മെക്‌സിക്കോയിലുള്ള ചൈനക്കാരെ സഹായിക്കുന്നു
മെക്‌സിക്കോയിലുള്ള ചൈനക്കാരെ സഹായിക്കുന്നു
“ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേർ ഒരു യെഹൂദന്റെ വസ്‌ത്രാഗ്രം പിടിച്ചു: ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.” (സെഖര്യാവു 8:23) മഹത്തായ ഈ പ്രവചനം ഇന്നു ലോകവ്യാപകമായി നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു. “ജാതികളുടെ സകലഭാഷകളിലുംനിന്നു”ള്ളവർ യഹോവയാം ദൈവത്തെ ആരാധിക്കാൻ ആത്മീയ ഇസ്രായേല്യരോടൊപ്പം ചേരുന്നു. ഈ പ്രവചനത്തിന്റെ നിവൃത്തിയിൽ യഹോവയുടെ സാക്ഷികൾ അതീവ തത്‌പരരാണ്. ലോകവ്യാപക പ്രസംഗപ്രവർത്തനത്തിൽ പങ്കുചേരാൻ അവരിൽ അനേകരും മറ്റൊരു ഭാഷ പഠിക്കുന്നു.
മെക്‌സിക്കോയിലുള്ള യഹോവയുടെ സാക്ഷികളുടെ കാര്യവും അങ്ങനെതന്നെയാണ്. ചൈനീസ് സംസാരിക്കുന്ന ഏകദേശം 30,000 പേർ മെക്‌സിക്കോയിൽ വസിക്കുന്നതായി കണക്കാക്കപ്പെടുന്നു. 2003-ൽ മെക്‌സിക്കോ നഗരത്തിൽ നടന്ന ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകത്തിൽ അവരിൽ 15 പേർ സംബന്ധിച്ചു. അങ്ങനെ മെക്‌സിക്കോയിലെ ചൈനക്കാർക്കിടയിൽ ആത്മീയ വളർച്ചയ്‌ക്കുള്ള സാധ്യത അവിടത്തെ യഹോവയുടെ സാക്ഷികൾ തിരിച്ചറിഞ്ഞു. ചൈനീസ് സംസാരിക്കുന്ന ഇത്തരക്കാരെ സഹായിക്കുന്നതിനു കൂടുതൽ പ്രസംഗകരെ സജ്ജരാക്കാൻ, മെക്‌സിക്കോയിലെ സാക്ഷികളെ മാൻഡറിൻ ചൈനീസിൽ ലളിതമായ അവതരണങ്ങൾ പഠിപ്പിക്കാനുള്ള മൂന്നു മാസത്തെ ഒരു കോഴ്‌സ് ആരംഭിക്കുകയുണ്ടായി. മൊത്തം 25 സാക്ഷികൾ അതിൽ പങ്കെടുത്തു. മെക്‌സിക്കോ നഗരത്തിലെ മാൻഡറിൻ ഭാഷക്കാരുടെ സമുദായത്തിൽപ്പെട്ട ഒരു ഉദ്യോഗസ്ഥൻ കോഴ്‌സിന്റെ അന്ത്യത്തിലുള്ള ബിരുദദാനച്ചടങ്ങിൽ സംബന്ധിച്ചു. ഈ കോഴ്‌സിന് ചൈനീസ് സംസാരിക്കുന്ന ജനങ്ങൾക്കിടയിലുണ്ടായ പ്രഭാവത്തിനു തെളിവായിരുന്നു അത്. സ്ഥലത്തെ ഒരു ചൈനീസ് സ്ഥാപനം, ചൈനീസ് ഭാഷയിൽ പ്രാഗത്ഭ്യം നേടാൻ വിദേശത്തു പോകുന്നതിന് ഈ കോഴ്‌സിലെ മൂന്നു വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പും നൽകി.
ഭാഷാ പഠന കോഴ്‌സിൽ പ്രായോഗിക പരിശീലനവും ഉൾപ്പെട്ടിരുന്നു. തികച്ചും അടിസ്ഥാനപരമായ ചില പദപ്രയോഗങ്ങൾ പഠിച്ച ഉടൻതന്നെ വിദ്യാർഥികൾ മെക്‌സിക്കോ നഗരത്തിന്റെ വ്യാപാര മേഖലയിൽ ചൈനീസ് ഭാഷയിൽ സുവാർത്ത പ്രസംഗിക്കാൻ തുടങ്ങി. തീക്ഷ്‌ണരായ ആ വിദ്യാർഥികൾ 21 ബൈബിളധ്യയനങ്ങൾ ആരംഭിച്ചു. പാഠഭാഗം റോമൻ ലിപിയിൽ അച്ചടിച്ചിരിക്കുന്ന, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ചൈനീസ് ലഘുപത്രിക (പിനിയിൻ) വളരെ ഉപകരിച്ചു.
ചൈനീസ് ഭാഷാകോഴ്‌സിൽ ചേർന്ന ഉടൻതന്നെ ആ ഭാഷയിൽ ബൈബിളധ്യയനങ്ങൾ നടത്താൻ സാക്ഷികൾക്കു സാധിച്ചത് എങ്ങനെയാണ്? ആദ്യമെല്ലാം, “ചിങ് ഡൂ [ദയവായി വായിക്കൂ]” എന്നു പറഞ്ഞുകൊണ്ട് ഖണ്ഡികയും തുടർന്ന് ചോദ്യവും ചൂണ്ടിക്കാണിക്കാൻ മാത്രമേ അവർക്കു കഴിഞ്ഞുള്ളൂ. വിദ്യാർഥി ഖണ്ഡിക വായിക്കുകയും ചൈനീസിൽത്തന്നെ ഉത്തരം നൽകുകയും ചെയ്‌തുകഴിയുമ്പോൾ “ഷെ ഷെ [നന്ദി]” എന്നും “ഹെങ് ഹവു [കൊള്ളാം]” എന്നും അവർ പറയും.
ക്രൈസ്‌തവവിശ്വാസിയായ ഒരു സ്‌ത്രീയുമൊത്ത് ആ വിധത്തിൽ ഒരു അധ്യയനം ആരംഭിക്കുകയുണ്ടായി. മൂന്നാമത്തെ അധ്യയനത്തിനുശേഷം, വീട്ടുകാരിക്കു കാര്യങ്ങൾ യഥാർഥത്തിൽ മനസ്സിലാകുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ സാക്ഷി ആഗ്രഹിച്ചു. അങ്ങനെ, ചൈനീസ് ഭാഷക്കാരനായ ഒരു സഹോദരനെ തന്നോടൊപ്പം കൂട്ടിക്കൊണ്ടുപോയി. എന്തെങ്കിലും
സംശയങ്ങൾ ഉണ്ടോയെന്ന് അദ്ദേഹം ആ സ്‌ത്രീയോടു ചോദിച്ചപ്പോൾ, “സ്‌നാപനമേൽക്കാൻ ഞാൻ നീന്തൽ പഠിക്കേണ്ടിവരുമോ?” എന്നായിരുന്നു അവർ ചോദിച്ചത്.ഏറെത്താമസിയാതെ, ചൈനീസ് സംസാരിക്കുന്ന 9 പേരും 23 മെക്‌സിക്കൻ സാക്ഷികളും അടങ്ങിയ ഒരു സഭാപുസ്‌തകാധ്യയനക്കൂട്ടം രൂപംകൊണ്ടു. അവരിലൊരാൾ ഒരു ചൈനീസ് ഡോക്ടറായിരുന്നു. മുമ്പ് രോഗികളിൽ ഒരാൾ അദ്ദേഹത്തിന് വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും സ്‌പാനീഷ് പതിപ്പുകൾ നൽകിയിരുന്നു. എന്നാൽ സ്‌പാനീഷ് വശമില്ലായിരുന്നതിനാൽ, അതിന്റെ ഏതാനും ഭാഗം പരിഭാഷപ്പെടുത്താൻ അദ്ദേഹം മറ്റൊരാളുടെ സഹായം തേടി. മാസികകൾ ബൈബിളിനെക്കുറിച്ചുള്ളതാണെന്നു മനസ്സിലാക്കിയപ്പോൾ അവയുടെ ചൈനീസ് പതിപ്പുകൾ കൊണ്ടുവന്നുതരാമോയെന്ന് അദ്ദേഹം രോഗിയോടു ചോദിച്ചു. അവർ അങ്ങനെ ചെയ്‌തു. മെക്‌സിക്കോയിലെ ബ്രാഞ്ച് ഓഫീസ് വഴിയായി, ചൈനീസ് സംസാരിക്കുന്ന ഒരു സാക്ഷി അദ്ദേഹത്തെ സന്ദർശിക്കാനുള്ള ക്രമീകരണവും ചെയ്യപ്പെട്ടു. ഡോക്ടറുടെ അമ്മ ചൈനയിലാണ്. അവിടെ ആയിരുന്നപ്പോൾ അദ്ദേഹം അമ്മയുടെ ബൈബിൾ താത്‌പര്യപൂർവം വായിച്ചിരുന്നു. മെക്‌സിക്കോയിലേക്കു പോകാൻ തീരുമാനിച്ചപ്പോൾ, ബൈബിൾ വായന നിറുത്തിക്കളയരുതെന്ന് അമ്മ അദ്ദേഹത്തെ ഉപദേശിച്ചിരുന്നു. അങ്ങനെ, ബൈബിളിലെ ദൈവത്തെക്കുറിച്ചു കൂടുതൽ പഠിക്കാൻ തന്നെ സഹായിക്കാൻ കഴിയുന്ന ആരെയെങ്കിലും കണ്ടുമുട്ടുന്നതിനായി അദ്ദേഹം പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. “ദൈവം എന്റെ പ്രാർഥന കേട്ടു!” അത്ഭുതത്തോടെ അദ്ദേഹം പറഞ്ഞുപോയി.
ഒരു ചൈനീസ് കുടുംബവും പുസ്‌തകാധ്യയനത്തിൽ സംബന്ധിക്കുന്നുണ്ടായിരുന്നു. യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ഒരു മെക്‌സിക്കൻ സ്‌ത്രീയുടെ വീട്ടിലാണ് അവർ വാടകയ്‌ക്കു താമസിച്ചിരുന്നത്. സ്‌പാനീഷ് അത്ര വശമില്ലായിരുന്നെങ്കിലും ആ കുടുംബം ബൈബിൾ ചർച്ചകളിൽ സംബന്ധിച്ചിരുന്നു. കുറെക്കഴിഞ്ഞപ്പോൾ, ചൈനീസിൽ എന്തെങ്കിലും പ്രസിദ്ധീകരണങ്ങൾ ഉണ്ടോയെന്ന് അവർ അധ്യയനം നടത്തുന്ന സഹോദരിയോടു ചോദിച്ചു. പെട്ടെന്നുതന്നെ അവരുമൊത്ത് ചൈനീസിൽ ഒരു ബൈബിളധ്യയനം ആരംഭിച്ചു. താമസിയാതെ, സ്വന്തം രാജ്യക്കാരോടു സുവാർത്ത പ്രസംഗിക്കാനും ജീവിതം യഹോവയ്‌ക്കു സമർപ്പിക്കാനും ആ കുടുംബം ആഗ്രഹം പ്രകടിപ്പിച്ചു.
ചൈനീസ് ഭാഷ പഠിക്കുക പ്രയാസമാണെന്നതു സത്യംതന്നെ. എന്നിരുന്നാലും മേൽ പ്രസ്‌താവിച്ച അനുഭവങ്ങൾ പ്രകടമാക്കുന്നതുപോലെ, ചൈനക്കാർ ഉൾപ്പെടെ മെക്‌സിക്കോയിലും ഭൂമിയുടെ മറ്റു ഭാഗങ്ങളിലുമുള്ള വിവിധ ഭാഷക്കാർ യഹോവയുടെ സഹായത്താൽ അവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണ്.
[17-ാം പേജിലെ ചിത്രം]
മെക്‌സിക്കോ സിറ്റിയിലെ ഒരു ചൈനീസ് ഭാഷാക്ലാസ്സ്
[18-ാം പേജിലെ ചിത്രം]
ചൈനീസിൽ ബൈബിളധ്യയനം നടത്തുന്ന ഒരു മെക്‌സിക്കൻ സാക്ഷി
[18-ാം പേജിലെ ചിത്രം]
മെക്‌സിക്കോ നഗരത്തിൽ ചൈനീസ് ഭാഷക്കാരെ വീടുതോറും സന്ദർശിക്കുന്നു