വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“തിരുവെഴുത്തുകളുടെ അറിയപ്പെടുന്നതിലേക്കും പഴക്കമുള്ള പരാമർശങ്ങൾ”

“തിരുവെഴുത്തുകളുടെ അറിയപ്പെടുന്നതിലേക്കും പഴക്കമുള്ള പരാമർശങ്ങൾ”

“തിരുവെഴുത്തുകളുടെ അറിയപ്പെടുന്നതിലേക്കും പഴക്കമുള്ള പരാമർശങ്ങൾ”

ഇസ്രായേലിലെ പുരാവസ്‌തുശാസ്‌ത്രജ്ഞന്മാർ 25 വർഷംമുമ്പ്‌ വിസ്‌മയാവഹമായ ഒരു കണ്ടുപിടിത്തം നടത്തി. യെരൂശലേമിലെ ഹിന്നോം താഴ്‌വരയുടെ ചെരിവിലുള്ള ഒരു ശവകുടീരത്തിൽനിന്ന്‌ ബൈബിൾ വാക്യങ്ങൾ രേഖപ്പെടുത്തിയ, വെള്ളികൊണ്ടുള്ള രണ്ടു ചെറിയ ചുരുളുകൾ അവർക്കു ലഭിച്ചു. പൊ.യു.മു. 607-ൽ ബാബിലോൺ യെരൂശലേമിനെ നശിപ്പിക്കുന്നതിനു മുമ്പുള്ള കാലഘട്ടത്തിലേതായിരുന്നു അവ. സംഖ്യാപുസ്‌തകം 6:24-26-ൽ രേഖപ്പെടുത്തിയിരിക്കുന്ന അനുഗ്രഹങ്ങളിൽ ചിലത്‌ പ്രസ്‌തുത വാക്യങ്ങളിൽ ഉദ്ധരിച്ചിരുന്നു. രണ്ടു ചുരുളുകളിലും പലയിടങ്ങളിൽ യഹോവ എന്ന ദൈവനാമം കാണാമായിരുന്നു. “പുരാതന ലോകത്തിൽനിന്നുള്ളതിൽ എബ്രായ ബൈബിൾ ഭാഗങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള, അറിയപ്പെടുന്നതിലേക്കും പഴക്കമുള്ള കരകൗശല വസ്‌തുക്കൾ” എന്നാണ്‌ ഈ ലിഖിതങ്ങളെ വിശേഷിപ്പിക്കുന്നത്‌.

എന്നാൽ ഈ കാലനിർണയത്തെ ചോദ്യം ചെയ്യുന്ന ചില പണ്ഡിതന്മാർ, ഇവ പൊ.യു.മു. രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണെന്നു വാദിച്ചു. വളരെ വലുപ്പം കുറഞ്ഞ ഈ ചുരുളുകളുടെ അസ്സൽ ഫോട്ടോകൾ ഗുണനിലവാരം കുറഞ്ഞവയായിരുന്നതിനാൽ വിശദാംശങ്ങൾ സുസൂക്ഷ്‌മം പരിശോധിക്കാൻ കഴിഞ്ഞില്ലെന്നതാണ്‌ ഈ വിയോജിപ്പിനുള്ള ഒരു കാരണം. കാലപ്പഴക്കം സംബന്ധിച്ച തർക്കം പരിഹരിക്കാൻ ഒരു സംഘം പണ്ഡിതന്മാർ ഒരു പുതിയ പഠനം നടത്തി. അതിസൂക്ഷ്‌മ വിശദാംശങ്ങൾപോലും വെളിപ്പെടുത്താൻ കഴിവുള്ള ഏറ്റവും നവീനമായ ഫോട്ടോഗ്രാഫിക്‌ ആൻഡ്‌ കമ്പ്യൂട്ടർ ഇമേജിങ്‌ ടെക്‌നോളജി പ്രയോജനപ്പെടുത്തിക്കൊണ്ട്‌ അവർ ഈ ചുരുളുകളുടെ ഡിജിറ്റൽ ചിത്രങ്ങൾ നിർമിച്ചു. ഈ പുതിയ വിശകലനത്തിന്റെ ഫലം അടുത്തയിടെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ആ പണ്ഡിതന്മാർ എന്തു നിഗമനങ്ങളിലാണ്‌ എത്തിച്ചേർന്നത്‌?

ഒന്നാമതായി, ചുരുളുകൾ കണ്ടെടുത്ത സ്ഥലം സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ ആർക്കിയോളജിക്കൽ ഡേറ്റ, ബാബിലോണിലെ പ്രവാസത്തിനുമുമ്പുള്ള ഒരു തീയതിയിലാണ്‌ അവ എഴുതപ്പെട്ടതെന്ന അഭിപ്രായത്തെ പിന്താങ്ങുന്നുവെന്ന്‌ അവർ ഊന്നിപ്പറയുന്നു. അക്ഷരങ്ങളുടെ ആകൃതി, രൂപം, സ്ഥാനം, അക്ഷരങ്ങളുടെ വിവിധ ഭാഗങ്ങൾ എഴുതിച്ചേർക്കുന്ന ക്രമം, അവയോരോന്നും എഴുതുന്ന ദിശ എന്നീ കാര്യങ്ങൾ അപഗ്രഥിക്കുന്ന പേളിയോഗ്രാഫിക്‌ വിശകലനം വിരൽചൂണ്ടുന്നതും അതേ കാലഘട്ടത്തിലേക്കാണ്‌, അതായത്‌ പൊ.യു.മു. ഏഴാം നൂറ്റാണ്ടിന്റെ അന്ത്യത്തിലേക്ക്‌. ഒടുവിൽ, അക്ഷരവിന്യാസ ശാസ്‌ത്രമായ ഓർത്തോഗ്രഫി പഠനത്തിനു ചേർച്ചയിൽ ആ സംഘം ഇങ്ങനെ ഉപസംഹരിക്കുന്നു: “ലിഖിതങ്ങളുടെ ഓർത്തോഗ്രഫിക്‌ അപഗ്രഥനം, അവയുടെ കാലനിർണയം സംബന്ധിച്ച ആർക്കിയോളജിക്കൽ തെളിവിനോടും പേളിയോഗ്രാഫിക്‌ തെളിവിനോടും ചേർച്ചയിലാണ്‌.”

കെറ്റെഫ്‌ ഹിന്നോം ലിഖിതങ്ങൾ എന്നും അറിയപ്പെടുന്ന ഈ വെള്ളിച്ചുരുളുകൾ സംബന്ധിച്ച പഠനം സംഗ്രഹിച്ചുകൊണ്ട്‌ ബുള്ളറ്റിൻ ഓഫ്‌ ദി അമേരിക്കൻ സ്‌കൂൾസ്‌ ഓഫ്‌ ഓറിയെന്റൽ റിസേർച്ച്‌ എന്ന പ്രസിദ്ധീകരണം ഇങ്ങനെ പറയുന്നു: “ഈ ചുരുളുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യങ്ങൾ, തിരുവെഴുത്തുകളുടെ അറിയപ്പെടുന്നതിലേക്കും പഴക്കമുള്ള പരാമർശങ്ങൾ ആണെന്ന പണ്ഡിതന്മാരുടെ നിഗമനത്തോടു നമുക്കു യോജിക്കാൻ കഴിയും.”

[32-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ഗുഹ: Pictorial Archive (Near Eastern History) Est.; ആലേഖനങ്ങൾ: Photograph © Israel Museum, Jerusalem; courtesy of Israel Antiquities Authority