വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥ സമ്പദ്‌സമൃദ്ധി ദൈവത്തിന്റെ പുതിയ ലോകത്തിൽ

യഥാർഥ സമ്പദ്‌സമൃദ്ധി ദൈവത്തിന്റെ പുതിയ ലോകത്തിൽ

യഥാർഥ സമ്പദ്‌സമൃദ്ധി ദൈവത്തിന്റെ പുതിയ ലോകത്തിൽ

ഒരു ക്രിസ്‌തീയ ഭർത്താവും പിതാവുമായ ഡേവിഡ്‌ * ജോലിക്കുവേണ്ടി ഐക്യനാടുകളിലേക്കു പോയി. അതു തികച്ചും ശരിയാണെന്നുള്ള പൂർണബോധ്യത്തോടെതന്നെയാണ്‌ അദ്ദേഹം അങ്ങനെ ചെയ്‌തത്‌. ഭാര്യയെയും കുഞ്ഞുങ്ങളെയും പിരിഞ്ഞിരിക്കാൻ ഇഷ്ടമില്ലായിരുന്നെങ്കിലും കുറച്ചുകൂടെ പണം സമ്പാദിക്കുകയാണെങ്കിൽ അവരുടെ ജീവിതം കുറെക്കൂടെ സുഖസമൃദ്ധമാകുമല്ലോയെന്ന്‌ അദ്ദേഹം കരുതി. അതുകൊണ്ട്‌ ന്യൂയോർക്കിലുള്ള ബന്ധുക്കളിൽനിന്നു ക്ഷണം ലഭിച്ചപ്പോൾ അദ്ദേഹം പോയി, പെട്ടെന്നുതന്നെ അവിടെ ഒരു ജോലിയും തരപ്പെട്ടു.

മാസങ്ങൾ കടന്നുപോയി, ഡേവിഡിന്റെ ശുഭപ്രതീക്ഷകൾക്കു മങ്ങലേറ്റുതുടങ്ങി. ആത്മീയ പ്രവർത്തനങ്ങൾക്ക്‌ ഒട്ടുംതന്നെ സമയമില്ലെന്നായി. അങ്ങനെ ദൈവത്തിലുള്ള വിശ്വാസംപോലും നഷ്ടമായേക്കുമെന്ന നിലയിലെത്തി. അധാർമികതയുടെ ചെളിക്കുണ്ടിലേക്കു കാലിടറിവീണപ്പോൾ മാത്രമാണ്‌ താൻ എത്തിച്ചേർന്നിരിക്കുന്ന ദുരവസ്ഥയെക്കുറിച്ച്‌ അദ്ദേഹം ബോധവാനായത്‌. ഭൗതിക സമൃദ്ധിയിൽ കണ്ണുംനട്ട്‌ മുന്നോട്ടു നീങ്ങിയ അദ്ദേഹത്തിന്റെ ദൃഷ്ടിപഥത്തിൽനിന്ന്‌ ജീവിതത്തിലെ അതിപ്രധാനമായ സകലതും ക്രമേണ അകന്നകന്നുപോകുകയായിരുന്നു. അദ്ദേഹത്തിനു ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരുന്നു.

ഡേവിഡിനെപ്പോലെ അനേകമാളുകൾ ദരിദ്രമായ സ്വന്തം നാടുവിട്ട്‌ മറ്റു ദേശങ്ങളിലേക്കു ചേക്കേറുന്നു, സാമ്പത്തിക നില ഭദ്രമാക്കാമെന്ന മോഹത്തോടെ. പക്ഷേ മിക്കപ്പോഴും അവരെല്ലാം ആത്മീയമായി കനത്ത വിലയൊടുക്കേണ്ടിവരുന്നു. ഈ സാഹചര്യത്തിൽ ചിലർ ഇങ്ങനെ ചിന്തിച്ചിട്ടുണ്ട്‌: ‘ഒരു ക്രിസ്‌ത്യാനിക്ക്‌ ഭൗതികമായി സമ്പന്നനാകാനും ഒപ്പം ദൈവവിഷയമായി സമ്പന്നനാകാനും കഴിയുമോ?’ ജനസമ്മതരായ പല എഴുത്തുകാരും മതനേതാക്കളും പറയുന്നത്‌ അതിനു കഴിയുമെന്നാണ്‌. എന്നാൽ ഡേവിഡിന്റെയും മറ്റാളുകളുടെയും അനുഭവപാഠം കാണിക്കുന്നത്‌ ഒന്നു കളയാതെ മറ്റൊന്നു നേടുക ദുഷ്‌കരമാണെന്നാണ്‌.​—⁠ലൂക്കൊസ്‌ 18:24.

പണം ഒരു ദുഷിച്ച വസ്‌തുവല്ല

പണം തീർച്ചയായും മനുഷ്യന്റെ ഒരു കണ്ടുപിടിത്തമാണ്‌. മറ്റു പല കണ്ടുപിടിത്തങ്ങളെയുംപോലെ ഇതും അതിൽത്തന്നെ മോശമോ തെറ്റോ അല്ല. അത്‌ കേവലം ക്രയവിക്രയത്തിനുള്ള ഒരു ഉപാധിയാണ്‌. ശരിയായി ഉപയോഗിക്കുമ്പോൾ അതൊരു നല്ല ഉദ്ദേശ്യത്തിനുതകുന്നു. ഉദാഹരണത്തിന്‌, “ദ്രവ്യവും ഒരു ശരണ”മാണെന്നു ബൈബിൾ പറയുന്നു, പ്രത്യേകിച്ച്‌ ദാരിദ്ര്യത്തോടു ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ. (സഭാപ്രസംഗി 7:12) എന്നാൽ ചിലരെങ്കിലും “എല്ലാറ്റിനും പണംവേണം” എന്നു കരുതുന്നവരാണ്‌.​—⁠സഭാപ്രസംഗി 10:​19, പി.ഒ.സി. ബൈബിൾ.

തിരുവെഴുത്തുകൾ അലസതയെ കുറ്റംവിധിക്കുകയും കഠിനാധ്വാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നാം സ്വന്തകുടുംബത്തെ പോറ്റേണ്ടതുണ്ട്‌, നമ്മുടെ പക്കൽ കുറച്ചു മിച്ചമുണ്ടെങ്കിൽ അതു “മുട്ടുള്ളവന്നു ദാനം ചെയ്‌വാൻ” ഉതകുകയും ചെയ്യും. (എഫെസ്യർ 4:28; 1 തിമൊഥെയൊസ്‌ 5:8) മാത്രമല്ല, സകലതും പരിത്യജിക്കാനല്ല മറിച്ച്‌ നമുക്കുള്ള വസ്‌തുവകകൾ ആസ്വദിക്കാനാണു ബൈബിൾ പ്രോത്സാഹിപ്പിക്കുന്നത്‌. “അവനവന്റെ ഓഹരി പ്രാപിച്ച്‌” അധ്വാനഫലം അനുഭവിക്കാൻ ബൈബിൾ നമ്മോടു പറഞ്ഞിരിക്കുന്നു. (സഭാപ്രസംഗി 5:18-20, വിശുദ്ധ സത്യവേദ പുസ്‌തകം, മോഡേൺ മലയാളം വേർഷൻ) സമ്പന്നരായിരുന്ന അതേസമയം ദൈവത്തോടു വിശ്വസ്‌തരായിരുന്ന നിരവധി സ്‌ത്രീപുരുഷന്മാരെക്കുറിച്ചു ബൈബിൾ പറയുന്നുണ്ട്‌.

വിശ്വസ്‌തരും ധനവാന്മാരുമായിരുന്ന പുരുഷന്മാർ

ദൈവത്തിന്റെ വിശ്വസ്‌ത ദാസനായിരുന്നു അബ്രാഹാം. അസംഖ്യം ആടുമാടുകളും വെള്ളിയും പൊന്നും അവനു സ്വന്തമായുണ്ടായിരുന്നു. കൂടാതെ നൂറുകണക്കിനു ദാസീദാസന്മാരും. (ഉല്‌പത്തി 12:5; 13:2, 6, 7) നീതിമാനായ ഇയ്യോബും ബഹുസമ്പന്നനായിരുന്നു. നിരവധി ആടുമാടുകൾ, ദാസീദാസന്മാർ, സ്വർണം, വെള്ളി എന്നിവയുടെ ഉടമയായിരുന്നു അവൻ. (ഇയ്യോബ്‌ 1:3; 42:11, 12) ഇന്നത്തെ നിലയ്‌ക്കു നോക്കിയാൽപ്പോലും ഈ പുരുഷന്മാർ അതിധനികരായിരുന്നു. പക്ഷേ അവർ ദൈവവിഷയമായും സമ്പന്നരായിരുന്നു.

അബ്രാഹാം, “വിശ്വസിക്കുന്ന . . . എല്ലാവർക്കും പിതാവാ”ണെന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ പറയുകയുണ്ടായി. അബ്രാഹാം പിശുക്കനോ തന്റെ സമ്പത്തിനോട്‌ അമിതമായ പ്രിയമുള്ളവനോ അല്ലായിരുന്നു. (റോമർ 4:11; ഉല്‌പത്തി 13:9; 18:1-8) അതുപോലെ ദൈവംതന്നെ ഇയ്യോബിനെ “നിഷ്‌കളങ്കനും നേരുള്ളവനും” എന്നു വിശേഷിപ്പിച്ചു. (ഇയ്യോബ്‌ 1:8) ദരിദ്രരെയും പീഡിതരെയും സഹായിക്കാൻ ഇയ്യോബ്‌ സദാ സന്നദ്ധനായിരുന്നു. (ഇയ്യോബ്‌ 29:12-16) അബ്രാഹാമും ഇയ്യോബും ധനത്തിലല്ല, ദൈവത്തിലാണ്‌ ആശ്രയംവെച്ചത്‌.​—⁠ഉല്‌പത്തി 14:22-24; ഇയ്യോബ്‌ 1:21, 22; റോമർ 4:9-12.

മറ്റൊരു ധനാഢ്യനായിരുന്നു ശലോമോൻ രാജാവ്‌. യെരൂശലേമിൽ ദൈവത്തിന്റെ സിംഹാസനത്തിന്റെ അവകാശിയായ ശലോമോൻ ദൈവത്തിൽനിന്നുള്ള ജ്ഞാനത്തിനു പുറമേ അളവറ്റ സമ്പത്തിനാലും മഹത്ത്വത്താലും അനുഗൃഹീതനായിരുന്നു. (1 രാജാക്കന്മാർ 3:4-14) ജീവിതത്തിന്റെ നല്ലൊരുപങ്കും അദ്ദേഹം വിശ്വസ്‌തനായിരുന്നു. ജീവിതസായാഹ്നത്തിൽ പക്ഷേ ശലോമോന്റെ “ഹൃദയം . . . തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.” (1 രാജാക്കന്മാർ 11:1-8) വാസ്‌തവത്തിൽ അവന്റെ ദുഃഖപര്യവസായിയായ ജീവിതം ഭൗതികസമൃദ്ധിയുടെ സാധാരണമായിരിക്കുന്ന ചില ചതിക്കുഴികളെ നന്നായി വരച്ചുകാട്ടുന്നു. നമുക്ക്‌ അവയിൽ ചിലതു പരിചിന്തിക്കാം.

സമ്പന്നതയുടെ ചതിക്കുഴികൾ

പണത്തോടും അതുകൊടുത്തു സ്വന്തമാക്കാൻ കഴിയുന്ന കാര്യങ്ങളോടുമുള്ള അത്യധികമായ പ്രിയമാണ്‌ ചതിക്കുഴികളിൽ ഏറ്റവും ഗുരുതരം. ധനം ചിലരുടെ മനസ്സിൽ ഉളവാക്കുന്ന അത്യാർത്തി ഒരിക്കലും തൃപ്‌തിപ്പെടുത്താനാവില്ല. ആദ്യമൊക്കെ മറ്റുള്ളവരിലെ ഈ ചായ്‌വ്‌ ശലോമോൻ നിരീക്ഷിച്ചിരുന്നു. അവൻ എഴുതി: “ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യ പ്രിയന്നു ആദായം കിട്ടീട്ടും തൃപ്‌തിവരുന്നില്ല. അതും മായ അത്രേ.” (സഭാപ്രസംഗി 5:10) മറഞ്ഞിരിക്കുന്ന ഈ ചതിക്കുഴിയെക്കുറിച്ച്‌ യേശുവും പിന്നീട്‌ പൗലൊസ്‌ അപ്പൊസ്‌തലനും മുന്നറിയിപ്പു നൽകുകയുണ്ടായി.​—⁠മർക്കൊസ്‌ 4:18, 19; 2 തിമൊഥെയൊസ്‌ 3:⁠2.

എന്തെങ്കിലും വാങ്ങാനോ ചെയ്യാനോ ഉപയോഗിക്കേണ്ട ഒന്നായി വീക്ഷിക്കേണ്ടതിനു പകരം പണത്തോട്‌ ഒരു പ്രിയം വളർത്തിയെടുക്കുമ്പോൾ നാം സകലവിധ പ്രലോഭനങ്ങളിലും കുടുങ്ങുന്നു. നുണപറയുക, മോഷ്ടിക്കുക, ചതിക്കുക മുതലായവയൊക്കെ അതിൽപ്പെടും. യേശുവിന്റെ അപ്പൊസ്‌തലന്മാരിൽ ഒരാളായിരുന്ന യൂദാ, തന്റെ ഗുരുവിനെ 30 വെള്ളിക്കാശിന്‌ ഒറ്റിക്കൊടുത്തു. (മർക്കൊസ്‌ 14:11; യോഹന്നാൻ 12:6) എന്തിന്‌, ധനത്തെ ദൈവത്തിന്റെ സ്ഥാനത്തു പ്രതിഷ്‌ഠിച്ച്‌ ജീവിതത്തിലെ പ്രഥമസംഗതിയായി അതിനെ കണക്കാക്കുന്നവർപോലുമുണ്ട്‌. (1 തിമൊഥെയൊസ്‌ 6:10) അതുകൊണ്ട്‌ കൂടുതൽ പണമുണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന ക്രിസ്‌ത്യാനികൾ അതിനു പിന്നിലെ തങ്ങളുടെ യഥാർഥ ലക്ഷ്യമെന്താണെന്ന്‌ എല്ലായ്‌പോഴും സത്യസന്ധമായി വിലയിരുത്തേണ്ടതുണ്ട്‌.​—⁠എബ്രായർ 13:⁠5.

എന്നാൽ പണത്തിനു പിന്നാലെയുള്ള പരക്കംപാച്ചൽ അത്ര പ്രകടമല്ലാത്ത മറ്റ്‌ അപകടങ്ങളിലേക്കും ആളുകളെ കൊണ്ടെത്തിക്കുന്നു. ഒന്നാമതായി, ഭൗതികസമൃദ്ധിയുള്ള ഒരു വ്യക്തിക്ക്‌ തന്നിൽത്തന്നെ ആശ്രയിക്കാനുള്ള ഒരു പ്രവണത ഉണ്ടായേക്കാം. “ധനത്തിന്റെ വഞ്ചന” എന്ന്‌ യേശു പറഞ്ഞപ്പോൾ ഇക്കാര്യവും അവൻ ഉൾപ്പെടുത്തി. (മത്തായി 13:22) സമാനമായി ബൈബിളെഴുത്തുകാരനായ യാക്കോബും, വ്യാപാര പദ്ധതികൾക്കു രൂപംനൽകുമ്പോൾപ്പോലും ദൈവത്തെ വിസ്‌മരിക്കരുതെന്ന്‌ ക്രിസ്‌ത്യാനികൾക്കു മുന്നറിയിപ്പുനൽകി. (യാക്കോബ്‌ 4:13-16) ധനം നമുക്ക്‌ ഒരു പരിധിവരെയുള്ള സ്വാതന്ത്ര്യം നൽകുന്നതായി തോന്നുന്നതിനാൽ മറ്റൊരു അപകടം എപ്പോഴുമുണ്ട്‌. ദൈവത്തെക്കാൾ സമ്പത്തിൽ ആശ്രയിക്കാനുള്ള ഒരു ചായ്‌വ്‌ ധനവാന്മാരിൽ എപ്പോൾ വേണമെങ്കിലും ഉടലെടുക്കാം.​—⁠സദൃശവാക്യങ്ങൾ 30:7-9; പ്രവൃത്തികൾ 8:18-24.

രണ്ടാമതായി, മുമ്പു പരാമർശിച്ച ഡേവിഡ്‌ കണ്ടെത്തിയതുപോലെ സമ്പത്തിനു പിന്നാലെയുള്ള പരക്കംപാച്ചലിൽ പലപ്പോഴും ഒരു വ്യക്തിയുടെ സമയത്തിന്റെയും ഊർജത്തിന്റെയും നല്ലൊരു ഭാഗം ഹോമിക്കപ്പെടുന്നു. അങ്ങനെ അയാൾക്ക്‌ ക്രമേണ ആത്മീയ കാര്യങ്ങൾക്കായി സമയമില്ലാതാകുന്നു. (ലൂക്കൊസ്‌ 12:13-21) സമ്പന്നർക്ക്‌ തങ്ങളുടെ ധനം മുഖ്യമായും ഉല്ലാസങ്ങൾക്കോ മറ്റു വ്യക്തിപരമായ കാര്യങ്ങൾക്കോ ഉപയോഗിക്കാനുള്ള പ്രലോഭനവും ഉണ്ടായിക്കൊണ്ടിരിക്കും.

ശലോമോന്റെ ആർഭാടജീവിതം അവന്റെ വിവേചനാശക്തി മന്ദീഭവിപ്പിച്ചതാണോ ഒരു പരിധിവരെ അവന്റെ ആത്മീയ പതനത്തിനു കാരണമായത്‌? (ലൂക്കൊസ്‌ 21:34) അന്യജാതിക്കാരികളെ വിവാഹം കഴിക്കരുതെന്ന്‌ വ്യക്തമായി പ്രസ്‌താവിച്ചിട്ടുള്ള ദൈവനിയമം ശലോമോന്‌ അറിയാമായിരുന്നു. എന്നാൽ വർഷങ്ങളിലൂടെ അവൻ ഏകദേശം ആയിരം സ്‌ത്രീകളെ സ്വന്തമാക്കി. (ആവർത്തനപുസ്‌തകം 7:3) അന്യജാതിക്കാരികളായ ഭാര്യമാരെ പ്രീതിപ്പെടുത്താനായി അവൻ ഒരുതരം മിശ്രവിശ്വാസം പിൻപറ്റി. അങ്ങനെ, മുമ്പ്‌ കണ്ടതുപോലെ ശലോമോന്റെ ഹൃദയം ക്രമേണ യഹോവയിൽനിന്ന്‌ അകന്നുപോയി.

ഈ ദൃഷ്ടാന്തങ്ങൾ യേശുവിന്റെ പിൻവരുന്ന ബുദ്ധിയുപദേശത്തിന്റെ സത്യതയെ വ്യക്തമാക്കുന്നു: “നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.” (മത്തായി 6:24) അങ്ങനെയെങ്കിൽ ഇന്നു മിക്കവരും അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികളെ വിജയപ്രദമായി നേരിടാൻ ഒരു ക്രിസ്‌ത്യാനിക്ക്‌ എങ്ങനെ കഴിയും? അതിലും പ്രധാനമായി, ഭാവിയിൽ മെച്ചപ്പെട്ട ഒരു ജീവിതമുണ്ടാകും എന്നുള്ളതിന്‌ എന്തു പ്രത്യാശയാണുള്ളത്‌?

യഥാർഥ സമ്പദ്‌സമൃദ്ധി മുന്നിൽ

അബ്രാഹാം, ഇയ്യോബ്‌ എന്നീ ഗോത്രപിതാക്കന്മാരിൽനിന്നും യിസ്രായേല്യരിൽനിന്നും വ്യത്യസ്‌തരായി യേശുവിന്റെ അനുഗാമികൾക്ക്‌ ഒരു നിയോഗം നിറവേറ്റാനുണ്ട്‌, “സകലജാതികളെയും ശിഷ്യരാ”ക്കുക എന്ന നിയോഗം. (മത്തായി 28:19, 20) ഇതു നിറവേറ്റുന്നതിന്‌ സമയവും ശ്രമവും അനിവാര്യമാണ്‌; ലൗകിക ഉദ്യമങ്ങൾക്കായി വിനിയോഗിക്കാമായിരുന്ന സമയം ഉപയോഗിച്ചാണ്‌ അവർ അതു ചെയ്യേണ്ടത്‌. അപ്പോൾ വിജയത്തിന്റെ താക്കോൽ, യേശുവിന്റെ പിൻവരുന്ന ആഹ്വാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതാണ്‌: “മുമ്പെ അവന്റെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.”​—⁠മത്തായി 6:33.

ഡേവിഡിനെക്കുറിച്ചു ചിന്തിക്കുക. അദ്ദേഹത്തിന്റെ കുടുംബബന്ധം തകർച്ചയുടെ വക്കിലായിരുന്നു, അതുപോലെതന്നെ അദ്ദേഹത്തിന്റെ ആത്മീയതയും. പക്ഷേ ഡേവിഡ്‌ തന്റെ ജീവിതപാത നേരെയാക്കി. ബൈബിൾ പഠനം, പ്രാർഥന, ശുശ്രൂഷ എന്നിവ ഒരിക്കൽക്കൂടെ ജീവിതത്തിലെ മുഖ്യ സംഗതികളാക്കി മാറ്റിയപ്പോൾ യേശു വാഗ്‌ദാനം ചെയ്‌തതുപോലെ മറ്റുകാര്യങ്ങളെല്ലാം മെച്ചപ്പെടാൻ തുടങ്ങി. ഭാര്യയും മക്കളുമായുള്ള ബന്ധം ക്രമേണ പഴയപടിയായി. അദ്ദേഹത്തിന്റെ സന്തോഷവും സംതൃപ്‌തിയും മടങ്ങിയെത്തി. അദ്ദേഹം ഇപ്പോഴും കഠിനാധ്വാനം ചെയ്യുന്നു. വേദനാജനകമായ ജീവിതാനുഭവങ്ങൾ മൂല്യവത്തായ ചില പാഠങ്ങൾ അദ്ദേഹത്തെ പഠിപ്പിച്ചു.

ഐക്യനാടുകളിലേക്കു പോകാൻ താൻ എടുത്ത തീരുമാനത്തെക്കുറിച്ച്‌ ഡേവിഡ്‌ പിന്നീട്‌ വിചിന്തനം ചെയ്‌തു. പണം തന്റെ തീരുമാനങ്ങളെ ഭരിക്കാൻ ഇനിയൊരിക്കലും അനുവദിക്കില്ലെന്ന്‌ അദ്ദേഹം തീരുമാനിച്ചുറച്ചു. സ്‌നേഹഭരിതമായ കുടുംബബന്ധം, നല്ല സുഹൃത്തുക്കൾ, ദൈവവുമായുള്ള ബന്ധം എന്നിങ്ങനെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സംഗതികൾ പണംകൊടുത്തു വാങ്ങാൻ കഴിയുന്നതല്ലെന്ന്‌ ഇപ്പോൾ അദ്ദേഹം തിരിച്ചറിയുന്നു. (സദൃശവാക്യങ്ങൾ 17:17; 24:27; യെശയ്യാവു 55:1, 2) അതേ, ധാർമിക മൂല്യങ്ങളോടുള്ള പറ്റിനിൽപ്പ്‌ ഭൗതിക സമ്പത്തിനെക്കാൾ എത്രയോ മൂല്യവത്താണ്‌. (സദൃശവാക്യങ്ങൾ 19:1; 22:1) ഒന്നാം സ്ഥാനം നൽകേണ്ടവയ്‌ക്ക്‌ ഒന്നാം സ്ഥാനംതന്നെ നൽകാൻ ഡേവിഡും കുടുംബവും ഇപ്പോൾ ദൃഢചിത്തരാണ്‌.​—⁠ഫിലിപ്പിയർ 1:10.

ധാർമിക മൂല്യങ്ങളാൽ ഭരിക്കപ്പെടുന്ന, യഥാർഥ സമ്പദ്‌സമൃദ്ധി കളിയാടുന്ന ഒരു സമൂഹം സൃഷ്ടിക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങൾ ഒന്നൊന്നായി പരാജയമടഞ്ഞിരിക്കുന്നു. എന്നാൽ, ഒരു സന്തുഷ്ട ജീവിതം നയിക്കുന്നതിന്‌ നമുക്കാവശ്യമായ ഭൗതികവും ആത്മീയവുമായ സമ്പത്ത്‌ തന്റെ രാജ്യം മുഖേന സമൃദ്ധമായി നൽകുമെന്ന്‌ ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. (സങ്കീർത്തനം 72:16; യെശയ്യാവു 65:21-23) യഥാർഥ സമ്പദ്‌സമൃദ്ധിയുടെ തുടക്കം ആത്മീയ ആവശ്യങ്ങളെക്കുറിച്ചുള്ള അവബോധത്തിൽനിന്നാണെന്ന്‌ യേശു പഠിപ്പിച്ചു. (മത്തായി 5:3) അതുകൊണ്ട്‌ നാം ഭൗതികമായി ധനികരോ ദരിദ്രരോ ആയിക്കൊള്ളട്ടെ, തൊട്ടു മുന്നിലെത്തിയിരിക്കുന്ന ദൈവത്തിന്റെ പുതിയലോകത്തിൽ ജീവിക്കുന്നതിനുള്ള തയ്യാറെടുപ്പെന്നനിലയിൽ നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മുഖ്യമായ സംഗതി ഇപ്പോൾ ആത്മീയ കാര്യങ്ങൾക്കു മുൻഗണന നൽകുക എന്നതാണ്‌. (1 തിമൊഥെയൊസ്‌ 6:17-19) ആ ലോകം ഭൗതികമായും ആത്മീയമായും തികച്ചും സമ്പദ്‌സമൃദ്ധമായിരിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 2 പേര്‌ മാറ്റിയിട്ടുണ്ട്‌.

[5-ാം പേജിലെ ചിത്രം]

ഇയ്യോബ്‌ തന്റെ ധനത്തിലല്ല മറിച്ച്‌, ദൈവത്തിൽ ആശ്രയിച്ചു

[7-ാം പേജിലെ ചിത്രം]

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സംഗതികൾ പണംകൊടുത്തു നേടാനാകില്ല