വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധികമധികം ശോഭിച്ചുവരുന്ന പാതയിൽ നടക്കുന്നവർ

അധികമധികം ശോഭിച്ചുവരുന്ന പാതയിൽ നടക്കുന്നവർ

അധികമധികം ശോഭിച്ചുവരുന്ന പാതയിൽ നടക്കുന്നവർ

“നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.”​—⁠സദൃശവാക്യങ്ങൾ 4:18.

1, 2. യഹോവയിൽനിന്നുള്ള വർധിച്ച ആത്മീയ വെളിച്ചം ദൈവജനത്തിന്മേൽ എന്തു ഫലം ഉളവാക്കിയിരിക്കുന്നു?

ഉദയസൂര്യന്‌ ഇരുളിന്മേലുള്ള സ്വാധീനം ഏറ്റവും നന്നായി വർണിക്കാൻ കഴിയുന്നത്‌ വെളിച്ചത്തിന്റെ ഉറവായ യഹോവയാം ദൈവത്തിനല്ലാതെ മറ്റാർക്കാണ്‌? (സങ്കീർത്തനം 36:9) പ്രഭാതവെളിച്ചം “ഭൂമിയുടെ അറ്റങ്ങളെ പിടി”ക്കുമ്പോൾ “അതു മുദ്രെക്കു കീഴിലെ അരക്കുപോലെ മാറുന്നു; വസ്‌ത്രംപോലെ ആസകലം വിളങ്ങിനില്‌ക്കുന്നു” എന്ന്‌ ദൈവം പറയുന്നു. (ഇയ്യോബ്‌ 38:12-14) മൃദുവായ അരക്കിൽ മുദ്രകുത്തുമ്പോൾ മുദ്രയിലെ രൂപമാതൃക അതിൽ തെളിയുന്നതുപോലെ, സൂര്യനിൽനിന്നുള്ള വെളിച്ചം വർധിച്ചുവരുമ്പോൾ ഭൂമുഖത്തിന്റെ രൂപസവിശേഷതകൾ തെളിഞ്ഞുവരുന്നു.

2 യഹോവ ആത്മീയ വെളിച്ചത്തിന്റെയും ഉറവിടമാണ്‌. (സങ്കീർത്തനം 43:3) ലോകം കൂരിരുട്ടിൽ തപ്പിത്തടയവേ സത്യദൈവം തന്റെ ജനത്തിന്‌ തുടർന്നും പ്രകാശം ചൊരിയുന്നു. അതിന്റെ ഫലമോ? ബൈബിൾ ഇങ്ങനെ പറയുന്നു: “നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.” (സദൃശവാക്യങ്ങൾ 4:18) യഹോവ ചൊരിയുന്ന കൂടുതലായ വെളിച്ചം, ദൈവജനത്തിന്റെ പാതയെ തുടർന്നും പ്രകാശിപ്പിക്കുന്നു. സംഘടനാപരമായും ഉപദേശപരമായും ധാർമികമായും അത്‌ അവരെ ശുദ്ധീകരിക്കുന്നു.

വർധിച്ച ആത്മീയ വെളിച്ചം സംഘടനാപരമായ പരിഷ്‌കരണങ്ങൾക്കു വഴിതെളിക്കുന്നു

3. യെശയ്യാവു 60:​17-ൽ നാം എന്തു വാഗ്‌ദാനം കാണുന്നു?

3 യെശയ്യാ പ്രവാചകനിലൂടെ യഹോവ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ഞാൻ താമ്രത്തിന്നു പകരം സ്വർണ്ണം വരുത്തും; ഇരിമ്പിന്നു പകരം വെള്ളിയും മരത്തിന്നു പകരം താമ്രവും കല്ലിന്നു പകരം ഇരിമ്പും വരുത്തും.” (യെശയ്യാവു 60:17) താണതരം വസ്‌തുവിന്റെ സ്ഥാനത്ത്‌ മേന്മയേറിയ മറ്റൊരു വസ്‌തു ഉപയോഗിക്കുന്നത്‌ പുരോഗതിയെ സൂചിപ്പിക്കുന്നതുപോലെ, “ലോകാവസാന”കാലത്ത്‌ അഥവാ ‘അന്ത്യകാലത്ത്‌’ യഹോവയുടെ സാക്ഷികൾ സംഘടനാപരമായ ക്രമീകരണങ്ങളിൽ പുരോഗതി കൈവരിച്ചിരിക്കുന്നു.​—⁠മത്തായി 24:3; 2 തിമൊഥെയൊസ്‌ 3:⁠1.

4. ഏതു ക്രമീകരണം 1919-ൽ നിലവിൽവന്നു, അതു പ്രയോജനപ്രദം ആയിരുന്നത്‌ എങ്ങനെ?

4 അന്ത്യകാലത്തിന്റെ ആദ്യഭാഗത്ത്‌, ബൈബിൾ വിദ്യാർഥികൾ എന്നറിയപ്പെട്ടിരുന്ന യഹോവയുടെ സാക്ഷികൾ ജനാധിപത്യ രീതിയിലാണ്‌ സഭാമൂപ്പന്മാരെയും ഡീക്കന്മാരെയും തെരഞ്ഞെടുത്തിരുന്നത്‌. എന്നാൽ ചില മൂപ്പന്മാർക്കു സുവിശേഷവേലയിൽ ഒട്ടും താത്‌പര്യം ഇല്ലായിരുന്നു. വേറെ ചിലർ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാൻ വിമുഖത കാണിച്ചെന്നുമാത്രമല്ല, മറ്റുള്ളവരെ അതിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു. അതുകൊണ്ട്‌ 1919-ൽ, ഓരോ സഭയിലും ഒരു സേവന ഡയറക്ടറെ നിയമിക്കുന്ന പുതിയ രീതി നിലവിൽവന്നു. സേവന ഡയറക്ടറെ സഭാംഗങ്ങൾ തെരഞ്ഞെടുക്കുകയല്ല ചെയ്‌തിരുന്നത്‌, ദൈവജനത്തിന്റെ ബ്രാഞ്ച്‌ ഓഫീസ്‌ അദ്ദേഹത്തെ ദിവ്യാധിപത്യപരമായി നിയമിക്കുകയായിരുന്നു. പ്രസംഗപ്രവർത്തനം സംഘടിപ്പിക്കുക, പ്രവർത്തനപ്രദേശങ്ങൾ നിയമിച്ചുകൊടുക്കുക, വയൽശുശ്രൂഷയിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ സംഗതികൾ സേവന ഡയറക്ടറുടെ ഉത്തരവാദിത്വങ്ങളിൽ ഉൾപ്പെട്ടിരുന്നു. തുടർന്നുവന്ന വർഷങ്ങളിൽ രാജ്യപ്രസംഗവേല ഗണ്യമായ പുരോഗതി കൈവരിച്ചു.

5. ഏതെല്ലാം പരിഷ്‌കരണങ്ങൾ 1920-കളിൽ ഉണ്ടായി?

5 യു.എസ്‌.എ.-യിലെ ഒഹായോയിലുള്ള സീഡാർ പോയിന്റിൽവെച്ച്‌ 1922-ൽ ബൈബിൾ വിദ്യാർഥികൾ നടത്തിയ കൺവെൻഷനിൽ നൽകപ്പെട്ട, “രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ” എന്ന ആഹ്വാനം എല്ലാ സഭാംഗങ്ങൾക്കും കൂടുതലായ ഉന്മേഷം പകർന്നു. 1927 ആയപ്പോഴേക്കും, വീടുതോറുമുള്ള പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാൻ ഏറ്റവും യോജിച്ച ദിവസം ഞായറാഴ്‌ചയാണെന്നു തിരിച്ചറിഞ്ഞുകൊണ്ട്‌ വയൽശുശ്രൂഷ ക്രമീകരിക്കാൻ തുടങ്ങി. മിക്ക ആളുകൾക്കും അന്ന്‌ അവധിയായിരുന്നതിനാലാണ്‌ ആ ദിവസം തിരഞ്ഞെടുത്തത്‌. വാരാന്തങ്ങളും വൈകുന്നേരങ്ങളും പോലെ, ആളുകൾ വീട്ടിലുണ്ടായിരിക്കാൻ കൂടുതൽ സാധ്യതയുള്ള സമയങ്ങളിൽ സന്ദർശനം നടത്താൻ ശ്രമിച്ചുകൊണ്ട്‌ യഹോവയുടെ സാക്ഷികൾ ഇന്നു സമാനമായ മനോഭാവം പ്രകടമാക്കുന്നു.

6. ഏതു പ്രമേയം 1931-ൽ അംഗീകരിക്കപ്പെട്ടു, രാജ്യപ്രസംഗവേലയെ അത്‌ എങ്ങനെ സ്വാധീനിച്ചു?

6 യു.എസ്‌.എ.-യിലെ ഒഹായോയിലുള്ള കൊളംബസിൽവെച്ച്‌ 1931 ജൂലൈയിൽ നടന്ന കൺവെൻഷനിൽ 26-ാം തീയതി ഞായറാഴ്‌ച ഉച്ചകഴിഞ്ഞത്തെ പരിപാടിയിൽ അംഗീകരിച്ച ഒരു പ്രമേയം രാജ്യഘോഷണ വേലയുടെ ആക്കം വർധിപ്പിക്കുന്നതായിരുന്നു. തുടർന്ന്‌ ലോകത്തിന്റെ ഇതരഭാഗങ്ങളിൽ നടന്ന കൺവെൻഷനുകളിലും ഈ പ്രമേയം അവതരിപ്പിക്കപ്പെട്ടു. പ്രമേയത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “യഹോവയാം ദൈവത്തിന്റെ ദാസന്മാരായ നാം, അവന്റെ നാമത്തിൽ ഒരു വേല ചെയ്യാനും അവന്റെ കൽപ്പനയ്‌ക്കു ചേർച്ചയിൽ യേശുക്രിസ്‌തുവിനു സാക്ഷ്യംവഹിക്കാനും യഹോവയാണ്‌ വാസ്‌തവമായും സർവശക്തനായ ദൈവമെന്ന്‌ ആളുകളെ അറിയിക്കാനും നിയമിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ കർത്താവായ ദൈവം സ്വന്തം വായാൽ കൽപ്പിച്ച നാമം നാം സന്തോഷപൂർവം സ്വീകരിക്കുന്നു. യഹോവയുടെ സാക്ഷികൾ എന്ന ആ നാമത്തിൽ അറിയപ്പെടാനും വിളിക്കപ്പെടാനും നാം ആഗ്രഹിക്കുന്നു.” (യെശയ്യാവു 43:10) ആ പുതിയ നാമം, അതു വഹിക്കുന്നവരുടെ മുഖ്യവേലയെ എത്ര വ്യക്തമായി നിർവചിക്കുന്നു! അതേ, തന്റെ എല്ലാ ദാസന്മാരും പങ്കുപറ്റേണ്ടതായ ഒരു വേല യഹോവ നിയമിച്ചുനൽകിയിരുന്നു. പ്രതികരണം പൊതുവേ വളരെ പ്രോത്സാഹജനകമായിരുന്നു!

7. എന്തു മാറ്റം 1932-ൽ നടപ്പിലാക്കി, എന്തുകൊണ്ട്‌?

7 അനേകം മൂപ്പന്മാരും താഴ്‌മയോടെ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടു. എങ്കിലും തെരഞ്ഞെടുക്കപ്പെട്ട മൂപ്പന്മാരിൽ ചിലർക്ക്‌, എല്ലാ സഭാംഗങ്ങളും പരസ്യശുശ്രൂഷയിൽ പങ്കെടുക്കുന്നതിനോട്‌ കടുത്ത എതിർപ്പായിരുന്നു. എന്നാൽ കൂടുതലായ പുരോഗതികൾ ആസന്നമായിരുന്നു. 1932-ൽ, മൂപ്പന്മാരെയും ഡീക്കന്മാരെയും തെരഞ്ഞെടുക്കുന്നതു നിറുത്താൻ സഭകൾക്കു വീക്ഷാഗോപുരത്തിലൂടെ നിർദേശം ലഭിച്ചു. പകരം, പരസ്യശുശ്രൂഷയിൽ പങ്കെടുക്കുന്ന ആത്മീയ മനസ്‌കരായ വ്യക്തികൾ അടങ്ങിയ ഒരു സേവന കമ്മിറ്റിയെ അവർ തെരഞ്ഞെടുക്കണമായിരുന്നു. അങ്ങനെ ശുശ്രൂഷയുടെ മേൽവിചാരണ, അതിൽ സജീവമായി പങ്കെടുക്കുന്നവരിൽ ഭരമേൽപ്പിക്കപ്പെട്ടു, വേല പുരോഗമിക്കുകയും ചെയ്‌തു.

വെളിച്ചം വർധിച്ചുവരവേ കൂടുതലായ ഭേദഗതികൾ

8. തെരഞ്ഞെടുപ്പിനോടുള്ള ബന്ധത്തിൽ 1938-ൽ ഉണ്ടായ പരിഷ്‌കരണം എന്തായിരുന്നു?

8 വെളിച്ചം “അധികമധികം ശോഭിച്ചു വരു”കയായിരുന്നു. 1938 മുതൽ തെരഞ്ഞെടുപ്പുകൾ പൂർണമായും ഒഴിവാക്കി. സഭയിലെ എല്ലാ ദാസന്മാരെയും “വിശ്വസ്‌തനും വിവേകിയുമായ അടിമ”യുടെ മേൽവിചാരണയിൽ ദിവ്യാധിപത്യപരമായി നിയമിക്കാൻ തുടങ്ങി. (മത്തായി 24:45-47, NW) യഹോവയുടെ സാക്ഷികളുടെ മിക്കവാറും എല്ലാ സഭകളുംതന്നെ ആ പൊരുത്തപ്പെടുത്തലിനോടു സന്തോഷപൂർവം യോജിച്ചു. സാക്ഷീകരണവേല തുടർന്നും ഫലം പുറപ്പെടുവിച്ചുകൊണ്ടിരുന്നു.

9. എന്തു പൊരുത്തപ്പെടുത്തൽ 1972-ൽ ഉണ്ടായി, അത്‌ ഒരു പുരോഗതിയായിരുന്നത്‌ എന്തുകൊണ്ട്‌?

9 സഭാമേൽവിചാരണയുടെ കാര്യത്തിൽ മറ്റൊരു പൊരുത്തപ്പെടുത്തൽ 1972 ഒക്ടോബറിന്റെ തുടക്കത്തിൽ വരുകയുണ്ടായി. ഒരു സഭാദാസനോ മേൽവിചാരകനോ മാത്രം സഭയിൽ നേതൃത്വം വഹിക്കുന്ന സമ്പ്രദായത്തിനു മാറ്റംവരുത്തുകയും ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികളുടെ സഭകളിൽ മൂപ്പന്മാരുടെ ഒരു സംഘം മേൽവിചാരണ നടത്തുന്ന ക്രമീകരണം കൊണ്ടുവരുകയും ചെയ്‌തു. ഈ പുതിയ ക്രമീകരണം, സഭയിൽ നേതൃത്വം എടുക്കുന്നതിനു യോഗ്യത നേടാൻ പക്വതയുള്ള വ്യക്തികൾക്ക്‌ ഏറെ പ്രചോദനമേകി. (1 തിമൊഥെയൊസ്‌ 3:1-7) അങ്ങനെ അനേകം സഹോദരന്മാർ, സഭാപരമായ ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യുന്നതിന്‌ ആവശ്യമായ അനുഭവസമ്പത്ത്‌ നേടിയെടുത്തിരിക്കുന്നു. ബൈബിൾ സത്യം സ്വീകരിച്ച അനേകം പുതിയവരെ പിന്തുണയ്‌ക്കുന്നതിൽ അവരുടെ പങ്ക്‌ അങ്ങേയറ്റം മൂല്യവത്തായിരുന്നു.

10. എന്തായിരുന്നു 1976-ൽ ഉണ്ടായ പരിഷ്‌കരണം?

10 തുടർന്ന്‌, ഭരണസംഘത്തിലെ അംഗങ്ങളെ ആറു കമ്മിറ്റികളായി ക്രമീകരിച്ചു. 1976 ജനുവരി 1 മുതൽ സംഘടനയുടെയും ലോകമെങ്ങുമുള്ള സഭകളുടെയും എല്ലാ പ്രവർത്തനങ്ങളും ഈ കമ്മിറ്റികളുടെ മേൽവിചാരണയിലായി. രാജ്യവേലയുമായി ബന്ധപ്പെട്ട സകല കാര്യങ്ങൾക്കും നേതൃത്വം വഹിക്കാൻ അനേകം ‘ആലോചനക്കാരുടെ’ ഒരു സംഘം ലഭ്യമായത്‌ എത്ര വലിയ അനുഗ്രഹമായിരുന്നു!​—⁠സദൃശവാക്യങ്ങൾ 15:​22; 24:⁠6.

11. എന്തു ഭേദഗതി 1992-ൽ വരുത്തി, എന്തുകൊണ്ട്‌?

11 മറ്റൊരു ക്രമീകരണം 1992-ൽ നിലവിൽവന്നു. ബാബിലോണിലെ പ്രവാസത്തിനുശേഷം ഇസ്രായേല്യരും മറ്റുള്ളവരും മടങ്ങിയെത്തിയതിനെത്തുടർന്നു സംഭവിച്ചതിനു സമാനമായ ഒന്നായിരുന്നു ഇത്‌. ആ സമയത്ത്‌, ആലയശുശ്രൂഷ ചെയ്യാൻ വേണ്ടത്ര ലേവ്യർ ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌, ലേവ്യരെ സഹായിക്കാൻ ഇസ്രായേല്യേതരരായ നെഥിനിമുകൾക്ക്‌ കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകപ്പെട്ടു. സമാനമായി 1992-ൽ, വിശ്വസ്‌തനും വിവേകിയുമായ അടിമവർഗം ഭൂമിയിൽ ചെയ്യുന്ന വേലയുമായി ബന്ധപ്പെട്ട വർധിച്ചുവരുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ അവരെ പിന്തുണയ്‌ക്കാൻ “വേറെ ആടു”കളിൽപ്പെട്ട ചിലർക്കു കൂടുതലായ സേവന പദവികൾ ലഭിച്ചു. ഭരണസംഘ കമ്മിറ്റികളുടെ സഹായികൾ എന്ന നിലയിലായിരുന്നു അവരുടെ നിയമനം.​—⁠യോഹന്നാൻ 10:16.

12. യഹോവ സമാധാനത്തെ നമുക്കു നായകന്മാരാക്കിയത്‌ എങ്ങനെ?

12 ഇതെല്ലാം എന്തിൽ കലാശിച്ചു? “ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്കു അധിപതിമാരും ആക്കും” എന്ന്‌ യഹോവ പ്രസ്‌താവിക്കുന്നു. (യെശയ്യാവു 60:17) യഹോവയുടെ ദാസർക്കിടയിൽ ഇന്നു “സമാധാന”സമൃദ്ധി ഉണ്ട്‌, “നീതി”സ്‌നേഹം അവരുടെ “അധിപതി” അഥവാ ദൈവത്തെ സേവിക്കാനുള്ള പ്രേരകശക്തി ആയിത്തീരുകയും ചെയ്‌തിരിക്കുന്നു. രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേല നിർവഹിക്കാൻ അവർ സുസജ്ജരാണ്‌.​—⁠മത്തായി 24:14; 28:19, 20.

ഉപദേശപരമായി യഹോവ പാത ശോഭനമാക്കുന്നു

13. യഹോവ തന്റെ ജനത്തിന്റെ പാത 1920-കളിൽ ഉപദേശപരമായി പ്രകാശിപ്പിച്ചത്‌ എങ്ങനെ?

13 ഉപദേശപരമായും യഹോവ തന്റെ ജനത്തിന്റെ പാത ക്രമാനുഗതമായി ശോഭനമാക്കുകയാണ്‌. ഉദാഹരണത്തിന്‌, വെളിപ്പാടു 12:1-9 പരിചിന്തിക്കുക. ഗർഭിണിയായി പ്രസവിക്കുന്ന ഒരു “സ്‌ത്രീ,” ഒരു “മഹാസർപ്പം,” “ആൺകുട്ടി” എന്നിങ്ങനെ മൂന്ന്‌ ആലങ്കാരിക കഥാപാത്രങ്ങളെ ആ വിവരണം പരാമർശിക്കുന്നു. അവ ഓരോന്നിന്റെയും അർഥം നിങ്ങൾക്ക്‌ അറിയാമോ? 1925 മാർച്ച്‌ 1 ലക്കം വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്‌) പ്രസിദ്ധീകരിച്ച “ജനതയുടെ ജനനം” എന്ന ലേഖനം അവയെ തിരിച്ചറിയിക്കുകയുണ്ടായി. രാജ്യത്തിന്റെ ജനനം സംബന്ധിച്ച പ്രവചനം മെച്ചമായി ഗ്രഹിക്കാനും യഹോവയുടെയും സാത്താന്റെയും വേറിട്ട രണ്ടു സംഘടനകൾ നിലവിലുണ്ടെന്നതു സംബന്ധിച്ച്‌ ഉൾക്കാഴ്‌ച നേടാനും ആ ലേഖനം ദൈവജനത്തെ സഹായിച്ചു. തുടർന്ന്‌ 1927/28-ൽ, ക്രിസ്‌തുമസ്സ്‌ ആചരണവും ജന്മദിനാഘോഷങ്ങളും തിരുവെഴുത്തു വിരുദ്ധമാണെന്നു മനസ്സിലാക്കിയ അവർ അവ തള്ളിക്കളഞ്ഞു.

14. ഉപദേശപരമായ ഏതു സത്യങ്ങൾ 1930-കളിൽ വ്യക്തമാക്കപ്പെട്ടു?

14 ഉപദേശപരമായ മൂന്നു സത്യങ്ങളുടെമേൽ കൂടുതൽ പ്രകാശം 1930-കളിൽ ചൊരിയപ്പെട്ടു. വെളിപ്പാടു 7:9-17 പരാമർശിക്കുന്ന “മഹാപുരുഷാരം,” ക്രിസ്‌തുവിനോടൊപ്പം രാജാക്കന്മാരും പുരോഹിതന്മാരുമായി വാഴാനിരിക്കുന്ന 1,44,000 പേരിൽ ഉൾപ്പെട്ടവരല്ലെന്ന്‌ വർഷങ്ങളായി ബൈബിൾ വിദ്യാർഥികൾ മനസ്സിലാക്കിയിരുന്നു. (വെളിപ്പാടു 5:9, 10; 14:1-5) എന്നാൽ, മഹാപുരുഷാരം യഥാർഥത്തിൽ ആരാണെന്നു വ്യക്തമല്ലായിരുന്നു. വർധിച്ചുവരുന്ന പ്രഭാതവെളിച്ചം ഇരുട്ടിലുള്ള വസ്‌തുക്കളുടെ നിറവും രൂപവും വ്യക്തമായി കാണാൻ ഇടയാക്കുന്നതുപോലെ, ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയോടെ “മഹാകഷ്ട”ത്തെ അതിജീവിക്കുന്നവരാണ്‌ മഹാപുരുഷാരം എന്ന്‌ 1935-ൽ വെളിപ്പെട്ടു. പിന്നീട്‌ അതേവർഷംതന്നെ, പല രാജ്യങ്ങളിലെയും യഹോവയുടെ സാക്ഷികളുടെ സ്‌കൂൾപ്രായത്തിലുള്ള മക്കളെ സ്വാധീനിക്കുമായിരുന്ന ഒരു വസ്‌തുത വ്യക്തമാക്കപ്പെട്ടു. രാജ്യസ്‌നേഹം ലോകമെങ്ങും അലയടിച്ചിരുന്ന അക്കാലത്ത്‌, പതാകവന്ദനം വെറുമൊരു ചടങ്ങല്ലെന്നു സാക്ഷികൾ തിരിച്ചറിഞ്ഞു. യേശു മരിച്ചത്‌ കുരിശിലല്ല, ഒരു സ്‌തംഭത്തിലാണെന്ന ഉപദേശപരമായ മറ്റൊരു സത്യം പിറ്റെ വർഷം വിശദീകരിക്കപ്പെട്ടു.​—⁠പ്രവൃത്തികൾ 10:39.

15. എപ്പോൾ, എങ്ങനെ രക്തത്തിന്റെ പവിത്രത പ്രദീപ്‌തമാക്കപ്പെട്ടു?

15 രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുകയും, മുറിവേറ്റ പട്ടാളക്കാരെ ചികിത്സിക്കാൻ രക്തപ്പകർച്ച നടത്തുന്നതു സർവസാധാരണമായിരിക്കുകയും ചെയ്‌ത സമയത്ത്‌, രക്തത്തിന്റെ പവിത്രത സംബന്ധിച്ച്‌ കൂടുതലായ പ്രബുദ്ധതയുണ്ടായി. “രക്തത്തിന്റെ പവിത്രതയെ ആദരിക്കാനും സുപ്രധാനമായ ഈ വിഷയത്തിൽ ദൈവത്തിന്റെ നീതിയുള്ള വിധികൾക്കു കീഴ്‌പെടാനും യഹോവയുടെ നീതിനിഷ്‌ഠമായ പുതിയ ലോകത്തിൽ നിത്യം ജീവിക്കാൻ പ്രത്യാശിക്കുന്ന അവന്റെ എല്ലാ ആരാധകരെയും” 1945 ജൂലൈ 1 ലക്കം (ഇംഗ്ലീഷ്‌) വീക്ഷാഗോപുരം പ്രോത്സാഹിപ്പിച്ചു.

16. വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം എപ്പോൾ പ്രകാശനം ചെയ്യപ്പെട്ടു, അതിന്റെ ശ്രദ്ധേയമായ രണ്ടു സവിശേഷതകൾ ഏവ?

16 കൂടുതൽ കൃത്യതയുള്ളതും ക്രൈസ്‌തവലോകത്തിന്റെ പാരമ്പര്യങ്ങളിൽ അധിഷ്‌ഠിതമായ ഉപദേശങ്ങളാൽ ദുഷിപ്പിക്കപ്പെടാത്തതുമായ ഒരു ബൈബിൾ പരിഭാഷ ആവശ്യമാണെന്ന്‌ 1946-ൽ വ്യക്തമായി. 1947 ഡിസംബറിൽ അതിന്റെ പരിഭാഷയ്‌ക്കു തുടക്കംകുറിച്ചു. 1950-ൽ, ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം ഇംഗ്ലീഷിൽ പ്രകാശനം ചെയ്‌തു. എബ്രായ തിരുവെഴുത്തുകളുടെ അഞ്ചു വാല്യങ്ങൾ ഒന്നിനു പുറകെ ഒന്നായി 1953 മുതൽ ഇംഗ്ലീഷിൽ പ്രകാശനം ചെയ്‌തു. 1960-ൽ, പരിഭാഷയ്‌ക്കുള്ള സംരംഭം ആരംഭിച്ചിട്ട്‌ 12 വർഷവും ഏതാനും മാസവും കൂടെ കഴിഞ്ഞപ്പോൾ, അവസാന വാല്യം പ്രകാശനം ചെയ്‌തു. വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം ഒറ്റ വാല്യമായി 1961-ലും പ്രകാശനം ചെയ്‌തു. ഇപ്പോൾ പല ഭാഷകളിൽ ലഭ്യമായിരിക്കുന്ന ഈ പരിഭാഷയ്‌ക്കു ശ്രദ്ധേയമായ ചില സവിശേഷതകളുണ്ട്‌. യഹോവ എന്ന നാമം അതിൽ പുനഃസ്ഥാപിച്ചിരിക്കുന്നു. കൂടാതെ മൂല എഴുത്തുകളുടെ അക്ഷരാർഥത്തിലുള്ള പരിഭാഷ, ദിവ്യസത്യം മെച്ചമായി ഗ്രഹിക്കുന്നതിൽ തുടരാനുള്ള അടിസ്ഥാനം പ്രദാനം ചെയ്‌തിരിക്കുന്നു.

17. ശ്രേഷ്‌ഠാധികാരങ്ങൾ സംബന്ധിച്ച്‌ 1962-ൽ കൂടുതൽ വെളിച്ചം ചൊരിയപ്പെട്ടത്‌ എങ്ങനെ?

17 റോമർ 13:​1-ലെ “ശ്രേഷ്‌ഠാധികാരങ്ങൾ” സംബന്ധിച്ചും ക്രിസ്‌ത്യാനികൾ എത്രത്തോളം അവയ്‌ക്കു കീഴ്‌പെടണമെന്നതു സംബന്ധിച്ചും 1962-ൽ വ്യക്തമായ ഗ്രാഹ്യം ലഭിച്ചു. “ശ്രേഷ്‌ഠാധികാരങ്ങൾ” എന്ന പദപ്രയോഗം യഹോവയാം ദൈവത്തെയും യേശുക്രിസ്‌തുവിനെയുമല്ല, മാനുഷ ഭരണാധികാരികളെയാണ്‌ അർഥമാക്കുന്നതെന്ന്‌ റോമർ 13-ാം അധ്യായത്തിന്റെയും തീത്തൊസ്‌ 3:1, 2; 1 പത്രൊസ്‌ 2:13, 17 എന്നിങ്ങനെയുള്ള തിരുവെഴുത്തു ഭാഗങ്ങളുടെയും ഗഹനമായ പഠനത്തിലൂടെ വ്യക്തമായി എടുത്തുകാട്ടി.

18. ഏതു സത്യങ്ങൾ 1980-കളിൽ കൂടുതൽ വ്യക്തമായിത്തീർന്നു?

18 തുടർന്നുവന്ന വർഷങ്ങളിൽ, നീതിമാന്മാരുടെ പാത പിന്നെയും അധികമധികം ശോഭിച്ചുവന്നു. “ജീവകാരണമായ” നീതീകരണം പ്രാപിക്കുന്നതിന്റെയും ദൈവത്തിന്റെ സ്‌നേഹിതനെന്ന നിലയിൽ നീതിമാനായി പ്രഖ്യാപിക്കപ്പെടുന്നതിന്റെയും അർഥം സംബന്ധിച്ച്‌ 1985-ൽ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. (റോമർ 5:18; യാക്കോബ്‌ 2:23) 1987-ൽ ക്രിസ്‌തീയ യോബേലിന്റെ അർഥം സമഗ്രമായി വിശദീകരിക്കപ്പെട്ടു.

19. സമീപ വർഷങ്ങളിൽ യഹോവ തന്റെ ജനത്തിനു വർധിച്ച ആത്മീയ വെളിച്ചം പ്രദാനം ചെയ്‌തിരിക്കുന്നത്‌ എങ്ങനെ?

19 “ചെമ്മരിയാടുകളെ” “കോലാടു”കളിൽനിന്നു വേർതിരിക്കുന്നതു സംബന്ധിച്ച്‌ 1995-ൽ സൂക്ഷ്‌മ ഗ്രാഹ്യം ലഭിച്ചു. ഇപ്പോൾ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നതും യെഹെസ്‌കേൽ കണ്ടതുമായ ആലയദർശനത്തിന്റെ സമഗ്രമായ വിശദീകരണം 1998-ൽ നൽകപ്പെട്ടു. “ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നില്‌ക്കു”ന്നത്‌ എങ്ങനെ, എപ്പോൾ എന്നീ കാര്യങ്ങൾ 1999-ൽ വ്യക്തമായിത്തീർന്നു. (മത്തായി 24:15, 16; 25:32) പിന്നീട്‌ 2002-ൽ, “ആത്മാവിലും സത്യത്തിലും” ദൈവത്തെ ആരാധിക്കുന്നതിന്റെ അർഥം മെച്ചമായി മനസ്സിലാക്കി.​—⁠യോഹന്നാൻ 4:24.

20. ദൈവജനം മറ്റ്‌ ഏതു മണ്ഡലങ്ങളിൽ സ്‌ഫുടം ചെയ്യപ്പെട്ടിരിക്കുന്നു?

20 സംഘടനാപരവും ഉപദേശപരവുമായ പുരോഗതികൾക്കുപുറമേ, ക്രിസ്‌തീയ നടത്ത സംബന്ധമായും ശുദ്ധീകരണം ഉണ്ടായിട്ടുണ്ട്‌. ഉദാഹരണത്തിന്‌ 1973-ൽ, പുകയിലയുടെ ഉപയോഗം ശരീരത്തെ “കന്മഷ”മുള്ളതാക്കുന്നുവെന്നു തിരിച്ചറിയുകയും അതിന്റെ ഉപയോഗത്തെ ഗുരുതരമായ ദുഷ്‌പ്രവൃത്തിയായി വീക്ഷിക്കുകയും ചെയ്‌തു. (2 കൊരിന്ത്യർ 7:​1) തുടർന്ന്‌ ഒരു പതിറ്റാണ്ടിനുശേഷം, 1983 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ച വിവരം ആയുധങ്ങൾ ഉപയോഗിക്കുന്നതു സംബന്ധിച്ച നമ്മുടെ നിലപാട്‌ വ്യക്തമാക്കി. ഇക്കാലത്തു നമുക്കു ലഭിച്ചുകൊണ്ടിരിക്കുന്ന വർധിച്ച ആത്മീയ വെളിച്ചത്തിന്റെ ചില ഉദാഹരണങ്ങൾ മാത്രമാണ്‌ ഇവ.

അധികമധികം ശോഭിച്ചുവരുന്ന പാതയിൽ തുടർന്നു നടക്കുക

21. അധികമധികം ശോഭിച്ചുവരുന്ന പാതയിൽ തുടർന്നു നടക്കാൻ എന്തു മനോഭാവം നമ്മെ സഹായിക്കും?

21 “മാറ്റങ്ങളുണ്ടാകുമ്പോൾ അത്‌ അംഗീകരിച്ചുകൊണ്ടു ജീവിതത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുകയെന്നതു പ്രയാസകരം ആയിരുന്നേക്കാം” എന്ന്‌ ദീർഘകാലമായി മൂപ്പനായി സേവിക്കുന്ന ഒരു സഹോദരൻ പറയുന്നു. ഒരു രാജ്യഘോഷകനായി പ്രവർത്തിച്ച 48 വർഷക്കാലത്തുണ്ടായ പൊരുത്തപ്പെടുത്തലുകൾ സ്വീകരിക്കാൻ അദ്ദേഹത്തെ സഹായിച്ചത്‌ എന്തായിരുന്നു? അദ്ദേഹം പറയുന്നു: “ശരിയായ മനോഭാവം ഉണ്ടായിരിക്കുക എന്നതാണു പ്രധാന സംഗതി. ഒരു ഭേദഗതി അംഗീകരിക്കാൻ വിസമ്മതിക്കുകയെന്നാൽ സംഘടനയോടൊപ്പം മുന്നേറുന്നതിൽ പരാജയപ്പെടുന്നു എന്നാണ്‌ അർഥം. മാറ്റങ്ങൾ സ്വീകരിക്കുന്നതു പ്രയാസമാണെന്ന്‌ എനിക്കു തോന്നുന്ന ഒരു സാഹചര്യത്തിൽ, യേശുവിനോടു പത്രൊസ്‌ പറഞ്ഞ പിൻവരുന്ന വാക്കുകൾ ഞാൻ ഓർക്കും: ‘കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്‌.’ എന്നിട്ട്‌ ഞാൻ സ്വയം ഇങ്ങനെ ചോദിക്കും: ‘ഞാൻ എവിടേക്കു പോകാനാണ്‌​—⁠ഈ ലോകത്തിന്റെ അന്ധകാരത്തിലേക്കോ?’ ദൈവത്തിന്റെ സംഘടനയോട്‌ എല്ലായ്‌പോഴും പറ്റിനിൽക്കാൻ ഇത്‌ എന്നെ സഹായിക്കുന്നു.”​—⁠യോഹന്നാൻ 6:68.

22. വെളിച്ചത്തിൽ നടക്കുന്നത്‌ നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യുന്നു?

22 നമുക്കു ചുറ്റുമുള്ള ലോകം കൂരിരുട്ടിലാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. യഹോവയിൽനിന്നുള്ള വെളിച്ചത്തിന്റെ ശോഭ വർധിച്ചുവരവേ അവന്റെ ജനവും ഈ ലോകവും തമ്മിലുള്ള വ്യത്യാസം കൂടുതൽ പ്രകടമായിത്തീരുന്നു. ഈ വെളിച്ചം നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യുന്നു? ഇരുണ്ട പാതയിലുള്ള ഒരു കുഴിയുടെമേൽ വെളിച്ചം വീഴുമ്പോൾ ആ കുഴി അവിടെനിന്നു നീങ്ങിപ്പോകുകയില്ലാത്തതുപോലെ, ദൈവവചനത്തിൽനിന്നുള്ള വെളിച്ചം കെണികളെ ഇല്ലാതാക്കുന്നില്ല. എന്നാൽ അത്തരം കെണികളിൽ ചെന്നുചാടാതെ, അധികമധികം ശോഭിച്ചുവരുന്ന പാതയിലൂടെ നടക്കുന്നതിൽ തുടരാൻ ദിവ്യപ്രകാശം നമ്മെ സഹായിക്കും. അതിനാൽ, “ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ” യഹോവയുടെ പ്രാവചനിക വചനത്തെ കരുതിക്കൊണ്ട്‌ നമുക്ക്‌ അതിനു ശ്രദ്ധകൊടുക്കുന്നതിൽ തുടരാം.​—⁠2 പത്രൊസ്‌ 1:19.

നിങ്ങൾ ഓർമിക്കുന്നുവോ?

• യഹോവ തന്റെ ജനത്തിന്റെ ഇടയിൽ സംഘടനാപരമായ എന്തു പുരോഗതികൾ വരുത്തി?

• വർധിച്ച ആത്മീയ വെളിച്ചം ഉപദേശപരമായ എന്തു ശുദ്ധീകരണങ്ങൾക്ക്‌ ഇടയാക്കി?

• നിങ്ങൾ വ്യക്തിപരമായി എന്തു പൊരുത്തപ്പെടുത്തലുകൾ കണ്ടിരിക്കുന്നു, അവ സ്വീകരിക്കാൻ നിങ്ങളെ എന്തു സഹായിച്ചു?

• അധികമധികം ശോഭിച്ചുവരുന്ന പാതയിലൂടെ നടക്കുന്നതിൽ തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[27-ാം പേജിലെ ചിത്രങ്ങൾ]

1922-ൽ ഒഹായോയിലെ സീഡാർ പോയിന്റിൽ നടന്ന കൺവെൻഷൻ ദൈവത്തിന്റെ വേല ചെയ്യാൻ ബൈബിൾ വിദ്യാർഥികൾക്കു പ്രചോദനമേകി

[29-ാം പേജിലെ ചിത്രങ്ങൾ]

1950-ൽ എൻ. എച്ച്‌. നോർ സഹോദരൻ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം പ്രകാശനം ചെയ്യുന്നു

[26-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

© 2003 BiblePlaces.com