വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

യഹോവയുടെ ഒരു വിശ്വസ്‌ത ദാസനായിരുന്ന യോസേഫ്‌, ഉല്‌പത്തി 44:5 സൂചിപ്പിക്കുന്നതായി തോന്നിയേക്കാവുന്നതുപോലെ ലക്ഷണം നോക്കാൻ വെള്ളികൊണ്ടുള്ള ഒരു പ്രത്യേകതരം പാനപാത്രം ഉപയോഗിച്ചിരുന്നോ?

യോസേഫ്‌ ഏതെങ്കിലും തരത്തിലുള്ള ഭാവികഥനവിദ്യയിൽ ഏർപ്പെട്ടിരുന്നെന്നു വിശ്വസിക്കാൻ യാതൊരു കാരണവുമില്ല.

ഭാവികാര്യങ്ങൾ മാന്ത്രികവിദ്യയിലൂടെ അറിയുന്നത്‌ എങ്ങനെയുള്ള ഒരു സംഗതിയാണെന്ന്‌ യോസേഫിനു വ്യക്തമായ ഗ്രാഹ്യമുണ്ടായിരുന്നെന്ന്‌ ബൈബിൾ വെളിപ്പെടുത്തുന്നു. മുമ്പ്‌ ഒരവസരത്തിൽ, ഫറവോന്റെ സ്വപ്‌നങ്ങൾ വ്യാഖ്യാനിക്കാൻ ആവശ്യപ്പെട്ടപ്പോൾ ദൈവത്തിനു മാത്രമേ ഭാവികാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയുകയുള്ളുവെന്ന്‌ യോസേഫ്‌ ആവർത്തിച്ചു പ്രസ്‌താവിച്ചു. തത്‌ഫലമായി, ഭാവിസംബന്ധിച്ച വിവരങ്ങൾ അറിയാൻ യോസേഫിനെ സഹായിച്ചത്‌ മന്ത്രവാദമല്ല, അവൻ ആരാധിച്ചിരുന്ന സത്യദൈവമാണെന്ന്‌ ഫറവോൻപോലും വിശ്വസിക്കാനിടയായി. (ഉല്‌പത്തി 41:16, 25, 28, 32, 39) പിന്നീട്‌, മന്ത്രവാദമോ ഭാവികഥനവിദ്യയോ നടത്തുന്നതു വിലക്കിക്കൊണ്ട്‌ യഹോവ മോശെക്കു ന്യായപ്രമാണം നൽകി. (ആവർത്തനപുസ്‌തകം 18:10-12) അങ്ങനെ ഭാവി മുൻകൂട്ടിപ്പറയാൻ കഴിയുന്നവൻ താൻമാത്രമാണെന്ന്‌ യഹോവ പ്രകടമാക്കി.

അപ്പോൾപ്പിന്നെ, ‘ലക്ഷണം നോക്കാൻ’ താൻ വെള്ളികൊണ്ടുള്ള ഒരു പാനപാത്രം ഉപയോഗിച്ചിരുന്നതായി യോസേഫ്‌ തന്റെ സേവകൻ മുഖാന്തരം സൂചിപ്പിച്ചത്‌ എന്തുകൊണ്ടാണ്‌? * (ഉല്‌പത്തി 44:5) ഉത്തരം ലഭിക്കാൻ, ഈ പ്രസ്‌താവന നടത്തിയ സാഹചര്യത്തെക്കുറിച്ചു നാം മനസ്സിലാക്കേണ്ടതുണ്ട്‌.

രൂക്ഷമായ ക്ഷാമത്തെത്തുടർന്നാണ്‌ യോസേഫിന്റെ സഹോദരന്മാർ ഭക്ഷ്യവസ്‌തുക്കൾ തേടി ഈജിപ്‌തിലേക്കു യാത്രതിരിച്ചത്‌. വർഷങ്ങൾക്കുമുമ്പ്‌ ഇതേ വ്യക്തികളായിരുന്നു യോസേഫിനെ അടിമയായി വിറ്റത്‌. തങ്ങളുടെ ആ സഹോദരനാണ്‌ ഇപ്പോൾ ഈജിപ്‌തിലെ ഭക്ഷ്യമേൽവിചാരകനെന്ന കാര്യം അറിയാതെ അവർ അവനോടു സഹായം അഭ്യർഥിക്കുന്നു. താൻ യോസേഫ്‌ ആണെന്ന കാര്യം വെളിപ്പെടുത്തുന്നതിനു പകരം തന്റെ സഹോദരന്മാരെ പരീക്ഷിക്കാൻ അവൻ തീരുമാനിച്ചു. അവരുടെ അനുതാപം ആത്മാർഥമാണോയെന്ന്‌ ഉറപ്പുവരുത്താൻ സ്വാഭാവികമായും അവൻ ആഗ്രഹിച്ചു. സഹോദരനായ ബെന്യാമീനെയും അവനെ ഏറെ പ്രിയമായിരുന്ന അവരുടെ പിതാവായ യാക്കോബിനെയും അവർ സ്‌നേഹിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ എത്രത്തോളം, എന്നു കണ്ടുപിടിക്കാനും യോസേഫ്‌ നിശ്ചയിച്ചു. അതിനായി അവൻ ഒരു വിദ്യ പ്രയോഗിച്ചു.​—⁠ഉല്‌പത്തി 41:55-44:⁠3.

സഹോദരന്മാരുടെ ചാക്കുകളിൽ ധാന്യം നിറച്ചശേഷം ഓരോരുത്തരും കൊണ്ടുവന്ന പണം അവരവരുടെ ചാക്കിന്റെ വായ്‌ക്കലും വെള്ളികൊണ്ടുള്ള തന്റെ പാനപാത്രം ബെന്യാമീന്റെ ചാക്കിലും വെക്കാൻ യോസേഫ്‌ സേവകനോടു കൽപ്പിച്ചു. ഇതെല്ലാം ചെയ്യുമ്പോൾ യോസേഫ്‌ ഒരു വിജാതീയ ഭരണാധികാരിയായി നടിക്കുകയായിരുന്നു. തന്റെ സഹോദരന്മാർക്കു യാതൊരു സംശയത്തിനും ഇടംനൽകാതിരിക്കേണ്ടതിന്‌ അത്തരം ഒരു ഭരണാധിപന്റെ സ്വഭാവവും പ്രവർത്തനങ്ങളും സംസാരവും അവൻ അനുകരിച്ചു.

ഈ നാടകത്തിന്റെ ഒരു ഘട്ടത്തിൽ യോസേഫ്‌ തന്റെ സഹോദരന്മാരോട്‌ ഇങ്ങനെ ചോദിച്ചു: “എന്നെപ്പോലെയുള്ള ഒരുത്തന്നു ലക്ഷണവിദ്യ അറിയാമെന്നു നിങ്ങൾ അറിഞ്ഞിട്ടില്ലയോ.” (ഉല്‌പത്തി 44:15) അതുകൊണ്ട്‌, വ്യക്തമായും ആ പാനപാത്രത്തെക്കുറിച്ചുള്ള പരാമർശം, യോസേഫ്‌ പ്രയോഗിച്ച വിദ്യയുടെ ഒരു ഭാഗം മാത്രമായിരുന്നു. ബെന്യാമീൻ അതു മോഷ്ടിച്ചെന്നു പറഞ്ഞതു സത്യമല്ലാതിരുന്നതുപോലെ യോസേഫ്‌ അതു ലക്ഷണം നോക്കാൻ ഉപയോഗിച്ചിരുന്നുവെന്നതും സത്യമല്ലായിരുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 5 ഈ പുരാതന സമ്പ്രദായത്തെക്കുറിച്ച്‌ എഫ്‌. സി. കുക്ക്‌ എഡിറ്റു ചെയ്‌ത ദ ഹോളി ബൈബിൾ, വിത്‌ ആൻ എക്‌സ്‌പ്ലനേറ്ററി ആൻഡ്‌ ക്രിട്ടിക്കൽ കമന്ററി ഇങ്ങനെ വിശദീകരിക്കുന്നു: “സ്വർണമോ വെള്ളിയോ ആഭരണങ്ങളോ [പാനപാത്രത്തിലെ] വെള്ളത്തിൽ ഇട്ടശേഷം അവയുടെ പ്രകൃതം നിരീക്ഷിച്ചുകൊണ്ടോ അല്ലെങ്കിൽ ഒരു കണ്ണാടിയിലെന്നപോലെ വെള്ളത്തിൽ കേവലം നോക്കിക്കൊണ്ടോ ആയിരുന്നു ഇതു ചെയ്‌തിരുന്നത്‌.” ബൈബിൾ ഭാഷ്യകാരനായ ക്രിസ്റ്റൊഫെർ വേഡ്‌സ്‌വർത്‌ ഇങ്ങനെ പറയുന്നു: “ചിലപ്പോഴൊക്കെ, വെള്ളം നിറച്ച പാനപാത്രത്തിൽ സൂര്യൻ സൃഷ്ടിക്കുന്ന പ്രതിച്ഛായകളുടെ അടിസ്ഥാനത്തിലാണ്‌ ഉത്തരം നൽകപ്പെട്ടിരുന്നത്‌.”