വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ആകാശവും ഭൂമിയും “നശിക്കു”മെന്ന്‌ സങ്കീർത്തനം 102:26 പ്രസ്‌താവിക്കുന്നു. ഭൂഗ്രഹം നശിപ്പിക്കപ്പെടുമെന്നാണോ ആ പ്രസ്‌താവനയുടെ അർഥം?

പ്രാർഥനയിൽ സങ്കീർത്തനക്കാരൻ യഹോവയോട്‌ ഇങ്ങനെ പറഞ്ഞു: “പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും നീയോ നിലനില്‌ക്കും; അവയെല്ലാം വസ്‌ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും.” (സങ്കീർത്തനം 102:25, 26) ഭൂമിയുടെ നാശത്തെക്കുറിച്ചല്ല, ദൈവത്തിന്റെ നിത്യതയെക്കുറിച്ചാണ്‌ ഈ വാക്യങ്ങൾ സംസാരിക്കുന്നതെന്നു സന്ദർഭം പ്രകടമാക്കുന്നു. മർമപ്രധാനമായ ആ സത്യം, ദൈവദാസർക്ക്‌ ആശ്വാസപ്രദം ആയിരിക്കുന്നത്‌ എന്തുകൊണ്ടെന്നും അതു പ്രകടമാക്കുന്നു.

ഒരുപക്ഷേ ബാബിലോണിൽ പ്രവാസത്തിലായിരുന്ന സങ്കീർത്തനക്കാരൻ, തന്റെ ക്ലേശങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട്‌ വിവരണം ആരംഭിക്കുന്നു. തന്റെ ജീവിതം “പുകപോലെ” കഴിഞ്ഞുപോകുന്നുവെന്ന്‌ അവൻ സങ്കടപ്പെടുന്നു. “അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്ന” ഒരു അവസ്ഥ സൃഷ്ടിക്കുമാറ്‌ കടുത്ത ഉത്‌കണ്‌ഠ അവന്റെ ശരീരത്തെ ഉലച്ചുകളയുന്നു. അവൻ തളർന്ന്‌ “പുല്ലുപോലെ ഉണങ്ങി”പ്പോകുന്നു. ഏകാന്തതയുടെ പിടിയിലമർന്ന അവൻ “വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽപോലെ”യാണ്‌. പീഡകൾ നിമിത്തം അവനു വിശപ്പില്ലാതായിരിക്കുന്നു, അവന്റെ നാളുകൾ കണ്ണീരിൽ കുതിർന്നിരിക്കുന്നു. (സങ്കീർത്തനം 102:3-11) എങ്കിലും സങ്കീർത്തനക്കാരൻ പ്രത്യാശ കൈവിടുന്നില്ല. എന്തുകൊണ്ട്‌? സീയോനുവേണ്ടി അഥവാ യെരൂശലേമിനുവേണ്ടി യഹോവ ചെയ്യുമെന്നു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന കാര്യങ്ങൾ അവനറിയാം.

സീയോൻ നശിപ്പിക്കപ്പെട്ടിരിക്കുന്നെങ്കിലും അതു പുനഃസ്ഥിതീകരിക്കപ്പെടുമെന്ന്‌ യഹോവ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. (യെശയ്യാവു 66:8) അതുകൊണ്ട്‌ സങ്കീർത്തനക്കാരൻ പൂർണബോധ്യത്തോടെ യഹോവയോടു പറയുന്നു: “നീ എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിന്നു സമയം വന്നിരിക്കുന്നു. യഹോവ സീയോനെ പണി”യും. (സങ്കീർത്തനം 102:​13, 15) തുടർന്ന്‌ സങ്കീർത്തനക്കാരൻ സ്വന്തം ക്ലേശങ്ങളിലേക്കു വീണ്ടും ശ്രദ്ധതിരിക്കുന്നു. ശൂന്യമായിക്കിടക്കുന്ന യെരൂശലേം ദൈവശക്തിയാൽ പുനഃസ്ഥിതീകരിക്കപ്പെടുമെങ്കിൽ ദയനീയമായ അവസ്ഥയിൽനിന്നു തന്നെ രക്ഷിക്കാൻ യഹോവയ്‌ക്കു നിശ്ചയമായും കഴിയുമെന്ന്‌ ഫലത്തിൽ അവൻ ന്യായവാദം ചെയ്യുന്നു. (സങ്കീർത്തനം 102:16, 21, 23) എന്നാൽ യഹോവയിൽ പൂർണമായി ആശ്രയം വെക്കാൻ മറ്റൊരു കാര്യം സങ്കീർത്തനക്കാരനെ പ്രേരിപ്പിക്കുന്നു. എന്താണത്‌? ദൈവം അനശ്വരനാണെന്ന സത്യം.

യഹോവയുടെ അനശ്വരമായ അസ്‌തിത്വത്തോടുള്ള താരതമ്യത്തിൽ സങ്കീർത്തനക്കാരന്റെ ജീവിതം എത്ര ഹ്രസ്വമാണ്‌! “നിന്റെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു,” അവൻ യഹോവയോടു പറയുന്നു. (സങ്കീർത്തനം 102:24) തുടർന്ന്‌, “പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു” എന്ന്‌ അവൻ പ്രസ്‌താവിക്കുന്നു.​—⁠സങ്കീർത്തനം 102:⁠25.

എങ്കിലും ആകാശത്തിന്റെയും ഭൂമിയുടെയും ദീർഘമായ കാലപ്പഴക്കത്തെപ്പോലും യഹോവയുടെ അനന്തമായ അസ്‌തിത്വത്തോടു തുലനം ചെയ്യാനാവില്ല. സങ്കീർത്തനക്കാരൻ തുടർന്ന്‌ ഇങ്ങനെ പറയുന്നു: “അവ [ആകാശവും ഭൂമിയും] നശിക്കും നീയോ നിലനില്‌ക്കും.” (സങ്കീർത്തനം 102:26) അക്ഷരാർഥത്തിലുള്ള ആകാശവും ഭൂമിയും നശിപ്പിക്കപ്പെടാവുന്നവയാണ്‌. അവ എന്നും നിലനിൽക്കുമെന്ന്‌ മറ്റിടങ്ങളിൽ യഹോവ പ്രസ്‌താവിച്ചിട്ടുണ്ടെന്നതു ശരിതന്നെ. (സങ്കീർത്തനം 119:90; സഭാപ്രസംഗി 1:4) എന്നാൽ അവ നശിപ്പിക്കണമെന്നു ദൈവം ഉദ്ദേശിച്ചിരുന്നെങ്കിൽ അവന്‌ അതിനു കഴിയുമായിരുന്നു. എന്നാൽ അതിൽനിന്നു വ്യത്യസ്‌തമായി ദൈവത്തിന്‌ ഒരിക്കലും മരിക്കാനാവില്ല. ഭൗതിക സൃഷ്ടികളെ ദൈവം നിലനിറുത്തുന്നതുകൊണ്ടുമാത്രമാണ്‌ അവ “സ്ഥിര”മായി നിൽക്കുന്നത്‌. (സങ്കീർത്തനം 148:6) അവയെ പുതുക്കിക്കൊണ്ടിരിക്കുന്നത്‌ എന്നെങ്കിലും യഹോവ നിറുത്തിക്കളഞ്ഞാൽ “അവയെല്ലാം വസ്‌ത്രംപോലെ പഴകിപ്പോകും.” (സങ്കീർത്തനം 102:26) ഒരു വ്യക്തിയുടെ ആയുഷ്‌ക്കാലത്തിനുമുമ്പായി അദ്ദേഹത്തിന്റെ വസ്‌ത്രം നശിച്ചുപോകുന്നതുപോലെ യഹോവയുടെ സൃഷ്ടികൾ അവനെപ്പോലെ എന്നേക്കും നിലനിൽക്കാതെ നശിച്ചുപോകുമായിരുന്നു​—⁠അവന്റെ ഹിതം അതായിരുന്നെങ്കിൽ. എന്നാൽ അവന്റെ ഇഷ്ടം അതല്ലെന്ന്‌ മറ്റു തിരുവെഴുത്തുകളിൽനിന്നു നാം മനസ്സിലാക്കുന്നു. അക്ഷരാർഥത്തിലുള്ള ആകാശവും ഭൂമിയും ശാശ്വതമായി നിലനിൽക്കണമെന്ന്‌ യഹോവ നിശ്ചയിച്ചിരിക്കുന്നെന്ന്‌ ദൈവവചനം നമുക്ക്‌ ഉറപ്പുനൽകുന്നു.​—⁠സങ്കീർത്തനം 104:⁠5.

തന്റെ വാഗ്‌ദാനങ്ങൾ നിറവേറ്റുന്നതിൽ യഹോവ ഒരിക്കലും വീഴ്‌ചവരുത്തുകയില്ല എന്നറിയുന്നത്‌ ആശ്വാസദായകമാണ്‌. നമുക്ക്‌ എന്തെല്ലാം ക്ലേശങ്ങൾ നേരിട്ടാലുംശരി, അവനോടു നിലവിളിക്കുമ്പോൾ “അവൻ അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കയും അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കയും” ചെയ്യുമെന്ന്‌ നമുക്കു പൂർണബോധ്യമുള്ളവർ ആയിരിക്കാൻ കഴിയും. (സങ്കീർത്തനം 102:16) അതേ, 102-ാം സങ്കീർത്തനത്തിൽ കാണപ്പെടുന്ന, പിന്തുണ സംബന്ധിച്ച യഹോവയുടെ വാഗ്‌ദാനം നാം നിലകൊള്ളുന്ന ഈ ഭൂമിയെക്കാൾ ഉറപ്പുള്ളതാണ്‌.