വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയെ കണ്ടെത്താൻ അവൻ എന്നെ സഹായിച്ചു

യഹോവയെ കണ്ടെത്താൻ അവൻ എന്നെ സഹായിച്ചു

ജീവിത കഥ

യഹോവയെ കണ്ടെത്താൻ അവൻ എന്നെ സഹായിച്ചു

ഫ്‌ളോറൻസ്‌ ക്ലാർക്ക്‌ പറഞ്ഞപ്രകാരം

ഞാൻ ഭർത്താവിന്റെ കൈയിൽ മുറുകെ പിടിച്ചു, അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. ഒരു ആംഗ്ലിക്കൻ വിശ്വാസിയായ ഞാൻ ഭർത്താവ്‌ സുഖം പ്രാപിക്കുന്നതിനായി ദൈവത്തോട്‌ അപേക്ഷിച്ചു. അദ്ദേഹത്തെ മരണത്തിൽനിന്നു രക്ഷിച്ചാൽ ഞാൻ ദൈവത്തെ കണ്ടെത്തുംവരെ അന്വേഷിക്കുമെന്നും പിന്നെ എന്നും ദൈവത്തിനുള്ളവൾ ആയിരിക്കുമെന്നും പ്രതിജ്ഞ ചെയ്‌തു.

പശ്ചിമ ഓസ്‌ട്രേലിയയിലെ ഫ്‌ളോറൻസ്‌ ചൂലങ്ങിൽ 1937 സെപ്‌റ്റംബർ 18-നാണ്‌ ഞാൻ ജനിച്ചത്‌. ഉൾനാടൻ പ്രദേശമായ കിംബർളി പീഠഭൂമിയിൽ വസിക്കുന്ന ഊംബുൾഗറി ആദിവാസി സമുദായമായിരുന്നു ഞങ്ങളുടേത്‌.

അല്ലലറിയാത്ത ബാല്യകാലത്തിന്റെ മധുരസ്‌മരണകൾ ഇപ്പോഴും എന്റെ മനസ്സിൽ മിഴിവാർന്നു നിൽക്കുന്നു. പള്ളിയിൽനിന്ന്‌ ഞാൻ ദൈവത്തെയും ബൈബിളിനെയും കുറിച്ച്‌ ഏതാനും അടിസ്ഥാന കാര്യങ്ങൾ പഠിച്ചിരുന്നു, എന്നാൽ ക്രിസ്‌തീയ തത്ത്വങ്ങൾ എന്നെ പഠിപ്പിച്ചതു മമ്മിയാണ്‌. മമ്മി പതിവായി ബൈബിൾ വായിച്ചുകേൾപ്പിച്ചിരുന്നു, അതുകൊണ്ട്‌ ചെറുപ്രായത്തിൽത്തന്നെ ആത്മീയകാര്യങ്ങൾ എനിക്ക്‌ ഏറെ പ്രിയങ്കരമായിരുന്നു. എന്റെ ആന്റിമാരിൽ ഒരാൾ ഒരു സഭാമിഷനറിയായിരുന്നു. ആന്റിയോട്‌ വലിയ ആദരവായിരുന്നു എനിക്ക്‌. വലുതാകുമ്പോൾ ആന്റിയെപ്പോലെ ആകണമെന്ന്‌ ഞാൻ മനസ്സിൽ ആഗ്രഹിച്ചിരുന്നു.

മുമ്പ്‌ ഫോറസ്റ്റ്‌ റിവർ മിഷൻ എന്നറിയപ്പെട്ടിരുന്ന ഒരു സഭയായിരുന്നു ഞങ്ങളുടേത്‌. ഒന്നാം ഗ്രേഡുമുതൽ അഞ്ചാം ഗ്രേഡുവരെ പഠിപ്പിക്കുന്ന ഒരു സ്‌കൂൾ അവർക്കുണ്ടായിരുന്നു. എന്നും രാവിലെ രണ്ടു മണിക്കൂർ മാത്രമാണ്‌ ഞാൻ സ്‌കൂളിൽപോയിരുന്നത്‌. എന്നുവെച്ചാൽ എന്റെ വിദ്യാഭ്യാസം പരിമിതമായിരുന്നുവെന്നു ചുരുക്കം. ഡാഡിക്ക്‌ അതിൽ വലിയ വിഷമമുണ്ടായിരുന്നു. മക്കൾക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതുകൊണ്ട്‌ ഡാഡി ഊംബുൾഗറി വിട്ട്‌ സകുടുംബം വിൻഡെം പട്ടണത്തിലേക്കു താമസം മാറി. ഞങ്ങൾ നാടിനോടു വിടപറഞ്ഞ ദിവസം എനിക്കു വല്ലാത്ത സങ്കടമായിരുന്നു. എന്നാൽ വിൻഡെമിൽ എനിക്ക്‌ മുഴുവൻ സമയവും സ്‌കൂളിൽ പോകുന്നതിനു കഴിഞ്ഞു, 1949-52 വരെ നാലുവർഷം ഞാൻ പഠിച്ചു. എനിക്കു വിദ്യാഭ്യാസം ലഭ്യമാക്കിയതിൽ ഡാഡിയോട്‌ എനിക്കെത്രമാത്രം നന്ദിയുണ്ടെന്നോ!

മമ്മി സ്ഥലത്തെ ഡോക്ടറോടൊപ്പമായിരുന്നു ജോലി ചെയ്‌തിരുന്നത്‌. 15-ാം വയസ്സിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ എനിക്കും ഈ ഡോക്ടർ ജോലി തന്നു, വിൻഡെം ആശുപത്രിയിൽ നഴ്‌സായിട്ട്‌. ഞാൻ സന്തോഷത്തോടെ അതു സ്വീകരിച്ചു, കാരണം അന്നൊക്കെ ഒരു ജോലികിട്ടുകയെന്നത്‌ ബുദ്ധിമുട്ടായിരുന്നു.

കുറെ വർഷങ്ങൾക്കുശേഷം ഞാൻ അലെക്‌ എന്നയാളെ കണ്ടുമുട്ടി, ഒരു വെള്ളക്കാരനായിരുന്ന അദ്ദേഹത്തിന്‌ ഫാമിൽ കാലികളെ പരിപാലിക്കലായിരുന്നു ജോലി. 1964-ൽ ഡർബി പട്ടണത്തിൽവെച്ച്‌ ഞങ്ങൾ വിവാഹിതരായി, ഞാൻ അവിടത്തെ ആംഗ്ലിക്കൻ സഭയിൽ പതിവായി സംബന്ധിച്ചുകൊണ്ടിരുന്നു. ഒരുദിവസം യഹോവയുടെ സാക്ഷികൾ എന്റെ വീട്ടുപടിക്കലെത്തി. എനിക്ക്‌ ഒട്ടും താത്‌പര്യമില്ലെന്നും ഇനി ഇങ്ങോട്ടുവരേണ്ടതില്ലെന്നും ഞാൻ അവരോടു പറഞ്ഞു. പക്ഷേ അവർ പറഞ്ഞിട്ടുപോയ ഒരു സംഗതി എന്റെ കൗതുകത്തെ തൊട്ടുണർത്തി: ദൈവത്തിന്‌ യഹോവ എന്ന വ്യക്തിഗതമായ ഒരു പേരുണ്ടെന്ന കാര്യം.

“നിനക്കെന്താ സ്വന്തമായി പ്രാർഥിക്കാനറിയില്ലേ?”

1965-ൽ ജീവിതത്തിൽ പ്രതിസന്ധികൾ നേരിടാൻ തുടങ്ങി. ഭർത്താവിന്‌ മൂന്നുതവണ അൽപ്പം ഗുരുതരമായ അപകടമുണ്ടായി. രണ്ടുപ്രാവശ്യം അദ്ദേഹത്തിന്റെ കുതിരയിൽനിന്നും ഒരു തവണ അദ്ദേഹത്തിന്റെ വാഹനം മൂലവും. എന്നാൽ സന്തോഷകരമെന്നു പറയട്ടെ സുഖം പ്രാപിച്ച്‌ അദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിച്ചു. അധികംകഴിയുന്നതിനു മുമ്പേ കുതിര വീണ്ടും അദ്ദേഹത്തെ അപകടപ്പെടുത്തി. ഇപ്രാവശ്യം അദ്ദേഹത്തിന്റെ തലയിൽ ഗുരുതരമായ ക്ഷതമേറ്റു. ഞാൻ ആശുപത്രിയിൽ ചെന്നപ്പോൾ, ഭർത്താവ്‌ മരിച്ചുപോകുമെന്ന്‌ ഡോക്ടർ എന്നോടു പറഞ്ഞു. ഞാൻ ആകെ തകർന്നുപോയി. അവിടത്തെ കത്തോലിക്കാ പുരോഹിതനോട്‌ എന്നെ ചെന്നൊന്നു കാണാമോയെന്ന്‌ ഒരു നഴ്‌സ്‌ ചോദിച്ചപ്പോൾ “ഇപ്പോൾ പറ്റില്ല, നാളെയാകട്ടെ!” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പുരോഹിതൻ എന്റെ അടുക്കലിരുന്ന്‌ ഒന്നു പ്രാർഥിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു, ഇക്കാര്യം ഞാൻ ഒരു കന്യാസ്‌ത്രീയോടു പറഞ്ഞു. പരിഹാസസ്വരത്തിൽ അവർ പ്രതിവചിച്ചു: “നീയെന്താണീ പറയുന്നത്‌? നിനക്കെന്താ സ്വന്തമായി പ്രാർഥിക്കാനറിയില്ലേ?” അപ്പോൾ ഞാൻ സഹായത്തിനായി പള്ളിയിലെ വിഗ്രഹങ്ങളുടെ മുമ്പാകെ അപേക്ഷിക്കാൻ തുടങ്ങി, പക്ഷേ ഒരു പ്രയോജനവുമുണ്ടായില്ല. മരണം ഞങ്ങളെ വേർപിരിക്കാൻ പോകുകയാണെന്ന്‌ എനിക്കുതോന്നി. ‘അദ്ദേഹം ഇല്ലാതെ എങ്ങനെ ജീവിക്കും?’ ഞാൻ ചിന്തിച്ചു. ഞങ്ങളുടെ മൂന്നു മക്കളെ ഓർത്ത്‌ എനിക്ക്‌ ആശങ്കയായിരുന്നു. ക്രിസ്റ്റീനും നോനെറ്റും ജെഫ്രിയും, ഡാഡിയില്ലാതെ അവരുടെ ജീവിതം എങ്ങനെയായിരിക്കും? മൂന്നുദിവസം കഴിഞ്ഞ്‌ അദ്ദേഹത്തിനു ബോധംവീണപ്പോൾ എന്നിൽ ആശ്വാസത്തിന്റെ നെടുവീർപ്പുയർന്നു, 1966 ഡിസംബർ 6-ാം തീയതി അദ്ദേഹം ആശുപത്രിവിട്ടു.

അദ്ദേഹത്തിന്റെ പരിക്കുകളൊക്കെ നന്നായി ഭേദമായെങ്കിലും മസ്‌തിഷ്‌കത്തിനേറ്റ ക്ഷതം അപ്പോഴുമുണ്ടായിരുന്നു. ഓർമത്തകരാറിനു പുറമേ, നിന്നനിൽപ്പിൽ ഭാവം മാറുകയും അക്രമാസക്തനാകുകയും ചെയ്യുന്ന ഒരു പ്രവണതയും കണ്ടുതുടങ്ങി. കുട്ടികളോട്‌ ഇടപെടുമ്പോൾ അദ്ദേഹത്തിന്‌ ഒട്ടും ക്ഷമയില്ലായിരുന്നു, അവർ മുതിർന്നവരെപ്പോലെ പെരുമാറിയില്ലെങ്കിൽ അദ്ദേഹം വളരെ കോപിഷ്‌ഠനാകും. അദ്ദേഹത്തെ പരിചരിക്കുക ദുഷ്‌കരമായിത്തീർന്നു. അദ്ദേഹത്തിന്റെ എല്ലാക്കാര്യങ്ങളുംതന്നെ ഞാൻ ചെയ്‌തുകൊടുക്കേണ്ടിവന്നു. ഞാൻ വീണ്ടും അദ്ദേഹത്തെ എഴുത്തും വായനയും പഠിപ്പിക്കുകപോലും ചെയ്‌തു. അദ്ദേഹത്തെ പരിചരിക്കുന്നതിന്റെ കഷ്ടപ്പാടും അതേസമയം മറ്റു വീട്ടുകാര്യങ്ങൾ നോക്കിനടത്തേണ്ടതിന്റെ ഭാരവും കൂടിയായപ്പോൾ എനിക്കു താങ്ങാനായില്ല, ഞാൻ മാനസികമായും വൈകാരികമായും തകർന്നുപോയി. ഭർത്താവിന്‌ അപകടംപിണഞ്ഞ്‌ ഏഴുവർഷം കഴിഞ്ഞപ്പോൾ, എന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ പരസ്‌പരസമ്മതത്തോടെ കുറച്ചുനാൾ പിരിഞ്ഞുനിൽക്കാം എന്നു ഞങ്ങൾ തീരുമാനിച്ചു.

ഞാൻ കുട്ടികളെയും കൂട്ടി തെക്കുള്ള പെർത്ത്‌ നഗരത്തിലേക്കു പോയി. ഈ താമസംമാറ്റത്തിനു മുമ്പുതന്നെ, പശ്ചിമ ഓസ്‌ട്രേലിയയിലെ കനനറ എന്ന കൊച്ചുപട്ടണത്തിൽ വെച്ച്‌ എന്റെ അനുജത്തി യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയിരുന്നു. നിത്യജീവനിലേക്കു നയിക്കുന്ന സത്യം * എന്ന പുസ്‌തകത്തിൽനിന്ന്‌ ഭൂമി പറുദീസയാകുമെന്നുള്ള ബൈബിൾ വാഗ്‌ദാനത്തിന്റെ ഒരു ചിത്രം അവൾ എന്നെ കാണിക്കുകയും ചെയ്‌തു. ദൈവത്തിന്‌ ഒരു പേരുണ്ടെന്നും അത്‌ യഹോവ എന്നാണെന്നുംകൂടി അവൾ ഈ പുസ്‌തകത്തിൽനിന്ന്‌ എന്നെ കാണിച്ചു. അതെന്നെ ശരിക്കും ആകർഷിച്ചു. ഇതൊന്നും ഞാൻ എന്റെ പള്ളിയിൽ കേട്ടിരുന്നില്ല. അതുകൊണ്ട്‌ പെർത്തിൽ താമസമുറപ്പിച്ചുകഴിഞ്ഞാൽ യഹോവയുടെ സാക്ഷികൾക്കു ഫോൺചെയ്യണമെന്നു ഞാൻ തീരുമാനിച്ചു.

പക്ഷേ സാക്ഷികളെ സമീപിക്കാൻ എനിക്കു കുറച്ചൊക്കെ ജാള്യംതോന്നി. അങ്ങനെയിരിക്കെ ഒരു വൈകുന്നേരം എന്റെ ഡോർബെൽ ശബ്ദിച്ചു. എന്റെ മകനാണ്‌ പോയിനോക്കിയത്‌, അവൻ തിടുക്കത്തിൽ തിരിച്ചുവന്ന്‌ പറഞ്ഞു: “മമ്മീ, മമ്മി ഫോൺവിളിക്കണമെന്നും പറഞ്ഞിരുന്ന ആ ആളുകളാണ്‌ വന്നിരിക്കുന്നത്‌.” ഞാൻ അൽപ്പം അതിശയിക്കാതിരുന്നില്ല, പക്ഷേ മകനോടു പറഞ്ഞു; “ഞാനിവിടെ ഇല്ലെന്നു പറഞ്ഞേക്ക്‌!” പക്ഷേ അവൻ പറഞ്ഞതിതാണ്‌: “ഞാൻ നുണപറയരുതെന്നുള്ള കാര്യം മമ്മിക്കറിയാമല്ലോ.” അവന്റെ അഭിപ്രായത്തെ ശരിവെച്ച്‌ ഞാൻ അവരെ കാണാൻ വാതിൽക്കലെത്തി. ഞാൻ അവരെ അഭിവാദനം ചെയ്‌തപ്പോൾ അവരുടെ മുഖത്ത്‌ എന്തോ ഒരു ചിന്താക്കുഴപ്പം. അവർ മറ്റൊരു താമസക്കാരെ അന്വേഷിച്ചുവന്നതാണ്‌, പക്ഷേ അക്കൂട്ടർ സ്ഥലംമാറിപ്പോയിരുന്നു. ഞാൻ അവരെ അകത്തേക്കു ക്ഷണിച്ച്‌ ചോദ്യശരങ്ങൾകൊണ്ടു വീർപ്പുമുട്ടിച്ചു. പക്ഷേ എല്ലാറ്റിനും തൃപ്‌തികരമായ ഉത്തരം ബൈബിളിൽനിന്ന്‌ അവർ എനിക്കു നൽകി.

പിറ്റേ ആഴ്‌ചമുതൽ, നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്‌തകം ഉപയോഗിച്ച്‌ ഞാൻ സാക്ഷികളോടൊത്തു ക്രമമായി ബൈബിൾ പഠിക്കാൻ തുടങ്ങി. ഈ പഠനം എന്നിൽ ഉറങ്ങിക്കിടന്ന ആത്മീയകാര്യങ്ങളോടുള്ള പ്രിയം തട്ടിയുണർത്തി. രണ്ടാഴ്‌ചയ്‌ക്കുശേഷം ഞാൻ യേശുവിന്റെ മരണത്തിന്റെ സ്‌മാരകത്തിൽ സംബന്ധിച്ചു. എല്ലാ ഞായറാഴ്‌ചയും ഞാൻ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി, താമസിയാതെ മധ്യവാര യോഗങ്ങളിലും ഞാൻ സംബന്ധിച്ചു. പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരോടു പറയാനും ആരംഭിച്ചു. ബൈബിൾ സത്യങ്ങൾ പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുമ്പോൾ എന്റെ മാനസികവും വൈകാരികവുമായ ആരോഗ്യം ഏറെ മെച്ചപ്പെടുന്നുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. ആറുമാസം കഴിഞ്ഞപ്പോൾ പെർത്തിൽ നടന്ന ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ ഞാൻ സ്‌നാപനമേറ്റു.

ആത്മീയമായി പുരോഗമിക്കവേ, വിവാഹത്തിന്റെ പവിത്രതയോടുള്ള യഹോവയുടെ കാഴ്‌ചപ്പാടു വിലമതിക്കാൻ ഞാൻ പഠിച്ചു. “അവിശ്വാസിയായ ഭർത്താവുള്ള ഒരു സ്‌ത്രീയും, അവൻ അവളോടുകൂടെ പാർപ്പാൻ സമ്മതിക്കുന്നു എങ്കിൽ, ഭർത്താവിനെ ഉപേക്ഷിക്കരുതു” എന്ന 1 കൊരിന്ത്യർ 7:​13-ലെ ബൈബിൾ തത്ത്വം എന്നെ ചിന്തിപ്പിച്ചു. ഈ തിരുവെഴുത്ത്‌ ഭർത്താവിന്റെ അടുത്തേക്കു മടങ്ങിച്ചെല്ലാൻ എനിക്കു പ്രചോദനമായി.

ഡർബിയിലേക്കു മടങ്ങുന്നു

1979 ജൂൺ 21-ന്‌ ഞാൻ ഡർബിയിൽ തിരിച്ചെത്തി. ഞങ്ങൾ തമ്മിൽ പിരിഞ്ഞിട്ട്‌ അപ്പോൾ അഞ്ചുവർഷത്തിലേറെയായിരുന്നു. എനിക്ക്‌ ഉള്ളിൽ സമ്മിശ്രവികാരങ്ങളായിരുന്നു, അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരിക്കും? എന്നാൽ ആ പുനഃസമാഗമത്തിൽ അദ്ദേഹം സന്തുഷ്ടനായിരുന്നു, ഞാൻ അതിശയിച്ചുപോയി. ഞാൻ യഹോവയുടെ സാക്ഷിയായിത്തീർന്നു എന്നറിഞ്ഞപ്പോൾ അദ്ദേഹം കുറച്ചൊക്കെ പരിഭവം പ്രകടിപ്പിക്കാതിരുന്നില്ല. അദ്ദേഹം സംബന്ധിക്കുന്ന പള്ളിയിൽപോകാൻ എന്നോട്‌ ആവശ്യപ്പെട്ടു, പെർത്തിലേക്കു മാറുന്നതിനുമുമ്പ്‌ ഞാനും അവിടെ പോയിരുന്നു. എനിക്ക്‌ അതു ചെയ്യാൻ കഴിയില്ലെന്നു ഞാൻ അദ്ദേഹത്തോടു വിശദീകരിച്ചു. അദ്ദേഹത്തിന്റെ ശിരഃസ്ഥാനത്തെ ആദരിക്കാനും ഒരു നല്ല ക്രിസ്‌തീയ ഭാര്യ ആയിരിക്കാനും ഞാൻ കഠിനമായി യത്‌നിച്ചു. യഹോവയെയും ഭാവി സംബന്ധിച്ച അത്ഭുതകരമായ പ്രത്യാശയെയും കുറിച്ചൊക്കെ അദ്ദേഹത്തോടു പറയാൻ ഞാൻ ശ്രമിച്ചു, പക്ഷേ അതിലൊന്നും അദ്ദേഹത്തിനു താത്‌പര്യമില്ലായിരുന്നു.

കാലാന്തരത്തിൽ, അലെക്‌ എന്റെ പുതിയ ജീവിതരീതിയോട്‌ അനുരൂപപ്പെട്ടു. എന്നെ സാമ്പത്തികമായി സഹായിക്കാനും തുടങ്ങി. തന്മൂലം എനിക്കു കൺവെൻഷനുകളിലും സമ്മേളനങ്ങളിലും വാരത്തിലെ യോഗങ്ങളിലും സംബന്ധിക്കാൻ കഴിഞ്ഞു. ക്രിസ്‌തീയ ശുശ്രൂഷയിൽ ഉപയോഗിക്കാൻ അദ്ദേഹം എനിക്ക്‌ ഒരു കാർ വാങ്ങിത്തരുകപോലും ചെയ്‌തു. ഓസ്‌ട്രേലിയയുടെ ഉൾപ്രദേശങ്ങളിൽ വാഹനം തികച്ചുമൊരു മുതൽക്കൂട്ടാണ്‌, എനിക്ക്‌ അതിന്‌ അദ്ദേഹത്തോടു വളരെ നന്ദിയുണ്ട്‌. സർക്കിട്ടു മേൽവിചാരകൻ ഉൾപ്പെടെയുള്ള സഹോദരീസഹോദരന്മാർ പലപ്പോഴും ദിവസങ്ങളോളം ഞങ്ങളുടെ വീട്ടിൽ താമസിക്കുമായിരുന്നു. സാക്ഷികളിൽ പലരെയും അലെകിന്‌ അടുത്തറിയാൻ ഇതു വഴിയൊരുക്കി, അവരുടെ സഹവാസം അദ്ദേഹം ഇഷ്ടപ്പെടുകയും ചെയ്‌തിരുന്നെന്നു തോന്നുന്നു.

യെഹെസ്‌കേലിന്റെ അതേ വികാരം എനിക്കും തോന്നി

സഹോദരങ്ങളുടെ സന്ദർശനം എനിക്കു പ്രോത്സാഹനം പകർന്നു. പക്ഷേ ഒരു വെല്ലുവിളിയുണ്ടായിരുന്നു. ഡർബി പട്ടണത്തിൽ സാക്ഷിയായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത സഭ 220 കിലോമീറ്റർ അകലെയുള്ള ബ്രൂമിലായിരുന്നു. അതുകൊണ്ട്‌ സുവാർത്ത വ്യാപിപ്പിക്കാൻ ഞാൻ കഴിയുന്നത്ര പരിശ്രമിച്ചു. യഹോവയുടെ സഹായത്താൽ കാര്യങ്ങൾ ക്രമപ്പെടുത്തിയിട്ട്‌ ഞാൻ വീടുതോറും സാക്ഷീകരിക്കാൻ തുടങ്ങി. അത്‌ എളുപ്പമായിരുന്നില്ല. “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു” എന്ന പൗലൊസ്‌ അപ്പൊസ്‌തലന്റെ വാക്കുകൾ ഞാൻ എന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു​—⁠ഫിലിപ്പിയർ 4:13.

അവിടത്തെ വൈദികർക്ക്‌ എന്റെ ഈ പ്രവർത്തനം അത്ര രസിച്ചില്ല, പ്രത്യേകിച്ച്‌ എന്റെ അതേ സമുദായത്തിലെ ആളുകളോട്‌ ഞാൻ സാക്ഷീകരിക്കുന്നത്‌. എന്നെ ഭീഷണിപ്പെടുത്താനും പ്രസംഗപ്രവർത്തനം നിറുത്തിക്കാനും അവർ ശ്രമിച്ചു. എന്നാൽ അവരുടെ എതിർപ്പ്‌ കൂടുതൽ ഊർജസ്വലതയോടെ മുന്നേറാൻ എനിക്കു പ്രചോദനമേകി, സഹായത്തിനായി ഞാൻ യഹോവയോടു പ്രാർഥിച്ചുകൊണ്ടിരുന്നു. ഈ അവസരത്തിൽ, യെഹെസ്‌കേലിന്‌ നൽകപ്പെട്ട പിൻവരുന്ന പ്രോത്സാഹനവാക്കുകളെക്കുറിച്ചു ഞാൻ ഓർത്തു: “എന്നാൽ ഞാൻ നിന്റെ മുഖം അവരുടെ മുഖത്തിന്നു നേരെ കഠിനവും നിന്റെ നെറ്റി അവരുടെ നെറ്റിക്കു നേരെ കടുപ്പവും ആക്കിയിരിക്കുന്നു. ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രം പോലെ ആക്കിയിരിക്കുന്നു; . . . നീ അവരെ പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുത്‌.”​—⁠യെഹെസ്‌കേൽ 3:8, 9.

പല സന്ദർഭങ്ങളിൽ, ഞാൻ സാധനങ്ങൾ വാങ്ങിക്കൊണ്ടു നിൽക്കുമ്പോൾ പള്ളിയിൽനിന്നുള്ള രണ്ടു പേർ എന്റെ അടുത്തെത്തി ഉച്ചത്തിൽ എല്ലാവരും കേൾക്കെ എന്നെ പരിഹസിച്ചിട്ടുണ്ട്‌. അവിടെ നിൽക്കുന്ന മറ്റുള്ളവരുടെയും ശ്രദ്ധയാകർഷിക്കാനായിരുന്നു ഇത്‌. ഞാൻ അവരെ ഗൗനിക്കാറേ ഇല്ലായിരുന്നു. ഒരിക്കൽ ഒരു മടക്കസന്ദർശനം നടത്തിക്കൊണ്ടിരിക്കുമ്പോൾ പ്രാദേശിക പള്ളിയിലെ ഒരു ശുശ്രൂഷകൻ വന്ന്‌ ഞാൻ യേശുവിൽ വിശ്വസിക്കുന്നില്ലെന്നുപറഞ്ഞ്‌ എന്നെ അധിക്ഷേപിച്ചു. അയാൾ എന്റെ ബൈബിൾ തട്ടിപ്പറിച്ചിട്ട്‌, എന്റെ മുഖത്തിനു നേരെ പിടിച്ചു കുലുക്കി, എന്നിട്ട്‌ എന്റെ കൈയിലേക്ക്‌ ഇട്ടുതന്നു. അയാളുടെ കണ്ണിൽത്തന്നെ നോക്കി ശാന്തമായി എന്നാൽ ദൃഢതയോടെ ഞാൻ യോഹന്നാൻ 3:16 ഉദ്ധരിച്ചിട്ട്‌ യേശുവിൽ ഞാൻ വിശ്വസിക്കുകതന്നെ ചെയ്യുന്നു എന്ന്‌ അയാളെ ബോധ്യപ്പെടുത്തി. ആത്മവിശ്വാസത്തോടുകൂടിയ എന്റെ മറുപടിയിൽ അയാൾ സ്‌തബ്ധനായിപ്പോയി, ഒന്നും മിണ്ടാതെ അയാൾ നടന്നുനീങ്ങി.

ഡർബി പ്രദേശത്തെ ആദിവാസികളോടു സംസാരിക്കുന്നത്‌ എനിക്കെന്തിഷ്ടമായിരുന്നെന്നോ! ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരോടു സംസാരിക്കുന്നതിൽനിന്ന്‌ അവിടത്തെ പുരോഹിതൻ എന്നെ വിലക്കി, പക്ഷേ അദ്ദേഹം സ്ഥലംമാറ്റംകിട്ടി അവിടെനിന്നും പോയി. എനിക്ക്‌ ബൈബിൾ സന്ദേശവുമായി അവരെ സമീപിക്കാൻ ഇതു വഴിയൊരുക്കി. എന്റെ ആന്റിയെപ്പോലെ ഒരു മിഷനറിയാകാനായിരുന്നു എന്റെ മോഹം, ദൈവവചനം പഠിക്കാൻ ആളുകളെ സഹായിച്ചുകൊണ്ട്‌ ഞാൻ ഒരർഥത്തിൽ മിഷനറിവേല ചെയ്യുകയായിരുന്നു. അവിടത്തുകാരായ നിരവധി ആളുകൾ എന്റെ പ്രസംഗവേലയോടു നന്നായി പ്രതികരിച്ചു, ഞാൻ നിരവധി ബൈബിളധ്യയനങ്ങൾ തുടങ്ങി.

ആത്മീയ ആവശ്യത്തെക്കുറിച്ചുള്ള എന്റെ അവബോധം

അഞ്ചുവർഷക്കാലം ഡർബിയിൽ സാക്ഷിയായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഹാരാധകരോടൊപ്പം പതിവായി യോഗങ്ങളിൽ സംബന്ധിക്കുമ്പോൾ കിട്ടുന്ന പ്രോത്സാഹനം ഇല്ലാതിരുന്നതിനാൽ ആത്മീയമായി ബലിഷ്‌ഠയായി നിൽക്കാൻ എനിക്കു ബുദ്ധിമുട്ടായിരുന്നു. ഒരു സന്ദർഭത്തിൽ തീർത്തും നിരാശതോന്നിയിട്ട്‌ ഞാൻ വണ്ടിയുമെടുത്തു പുറത്തേക്കുപോയി. വൈകുന്നേരം തിരിച്ചുവീട്ടിലെത്തിയപ്പോൾ അതാ ഒരു സഹോദരിയും ഏഴു മക്കളും കൂടെ എന്നെ കാത്തിരിക്കുന്നു. കിലോമീറ്ററുകൾക്കപ്പുറത്തുള്ള ബ്രൂം സഭയിൽനിന്ന്‌ അവർ എനിക്കുവേണ്ടി കുറെ സാഹിത്യങ്ങളും കൊണ്ടുവന്നിരുന്നു. ആ സമയംമുതൽ ബെറ്റി ബട്ടർഫീൽഡ്‌ എന്ന ഈ സഹോദരി മാസത്തിൽ ഒരിക്കൽവീതം എന്റെ വീട്ടിൽവന്ന്‌ വാരാന്തത്തിൽ എന്നോടൊപ്പം താമസിക്കാനുള്ള ക്രമീകരണം ചെയ്‌തു. ഞങ്ങൾ ഒരുമിച്ചു പ്രസംഗവേലയ്‌ക്കു പോയി, വീട്ടിൽവെച്ച്‌ ഒരുമിച്ച്‌ വീക്ഷാഗോപുരം പഠിച്ചു. ഞാൻ മാസത്തിലൊരിക്കൽ ബ്രൂമിലേക്കു പോകാനും തീരുമാനിച്ചു.

ബ്രൂം സഭയിലെ സഹോദരങ്ങൾ സഹായമനസ്‌കരായിരുന്നു. അവർ ഇടയ്‌ക്കൊക്കെ ദീർഘദൂരം സഞ്ചരിച്ച്‌ ഡർബിയിലേക്കുവന്ന്‌ എന്നോടൊപ്പം വയൽസേവനത്തിൽ പങ്കുപറ്റുമായിരുന്നു. ഡർബി വഴി യാത്രചെയ്യുന്നുണ്ടെങ്കിൽ എന്റെ വീട്ടിൽ വന്ന്‌ എന്റെ കൂടെ വയൽസേവനത്തിൽ പങ്കെടുക്കാൻ അവർ മറ്റു പട്ടണങ്ങളിൽനിന്നുള്ള സഹോദരീസഹോദരന്മാരെ പ്രോത്സാഹിപ്പിച്ചു. ഇങ്ങനെ യാത്രചെയ്യുന്നവർ എനിക്ക്‌ പരസ്യപ്രസംഗങ്ങളുടെ ടേപ്പുകൾ കൊണ്ടുവന്നു തരുമായിരുന്നു. ചിലർ എന്നോടൊപ്പം വീക്ഷാഗോപുരം പഠിക്കുകയും ചെയ്‌തു. ഈ ഹ്രസ്വസന്ദർശനങ്ങൾ എന്നെ കുറച്ചൊന്നുമല്ല പ്രോത്സാഹിപ്പിച്ചത്‌.

കൂടുതൽ സഹായം വരാനിരിക്കുകയായിരുന്നു

ഏതാനും വർഷത്തേക്ക്‌ എനിക്കു കൂടുതൽ പ്രോത്സാഹനത്തിന്റെ മറ്റൊരു അവസരം കൈവന്നു. പശ്ചിമ ഓസ്‌ട്രേലിയയുടെ ദക്ഷിണഭാഗത്തുനിന്നുള്ള, ജോലിയിൽനിന്നു വിരമിച്ച ദമ്പതിമാരായ ആർതർ വിലെസും മേരിയും എന്റെ സഹായത്തിനെത്തി, ശൈത്യകാലത്ത്‌ മൂന്നുമാസം തുടർച്ചയായി അവർ എന്നോടൊപ്പമുണ്ടാകും. വിലെസ്‌ സഹോദരൻ മിക്കയോഗങ്ങളും നടത്തുകയും വയൽശുശ്രൂഷയിൽ നേതൃത്വമെടുക്കുകയും ചെയ്‌തു. ഞങ്ങൾ ഒരുമിച്ച്‌ കിംബെർലി പീഠഭൂമിയുടെ വിദൂരസ്ഥ പ്രദേശങ്ങളിലേക്കു യാത്രചെയ്‌ത്‌ ഉൾപ്രദേശങ്ങളിലുള്ള കാലിവളർത്തൽ കേന്ദ്രങ്ങൾ സന്ദർശിക്കുമായിരുന്നു. വിലെസ്‌ സഹോദരനും സഹോദരിയും എന്നെ പിരിഞ്ഞുപോകുന്ന ഓരോ തവണയും എനിക്ക്‌ എന്തെന്നില്ലാത്ത ശൂന്യത തോന്നിയിരുന്നു.

ഒടുവിൽ, 1983-ന്റെ അവസാനമായപ്പോൾ എനിക്ക്‌ ഒരു സന്തോഷവാർത്ത കിട്ടി; ഒരു കുടുംബം ഡർബിയിലേക്കു താമസത്തിനു വരുന്നു​—⁠ഡാനി സ്റ്റർജനും ഭാര്യ ഡനീസും അവരുടെ നാല്‌ ആൺമക്കളും. അവർ എത്തിക്കഴിഞ്ഞപ്പോൾ ഞങ്ങൾക്കു ക്രമമായി പ്രതിവാരയോഗങ്ങൾ നടത്താനും ഒരുമിച്ച്‌ വയൽശുശ്രൂഷയിൽ പങ്കെടുക്കാനും കഴിഞ്ഞു. 2001-ൽ ഇവിടെ ഒരു സഭ രൂപീകൃതമായി. ഇന്ന്‌ ഡർബിയിൽ 24 രാജ്യപ്രസാധകർ അടങ്ങുന്ന ബലിഷ്‌ഠമായ ഒരു സഭയുണ്ട്‌. രണ്ടു മൂപ്പന്മാരും ഒരു ശുശ്രൂഷാദാസനും ഞങ്ങളുടെ ആത്മീയ കാര്യങ്ങൾ നന്നായി നോക്കിനടത്തുന്നു. ചിലപ്പോൾ ഞങ്ങളുടെ യോഗഹാജർ 30 വരെ എത്താറുണ്ട്‌.

പിന്തിരിഞ്ഞുനോക്കവേ, തന്നെ സേവിക്കാൻ യഹോവ എന്നെ സ്‌നേഹപൂർവം സഹായിച്ച വിധങ്ങൾ എന്നെ വികാരാധീനയാക്കുന്നു. എന്റെ ഭർത്താവ്‌ ഇതുവരെ ഒരു സാക്ഷിയായിട്ടില്ലെങ്കിലും പലവിധങ്ങളിൽ അദ്ദേഹം എന്നെ തുടർന്നും പിന്തുണയ്‌ക്കുന്നു. ഇന്ന്‌ എന്റെ കുടുംബത്തിൽനിന്നുള്ള അഞ്ചുപേർ സ്‌നാപനമേറ്റ സാക്ഷികളാണ്‌. എന്റെ രണ്ടു പെൺമക്കളും, രണ്ടു പേരക്കിടാങ്ങളും, അനുജത്തിയുടെ ഒരു മകളും. കൂടാതെ എന്റെ ബന്ധുക്കളിൽ പലരും ഇപ്പോൾ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്നുണ്ട്‌.

തന്നെ കണ്ടെത്താൻ യഹോവ എന്നെ സഹായിച്ചതിൽ ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്‌. എന്നെന്നും ഞാൻ അവനുള്ളവളായിരിക്കും.​—⁠സങ്കീർത്തനം 65:⁠2.

[അടിക്കുറിപ്പ്‌]

^ ഖ. 14 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌, ഇപ്പോൾ അച്ചടിക്കുന്നില്ല.

[15-ാം പേജിലെ ഭൂപടം/ചിത്രങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഓസ്‌ട്രേലിയ

വിൻഡെം

കിംബെർലി പീഠഭൂമി

ഡർബി

ബ്രൂം

പെർത്ത്‌

[കടപ്പാട്‌]

കംഗാരുവും ലൈർപക്ഷിയും: Lydekker;കോലാ: Meyers

[14-ാം പേജിലെ ചിത്രങ്ങൾ]

വിൻഡെം ആശുപത്രിയിൽ നഴ്‌സായിരിക്കുമ്പോൾ, 1953

[15-ാം പേജിലെ ചിത്രങ്ങൾ]

ഡർബിയിലെ സഭ, 2005