വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ ദീർഘക്ഷമ അനുകരിക്കുക

യഹോവയുടെ ദീർഘക്ഷമ അനുകരിക്കുക

യഹോവയുടെ ദീർഘക്ഷമ അനുകരിക്കുക

“കർത്താവു തന്റെ വാഗ്‌ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. . . . അവൻ ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.”​—⁠2 പത്രൊസ്‌ 3:⁠9.

1. യഹോവ മനുഷ്യർക്ക്‌ അനുപമമായ എന്തു സമ്മാനം വാഗ്‌ദാനം ചെയ്‌തിരിക്കുന്നു?

മറ്റാർക്കും നൽകാനാവാത്ത ഒരു സമ്മാനം യഹോവ നമുക്കു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. അമൂല്യവും അങ്ങേയറ്റം അഭികാമ്യവുമായ അത്‌ വിലകൊടുത്തു വാങ്ങാനോ സ്വന്തം പ്രയത്‌നത്താൽ നേടിയെടുക്കാനോ നമുക്കാവില്ല. ആ സമ്മാനം നിത്യജീവനാണ്‌​—⁠നമ്മിലനേകരുടെയും കാര്യത്തിൽ ഒരു പറുദീസാ ഭൂമിയിലെ എന്നേക്കുമുള്ള ജീവിതം. (യോഹന്നാൻ 3:16) എത്ര സന്തോഷകരമായ ഒരനുഭവമായിരിക്കും അത്‌! മനുഷ്യനെ ദുഃഖക്കയത്തിലാഴ്‌ത്തുന്ന പോരാട്ടങ്ങളും അക്രമവും ദാരിദ്ര്യവും കുറ്റകൃത്യവും രോഗവും എന്തിന്‌, മരണംപോലും കഴിഞ്ഞകാല സംഗതികളായിത്തീരും. സ്‌നേഹമസൃണമായ ദൈവരാജ്യഭരണത്തിൻകീഴിൽ സമാധാനവും ഐക്യവും എങ്ങും കളിയാടും. ആ പറുദീസ വന്നെത്താൻ നാം എത്ര കാംക്ഷിക്കുന്നു!​—⁠യെശയ്യാവു 9:6, 7; വെളിപ്പാടു 21:4, 5.

2. യഹോവ ഇന്നുവരെയും സാത്താന്റെ വ്യവസ്ഥിതി നശിപ്പിക്കാത്തത്‌ എന്തുകൊണ്ട്‌?

2 ഭൂമിയിൽ പറുദീസ സ്ഥാപിക്കാൻ യഹോവയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്‌. നീതിയും ന്യായവും പ്രിയപ്പെടുന്ന ഒരു ദൈവമാണ്‌ അവൻ. (സങ്കീർത്തനം 33:5) തന്റെ നീതിയുള്ള തത്ത്വങ്ങളെ നിസ്സംഗതയോടെ അല്ലെങ്കിൽ വിദ്വേഷത്തോടെ വീക്ഷിക്കുകയും തന്റെ അധികാരത്തെ പുച്ഛിച്ചുതള്ളുകയും തന്റെ ജനത്തെ പീഡിപ്പിക്കുകയും ചെയ്യുന്ന ഒരു ലോകം അവനു തെല്ലും സന്തോഷം നൽകുന്നില്ല. എന്നാൽ സാത്താന്റെ ഈ ദുഷ്ട വ്യവസ്ഥിതിയെ നശിപ്പിക്കാൻ ഇതുവരെയും നടപടിയെടുക്കാത്തതിന്‌ അവനു തക്ക കാരണമുണ്ടുതാനും. അവന്റെ പരമാധികാരത്തിന്റെ ഔചിത്യം സംബന്ധിച്ച ചോദ്യങ്ങളുമായി അതു ബന്ധപ്പെട്ടിരിക്കുന്നു. ആ വിവാദപ്രശ്‌നങ്ങൾ പരിഹരിക്കാൻ യഹോവ, ഇന്ന്‌ അനേകർക്കും ഇല്ലാത്ത, അതിവിശിഷ്ടമായ ഒരു ഗുണം പ്രകടമാക്കുന്നു​—⁠ദീർഘക്ഷമ.

3. (എ) ബൈബിളിൽ “ദീർഘക്ഷമ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക്‌, എബ്രായ പദങ്ങളുടെ അർഥം എന്ത്‌? (ബി) ഇപ്പോൾ നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?

3 ദീർഘക്ഷമ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അക്ഷരാർഥം “ദീർഘ മനഃസ്ഥിതി” എന്നാണ്‌. സഹനം, കോപത്തിനു താമസം എന്നീ ആശയങ്ങളാണ്‌ “ദീർഘക്ഷമ” എന്നതിനുള്ള ഗ്രീക്ക്‌, എബ്രായ പദങ്ങളിൽ അന്തർലീനമായിരിക്കുന്നത്‌. എങ്ങനെയാണ്‌ യഹോവയുടെ ദീർഘക്ഷമ നമുക്കു പ്രയോജനം ചെയ്യുന്നത്‌? യഹോവയുടെയും അവന്റെ വിശ്വസ്‌ത ദാസന്മാരുടെയും ദീർഘക്ഷമയിൽനിന്നും സഹിഷ്‌ണുതയിൽനിന്നും നമുക്ക്‌ എന്തു പാഠങ്ങൾ പഠിക്കാൻ കഴിയും? യഹോവയുടെ ദീർഘക്ഷമയ്‌ക്കു പരിധിയുണ്ടെന്നു നമുക്ക്‌ എങ്ങനെ അറിയാം?

യഹോവയുടെ ദീർഘക്ഷമ

4. യഹോവയുടെ ദീർഘക്ഷമയെക്കുറിച്ചു പത്രൊസ്‌ അപ്പൊസ്‌തലൻ എന്ത്‌ എഴുതി?

4 യഹോവയുടെ ദീർഘക്ഷമയെക്കുറിച്ച്‌ പത്രൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “പ്രിയമുള്ളവരേ, കർത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുതു. ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്‌ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.” (2 പത്രൊസ്‌ 3:8, 9) യഹോവയുടെ ദീർഘക്ഷമ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന രണ്ടു കാര്യങ്ങൾ ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക.

5. സമയം സംബന്ധിച്ച യഹോവയുടെ വീക്ഷണം അവന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നത്‌ എങ്ങനെ?

5 ഒന്നാമതായി, സമയം സംബന്ധിച്ച്‌ നമ്മുടെ വീക്ഷണമല്ല യഹോവയ്‌ക്കുള്ളത്‌. എന്നേക്കും ജീവിക്കുന്നവനെന്ന നിലയിൽ ആയിരം വർഷം അവന്‌ ഒരു ദിവസംപോലെയാണ്‌. സമയപരിമിതി ഓർത്ത്‌ അവനു തിരക്കുകൂട്ടേണ്ട ആവശ്യമില്ല. അതേസമയം കാര്യങ്ങൾ ചെയ്യുന്നതിൽ അവൻ അമാന്തമുള്ളവനും അല്ല. അപരിമേയ ജ്ഞാനമുള്ളതിനാൽ, ഉൾപ്പെട്ടിരിക്കുന്ന സകലരുടെയും പ്രയോജനത്തിനായി എപ്പോൾ പ്രവർത്തിക്കണമെന്ന്‌ അവനു കൃത്യമായി അറിയാം. ആ സമയത്തിനായി അവൻ ക്ഷമാപൂർവം കാത്തിരിക്കുകയാണ്‌. എന്നാൽ, അതുവരെ തന്റെ ദാസർ അനുഭവിക്കുന്ന ക്ലേശങ്ങൾ സംബന്ധിച്ച്‌ അവനു യാതൊരു ചിന്തയുമില്ലെന്നു നാം നിഗമനം ചെയ്യരുത്‌. “ആർദ്രകരുണ”യുള്ള, സ്‌നേഹത്തിന്റെ മൂർത്തിമദ്‌ഭാവമായ ഒരു ദൈവമാണ്‌ അവൻ. (ലൂക്കൊസ്‌ 1:77; 1 യോഹന്നാൻ 4:8) താത്‌കാലികമായി കഷ്ടപ്പാട്‌ അനുവദിച്ചിരിക്കുന്നതിനാൽ ഉണ്ടായിട്ടുള്ള എല്ലാ കുഴപ്പങ്ങളും പൂർണമായും ശാശ്വതമായും ഇല്ലായ്‌മ ചെയ്യാൻ അവൻ പ്രാപ്‌തനാണ്‌.​—⁠സങ്കീർത്തനം 37:10.

6. ദൈവത്തെക്കുറിച്ച്‌ നാം എന്തു നിഗമനം ചെയ്യരുത്‌, എന്തുകൊണ്ട്‌?

6 അതിയായി ആഗ്രഹിക്കുന്ന എന്തിനെങ്കിലുംവേണ്ടി കാത്തിരിക്കുന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. (സദൃശവാക്യങ്ങൾ 13:12) അതുകൊണ്ട്‌ ആളുകൾ തങ്ങളുടെ വാഗ്‌ദാനങ്ങൾ പെട്ടെന്നു നിറവേറ്റാതിരിക്കുമ്പോൾ അവർ അതു ചെയ്യാൻ യഥാർഥത്തിൽ ഉദ്ദേശിക്കുന്നില്ലെന്നു മറ്റുള്ളവർ നിഗമനം ചെയ്‌തേക്കാം. ദൈവത്തെ സംബന്ധിച്ച്‌ അപ്രകാരം ചിന്തിക്കുന്നത്‌ എത്ര ബുദ്ധിമോശമാണ്‌! ദൈവത്തിന്റെ ദീർഘക്ഷമയെ നിസ്സംഗതയായി വീക്ഷിക്കുന്നപക്ഷം, കാലം കടന്നുപോകവേ സംശയങ്ങളും നിരുത്സാഹവും എളുപ്പത്തിൽ നമ്മെ പിടികൂടിയേക്കാം. അതു നമ്മെ ആത്മീയ മാന്ദ്യത്തിലേക്കു നയിച്ചേക്കാം. പത്രൊസ്‌ മുമ്പു തന്റെ ലേഖനത്തിൽ മുന്നറിയിപ്പു നൽകിയ, വിശ്വാസരഹിതരായ പരിഹാസികളാൽ നാം വഴിതെറ്റിക്കപ്പെട്ടേക്കാം എന്നതാണ്‌ ഏറെ പരിതാപകരം. അത്തരക്കാർ പരിഹാസപൂർവം ഇങ്ങനെ പറയുന്നു: “അവന്റെ പ്രത്യക്ഷതയുടെ വാഗ്‌ദത്തം എവിടെ? പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു.”​—⁠2 പത്രൊസ്‌ 3:3, 4.

7. ആളുകൾ അനുതപിക്കുന്നതു കാണാനുള്ള യഹോവയുടെ ആഗ്രഹം അവന്റെ ദീർഘക്ഷമയുമായി ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

7 പത്രൊസിന്റെ വാക്കുകളിൽനിന്നു നാം മനസ്സിലാക്കുന്ന രണ്ടാമത്തെ ആശയം എല്ലാവരും അനുതപിക്കാൻ ആഗ്രഹിക്കുന്നതിനാലാണ്‌ യഹോവ ദീർഘക്ഷമ പ്രകടമാക്കുന്നത്‌ എന്നതാണ്‌. തെറ്റായ വഴികളിൽനിന്നു പിന്തിരിയാൻ ധിക്കാരപൂർവം വിസമ്മതിക്കുന്നവരെ യഹോവ നശിപ്പിക്കുമെന്നതു ശരിയാണ്‌. എന്നാൽ ദുഷ്ടർപോലും നശിക്കുന്നതു കാണുന്നതിൽ ദൈവത്തിന്‌ ഒട്ടും പ്രസാദമില്ല. മറിച്ച്‌, ആളുകൾ അനുതപിക്കുകയും തെറ്റായ വഴികൾ വിട്ട്‌ ജീവൻ നിലനിറുത്തുകയും ചെയ്യുന്നതു കാണുന്നതാണ്‌ അവനു സന്തോഷം. (യെഹെസ്‌കേൽ 33:11) അതിനാൽ, അവൻ ദീർഘക്ഷമ പ്രകടമാക്കുകയും നാശത്തെ അതിജീവിച്ച്‌ തുടർന്നും ജീവിക്കാൻ ആളുകൾക്ക്‌ അവസരം ലഭിക്കേണ്ടതിന്‌ സുവാർത്ത ഭൂവ്യാപകമായി ഘോഷിക്കപ്പെടാൻ ഇടയാക്കുകയും ചെയ്യുന്നു.

8. ഇസ്രായേൽ ജനതയുമായുള്ള ഇടപെടലിൽ ദൈവത്തിന്റെ ദീർഘക്ഷമ പ്രകടമാകുന്നത്‌ എങ്ങനെ?

8 ദൈവം പുരാതന ഇസ്രായേല്യരുമായി ഇടപെട്ട വിധത്തിലും അവന്റെ ദീർഘക്ഷമ പ്രകടമാണ്‌. നൂറ്റാണ്ടുകളോളം അവൻ അവരുടെ അനുസരണക്കേടു സഹിച്ചു. പ്രവാചകന്മാരിലൂടെ അവൻ വീണ്ടും വീണ്ടും അവരെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു ഞാൻ നിങ്ങളുടെ പിതാക്കന്മാരോടു കല്‌പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാർമുഖാന്തരം നിങ്ങൾക്കു അയച്ചുതന്നതുമായ ന്യായപ്രമാണത്തിന്നൊത്തവണ്ണമൊക്കെയും എന്റെ കല്‌പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിൻ.” എന്തായിരുന്നു ഫലം? സങ്കടകരമെന്നു പറയട്ടെ ആ ജനം അതു ചെവിക്കൊണ്ടില്ല.​—⁠2 രാജാക്കന്മാർ 17:13, 14.

9. യേശുവിന്റെ ദീർഘക്ഷമ അവന്റെ പിതാവിന്റെ ഗുണത്തെ പ്രതിഫലിപ്പിച്ചത്‌ എങ്ങനെ?

9 ഒടുവിൽ യഹോവ സ്വന്തം പുത്രനെ അയച്ചു. ദൈവത്തോട്‌ അടുത്തുവരാൻ അവനും തുടർച്ചയായി യഹൂദന്മാരെ പ്രോത്സാഹിപ്പിച്ചു. യേശുവിന്റെ ദീർഘക്ഷമ തന്റെ പിതാവിന്റെ ദീർഘക്ഷമയുടെ തികഞ്ഞ പ്രതിഫലനം ആയിരുന്നു. പെട്ടെന്നുതന്നെ താൻ വധിക്കപ്പെടുമെന്ന്‌ പൂർണബോധ്യമുണ്ടായിരുന്ന യേശു ഇപ്രകാരം വിലപിച്ചു: “യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.” (മത്തായി 23:37) വികാരസാന്ദ്രമായ ഈ വാക്കുകൾ, ആളുകളെ ശിക്ഷിക്കാൻ വെമ്പുന്ന കരുണയറ്റ ഒരു ന്യായാധിപന്റേതല്ല, മറിച്ച്‌ അവരോടു ദീർഘക്ഷമ കാണിക്കുന്ന ആർദ്രവാനായ ഒരു സ്‌നേഹിതന്റേതാണ്‌. ആളുകൾ അനുതപിച്ച്‌ പ്രതികൂല ന്യായവിധിയിൽനിന്നു രക്ഷ നേടാൻ തന്റെ സ്വർഗീയ പിതാവിനെപ്പോലെ യേശു ആഗ്രഹിച്ചു. ചിലർ അവന്റെ മുന്നറിയിപ്പിനു ചെവികൊടുക്കുകയും പൊതുയുഗം 70-ൽ യെരൂശലേമിനുണ്ടായ ഭയങ്കരമായ നാശത്തെ അതിജീവിക്കുകയും ചെയ്‌തു.​—⁠ലൂക്കൊസ്‌ 21:20-22.

10. ദൈവത്തിന്റെ ദീർഘക്ഷമ നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്‌തിരിക്കുന്നു?

10 ദൈവത്തിന്റെ ദീർഘക്ഷമ അങ്ങേയറ്റം വിസ്‌മയാവഹമല്ലേ? മനുഷ്യവർഗം കടുത്ത അനുസരണക്കേടു പ്രകടമാക്കുമ്പോഴും, തന്നെ അറിയാനും നിത്യജീവന്റെ പ്രത്യാശയുള്ളവർ ആയിരിക്കാനും യഹോവ നമ്മെ ഓരോരുത്തരെയും മറ്റു ദശലക്ഷങ്ങളെയും അനുവദിച്ചിരിക്കുന്നു. “നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ,” പത്രൊസ്‌ സഹക്രിസ്‌ത്യാനികൾക്ക്‌ എഴുതി. (2 പത്രൊസ്‌ 3:14) യഹോവയുടെ ദീർഘക്ഷമ നമുക്കു രക്ഷാമാർഗം തുറന്നുതന്നിരിക്കുന്നതിൽ നാം നന്ദിയുള്ളവരല്ലേ? ദൈനംദിനം യഹോവയെ സേവിക്കവേ, നമ്മോട്‌ അവൻ തുടർന്നും ദീർഘക്ഷമ പ്രകടമാക്കണമേയെന്നു നാം പ്രാർഥിക്കുന്നില്ലേ?​—⁠മത്തായി 6:12.

11. യഹോവയുടെ ദീർഘക്ഷമയെക്കുറിച്ചു മനസ്സിലാക്കുന്നത്‌ എന്തു ചെയ്യാൻ നമ്മെ പ്രചോദിപ്പിക്കും?

11 യഹോവ ദീർഘക്ഷമ പ്രകടമാക്കുന്നതിന്റെ കാരണം മനസ്സിലാക്കുമ്പോൾ, അവൻ കൈവരുത്താനിരിക്കുന്ന രക്ഷയ്‌ക്കായി ക്ഷമാപൂർവം കാത്തിരിക്കുന്നത്‌ എളുപ്പമായിത്തീരും. വാഗ്‌ദാനങ്ങൾ നിറവേറ്റുന്നതിൽ അവൻ താമസമുള്ളവനാണെന്നു നാം ഒരിക്കലും ചിന്തിക്കുകയില്ല. (വിലാപങ്ങൾ 3:26) ദൈവരാജ്യം വരാനായി തുടർന്നും പ്രാർഥിക്കവേ, ആ പ്രാർഥനയ്‌ക്ക്‌ ഉത്തരം നൽകാനുള്ള അനുയോജ്യമായ സമയം ദൈവത്തിന്‌ അറിയാമെന്നു നാം ഉറച്ചുവിശ്വസിക്കുന്നു. കൂടാതെ, സഹോദരങ്ങളോടും നമ്മുടെ പ്രസംഗം കേൾക്കുന്നവരോടുമുള്ള ഇടപെടലിൽ ദീർഘക്ഷമയെന്ന ദിവ്യഗുണം പ്രകടമാക്കിക്കൊണ്ട്‌ യഹോവയെ അനുകരിക്കാൻ നാം പ്രചോദിതരാകുന്നു. ആരും നശിച്ചുപോകാൻ നാമും ഇഷ്ടപ്പെടുന്നില്ല. മറിച്ച്‌, എല്ലാവരും അനുതപിച്ച്‌ നമ്മെപ്പോലെ നിത്യജീവന്റെ പ്രത്യാശയുള്ളവർ ആയിത്തീരുന്നതു കാണാനാണു നാം ആഗ്രഹിക്കുന്നത്‌.​—⁠1 തിമൊഥെയൊസ്‌ 2:3, 4.

പ്രവാചകന്മാരുടെ ദീർഘക്ഷമ

12, 13. യാക്കോബ്‌ 5:​10-നു ചേർച്ചയിൽ യെശയ്യാ പ്രവാചകൻ വിജയകരമായി ദീർഘക്ഷമ പ്രകടമാക്കിയത്‌ എങ്ങനെ?

12 യഹോവയുടെ ദീർഘക്ഷമയെക്കുറിച്ചു ചിന്തിക്കുന്നത്‌ ആ ഗുണം വിലമതിക്കാനും അതു നട്ടുവളർത്താനും നമ്മെ സഹായിക്കുന്നു. ദീർഘക്ഷമ നട്ടുവളർത്തുകയെന്നത്‌ അപൂർണരായ മനുഷ്യർക്ക്‌ എളുപ്പമല്ല. എന്നാൽ അതു സാധ്യമാണ്‌. ദൈവത്തിന്റെ പുരാതന ദാസന്മാരെക്കുറിച്ച്‌ ശിഷ്യനായ യാക്കോബ്‌ ഇങ്ങനെ എഴുതി: “സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീർഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ.” (യാക്കോബ്‌ 5:10) ഇന്നു നാം അഭിമുഖീകരിക്കുന്നതുപോലുള്ള പ്രശ്‌നങ്ങൾ മറ്റുള്ളവർ വിജയകരമായി തരണംചെയ്‌തിട്ടുണ്ടെന്ന്‌ അറിയുന്നത്‌ നമ്മെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

13 ഉദാഹരണത്തിന്‌, ദീർഘക്ഷമ അനിവാര്യമായിരുന്ന ഒരു നിയമനമാണ്‌ യെശയ്യാ പ്രവാചകന്‌ ഏറ്റെടുക്കേണ്ടിവന്നത്‌. പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട്‌ യഹോവ അക്കാര്യം സൂചിപ്പിച്ചു: “നീ ചെന്നു, ഈ ജനത്തോടു പറയേണ്ടതു: നിങ്ങൾ കേട്ടുകൊണ്ടിട്ടും തിരിച്ചറികയില്ല; നിങ്ങൾ കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല. ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേൾക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൌഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടെച്ചുകളകയും ചെയ്‌ക.” (യെശയ്യാവു 6:9, 10) ആളുകൾ ശ്രദ്ധിക്കാതിരുന്നിട്ടും കുറഞ്ഞത്‌ 46 വർഷം യെശയ്യാവ്‌ ക്ഷമാപൂർവം യഹോവയുടെ മുന്നറിയിപ്പിൻ ദൂതു പ്രസംഗിച്ചു! സമാനമായി, അനേകരും ശ്രദ്ധിക്കാതിരിക്കുമ്പോൾപ്പോലും പ്രസംഗപ്രവർത്തനത്തിൽ തുടരാൻ ദീർഘക്ഷമ നമ്മെ സഹായിക്കും.

14, 15. ദുരിതവും നിരുത്സാഹവും സഹിച്ചുനിൽക്കാൻ യിരെമ്യാവിനെ എന്തു സഹായിച്ചു?

14 തീർച്ചയായും, ശുശ്രൂഷയിൽ പ്രവാചകന്മാർ നേരിട്ട പ്രശ്‌നം പ്രതികരണമില്ലായ്‌മ മാത്രമായിരുന്നില്ല. അവർ പീഡിപ്പിക്കപ്പെടുകയും ചെയ്‌തിരുന്നു. യിരെമ്യാവിനെ ആമത്തിലിടുകയും “കാരാഗൃഹ”ത്തിലടയ്‌ക്കുകയും പിന്നീട്‌ പൊട്ടക്കിണറ്റിൽ എറിയുകയും ചെയ്‌തു. (യിരെമ്യാവു 20:2; 37:15; 38:6) അവൻ ആരെ സഹായിക്കാൻ ആഗ്രഹിച്ചുവോ അതേ ആളുകൾതന്നെയാണ്‌ അവനോട്‌ ആ കടുംകൈ ചെയ്‌തത്‌. എന്നിട്ടും അവൻ നീരസപ്പെടുകയോ പ്രതികാരം ചെയ്യുകയോ ചെയ്‌തില്ല. പതിറ്റാണ്ടുകളോളം അവൻ ക്ഷമാപൂർവം സഹിച്ചുനിന്നു.

15 പീഡനവും പരിഹാസവും യിരെമ്യാവിനെ നിശ്ശബ്ദനാക്കിയില്ല. നമ്മുടെ കാര്യത്തിലും അതു സത്യമാണ്‌. ചിലപ്പോഴൊക്കെ നമുക്കു നിരുത്സാഹം തോന്നിയേക്കാമെന്നതു ശരിയാണ്‌. യിരെമ്യാവിന്‌ അങ്ങനെ സംഭവിച്ചു. “യഹോവയുടെ വചനം എനിക്കു ഇടവിടാതെ നിന്ദെക്കും പരിഹാസത്തിന്നും ഹേതുവായിരിക്കുന്നു. ഞാൻ ഇനി അവനെ ഓർക്കുകയില്ല, അവന്റെ നാമത്തിൽ സംസാരിക്കയുമില്ല” എന്ന്‌ അവൻ പറഞ്ഞു. എന്നാൽ എന്താണു സംഭവിച്ചത്‌? യിരെമ്യാവ്‌ പ്രസംഗം നിറുത്തിയോ? അവൻ ഇപ്രകാരം തുടരുന്നു: “അതു [ദൈവവചനം] എന്റെ അസ്ഥികളിൽ അടെക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചു തളർന്നു എനിക്കു വഹിയാതെയായി.” (യിരെമ്യാവു 20:8, 9) ആളുകളുടെ പരിഹാസത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ അവനു സന്തോഷം നഷ്ടമായി എന്നതു ശ്രദ്ധിക്കുക. എന്നാൽ താൻ അറിയിച്ച സന്ദേശത്തിന്റെ മഹത്ത്വത്തിനും പ്രാധാന്യത്തിനും ശ്രദ്ധകൊടുത്തപ്പോൾ അവൻ വീണ്ടും സന്തോഷവാനായി. തന്നെയുമല്ല, തീക്ഷ്‌ണതയോടും ധൈര്യത്തോടും കൂടെ ദൈവവചനം പ്രസംഗിക്കാൻ യിരെമ്യാവിനെ സഹായിച്ചുകൊണ്ട്‌ “ഒരു മഹാവീരനെപ്പോലെ” യഹോവ അവനോടൊപ്പം ഉണ്ടായിരുന്നു.​—⁠യിരെമ്യാവു 20:11.

16. സുവാർത്താപ്രസംഗവേലയിൽ സന്തോഷം നിലനിറുത്താൻ നമുക്ക്‌ എങ്ങനെ കഴിയും?

16 യിരെമ്യാ പ്രവാചകൻ തന്റെ വേലയിൽ സന്തോഷം കണ്ടെത്തിയോ? തീർച്ചയായും! അവൻ യഹോവയോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി . . . യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.” (യിരെമ്യാവു 15:16) സത്യദൈവത്തെ പ്രതിനിധാനം ചെയ്‌ത്‌ അവന്റെ വചനം പ്രസംഗിക്കാനുള്ള പദവിയിൽ യിരെമ്യാവ്‌ ആനന്ദിച്ചു. നമുക്കും അങ്ങനെ ചെയ്യാൻ കഴിയും. കൂടാതെ, ലോകവ്യാപകമായി അനേകർ രാജ്യദൂതിനു ചെവികൊടുക്കുകയും അനുതപിക്കുകയും നിത്യജീവന്റെ മാർഗത്തിൽ പ്രവേശിക്കുകയും ചെയ്യുന്നതിൽ സ്വർഗീയ ദൂതന്മാരോടൊപ്പം നാമും ആനന്ദിക്കുന്നു.​—⁠ലൂക്കൊസ്‌ 15:10.

‘ഇയ്യോബിന്റെ സഹിഷ്‌ണുത’

17, 18. ഏതുവിധത്തിലാണ്‌ ഇയ്യോബ്‌ സഹിച്ചുനിന്നത്‌, അതിന്റെ ഫലം എന്തായിരുന്നു?

17 പൂർവകാലത്തെ പ്രവാചകന്മാരെക്കുറിച്ചു പറഞ്ഞശേഷം ശിഷ്യനായ യാക്കോബ്‌ ഇങ്ങനെ എഴുതി: “യോബിന്റെ സഹിഷ്‌ണുത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ.” (യാക്കോബ്‌ 5:11) ഇവിടെ “സഹിഷ്‌ണുത” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്‌, മുൻ വാക്യത്തിൽ “ദീർഘക്ഷമ” എന്നതിന്‌ യാക്കോബ്‌ ഉപയോഗിച്ച പദത്തോടു സമാനമായ അർഥമാണുള്ളത്‌. ഈ രണ്ടു വാക്കുകളുടെയും വ്യത്യാസം ചൂണ്ടിക്കാട്ടിക്കൊണ്ട്‌ ഒരു പണ്ഡിതൻ ഇങ്ങനെ എഴുതി: “ആദ്യപദം [ദീർഘക്ഷമ എന്നതിനുള്ള ഗ്രീക്കു പദം] ആളുകൾ നമ്മോടു മോശമായി പെരുമാറുമ്പോൾ നാം പ്രകടമാക്കുന്ന ക്ഷമയെയും രണ്ടാമത്തേത്‌, ക്ലേശപൂർണമായ സാഹചര്യങ്ങളിന്മധ്യേയുള്ള നമ്മുടെ അചഞ്ചലമായ നിലപാടിനെയുമാണ്‌ അർഥമാക്കുന്നത്‌.”

18 ഇയ്യോബിനുണ്ടായ കഷ്ടങ്ങൾ ഭയങ്കരമായിരുന്നു. സാമ്പത്തികത്തകർച്ച, മക്കളുടെ മരണം, വേദനാകരമായ രോഗം എന്നിവ അവനു നേരിട്ടു. യഹോവ അവനെ ശിക്ഷിക്കുകയാണെന്ന വ്യാജമായ പ്രസ്‌താവനകളും അവനു കേൾക്കേണ്ടിവന്നു. അതെല്ലാം നിശ്ശബ്ദമായി സഹിക്കാൻ അവനു കഴിഞ്ഞില്ല; തന്റെ സാഹചര്യത്തെപ്രതി ഇയ്യോബ്‌ ആവലാതി പറയുകയും താൻ ദൈവത്തെക്കാൾപ്പോലും നീതിമാനാണെന്നു സൂചിപ്പിക്കുകയും ചെയ്‌തു. (ഇയ്യോബ്‌ 35:2) എന്നിരുന്നാലും അവൻ ഒരിക്കലും തന്റെ വിശ്വാസവും നിർമലതയും കൈവിട്ടില്ല. സാത്താൻ അവകാശപ്പെട്ടതുപോലെ അവൻ ദൈവത്തെ ശപിച്ചില്ല. (ഇയ്യോബ്‌ 1:11, 21) അതിന്റെ ഫലം എന്തായിരുന്നു? “യഹോവ ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു.” (ഇയ്യോബ്‌ 42:12) യഹോവ ഇയ്യോബിന്റെ ആരോഗ്യം പുനഃസ്ഥാപിക്കുകയും സമ്പത്ത്‌ ഇരട്ടിയാക്കുകയും പ്രിയപ്പെട്ടവരുമൊത്തുള്ള ഐശ്വര്യപൂർണവും സന്തുഷ്ടവുമായ ഒരു ജീവിതം നൽകി അനുഗ്രഹിക്കുകയും ചെയ്‌തു. യഹോവയെ കൂടുതൽ നന്നായി അറിയാനും ഇയ്യോബിന്റെ വിശ്വസ്‌ത സഹിഷ്‌ണുത അവനെ സഹായിച്ചു.

19. ഇയ്യോബിന്റെ ക്ഷമാപൂർവകമായ സഹിഷ്‌ണുതയിൽനിന്നു നാം എന്തു പഠിക്കുന്നു?

19 ഇയ്യോബിന്റെ ക്ഷമാപൂർവകമായ സഹിഷ്‌ണുതയിൽനിന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയും? ഇയ്യോബിനെപ്പോലെ രോഗങ്ങളും മറ്റു ക്ലേശങ്ങളും നമുക്കുണ്ടായേക്കാം. നാം ഒരു പ്രത്യേക പരിശോധന നേരിടാൻ യഹോവ അനുവദിക്കുന്നത്‌ എന്തുകൊണ്ടെന്ന്‌ നമുക്കു പൂർണമായി മനസ്സിലാകാതിരുന്നേക്കാം. എന്നാൽ ഒരു കാര്യത്തിൽ നമുക്ക്‌ ഉറപ്പുള്ളവരായിരിക്കാം: വിശ്വസ്‌തരായി നിലകൊണ്ടാൽ യഹോവ നമ്മെ അനുഗ്രഹിക്കും. ആത്മാർഥതയോടെ തന്നെ അന്വേഷിക്കുന്നവർക്ക്‌ യഹോവ നിശ്ചയമായും പ്രതിഫലം നൽകുന്നു. (എബ്രായർ 11:6) കൂടാതെ യേശു ഇങ്ങനെ പറഞ്ഞു: “അവസാനത്തോളം സഹിച്ചുനില്‌ക്കുന്നവനോ രക്ഷിക്കപ്പെടും.”​—⁠മത്തായി 10:22; 24:13.

‘കർത്താവിന്റെ ദിവസം വരും’

20. യഹോവയുടെ ദിവസം വരുമെന്ന്‌ നമുക്ക്‌ ഉറപ്പുള്ളവർ ആയിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

20 ദീർഘക്ഷമ പ്രകടമാക്കുന്നവനാണെങ്കിലും യഹോവ നീതിയുടെ ദൈവംകൂടെയാണ്‌. ദുഷ്ടത എന്നേക്കും തുടരാൻ അവൻ അനുവദിക്കുകയില്ല. അവന്റെ ദീർഘക്ഷമയ്‌ക്ക്‌ അതിരുണ്ട്‌. “[ദൈവം] പുരാതനലോകത്തെ ശിക്ഷിക്കുന്നതിൽനിന്നു പിന്മാറിനിന്നില്ല” (NW) എന്ന്‌ പത്രൊസ്‌ എഴുതി. നോഹയും കുടുംബവും രക്ഷ പ്രാപിച്ചപ്പോൾ, ആ ഭക്തികെട്ട ലോകം ജലപ്രളയത്തിൽ മുങ്ങിനശിച്ചു. സൊദോമിനെയും ഗൊമോരയെയും ചുട്ടുചാമ്പലാക്കിക്കൊണ്ട്‌ അവയുടെമേലും യഹോവ ന്യായവിധി നടപ്പാക്കി. ആ ന്യായത്തീർപ്പുകൾ “മേലാൽ ഭക്തികെട്ടു നടക്കുന്നവർക്കു ദൃഷ്ടാന്ത”മായിത്തീർന്നു. ‘കർത്താവിന്റെ ദിവസം വരും’ എന്ന്‌ നമുക്ക്‌ ഉറപ്പുള്ളവർ ആയിരിക്കാം.​—⁠2 പത്രൊസ്‌ 2:5, 6; 3:10.

21. നമുക്ക്‌ എങ്ങനെ ദീർഘക്ഷമയും സഹിഷ്‌ണുതയും പ്രകടമാക്കാം, അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

21 അനുതപിക്കാനും രക്ഷ പ്രാപിക്കാനും മറ്റുള്ളവരെ സഹായിച്ചുകൊണ്ട്‌ നമുക്ക്‌ യഹോവയുടെ ദീർഘക്ഷമ അനുകരിക്കാം. അനുകൂല പ്രതികരണം ലഭിക്കുന്നില്ലെങ്കിലും ക്ഷമാപൂർവം സുവാർത്ത പ്രസംഗിച്ചുകൊണ്ട്‌ പ്രവാചകന്മാരെയും നമുക്ക്‌ അനുകരിക്കാം. കൂടാതെ, ഇയ്യോബിനെപ്പോലെ കഷ്ടങ്ങളിന്മധ്യേ സഹിച്ചുനിൽക്കുകയും നിർമലത കാത്തുസൂക്ഷിക്കുകയും ചെയ്യുന്നപക്ഷം യഹോവ നമ്മെ ധാരാളമായി അനുഗ്രഹിക്കുമെന്ന്‌ നമുക്ക്‌ ഉറപ്പുള്ളവർ ആയിരിക്കാം. ഭൂവ്യാപകമായി സുവാർത്ത പ്രസംഗിക്കാനുള്ള തന്റെ ജനത്തിന്റെ ശ്രമങ്ങളെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നതു കാണുമ്പോൾ ശുശ്രൂഷയിൽ സന്തോഷിക്കാതിരിക്കാൻ നമുക്കാവില്ല. അടുത്ത ലേഖനത്തിൽ നാം ഇക്കാര്യം ചർച്ചചെയ്യും.

നിങ്ങൾ ഓർമിക്കുന്നുവോ?

• യഹോവ ദീർഘക്ഷമ പ്രകടമാക്കുന്നത്‌ എന്തുകൊണ്ട്‌?

• പ്രവാചകന്മാരുടെ ദീർഘക്ഷമയിൽനിന്നു നാം എന്തു പഠിക്കുന്നു?

• ഇയ്യോബ്‌ സഹിഷ്‌ണുത പ്രകടമാക്കിയത്‌ എങ്ങനെ, അതിന്റെ ഫലം എന്തായിരുന്നു?

• യഹോവയുടെ ദീർഘക്ഷമയ്‌ക്കു പരിധിയുണ്ടെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രം]

യേശുവിന്റെ ദീർഘക്ഷമ തന്റെ പിതാവിന്റെ ദീർഘക്ഷമയുടെ തികഞ്ഞ പ്രതിഫലനം ആയിരുന്നു

[20-ാം പേജിലെ ചിത്രങ്ങൾ]

യിരെമ്യാവിന്റെ ദീർഘക്ഷമയ്‌ക്കു യഹോവ പ്രതിഫലം നൽകിയത്‌ എങ്ങനെ?

[21-ാം പേജിലെ ചിത്രങ്ങൾ]

ഇയ്യോബിന്റെ സഹിഷ്‌ണുതയ്‌ക്കു യഹോവ പ്രതിഫലം നൽകിയത്‌ എങ്ങനെ?