വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നെഹെമ്യാവിൽനിന്നുള്ള വിശേഷാശയങ്ങൾ

നെഹെമ്യാവിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

നെഹെമ്യാവിൽനിന്നുള്ള വിശേഷാശയങ്ങൾ

എസ്രാ എന്ന ബൈബിൾ പുസ്‌തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒടുവിലത്തെ സംഭവങ്ങൾ അരങ്ങേറിയിട്ട്‌ ഇപ്പോൾ 12 വർഷം കഴിഞ്ഞിരിക്കുന്നു. “യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്‌പന പുറപ്പെടുന്ന”തിനുള്ള സമയം അടുത്തുവരുകയാണ്‌, മിശിഹായിലേക്കു നീളുന്ന 70 ആഴ്‌ചവട്ടങ്ങൾക്ക്‌ അതു തുടക്കമിടും. (ദാനീയേൽ 9:24-27) യെരൂശലേമിന്റെ മതിലുകൾ പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ടുള്ള ദൈവജനത്തിന്റെ ചരിത്രമാണ്‌ നെഹെമ്യാവു എന്ന പുസ്‌തകത്തിന്റെ ഉള്ളടക്കം. പൊതുയുഗത്തിനു മുമ്പ്‌ (പൊ.യു.മു.) 456-ൽ തുടങ്ങി പൊ.യു.മു. 443-നു ശേഷംവരെയുള്ള 12 വർഷത്തിലേറെ നീളുന്ന നിർണായകമായ ഒരു കാലഘട്ടം ഇതിൽ ഉൾപ്പെടുന്നു.

ഗവർണറായ നെഹെമ്യാവാണ്‌ ഈ പുസ്‌തകം എഴുതിയത്‌. നിശ്ചയദാർഢ്യവും യഹോവയിലുള്ള പരിപൂർണ ആശ്രയവും ഒത്തുചേരുമ്പോൾ സത്യാരാധന എത്രമാത്രം ഔന്നത്യത്തിലെത്തും എന്നതിന്റെ ആവേശജനകമായ വിവരണമാണിത്‌. യഹോവ തന്റെ ഇഷ്ടം നിറവേറ്റുന്നതിനായി കാര്യങ്ങളെ നയിക്കുന്നത്‌ എങ്ങനെയെന്ന്‌ ഇതു വ്യക്തമായി കാണിച്ചുതരുന്നു. ആത്മവീര്യവും ധൈര്യവും ഒത്തിണങ്ങിയ ഒരു നേതാവിന്റെ കഥകൂടിയാണിത്‌. നെഹെമ്യാവിന്റെ പുസ്‌തകത്തിൽനിന്നുള്ള സന്ദേശം ഇന്നത്തെ സകല സത്യാരാധകർക്കും വിലയേറിയ പാഠങ്ങൾ നൽകുന്നു. കാരണം, “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതാ”ണ്‌.—എബ്രായർ 4:12.

‘മതിൽ പണിതു തീർത്തു’

(നെഹെമ്യാവു 1:1-6:19)

നെഹെമ്യാവ്‌ ശൂശൻ രാജധാനിയിൽ അർത്ഥഹ്‌ശഷ്ടാവ്‌ ലോംഗിമാനസ്‌ രാജാവിന്റെ സന്നിധിയിൽ ഒരു വിശ്വസ്‌ത പരിചാരകനായി സേവിക്കുകയാണ്‌. തന്റെ ജനം “മഹാകഷ്ടത്തിലും അപമാനത്തിലും” കഴിയുകയാണെന്നും “യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ തീവെച്ചു ചുട്ടും കിടക്കു”കയാണെന്നും കേൾക്കുമ്പോൾ നെഹെമ്യാവിന്റെ മനസ്സ്‌ അങ്ങേയറ്റം അസ്വസ്ഥമാകുന്നു. മാർഗനിർദേശത്തിനായി അവൻ മുട്ടിപ്പായി ദൈവത്തോടു പ്രാർഥിക്കുന്നു. (നെഹെമ്യാവു 1:3, 4) പിന്നീട്‌ രാജാവ്‌ നെഹെമ്യാവിന്റെ മുഖം വാടിയിരിക്കുന്നതു ശ്രദ്ധിക്കുകയും അങ്ങനെ അവന്‌ യെരൂശലേമിലേക്കു പോകാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു.

യെരൂശലേമിൽ എത്തിയപ്പോൾ നെഹെമ്യാവ്‌ ഇരുട്ടത്ത്‌ ആരുമറിയാതെ പോയി മതിലുകൾ പരിശോധിക്കുന്നു. മതിലുകൾ പുതുക്കിപ്പണിയുന്നതിനെക്കുറിച്ചുള്ള തന്റെ പദ്ധതികൾ അവൻ യഹൂദന്മാരെ അറിയിക്കുന്നു. പണി ആരംഭിക്കുന്നു, ഒപ്പം എതിർപ്പുകളും. എന്നിരുന്നാലും, നെഹെമ്യാവിന്റെ ധീരനേതൃത്വത്തിൻ കീഴിൽ യഹൂദർ ‘മതിൽ പണിതു തീർക്കുന്നു.’—നെഹെമ്യാവു 6:15.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

1:1; 2:1ഈ രണ്ടു വാക്യങ്ങളിലും പറഞ്ഞിരിക്കുന്ന ‘ഇരുപതാം ആണ്ട്‌’ എണ്ണിത്തുടങ്ങുന്നത്‌ ഒരേ സംഭവത്തെ ആസ്‌പദമാക്കിയാണോ? ഇരുപതാം ആണ്ട്‌ എന്നുപറയുന്നത്‌ അർത്ഥഹ്‌ശഷ്ടാവ്‌ രാജാവിന്റെ ഭരണത്തിന്റെ 20-ാം ആണ്ടാണ്‌. എന്നാൽ ഈ രണ്ടു വാക്യങ്ങളിലും കണക്കുകൂട്ടലിന്‌ അവലംബിച്ചിരിക്കുന്ന രീതികൾ വ്യത്യസ്‌തമാണ്‌. അർത്ഥഹ്‌ശഷ്ടാവ്‌ സിംഹാസനസ്ഥനായത്‌ പൊ.യു.മു. 475-ലാണെന്ന്‌ ചരിത്രരേഖകൾ ചൂണ്ടിക്കാട്ടുന്നു. ബാബിലോണിയൻ ശാസ്‌ത്രിമാർ പേർഷ്യൻ രാജാക്കന്മാരുടെ ഭരണവർഷം കണക്കുകൂട്ടിയിരുന്നത്‌ നീസാൻ (മാർച്ച്‌/ഏപ്രിൽ) മുതൽ നീസാൻ വരെയാണ്‌. അതിൻപ്രകാരം അർത്ഥഹ്‌ശഷ്ടാവിന്റെ ഭരണത്തിന്റെ ഒന്നാം വർഷം പൊ.യു.മു. 474 നീസാനിൽ തുടങ്ങി. അതുകൊണ്ട്‌ നെഹെമ്യാവു 2:1-ൽ പറയുന്ന 20-ാം ആണ്ട്‌ പൊ.യു.മു. 455 നീസാനിൽ ആരംഭിച്ചു. എന്നാൽ നെഹെമ്യാവു 1:1-ൽ പറഞ്ഞിരിക്കുന്ന കിസ്ലേവ്‌ മാസം (നവംബർ/ഡിസംബർ) മുൻവർഷത്തെ, അതായത്‌ പൊ.യു.മു. 456-ലെ കിസ്ലേവ്‌ ആയിരിക്കുമെന്ന്‌ യുക്തിസഹമായി ചിന്തിക്കാനാകും. കിസ്ലേവ്‌ മാസവും അർത്ഥഹ്‌ശഷ്ടാവിന്റെ ഭരണത്തിന്റെ 20-ാം ആണ്ടിൽത്തന്നെ വരുന്നതായി നെഹെമ്യാവ്‌ പരാമർശിക്കുന്നു. ഈ കേസിൽ, രാജാവ്‌ സിംഹാസനാരോഹണം ചെയ്‌ത തീയതി മുതൽത്തന്നെയായിരിക്കണം നെഹെമ്യാവ്‌ കണക്കുകൂട്ടിയത്‌. ഇനി, ഇന്നത്തെ നിലയിലുള്ള യഹൂദ കലണ്ടറനുസരിച്ചായിരിക്കാം നെഹെമ്യാവ്‌ കണക്കുകൂട്ടിയത്‌ എന്നുംവരാം, ആ കലണ്ടറിൽ വർഷം തുടങ്ങുന്നത്‌ ആധുനിക കലണ്ടറിൽ സെപ്‌റ്റംബർ/ഒക്ടോബർ മാസവുമായി ഒത്തുവരുന്ന തിസ്രി മാസത്തിലാണ്‌. എന്തുതന്നെയായിരുന്നാലും യെരൂശലേം പുതുക്കിപ്പണിയാനുള്ള കൽപ്പന പുറപ്പെട്ടത്‌ പൊ.യു.മു. 455-ലാണ്‌.

4:17, 18—ഒരു കൈ മാത്രം ഉപയോഗിച്ചുകൊണ്ട്‌ എങ്ങനെയാണ്‌ പണിയാൻ കഴിയുന്നത്‌? ചുമടെടുക്കുന്നവർക്ക്‌ ഇത്‌ ഒരു പ്രശ്‌നമായിരിക്കില്ല. ചുമട്‌ തലയിലോ ചുമലിലോ കയറ്റിക്കഴിഞ്ഞാൽപ്പിന്നെ താങ്ങുകൊടുക്കാൻ ഒരു കൈ ധാരാളം മതിയാകും, അപ്പോൾ “മറ്റെ കൈകൊണ്ടു ആയുധം” പിടിക്കാൻ കഴിയും. പണിക്ക്‌ ഇരുകൈകളും ഉപയോഗിക്കേണ്ടിവന്നവർ “അരെക്കു വാൾ കെട്ടിയുംകൊണ്ടു പണിതു.” ശത്രുക്കളുടെ ആക്രമണമുണ്ടാകുന്നപക്ഷം സ്വയം പ്രതിരോധിക്കാൻ അവർ തയ്യാറെടുത്തിരുന്നു.

5:7—നെഹെമ്യാവ്‌ “പ്രഭുക്കന്മാരെയും പ്രമാണികളെയും ശാസിച്ചു” എന്നു പറയുന്നത്‌ ഏത്‌ അർഥത്തിലാണ്‌? ഇവർ സഹ ഇസ്രായേല്യരോട്‌ പലിശ വാങ്ങുന്നുണ്ടായിരുന്നു, അത്‌ മോശൈകനിയമത്തിന്റെ ലംഘനമായിരുന്നു. (ലേവ്യപുസ്‌തകം 25:36; ആവർത്തനപുസ്‌തകം 23:19) മാത്രമല്ല ഉയർന്ന പലിശനിരക്കാണ്‌ ഈടാക്കിയിരുന്നത്‌. മാസംതോറും “നൂറ്റിന്നു ഒന്നു” എന്ന കണക്കിൽ ഈടാക്കിയാൽ വർഷം 12 ശതമാനം പലിശ ആകുമായിരുന്നു. (നെഹെമ്യാവു 5:11) അപ്പോൾത്തന്നെ നികുതിയാലും ഭക്ഷ്യദൗർലഭ്യത്താലും ഭാരപ്പെട്ടിരിക്കുന്ന ജനങ്ങളോട്‌ ഇത്തരത്തിൽ പെരുമാറുന്നത്‌ ക്രൂരത ആയിരുന്നു. ദൈവനിയമത്തിന്റെ വെളിച്ചത്തിലാണ്‌ നെഹെമ്യാവ്‌ അവരിൽ കുറ്റംകണ്ടുപിടിക്കുകയും അവരെ തിരുത്തുകയും ശാസിക്കുകയും ചെയ്‌തത്‌. അങ്ങനെ അവൻ ആ ധനവാന്മാരുടെ തെറ്റ്‌ തുറന്നുകാട്ടി.

6:5—രഹസ്യസ്വഭാവമുള്ള കത്തുകൾ സാധാരണ മുദ്രയിട്ടാണ്‌ അയയ്‌ക്കാറുള്ളത്‌. പക്ഷേ സൻബല്ലത്ത്‌ “തുറന്നിരിക്കുന്ന ഒരു എഴുത്തു” നെഹെമ്യാവിന്‌ അയച്ചത്‌ എന്തുകൊണ്ടാണ്‌? കത്ത്‌ മുദ്രയിടാതിരുന്നതുവഴി സൻബല്ലത്ത്‌ നെഹെമ്യാവിനെതിരെയുള്ള വ്യാജാരോപണങ്ങൾ പരസ്യമാക്കാൻ ആഗ്രഹിച്ചിരുന്നിരിക്കണം. ഈ കത്ത്‌ നെഹെമ്യാവിനെ പ്രകോപിതനാക്കുമെന്നും പണിയെല്ലാം ഇട്ടെറിഞ്ഞിട്ട്‌ തന്റെ ഭാഗം വാദിക്കാൻ അവൻ എത്തുമെന്നും സൻബല്ലത്ത്‌ കരുതിയിട്ടുണ്ടാവണം. അതുമല്ലെങ്കിൽ ഈ കത്തിലെ വിവരങ്ങൾ യഹൂദർക്കിടയിൽ വലിയ ഒച്ചപ്പാടിനിടയാക്കുമെന്നും അവരെല്ലാം ഒന്നടങ്കം പണിനിറുത്തിപ്പോകുമെന്നും സൻബല്ലെത്ത്‌ വിചാരിച്ചിരിക്കണം. എന്നാൽ ഈ ഭീഷണികൾക്കുമുന്നിൽ നെഹെമ്യാവ്‌ വഴങ്ങിയില്ല, അവൻ ശാന്തനായി തന്റെ ദൈവദത്ത നിയോഗം തുടർന്നു.

നമുക്കുള്ള പാഠങ്ങൾ:

1:4; 2:4; 4:4, 5. ദുഷ്‌കരമായ സാഹചര്യത്തെ നേരിടേണ്ടിവരുമ്പോഴോ സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടതുള്ളപ്പോഴോ നാം “പ്രാർത്ഥനയിൽ ഉറ്റിരി”ക്കുകയും ദിവ്യാധിപത്യ നിർദേശങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും വേണം.—റോമർ 12:13.

1:11–2:8; 4:4, 5, 15, 16; 6:16. തന്റെ ദാസന്മാരുടെ ആത്മാർഥമായ പ്രാർഥനകൾക്ക്‌ യഹോവ ഉത്തരം നൽകുന്നു.—സങ്കീർത്തനം 86:6, 7.

1:4; 4:19, 20; 6:3, 15. നെഹെമ്യാവ്‌ മൃദുലവികാരങ്ങളുള്ള ഒരു വ്യക്തിയായിരുന്നെങ്കിലും നീതിയുടെ പക്ഷത്ത്‌ ഉറച്ചുനിന്നുകൊണ്ട്‌ അവൻ ഒരു ഉത്തമ മാതൃകവെച്ചു.

1:11–2:3. നെഹെമ്യാവിന്റെ സന്തുഷ്ടിയുടെ മുഖ്യകാരണം, രാജാവിന്റെ പാനപാത്രവാഹകൻ എന്ന നിലയിലുള്ള അവന്റെ വിശിഷ്ട പദവിയല്ലായിരുന്നു. മറിച്ച്‌, സത്യാരാധനയുടെ ഉന്നമനം ആയിരുന്നു. നമ്മുടെ പ്രഥമ താത്‌പര്യവും സന്തോഷത്തിന്റെ മുഖ്യകാരണവും യഹോവയുടെ ആരാധനയും അത്‌ ഉന്നമിപ്പിക്കുന്ന കാര്യങ്ങളും ആയിരിക്കേണ്ടതല്ലേ?

2:4-8. യെരൂശലേമിന്റെ മതിലുകൾ പണിയാൻ വേണ്ടിയുള്ള യാത്രാനുമതി അർത്ഥഹ്‌ശഷ്ടാവ്‌ നെഹെമ്യാവിന്‌ നൽകാൻ യഹോവ ഇടയാക്കി. “രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു,” സദൃശവാക്യങ്ങൾ 21:1 പറയുന്നു.

3:5, 27. സത്യാരാധനയുമായി ബന്ധപ്പെട്ട്‌ കായികാധ്വാനം ചെയ്യേണ്ടതുണ്ടെങ്കിൽ അത്‌ നമ്മുടെ അന്തസ്സിനു ചേരാത്തതായി കരുതരുത്‌. പക്ഷേ, തെക്കോവ്യരിലെ “ശ്രേഷ്‌ഠന്മാർ” അത്‌ അന്തസ്സിനു നിരക്കാത്തതായി കണക്കാക്കിയിരുന്നു. എന്നാൽ അവരിൽ സാധാരണക്കാർ വേലചെയ്യാൻ മനസ്സോടെ മുന്നോട്ടുവന്നു.

3:10, 23, 28-30. ചിലർ രാജ്യപ്രസംഗവേലയുടെ ആവശ്യം കൂടുതലുള്ള സ്ഥലത്തേക്കു മാറിത്താമസിക്കുമ്പോൾ നമ്മിൽ പലരും നമ്മുടെ വീടിനടുത്തുതന്നെ സത്യാരാധനയെ പിന്താങ്ങുന്നു. രാജ്യഹാൾ നിർമാണത്തിലോ ദുരിതാശ്വാസ പ്രവർത്തനങ്ങളിലോ പങ്കെടുക്കുമ്പോൾ നാം സത്യാരാധനയെ പിന്തുണയ്‌ക്കുകയാണെങ്കിലും അതിനുള്ള സുപ്രധാന മാർഗം രാജ്യപ്രസംഗവേലയാണ്‌.

4:14. എതിർപ്പുകൾ നേരിടേണ്ടിവരുമ്പോൾ നാം “വലിയവനും ഭയങ്കരനുമായ”വനെക്കുറിച്ചു ചിന്തിക്കുന്നെങ്കിൽ നമുക്ക്‌ അത്തരം ഭയം തരണംചെയ്യാനാകും.

5:14-19. ഗവർണറായിരുന്ന നെഹെമ്യാവ്‌ ക്രിസ്‌തീയ മേൽവിചാരകന്മാർക്ക്‌ എളിമയുടെയും നിസ്സ്വാർഥതയുടെയും വിവേചനാപ്രാപ്‌തിയുടെയും കാര്യത്തിൽ ഒരു ഉത്തമമാതൃകയാണ്‌. ദൈവനിയമം പ്രാബല്യത്തിലാക്കാൻ തീക്ഷ്‌ണതയോടെ പ്രവർത്തിച്ചെങ്കിലും അവൻ സ്വാർഥ ലാഭത്തിനുവേണ്ടി മറ്റുള്ളവരുടെമേൽ അധീശത്വം കാണിച്ചില്ല. മറിച്ച്‌, ഭാരപ്പെട്ടിരുന്നവരോടും ദരിദ്രരോടും അവൻ പരിഗണന പ്രകടമാക്കി. ഉദാരമനസ്‌കതയുടെ കാര്യത്തിൽ നെഹെമ്യാവ്‌ എല്ലാ ദൈവദാസന്മാർക്കും ഒരു സവിശേഷ ദൃഷ്ടാന്തമാണ്‌.

“എന്റെ ദൈവമേ, ഇതു എനിക്കു നന്മെക്കായിട്ടു ഓർക്കേണമേ”

(നെഹെമ്യാവു 7:1-13:31)

യെരൂശലേമിന്റെ മതിലുകളുടെ പണി പൂർത്തീകരിച്ചയുടൻതന്നെ അതിന്‌ വാതിലുകൾ പിടിപ്പിച്ച്‌ നഗരം സുരക്ഷിതമാക്കാൻ നെഹെമ്യാവ്‌ ക്രമീകരണം ചെയ്യുന്നു. ആളുകളുടെ ഒരു വംശാവലിപ്പട്ടിക ഉണ്ടാക്കാനുള്ള പദ്ധതിയുമായി അവൻ മുന്നോട്ടുപോകുന്നു. ജനങ്ങളെല്ലാം “നീർവ്വാതിലിന്റെ മുമ്പിലുള്ള വിശാലസ്ഥലത്തു” വന്നുകൂടിയപ്പോൾ പുരോഹിതനായ എസ്രാ ന്യായപ്രമാണ പുസ്‌തകം അവരെ വായിച്ചുകേൾപ്പിക്കുകയും നെഹെമ്യാവും ലേവ്യരും അവ ജനങ്ങൾക്കു വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നു. (നെഹെമ്യാവു 8:1) കൂടാരപ്പെരുന്നാളിനെക്കുറിച്ചു വായിച്ചുകേട്ടപ്പോൾ അങ്ങനെയൊരു ഉത്സവം സംഘടിപ്പിക്കാൻ അവർക്കു ബഹുസന്തോഷമായിരുന്നു.

ഉടൻതന്നെ മറ്റൊരു കൂടിവരവും ഏർപ്പെടുത്തുന്നു. ആ അവസരത്തിൽ “യിസ്രായേൽസന്തതിയായവർ” തങ്ങളുടെ പിതാക്കന്മാരുടെ പാപങ്ങൾ ഏറ്റുപറയുന്നു, യിസ്രായേല്യരുമായുള്ള ദൈവത്തിന്റെ ഇടപെടലുകളെ ലേവ്യർ പുനരവലോകനം ചെയ്യുന്നു. കൂടാതെ ജനം തങ്ങളെല്ലാം യഹോവയുടെ “സകലകല്‌പനകളും വിധികളും ചട്ടങ്ങളും പ്രമാണിച്ചു ആചരിക്കുമെന്നു”ള്ള ഒരു പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു. (നെഹെമ്യാവു 9:1, 2; 10:29) യെരൂശലേമിൽ അപ്പോഴും താമസക്കാർ കുറവായിരുന്നതിനാൽ നഗരത്തിനു പുറത്തു പാർക്കുന്ന പത്തുപേരിൽ ഒരാൾവീതം നഗരത്തിലേക്കു താമസംമാറ്റുന്നതിനായി അവർ ചീട്ടിടുന്നു. തുടർന്ന്‌ മതിലിന്റെ ഉദ്‌ഘാടനമായി, ആ വേളയിൽ “യെരൂശലേമിലെ സന്തോഷഘോഷം ബഹുദൂരത്തോളം കേട്ടു.” (നെഹെമ്യാവു 12:43) നെഹെമ്യാവ്‌ യെരൂശലേമിലെത്തി 12 വർഷം കഴിയുമ്പോൾ അവൻ അർത്ഥഹ്‌ശഷ്ടാവിന്റെ കൊട്ടാരത്തിലെ തന്റെ ഉദ്യോഗം തുടരാൻ തിരികെപ്പോകുന്നു. അധികംവൈകാതെ അശുദ്ധനടപടികൾ യഹൂദസമൂഹത്തിലേക്കു നുഴഞ്ഞുകടക്കുന്നു. നെഹെമ്യാവ്‌ തിരികെ യെരൂശലേമിലേക്കു വരുകയും അവിടത്തെ സാഹചര്യങ്ങൾ നേരെയാക്കാൻ നിർണായക നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ഒടുവിൽ അവൻ തനിക്കുവേണ്ടിത്തന്നെ ഇപ്രകാരം ഒരു വിനീതമായ അപേക്ഷനടത്തുന്നു: “എന്റെ ദൈവമേ, ഇതു എനിക്കു നന്മെക്കായിട്ടു ഓർക്കേണമേ.”—നെഹെമ്യാവു 13:31.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

7:6-67—ഓരോ കുടുംബത്തിൽനിന്നും സെരുബ്ബാബേലിനോടൊപ്പം യെരൂശലേമിലേക്കു തിരിച്ചുവന്നതായി നെഹെമ്യാവ്‌ രേഖപ്പെടുത്തിയിരിക്കുന്നവരുടെ എണ്ണം എസ്രായുടേതിൽനിന്നു വ്യത്യസ്‌തമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (എസ്രാ 2:1-65) ഇതു രേഖപ്പെടുത്തുന്നതിനായി എസ്രായും നെഹെമ്യാവും ആശ്രയിച്ച ഉറവിടങ്ങൾ വ്യത്യസ്‌തമാണെന്നതായിരിക്കാം കാരണം. ഉദാഹരണത്തിന്‌, മടക്കയാത്രയ്‌ക്ക്‌ പേരുകൊടുത്തവരുടെ എണ്ണവും യഥാർഥത്തിൽ മടങ്ങിയെത്തിയവരുടെ എണ്ണവും വ്യത്യസ്‌തമായിരിക്കാം. മറ്റൊരു കാരണം, തങ്ങളുടെ വംശാവലിരേഖ വ്യക്തമാക്കാൻ ആദ്യം സാധിക്കാതിരുന്നവർക്ക്‌ പിന്നീട്‌ അതിനു കഴിഞ്ഞിട്ടുണ്ടാകാം എന്നതാണ്‌. എന്നിരുന്നാലും ഈ രണ്ടു വിവരണങ്ങളും മടങ്ങിവന്നവരുടെ ആദ്യസംഘത്തിന്റെ എണ്ണത്തിന്റെ കാര്യത്തിൽ യോജിക്കുന്നു; അത്‌ 42,360 ആണ്‌, ദാസീദാസന്മാരെയും ഗായകസംഘത്തെയും കൂടാതെ.

10:34—ആളുകൾ വിറകു കൊടുക്കേണ്ടിയിരുന്നത്‌ എന്തുകൊണ്ട്‌? ന്യായപ്രമാണം അനുശാസിക്കാത്ത ഒന്നായിരുന്നു വിറകു വഴിപാട്‌. വിറക്‌ ആവശ്യമായിവന്നപ്പോൾ മാത്രമാണ്‌ ഇങ്ങനെയൊരു ക്രമീകരണം ഉണ്ടായത്‌. യാഗപീഠത്തിൽ യാഗങ്ങൾ ദഹിപ്പിക്കാൻ കെട്ടുകണക്കിനു വിറകു വേണമായിരുന്നു. നെഥിനിമുകൾ—ഇസ്രായേല്യേതര ആലയസേവകർ—ആ സമയത്ത്‌ ആവശ്യത്തിന്‌ ഇല്ലായിരുന്നിരിക്കാം. അതിനാൽ എല്ലായ്‌പോഴും ആവശ്യത്തിനു വിറക്‌ ലഭ്യമാണെന്ന്‌ ഉറപ്പുവരുത്താനാണ്‌ അവർ ചീട്ടിട്ടത്‌.

13:6—എത്രകാലം നെഹെമ്യാവ്‌ യെരൂശലേമിൽ ഇല്ലായിരുന്നു? “കുറെനാൾ കഴിഞ്ഞിട്ടു” നെഹെമ്യാവ്‌ യെരൂശലേമിലേക്കു മടങ്ങിപ്പോകേണ്ടതിന്‌ രാജാവിനോട്‌ അവധി ചോദിച്ചുവെന്നു മാത്രമേ ബൈബിൾ പറയുന്നുള്ളൂ. അതുകൊണ്ട്‌ അവൻ യെരൂശലേമിൽ ഇല്ലാതിരുന്നത്‌ എത്രകാലമാണെന്ന്‌ കൃത്യമായി കണ്ടുപിടിക്കുക സാധ്യമല്ല. എന്നാൽ അവൻ മടങ്ങിയെത്തിയപ്പോൾ പൗരോഹിത്യ ക്രമീകരണത്തെ ജനങ്ങൾ പിന്താങ്ങാതിരിക്കുന്നതും ശബ്ബത്ത്‌ അനുഷ്‌ഠിക്കാതിരിക്കുന്നതുമാണ്‌ അവൻ കണ്ടത്‌. അനേകർ അന്യജാതിക്കാരികളെ ഭാര്യമാരായി എടുത്തിരുന്നു. അവരിൽ ഉണ്ടായ മക്കൾക്ക്‌ യഹൂദന്മാരുടെ ഭാഷ സംസാരിക്കാൻപോലും അറിയില്ലായിരുന്നു. അവസ്ഥകൾ ആകെ അധഃപതിച്ചിരുന്നു. അതുകൊണ്ട്‌ നെഹെമ്യാവ്‌ യെരൂശലേമിൽനിന്നു പോയിട്ട്‌ ദീർഘകാലമായിട്ടുണ്ടാവണം.

13:25, 28അധഃപതിച്ച യഹൂദന്മാരെ “ശാസിച്ച”തു കൂടാതെ മറ്റെന്തു തിരുത്തൽ നടപടിയാണ്‌ നെഹെമ്യാവ്‌ കൈക്കൊണ്ടത്‌? ന്യായപ്രമാണത്തിൽ കാണപ്പെട്ട ന്യായവിധി ഉച്ചരിച്ചുകൊണ്ട്‌ നെഹെമ്യാവ്‌ അവരെ “ശപിച്ചു.” ഒരുപക്ഷേ അവർക്കെതിരെ നീതിന്യായ നടപടികൾ സ്വീകരിക്കാൻ ആജ്ഞാപിച്ചു എന്ന അർഥത്തിൽ അവൻ “അവരിൽ ചിലരെ അടിച്ചു” കാണണം. “അവരുടെ തലമുടി പറിച്ചു”കൊണ്ട്‌ അവൻ ധാർമികരോഷം പ്രകടിപ്പിച്ചു. മഹാപുരോഹിതനായ എല്യാശീബിന്റെ കൊച്ചുമകൻ ഹോരോന്യനായ സൻബല്ലത്തിന്റെ മകളെ വിവാഹം ചെയ്‌കകൊണ്ട്‌ നെഹെമ്യാവ്‌ അവനെ അവിടെനിന്നു തുരത്തുകയും ചെയ്‌തു.

നമുക്കുള്ള പാഠങ്ങൾ:

8:8. ദൈവവചനത്തിന്റെ അധ്യാപകരെന്ന നിലയിൽ തിരുവെഴുത്തുകൾ സ്‌ഫുടമായും ഊന്നൽ കൊടുത്തും വായിച്ചുകൊണ്ടും അവ എങ്ങനെ ബാധകമാകുന്നു എന്നതു വ്യക്തമാക്കിക്കൊണ്ട്‌ അവ കൃത്യമായി വിശദീകരിച്ചുകൊണ്ടും നാം അവയുടെ “അർത്ഥം പറഞ്ഞുകൊടു”ക്കുന്നു അഥവാ അവയ്‌ക്ക്‌ അർഥം പകരുന്നു.

8:10. ആത്മീയ ആവശ്യം സംബന്ധിച്ച്‌ അവബോധം ഉണ്ടായിരിക്കുകയും അതു തൃപ്‌തിപ്പെടുത്തുകയും ദിവ്യാധിപത്യ നിർദേശങ്ങൾ പിൻപറ്റുകയും ചെയ്യുകവഴിയാണ്‌ ഒരു വ്യക്തിക്ക്‌ “യഹോവയിങ്കലെ സന്തോഷം അനുഭവിക്കാൻ സാധിക്കുന്നത്‌.” അപ്പോൾ ശുഷ്‌കാന്തിയോടെ ബൈബിൾ പഠിക്കുന്നതും ക്രിസ്‌തീയ യോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നതും രാജ്യപ്രസംഗവേലയിൽ ശുഷ്‌കാന്തിയോടെ ഏർപ്പെടുന്നതും ശിഷ്യരാക്കൽവേലയിൽ പങ്കുപറ്റുന്നതും എത്ര പ്രധാനമാണ്‌!

11:2. പൈതൃകമായി കിട്ടിയ സ്വത്ത്‌ ഉപേക്ഷിച്ച്‌ യെരൂശലേമിലേക്കു താമസം മാറ്റുന്നത്‌ ഓരോരുത്തർക്കും ചെലവും ചില അസൗകര്യങ്ങളും വരുത്തിവെക്കുമായിരുന്നു. സ്വമേധയാ അങ്ങനെ ചെയ്യാൻ ആഗ്രഹിച്ചവർ ആത്മത്യാഗ മനോഭാവമാണ്‌ പ്രകടമാക്കിയത്‌. അതുപോലെ കൺവെൻഷനോടുള്ള ബന്ധത്തിലോ മറ്റു സന്ദർഭങ്ങളിലോ മറ്റുള്ളവർക്കു സേവനം ചെയ്യാനുള്ള അവസരങ്ങളുണ്ടാകുമ്പോൾ നാമും അത്തരമൊരു ആത്മാവു പ്രകടമാക്കണം.

12:31, 38, 40-42. ഗീതങ്ങൾ ആലപിക്കുന്നത്‌ യഹോവയെ സ്‌തുതിക്കാനും നമ്മുടെ നന്ദിപ്രകാശിപ്പിക്കാനും പറ്റിയ മാർഗമാണ്‌. ക്രിസ്‌തീയ യോഗങ്ങളിൽ നാം ഹൃദയംഗമമായി പാടണം.

13:4-31. ഭൗതികത്വം, അഴിമതി, വിശ്വാസത്യാഗം എന്നിവ നമ്മുടെ ജീവിതത്തിലേക്കു നുഴഞ്ഞുകയറാൻ നാം ഒരുകാരണവശാലും അനുവദിക്കരുത്‌.

13:22. ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടിവരുമെന്ന്‌ നെഹെമ്യാവിന്‌ നല്ലവണ്ണം അറിയാമായിരുന്നു. യഹോവയോടു കണക്കുബോധിപ്പിക്കേണ്ടവരാണെന്നുള്ള വിചാരം നമുക്കും ഉണ്ടായിരിക്കണം.

യഹോവയുടെ അനുഗ്രഹം ഉണ്ടായിരിക്കേണ്ടത്‌ അതിപ്രധാനം!

“യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു,” സങ്കീർത്തനക്കാരൻ പാടി. (സങ്കീർത്തനം 127:1) ഈ വാക്കുകളുടെ സത്യത നെഹെമ്യാവിന്റെ പുസ്‌തകം എത്ര നന്നായി വരച്ചുകാട്ടിയിരിക്കുന്നു!

നമുക്കുള്ള പാഠം സുവ്യക്തമാണ്‌. നാം ഏറ്റെടുക്കുന്ന ഏതൊരു ഉദ്യമവും വിജയിക്കണമെങ്കിൽ നമുക്ക്‌ യഹോവയുടെ അനുഗ്രഹം കൂടിയേ തീരൂ. സത്യാരാധനയ്‌ക്കു നമ്മുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുന്നില്ലെങ്കിൽ യഹോവയിൽനിന്ന്‌ നമുക്ക്‌ അനുഗ്രഹങ്ങൾ പ്രതീക്ഷിക്കാനാകുമോ? നെഹെമ്യാവിനെപ്പോലെ നമുക്കും യഹോവയുടെ ആരാധനയും അതിന്റെ ഉന്നമനവും നമ്മുടെ പ്രഥമ താത്‌പര്യമാക്കാം.

[8-ാം പേജിലെ ചിത്രം]

“രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോടുകണക്കെ ഇരിക്കുന്നു”

[9-ാം പേജിലെ ചിത്രം]

മൃദുലവികാരങ്ങളുള്ള, കർമനിരതനായ നെഹെമ്യാവ്‌ യെരൂശലേമിലേക്കു വരുന്നു

[10, 11 പേജുകളിലെ ചിത്രങ്ങൾ]

ദൈവവചനത്തിന്റെ “അർത്ഥം പറഞ്ഞുകൊടു”ക്കാൻ നിങ്ങൾക്കറിയാമോ?