വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിശാചിന്‌ ഇടംകൊടുക്കരുത്‌

പിശാചിന്‌ ഇടംകൊടുക്കരുത്‌

പിശാചിന്‌ ഇടംകൊടുക്കരുത്‌

“പിശാചിന്നു ഇടം കൊടുക്കരുത്‌.”—എഫെസ്യർ 4:27.

1. പിശാച്‌ യഥാർഥത്തിലുണ്ടോയെന്ന്‌ അനേകരും സംശയിക്കുന്നത്‌ എന്തുകൊണ്ട്‌?

കടുംചുവപ്പു വസ്‌ത്രമണിഞ്ഞ, കൊമ്പുകളും പിളർന്ന കുളമ്പുകളുമുള്ള സത്ത്വം. ഒരു മുപ്പല്ലികൊണ്ട്‌ അതു ദുഷ്ടമനുഷ്യരെ തീനരകത്തിലേക്കു തള്ളിയിടുന്നു. ഇതാണ്‌ നൂറ്റാണ്ടുകളായി പിശാചിനെക്കുറിച്ച്‌ അനേകരും പുലർത്തിപ്പോന്നിരിക്കുന്ന ധാരണ. ഈ സങ്കൽപ്പം പക്ഷേ, ബൈബിളിനു ചേർച്ചയിലല്ല. എന്നിരുന്നാലും ഇത്തരം തെറ്റിദ്ധാരണകൾ, പിശാച്‌ യഥാർഥത്തിലുണ്ടോയെന്നു സംശയിക്കാനോ ആ പദം കേവലം തിന്മയെന്ന ഗുണത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു ചിന്തിക്കാനോ കോടിക്കണക്കിന്‌ ആളുകളെ പ്രേരിപ്പിച്ചിരിക്കുന്നു എന്നതിനു സംശയമില്ല.

2. പിശാചിനെ സംബന്ധിച്ച ചില തിരുവെഴുത്തു സത്യങ്ങൾ ഏവ?

2 പിശാച്‌ ഒരു യഥാർഥ വ്യക്തിയാണെന്നു തെളിയിക്കുന്ന ദൃക്‌സാക്ഷി വിവരണങ്ങളും വ്യക്തമായ സാക്ഷ്യങ്ങളും ബൈബിളിലുണ്ട്‌. യേശുക്രിസ്‌തു സ്വർഗത്തിൽവെച്ച്‌ അവനെ കാണുകയും ഭൂമിയിൽവെച്ച്‌ അവനോടു സംസാരിക്കുകയും ചെയ്‌തിട്ടുണ്ട്‌. (ഇയ്യോബ്‌ 1:6; മത്തായി 4:4-11) തിരുവെഴുത്തുകൾ ഈ ആത്മവ്യക്തിയുടെ യഥാർഥ പേരു വെളിപ്പെടുത്തുന്നില്ലെങ്കിലും അത്‌ അവനെ “ദൂഷകൻ” എന്ന്‌ അർഥമുള്ള പിശാച്‌ എന്നു വിളിക്കുന്നു. എന്തുകൊണ്ടെന്നാൽ, അവൻ ദൈവത്തെക്കുറിച്ചു ദൂഷണം പറഞ്ഞു. യഹോവയെ എതിർക്കുന്നതിനാൽ അവൻ “എതിരാളി” എന്നർഥമുള്ള സാത്താൻ എന്നും വിളിക്കപ്പെടുന്നു. ഹവ്വായെ വഞ്ചിക്കാൻ ഒരു പാമ്പിനെ ഉപയോഗിച്ചതുകൊണ്ടായിരിക്കാം പിശാചായ സാത്താനെ ‘പഴയ പാമ്പ്‌’ എന്നു വിശേഷിപ്പിച്ചിരിക്കുന്നത്‌. (വെളിപ്പാടു 12:9; 1 തിമൊഥെയൊസ്‌ 2:14) ‘ദുഷ്ടൻ’ എന്നും അവനെ വിളിച്ചിരിക്കുന്നു.—മത്തായി 6:13. *

3. ഏതു ചോദ്യം നാം പരിചിന്തിക്കും?

3 യഹോവയുടെ ദാസന്മാരായ നാം ഒരിക്കലും, ഏകസത്യദൈവത്തിന്റെ മുഖ്യശത്രുവായ സാത്താനെ അനുകരിക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ “പിശാചിന്നു ഇടം കൊടുക്കരുത്‌” എന്ന പൗലൊസ്‌ അപ്പൊസ്‌തലന്റെ ബുദ്ധിയുപദേശം നാം ചെവിക്കൊള്ളണം. (എഫെസ്യർ 4:27) അങ്ങനെയെങ്കിൽ, നാം ചെറുത്തുനിൽക്കേണ്ട ചില സാത്താന്യ പ്രവണതകൾ ഏവയാണ്‌?

ദൂഷണത്തിന്റെ അവതാരകനെ പുറന്തള്ളുക

4. ‘ദുഷ്ടൻ’ ദൈവത്തെക്കുറിച്ച്‌ എന്തു ദൂഷണം പറഞ്ഞു?

4 ദൂഷണം പറയുന്നതിനാൽ, പിശാച്‌ എന്ന പേര്‌ ‘ദുഷ്ടനു’ നന്നായി യോജിക്കുന്നു. മറ്റൊരാളെ ദ്രോഹിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന വ്യാജ പ്രസ്‌താവനയാണ്‌ ദൂഷണം. ദൈവം ആദാമിനോട്‌ ഇങ്ങനെ കൽപ്പിച്ചു: “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്‌പത്തി 2:17) ഹവ്വായ്‌ക്കും ഇതറിയാമായിരുന്നു. എന്നാൽ ഒരു സർപ്പം മുഖേന പിശാച്‌ അവളോട്‌ ഇപ്രകാരം പറഞ്ഞു: “നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു.” (ഉല്‌പത്തി 3:4, 5) യഹോവയാം ദൈവത്തെക്കുറിച്ചു പറഞ്ഞ അതിനീചമായ ഒരു ദൂഷണമായിരുന്നു അത്‌!

5. ദിയൊത്രെഫേസ്‌ ദൂഷണം സംബന്ധിച്ചു കുറ്റക്കാരനായത്‌ എങ്ങനെ?

5 ഇസ്രായേല്യരോട്‌ “നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുത്‌” എന്ന്‌ കൽപ്പിച്ചിരുന്നു. (ലേവ്യപുസ്‌തകം 19:16) തന്റെ നാളിലുണ്ടായിരുന്ന ഒരു ദൂഷകനെക്കുറിച്ച്‌ യോഹന്നാൻ അപ്പൊസ്‌തലൻ ഇപ്രകാരം പ്രസ്‌താവിച്ചു: “സഭെക്കു ഞാൻ ഒന്നെഴുതിയിരുന്നു: എങ്കിലും അവരിൽ പ്രധാനിയാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ്‌ ഞങ്ങളെ കൂട്ടാക്കുന്നില്ല. അതുകൊണ്ടു ഞാൻ വന്നാൽ അവൻ ഞങ്ങളെ ദുർവ്വാക്കു പറഞ്ഞു ശകാരിച്ചുകൊണ്ടു ചെയ്യുന്ന പ്രവൃത്തി അവന്നു ഓർമ്മ വരുത്തും.” (3 യോഹന്നാൻ 9, 10) ദിയൊത്രെഫേസ്‌ യോഹന്നാനെക്കുറിച്ചു ദൂഷണം പരത്തിയിരുന്നു. അത്‌ അവനെ കുറ്റക്കാരനാക്കി. വിശ്വസ്‌ത ക്രിസ്‌ത്യാനികൾ ഒരിക്കലും ദിയൊത്രെഫേസിനെപ്പോലെ പ്രവർത്തിക്കുകയോ ദൂഷണത്തിന്റെ അവതാരകനായ സാത്താനെ അനുകരിക്കുകയോ ചെയ്യരുത്‌.

6, 7. മറ്റുള്ളവരെക്കുറിച്ചു നാം ദൂഷണം പറയരുതാത്തത്‌ എന്തുകൊണ്ട്‌?

6 ദൂഷണപരമായ പ്രസ്‌താവനകളും വ്യാജാരോപണങ്ങളും യഹോവയുടെ ദാസന്മാർക്കെതിരെ മിക്കപ്പോഴും ഉയർന്നുവന്നിട്ടുണ്ട്‌. യേശുവിനെ “മഹാപുരോഹിതന്മാരും ശാസ്‌ത്രിമാരും കഠിനമായി . . . കുറ്റം” ചുമത്തുകയുണ്ടായി. (ലൂക്കൊസ്‌ 23:10) മഹാപുരോഹിതനായ അനന്യാസും മറ്റുള്ളവരും പൗലൊസിനെക്കുറിച്ചു വ്യാജാരോപണം ഉന്നയിച്ചു. (പ്രവൃത്തികൾ 24:1-8) “നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദി” എന്നാണ്‌ ബൈബിൾ സാത്താനെ വിശേഷിപ്പിക്കുന്നത്‌. (വെളിപ്പാടു 12:10) അത്തരം വ്യാജാരോപണത്തിനു വിധേയരാകുന്ന സഹോദരങ്ങൾ ഈ അന്ത്യകാലത്തു ഭൂമിയിൽ ശേഷിച്ചിരിക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാനികളാണ്‌.

7 ക്രിസ്‌ത്യാനികൾ ആരെക്കുറിച്ചും ദൂഷണം പറയുകയോ വ്യാജാരോപണങ്ങൾ നടത്തുകയോ ചെയ്യരുത്‌. കാര്യങ്ങളുടെ എല്ലാ വശങ്ങളും മനസ്സിലാക്കാതെ ആർക്കെങ്കിലുമെതിരെ നാം സാക്ഷ്യം പറയുന്നെങ്കിൽ അങ്ങനെ സംഭവിച്ചേക്കാം. ന്യായപ്രമാണം അനുസരിച്ച്‌, മനഃപൂർവം കള്ളസാക്ഷ്യം പറയുന്നവർക്കു മരണശിക്ഷപോലും ലഭിക്കുമായിരുന്നു. (പുറപ്പാടു 20:16; ആവർത്തനപുസ്‌തകം 19:15-19) കൂടാതെ, യഹോവ വെറുക്കുന്ന കാര്യങ്ങളിൽ “ഭോഷ്‌കു പറയുന്ന കള്ളസാക്ഷിയും” ഉൾപ്പെട്ടിരിക്കുന്നു. (സദൃശവാക്യങ്ങൾ 6:16-19) അതിനാൽ, ദൂഷണത്തിന്റെയും വ്യാജമായ കുറ്റാരോപണത്തിന്റെയും അവതാരകനെ നാം അനുകരിക്കരുത്‌.

ആദ്യ കൊലപാതകിയുടെ വഴികൾ വിട്ടൊഴിയുക

8. പിശാച്‌ “ആദിമുതൽ [കൊ]ലപാതകൻ” ആയിരുന്നത്‌ ഏതു വിധത്തിൽ?

8 പിശാച്‌ ഒരു കൊലപാതകിയാണ്‌. “അവൻ ആദിമുതൽ [കൊ]ലപാതകൻ ആയിരുന്നു” എന്ന്‌ യേശു പറഞ്ഞു. (യോഹന്നാൻ 8:44) ആദാമിനെയും ഹവ്വായെയും ദൈവത്തിൽനിന്ന്‌ അകറ്റിയതോടെ അവൻ ഒരു കൊലപാതകി ആയിത്തീർന്നു. ആദ്യ മനുഷ്യജോഡിയുടെയും അവരുടെ സന്താനങ്ങളുടെയും മരണത്തിനു കാരണക്കാരൻ അവനാണ്‌. (റോമർ 5:12) ഇങ്ങനെയൊരു കൃത്യം നിർവഹിക്കാൻ തിന്മയെന്ന വെറുമൊരു ഗുണത്തിനു കഴിയില്ല, ഒരു വ്യക്തിക്കു മാത്രമേ കഴിയൂ എന്നതു ശ്രദ്ധേയമാണ്‌.

9. ഒന്നു യോഹന്നാൻ 3:15 ചൂണ്ടിക്കാട്ടുന്നപ്രകാരം നാം എങ്ങനെ കൊലപാതകികൾ ആയിത്തീർന്നേക്കാം?

9 ഇസ്രായേല്യർക്കു നൽകിയ പത്തു കൽപ്പനകളിലൊന്നാണ്‌ “[കൊ]ല ചെയ്യരുത്‌” എന്നത്‌. (ആവർത്തനപുസ്‌തകം 5:17) പൗലൊസ്‌ അപ്പൊസ്‌തലൻ ക്രിസ്‌ത്യാനികൾക്ക്‌ ഇങ്ങനെ എഴുതി: “നിങ്ങളിലാരുംതന്നെ കൊലപാതകി . . . ആയി പീഡ സഹിക്കാൻ ഇടയാകരുത്‌.” (1 പത്രൊസ്‌ 4:15, പി.ഒ.സി. ബൈബിൾ) അതേ, യഹോവയുടെ ദാസന്മാരെന്ന നിലയിൽ നാം കൊല ചെയ്യുകയില്ല. എന്നാൽ ഒരു സഹക്രിസ്‌ത്യാനിയെ വെറുക്കുകയും അദ്ദേഹം മരിച്ചിരുന്നെങ്കിൽ കൊള്ളായിരുന്നു എന്നു ചിന്തിക്കുകയും ചെയ്‌താൽ നാം ദൈവമുമ്പാകെ കുറ്റക്കാർ ആയിരിക്കും. “സഹോദരനെ പകെക്കുന്നവൻ എല്ലാം [കൊ]ലപാതകൻ ആകുന്നു. യാതൊരു [കൊ]ലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു” എന്ന്‌ യോഹന്നാൻ അപ്പൊസ്‌തലൻ എഴുതി. (1 യോഹന്നാൻ 3:15) “സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുത്‌” എന്ന്‌ ഇസ്രായേല്യരോടു കൽപ്പിച്ചിരുന്നു. (ലേവ്യപുസ്‌തകം 19:17) കൊലപാതകിയായ സാത്താൻ നമ്മുടെ ക്രിസ്‌തീയ ഐക്യം തകർക്കാതിരിക്കേണ്ടതിന്‌ സഹവിശ്വാസികളുമായി ഉണ്ടാകുന്ന ഏതൊരു പ്രശ്‌നവും നമുക്കു ക്ഷണത്തിൽ പരിഹരിക്കാം.—ലൂക്കൊസ്‌ 17:3, 4.

ഭോഷ്‌കിന്റെ അധിപതിക്കെതിരെ ഉറച്ചുനിൽക്കുക

10, 11. ഭോഷ്‌കിന്റെ അപ്പനായ സാത്താനെതിരെ ഉറച്ചുനിൽക്കാൻ നാം എന്തു ചെയ്യണം?

10 പിശാച്‌ ഒരു നുണയനാണ്‌. “അവൻ ഭോഷ്‌കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്‌കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു” എന്ന്‌ യേശു പ്രസ്‌താവിച്ചു. (യോഹന്നാൻ 8:44) സാത്താൻ ഹവ്വായോടു ഭോഷ്‌കു പറഞ്ഞു. യേശുവാകട്ടെ, സത്യത്തിനു സാക്ഷ്യം വഹിക്കാൻ ലോകത്തിൽ വന്നു. (യോഹന്നാൻ 18:37) ക്രിസ്‌തുവിന്റെ അനുയായികളെന്ന നിലയിൽ പിശാചിനെതിരെ ഉറച്ചുനിൽക്കണമെങ്കിൽ നാം നുണയും വഞ്ചനയും ഒഴിവാക്കുകയും “സത്യം സംസാരി”ക്കുകയും വേണം. (എഫെസ്യർ 4:25; സെഖര്യാവു 8:16) ‘സത്യത്തിന്റെ ദൈവമായ യഹോവ’ തന്റെ സത്യസന്ധരായ സാക്ഷികളെ മാത്രമേ അനുഗ്രഹിക്കുകയുള്ളൂ. അവനെ പ്രതിനിധാനം ചെയ്യാൻ ദുഷ്ടന്മാർക്ക്‌ യാതൊരു അവകാശവുമില്ല.—സങ്കീർത്തനം 31:5, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം, NIBV; 50:16; യെശയ്യാവു 43:10.

11 സാത്താന്യ നുണകളിൽനിന്നുള്ള മോചനത്തെ നാം വിലമതിക്കുന്നെങ്കിൽ “സത്യമാർഗ്ഗ”മാകുന്ന ക്രിസ്‌തീയ വിശ്വാസത്തോടു നാം പറ്റിനിൽക്കും. (2 പത്രൊസ്‌ 2:2; യോഹന്നാൻ 8:32) ക്രിസ്‌തീയ പഠിപ്പിക്കലുകളുടെ ആകെത്തുകയാണ്‌ “സുവിശേഷത്തിന്റെ സത്യം.” (ഗലാത്യർ 2:5, 14) നമ്മുടെ രക്ഷ, ‘ഭോഷ്‌കിന്റെ അപ്പനെതിരെ’ ഉറച്ചുനിന്നുകൊണ്ടും സത്യത്തോടു പറ്റിനിന്നുകൊണ്ടും “സത്യത്തിൽ നടക്കുന്ന”തിനെ ആശ്രയിച്ചിരിക്കുന്നു.—3 യോഹന്നാൻ 3, 4, 8.

വിശ്വാസത്യാഗത്തിന്റെ സൂത്രധാരനെ ചെറുത്തുനിൽക്കുക

12, 13. വിശ്വാസത്യാഗികളോടു നാം എങ്ങനെ ഇടപെടണം?

12 പിശാചായിത്തീർന്ന ആത്മജീവി ഒരിക്കൽ സത്യത്തിന്റെ പാതയിൽ ചരിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാൽ ‘അവനിൽ സത്യം ഇല്ലായ്‌കകൊണ്ട്‌ അവൻ സത്യത്തിൽ നിലനിന്നില്ല’ എന്ന്‌ യേശു പറഞ്ഞു. (യോഹന്നാൻ 8:44) വിശ്വാസത്യാഗത്തിന്റെ ഈ സൂത്രധാരൻ “സത്യത്തിന്റെ ദൈവ”ത്തെ എക്കാലവും എതിർത്തിരിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്‌ത്യാനികൾ “അവന്റെ [കെ]ണിയിൽ” വീണുപോയി. വഴിതെറ്റിക്കപ്പെടുകയും സത്യത്തിൽനിന്നു വ്യതിചലിച്ചുപോകുകയും ചെയ്‌തുകൊണ്ട്‌ അവർ പിശാചിന്റെ ഇരകൾ ആയിത്തീർന്നു. അവർ ആത്മീയ സൗഖ്യം പ്രാപിക്കുകയും സാത്താന്റെ കെണിയിൽനിന്നു സ്വതന്ത്രരാകുകയും ചെയ്യേണ്ടതിന്‌ അവരെ സൗമ്യതയോടെ പ്രബോധിപ്പിക്കാൻ പൗലൊസ്‌ സഹപ്രവർത്തകനായ തിമൊഥെയൊസിനെ ഉദ്‌ബോധിപ്പിച്ചു. (2 തിമൊഥെയൊസ്‌ 2:23-26) നിശ്ചയമായും, സത്യത്തോടു ദൃഢമായി പറ്റിനിൽക്കുകയും ഒരിക്കലും വിശ്വാസത്യാഗപരമായ വീക്ഷണങ്ങളുടെ കെണിയിൽപ്പെടാതെ ശ്രദ്ധിക്കുകയും ചെയ്യുന്നതാണ്‌ ഏറെ അഭികാമ്യം.

13 പിശാചിന്റെ നുണകൾ തള്ളിക്കളയുന്നതിനു പകരം അവനു ചെവികൊടുത്തതിനാൽ ആദ്യ മനുഷ്യജോഡി വിശ്വാസത്യാഗികൾ ആയിത്തീർന്നു. ആ സ്ഥിതിക്ക്‌, നാം വിശ്വാസത്യാഗികൾക്കു ശ്രദ്ധകൊടുക്കുകയോ അവരുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുകയോ ഇന്റർനെറ്റിലുള്ള അവരുടെ വെബ്‌സൈറ്റുകൾ പരിശോധിക്കുകയോ ചെയ്യാമോ? ദൈവത്തോടും സത്യത്തോടും സ്‌നേഹമുണ്ടെങ്കിൽ നാം അങ്ങനെ ചെയ്യുകയില്ല. വിശ്വാസത്യാഗികൾക്കു വീട്ടിൽ പ്രവേശനം നൽകുകയോ ഒരിക്കലും അവരെ അഭിവാദ്യം ചെയ്യുകയോ അരുത്‌. എന്തുകൊണ്ടെന്നാൽ, അത്തരം നടപടികൾ നമ്മെ ‘അവരുടെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളികളാക്കും.’ (2 യോഹന്നാൻ 9-11) “വിനാശകരമായ ദുരുപദേശങ്ങൾ . . . അവതരിപ്പി”ക്കാനും “കൗശലവാക്കുകൾകൊണ്ട്‌ . . . ചൂഷണം” ചെയ്യാനും ശ്രമിക്കുന്ന വ്യാജോപദേഷ്ടാക്കളെ പിൻപറ്റുകയും ക്രിസ്‌തീയ “സത്യമാർഗം” ഉപേക്ഷിക്കുകയും ചെയ്‌തുകൊണ്ട്‌ നാം ഒരിക്കലും പിശാചിന്റെ വഞ്ചനയിൽ കുടുങ്ങിപ്പോകാതിരിക്കട്ടെ.—2 പത്രൊസ്‌ 2:1-3, NIBV.

14, 15. എഫെസൊസിലെ ക്രിസ്‌തീയ മൂപ്പന്മാർക്കും സഹപ്രവർത്തകനായ തിമൊഥെയൊസിനും പൗലൊസ്‌ എന്തു മുന്നറിയിപ്പു നൽകി?

14 എഫെസൊസിലെ ക്രിസ്‌തീയ മൂപ്പന്മാരോട്‌ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്‌പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ. ഞാൻ പോയ ശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്‌ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്‌താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്‌ക്കും.” (പ്രവൃത്തികൾ 20:28-30) കാലാന്തരത്തിൽ അത്തരം വിശ്വാസത്യാഗികൾ രംഗപ്രവേശം ചെയ്യുകയും “വിപരീതോപദേശം പ്രസ്‌താവിക്കു”കയും ചെയ്‌തു.

15 “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗി”ക്കാൻ പൊതുയുഗം ഏകദേശം 65-ാമാണ്ടിൽ പൗലൊസ്‌ തിമൊഥെയൊസിനെ ഉദ്‌ബോധിപ്പിച്ചു. അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്കു അഭക്തി അധികം മുതിർന്നുവരും; അവരുടെ വാക്കു അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും. ഹുമനയോസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചുകളയുന്നു.” വിശ്വാസത്യാഗം ആരംഭിച്ചുകഴിഞ്ഞിരുന്നു! “എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്‌ക്കുന്നു” എന്ന്‌ പൗലൊസ്‌ കൂട്ടിച്ചേർത്തു.—2 തിമൊഥെയൊസ്‌ 2:15-19.

16. വിശ്വാസത്യാഗത്തിന്റെ സൂത്രധാരൻ തന്ത്രപൂർവം പ്രവർത്തിക്കുന്നെങ്കിലും യഹോവയോടും അവന്റെ വചനത്തോടും നാം വിശ്വസ്‌തരായിരുന്നിട്ടുള്ളത്‌ എന്തുകൊണ്ട്‌?

16 വിശ്വാസത്യാഗികളെ ഉപയോഗിച്ച്‌ സത്യാരാധന ദുഷിപ്പിക്കാൻ സാത്താൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അവൻ അതിൽ വിജയിച്ചിട്ടില്ല. ഏകദേശം 1868-ൽ ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ, ക്രൈസ്‌തവസഭകൾ ദീർഘകാലമായി പഠിപ്പിച്ചുകൊണ്ടിരുന്ന ഉപദേശങ്ങൾ സുസൂക്ഷ്‌മം പരിശോധിക്കുകയും തിരുവെഴുത്തുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നതായി കണ്ടെത്തുകയും ചെയ്‌തു. യു.എസ്‌.എ.-യിലെ പെൻസിൽവേനിയയിലുള്ള പിറ്റ്‌സ്‌ബർഗിൽ റസ്സലും സത്യാന്വേഷികളായ മറ്റു ചിലരും ചേർന്ന്‌ ഒരു ബൈബിൾ പഠന ക്ലാസ്സിനു രൂപംനൽകി. തുടർന്നുവന്ന 140-ഓളം വർഷംകൊണ്ട്‌ യഹോവയുടെ ദാസന്മാർ ദൈവത്തെയും അവന്റെ വചനത്തെയും സംബന്ധിച്ചുള്ള പരിജ്ഞാനത്തിലും ദൈവത്തോടും അവന്റെ വചനത്തോടുമുള്ള സ്‌നേഹത്തിലും വളർന്നിരിക്കുന്നു. വിശ്വാസത്യാഗത്തിന്റെ സൂത്രധാരൻ തന്ത്രപൂർവം പ്രവർത്തിക്കുന്നെങ്കിലും ആത്മീയ ജാഗ്രത പാലിക്കുന്ന വിശ്വസ്‌തനും വിവേകിയുമായ അടിമവർഗം, യഹോവയോടും അവന്റെ വചനത്തോടും വിശ്വസ്‌തർ ആയിരിക്കാൻ ഈ സത്യക്രിസ്‌ത്യാനികളെ സഹായിച്ചിരിക്കുന്നു.—മത്തായി 24:45.

നിങ്ങളുടെമേൽ നിയന്ത്രണംചെലുത്താൻ ലോകത്തിന്റെ ഭരണാധിപനെ ഒരിക്കലും അനുവദിക്കരുത്‌

17-19. പിശാചിന്റെ അധികാരത്തിൽ കിടക്കുന്ന ലോകം ഏത്‌, നാം അതിനെ സ്‌നേഹിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

17 ദൈവത്തിൽനിന്ന്‌ അന്യപ്പെട്ട നീതികെട്ട മനുഷ്യസമൂഹമാകുന്ന ഈ ലോകത്തെ സ്‌നേഹിക്കാൻ പ്രേരിപ്പിക്കുക എന്നതാണ്‌ നമ്മെ കെണിയിലാക്കാൻ സാത്താൻ ഉപയോഗിക്കുന്ന മറ്റൊരു മാർഗം. പിശാചിനെ യേശു “ലോകത്തിന്റെ പ്രഭു” എന്നു വിളിച്ചു. “അവന്നു എന്നോടു ഒരു കാര്യവുമില്ല” എന്നും അവൻ പറഞ്ഞു. (യോഹന്നാൻ 14:30) സാത്താനു നമ്മുടെമേൽ ഒരിക്കലും നിയന്ത്രണം ഉണ്ടാകാതിരിക്കട്ടെ! “സർവ്വലോകവും [ആ] ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന്‌ നമുക്കു വ്യക്തമായി അറിയാം. (1 യോഹന്നാൻ 5:19) അതുകൊണ്ടായിരുന്നല്ലോ “ലോകത്തിലുള്ള സകല രാജ്യങ്ങളെയും” ദൈവപുത്രനു വാഗ്‌ദാനം ചെയ്യാൻ പിശാചിനു കഴിഞ്ഞത്‌. എന്നാൽ യേശു അത്‌ അപ്പാടെ തള്ളിക്കളഞ്ഞു. (മത്തായി 4:8-10) സാത്താൻ ഭരിക്കുന്ന ഈ ലോകം ക്രിസ്‌തുവിന്റെ അനുയായികളെ വെറുക്കുന്നു. (യോഹന്നാൻ 15:18-21) ലോകത്തെ സ്‌നേഹിക്കരുതെന്ന്‌ യോഹന്നാൻ അപ്പൊസ്‌തലൻ പറഞ്ഞതിൽ തെല്ലും ആശ്ചര്യമില്ല!

18 യോഹന്നാൻ ഇങ്ങനെ എഴുതി: “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്‌നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്‌നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്‌നേഹം ഇല്ല. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (1 യോഹന്നാൻ 2:15-17) നാം ലോകത്തെ സ്‌നേഹിക്കരുത്‌. അതിന്റെ വഴികൾ പാപപൂർണമായ ജഡത്തിന്റെ മോഹങ്ങൾക്കു ചേർച്ചയിലാണെന്നു മാത്രമല്ല യഹോവയാം ദൈവത്തിന്റെ നിലവാരങ്ങൾക്കു കടകവിരുദ്ധവുമാണ്‌ എന്നതാണ്‌ അതിനു കാരണം.

19 ഈ ലോകത്തോടുള്ള സ്‌നേഹം നമ്മുടെ ഹൃദയത്തിലുണ്ടെങ്കിൽ നാം എന്തു ചെയ്യണം? ആ സ്‌നേഹവും അതിനോടു ബന്ധപ്പെട്ട ആഗ്രഹങ്ങളും തള്ളിക്കളയാനുള്ള സഹായത്തിനായി ദൈവത്തോടു പ്രാർഥിക്കുക. (ഗലാത്യർ 5:16-21) “ദുഷ്ടാത്മസേന”യാണ്‌ നീതികെട്ട ഈ മനുഷ്യസമൂഹത്തെ അടക്കിവാഴുന്ന “ലോകാധിപതി”കൾ എന്നു നാം എല്ലായ്‌പോഴും ഓർക്കുന്നെങ്കിൽ “ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം” നാം തീർച്ചയായും ശ്രദ്ധ പാലിക്കും.—യാക്കോബ്‌ 1:27; എഫെസ്യർ 6:11, 12; 2 കൊരിന്ത്യർ 4:4.

20.നാം ലോകത്തിന്റെ ഭാഗമല്ല എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

20 “ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല” അഥവാ ലോകത്തിന്റെ ഭാഗമല്ല എന്ന്‌ തന്റെ ശിഷ്യന്മാരെക്കുറിച്ച്‌ യേശു പറഞ്ഞു. (യോഹന്നാൻ 17:16) ലോകത്തിൽനിന്നു വേർപെട്ടുനിന്നുകൊണ്ട്‌ ധാർമികമായും ആത്മീയമായും ശുദ്ധരായി നിലകൊള്ളാൻ അഭിഷിക്ത ക്രിസ്‌ത്യാനികളും സമർപ്പിതരായ അവരുടെ സഹചാരികളും ശ്രമിക്കുന്നു. (യോഹന്നാൻ 15:19; 17:14; യാക്കോബ്‌ 4:4) ലോകത്തിൽനിന്നു വേർപെട്ടിരിക്കുന്നവരും “നീതിപ്രസംഗി”കളും ആയിരിക്കുന്നതിനാൽ നീതികെട്ട ഈ ലോകം നമ്മെ വെറുക്കുന്നു. (2 പത്രൊസ്‌ 2:5) പരസംഗക്കാർ, വ്യഭിചാരികൾ, പിടിച്ചുപറിക്കാർ, വിഗ്രഹാരാധികൾ, കള്ളന്മാർ, ഭോഷ്‌കുപറയുന്നവർ, മദ്യപന്മാർ എന്നിവർ നിറഞ്ഞ ഒരു സമൂഹത്തിലാണു നാം ജീവിക്കുന്നത്‌. (1 കൊരിന്ത്യർ 5:9-11; 6:9-11; വെളിപ്പാടു 21:8) എന്നിരുന്നാലും, പാപപൂർണമായ ആ സ്വാധീനം നമ്മെ നിയന്ത്രിക്കാൻ അനുവദിക്കാതിരുന്നുകൊണ്ട്‌ “ലോകത്തിന്റെ ആത്മാവിനെ” നാം ചെറുത്തുനിൽക്കുന്നു.—1 കൊരിന്ത്യർ 2:12.

പിശാചിന്‌ ഇടംകൊടുക്കരുത്‌

21, 22. എഫെസ്യർ 4:26, 27-ലെ പൗലൊസിന്റെ ബുദ്ധിയുപദേശം നിങ്ങൾക്ക്‌ എങ്ങനെ ബാധകമാക്കാം?

21 “ലോകത്തിന്റെ ആത്മാവി”നാൽ സ്വാധീനിക്കപ്പെടുന്നതിനു പകരം, സ്‌നേഹവും ആത്മനിയന്ത്രണവും പോലുള്ള ഗുണങ്ങൾ നമ്മിൽ ഉത്‌പാദിപ്പിക്കാൻ കഴിയുന്ന ദൈവാത്മാവിനാൽ നാം നയിക്കപ്പെടുന്നു. (ഗലാത്യർ 5:22, 23) നമ്മുടെ വിശ്വാസത്തിന്മേലുള്ള പിശാചിന്റെ ആക്രമണത്തെ ചെറുക്കാൻ ഈ ഗുണങ്ങൾ നമ്മെ സഹായിക്കുന്നു. ‘ദോഷം’ പ്രവർത്തിക്കാൻ ഇടയാകുംവിധം നാം ‘കോപമുള്ളവർ’ ആയിത്തീരാനാണ്‌ അവൻ ആഗ്രഹിക്കുന്നത്‌. എന്നാൽ “കോപം കളഞ്ഞു ക്രോധം ഉപേക്ഷി”ക്കാൻ ദൈവാത്മാവ്‌ നമ്മെ സഹായിക്കുന്നു. (സങ്കീർത്തനം 37:8) കോപിക്കുന്നതിനു ചിലപ്പോഴൊക്കെ നമുക്കു ന്യായമായ കാരണം ഉണ്ടായിരുന്നേക്കാം എന്നതു സത്യമാണ്‌. എന്നാൽ പൗലൊസ്‌ നമ്മെ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്‌തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. പിശാചിന്നു ഇടം കൊടുക്കരുത്‌.”—എഫെസ്യർ 4:26, 27.

22 പ്രകോപിതാവസ്ഥയിൽ തുടരുന്നപക്ഷം കോപം നമ്മെ പാപത്തിലേക്കു നയിച്ചേക്കാം. സഭയിൽ അനൈക്യം സൃഷ്ടിക്കാനും തിന്മ ചെയ്യുന്നതിനു നമ്മെ പ്രേരിപ്പിക്കാനും അത്തരം മാനസികാവസ്ഥ പിശാചിന്‌ അവസരം തുറന്നുകൊടുക്കുന്നു. അതുകൊണ്ട്‌, മറ്റുള്ളവരുമായുള്ള പ്രശ്‌നങ്ങൾ എത്രയും പെട്ടെന്ന്‌ ദൈവത്തിനു സ്വീകാര്യമായ ഒരു വിധത്തിൽ നാം പരിഹരിക്കണം. (ലേവ്യപുസ്‌തകം 19:17, 18; മത്തായി 5:23, 24; 18:15, 16) അതിനാൽ, ആത്മനിയന്ത്രണം പാലിച്ചുകൊണ്ടും ന്യായീകരിക്കത്തക്ക കോപംപോലും ശത്രുതയിലും ദ്രോഹബുദ്ധിയിലും വെറുപ്പിലും കലാശിക്കാൻ അനുവദിക്കാതിരുന്നുകൊണ്ടും നമുക്കു ദൈവാത്മാവിനാൽ നയിക്കപ്പെടാം.

23. അടുത്ത ലേഖനത്തിൽ നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?

23 ചെറുത്തുനിൽക്കേണ്ട വ്യതിരിക്തമായ ചില സാത്താന്യ പ്രവണതകളാണു നാം പരിചിന്തിച്ചത്‌. എന്നാൽ വായനക്കാരിൽ ചിലർ ഇങ്ങനെ ചോദിച്ചേക്കാം: നാം സാത്താനെ ഭയപ്പെടേണ്ടതുണ്ടോ? ക്രിസ്‌ത്യാനികൾക്കെതിരെ അവൻ പീഡനം ഇളക്കിവിടുന്നത്‌ എന്തുകൊണ്ട്‌? സാത്താൻ നമ്മെ തോൽപ്പിക്കാതിരിക്കാൻ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

[അടിക്കുറിപ്പ്‌]

^ ഖ. 2 2005 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിലെ “പിശാച്‌ യഥാർഥത്തിലുണ്ടോ?” എന്ന ആമുഖ ലേഖനപരമ്പര കാണുക.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• നാം ആർക്കുമെതിരെ ദൂഷണം പറയരുതാത്തത്‌ എന്തുകൊണ്ട്‌?

1 യോഹന്നാൻ 3:15 ചൂണ്ടിക്കാട്ടുന്നപ്രകാരം കൊലപാതകികൾ ആകുന്നത്‌ നമുക്ക്‌ എങ്ങനെ ഒഴിവാക്കാം?

• വിശ്വാസത്യാഗികളെ നാം എങ്ങനെ വീക്ഷിക്കണം, എന്തുകൊണ്ട്‌?

• നാം ലോകത്തെ സ്‌നേഹിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

നമ്മുടെ ക്രിസ്‌തീയ ഐക്യം തകർക്കാൻ പിശാചിനെ നാം ഒരിക്കലും അനുവദിക്കുകയില്ല

[24-ാം പേജിലെ ചിത്രങ്ങൾ]

ലോകത്തെ സ്‌നേഹിക്കരുതെന്ന്‌ യോഹന്നാൻ നമ്മെ ഉദ്‌ബോധിപ്പിച്ചത്‌ എന്തുകൊണ്ട്‌?