വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘സകല ജനതകൾക്കുമുള്ള സാക്ഷ്യം’

‘സകല ജനതകൾക്കുമുള്ള സാക്ഷ്യം’

‘സകല ജനതകൾക്കുമുള്ള സാക്ഷ്യം’

“നിങ്ങൾ . . . ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.” ​—⁠പ്രവൃത്തികൾ 1:⁠8.

1. മത്തായി 24:​14-ലെ പ്രവചനം എപ്പോൾ, എവിടെവെച്ചാണ്‌ ശിഷ്യന്മാർ ആദ്യമായി കേട്ടത്‌?

നമ്മിൽ അനേകർക്കും മത്തായി 24:​14-ൽ (NW) രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ മനഃപാഠമാണ്‌. എത്ര ശ്രദ്ധേയമായ ഒരു പ്രവചനമാണ്‌ അത്‌! ആദ്യമായി അതു കേട്ടപ്പോൾ ശിഷ്യന്മാർക്ക്‌ എന്തു തോന്നിയിരിക്കുമെന്നു സങ്കൽപ്പിച്ചുനോക്കൂ! വർഷം പൊതുയുഗം (പൊ.യു.) 33. ശിഷ്യന്മാർ യേശുവിനോടൊപ്പം മൂന്നു വർഷം ചെലവഴിച്ചുകഴിഞ്ഞു. ഇപ്പോൾ അവർ അവനുമൊത്ത്‌ യെരൂശലേമിലാണ്‌. അവർ യേശുവിന്റെ അത്ഭുതങ്ങൾ കാണുകയും അവന്റെ പ്രസംഗങ്ങൾ ശ്രദ്ധിക്കുകയും ചെയ്‌തിട്ടുണ്ട്‌. യേശു പഠിപ്പിച്ച വിലയേറിയ സത്യങ്ങൾ അവർക്കു സന്തോഷം കൈവരുത്തിയെങ്കിലും എല്ലാവരും അതിൽ സന്തോഷിച്ചില്ലെന്ന്‌ അവർക്കു നന്നായി അറിയാമായിരുന്നു. ശക്തിയും സ്വാധീനവുമുള്ള ശത്രുക്കൾ യേശുവിനുണ്ടായിരുന്നു.

2. ശിഷ്യന്മാർ ഏതെല്ലാം അപകടങ്ങളും വെല്ലുവിളികളും നേരിടുമായിരുന്നു?

2 നാലു ശിഷ്യന്മാർ യേശുവിനോടൊപ്പം ഒലിവുമലയിൽ ഇരുന്ന്‌, അവർ നേരിടാനിരുന്ന അപകടങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള അവന്റെ വാക്കുകൾ സശ്രദ്ധം കേൾക്കുകയായിരുന്നു. താൻ കൊല്ലപ്പെടുമെന്ന്‌ മുമ്പ്‌ യേശു അവരോടു പറഞ്ഞിരുന്നു. (മത്തായി 16:21) എന്നാൽ അവർക്കും കൊടിയ പീഡനം നേരിടുമെന്നു വ്യക്തമാക്കിക്കൊണ്ട്‌ അവൻ ഇങ്ങനെ പറഞ്ഞു: “അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്‌പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.” അതോടെ എല്ലാം തീരുമായിരുന്നില്ല. കള്ളപ്രവാചകന്മാർ പലരെയും വഴിതെറ്റിക്കുമായിരുന്നു. വേറെചിലർ ഇടറിപ്പോകുകയും പരസ്‌പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യുമായിരുന്നു. ഇതിനെല്ലാം പുറമേ, ‘അനേകർ’ ദൈവത്തോടും അവന്റെ വചനത്തോടുമുള്ള തങ്ങളുടെ സ്‌നേഹം തണുത്തുപോകാൻ അനുവദിക്കുമായിരുന്നു.​—⁠മത്തായി 24:9-12.

3. മത്തായി 24:​14-ൽ കാണപ്പെടുന്ന യേശുവിന്റെ വാക്കുകൾ തികച്ചും ആശ്ചര്യകരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

3 പ്രതികൂലമായ ഇത്തരം ഒരു സാഹചര്യത്തെക്കുറിച്ചു പറഞ്ഞ ഉടനെയാണ്‌ യേശു, ശിഷ്യന്മാരെ ആശ്ചര്യപ്പെടുത്തിയിരിക്കാൻ സാധ്യതയുള്ള ഒരു പ്രസ്‌താവന നടത്തിയത്‌. അവൻ ഇങ്ങനെ പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) അതേ, യേശു ഇസ്രായേലിൽ ആരംഭിച്ച, സത്യത്തിനു സാക്ഷ്യംവഹിക്കുകയെന്ന വേല ഭാവിയിൽ ആഗോളതലത്തിൽ ചെയ്യപ്പെടുമായിരുന്നു. (യോഹന്നാൻ 18:37) എത്ര വിസ്‌മയജനകമായ പ്രവചനം! “സകല ജനത”കളിലേക്കും ആ വേല വ്യാപിപ്പിക്കുക എന്നതുതന്നെ ഒരു വെല്ലുവിളിയായിരിക്കെ സകല ജനതകളുടെയും എതിർപ്പിന്മധ്യേ അപ്രകാരം ചെയ്യുന്നത്‌ തീർച്ചയായും ഒരു അത്ഭുതം ആയിരിക്കുമായിരുന്നു. ബൃഹത്തായ ഈ ദൗത്യത്തിന്റെ പൂർത്തീകരണം യഹോവയുടെ പരമാധികാരവും ശക്തിയും മാത്രമല്ല, അവന്റെ സ്‌നേഹവും കരുണയും ദീർഘക്ഷമയും പ്രദീപ്‌തമാക്കുമായിരുന്നു. കൂടാതെ, വിശ്വാസവും ഭക്തിയും പ്രകടമാക്കാൻ ഇത്‌ അവന്റെ ദാസർക്ക്‌ അവസരം നൽകുമായിരുന്നു.

4. സാക്ഷീകരണവേല നിർവഹിക്കാൻ ആരോടാണു പറഞ്ഞിരുന്നത്‌, യേശു എന്ത്‌ ആശ്വാസം പ്രദാനംചെയ്‌തു?

4 അതിപ്രധാനമായ ഒരു വേലയാണ്‌ ശിഷ്യന്മാർക്കു ചെയ്യാനുള്ളതെന്ന്‌ യേശു വ്യക്തമാക്കി. സ്വർഗാരോഹണത്തിനുമുമ്പ്‌ അവർക്കു പ്രത്യക്ഷപ്പെട്ടുകൊണ്ട്‌ അവൻ പറഞ്ഞു: “പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.” (പ്രവൃത്തികൾ 1:8) തീർച്ചയായും കൂടുതൽ പേർ അവരോടു ചേരുമായിരുന്നു. എങ്കിലും ശിഷ്യന്മാരുടെ എണ്ണം പരിമിതമായിരുന്നു. ഈ ദിവ്യനിയോഗം നിറവേറ്റാൻ ദൈവത്തിന്റെ പ്രബലമായ പരിശുദ്ധാത്മാവ്‌ തങ്ങളെ ശക്തരാക്കുമെന്ന്‌ അറിഞ്ഞത്‌ അവരെ എത്ര ആശ്വസിപ്പിച്ചിരിക്കണം!

5. സാക്ഷ്യവേലയെക്കുറിച്ചു ശിഷ്യന്മാർക്ക്‌ എന്ത്‌ അറിയില്ലായിരുന്നു?

5 തങ്ങൾ സുവാർത്ത പ്രസംഗിക്കുകയും “സകലജാതികളെയും ശിഷ്യരാ”ക്കുകയും ചെയ്യണമെന്ന്‌ ശിഷ്യന്മാർക്ക്‌ അറിയാമായിരുന്നു. (മത്തായി 28:19, 20) എന്നാൽ എത്ര സമഗ്രമായി സാക്ഷ്യം നൽകപ്പെടുമെന്നും എപ്പോൾ അന്ത്യം വരുമെന്നും അവർക്ക്‌ അറിയില്ലായിരുന്നു. നമുക്കും അതറിയില്ല. യഹോവമാത്രം തീരുമാനിക്കേണ്ട കാര്യങ്ങളാണ്‌ അവ. (മത്തായി 24:36) താൻ പ്രതീക്ഷിക്കുന്ന അളവിൽ സാക്ഷ്യം നൽകപ്പെട്ടുകഴിയുമ്പോൾ യഹോവ ഈ ദുഷ്ട വ്യവസ്ഥിതിക്കു നാശം വരുത്തും. അവൻ ഉദ്ദേശിച്ച അളവിൽ പ്രസംഗവേല നിറവേറ്റപ്പെട്ടെന്ന്‌ അപ്പോൾമാത്രമേ ക്രിസ്‌ത്യാനികൾ തിരിച്ചറിയൂ. അന്ത്യകാലത്ത്‌ ഇത്ര വലിയ അളവിൽ സാക്ഷ്യം നൽകപ്പെടുമെന്ന കാര്യം ആദിമ ക്രിസ്‌ത്യാനികൾക്കു വിഭാവന ചെയ്യാൻപോലും കഴിയുമായിരുന്നില്ല.

ഒന്നാം നൂറ്റാണ്ടിലെ സാക്ഷ്യവേല

6. പൊ.യു. 33-ലെ പെന്തെക്കൊസ്‌തിലും അതിനുശേഷം പെട്ടെന്നും എന്താണു സംഭവിച്ചത്‌?

6 രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയ്‌ക്ക്‌ ഒന്നാം നൂറ്റാണ്ടിൽ അതിശയകരമായ ഫലങ്ങളുണ്ടായി. പൊ.യു. 33-ലെ പെന്തെക്കൊസ്‌തു നാളിൽ ഏകദേശം 120 ശിഷ്യന്മാർ യെരൂശലേമിലെ ഒരു മാളികമുറിയിൽ കൂടിവന്നിരുന്നു. ദൈവാത്മാവ്‌ അവരുടെമേൽ ചൊരിയപ്പെട്ടു. ആ അത്ഭുതത്തിന്റെ അർഥം വിശദീകരിച്ചുകൊണ്ട്‌ പത്രൊസ്‌ അപ്പൊസ്‌തലൻ പ്രചോദനാത്മകമായ ഒരു പ്രസംഗം നടത്തുകയും ഏകദേശം 3,000 പേർ വിശ്വസിച്ചു സ്‌നാപനമേൽക്കുകയും ചെയ്‌തു. അത്‌ ആരംഭം മാത്രമായിരുന്നു. സുവാർത്താപ്രസംഗത്തിനു തടയിടാൻ മതനേതാക്കന്മാർ കിണഞ്ഞു ശ്രമിച്ചെങ്കിലും “കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനമ്പ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.” താമസിയാതെ “പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.” പിന്നീട്‌ “മേല്‌ക്കുമേൽ അനവധി പുരുഷന്മാരും സ്‌ത്രീകളും കർത്താവിൽ വിശ്വസിച്ചു ചേർന്നുവന്നു.”​—⁠പ്രവൃത്തികൾ 2:1-4, 8, 14, 41, 47; 4:4; 5:14.

7. കൊർന്നേല്യൊസിന്റെ പരിവർത്തനം ഒരു സുപ്രധാന സംഭവം ആയിരുന്നത്‌ എന്തുകൊണ്ട്‌?

7 പൊ.യു. 36-ൽ സുപ്രധാനമായ മറ്റൊരു സംഭവമുണ്ടായി. വിജാതീയനായ കൊർന്നേല്യൊസിന്റെ പരിവർത്തനവും സ്‌നാപനവും നടന്നത്‌ ആ വർഷമായിരുന്നു. ദൈവഭക്തനായ ആ മനുഷ്യന്റെ അടുത്തേക്കു പത്രൊസ്‌ അപ്പൊസ്‌തലനെ നയിക്കുകവഴി, “സകലജാതികളെയും ശിഷ്യരാ”ക്കാനുള്ള യേശുവിന്റെ കൽപ്പനയിൽ വിവിധ ദേശങ്ങളിലുള്ള യഹൂദന്മാർ മാത്രമല്ല ഉൾപ്പെട്ടിരുന്നതെന്നു യഹോവ പ്രകടമാക്കി. (പ്രവൃത്തികൾ 10:44, 46) വേലയ്‌ക്കു നേതൃത്വം എടുക്കുന്നവരുടെ പ്രതികരണം എന്തായിരുന്നു? യഹൂദേതരരായ വിജാതീയരെയും സുവാർത്ത അറിയിക്കേണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ അപ്പൊസ്‌തലന്മാരും യെഹൂദ്യയിലെ മൂപ്പന്മാരും ദൈവത്തെ മഹത്ത്വപ്പെടുത്തി. (പ്രവൃത്തികൾ 11:1, 18) അതേസമയം, പ്രസംഗപ്രവർത്തനത്തിന്‌ യഹൂദന്മാരുടെ ഇടയിൽ നല്ല ഫലം ലഭിച്ചുകൊണ്ടിരുന്നു. കുറെ വർഷങ്ങൾക്കുശേഷം, സാധ്യതയനുസരിച്ച്‌ പൊ.യു. 58-ൽ, വിജാതീയ വിശ്വാസികളെ കൂടാതെ യഹൂദന്മാരുടെ ഇടയിൽ “വിശ്വാസം സ്വീകരിച്ചവർ . . . ആയിരങ്ങൾ” ഉണ്ടായിരുന്നു.​—⁠പ്രവൃത്തികൾ 21:​20, ഓശാന ബൈബിൾ.

8. സുവാർത്ത വ്യക്തികളെ സ്വാധീനിക്കുന്നത്‌ എങ്ങനെ?

8 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനയുണ്ടായി എന്നതു ശരിയാണ്‌. എന്നാൽ ആ സംഖ്യ പ്രതിനിധാനം ചെയ്യുന്നത്‌ ആളുകളെയാണെന്ന കാര്യം നാം വിസ്‌മരിക്കരുത്‌. അവർ ശ്രദ്ധിച്ച ബൈബിൾ സന്ദേശം അതിശക്തമായിരുന്നു. (എബ്രായർ 4:12) അതു സ്വീകരിച്ചവരുടെ ജീവിതത്തിൽ ഗണ്യമായ മാറ്റങ്ങളുണ്ടായി. ഓരോരുത്തരും ശുദ്ധമായ ജീവിതം ആരംഭിക്കുകയും പുതിയ വ്യക്തിത്വം ധരിക്കുകയും ദൈവത്തോട്‌ അനുരഞ്‌ജനത്തിലാകുകയും ചെയ്‌തു. (എഫെസ്യർ 4:22, 23) ഇന്നും അതു സത്യമാണ്‌. കൂടാതെ സുവാർത്ത സ്വീകരിക്കുന്ന സകലർക്കും നിത്യം ജീവിക്കുന്നതിനുള്ള അത്ഭുതകരമായ പ്രത്യാശയുമുണ്ട്‌.​—⁠യോഹന്നാൻ 3:16.

ദൈവത്തിന്റെ കൂട്ടുവേലക്കാർ

9. തങ്ങൾക്ക്‌ എന്തു പദവിയും ഉത്തരവാദിത്വവും ഉണ്ടെന്ന്‌ ആദിമ ക്രിസ്‌ത്യാനികൾ മനസ്സിലാക്കി?

9 അത്തരം നേട്ടങ്ങൾക്കുള്ള ബഹുമതി തങ്ങൾക്കാണെന്ന്‌ ആദിമ ക്രിസ്‌ത്യാനികൾ അവകാശപ്പെട്ടില്ല. പ്രസംഗപ്രവർത്തനം “പരിശുദ്ധാത്മാവിന്റെ ശക്തിയാൽ” പിന്തുണയ്‌ക്കപ്പെട്ടിരുന്നെന്ന്‌ അവർ തിരിച്ചറിഞ്ഞു. (റോമർ 15:13, 18, 19) യഹോവയായിരുന്നു ആ ആത്മീയ വളർച്ചയ്‌ക്കു പിന്നിൽ. അതേസമയം, “ദൈവത്തിന്റെ കൂട്ടുവേലക്കാർ” ആയിരിക്കാനുള്ള പദവിയും ഉത്തരവാദിത്വവും തങ്ങൾക്കുണ്ടെന്ന്‌ ആ ക്രിസ്‌ത്യാനികൾ മനസ്സിലാക്കി. (1 കൊരിന്ത്യർ 3:6-9) തത്‌ഫലമായി യേശുവിന്റെ ഉദ്‌ബോധനത്തിനു ചേർച്ചയിൽ, തങ്ങളെ ഭരമേൽപ്പിച്ച വേല നിർവഹിക്കാൻ അവർ കഠിനമായി യത്‌നിച്ചു.​—⁠ലൂക്കൊസ്‌ 13:24.

10. സകല ജനതകൾക്കും സാക്ഷ്യം നൽകാൻ ചില ആദിമ ക്രിസ്‌ത്യാനികൾ എന്തു ശ്രമം ചെയ്‌തു?

10 “ജാതികളുടെ അപ്പൊസ്‌തലനായ” പൗലൊസ്‌ കരയിലും കടലിലും ആയിരക്കണക്കിനു കിലോമീറ്റർ സഞ്ചരിച്ച്‌ ഏഷ്യയിലെ റോമൻ പ്രവിശ്യയിലും ഗ്രീസിലും അനേകം സഭകൾ സ്ഥാപിച്ചു. (റോമർ 11:13) കൂടാതെ, റോമിലേക്കും സാധ്യതയനുസരിച്ച്‌ സ്‌പെയിനിലേക്കും അവൻ സഞ്ചരിച്ചു. അതേസമയം “പരിച്‌ഛേദനക്കാരുടെ ഇടയിലെ സുവിശേഷഘോഷണം” ഭരമേൽപ്പിക്കപ്പെട്ടിരുന്ന പത്രൊസ്‌ അപ്പൊസ്‌തലൻ എതിർദിശയിൽ സഞ്ചരിച്ചുകൊണ്ട്‌, അക്കാലത്ത്‌ നിരവധി യഹൂദന്മാർ അധിവസിച്ചിരുന്ന ബാബിലോണിൽ പ്രസംഗിച്ചു. (ഗലാത്യർ 2:7-9; 1 പത്രൊസ്‌ 5:13) കർത്താവിന്റെ വേലയിൽ ശുഷ്‌കാന്തിയോടെ ഏർപ്പെട്ട വേറെയും ആളുകളുണ്ടായിരുന്നു. ത്രുഫൈന, ത്രുഫോസ തുടങ്ങിയ സ്‌ത്രീകൾ അവരിൽപ്പെട്ടിരുന്നു. പെർസിസ്‌ എന്നു പേരായ മറ്റൊരു സ്‌ത്രീ “കർത്താവിൽ വളരെ അദ്ധ്വാനിച്ച”തായി ബൈബിൾ പ്രകടമാക്കുന്നു.​—⁠റോമർ 16:12.

11. ശിഷ്യന്മാരുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചത്‌ എങ്ങനെ?

11 അവരുടെയും തീക്ഷ്‌ണതയുള്ള മറ്റു വേലക്കാരുടെയും ശ്രമങ്ങളെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചു. സകല ജനതകൾക്കും സാക്ഷ്യം നൽകപ്പെടുമെന്ന്‌ യേശു മുൻകൂട്ടിപ്പറഞ്ഞിട്ട്‌ 30 വർഷം തികയുന്നതിനുമുമ്പ്‌ “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ” ‘സുവിശേഷം’ ഘോഷിക്കപ്പെട്ടതായി പൗലൊസ്‌ രേഖപ്പെടുത്തി. (കൊലൊസ്സ്യർ 1:23) അപ്പോൾ അവസാനം വന്നോ? ഒരർഥത്തിൽ. റോമൻ സൈന്യം പൊ.യു. 70-ൽ യെരൂശലേമും അവിടത്തെ ആലയവും നശിപ്പിച്ചപ്പോൾ യഹൂദ വ്യവസ്ഥിതിയുടെമേൽ അവസാനം വന്നു. എന്നിരുന്നാലും, സാത്താന്റെ ആഗോള വ്യവസ്ഥിതിക്ക്‌ അവസാനം വരുത്തുന്നതിനുമുമ്പ്‌ ഏറെ വിപുലമായ ഒരു സാക്ഷ്യം നൽകപ്പെടണമെന്ന്‌ യഹോവ ഉദ്ദേശിച്ചിരിക്കുന്നു.

സാക്ഷീകരണം ഇന്ന്‌

12. പ്രസംഗിക്കാനുള്ള കൽപ്പന സംബന്ധിച്ച്‌ ആദ്യകാല ബൈബിൾവിദ്യാർഥികൾ മനസ്സിലാക്കിയത്‌ എന്തായിരുന്നു?

12 വിശ്വാസത്യാഗത്തിന്റെ വലിയ ഒരു കാലഘട്ടത്തിനുശേഷം 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെട്ടു. അന്നു ബൈബിൾവിദ്യാർഥികൾ എന്നറിയപ്പെട്ടിരുന്ന യഹോവയുടെ സാക്ഷികൾ, ഭൂവ്യാപകമായി ശിഷ്യരെ ഉളവാക്കാനുള്ള കൽപ്പനയുടെ അർഥം വ്യക്തമായി മനസ്സിലാക്കി. (മത്തായി 28:19, 20) 1914 ആയപ്പോഴേക്കും ഏകദേശം 5,100 പേർ പ്രസംഗപ്രവർത്തനത്തിൽ സജീവമായി ഏർപ്പെട്ടിരുന്നു. 68 ദേശങ്ങളിൽ സുവാർത്ത എത്തിച്ചേർന്നിരുന്നു. എന്നാൽ ആ ആദ്യകാല ബൈബിൾവിദ്യാർഥികൾ മത്തായി 24:​14-ന്റെ അർഥം പൂർണമായി ഗ്രഹിച്ചിരുന്നില്ല. 19-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ബൈബിൾ സൊസൈറ്റികൾ അനേകം ഭാഷകളിലേക്ക്‌ ബൈബിൾ പരിഭാഷപ്പെടുത്തുകയും അച്ചടിക്കുകയും ലോകവ്യാപകമായി വിതരണം ചെയ്യുകയും ചെയ്‌തിരുന്നു. അതോടെ സകല ജനതകൾക്കും സാക്ഷ്യം നൽകിക്കഴിഞ്ഞെന്ന്‌ ഏതാനും പതിറ്റാണ്ടുകളോളം ബൈബിൾവിദ്യാർഥികൾ വിചാരിച്ചു, കാരണം ബൈബിളിൽ സുവാർത്ത അഥവാ സുവിശേഷങ്ങൾ അടങ്ങിയിട്ടുണ്ടല്ലോ.

13, 14. ദൈവത്തിന്റെ ഹിതവും ഉദ്ദേശ്യവും സംബന്ധിച്ചുള്ള കൂടുതൽ വ്യക്തമായ എന്തു ഗ്രാഹ്യം 1928-ലെ ഒരു വീക്ഷാഗോപുരം പ്രദാനംചെയ്‌തു?

13 തന്റെ ഹിതവും ഉദ്ദേശ്യവും സംബന്ധിച്ചുള്ള വ്യക്തമായ ഗ്രാഹ്യം യഹോവ തന്റെ ജനത്തിനു ക്രമാനുഗതമായി നൽകി. (സദൃശവാക്യങ്ങൾ 4:18) 1928 ഡിസംബർ 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്‌) ഇങ്ങനെ പറഞ്ഞു: “മുൻകൂട്ടിപ്പറയപ്പെട്ട സുവാർത്താഘോഷണം ബൈബിളിന്റെ വിതരണത്തിലൂടെ നിറവേറ്റപ്പെട്ടുകഴിഞ്ഞതായി നമുക്കു പറയാനാകുമോ? നിശ്ചയമായും ഇല്ല! ബൈബിൾ വിപുലമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നെങ്കിലും ദൈവത്തിനു ഭൂമിയിലുള്ള സാക്ഷികളുടെ ചെറിയ കൂട്ടം, അവന്റെ [ഉദ്ദേശ്യം] വിശദീകരിക്കുന്ന പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുകയും ബൈബിൾ ലഭിച്ചിട്ടുള്ള വീടുകൾ സന്ദർശിക്കുകയും ചെയ്യേണ്ടതുണ്ട്‌. അല്ലാത്തപക്ഷം, നമ്മുടെ നാളിൽ മിശിഹൈക രാജ്യം സ്ഥാപിക്കപ്പെട്ടിരിക്കുന്നെന്ന കാര്യം ജനം അറിയാതെപോകും.”

14 വീക്ഷാഗോപുരം തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “മത്തായി 24:​14-ൽ രേഖപ്പെടുത്തിയിരിക്കുന്ന, കർത്താവിന്റെ പ്രവചനത്തിന്റെ അർഥം 1920-ൽ . . . ബൈബിൾവിദ്യാർഥികൾ കൃത്യമായി ഗ്രഹിച്ചു. സകല ജാതികൾക്കും സാക്ഷ്യമായി ലോകമെങ്ങും പ്രസംഗിക്കപ്പെടേണ്ടിയിരുന്ന ‘ഈ സുവിശേഷം’ വരാനിരിക്കുന്ന ഒരു രാജ്യത്തെക്കുറിച്ചുള്ള സുവിശേഷമല്ല, മിശിഹൈക രാജാവ്‌ ഭൂമിയുടെമേൽ ഭരണം ആരംഭിച്ചിരിക്കുന്നെന്നു ഘോഷിക്കുന്ന ഒരു സുവിശേഷമാണെന്ന്‌ അപ്പോൾ അവർ തിരിച്ചറിഞ്ഞു.”

15. സാക്ഷീകരണവേല 1920-കൾമുതൽ വികാസം പ്രാപിച്ചത്‌ എങ്ങനെ?

15 ആയിരത്തിത്തൊള്ളായിരത്തിയിരുപതുകളിലുണ്ടായിരുന്ന “സാക്ഷികളുടെ ചെറിയ കൂട്ടം” ആ നിലയിൽ തുടർന്നില്ല. ‘വേറെ ആടുകളുടെ’ “ഒരു മഹാപുരുഷാരം” രംഗപ്രവേശം ചെയ്യാനിരിക്കുകയായിരുന്നു. (യോഹന്നാൻ 10:16; വെളിപ്പാടു 7:9) തുടർന്നുവന്ന പതിറ്റാണ്ടുകളിൽ അവർ വ്യക്തമായി തിരിച്ചറിയപ്പെടുകയും കൂട്ടിച്ചേർക്കപ്പെടാൻ തുടങ്ങുകയും ചെയ്‌തു. ഭൂമിയിലെ 235 ദേശങ്ങളിലായി 66,13,829 സുവാർത്താപ്രസംഗകർ ഇന്നുണ്ട്‌. പ്രവചനത്തിന്റെ എത്ര മഹത്തായ നിവൃത്തി! “രാജ്യത്തിന്റെ ഈ സുവിശേഷം” ഇത്ര വ്യാപകമായി മുമ്പൊരിക്കലും പ്രസംഗിക്കപ്പെട്ടിട്ടില്ല. യഹോവയെ വിശ്വസ്‌തതയോടെ സേവിക്കുന്ന ഇത്രയധികം ആളുകൾ മുമ്പൊരിക്കലും ഭൂമിയിൽ ഉണ്ടായിരുന്നിട്ടില്ല.

16. കഴിഞ്ഞ സേവനവർഷത്തിൽ എന്തു നേട്ടം കൈവരിച്ചു? (27-30 പേജുകളിലെ ചാർട്ടു കാണുക.)

16 സാക്ഷികളുടെ മൊത്തത്തിലുള്ള ഈ വൻസംഘം സേവനവർഷം 2005-ൽ തിരക്കോടെ പ്രവർത്തിച്ചു. 235 ദേശങ്ങളിൽ സുവാർത്ത പ്രസംഗിക്കാൻ നൂറു കോടിയിലധികം മണിക്കൂർ ചെലവഴിച്ചു. ദശലക്ഷക്കണക്കിനു മടക്കസന്ദർശനങ്ങളും ലക്ഷക്കണക്കിനു ബൈബിളധ്യയനങ്ങളും നടത്തുകയുണ്ടായി. ഈ വിധത്തിൽ ദൈവവചനത്തെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതിന്‌ യഹോവയുടെ സാക്ഷികൾ സമയവും ആസ്‌തികളും സൗജന്യമായി വിനിയോഗിക്കുന്നു. (മത്തായി 10:8) ദിവ്യഹിതം നിറവേറ്റുന്നതിനു തന്റെ ദാസന്മാരെ ബലപ്പെടുത്താൻ ശക്തമായ തന്റെ പരിശുദ്ധാത്മാവിനെ യഹോവ തുടർന്നും ഉപയോഗിക്കുന്നു.​—⁠സെഖര്യാവു 4:⁠6.

ശുഷ്‌കാന്തിയോടുകൂടിയ സാക്ഷീകരണവേല

17. സുവാർത്താപ്രസംഗം സംബന്ധിച്ച യേശുവിന്റെ വാക്കുകളോട്‌ യഹോവയുടെ ജനം എങ്ങനെ പ്രതികരിക്കുന്നു?

17 സുവാർത്ത പ്രസംഗിക്കപ്പെടുമെന്ന്‌ യേശു പറഞ്ഞിട്ട്‌ ഏകദേശം 2,000 വർഷം കഴിഞ്ഞെങ്കിലും, ആ വേലയിലുള്ള ദൈവജനത്തിന്റെ തീക്ഷ്‌ണത മന്ദീഭവിച്ചിട്ടില്ല. ആ നല്ല വേലയിൽ സഹിഷ്‌ണുതയോടെ തുടരുകവഴി, യഹോവയുടെ ഗുണങ്ങളായ സ്‌നേഹവും കരുണയും ദീർഘക്ഷമയും നാം പ്രതിഫലിപ്പിക്കുകയാണെന്ന്‌ നമുക്കറിയാം. ആരും നശിച്ചുപോകാതെ അനുതപിച്ചു യഹോവയോടു നിരന്നുകൊള്ളാൻ അവനെപ്പോലെ നാമും ആഗ്രഹിക്കുന്നു. (2 കൊരിന്ത്യർ 5:​18-20; 2 പത്രൊസ്‌ 3:9) യഹോവയുടെ സാക്ഷികൾ ദൈവാത്മാവിനാൽ ജ്വലിച്ചുകൊണ്ട്‌ ഭൂമിയുടെ അറ്റങ്ങളോളം തീക്ഷ്‌ണതയോടെ സുവാർത്ത പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്‌. (റോമർ 12:11) തത്‌ഫലമായി എല്ലായിടത്തും ആളുകൾ സത്യം സ്വീകരിച്ചുകൊണ്ട്‌ യഹോവയുടെ സ്‌നേഹപുരസ്സരമായ വഴിനടത്തിപ്പിനു കീഴ്‌പെടുന്നു. ചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.

18, 19. സുവാർത്ത സ്വീകരിച്ച ചിലരെക്കുറിച്ചുള്ള ഏത്‌ അനുഭവങ്ങൾ നിങ്ങൾക്കു പറയാൻ കഴിയും?

18 പശ്ചിമ കെനിയയിലെ ഒരു കർഷകനായിരുന്നു ചാൾസ്‌. 1998-ൽ, 8,000 കിലോഗ്രാമിലധികം പുകയില വിൽക്കാൻ കഴിഞ്ഞ അദ്ദേഹത്തിന്‌ മികച്ച പുകയില കർഷകനുള്ള അവാർഡു ലഭിച്ചു. ആ സമയത്താണ്‌ അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങിയത്‌. പുകയില കൃഷിചെയ്യുന്ന ഒരു വ്യക്തി, അയൽക്കാരനെ സ്‌നേഹിക്കാനുള്ള യേശുവിന്റെ കൽപ്പനയ്‌ക്കു വിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന്‌ പെട്ടെന്നുതന്നെ അദ്ദേഹം തിരിച്ചറിഞ്ഞു. (മത്തായി 22:39) ‘മികച്ച പുകയില കർഷകൻ’ യഥാർഥത്തിൽ ‘മികച്ച ഒരു കൊലയാളി’യാണെന്നു മനസ്സിലാക്കിയ ചാൾസ്‌ തന്റെ പുകയിലച്ചെടികളെല്ലാം വിഷം തളിച്ചു നശിപ്പിച്ചു. ആത്മീയമായി പുരോഗമിച്ച്‌ സമർപ്പണം, സ്‌നാപനം എന്നീ പടികൾ സ്വീകരിച്ച ചാൾസ്‌ ഇപ്പോൾ ഒരു സാധാരണ പയനിയറും ശുശ്രൂഷാദാസനുമാണ്‌.

19 ആഗോളമായി നൽകപ്പെടുന്ന സാക്ഷീകരണത്തിലൂടെ യഹോവ ജനതകളെ ഇളക്കുകയാണെന്ന കാര്യത്തിൽ സംശയമില്ല. അതിന്റെ ഫലമായി മനോഹരവസ്‌തുക്കൾ, അതായത്‌ ആളുകൾ അവന്റെ ആലയത്തിലേക്ക്‌ ഒഴുകിയെത്തുകയാണ്‌. (ഹഗ്ഗായി 2:7) പോർച്ചുഗലിലെ പേത്രൂ 13 വയസ്സുള്ളപ്പോഴാണ്‌ സെമിനാരിയിൽ ചേർന്നത്‌. മിഷനറിയായിത്തീർന്ന്‌ മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കുക എന്നതായിരുന്നു ആഗ്രഹം. എന്നാൽ, സെമിനാരിയിൽ ബൈബിളിനു കാര്യമായ പ്രാധാന്യം നൽകുന്നില്ലെന്നു മനസ്സിലാക്കിയ പേത്രൂ കുറച്ചു കാലത്തിനകംതന്നെ അവിടം വിട്ടു. ആറു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം ലിസ്‌ബണിലെ ഒരു സർവകലാശാലയിൽ ചേർന്ന്‌ മനശ്ശാസ്‌ത്രം പഠിക്കാൻ തുടങ്ങി. ഇളയമ്മയോടൊപ്പമാണ്‌ പേത്രൂ താമസിച്ചിരുന്നത്‌. യഹോവയുടെ ഒരു സാക്ഷിയായിരുന്ന അവർ ബൈബിൾ പഠിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ആ സമയത്ത്‌ ദൈവമുണ്ടോയെന്ന കാര്യത്തിൽപ്പോലും അദ്ദേഹത്തിനു സംശയമായിരുന്നു. ബൈബിളധ്യയനം സംബന്ധിച്ചും ഒരു തീരുമാനമെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. തന്റെ തീരുമാനശേഷിയില്ലായ്‌മയെക്കുറിച്ച്‌ പേത്രൂ മനശ്ശാസ്‌ത്ര പ്രൊഫസറോടു സംസാരിച്ചു. മനശ്ശാസ്‌ത്രം പഠിപ്പിക്കുന്നതനുസരിച്ച്‌, തീരുമാനങ്ങളെടുക്കാൻ കഴിയാത്തവർ സ്വവിനാശകമായി പ്രവർത്തിക്കാൻ പ്രവണതയുള്ളവരാണെന്ന്‌ പ്രൊഫസർ അഭിപ്രായപ്പെട്ടു. ഉടൻതന്നെ അദ്ദേഹം ബൈബിളധ്യയനം തുടങ്ങാൻ തീരുമാനിച്ചു. അടുത്തയിടെ സ്‌നാപനമേറ്റ പേത്രൂ ഇപ്പോൾ സ്വന്തമായി ബൈബിളധ്യയനങ്ങൾ നടത്തുന്നു.

20. സകല ജനതകൾക്കും ഇത്ര വിപുലമായ തോതിൽ സാക്ഷ്യം നൽകപ്പെടുന്നതിൽ നമുക്കു സന്തോഷിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

20 ജനതകൾക്ക്‌ എത്ര വിപുലമായി സാക്ഷ്യം നൽകപ്പെടുമെന്നോ ഏതു നാളിലും മണിക്കൂറിലുമാണ്‌ അവസാനം വരുന്നതെന്നോ നമുക്കിപ്പോഴും അറിയില്ല. അതു പെട്ടെന്നുതന്നെ സംഭവിക്കുമെന്നുമാത്രം നമുക്കറിയാം. ഇത്ര വ്യാപകമായി സുവാർത്ത പ്രസംഗിക്കപ്പെടുന്നത്‌, മാനുഷ ഗവൺമെന്റുകൾക്കു പകരം ദൈവരാജ്യം ഭരണം നടത്തുന്നതിനുള്ള സമയം സമീപിച്ചിരിക്കുന്നു എന്നതിനുള്ള അനേകം സൂചനകളിൽ ഒന്നായിരിക്കുന്നതിൽ നാം സന്തോഷിക്കുന്നു. (ദാനീയേൽ 2:44) ഓരോ വർഷം പിന്നിടുമ്പോഴും ദശലക്ഷക്കണക്കിന്‌ ആളുകൾക്കാണ്‌ സുവാർത്താസന്ദേശത്തോടു പ്രതികരിക്കാൻ അവസരം ലഭിക്കുന്നത്‌. അതു നമ്മുടെ ദൈവമായ യഹോവയെ മഹത്ത്വപ്പെടുത്തുന്നു. വിശ്വസ്‌തരായി നിലനിന്നുകൊണ്ട്‌ സകല ജനതകൾക്കുമുള്ള സാക്ഷീകരണ വേലയിൽ ലോകവ്യാപക സഹോദരവർഗത്തോടൊപ്പം തിരക്കോടെ ഏർപ്പെടുക എന്നതായിരിക്കട്ടെ നമ്മുടെ ദൃഢനിശ്ചയം. അതുവഴി, നാം നമ്മെത്തന്നെയും നമ്മുടെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.​—⁠1 തിമൊഥെയൊസ്‌ 4:16.

നിങ്ങൾ ഓർമിക്കുന്നുവോ?

മത്തായി 24:​14-ലെ പ്രവചനം ഇത്ര ശ്രദ്ധാർഹം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• പ്രസംഗപ്രവർത്തനത്തോടുള്ള ബന്ധത്തിൽ ആദിമ ക്രിസ്‌ത്യാനികൾ എന്തു ശ്രമം ചെയ്‌തു, എന്തായിരുന്നു ഫലം?

• സകല ജനതകൾക്കും സാക്ഷ്യം നൽകേണ്ടതിന്റെ ആവശ്യം ബൈബിൾവിദ്യാർഥികൾ മനസ്സിലാക്കിയത്‌ എങ്ങനെ?

• കഴിഞ്ഞ സേവനവർഷത്തെ യഹോവയുടെ ജനത്തിന്റെ പ്രവർത്തനങ്ങളിൽ നിങ്ങൾക്കു മതിപ്പുളവാക്കുന്നത്‌ എന്ത്‌?

[അധ്യയന ചോദ്യങ്ങൾ]

[27-30 പേജുകളിലെ ചാർട്ട്‌]

യഹോവയുടെ സാക്ഷികളുടെ സേവന വർഷം 2005-ലെ ലോകവ്യാപക റിപ്പോർട്ട്‌

(അച്ചടിച്ച മാസിക കാണുക)

[25-ാം പേജിലെ ഭൂപടം/ചിത്രങ്ങൾ]

കരയിലും കടലിലും ആയിരക്കണക്കിനു കിലോമീറ്റർ സഞ്ചരിച്ച്‌ പൗലൊസ്‌ സുവാർത്ത പ്രസംഗിച്ചു

[24-ാം പേജിലെ ചിത്രം]

കൊർന്നേല്യൊസിനും കുടുംബത്തിനും സാക്ഷ്യം നൽകാൻ യഹോവ പത്രൊസിനെ നയിച്ചു