വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലാഗാനി ഔനാ വൃക്ഷത്തെപ്പോലെ ആയിരിക്കുക!

ലാഗാനി ഔനാ വൃക്ഷത്തെപ്പോലെ ആയിരിക്കുക!

ലാഗാനി ഔനാ വൃക്ഷത്തെപ്പോലെ ആയിരിക്കുക!

പാപ്പുവ ന്യൂഗിനിയിലെ പോർട്ട്‌ മോർസ്‌ബിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമം. രണ്ടു ശുശ്രൂഷകർ പ്രസംഗപ്രവർത്തനം കഴിഞ്ഞ്‌ വീട്ടിലേക്കു നടന്നുവരുകയായിരുന്നു. വഴിമധ്യേ അതിമനോഹരമായ ഒരു വൃക്ഷം അവരുടെ കണ്ണിൽപ്പെട്ടു. “നോക്കൂ, ഒരു ലാഗാനി ഔനാ മരം!” പ്രായംകൂടിയ വ്യക്തി വിളിച്ചുപറഞ്ഞു. തുടർന്ന്‌ വലിയ സന്തോഷത്തോടെ അദ്ദേഹം കൂട്ടുകാരനോടു വിശദീകരിച്ചു: “ആ പേരിന്റെ അർഥം ‘വാർഷിക വൃക്ഷം’ എന്നാണ്‌. ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെ മറ്റു പല വൃക്ഷങ്ങളിൽനിന്നും വ്യത്യസ്‌തമായി ഈ മരം വർഷംതോറും ഇലകൾ മൊത്തം പൊഴിക്കുന്നു. കണ്ടാൽ അത്‌ ഉണങ്ങിപ്പോയെന്നേ തോന്നൂ. എന്നാൽ മഴയെത്തുമ്പോൾ അതു വീണ്ടും തഴച്ച്‌ പൂത്തുലയുന്നു. അപ്പോൾ അതിന്റെ ഭംഗി ഒന്നു കാണേണ്ടതുതന്നെയാണ്‌.”

റോയൽ പോയിൻസിയാന എന്നു പൊതുവേ അറിയപ്പെടുന്ന ലാഗാനി ഔനാ മരത്തിൽനിന്ന്‌ നമുക്ക്‌ ഒരു പാഠം പഠിക്കാൻ കഴിയും. ലോകത്തിലേക്കും ഏറ്റവും ഭംഗിയുള്ള അഞ്ചു പൂമരങ്ങളിൽ ഒന്നായി അതു കണക്കാക്കപ്പെടുന്നെന്ന്‌ ചില വിജ്ഞാനികൾ അഭിപ്രായപ്പെടുന്നു. വേനൽക്കാലത്ത്‌ പൂക്കളും ഇലകളും നഷ്ടമാകുന്നെങ്കിലും ഈ മരം ആവശ്യത്തിനു ജലം ഉള്ളിൽ സംഭരിച്ചുവെച്ചിരിക്കും. അതിന്റെ ശക്തമായ വേരുപടലം ആഴത്തിലുള്ള പാറകളെ ചുറ്റി വളരുന്നു. അതുകൊണ്ടുതന്നെ ശക്തമായ കാറ്റിനെ അതിജീവിക്കാൻ ഈ വൃക്ഷത്തിനു കഴിയും. ചുരുക്കിപ്പറഞ്ഞാൽ പ്രതികൂല സാഹചര്യങ്ങളിൽ, വെല്ലുവിളിക്കൊത്തുയർന്നുകൊണ്ട്‌ അത്‌ അതിജീവിക്കുന്നു.

നമ്മുടെ വിശ്വാസത്തിന്റെ മാറ്റുരയ്‌ക്കുന്ന ചില സന്ദർഭങ്ങൾ നമുക്കുണ്ടായേക്കാം. അപ്പോൾ സഹിച്ചുനിൽക്കാൻ നമ്മെ എന്തു സഹായിക്കും? ലാഗാനി ഔനാ വൃക്ഷത്തെപ്പോലെ ദൈവവചനത്തിലെ ജീവദായക ജലം വലിച്ചെടുത്തു സംഭരിക്കാൻ നമുക്കു കഴിയും. ‘നമ്മുടെ പാറയായ’ യഹോവയാം ദൈവത്തോടും അവന്റെ സംഘടനയോടും നാം ശക്തമായി പറ്റിനിൽക്കുകയും വേണം. (2 ശമൂവേൽ 22:3) യഹോവ ലഭ്യമാക്കുന്ന ആത്മീയ കരുതലുകൾ പ്രയോജനപ്പെടുത്തുന്നപക്ഷം, ക്ലേശപൂർണമായ സാഹചര്യങ്ങളിൽപ്പോലും ആത്മീയ കരുത്തും മനോഹാരിതയും നിലനിറുത്താനാകുമെന്നതിനുള്ള അത്യാകർഷകമായ ഒരു ഓർമിപ്പിക്കലാണ്‌ ലാഗാനി ഔനാ. അങ്ങനെ ചെയ്യുന്നതിലൂടെ നിത്യജീവൻ ഉൾപ്പെടെയുള്ള അവന്റെ “വാഗ്‌ദത്തങ്ങളെ അവകാശ”മാക്കാൻ നമുക്കു സാധിക്കും.​—⁠എബ്രായർ 6:12; വെളിപ്പാടു 21:⁠4, 5.