സാത്താനോട് എതിർത്തുനിൽക്കുക, അവൻ ഓടിപ്പോകും!
സാത്താനോട് എതിർത്തുനിൽക്കുക, അവൻ ഓടിപ്പോകും!
“നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്‌പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.”—യാക്കോബ് 4:7.
1, 2. (എ) യെശയ്യാവു 14-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു പ്രഖ്യാപനം പിശാചിന്റെ ഏതു ദുർഗുണം പ്രതിഫലിപ്പിക്കുന്നു? (ബി) ഇപ്പോൾ നാം ഏതു ചോദ്യങ്ങൾ ചർച്ചചെയ്യും?
ധിക്കാരത്തിന്റെ മൂർത്തിമദ്‌ഭാവമാണ് പിശാച്. അവന്റെ അഹങ്കാരത്തിന്റെ ആധിക്യം, ദൈവത്തിന്റെ പ്രവാചകനായ യെശയ്യാവ് രേഖപ്പെടുത്തിയ വാക്കുകളിൽ കാണാവുന്നതാണ്. യഹോവയുടെ ജനം “ബാബേൽരാജാവിനെക്കുറിച്ചു” പിൻവരുന്നപ്രകാരം പറയുമെന്ന്, ബാബിലോണിയ പ്രമുഖ ലോകശക്തിയായിത്തീരുന്നതിന് ഒരു നൂറ്റാണ്ടിലേറെക്കാലം മുമ്പുതന്നെ രേഖപ്പെടുത്തിയിരുന്നു: ‘“ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ [ദാവീദിന്റെ രാജവംശത്തിലെ രാജാക്കന്മാർക്കുമീതെ] വെക്കും; . . . ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞത്.’ (യെശയ്യാവു 14:3, 4, 12-15; സംഖ്യാപുസ്‌തകം 24:17) ‘ബാബേൽരാജാവിന്റെ’ അഹങ്കാരം “ഈ ലോകത്തിന്റെ ദൈവ”മായ സാത്താന്റെ മനോഭാവത്തിനു സമാനമായിരുന്നു. (2 കൊരിന്ത്യർ 4:4) എന്നാൽ, ബാബിലോണിയൻ രാജവംശത്തിന് അപമാനകരമായ അന്ത്യം സംഭവിച്ചതുപോലെ സാത്താന്റെ അഹംഭാവത്തിന്റെ പരിണതഫലവും വിപത്‌കരം ആയിരിക്കും.
2 എന്നിരുന്നാലും പിശാച് ഉള്ളിടത്തോളം, പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ നമ്മെ അലട്ടിയേക്കാം: നാം സാത്താനെ ഭയപ്പെടേണ്ടതുണ്ടോ? ക്രിസ്‌ത്യാനികളെ പീഡിപ്പിക്കാൻ അവൻ ആളുകളെ ഇളക്കിവിടുന്നത് എന്തുകൊണ്ട്? പിശാചു നമ്മെ തോൽപ്പിക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?
പിശാചിനെ നാം ഭയപ്പെടണമോ?
3, 4. അഭിഷിക്ത ക്രിസ്‌ത്യാനികളും സഹചാരികളും പിശാചിനെ ഭയപ്പെടാതിരിക്കുന്നത് എന്തുകൊണ്ട്?
3 യേശുക്രിസ്‌തുവിന്റെ പിൻവരുന്ന വാക്കുകൾ അഭിഷിക്ത ക്രിസ്‌ത്യാനികളെ ഏറെ ബലപ്പെടുത്തുന്നു: “നീ സഹിപ്പാനുള്ളതു പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും; മരണപര്യന്തം വിശ്വസ്‌തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും.” (വെളിപ്പാടു 2:10) അഭിഷിക്തരും ഭൗമിക പ്രത്യാശയുള്ള അവരുടെ സഹകാരികളും പിശാചിനെ ഭയപ്പെടുന്നില്ല. സ്വതസിദ്ധമായ ധൈര്യമല്ല ഈ നിർഭയത്വത്തിനു കാരണം. ദൈവത്തോടു ഭക്ത്യാദരപൂർവകമായ ഭയം ഉള്ളതിനാലും അവന്റെ “ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്ന”തിനാലുമാണ് അവർ ഭയരഹിതർ ആയിരിക്കുന്നത്.—സങ്കീർത്തനം 34:9; 36:7.
4 കഷ്ടങ്ങൾ സഹിക്കേണ്ടിവന്നിട്ടും യേശുക്രിസ്‌തുവിന്റെ നിർഭയരായ ആദിമ ശിഷ്യന്മാർ മരണത്തോളം വിശ്വസ്‌തത പാലിച്ചു. പിശാചായ സാത്താൻ ചെയ്‌തേക്കാവുന്ന കാര്യങ്ങൾ ഓർത്ത് അവർ ഭയന്നുവിറച്ചില്ല. കാരണം, യഹോവ തന്റെ വിശ്വസ്‌തദാസന്മാരെ ഒരുനാളും കൈവിടുകയില്ലെന്ന് അവർക്ക് അറിയാമായിരുന്നു. സമാനമായി ഇന്നും ശക്തമായ പീഡനം നേരിടുമ്പോൾ, ദൈവത്തോടുള്ള ദൃഢവിശ്വസ്‌തത കാത്തുകൊള്ളാൻ അഭിഷിക്ത ക്രിസ്‌ത്യാനികളും സമർപ്പിതരായ അവരുടെ സഹകാരികളും നിശ്ചയദാർഢ്യമുള്ളവരാണ്. എന്നിരുന്നാലും, മരണത്തിന്
ഇടയാക്കാൻ പിശാചിനു കഴിയുമെന്ന് പൗലൊസ് അപ്പൊസ്‌തലൻ സൂചിപ്പിച്ചു. അതു നമ്മെ ഭയപ്പെടുത്തേണ്ടതല്ലേ?5. എബ്രായർ 2:14, 15-ൽനിന്നു നാം എന്തു പഠിക്കുന്നു?
5 “മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവി”ക്കേണ്ടതിന് യേശു ജഡരക്തങ്ങളോടുകൂടിയൻ ആയിത്തീർന്നുവെന്ന് പൗലൊസ് പറഞ്ഞു. (എബ്രായർ 2:14, 15) “മരണത്തിന്റെ അധികാരി” അഥവാ മരണത്തിന് ഇടയാക്കാൻ കഴിവുള്ളവൻ എന്ന നിലയിൽ സാത്താൻ, യൂദാ ഈസ്‌കര്യോത്തായെ സ്വാധീനിക്കുകയും തുടർന്ന് യഹൂദ നേതാക്കളെയും റോമാക്കാരെയും ഉപയോഗിച്ച് യേശുവിനെ വധിക്കുകയും ചെയ്‌തു. (ലൂക്കൊസ് 22:3; യോഹന്നാൻ 13:26, 27) എന്നിരുന്നാലും തന്റെ ബലിമരണംവഴി യേശു, പാപപൂർണരായ മനുഷ്യരെ സാത്താന്റെ പിടിയിൽനിന്നു സ്വതന്ത്രരാക്കി നിത്യം ജീവിക്കുന്നതിനുള്ള അവസരം തുറന്നുതന്നിരിക്കുന്നു.—യോഹന്നാൻ 3:16.
6, 7. മരണത്തിന് ഇടയാക്കാൻ സാത്താന് ഏത് അളവോളം സാധിക്കും?
6 മരണത്തിന് ഇടയാക്കാൻ പിശാചിന് ഏത് അളവോളം സാധിക്കും? സാത്താന്റെ ദുഷ്ടഗതിയുടെ തുടക്കത്തിൽത്തന്നെ അവന്റെ നുണകളും നായകത്വവും മനുഷ്യർക്കിടയിൽ മരണം വിതച്ചു. പാപംചെയ്‌തുകൊണ്ട് ആദാം മനുഷ്യരാശിയിലേക്കു പാപവും മരണവും കടത്തിവിട്ടതിലൂടെയാണ് അതു സംഭവിച്ചത്. (റോമർ 5:12) കൂടാതെ, സാത്താന്റെ ഭൗമിക അനുയായികൾ യഹോവയുടെ ആരാധകരെ പീഡിപ്പിച്ചിരിക്കുന്നു. യേശുക്രിസ്‌തുവിനോടു ചെയ്‌തതുപോലെ സത്യാരാധകരിൽ ചിലരെ അവർ കൊല്ലുകപോലും ചെയ്‌തിരിക്കുന്നു.
7 എന്നാൽ പിശാചിന് ഇഷ്ടാനുസരണം ആരുടെ ജീവൻ വേണമെങ്കിലും അപഹരിക്കാൻ കഴിയുമെന്നു നാം വിചാരിക്കരുത്. ദൈവജനത്തിനു ദിവ്യസംരക്ഷണമുണ്ട്, ഭൂമിയിലുള്ള സത്യാരാധകരെ ഒന്നടങ്കം നശിപ്പിക്കാൻ ദൈവം സാത്താനെ ഒരിക്കലും അനുവദിക്കില്ല. (റോമർ 14:8) തന്റെ എല്ലാ ദാസന്മാരും പീഡിപ്പിക്കപ്പെടാനും പിശാചിന്റെ ആക്രമണഫലമായി അവരിൽ ചിലർക്കു ജീവഹാനി സംഭവിക്കാനും യഹോവ അനുവദിക്കുന്നു എന്നതു സത്യംതന്നെ. എന്നാൽ, ദൈവത്തിന്റെ “സ്‌മരണപുസ്‌തക”ത്തിലുള്ളവർക്കായുള്ള അത്ഭുതകരമായ പുനരുത്ഥാന പ്രത്യാശയിലേക്കു തിരുവെഴുത്തുകൾ വിരൽചൂണ്ടുന്നു. ആ പുനരുത്ഥാനം തടയാൻ പിശാചിന് ഒരിക്കലും കഴിയില്ല!—മലാഖി 3:16; യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15.
സാത്താന്യ പീഡനത്തിന്റെ കാരണം
8. ദൈവദാസന്മാരെ പിശാച് പീഡിപ്പിക്കുന്നത് എന്തുകൊണ്ട്?
8 നാം ദൈവത്തിന്റെ വിശ്വസ്‌ത ദാസന്മാർ ആണെങ്കിൽ പിശാചു നമ്മെ പീഡിപ്പിക്കുന്നതിന് ഒരു അടിസ്ഥാന കാരണമുണ്ട്. വിശ്വാസത്തിൽനിന്നു നമ്മെ വ്യതിചലിപ്പിക്കുക എന്നതാണ് അവന്റെ ലക്ഷ്യം. സ്വർഗീയ പിതാവുമായി നമുക്കുള്ള വിലയേറിയ ബന്ധം നശിപ്പിക്കാൻ അവൻ ആഗ്രഹിക്കുന്നു. അതു നമ്മെ ആശ്ചര്യപ്പെടുത്തരുത്. തന്റെ ആലങ്കാരിക “സ്‌ത്രീ”ക്കും “പാമ്പി”നും ഇടയിലും അവരിരുവരുടെയും “സന്തതി”കൾക്കിടയിലും ശത്രുത്വം വികാസം പ്രാപിക്കുമെന്ന് യഹോവ ഏദെനിൽവെച്ചു മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ഉല്‌പത്തി 3:14, 15) തിരുവെഴുത്തുകൾ പിശാചിനെ ‘പഴയ പാമ്പായി’ തിരിച്ചറിയിക്കുന്നു. അവന്റെ സമയം ചുരുങ്ങിയിരിക്കുന്നെന്നും അവൻ അടങ്ങാത്ത കോപത്തിലാണെന്നും അതു വെളിപ്പെടുത്തുന്നു. (വെളിപ്പാടു 12:9, 12) രണ്ടു “സന്തതി”കൾക്കുമിടയിൽ ശത്രുത്വം നിലനിൽക്കവേ, യഹോവയെ വിശ്വസ്‌തതയോടെ സേവിക്കുന്നവർ പീഡിപ്പിക്കപ്പെടുമെന്നു പ്രതീക്ഷിക്കേണ്ടതാണ്. (2 തിമൊഥെയൊസ് 3:12) ഈ സാത്താന്യ പീഡനത്തിന്റെ മൂലകാരണം നിങ്ങൾക്കറിയാമോ?
9, 10. പിശാച് എന്തു വാദം ഉന്നയിച്ചിരിക്കുന്നു, മനുഷ്യരുടെ പ്രവർത്തനങ്ങൾ അതുമായി എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു?
9 സാർവത്രിക പരമാധികാരം സംബന്ധിച്ച് പിശാച് ഒരു വാദം ഉന്നയിച്ചിരിക്കുന്നു. അതിനോടു ബന്ധപ്പെട്ട്, മനുഷ്യർക്കു സ്രഷ്ടാവിനോടുള്ള ദൃഢവിശ്വസ്‌തതയെയും അവൻ ചോദ്യം ചെയ്‌തു. നീതിമാനായ ഇയ്യോബിന്റെമേൽ സാത്താൻ പീഡനം അഴിച്ചുവിടുകയുണ്ടായി. എന്തിന്? യഹോവയോടുള്ള ഇയ്യോബിന്റെ ദൃഢവിശ്വസ്‌തത തകർക്കാൻ. ആ സന്ദർഭത്തിൽ അവന്റെ ഭാര്യയും “വ്യസനിപ്പിക്കുന്ന ആശ്വാസകന്മാ”രായ മൂന്നുപേരും പിശാചിന്റെ ഉദ്ദേശ്യസാക്ഷാത്‌കാരത്തിനായി പ്രവർത്തിച്ചു. ഇയ്യോബിന്റെ പുസ്‌തകം പ്രകടമാക്കുന്നതുപോലെ, പരീക്ഷിക്കപ്പെടാൻ അനുവദിക്കുന്നപക്ഷം യാതൊരു മനുഷ്യനും ദൈവത്തോടു വിശ്വസ്‌തത പാലിക്കുകയില്ലെന്ന് പിശാച് ദൈവത്തെ വെല്ലുവിളിച്ചു. എന്നാൽ നിർമലത മുറുകെപ്പിടിച്ച ഇയ്യോബ്, സാത്താൻ നുണയനാണെന്നു തെളിയിച്ചു. (ഇയ്യോബ് 1:8-2:9; 16:2; 27:5; 31:6) യഹോവയുടെ സാക്ഷികളുടെ നിർമലത തകർക്കാനും തന്റെ വാദം ശരിയാണെന്നു തെളിയിക്കാനും പിശാച് ഇന്ന് അവരെ പീഡിപ്പിക്കുന്നു.
10 ദൈവത്തോടുള്ള നമ്മുടെ ദൃഢവിശ്വസ്‌തത തകർക്കാൻ അതിയായി കാംക്ഷിക്കുന്നതിനാലാണ് പിശാച് നമ്മുടെമേൽ പീഡനം അഴിച്ചുവിടുന്നതെന്ന അറിവ്, യഥാർഥത്തിൽ ധൈര്യവും ഉറപ്പും ഉള്ളവർ ആയിരിക്കാൻ നമ്മെ സഹായിക്കും. (ആവർത്തനപുസ്‌തകം 31:6) അഖിലാണ്ഡ പരമാധികാരിയായ നമ്മുടെ ദൈവം നിർമലത കാത്തുസൂക്ഷിക്കാൻ നമ്മെ സഹായിക്കും. വലിയ നിന്ദകനായ പിശാചായ സാത്താനു മറുപടി നൽകാൻ ദൈവത്തിന് അവസരം പ്രദാനം ചെയ്‌തുകൊണ്ടും നിർമലതാപാലകരായി ജീവിച്ചുകൊണ്ടും യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ നമുക്ക് എല്ലായ്‌പോഴും ശ്രമിക്കാം.—സദൃശവാക്യങ്ങൾ 27:11.
“ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ”
11. ‘പരീക്ഷയിൽ കടത്തരുതേ’ എന്ന് അപേക്ഷിക്കുമ്പോൾ നാം എന്താണ് അർഥമാക്കുന്നത്?
11 ഒരു നിർമലതാപാലകൻ ആയിരിക്കുകയെന്നതു നിസ്സാര സംഗതിയല്ല; അതിന് ആത്മാർഥമായ പ്രാർഥന അനിവാര്യമാണ്. മാതൃകാ പ്രാർഥനയിലെ വാക്കുകൾ ഇക്കാര്യത്തിൽ വിശേഷാൽ സഹായകമാണ്. അതിന്റെ ഭാഗമായി യേശു ഇങ്ങനെ പറഞ്ഞു: “ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.” (മത്തായി 6:13) പാപം ചെയ്യിക്കാൻ യഹോവ നമ്മെ പരീക്ഷിക്കുന്നില്ല. (യാക്കോബ് 1:13) എന്നാൽ ചില കാര്യങ്ങൾ സംഭവിക്കാൻ യഹോവ അനുവദിക്കുമ്പോൾ അവൻ അക്കാര്യങ്ങൾ ചെയ്യുന്നതായിട്ടോ അതിന് ഇടയാക്കുന്നതായിട്ടോ ചിലപ്പോഴൊക്കെ തിരുവെഴുത്തുകൾ പറയുന്നു. (രൂത്ത് 1:20, 21) അതുകൊണ്ട് യേശു പറഞ്ഞപ്രകാരം പ്രാർഥിക്കുമ്പോൾ, പരീക്ഷിക്കപ്പെടുമ്പോൾ കൈവിടരുതെന്നാണു നാം യഹോവയോട് അപേക്ഷിക്കുന്നത്. അവൻ ആ അപേക്ഷ കേൾക്കുകതന്നെ ചെയ്യും, എന്തുകൊണ്ടെന്നാൽ തിരുവെഴുത്തുകൾ ഇങ്ങനെ ഉറപ്പുനൽകുന്നു: “ദൈവം വിശ്വസ്‌തൻ; നിങ്ങൾക്കു കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.”—1 കൊരിന്ത്യർ 10:13.
12. “ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ” എന്നു നാം പ്രാർഥിക്കുന്നത് എന്തുകൊണ്ട്?
12 മാതൃകാ പ്രാർഥനയിൽ പരീക്ഷയെക്കുറിച്ചു പറഞ്ഞശേഷം യേശു ഉചിതമായും ഇങ്ങനെ പ്രസ്‌താവിച്ചു: “ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.” (മത്തായി 6:13) ചില ഭാഷാന്തരങ്ങൾ, “തിന്മയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ” (പി.ഒ.സി. ബൈബിൾ) അല്ലെങ്കിൽ “ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേണമെ” (ഗുണ്ടർട്ട് ബൈബിൾ) എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. എന്നാൽ, മുഖ്യമായും വ്യക്തികളോടുള്ള ബന്ധത്തിലാണ് തിരുവെഴുത്തുകൾ “വിടുവിക്കേണമേ” എന്ന പദം ഉപയോഗിക്കുന്നത്. മത്തായിയുടെ സുവിശേഷം, പിശാചിനെ “പരീക്ഷകൻ” എന്നു വിളിച്ചുകൊണ്ട് അവനെ ഒരു വ്യക്തിയായി എടുത്തുകാട്ടുന്നു. (മത്തായി 4:3, 11) അതുകൊണ്ട് പിശാചായ സാത്താൻ എന്ന ‘ദുഷ്ടനിൽനിന്നു’ വിടുവിക്കപ്പെടുന്നതിനായി പ്രാർഥിക്കുന്നതു പ്രധാനമാണ്. നാം ദൈവത്തിനെതിരെ പാപം ചെയ്യാൻ അവൻ കളമൊരുക്കുന്നു. (1 തെസ്സലൊനീക്യർ 3:5) “ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ” എന്ന് അപേക്ഷിക്കുമ്പോൾ, പിശാച് നമ്മെ കീഴ്‌പെടുത്താതിരിക്കേണ്ടതിന് നമുക്കു മാർഗനിർദേശവും സഹായവും നൽകാൻ നമ്മുടെ സ്വർഗീയ പിതാവിനോടു നാം അഭ്യർഥിക്കുകയാണു ചെയ്യുന്നത്.
പിശാചു നിങ്ങളെ തോൽപ്പിക്കാതിരിക്കട്ടെ
13, 14. ദുർമാർഗിയായിരുന്ന ഒരു സഭാംഗത്തോടുള്ള ഇടപെടലിൽ കൊരിന്ത്യർ മാറ്റംവരുത്തേണ്ടിയിരുന്നത് എന്തുകൊണ്ട്?
13 ക്ഷമിക്കുന്നവർ ആയിരിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് കൊരിന്തിലെ ക്രിസ്‌ത്യാനികൾക്ക് പൗലൊസ് ഇങ്ങനെ എഴുതി: “നിങ്ങൾ വല്ലതും ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു; എന്നാൽ ഞാൻ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കിൽ നിങ്ങൾ നിമിത്തം ക്രിസ്‌തുവിന്റെ സന്നിധാനത്തിൽ ക്ഷമിച്ചിരിക്കുന്നു. സാത്താൻ നമ്മെ തോല്‌പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.” (2 കൊരിന്ത്യർ 2:10, 11) പല വിധങ്ങളിൽ നമ്മെ തോൽപ്പിക്കാൻ പിശാചിനു കഴിയും. എന്നാൽ പൗലൊസ് ഇങ്ങനെയൊരു പ്രസ്‌താവന നടത്തിയത് എന്തുകൊണ്ടാണ്?
14 ദുർമാർഗിയായ ഒരു മനുഷ്യനെ സഭയിൽ അംഗമായി തുടരാൻ അനുവദിച്ചതിനാൽ പൗലൊസ് കൊരിന്ത്യരെ ശാസിച്ചിരുന്നു. “ജാതികളിൽപോലും ഇല്ലാത്ത ദുർന്നടപ്പു” അനുവദിച്ചതിലൂടെ സഭയ്‌ക്കു നിന്ദ കൈവന്നതിൽ സാത്താനു സന്തോഷം തോന്നിയിരിക്കണം. ഒടുവിൽ ആ ദുഷ്‌പ്രവൃത്തിക്കാരനെ സഭയിൽനിന്നു പുറത്താക്കി. (1 കൊരിന്ത്യർ 5:1-5, 11-13) എന്നാൽ പിന്നീട് അദ്ദേഹം അനുതപിച്ചു. ആ വ്യക്തിയോടു ക്ഷമിക്കാനും അദ്ദേഹത്തെ പുനഃസ്ഥിതീകരിക്കാനും കൊരിന്ത്യർ വിസമ്മതിച്ചാൽ പിശാച് മറ്റൊരു വിധത്തിൽ അവരെ തോൽപ്പിക്കുമായിരുന്നു. എങ്ങനെ? സാത്താനെപ്പോലെതന്നെ അവർ കഠിനഹൃദയരും കരുണയില്ലാത്തവരും ആകുമായിരുന്നു. അനുതാപമുള്ള വ്യക്തി “അതിദുഃഖത്തിൽ മുങ്ങി”പ്പോകുകയും സത്യാരാധന അപ്പാടെ ഉപേക്ഷിക്കുകയും ചെയ്‌താൽ, കരുണാമയനായ യഹോവയാം ദൈവത്തിന്റെ മുമ്പാകെ അവർ, പ്രത്യേകിച്ചു മൂപ്പന്മാർ, ഒരു പരിധിവരെ ഉത്തരവാദികൾ ആയിരിക്കുമായിരുന്നു. (2 കൊരിന്ത്യർ 2:7; യാക്കോബ് 2:13; 3:1) ക്രൂരനും കഠിനഹൃദയനും കരുണയില്ലാത്തവനും ആയിരുന്നുകൊണ്ട് സാത്താനെ അനുകരിക്കാൻ ഒരു സത്യക്രിസ്‌ത്യാനിയും ആഗ്രഹിക്കുകയില്ല.
ദൈവത്തിൽനിന്നുള്ള ആയുധവർഗം സംരക്ഷണമേകുന്നു
15. ഏതുതരം പോരാട്ടത്തിലാണു നാം ഉൾപ്പെട്ടിരിക്കുന്നത്, നമ്മുടെ വിജയം എന്തിനെ ആശ്രയിച്ചിരിക്കുന്നു?
15 പിശാചിൽനിന്നു വിടുവിക്കപ്പെടണമെങ്കിൽ ദുഷ്ടാത്മസേനയ്‌ക്കെതിരെ നാം ആത്മീയ പോരാട്ടം നടത്തണം. ശക്തരായ ദുഷ്ടാത്മാക്കളെ ജയിച്ചടക്കാൻ “ദൈവത്തിന്റെ സർവ്വായുധവർഗ്ഗം” ധരിക്കുന്നതു സുപ്രധാനമാണ്. (എഫെസ്യർ 6:11-18) “നീതി എന്ന കവചം” ഈ ആയുധവർഗത്തിന്റെ ഒരു ഭാഗമാണ്. (എഫെസ്യർ 6:14) പുരാതന ഇസ്രായേലിലെ ശൗൽ രാജാവ് ദൈവത്തെ ധിക്കരിച്ചപ്പോൾ അവനു പരിശുദ്ധാത്മാവിന്റെ പിന്തുണ നഷ്ടമായി. (1 ശമൂവേൽ 15:22, 23) എന്നാൽ, നീതി പ്രവർത്തിക്കുകയും ആത്മീയ സർവ്വായുധവർഗ്ഗം ധരിക്കുകയും ചെയ്യുന്നെങ്കിൽ നമുക്കു പരിശുദ്ധാത്മാവിന്റെ പിന്തുണയും സാത്താന്റെയും അവന്റെ ഭൂത കൂട്ടാളികളായ ദുഷ്ടദൂതന്മാരുടെയും ആക്രമണത്തിൽനിന്നുള്ള സംരക്ഷണവും ഉണ്ടായിരിക്കും.—സദൃശവാക്യങ്ങൾ 18:10.
16. ദുഷ്ടാത്മാക്കളിൽനിന്നുള്ള തുടർച്ചയായ സംരക്ഷണത്തിനു നാം എന്തു ചെയ്യണം?
16 ദുഷ്ടാത്മാക്കളിൽനിന്നുള്ള തുടർച്ചയായ സംരക്ഷണത്തിന് നാം മറ്റു സംഗതികളോടൊപ്പം, ‘വിശ്വസ്‌ത ഗൃഹവിചാരകൻ’ പ്രദാനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങൾ നന്നായി ഉപയോഗപ്പെടുത്തിക്കൊണ്ട് ദിവസവും ദൈവവചനം വായിക്കുകയും പഠിക്കുകയും ചെയ്യണം. (ലൂക്കൊസ് 12:42) അപ്പോൾ നാം, പൗലൊസിന്റെ പിൻവരുന്ന ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ ആത്മീയ വിഷയങ്ങളാൽ മനസ്സിനെ നിറയ്‌ക്കുകയായിരിക്കും ചെയ്യുന്നത്: “സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്‌ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്‌ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.”—ഫിലിപ്പിയർ 4:8.
17. ഫലപ്രദമായി സുവാർത്ത ഘോഷിക്കാൻ നമ്മെ എന്തു സഹായിക്കും?
17 “സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം എഫെസ്യർ 6:15) ക്രിസ്‌തീയ യോഗങ്ങളിൽ ക്രമമായി ഹാജരാകുന്നത്, ദൈവരാജ്യ സുവാർത്ത ഘോഷിക്കാൻ നമ്മെ സജ്ജരാക്കുന്നു. ദൈവത്തെ സംബന്ധിച്ച സത്യം പഠിക്കാനും ആത്മീയ സ്വാതന്ത്ര്യം ആസ്വദിക്കാനും മറ്റുള്ളവരെ സഹായിക്കുന്നത് നമുക്ക് എത്ര സന്തോഷം പകരുന്നു! (യോഹന്നാൻ 8:32) വ്യാജോപദേശങ്ങളിൽനിന്നുള്ള സംരക്ഷണത്തിനും ‘കോട്ടകളെ ഇടിക്കുന്നതിനും’ അഥവാ രൂഢമൂലമായ കാര്യങ്ങൾ പിഴുതെറിയുന്നതിനും ‘ദൈവവചനം എന്ന ആത്മാവിന്റെ വാൾ’ അനിവാര്യമാണ്. (2 കൊരിന്ത്യർ 10:4, 5, NW; എഫെസ്യർ 6:17) ദൈവത്തിന്റെ ലിഖിത വചനമായ ബൈബിളിന്റെ വിദഗ്‌ധ ഉപയോഗം, സത്യം പഠിപ്പിക്കാൻ നമ്മെ സഹായിക്കുകയും പിശാചിന്റെ തന്ത്രങ്ങളിൽ വീണുപോകുന്നതിൽനിന്നു നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.
കാലിന്നു ചെരിപ്പാ”ക്കാൻ യഹോവ നമ്മെ പ്രാപ്‌തരാക്കുന്നു. (18. “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്‌പാൻ” നമുക്ക് എങ്ങനെ കഴിയും?
18 “കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ. പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്‌പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ” എന്ന വാക്കുകളോടെയാണ്, നമുക്കുണ്ടായിരിക്കേണ്ട ആത്മീയ ആയുധവർഗം സംബന്ധിച്ചുള്ള പൗലൊസിന്റെ വിവരണം ആരംഭിക്കുന്നത്. (എഫെസ്യർ 6:10, 11) ‘എതിർത്തുനിൽക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം, ഒരു പട്ടാളക്കാരൻ തന്റെ സ്ഥാനത്ത് ഇളകാതെ നിൽക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. സമാനമായി, ആത്മീയ പോരാട്ടത്തിൽ നാം കാലുറപ്പിച്ചുനിൽക്കുന്നു, നമ്മുടെ ഐക്യം ദുർബലമാക്കാനും പഠിപ്പിക്കലുകൾ ദുഷിപ്പിക്കാനും ദൈവത്തോടുള്ള നിർമലത തകർക്കാനുമുള്ള ലക്ഷ്യത്തിൽ സാത്താൻ അനേകം തന്ത്രങ്ങൾ ഉപയോഗിക്കുന്നെങ്കിൽപ്പോലും. ഇന്നുവരെയും പിശാചിന് അതിൽ വിജയിക്കാനായിട്ടില്ല, ഇനിയൊട്ടു വിജയിക്കുകയുമില്ല! *
പിശാചിനോട് എതിർത്തുനിൽക്കുക, അവൻ ഓടിപ്പോകും
19. പിശാചിനെ ശക്തമായി പ്രതിരോധിക്കാനുള്ള ഒരു മാർഗം ഏത്?
19 പിശാചിനും അവന്റെ നിയന്ത്രണത്തിലുള്ള ദുഷ്ടാത്മസേനയ്‌ക്കും എതിരെയുള്ള ആത്മീയ പോരാട്ടത്തിൽ നമുക്കു വിജയിക്കാനാകും. സാത്താൻ എന്നു കേൾക്കുമ്പോൾ നാം പേടിച്ചു വിറയ്‌ക്കേണ്ടതില്ല. എന്തുകൊണ്ടെന്നാൽ, “നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്‌പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും” എന്ന് ശിഷ്യനായ യാക്കോബ് എഴുതി. (യാക്കോബ് 4:7) സാത്താനെയും അവന്റെ കൂട്ടാളികളായ ദുഷ്ടാത്മ ജീവികളെയും ശക്തമായി പ്രതിരോധിക്കാനുള്ള ഒരു മാർഗം, ഗൂഢവിദ്യ ഉൾപ്പെടെയുള്ള മാന്ത്രികാചാരങ്ങളെയും അവയുമായി ബന്ധപ്പെട്ടവരെയും പരിപൂർണമായി അകറ്റിനിറുത്തുക എന്നതാണ്. യഹോവയുടെ ദാസന്മാർ ശകുനം നോക്കുകയോ ജ്യോതിഷം, ഭാവികഥനവിദ്യ, ആത്മവിദ്യ എന്നിവയിൽ ഏർപ്പെടുകയോ ചെയ്യരുതെന്ന് തിരുവെഴുത്തുകൾ വ്യക്തമായി പ്രകടമാക്കുന്നു. നാം ആത്മീയമായി ശക്തരും തിരക്കുള്ളവരും ആണെങ്കിൽ ആരെങ്കിലും നമുക്കെതിരെ ചെയ്‌തേക്കാവുന്ന ക്ഷുദ്രപ്രയോഗം ഫലിക്കുമെന്നു ഭയപ്പെടേണ്ടതില്ല.—സംഖ്യാപുസ്‌തകം 23:23; ആവർത്തനപുസ്‌തകം 18:10-12; യെശയ്യാവു 47:12-15; പ്രവൃത്തികൾ 19:18-20.
20. പിശാചിനോട് എതിർത്തുനിൽക്കാൻ നമുക്ക് എങ്ങനെ കഴിയും?
20 ബൈബിൾ നിലവാരങ്ങളോടും സത്യങ്ങളോടും പറ്റിനിന്നുകൊണ്ടും പിശാചിനെതിരെ ശക്തമായി ഉറച്ചുനിന്നുകൊണ്ടും നമുക്ക് അവനെ ‘എതിർക്കാൻ’ കഴിയും. സാത്താൻ ദൈവമായിരിക്കുന്ന ഈ ലോകം അവന്റെ ഇഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നു. (2 കൊരിന്ത്യർ 4:4) അതുകൊണ്ട് അഹങ്കാരം, സ്വാർഥത, അധാർമികത, അക്രമം, ഭൗതികത്വം തുടങ്ങിയ ലോകത്തിന്റെ രീതികൾ നാം നിരാകരിക്കുന്നു. മരുഭൂമിയിൽ പരീക്ഷിക്കപ്പെട്ട സന്ദർഭത്തിൽ യേശു തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് പിശാചിന്റെ ആക്രമണത്തെ ചെറുത്തപ്പോൾ അവൻ യേശുവിനെ വിട്ടുപോയെന്നു നമുക്കറിയാം. (മത്തായി 4:4, 7, 10, 11) സമാനമായി, നാം യഹോവയ്‌ക്കു പൂർണമായി കീഴ്‌പെട്ടിരിക്കുകയും പ്രാർഥനാപൂർവം അവനിൽ ആശ്രയിക്കുകയും ചെയ്‌താൽ സാത്താൻ ‘നമ്മെ വിട്ട് ഓടിപ്പോകും.’ (എഫെസ്യർ 6:18) യഹോവയാം ദൈവവും അവന്റെ പ്രിയപുത്രനും നമ്മുടെ സഹായത്തിനുള്ളതിനാൽ നമുക്കു സ്ഥായിയായ ദ്രോഹം ചെയ്യാൻ ആർക്കും സാധിക്കില്ല, പിശാചിനുപോലും!—സങ്കീർത്തനം 91:9-11.
[അടിക്കുറിപ്പ്]
^ ഖ. 18 ദൈവത്തിൽനിന്നുള്ള ആത്മീയ ആയുധവർഗം സംബന്ധിച്ച കൂടുതലായ വിവരങ്ങൾക്ക്, 1992 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 21-3 പേജുകൾ കാണുക.
നിങ്ങൾ എങ്ങനെ മറുപടി പറയും?
• പിശാചായ സാത്താനെ നാം ഭയപ്പെടേണ്ടതുണ്ടോ?
• സാത്താൻ ക്രിസ്‌ത്യാനികളുടെമേൽ പീഡനം കൊണ്ടുവരുന്നത് എന്തുകൊണ്ട്?
• “ദുഷ്ടങ്കൽനിന്നു” വിടുവിക്കപ്പെടാൻ നാം പ്രാർഥിക്കുന്നത് എന്തുകൊണ്ട്?
• ആത്മീയ പോരാട്ടത്തിൽ വിജയിക്കാൻ നമുക്ക് എങ്ങനെ കഴിയും?
[അധ്യയന ചോദ്യങ്ങൾ]
[26-ാം പേജിലെ ചിത്രം]
യേശുവിന്റെ നിർഭയരായ ആദിമ ശിഷ്യന്മാർ മരണത്തോളം വിശ്വസ്‌തത കാത്തു
[27-ാം പേജിലെ ചിത്രം]
യഹോവയുടെ സ്‌മരണയിലുള്ളവർ പുനരുത്ഥാനം പ്രാപിക്കുന്നതു തടയാൻ പിശാചിനു കഴിയില്ല
[28-ാം പേജിലെ ചിത്രം]
“ദുഷ്ടങ്കൽനിന്നു” വിടുവിക്കപ്പെടാൻ നിങ്ങൾ പ്രാർഥിക്കുന്നുണ്ടോ?
[29-ാം പേജിലെ ചിത്രം]
നിങ്ങൾ “ദൈവത്തിന്റെ സർവ്വായുധവർഗ്ഗം” ധരിച്ചിരിക്കുന്നുവോ?