരാൾ നാസറിന്റെ സെല്ലിലുള്ളവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളെല്ലാവരും ആ യൂക്രെയിൻകാരനെപ്പോലെ ആയിത്തീർന്നാൽ എനിക്കു വേറെന്തെങ്കിലും ജോലി ചെയ്യാമായിരുന്നു.” മറ്റൊരാൾ പറഞ്ഞത് ഇങ്ങനെയാണ്: “യഹോവയുടെ സാക്ഷികൾ ശരിക്കും പ്രഗത്ഭരാണ്. കുറ്റപ്പുള്ളികളായി ജയിലിലേക്കു വരുന്നവർ എത്ര മാന്യന്മാരായിട്ടാണു മടങ്ങിപ്പോകുന്നത്.” വീട്ടിൽ തിരിച്ചെത്തിയ നാസർ മരപ്പണി പഠിച്ചശേഷം വിവാഹം കഴിച്ചു. അദ്ദേഹവും ഭാര്യയും ഇപ്പോൾ മുഴുസമയ ശുശ്രൂഷ ചെയ്യുന്നു. സാക്ഷികൾ നടത്തിയ ജയിൽ സന്ദർശനത്തിനായി അദ്ദേഹം എന്നും നന്ദിയുള്ളവനാണ്.
ഔദ്യോഗികതലത്തിൽ അംഗീകരിക്കപ്പെടുന്നു
യഹോവയുടെ സാക്ഷികളുടെ സേവനത്തിനു നന്ദി പ്രകാശിപ്പിക്കുന്നത് തടവുകാർ മാത്രമല്ല. പോളണ്ടിലെ ഒരു ജയിലിന്റെ വക്താവായ മിറോസ്‌ലാവ് കോവാൽസ്‌കി ഇങ്ങനെ പറഞ്ഞു: “അവരുടെ സന്ദർശനത്തെ ഞങ്ങൾ അതിയായി വിലമതിക്കുന്നു. ചില തടവുകാരുടെ പശ്ചാത്തലം സങ്കടകരമാണ്. ഒരുപക്ഷേ, മനുഷ്യരോടെന്നപോലെ ആരും അവരോടു പെരുമാറിയിട്ടുണ്ടാകില്ല. . . . യഹോവയുടെ സാക്ഷികളുടെ സഹായം വളരെ വിലയേറിയതാണ്. കാരണം, ഇവരെ പുനഃസ്ഥിതീകരിക്കുന്നതിനു സഹായിക്കാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരോ വിദഗ്‌ധരോ ഞങ്ങൾക്ക് ഇവിടെയില്ല.”
പോളണ്ടിലെ മറ്റൊരു ജയിലിന്റെ വാർഡൻ യഹോവയുടെ സാക്ഷികൾ തന്റെ ജയിലിൽ ചെയ്യുന്ന പ്രവർത്തനം വർധിപ്പിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് ബ്രാഞ്ച് ഓഫീസിന് എഴുതി. എന്തായിരുന്നു കാരണം? “വാച്ച്‌ടവർ പ്രതിനിധികൾ കൂടെക്കൂടെ സന്ദർശിക്കുന്നത്, സമൂഹത്തിന് അഭികാമ്യമായ ഗുണങ്ങൾ വളർത്തിയെടുക്കാൻ തടവുകാരെ സഹായിച്ചേക്കാം. അത് അവർക്കിടയിലുള്ള അക്രമവാസന അടിച്ചമർത്തും,” അദ്ദേഹം വിശദീകരിച്ചു.
വിഷാദത്താൽ ആത്മഹത്യയ്‌ക്കു ശ്രമിക്കുകയും എന്നാൽ യഹോവയുടെ സാക്ഷികളിൽനിന്നു സഹായം ലഭിക്കുകയും ചെയ്‌ത ഒരു തടവുകാരനെക്കുറിച്ച്
യൂക്രെയിനിലെ ഒരു പത്രം റിപ്പോർട്ടു ചെയ്‌തു. അത് ഇപ്രകാരം പറയുന്നു: “ഇപ്പോൾ ഈ വ്യക്തി വൈകാരികമായി സുഖംപ്രാപിച്ചുവരുകയാണ്. ജയിലിലെ പെരുമാറ്റച്ചട്ടങ്ങളോടു പറ്റിനിൽക്കുന്ന ഇദ്ദേഹം ഇപ്പോൾ മറ്റു തടവുകാർക്ക് ഒരു മാതൃകയാണ്.”പ്രയോജനങ്ങൾ ജയിലിനു പുറത്തേക്കും
യഹോവയുടെ സാക്ഷികളുടെ വേലയുടെ പ്രയോജനം ജയിലറകളിൽ ഒതുങ്ങിനിൽക്കുന്നില്ല. മോചിതരായശേഷവും ജയിൽപ്പുള്ളികൾ പ്രയോജനം അനുഭവിക്കുന്നു. ചില വർഷങ്ങളായി, ജയിലിലുള്ള സ്‌ത്രീകളെ ആത്മീയമായി സഹായിച്ചിരുന്ന ക്രിസ്‌ത്യാനികളാണ് ബ്രിജിറ്റെയും റെനാറ്റെയും. അവരെക്കുറിച്ച് മൈൻ എഹോ ആഷാഫെൻബുർക് എന്ന ജർമൻ പത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ജീവിതത്തിന് അർഥം പകരാൻ, ജയിലിൽനിന്നു സ്വതന്ത്രരാകുന്ന സ്‌ത്രീകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മൂന്നോ അഞ്ചോ മാസം അവർ അവരെ സഹായിക്കുന്നു. . . . നിരീക്ഷണ ഉദ്യോഗസ്ഥരായി സ്വമേധാ സേവിക്കുന്നവരെന്ന ഔദ്യോഗിക അംഗീകാരം അവർക്കുണ്ട്. ജയിൽ ഉദ്യോഗസ്ഥരോടും അവർ വളരെ നല്ല രീതിയിലാണ് ഇടപെടുന്നത്.” ഇത്തരം സഹായത്തിന്റെ ഫലമായി അനേകർ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചിരിക്കുന്നു.
യഹോവയുടെ സാക്ഷികളുടെ ബൈബിൾ വിദ്യാഭ്യാസ വേലയിൽനിന്ന് ജയിൽ അധികൃതർപോലും പ്രയോജനം നേടുന്നു. പട്ടാളമേജറും യൂക്രെയിനിലെ ഒരു ജയിലിലെ മനശ്ശാസ്‌ത്രജ്ഞനുമായിരുന്ന റോമാന്റെ കാര്യമെടുക്കുക. സാക്ഷികൾ അദ്ദേഹത്തിന്റെ വീട്ടിൽ വന്നതിനെത്തുടർന്ന് അദ്ദേഹം ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു. എന്നാൽ, താൻ ജോലി ചെയ്യുന്ന ജയിലിലുള്ളവരെ സന്ദർശിക്കാൻ സാക്ഷികൾക്ക് അനുവാദം ഇല്ലായിരുന്നെന്നു റോമാൻ മനസ്സിലാക്കി. അതുകൊണ്ട് ജോലിയോടുള്ള ബന്ധത്തിൽ തടവുകാരോട് ഇടപെടുമ്പോൾ ബൈബിൾ ഉപയോഗിക്കാൻ അദ്ദേഹം വാർഡനോട് അനുവാദം ചോദിച്ചുവാങ്ങി. ഏകദേശം പത്തു തടവുകാർ ബൈബിളിൽ താത്‌പര്യം പ്രകടിപ്പിച്ചു. തനിക്കു ലഭിച്ചുകൊണ്ടിരുന്ന ബൈബിൾ പരിജ്ഞാനം റോമാൻ ഈ തടവുകാരുമായി പങ്കുവെച്ചു. അതിനു മികച്ച ഫലമുണ്ടായി. ജയിൽമോചിതരായശേഷം ചിലർ തുടർന്നും പുരോഗമിക്കുകയും സ്‌നാപനമേറ്റ ക്രിസ്‌ത്യാനികൾ ആയിത്തീരുകയും ചെയ്‌തു. ദൈവവചനത്തിന്റെ ശക്തി കണ്ടുമനസ്സിലാക്കിയ റോമാൻ കൂടുതൽ താത്‌പര്യത്തോടെ പഠനം തുടർന്നു. സൈന്യത്തിൽനിന്നു വിട്ടുപോന്ന അദ്ദേഹം ബൈബിൾ വിദ്യാഭ്യാസ പ്രവർത്തനവുമായി മുന്നോട്ടുപോയി. ഇന്ന്, ഒരു മുൻ തടവുകാരനോടൊപ്പം അദ്ദേഹം പ്രസംഗവേല ചെയ്യുന്നു.
“ബൈബിളും ബൈബിൾ സാഹിത്യങ്ങളും ബൈബിളധ്യയനവുമാണ് ഞങ്ങളുടെ ജീവൻ നിലനിറുത്തുന്നത്,” ഒരു തടവുകാരൻ എഴുതി. ചില ജയിലുകളിൽ ബൈബിൾ പ്രസിദ്ധീകരണങ്ങൾ എത്രത്തോളം ആവശ്യമാണെന്ന് ഈ വാക്കുകൾ നന്നായി പ്രകടമാക്കുന്നു. യൂക്രെയിനിലെ ഒരു സഭ അവിടത്തെ ഒരു ജയിലിലെ ബൈബിൾ വിദ്യാഭ്യാസ വേലയെക്കുറിച്ച് ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഞങ്ങൾ സാഹിത്യം നൽകുന്നതിൽ അധികാരികൾ നന്ദിയുള്ളവരാണ്. വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഓരോ ലക്കങ്ങളുടെയും 60 പ്രതികളാണ് ഞങ്ങൾ അവർക്കു കൊടുക്കുന്നത്!” മറ്റൊരു സഭ എഴുതുന്നു: “20 ചെറിയ വായനശാലകളുള്ള ഒരു ജയിലിൽ ഓരോന്നിനും നമ്മുടെ പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങൾ ഞങ്ങൾ നൽകി—മൊത്തം 20 പെട്ടി സാഹിത്യം.” നമ്മുടെ മാസികകളുടെ ഓരോ ലക്കത്തിൽനിന്നും തടവുകാർക്കു പ്രയോജനം നേടാൻ കഴിയേണ്ടതിന് ഒരു ജയിലിലെ ഗാർഡുകൾ അവിടത്തെ വായനശാലയിൽ മാസികകളുടെ ഒരു ഫയൽ സൂക്ഷിക്കുന്നു.
2002-ൽ യൂക്രെയിനിലെ ബ്രാഞ്ച് ഓഫീസ് തടവുകാർക്കായി ഒരു ഡിപ്പാർട്ടുമെന്റ് സ്ഥാപിച്ചു. ഇതുവരെയും, ആ ഡിപ്പാർട്ടുമെന്റ് 120 ജയിലുകളുമായി ബന്ധപ്പെടുകയും അവ സന്ദർശിക്കാനുള്ള ഉത്തരവാദിത്വം സഭകൾക്കു നിയമിച്ചു കൊടുക്കുകയും ചെയ്‌തിരിക്കുന്നു. ഓരോ മാസവും തടവുകാരിൽനിന്ന് ഏകദേശം 50 കത്തുകൾ ലഭിക്കുന്നു. സാഹിത്യമോ ബൈബിളധ്യയനമോ ആവശ്യപ്പെട്ടുകൊണ്ടാണ് മിക്കവരും എഴുതുന്നത്. സമീപത്തുള്ള സഹോദരങ്ങൾക്കു സന്ദർശിക്കാൻ കഴിയുന്നതുവരെ ബ്രാഞ്ച് അവർക്കു പുസ്‌തകങ്ങളും മാസികകളും ലഘുപത്രികകളും അയച്ചുകൊടുക്കുന്നു.
“തടവുകാരെ . . . ഓർത്തുകൊൾവിൻ,” പൗലൊസ് അപ്പൊസ്‌തലൻ സഹക്രിസ്‌ത്യാനികൾക്ക് എഴുതി. (എബ്രായർ 13:3) വിശ്വാസത്തെപ്രതി തടവിൽ കഴിയുന്നവരെ ഓർക്കാനാണ് അവൻ പറഞ്ഞത്. ഇന്ന്, യഹോവയുടെ സാക്ഷികൾ തടവുകാരെ ഓർക്കുകയും ജയിലുകൾ സന്ദർശിക്കുകയും ചെയ്‌തുകൊണ്ട് ‘ബദ്ധന്മാർക്കു വിടുതൽ പ്രസംഗിക്കുന്നു.’—ലൂക്കൊസ് 4:18.
[അടിക്കുറിപ്പ്]
^ ഖ. 5 ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
[9-ാം പേജിലെ ചിത്രം]
ലവിഫ് ജയിൽഭിത്തി, യൂക്രെയിൻ
[10-ാം പേജിലെ ചിത്രം]
മിക്കോലാ
[10-ാം പേജിലെ ചിത്രം]
വാസിലും ഭാര്യ ഐറിനായും
[10-ാം പേജിലെ ചിത്രം]
വിക്ടർ