തിന്മ നന്മയെ ഞെരുക്കുന്നു
തിന്മ നന്മയെ ഞെരുക്കുന്നു
ഇന്നത്തെ ലോകത്തിൽ മറ്റുള്ളവർക്കു നന്മ ചെയ്യാൻ സന്നദ്ധരായവർ ചുരുക്കമാണെന്നു തോന്നിയേക്കാം. എന്നിരുന്നാലും ഏതെങ്കിലും തരത്തിൽ മറ്റുള്ളവർക്കു നന്മ ചെയ്‌തുകൊണ്ട് വ്യത്യസ്‌തരായിരിക്കാൻ ചിലർ ആഗ്രഹിക്കുന്നു. ഓരോ വർഷവും അസംഖ്യം ആളുകൾ, ഉചിതമെന്നു തങ്ങൾക്കു തോന്നുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിനു രൂപ സംഭാവന ചെയ്യുന്നു. ഉദാഹരണത്തിന് ബ്രിട്ടനിൽ 2002-ൽ 58,500 കോടി രൂപയാണ് ധർമസ്ഥാപനങ്ങൾക്കു സംഭാവനയായി ലഭിച്ചത്, ഇത് ഒരു റെക്കോർഡ് തുകയാണ്. 1999 മുതൽ ഉദാരമതികളായ 10 മനുഷ്യസ്‌നേഹികൾ 1,71,000 കോടിയിലധികം രൂപ പാവപ്പെട്ടവർക്കായി നൽകുകയോ നൽകാമെന്നു വാഗ്‌ദാനം ചെയ്യുകയോ ചെയ്‌തിട്ടുണ്ട്.
വരുമാനം കുറഞ്ഞ കുടുംബങ്ങളുടെ ചികിത്സാച്ചെലവുകൾ വഹിക്കുക, മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രബോധനവും മാർഗദർശനവും പ്രദാനം ചെയ്യുക, വികസ്വര രാജ്യങ്ങളിലെ രോഗപ്രതിരോധ പരിപാടികളെ സാമ്പത്തികമായി പിന്തുണയ്‌ക്കുക, കുട്ടികൾക്ക് അവരുടെ ആദ്യ പാഠപുസ്‌തകം നൽകുക, ദരിദ്ര രാജ്യങ്ങളിലെ കർഷകർക്കു വളർത്തുമൃഗങ്ങളെ ദാനമായി നൽകുക, പ്രകൃതിവിപത്തുകൾക്ക് ഇരയായവർക്കു ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചുകൊടുക്കുക എന്നിവയാണ് ജീവകാരുണ്യ പ്രവർത്തകർ ചെയ്യുന്ന സത്‌പ്രവൃത്തികളിൽ ചിലത്.
മറ്റുള്ളവർക്കു നന്മ ചെയ്യാനുള്ള പ്രാപ്‌തി മനുഷ്യർക്കുണ്ടെന്ന് മേൽപ്പറഞ്ഞ വസ്‌തുതകൾ പ്രകടമാക്കുന്നു. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, മനുഷ്യമനസ്സാക്ഷി മരവിച്ചുപോകുന്ന തരത്തിലുള്ള തിന്മപ്രവൃത്തികൾ ചെയ്യുന്ന മനുഷ്യരുമുണ്ട്.
തിന്മയുടെ കുതിപ്പ്
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിൽപ്പിന്നെ 50-നോടടുത്തു വംശഹത്യകളും രാഷ്‌ട്രീയ പ്രേരിതമായ കൂട്ടക്കൊലകളും അരങ്ങേറിയിട്ടുണ്ടെന്നു രേഖകൾ വ്യക്തമാക്കുന്നു. അമേരിക്കൻ പൊളിറ്റിക്കൽ സയൻസ് റിവ്യൂ എന്ന ജേർണൽ പറയുന്നു: “ഈ സംഭവങ്ങളിൽ കുറഞ്ഞത് 12 ദശലക്ഷം പേരുടെയെങ്കിലും ജീവൻ പൊലിഞ്ഞുപോയിട്ടുണ്ട്. കൂടാതെ 22 ദശലക്ഷം സാധാരണ ജനങ്ങളാണ് ഈ കലാപങ്ങളിൽ കൊല്ലപ്പെട്ടത്. 1945 മുതൽ നടന്നിട്ടുള്ള ആഭ്യന്തര, രാജ്യാന്തര യുദ്ധങ്ങളിൽ മരണമടഞ്ഞ മൊത്തം എണ്ണത്തെക്കാൾ അധികമാണ് അത്.”
20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കംബോഡിയയിൽ 22 ലക്ഷത്തോളം ആളുകൾ രാഷ്‌ട്രീയ കാരണങ്ങളാൽ കൊല്ലപ്പെട്ടിരുന്നു. റുവാണ്ടയിൽ വംശീയവിദ്വേഷം സ്‌ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെ 8,00,000-ത്തിലധികം പേരുടെ മരണത്തിന് ഇടയാക്കി. ബോസ്‌നിയയിൽ മത, രാഷ്‌ട്രീയ പ്രേരിതമായ കാരണങ്ങളാൽ 2,00,000-ത്തിലധികം മരണങ്ങൾ സംഭവിച്ചു.
കുറെക്കൂടെ അടുത്തകാലങ്ങളിൽ നടന്നിട്ടുള്ള പൈശാചികകൃത്യങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് ഐക്യരാഷ്‌ട്രങ്ങളുടെ സെക്രട്ടറി ജനറൽ 2004-ൽ ഇങ്ങനെ പറഞ്ഞു: “ഇറാക്കിൽ സാധാരണജനങ്ങളെ നിഷ്‌കരുണം കൊല ചെയ്യുന്ന രംഗങ്ങൾ നാം കാണുന്നു. ദുരിതാശ്വാസ പ്രവർത്തകർ, പത്രപ്രവർത്തകർ തുടങ്ങി പോരാട്ടങ്ങളിൽ യാതൊരു പങ്കുമില്ലാത്തവരെ ബന്ദികളാക്കി അതിമൃഗീയമായി കൊലപ്പെടുത്തുന്നു. അതേസമയം ഇറാക്കികളായ തടവുകാരോടുള്ള അതിനിന്ദ്യമായ പെരുമാറ്റങ്ങൾക്കും നാം സാക്ഷ്യം
വഹിച്ചിരിക്കുന്നു. ദാർഫൂറിൽ ആളുകൾ ഒന്നടങ്കം വീടുകൾവിട്ട് പലായനം ചെയ്യുന്നു, ബലാത്സംഗം ഒരു തന്ത്രപ്രധാന നടപടിയായി പ്രയോഗിക്കപ്പെടുന്നു. വടക്കേ ഉഗാണ്ടയിൽ കുട്ടികളെ അംഗഭംഗം വരുത്തുന്നതും കുട്ടികളെക്കൊണ്ട് അവർണനീയമായ ക്രൂരതകൾ ചെയ്യിക്കുന്നതും നാം കാണുന്നു. ബെസ്ലാനിൽ കുട്ടികളെ ബന്ദികളാക്കി മൃഗീയമായി കൊലപ്പെടുത്തുന്നതു നാം കണ്ടിട്ടുണ്ട്.”വികസിത ദേശങ്ങൾ എന്നു പറയപ്പെടുന്ന ഇടങ്ങളിൽപോലും വിദ്വേഷപൂരിതമായ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതായി കാണപ്പെടുന്നു. ഉദാഹരണത്തിന് ബ്രിട്ടനിൽ “കഴിഞ്ഞ ദശകത്തിൽ വംശീയ പ്രേരിതമായ അക്രമങ്ങൾക്ക് അല്ലെങ്കിൽ ഉപദ്രവങ്ങൾക്ക് ഇരയായവരുടെ എണ്ണത്തിൽ പതിനൊന്നു മടങ്ങ് വർധന ഉണ്ടായിരിക്കുന്നു” എന്ന് ഇൻഡിപ്പെൻഡന്റ് ന്യൂസ് റിപ്പോർട്ടു ചെയ്‌തു.
വളരെയധികം നന്മ ചെയ്യാൻ പ്രാപ്‌തരായ മനുഷ്യർ ഇത്തരം കടുത്ത ദുഷ്‌കൃത്യങ്ങൾ ചെയ്യുന്നത് എന്തുകൊണ്ടാണ്? തിന്മയുടെ പിടിയിൽനിന്നു നാം എന്നെങ്കിലും മോചിതരാകുമോ? അടുത്ത ലേഖനം വ്യക്തമാക്കുന്നതുപോലെ, കുഴപ്പിക്കുന്ന ഈ ചോദ്യങ്ങൾക്കുള്ള തൃപ്‌തികരമായ ഉത്തരം ബൈബിൾ നൽകുന്നു.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
COVER: Mark Edwards/Still Pictures/Peter Arnold, Inc.