വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘യാഹ്‌ എനിക്കു രക്ഷ കൈവരുത്തുന്നു’

‘യാഹ്‌ എനിക്കു രക്ഷ കൈവരുത്തുന്നു’

“മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു”

‘യാഹ്‌ എനിക്കു രക്ഷ കൈവരുത്തുന്നു’

യഹോവയുടെ ജനത്തിന്‌ ഒരു തീരുമാനം എടുക്കേണ്ടതായിവന്നു. പുരാതന ഈജിപ്‌തിലെ ദുഷ്ടഭരണാധിപന്റെ ആജ്ഞകൾ പാലിക്കണമോ അതോ യഹോവയാം ദൈവത്തെ അനുസരിച്ചുകൊണ്ട്‌, തങ്ങളെ അടിമകളാക്കിയിരുന്ന ആ ദേശം വിട്ട്‌ വാഗ്‌ദത്തദേശത്തേക്കു പോകണമോ?

ഈജിപ്‌തിലെ ധിക്കാരിയായ ഫറവോൻ ദൈവജനത്തെ മോചിപ്പിക്കാൻ വിസമ്മതിച്ചതിനാൽ യഹോവ ആ ദേശത്തു പത്തു ബാധകൾ വരുത്തി. അവന്റെ ശക്തിയുടെ എത്ര മഹത്തായ പ്രകടനമായിരുന്നു അവ! ആ ബാധകൾ തടുക്കാൻ ഈജിപ്‌തുകാരുടെ ദൈവങ്ങൾക്ക്‌ ഒന്നും ചെയ്യാനായില്ല.

ദൈവജനത്തെ പോകാൻ അനുവദിക്കണമെന്നു ഫറവോനോട്‌ ആവശ്യപ്പെട്ടപ്പോൾ അവജ്ഞയോടെ അവൻ ഇങ്ങനെ പറഞ്ഞു: “യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല.” (പുറപ്പാടു 5:2) തത്‌ഫലമായി ഈജിപ്‌തിൽ പിൻവരുന്ന ബാധകളുണ്ടായി: (1) വെള്ളം രക്തമായിത്തീർന്നു, (2) തവളകൾ, (3) പേൻ, (4) നായീച്ച, (5) മൃഗസമ്പത്തിന്മേലുള്ള മഹാമാരി, (6) മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പരുക്കൾ, (7) കന്മഴ, (8) വെട്ടുക്കിളി, (9) ഇരുട്ട്‌, (10) ഫറവോന്റെ പുത്രൻ ഉൾപ്പെടെ ഈജിപ്‌തിലെ ആദ്യജാതന്മാരുടെ മരണം. ഒടുവിൽ ഈജിപ്‌തുവിട്ടു പോകാൻ ഫറവോൻ എബ്രായരെ അനുവദിച്ചു. പുറപ്പെട്ടുപോകാൻ അവൻ അവരോട്‌ അപേക്ഷിക്കുകപോലും ചെയ്‌തു!​—⁠പുറപ്പാടു 12:31, 32.

ഇസ്രായേല്യ സ്‌ത്രീപുരുഷന്മാരും കുട്ടികളും വലിയൊരു സമ്മിശ്രപുരുഷാരവും ഉൾപ്പെടെ ഏകദേശം 30 ലക്ഷം പേർ പെട്ടെന്നുതന്നെ യാത്ര പുറപ്പെട്ടു. (പുറപ്പാടു 12:37, 38) എന്നാൽ ശക്തമായ സൈന്യവുമായി ഫറവോൻ ഉടൻതന്നെ അവരുടെ പിന്നാലെ പാഞ്ഞുചെന്നു. ചെങ്കടലിനും ആപത്‌കരമായ മരുഭൂമിക്കും ഫറവോന്റെ സൈന്യത്തിനും ഇടയിൽ തങ്ങൾ കുടുങ്ങിപ്പോയതായി ഇസ്രായേല്യർക്കു തോന്നി. എങ്കിലും മോശെ ജനത്തോട്‌ ഇങ്ങനെ പറഞ്ഞു: “ഭയപ്പെടേണ്ടാ; ഉറച്ചുനില്‌പിൻ; യഹോവ . . . ചെയ്‌വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ.”​—⁠പുറപ്പാടു 14:8-14.

ഇസ്രായേല്യരുടെ രക്ഷയ്‌ക്കായി യഹോവ അത്ഭുതകരമായി ചെങ്കടൽ വിഭജിച്ചു. എന്നാൽ ഈജിപ്‌തുകാർ അവരെ പിന്തുടർന്നപ്പോൾ വെള്ളം കൂടിച്ചേരാൻ ദൈവം ഇടയാക്കി. യഹോവ “ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും . . . കടലിൽ തള്ളിയിട്ടു.” (പുറപ്പാടു 14:26-28; 15:4) യഹോവയ്‌ക്കു മഹത്ത്വം കൊടുക്കാൻ വിസമ്മതിച്ച അഹങ്കാരിയായ ഫറവോന്റെ അന്ത്യം വിനാശകമായിരുന്നു.

ചെങ്കടലിൽവെച്ച്‌ യഹോവ ഒരു “യുദ്ധവീരൻ” എന്ന നിലയിൽ പ്രവർത്തിച്ചു. (പുറപ്പാടു 15:3) നിശ്വസ്‌ത രേഖ പറയുന്നു: ‘യഹോവ മിസ്രയീമ്യരിൽ ചെയ്‌ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിൽ വിശ്വസിച്ചു.’ (പുറപ്പാടു 14:31; സങ്കീർത്തനം 136:10-15) പുരുഷന്മാർ മോശെയോടൊപ്പം ജയഗീതം ആലപിക്കുകയും സ്‌ത്രീകൾ അവന്റെ സഹോദരിയായ മിര്യാമിനോടുചേർന്ന്‌ നൃത്തമാടുകയും ചെയ്‌തുകൊണ്ട്‌ ദൈവത്തിനു ഹൃദയംഗമമായ നന്ദി പ്രകാശിപ്പിച്ചു. *

യഹോവ ഇന്നും വിടുതൽ പ്രദാനംചെയ്യുന്നു

ദൈവം പ്രദാനംചെയ്‌ത ശ്രദ്ധേയമായ ആ വിടുതലിൽനിന്ന്‌ വിശ്വാസത്തെ ബലപ്പെടുത്തുന്ന പാഠങ്ങൾ ഉൾക്കൊള്ളാൻ യഹോവയുടെ ആധുനികകാല ദാസന്മാർക്കു കഴിയും. അപരിമേയ ശക്തിയുള്ള യഹോവയ്‌ക്കു തന്റെ ജനത്തെ പൂർണമായി പിന്തുണയ്‌ക്കാനാകും എന്നതാണ്‌ ഒരു പാഠം. തങ്ങളുടെ ജയഗീതത്തിൽ മോശെയും ഇസ്രായേല്യരും വിജയാഹ്ലാദത്തോടെ ഇങ്ങനെ പാടി: “യഹോവേ, നിന്റെ വലങ്കൈ ബലത്തിൽ മഹത്വപ്പെട്ടു; യഹോവേ നിന്റെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു.”​—⁠പുറപ്പാടു 15:⁠6.

തന്റെ ജനത്തെ സംരക്ഷിക്കാൻ സർവശക്തൻ അതിയായി ആഗ്രഹിക്കുന്നു എന്നതാണ്‌ മറ്റൊരു പാഠം. ഇസ്രായേല്യർ ഇങ്ങനെ പാടി: “എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്‌തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്‌തുതിക്കും.” യഹോവയാം ദൈവത്തിന്റെ ഉദ്ദേശ്യത്തെ വിജയകരമായി ചെറുത്തുനിൽക്കാൻ ആർക്കും കഴിയില്ലെന്നും ഇതു നമ്മെ പഠിപ്പിക്കുന്നു. വിടുവിക്കപ്പെട്ട ദൈവജനം തങ്ങളുടെ ജയഗീതത്തിൽ ഇപ്രകാരം പാടി: “യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്‌തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?”​—⁠പുറപ്പാടു 15:2, 11.

പുരാതന ഈജിപ്‌തിലെ ഫറവോനെപ്പോലെ ഇന്നത്തെ ലോക ഭരണാധികാരികൾ യഹോവയുടെ ജനത്തെ പീഡിപ്പിക്കുന്നു. ധിക്കാരികളായ അത്തരം ഭരണാധിപന്മാർ “അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും” ചെയ്‌തേക്കാം. (ദാനീയേൽ 7:25; 11:36) എന്നാൽ യഹോവ തന്റെ ജനത്തിന്‌ ഈ ഉറപ്പു നൽകുന്നു: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്‌താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്‌ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും . . . ഇതു തന്നേ.”​—⁠യെശയ്യാവു 54:17.

ദൈവത്തെ എതിർക്കുന്നവർ ഫറവോനും സൈന്യവും നശിപ്പിക്കപ്പെട്ടതുപോലെ നശിപ്പിക്കപ്പെടും. ഈജിപ്‌തിൽനിന്ന്‌ ഇസ്രായേല്യരെ വിടുവിച്ചുകൊണ്ടുപോന്നപ്പോൾ യഹോവ ചെയ്‌തതുപോലുള്ള രക്ഷാപ്രവൃത്തികൾ സാക്ഷ്യപ്പെടുത്തുന്നത്‌ യേശുവിന്റെ അപ്പൊസ്‌തലന്മാർ പ്രസ്‌താവിച്ച തത്ത്വം പിൻപറ്റുന്നതാണു ശരിയായ ഗതിയെന്നാണ്‌. അവർ ഇങ്ങനെ പ്രഖ്യാപിച്ചു: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.”​—⁠പ്രവൃത്തികൾ 5:29.

[അടിക്കുറിപ്പ്‌]

^ ഖ. 8 യഹോവയുടെ സാക്ഷികളുടെ കലണ്ടർ 2006, ജനുവരി/ഫെബ്രുവരി കാണുക.

[9-ാം പേജിലെ ചതുരം/ചിത്രം]

നിങ്ങൾക്ക്‌ അറിയാമോ?

• ഇസ്രായേല്യർക്ക്‌ ചെങ്കടൽ കടക്കാൻ കഴിയേണ്ടതിന്‌ രാത്രിയിലുടനീളം ശക്തമായ ഒരു കാറ്റു വീശാൻ ഇടയാക്കിക്കൊണ്ട്‌ യഹോവ അതിനെ വിഭജിച്ചു.​—⁠പുറപ്പാടു 14:21, 22.

• ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന്‌ ഇസ്രായേല്യർക്കു ചെങ്കടൽ കുറുകെ കടക്കാൻ 1.5 കിലോമീറ്ററോ അതിലധികമോ വീതിയുള്ള ഒരു സഞ്ചാരമാർഗം ആവശ്യമായിരുന്നു.

[9-ാം പേജിലെ ചിത്രങ്ങൾ]

യഹോവ വരുത്തിയ പത്തു ബാധകൾ തടയാൻ ഈജിപ്‌തിലെ വ്യാജദൈവങ്ങൾക്കു കഴിഞ്ഞില്ല

[കടപ്പാട്‌]

മൂന്നു രൂപങ്ങളും: Photograph taken by courtesy of the British Museum